എഴുത്ത്: ജിഷ്ണു രമേശൻ
അയാള് രാവിലെ ആറു മണിക്ക് എണീറ്റു…അറുപതിനോട് അടുത്ത പ്രായം.. മെലിഞ്ഞ് കറുത്ത പ്രാകൃതം.. ലുങ്കി മുണ്ട് മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു…
ഓലക്കുടി കത്തിച്ച് കട്ടൻ ചായക്ക് വെള്ളം വെച്ചു.. അടുത്ത അടുപ്പിൽ രണ്ടു മൂന്നു വിറക് കഷ്ണം തിരുകി ചോറിനു വെള്ളം വെച്ചു…
ശേഷം പുറത്തെ മഞ്ഞ് പുതച്ച മുറ്റത്തേക്കിറങ്ങി ഒരു ബീഡി കത്തിച്ചു ചുണ്ടിലേക്ക് തിരുകി…ഒന്ന് ചുമച്ചു.. ബീഡിപുക മഞ്ഞിൽ കലർന്നു… അകത്തേക്ക് കയറി ചായ വെള്ളത്തിൽ കുറച്ച് പഞ്ചാരയും ചായപ്പൊടിയും ഇട്ട് ഒന്നിളക്കി തെളപ്പിച്ച് ഓട്ട് ഗ്ലാസിലേക്ക് പകർത്തി…
മുറ്റത്ത് കിടക്കുന്ന തേപ്പ് വണ്ടിയിൽ തലേന്ന് തേക്കാൻ വാങ്ങിച്ച മുണ്ടും ഷർട്ടും എടുത്ത് വെച്ചു.. തിളച്ച വെള്ളത്തിൽ അരിയിട്ടു… തലേന്നത്തെ മോര് കറിയും തേങ്ങാ ചമ്മന്തിയും പൊതിഞ്ഞു കെട്ടി…
നഗരത്തിലെ ഒഴിഞ്ഞ മൂലയിൽ ഉന്ത് വണ്ടി ഒതുക്കി നിർത്തി…അവിടെ ഒരു പെണ്ണ് വരും.. മിനുങ്ങുന്ന കണ്ണുകളുള്ള, വയറു സ്വല്പം കാണിച്ച്, കണ്ണുകൾ എഴുതി, മുടി അരികിലേക്ക് ഒതുക്കി, സ്പർശമായ ചിരിയുള്ള ഒരു പെണ്ണ്…
വില കൂടിയ കാറിൽ ആരോ വന്നു കയറ്റി കൊണ്ട് പോകുന്നത് അയാള് നോക്കി നിന്നിട്ടുണ്ട്… അവളെ ചൂണ്ടി ഒരു സ്നേഹിതൻ അയാളോട് പറഞ്ഞു,
” അയ്യായിരം രൂപ കൊടുത്താൽ നിങ്ങൾക്കും ഒരു ദിവസം അവള് സ്വന്തമാകും..”
സ്നേഹിതനോട് അയാള് പറഞ്ഞു, ” എനിക്കും വേണം ഒരു ദിവസം… “
ഒരൂസം രാത്രിയിൽ അയാള് തകര പെട്ടിയിലെ തുണി കഷ്ണം തുറന്ന് അതിനുള്ളിലെ നോട്ടുകൾ എണ്ണി…
പിറ്റേന്ന് വെളുത്ത മുണ്ട് തേക്കുമ്പോ അവള് വഴിയരുകിൽ വന്നു നിന്നു…അയാള് അടുത്തേക്ക് ചെന്നു… ഒന്ന് ചിരിച്ചു.. എന്നിട്ട് ചോദിച്ചു,
” എന്റെ കയ്യിൽ അയ്യായിരം രൂപയുണ്ട്… എനിക്ക്…!”
അയാളുടെ മടിക്കുത്തിൽ വീർത്തിരിക്കുന്ന നോട്ട്ക്കെട്ട് നോക്കിക്കൊണ്ട് ആ പെണ്ണ് പറഞ്ഞു,
‘ ഇന്ന് പറ്റില്ല… നാളെ ഈ സമയം വരാം.. എന്നെ കൊണ്ടു പോകുവാൻ വരുമ്പോ ഈ ലുങ്കി മാറ്റി നല്ല വസ്ത്രം ഇട്ടിട്ട് വരണം..’
