മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“”അവസാനം ഇന്ന് താനെന്നെ ഒരു മോശം പെണ്ണുമാക്കിയില്ലേ സൂരജെ …ഒരുപാട് പറഞ്ഞതല്ലേ… ഇനിയും എന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത്…””
ഇരുട്ടിലേക്ക് അകന്നു പോകുന്ന പല്ലവിയെ കണ്ടുനിൽക്കെ കരൾ പറിഞ്ഞിളകുന്ന വേദനയോടെ സൂരജ് പിടഞ്ഞുപോയി…
“”പല്ലവി….. “”
രണ്ട് ചുവടുകൾ മുന്നോട്ട് നീങ്ങിയപ്പോളേക്കും പിന്നിൽ നിന്നും ആ വിളിയുയർന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അവന് നേരെ തിരിഞ്ഞു…
എന്തിനോ വേണ്ടി നിറഞ്ഞുവന്ന കണ്ണുകളെ ഞാൻ അമർത്തി തുടച്ചുകൊണ്ട് അവനഭിമുഖമായി നിന്നപ്പോൾ അല്പം കൂടി അടുത്തേക്കവൻ ചേർന്നു വന്നു….എന്റെ വാക്കുകൾ നൽകിയ വേദനയിലാകാം ആ കണ്ണുകൾ വല്ലാതെ കലങ്ങിയിരിക്കുന്നത് ഞാനറിഞ്ഞു…
എന്നിലേക്ക് തന്നെ തറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിൽ അല്പം മുൻപ് കണ്ട തിളക്കം മാഞ്ഞുപോയിരിക്കുന്നു…അത് കാൺകെ വല്ലാത്തൊരു ഭാരം എന്റെ നെഞ്ചിലേക്ക് വന്നടിയുന്നതായി തോന്നി……
അടുത്ത നിമിഷം അവൻ പോക്കറ്റിലേക്ക് കൈകടത്തി ഒരു ചുവന്ന പട്ട്സഞ്ചി പുറത്തെടുത്തു പതിയെ എനിക്ക് നേരെ നീട്ടി…
എന്താണെന്നറിയാതെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ അറച്ചു നിന്നതിനാലാകാം, എന്റെ വലം കൈ മെല്ലെ പിടിച്ചെടുത്തവൻ ആ കൈവെള്ളയിലേക്കത് വച്ചു തന്നു…
“”തുറന്ന് നോക്ക്….””അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…
സന്ദേഹത്തോടെ ഞാനത് തുറന്നും എന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നതും ഒരുമിച്ചായിരുന്നു…
സ്വർണ്ണനിറമുള്ള മുത്തുകൾ തുന്നിച്ചേർത്ത കണ്ടാൽ വിലകൂടിയതെന്ന് തോന്നുന്ന ചിലങ്കകൾ…
എന്നിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സൂരജിന്റെ മുഖം ശാന്തമാകുന്നത് ഞാനറിഞ്ഞു…
“”ഇതൊന്നും എനിക്ക് വേണ്ട സൂരജെ….””
പെട്ടന്ന് എന്തോ ഓർത്തപ്പോൾ മങ്ങിയ ചിരിയോടെ അവനുനേരെ ഞാനത് തിരികെ നീട്ടിയപ്പോൾ അവനിൽ ദേഷ്യം ഇരച്ചു കയറി ആ മുഖം കടുക്കുന്നത് നിലാവെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു…
എന്റെ ഇരു കൈത്തണ്ടയിലേക്കും അമർന്ന ആ ബലിഷ്ഠമായ കരങ്ങൾ ഒരു വന്യതയോടെ അവനിലേക്കെന്നെ ചേർത്തടുപ്പിച്ചു….അവന്റെ മണവും സാമീപ്യവും ശ്വാസചൂടും എന്നെ പൊതിഞ്ഞപ്പോൾ എന്റെ ഉടലാകെ വിറച്ചുപോയി…
“”നിനക്ക് എന്താ പവി ഇത് വാങ്ങിയാൽ…അത്രയ്ക്കും നിനക്കെന്നെ ഇഷ്ടമല്ലേ…ഏഹ്..””
