എഴുത്ത്: ലോല
വിവാഹമോചനം നേടിയ ആദ്യനാളുകളിലാണ് അവൾ അയാളുടെ സാമിപ്യം ഏറെ കൊതിച്ചത്.
ഒരാഴ്ച്ചാക്കിപ്പുറം മാസമുറ തെറ്റിയപ്പോഴാണ് അയാളുടെ രക്തം അവളിൽ മൊട്ടിട്ടു എന്നവൾ തിരിച്ചറിഞ്ഞത്.
ഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്നൊരു ഭർത്താവിനെ നിന്ദിച്ചതോർത്തു അവളുടെ കണ്ണുകൾ നീർകുമിളകൾ സൃഷ്ടിച്ചിരുന്നു.
ഒരമ്മയാകാൻ തയാറെടുക്കുമ്പോൾ പ്രിയപ്പെട്ടവന്റെ സ്നേഹത്തിനായി അവളുടെ ഉള്ളം തുടിച്ചിരുന്നു..
18 ആം വയസ്സിൽ വിവാഹിതയായ പെൺകുട്ടിയുടെ പോരായ്മകൾ അവളിലും ഉണ്ടായിരുന്നു…
അയാളെ സ്നേഹിക്കാൻ പരിപാലിക്കാൻ അവൾ വിമുഖത കാട്ടിയിരുന്നു…
മുടി കൊഴിഞ്ഞു കഷണ്ടിയായ അയാളുടെ ശിരസ്സിനോട് അവൾക്ക് പുച്ഛമായിരുന്നു. വിടവുള്ള പല്ലുകൾ ചേർത്തയാൾ ചിരിക്കുന്നത് ആരോചകമായി മാത്രമേ അവൾക് അനുഭവപ്പെട്ടിട്ടുള്ളു..
പ്രണയാതുരമായ വാക്കുകൾ പറയാൻ ശ്രമിക്കുന്ന നിമിഷങ്ങളിൽ വില്ലനെപ്പോലെ കടന്നെത്തുന്ന വിക്ക് അവൾക് അയാളോടുള്ള വെറുപ്പ് വർധിപ്പിച്ചതേയുള്ളു. പ്രണയവേഴ്ചകളുടെ ഒടുവിൽ കിതപ്പോടെ സംഗമം പൂർത്തിയാക്കുന്ന അയാളെ അവൾ പൈശാച്ഛികമായി നോക്കാറുണ്ട്..
അപമാനഭാരത്തോടെ തലകുമ്പിടുന്ന അയാളെ നോക്കി അവൾ ക്രൂരമായി ചിരിക്കാറുമുണ്ട്. അവളുടെ കുസൃതികളായി എല്ലാം കണ്ടു അയാൾ അവളെ അകമൊഴിഞ്ഞു സ്നേഹിച്ചിരുന്നു.
അമ്മയെ അല്ലാതെ മറ്റൊരു പെണ്ണിനെ അയാൾ നെഞ്ചിലേറ്റിയെങ്കിൽ അത് അവൾ മാത്രമാണ്. തനിക്ക് കിട്ടിയ നിധിയായി അവളെ അയാൾ കണ്ടു. അയാളുടെ പ്രണയമത്രയും അവൾക് അല്ലലില്ലാതെ നൽകിയിരുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാൾ അവളെ പരിപാലിച്ചിരുന്നു.
വേദനയുടെ ദിനങ്ങളിൽ അവൾക്ക് ആശ്വാസമായി അയാൾ ഉണ്ടാകാറുണ്ട്. അയാൾ അവളെ അത്രമാത്രം സ്നേഹിച്ചിരുന്നു.
മുറിഞ്ഞു പോകുന്ന വാക്കുകളിലൂടെ അവളെ വർണ്ണിക്കാൻ അയാൾ ശ്രമിക്കാറുണ്ട്.അവൾക്ക് വേണ്ടി നിറമുള്ള വസ്ത്രങ്ങൾ വാങ്ങാൻ അയാൾ ദൃതി കൂട്ടാറുണ്ട്.