അവിടെ അരികിലായി കുറുകുന്ന രണ്ടു പ്രാവുകളെ നോക്കി ചിരിച്ചിട്ട് അയാള് അവളോട് പറഞ്ഞു,
” നാളെ ഞാൻ വരാം..”
പിറ്റേന്ന് തേപ്പ് വണ്ടി എടുക്കാതെ, വെള്ള മുണ്ടും കള്ളി ഷർട്ടും ഇട്ട് അയാള് വഴിയിലെത്തി… ആ പെണ്ണിനെ കണ്ടു… പതിവ് പോലെ ഒന്ന് ചിരിച്ചു.. അയാളുടെ മടിക്കുത്ത് അപ്പോഴും വീർത്തിരിക്കുന്നു…
” പോകാം ” എന്ന് പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് അവളെയും കൊണ്ട് അയാള് വീട്ടിലേക്ക് തിരിച്ചു..
അയാളുടെ വീട്ടു മുറ്റത്തെ മനോഹരമായ ചെടികൾ കണ്ട് ആ പെണ്ണിന്റെ മിഴി തുറന്നു… ചിതല് പിടിച്ച വാതില് തുറന്ന് അയാൾക്കൊപ്പം അവള് അകത്തു കയറി…
വീടിനകത്ത് കണ്ണോടിച്ചു കൊണ്ട് പെണ്ണ് ചോദിച്ചു,
‘ ഒറ്റയ്ക്കാണല്ലെ…!’
” അതെ, തനിച്ചാണ്… ബന്ധങ്ങളുടെ വില അറിഞ്ഞിട്ടില്ല, തനിച്ച് ജീവിക്കാൻ ഇഷ്ടപ്പെട്ടു, ചിരിക്കാൻ അറിയില്ല, കരയാനും, ഒരു ആഗ്രഹം ഉണ്ടായിരുന്നു ‘ ഈ തൊഴില് മടുക്കുമ്പോ സഞ്ചരിക്കണം.. അതിനായി കൂട്ടി വെച്ച കുറച്ച് പൈസയാണ് ഈ അയ്യായിരം..”
‘ അപ്പൊ ഇനി ഈ സഞ്ചാരം..!’
” മരിക്കും മുമ്പ് ആഗ്രഹം ഒന്ന് മാത്രം തീർന്നാൽ മതി..നിന്നെ കണ്ടപ്പോ അധികം തോന്നാതിരുന്ന ഒരാവേശം… അതൊരു ആഗ്രഹം പോലെ..!”
‘ അയ്യായിരം രൂപയ്ക്ക് ഒരു പകൽ മാത്രമാണ് എനിക്ക് കഴിയൂ…’
” ഏയ് വേണ്ട… ഈ പകൽ എനിക്ക് നിന്നെ സ്പർശിക്കണ്ട, നിന്റെ മേനി കാണണ്ട… എന്നും വെളുപ്പിന് ഇവിടെ കോട മഞ്ഞ് പുതയ്ക്കും… അപ്പൊ ഞാനൊരു ബീഡി കത്തിക്കും.. ഒരു നേർത്ത രുചിയാണ് എനിക്ക് അനുഭവപ്പെടുക… നാളത്തെ വെളുപ്പാൻ കാലം നിന്നെയും രുചിക്കണം..”
‘ അത് പറ്റില്ല… എന്റെ സമയം, നിങ്ങൾക്ക് വേണ്ടി ഞാൻ മാറ്റിവെച്ച പകലാണ് ഇത്..’