ഇടറിയ വാക്കുകൾക്കൊപ്പം മുറുകിയ അവന്റെ കൈകൾ എന്നിൽ വേദന നിറച്ചപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു…
പെട്ടന്ന് കുതറിമാറിക്കൊണ്ട് ഞാൻ അവനെ പിന്നിലേക്ക് തള്ളിനീക്കി അകന്നു നിന്നു….
“”ഇതൊക്കെ വാങ്ങിത്തരാൻ മാത്രം എന്റെ ആരാ താൻ…..? എന്റെ ഏട്ടനാണോ…അതോ കാമുകനാണോ….എന്തിന് ഒരു നല്ല കൂട്ടുകാരനാണോ…? പറയാൻ…””
പൊട്ടിത്തെറിച്ചുകൊണ്ടുള്ള എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കനത്ത നിരാശയോടെ അവൻ മിണ്ടാതെ തലകുനിച്ചു നിന്നു…..ഇടയ്ക്കെപ്പോഴോ ആ കണ്ണുകൾ നിറയുന്നപോലെ തോന്നിയെനിക്ക്…
ഓരോ തവണയും അവൻ എന്നിലേൽപ്പിക്കുന്ന അഭിമാനക്ഷതങ്ങളാൽ നീറുന്ന മനസ്സിന്റെ പ്രതിഷേധമാകാം എന്നിൽ ദേഷ്യമായി പതഞ്ഞു പൊങ്ങിയത്…അവന്റെ സമ്മാനം സ്വീകരിക്കാൻ നിവൃത്തിയില്ലായിരുന്നു എനിക്ക്..ആ നിറകണ്ണുകൾ എന്നിലേക്ക് തറഞ്ഞു നിന്നപ്പോൾ എന്റെ ഹൃദയത്തിലേക്കൊരു നോവ് താഴ്ന്നു പോകുന്നത് ഞാനറിഞ്ഞു…
പെട്ടന്നവൻ മുഖത്ത് ഗൗരവം നിറച്ചുകൊണ്ട് എന്റെ കൈകളിലേക്ക് വച്ചുതന്ന ചിലങ്കകൾ പിടിച്ചു വാങ്ങി…
അടുത്ത നിമിഷം ആ മുഖം എനിക്കടുത്തേക്ക് കുനിയുന്നതും എന്റെ നെറ്റിയിലേക്ക് അവന്റെ അധരങ്ങൾ മൃദുവായി ചേരുന്നതും ഞാനറിഞ്ഞു…
ചില നിമിഷങ്ങളോളം ദീർഘമായി പതിഞ്ഞ ചുംബനത്തിന്റെ ചൂടിൽ ഉരുകി ചലനമറ്റു ഞാൻ നിന്നുപോയി…അവനെ തടുക്കാനോ കുതറി മാറുവാനോ തള്ളിയകറ്റുവാനോ ആകാതെ എന്റെ കൈകൾ ക്ഷയിച്ചു പോകുന്നതായി തോന്നിയെനിക്ക്…ഒരു നിശ്ശ്വാസത്തിന്റെ അകലത്തിൽനിന്നും അവനിൽ നിന്നും എന്നിലേക്ക് പടരുന്ന ചൂടിൽ ഞാനൊന്ന് പൊള്ളിപ്പിടഞ്ഞു…
അടർന്നു മാറി വാത്സല്യത്തോടെ എന്റെ കവിളിൽ തഴുകിക്കൊണ്ടവൻ നടന്നകലുമ്പോൾ ആദ്യചുംബനത്തിന്റെ വേവിൽ എന്റെ ഉടലാകെ അടരുകയായിരുന്നു…
വീട്ടിലേക്ക് നടന്നു കയറുമ്പോഴും വലിയ ശബ്ദത്തോടെ ദൂരേക്കകലുന്ന സൂരജിന്റെ ബുള്ളറ്റിന്റെ ശബ്ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…
വാതിൽ പടിയിൽ പ്രതീക്ഷയോടെ ഇന്നത്തെ വിശേഷങ്ങൾ അറിയാൻ എന്നെയും കാത്തിരിക്കുന്ന അമ്മയെ ഞാൻ കാണുന്നുണ്ടായിരുന്നു….ആ ചെറിയ സന്തോഷത്തിലേക്ക് കരിനിഴൽ വീഴ്ത്താൻ ശ്രമിക്കാതെ വേഗം കണ്ണുതുടച്ചു ഞാൻ ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തി….