പിറന്നാളിന് അയാൾ നൽകിയ വെള്ളക്കൽമൂക്കുത്തി അവൾ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. അവൾ തന്നെ ഗാഢമായി സ്നേഹിച്ചിരുന്നെന്നു അയാൾ വിശ്വസിച്ചിരികാം. ഓരോ മാസമുറയിലും അയാൾ വ്യാകുലപ്പെടാറുണ്ട്. അടുത്ത തവണ അവളിലെ മാതൃത്വം പൂവണിയും എന്നയാൾ സ്വയം ആശ്വസിക്കാറുണ്ട്…
എങ്കിലും അയാൾ അവളെ കുറ്റപ്പെടുത്തുകയില്ല.. ഒരു വർഷം പിന്നിട്ടപ്പോഴാണ് അയാൾക്കൊരു അച്ഛനാകാൻ കഴിവില്ലെന്നവൾ ആരോപിക്കുന്നത്…
അവൾ അത്രയേറെ ഒരു കുഞ്ഞിനെ കൊതിച്ചിരുന്നു. ഒപ്പം അയാളും…വിവാഹമോചനം വേണമെന്ന് മുഖത്തുനോക്കാതെ അവൾ പറഞ്ഞപ്പോൾ അയാളുടെ കണ്ണിലെ പിടച്ചിൽ തിരിച്ചറിയാൻ അവൾക് സാധിച്ചിരുന്നില്ല…
പിരിഞ്ഞ ദിവസം അവസാനമായി അവളെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ നീറി ചുണ്ടൊന്നു കോടി, മനസ്സ് പിടഞ്ഞു. പ്രാണന്റെ പാതിയായവൾ നഷ്ടപ്പെട്ടുപോകുമ്പോൾ അയാൾ തലതല്ലി കരഞ്ഞു…
വീണ്ടും ആ വീട്ടിൽ ഒറ്റയ്ക്കായയാൾ…
അയാൾ സ്വയം ശപിക്കാറുണ്ട്, ദൈവത്തെ പഴിക്കാറുണ്ട്. അനാഥത്വം നൽകുന്ന ഭീകരതയിൽ അയാൾ വാടിത്തളർന്നു പോകാറുണ്ട്…
വീർത്തുവരുന്ന വയറിൽ നോക്കി അവൾ പരിഭവം പറയാറുണ്ട്. അയാളെ കാണാൻ വഴിയിൽ കാത്തുനിൽക്കാറുണ്ട്. അയാൾ വരാറുള്ള ആൽമരതറയിൽ നോക്കിനിൽക്കാറുണ്ട്…
ഒരിക്കൽ അവൾ ആ വീടിന്റെ പടി വീണ്ടും ചവിട്ടി. കയ്യിലൊരു പെട്ടിയുമായി അയാൾ ഉറക്കം ഉണർന്നിട്ടുണ്ടായിരുന്നില്ല. നനുത്ത പകലിൽ ഉന്തിയ വയറുമായി നിൽക്കുന്നവളെ കണ്ടായാൽ അത്ഭുതംകൂറി…
വീടിനുള്ളിൽ കടന്നവർ കിതപ്പ് മാറ്റുമ്പോൾ അയാൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കരയുന്നുണ്ടായിരുന്നു.തെല്ലൊരു കിതപ്പോടെ വീർത്ത വയറ്റിൽ ചൂണ്ടിയവൾ പറയുന്നുണ്ടായിരുന്നു….
“നിങ്ങടെയാ”
അവളുടെ കവിളുകൾ നാണംകൊണ്ട് രക്തവർണ്ണമാവുകയും ചെയ്തിരുന്നു…
അയാൾ അന്നാദ്യമായി ഒട്ടൊരഭിമാനത്തോടെ തലയുർത്തി അവൾക്കു മുന്നിൽനിന്നു….വീർത്ത വയറ്റിൽ പതിയെ തലോടി,
“മോളായിരിക്കും നിന്നെപ്പോലെ രാജകുമാരി”,
അപ്പോളയാൾക്ക് തടസ്സമായി വാക്കുകൾ മുറിഞ്ഞില്ല…
“നിക്ക് മോൻ മതി നിങ്ങളെപ്പോലെ” പ്രണയപൂർവ്വമായി അവൾ പറഞ്ഞപ്പോൾ അന്നാദ്യമായി അവളുടെ ചന്തം അയാൾ ആസ്വദിച്ചു…
അവളിലേക്കലിഞ്ഞുചേരാൻ അയാളുടെ ഉള്ളം തുടിച്ചു…നനുത്ത കവിളിൽ ചുടു മുത്തം നൽകിയപ്പോൾ അവൾക്ക് പതിനേഴിന്റെ നിറവായിരുന്നു….
എന്ന് സ്വന്തം ലോല ❤️