മൃണാളിനിമേടത്തിന്റെ വാക്കുകൾ ഉൾപ്പെടെ എല്ലാ വിശേഷങ്ങളും ഞാൻ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ നിറഞ്ഞ സന്തോഷം എന്നിലേക്കും പടരുന്നത് ഞാനറിഞ്ഞു… പാവം കൗതുകത്തോടെ കേട്ടിരിക്കുകയാണ്…എന്നിലേക്ക് മാത്രം പ്രതീക്ഷ വയ്ക്കുന്ന ആ മനസ്സിന്റെ ചിരികൾ എന്റെ വേദനയ്ക്കുള്ള മറുമരുന്നാകുന്നതായി ഞാനറിഞ്ഞു….
ഉറങ്ങാൻ കിടന്നപ്പോളും എന്റെ മനസ്സ് സൂരജിനെ മാത്രം തേടിയലയുകയായിരുന്നു…
അവനോടൊത്തുള്ള ഓരോ നിമിഷങ്ങളും കണ്ണിൽ മിന്നി മറയുന്നു….
ചിലപ്പോൾ നെഞ്ചിലാകെ ഒരു കുളിരായും…ചിലപ്പോൾ സുഖമുള്ളൊരു നോവായും ആ ഓർമ്മകൾ എന്നിലേക്ക് അലയടിച്ചുയരുന്നത് ഞാനറിഞ്ഞു…
ആരുമല്ലെങ്കിലും ആരൊക്കെയായോ മാറിപ്പോകുന്ന വിചിത്രമായൊരു ബന്ധം പോലെ… എന്റെ ഇമകൾ ചേർന്നടയുമ്പോഴും ആ കുസൃതിനിറഞ്ഞ കണ്ണുകളുടെ വലയത്തിനുള്ളിൽ ഞാൻ ബന്ധിതയായിരുന്നു…
പെട്ടന്നൊരു ദിവസം എന്നിലേക്ക് വന്നു ചേർന്ന പ്രശസ്തിയാകാം അടുത്ത ദിവസം ക്യാമ്പസ്സിലൂടെ ജെനിയോട് ചേർന്നു നടന്നു പോകുമ്പോളും എന്നിലേക്ക് നീളുന്ന പല ചിരിച്ചമുഖങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
ആരും അറിയാതെ ഒരു മൂലയിൽ ഒതുങ്ങിയ പല്ലവി ഇന്ന് കോളേജിൽ അറിയപ്പെടുന്ന ഒരു നർത്തകിയായി മാറി…എന്തോ എനിക്ക് വല്ലാതെ നാണം തോന്നി…എല്ലാവരുടെയും നോട്ടം താങ്ങാനാകാതെ ജെനിയുടെ കയ്യും പിടിച്ചു ഞാൻ വേഗത്തിൽ ക്ലാസ്സിലേക്ക് നടന്നു…
ഇടയ്ക്കെപ്പോളോ എന്റെ കണ്ണുകൾ പാർക്കിങ്ങിലേക്ക് നീളുന്നതും സൂരജിന്റെ ബുള്ളറ്റിന്റെ സ്ഥാനം തിരയുന്നതും ഞാനറിഞ്ഞു…അവൻ എത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ എന്തോ വല്ലായ്മ എന്നെ മൂടിത്തുടങ്ങി….
ആദ്യ പിരീഡ് കഴിഞ്ഞിട്ടും ബഞ്ചിന്റെ ഒരറ്റത്തെ ശൂന്യതയിലേക്ക് എന്റെ നോട്ടം അറിയാതെ പാറി വീഴുന്നു…ആ ശൂന്യത അന്ധകാരം പോലെ എന്നെ മൂടുന്നതും മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നതായും ഞാനറിഞ്ഞു….പിന്നീട് ആദിവസം സൂരജ് ക്ലാസ്സിലേക്ക് വന്നില്ല…ചില സമയങ്ങളിൽ ഞാൻ തന്നെ മനസ്സിനെ ശാസിച്ചു നിർത്തും…
അടുത്ത രണ്ട് മൂന്ന് ദിവസങ്ങളും ഇത് തുടർന്നപ്പോൾ ആ നോവിന്റെ അടയാളമെന്നോണം എന്റെ മുഖത്തും നിരാശ പ്രതിഫലിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
ഇടയ്ക്കെപ്പോഴോ എന്റെ മങ്ങിയ മുഖം കാൺകെ ജെനിയും അതിന് കാരണം തേടി വന്നു…ഒന്നുമില്ലെന്ന് ചിരിയോടെ പറയുമ്പോളും ഉള്ളം മറ്റാർക്കോ വേണ്ടി തേങ്ങുന്നത് ഞാനറിഞ്ഞു….
വയ്യ…മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെനിക്ക്… ഒരു നോക്ക് കണ്ടാൽ മതി….എനിക്കർഹതയില്ല എന്നറിയാം… പക്ഷേ എന്നിൽ പിടഞ്ഞുരുകുന്ന മനസ്സിനെ തളച്ചിടാൻ കഴിയാതെ വരുന്ന പോലെ…
പേരറിയാത്ത ചില വികാരങ്ങളുടെ വിത്തുകൾ എന്റെ ഹൃദയത്തിൽ പാകി ദൂരെക്കകന്നുപോയ സൂരജിന്റെ മുഖം ഓരോ നിമിഷവും എന്റെ നിയന്ത്രങ്ങളെ ഭേദിക്കുന്നത് ഞാനറിഞ്ഞു…
ഒരുദിവസം എന്റെ സങ്കടത്തിന് കാരണമറിയാതെ എന്നെ വിടില്ല എന്ന് തീർത്തു പറഞ്ഞു ജെനി…
ഒരു പൊട്ടിക്കരച്ചിലോടെ അവളെ ഇറുക്കിഉണർന്നു ഞാൻ തേങ്ങി….
ഉള്ളുതുറന്ന് സൂരജുമായുള്ള ഓരോ നിമിഷങ്ങളെയും അവളോട് പറയുമ്പോൾ അമ്പരപ്പോടെ ഒരു കുസൃതി ചിരിയോടെ എന്റെ ഇരു കവിളും അവൾ നുള്ളിയെടുത്തു….
ആവേശത്തോടെ എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടി അവൾ പൊട്ടിച്ചിരിച്ചു…എന്നെ കളിയാക്കുകയാണവൾ…ചിരിക്കാതെ അവളെ നോക്കി മുഖം വീർപ്പിച്ചിരിക്കുമ്പോൾ എന്റെ ഇടുപ്പിൽ വിരലുകൾ അമർത്തി ഇക്കിളി ആക്കിയവൾ എന്നെ ചിരിപ്പിക്കുന്നു….എന്തോ അവളോടൊരു വാത്സല്യം തോന്നിപ്പോയി…
പോകും വഴിയിലെല്ലാം നടപ്പാതകളിലും ഇടവഴികളിലുമെല്ലാം കണ്ണുകൾ തിരഞ്ഞു നടന്നു ആ രൂപത്തെ…
ദിവസങ്ങൾ തള്ളിനീക്കാൻ ഞാൻ പണിപ്പെട്ടു …കാലങ്ങൾ മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…ഓർമ്മകളുടെ കാഠിന്യം കുറഞ്ഞു എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ സൂരജ് എന്ന നാമം കൊത്തിവച്ചിട്ടുള്ളപോലെ എല്ലാ ചിന്തകൾക്കും അവസാനം ആ മുഖമായിരിക്കും മനസ്സിൽ…
എന്നിൽ ഇറുക്കിപ്പിടിച്ചിരിക്കുന്ന ഈ വികാരനോവിനെ പൊട്ടിച്ചു പുറത്ത് ചാടാൻ എന്റെ ഹൃദയം വെമ്പൽ കൊള്ളുന്നു…
******************
ദേവർമഠത്തിലെ വിറകുപുരയുടെ പിന്നിൽ നിന്നും പതിവില്ലാതെ ആളനക്കവും പതുങ്ങിയുള്ള സംസാരവും കേട്ടുകൊണ്ടാണ് പല്ലവിയുടെ അമ്മ സീത അവിടേക്ക് നടന്ന് ചെന്നത്…അമേരിക്കയിൽ നിന്നുമുള്ള അഥിതികൾ കാരണം നിന്നു തിരിയാൻ വശമില്ലാത്ത അവസ്ഥയിലാണ് സീത…
വിറകുപുരയുടെ പിന്നിൽ ആരും ശ്രദ്ധിക്കാത്ത മൂലയിൽ പൊക്കിക്കെട്ടിയ സിമന്റ് തിട്ടയിൽ ഇരിക്കുന്ന അഞ്ച് ചെറുപ്പക്കാരെ കണ്ടു സീത ആശങ്കയോടെ നിന്നു…
ഒരാൾ അശോകന്റെ മകൻ വിശ്വജിത് ആണെന്നും മറ്റൊരാൾ അയാളുടെ അനുജൻ നന്ദന്റെ ഇളയമകനായകൻ എൻജിനീറിങ് പഠിക്കുന്ന വിഷ്ണു ആണെന്നും സീത പെട്ടന്ന് തിരിച്ചറിഞ്ഞു…ബാക്കി മൂന്നുപേർ അശോകൻ തന്റെ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞു കഴിഞ്ഞ രാത്രിയിൽ കൊണ്ടുവന്ന പയ്യന്മാർ ആണെന്ന് സീത ഓർത്തു….
നീട്ടി വളർത്തിയ മുടിയും കൈകളിലും കഴുത്തിലും തൊലി കാണാത്ത വിധം പടർത്തി പച്ചകുത്തിയിരിക്കുന്നു….കാണുമ്പോൾ തന്നെ ഒരു ഭീകരത തോന്നുന്നത് സീത അറിഞ്ഞു. വല്ലായ്മയോടെ അവരെ നോക്കി നിന്നിട്ട് തിരികെ നടക്കാനൊരുങ്ങിയപ്പോളാണ് അവർ ആ കാഴ്ച കണ്ടത്…
വിശ്വന്റെ കൈമടക്കുകളിലെ തെളിഞ്ഞനരമ്പിലേക്ക് എന്തോ മരുന്ന് സിറിച്ചിൽ നിറച്ചു മറ്റൊരുവൻ കുത്തികയറ്റുന്നു…വല്ലാത്തൊരു ആലസ്യത്തോടെ വിശ്വന്റെ കൃഷ്ണമണികൾ മുകളിലേക്ക് ഉരുളുകയും വന്യമായ ഭാവത്തോടെ അവൻ മുഖം ഇരു വശത്തേക്കും കുടയുകയും ചെയ്യുന്നത് കാൺകെ സീത പേടിയോടെ തറഞ്ഞു നിന്നുപോയി…
മറ്റുള്ളവരുടെ ചുണ്ടിൽ എരിയുന്ന നേർത്ത ബീഡിക്കുറ്റികളിൽ നിന്നും വമിക്കുന്ന പ്രത്യേക ഗന്ധമുള്ള പുകപടലങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചു മൂടൽ പോലെ ആകുന്നതും സീതയെ പരിഭ്രമത്തിലാഴ്ത്തി….
മയക്കുമരുന്നും കഞ്ചാവും നരമ്പുകളിലേക്കും തലയിലേക്കും നിറച്ചു ലഹരിയുടെ അടിമയാകുന്ന ആ ചെറുപ്പക്കാരെ സീത ഭീതിയോടെ നോക്കി നിന്നു…..
അന്നം തരുന്ന തറവാടാണ്….ദേവർമഠത്തിലെ ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുത്തിയില്ലെങ്കിൽ അശോകൻ സാറിന്റെയും നന്ദൻ സാറിന്റെയും മക്കൾ ആ കൂട്ടുകെട്ടിൽ പെട്ട് ഇല്ലാതായിത്തീരുന്നത് ഒരു കാഴ്ചക്കാരിയുടെ ലാഘവത്തോടെ വിട്ടുകളയാൻ അവർക്കായില്ല…ഇത്രയും ഭീകരത നിറഞ്ഞ പ്രശ്നങ്ങൾ ഒതുക്കിപ്പിടിച്ചാൽ ഉണ്ടാകുന്ന അന്തരഫലങ്ങൾ….അവരിൽ ഓരോരുത്തരിലും ജീവിച്ചു കൊതിതീരാതെ മരിച്ച തന്റെ മകന്റെ മുഖം സീതയിൽ തെളിഞ്ഞു വന്നു….വേഗത്തിൽ തറവാടിന്റെ ഉമ്മറത്തേക്കവർ ഓടിച്ചെന്നു…
“”സാർ അവിടെ….വിറകുപുരയിൽ പിള്ളാരെന്തോ വേണ്ടാത്തത് ചെയ്യുവാ….”””
കിതപ്പോടെ സീത അവർക്കുമുന്നിൽ ചെന്നു പറഞ്ഞതും എന്തോ പ്രശ്നമുള്ളതുപോലെ കാര്യം പോലും തിരക്കാതെ അശോകനും ഭാര്യയും വേഗത്തിൽ അവിടേക്കോടി…
പിന്നീട് നടന്നതൊക്കെ ഒക്കെ ദേവർമഠത്തിന്റെ അടിത്തറ പോലും കുലുങ്ങി വിറയ്ക്കുന്ന രീതിയിലായിരുന്നു…പ്രശ്നങ്ങൾ രൂക്ഷമാകുകയും വിശ്വനെയും വിഷ്ണുവിനെയും അശോകനും നന്ദനും ചേർന്നു ഒരുപാട് മർദിക്കുകയും ശകാരിക്കുകയും ചെയ്തു…ആദിത്യന്റെ വക വേറെയും കിട്ടി രണ്ടാൾക്കും….
വലിയ തറവാട്ടുകാർ ആയതിനാൽ ഇരു ചെവി അറിയാതെ വിരുന്നുവന്ന വിശ്വന്റെ മൂന്ന് സുഹൃത്തുക്കളെയും അന്ന് തന്നെ നാട് കടത്തി ആദിത്യൻ…
വർഷങ്ങൾക്ക് ശേഷമുള്ള എല്ലാവരുടെയും ഒത്തുകൂടലിൽ സന്തോഷത്തിന്റെ ഉന്നതിയിൽ നിന്ന തറവാട്ടിനെ ഈ സംഭവം അല്പം മങ്ങൽ ഏൽപ്പിച്ചു എങ്കിലും തന്റെ മക്കളുടെ തെറ്റുകളെ കണ്ടെത്തിയ സീതയെ അശോകനും നന്ദനും അഭിനന്ദിച്ചു…എങ്കിലും ചില മുഖങ്ങൾക്ക് സീത ഒരു ശത്രുവായി മാറാൻ കൂടുതൽ സമയം വേണ്ടിവന്നില്ല…അമ്മയുടെ പ്രായമുള്ള ആ സ്ത്രീയോടുള്ള പകയാൽ വിശ്വൻ ഓരോ നിമിഷവും എരിഞ്ഞു നീറി….എല്ലാവർക്കും മുന്നിൽ അപമാനത്തോടെ നാണം കെടുത്തി തൊലിയുരിച്ചു നിർത്തിയതിന് കാരണക്കാരിയായ സീതയെ അതെ നാണയത്തിൽ തിരിച്ചടിച്ചു ദേവർമഠത്തിന്റെ പടിയിറക്കാൻ അവർ തക്കം പാർത്തിരുന്നു….
********************
ലഞ്ച് ബ്രേക്കിന് തൊട്ട് മുൻപുള്ള പിരീഡിൽ പതിവില്ലാത്ത പോലെ തുടരെ തുടരെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…മെല്ലെ ബാഗിൽ വച്ചു തന്നെ മൊബൈൽ നോക്കിയപ്പോൾ അമ്മയാണ്…എന്തിനോ വേണ്ടിയുള്ള മുന്നറിയിപ്പെന്നോണം വല്ലാത്തൊരു സങ്കടത്താൽ ഹൃദയമിടിപ്പുകൾ കൂടുന്നതും ഉള്ളം കലങ്ങുന്നതും ഞാനറിഞ്ഞു…ക്ലാസ്സ് കഴിഞ്ഞതും ഫോണുമായി പുറത്തേക്കോടുന്ന എന്നെ ജെനി, സന്ദേഹത്തോടെ നോക്കിക്കൊണ്ടു എനിക്ക് പിന്നാലെ ഇറങ്ങി വന്നു….
“””മോളൊന്ന് വേഗം വായോ…. അച്ഛന് എന്തോ വയ്യാത്ത പോലെ….”””
സങ്കടത്തിന്റെ ചീളുകൾ അമ്മയുടെ സ്വരങ്ങളിൽ നിന്നും എന്നിലേക്കു ആഴ്ന്നിറങ്ങിയതാകാം എന്റെ കണ്ണുകളും നിറഞ്ഞു…ജെനിയോട് കാര്യം പറഞ്ഞു വേഗം ബാഗുമെടുത്തു ക്യാമ്പസിലൂടെ ഗേറ്റിലേക്ക് ഓടുകയായിരുന്നു ഞാൻ….
ഓടിക്കിതച്ചു വീടിനകത്തേക്ക് ചെന്നതും അച്ഛന്റെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച അമ്മയുടെ തേങ്ങലുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…
“”ഒരുവാക്ക് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ എന്നോട്… അവസാനമായി ആ ജീവനുള്ള കണ്ണുകൾ എങ്കിലും എനിക്കൊന്ന് കാണാമായിരുന്നില്ലേ ഏട്ടാ….””
അമ്മയുടെ ശബ്ദം ഒരു പൊട്ടിക്കരച്ചിലിലൂടെ പുറത്തേക്ക് വന്നതും ഓടി ഞാൻ അച്ഛനരികിലേക്ക് ചെന്നു…
ശാന്തമായി ഉറങ്ങുകയാണ്….അച്ഛനൻ ഞങ്ങളെ വിട്ട് പോയി….
ആ സത്യം ഉൾക്കൊള്ളാൻ സ്വബോധത്തിലേക്ക് മനസ്സിനെ വലിച്ചിഴച്ചു കൊണ്ടുവരാൻ ഞാനേറെ പാടുപെട്ടു…വയ്യ ആർത്തു കരയണമെന്നുണ്ട്…അമ്മയെ ആശ്വസിപ്പിക്കണമെന്നുണ്ട്…ഒന്നിനും പറ്റണില്ല എനിക്ക്…ആ നെഞ്ചിലേക്ക് ഞാൻ ഒരിക്കൽ കൂടി എന്റെ മുഖം ചേർത്തു….. എന്നിലെ മൗനം ആർത്തലച്ചു കരയുന്നു….
അവസാനമായി ഒന്ന് മോളെ എന്ന് വിളിച്ചിട്ട് പൊയ്ക്കൂടാരുന്നോ ഈ അച്ഛന്….കണ്ടിട്ട് യാത്ര പറഞ്ഞു പോകാൻ പാവത്തിനും കഴിഞ്ഞെന്ന് വരില്ല അതാകും….തിരികെ വരാത്ത യാത്രയാണല്ലോ…
ദൈവത്തിനും മടുത്തുകാണും, അച്ഛൻ ഭൂമിയിൽ അനുഭവിക്കേണ്ട വേദനയ്ക്ക് അറുതി വന്നുകാണും….വിങ്ങിപ്പൊട്ടി ഞാൻ കരഞ്ഞുപോയി….
ആ ചുമലിൽ എടുത്ത് നടന്നതും….എടുത്തുയർത്തി വട്ടം കറക്കിയതും…ആ വാത്സല്യചുംബനങ്ങളുടെ ചൂടിൽ കരുതലിൽ ഉറങ്ങിയതുമെല്ലാം ഓർമയിലേക്ക് പാഞ്ഞിരച്ചു വന്നു…
മുറ്റത്ത് ഉയർന്നു വന്ന മരണപ്പന്തലിൽ അച്ഛന്റെ വെള്ളപുതപ്പിച്ച ശരീരം ശാന്തമായി ഉറങ്ങുന്നത് കാണാൻ ആളുകൾ ഒഴുകിയെത്തുന്നത് കണ്ണീരിന്റെ ഒഴുക്കിൽ എന്റെ കാഴ്ച്ചയെ മറച്ചു പിടിച്ചു….
എനിക്കടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു ജെനിയും ഏങ്ങിക്കരയുന്നു…അവൾക്കും എന്നെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലല്ലോ…
കാവേരിച്ചേച്ചിയും സിദ്ധുഏട്ടനും അലോഷിച്ചായനും എല്ലാം ഒരംഗത്തെ പോലെ എല്ലാത്തിനും ഓടിനടക്കുന്നത് ഞാനറിഞ്ഞു…
കോളേജിൽനിന്നും ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ഒരുവിധം എല്ലാവരും വന്നിരുന്നു…. മുട്ടിനു താഴെ ശൂന്യമായ എന്റെ അച്ഛന്റെ ശോഷിച്ച രൂപത്തെ വേദനയോടെ ആളുകൾ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു….
കരഞ്ഞു തളർന്നു വീണുകിടക്കുന്ന അമ്മയ്ക്കരികിൽ കാവേരിച്ചേച്ചി ഇരിപ്പുണ്ട്…ആദിയേട്ടനെ മിന്നായം പോലെ ഞാനൊന്ന് കണ്ടു…
സൂരജ് അവനെവിടെ…ഈ ദാരിദ്ര്യവാസിയുടെ അച്ഛനെ കാണാൻ അവൻ വരില്ലായിരിക്കും…എന്തോ വേദനകൾക്ക് മീതെ വേദനകൾ നിറയുന്നു…..ഹൃദയം പൊട്ടി മരിച്ചു അച്ഛനൊപ്പം കൂട്ട് കിടക്കാൻ എനിക്കും തോന്നുന്നു….രംഗബോധമില്ലാത്ത ഈ കോമാളി ഒരിക്കൽ എന്റെ ഏട്ടനെ കൊണ്ടുപോയി…ഇപ്പോൾ അച്ഛനെയും…ഞാൻ ആർത്തുകരഞ്ഞു….
അവസാനം ആ ചിതയ്ക്ക് തീകൊളുത്താൻ പോലും ഒരാൺതരിയില്ലാതെ നിർഭാഗ്യവാനായി കിടക്കുന്ന അച്ഛന്റെ ചേതനയറ്റ ശരീരത്തെ ഞാൻ നോക്കി നിന്നു…
കർമ്മം ചെയ്യാൻ ആണില്ലാതെ അനാഥമാക്കില്ല ഞാനീ ശരീരം….ഈ അച്ഛന്റെ രാജകുമാരി ആയിരുന്നില്ലേ ഞാൻ….വിലക്കുകളും മുറുമുറുപ്പുകളും വകവയ്ക്കാതെ ഈറനുടുത്ത് തലയ്ക്കൽ കലമുടച്ചു ഞാനാ ആ ചിതയിലേക്ക് തീ പകർന്നു…ഉറക്കെയുള്ള അമ്മയുടെ പൊട്ടിക്കരച്ചിലിനൊപ്പം ഞാനും നിശബ്ദമായി കരഞ്ഞു…
ഉമ്മറത്തെ ചുമരിൽ ഏട്ടനൊപ്പം അച്ഛന്റെയും മാലയിട്ട ചിത്രത്തിലേക്ക് ഞാൻ നോക്കി നിന്നു….ആളൊഴിഞ്ഞു… മരണപ്പന്തൽ പൊളിച്ചിറക്കി…
അച്ഛന്റെ മുറിയിലെ ഇനിയും കെടുത്താത്ത വിളക്കിനടുത്തേക്ക് ആ മരണമണമുള്ള കട്ടിലിന്റെ കാൽഭാഗത്തേക്ക് ഞാൻ തല ചേർത്തു കിടന്നു…ഇനി ആശ്വാസം തേടാൻ ആ കാൽചുവടുകളില്ല എന്നറിഞ്ഞുകൊണ്ട്…ആ മണത്തിൽ, സാമീപ്യത്തിൽ ഞാൻ അലിഞ്ഞുചേർന്നു…..
കാത്തിരിക്കണേ…..