” ഇവിടെ ഇന്ന് നിനക്കുള്ള ഭക്ഷണവും മറ്റും ഞാൻ നൽകാം… നിനക്ക് ഇവിടെ വിശ്രമിക്കാം… എന്റെ ഈ പ്രായത്തിനുള്ളിൽ എന്റെ ആദ്യത്തെ, അവസാനത്തെ ആഗ്രഹമാണ്… “
അവൾ പരന്ന പേഴ്സ് മേശപ്പുറത്ത് വച്ചു…അയാളുടെ ആഗ്രഹത്തിന് സമ്മതം മൂളി…
അവളോടുള്ള അമിത വിശ്വാസം കണക്കെ അയ്യായിരത്തിന്റെ കെട്ട് അവൾക്ക് മുന്നിലായി വെച്ചിട്ട് ഒരു ബീഡി കത്തിച്ച് അയാള് അടുക്കളയിലേക്ക് നടന്നു…
അയാള് നെറ്റിയിലെ വിയർപ്പ് തുടച്ച് കൊണ്ട് അരിപാത്രം എടുത്തു… വെള്ളം നിറച്ച് അടുപ്പത്ത് വെച്ച് തീ കത്തിച്ചു… അടുക്കള വശത്ത് പോയി ഒരു പിടി കോവയ്ക്ക പൊട്ടിച്ചു കൊണ്ട് വന്ന് അരിഞ്ഞു…
കുറച്ച് സമയത്തിന് ശേഷം കോവയ്ക്ക മെഴുക്കുവരട്ടിയും പപ്പടവും ചൂട് ചോറും അവൾക്ക് മുന്നിലായി നിരന്നു… ഒരു അതിശയത്തോടെ, അത്ഭുതത്തോടെ അയാളെ ആ പെണ്ണ് നോക്കി നിന്നു…
അവളുടെ മുഖത്ത് പോലും നോക്കാതെ അയാളും ഒരുപിടി ചോറ് വാരി തിന്നുകൊണ്ട് അവിടുന്ന് എണീറ്റു…. വിയർപ്പിന്റെ കനപ്പുള്ള ഒരുപിടി ചോറ് അവളും കഴിച്ചു…
അയാളുടെ ഏറെ പ്രിയമുള്ള അടുക്കള വശത്തെ ചായ്പ്പിൽ ചുണ്ടിലൊരു ബീഡിയും കത്തിച്ച് ഇരിക്കുന്ന അയാളോട് ആ പെണ്ണ് ചോദിച്ചു,
‘ നിങ്ങള് നല്ലത് പോലെ അദ്ധ്വാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് വഴിയിൽ… ആ ചൂടത്ത് പൊള്ളുന്ന വെയിലിൽ കനൽ എരിയുന്ന തേപ്പ് പെട്ടി ഊതി ഊതി കത്തിച്ച് അദ്ധ്വാനിക്കുന്നത്…’
” എന്റെ പണമായുള്ള സമ്പാദ്യം ദാ ആ അയ്യായിരം മാത്രമാണ്… പിന്നെയുള്ള സമ്പാദ്യം ഈ ജീവിതമാണ്…തനിച്ച്, പട്ടിണി ഇല്ലാതെ, സങ്കടം ഇല്ലാതെ, ചിരി ഇല്ലാതെ, അന്നന്ന് കിട്ടുന്നത് കൊണ്ടുള്ള ജീവിതം…”
‘ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു…. കൂടെ കൊണ്ടു പോകുന്ന പലരും എന്നോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, ” എന്തിനീ വഴി തിരഞ്ഞെടുത്തു ” എന്ന്..നിങ്ങളിൽ നിന്ന് ഇത് വരെ അങ്ങനെ ഒന്ന് കേട്ടില്ല…’
” വേണ്ട, എനിക്ക് കേൾക്കാൻ താല്പര്യമില്ല… ഊഹിക്കാൻ കഴിയും എനിക്ക്… ഞാൻ രാവിലെ ഇവിടുന്ന് ഉന്ത് വണ്ടിയും കൊണ്ടിറങ്ങും… വിയർക്കും, തേച്ച് കിട്ടുന്ന തുച്ഛമായ ഒന്നോ രണ്ടോ നോട്ടുകൾ മുണ്ടിന്റെ കുത്തിലിരുന്ന് വിയർപ്പിൽ നനഞ്ഞ് കുതിരും… ഇന്ന് നീ കഴിച്ച ചോറ് അങ്ങനെ ഉള്ള എന്റെ വിയർപ്പിൽ കുതിർന്ന അന്നമാണ്….”
അവൾ ഒരു നിമിഷം ചിന്തയിൽ അലിഞ്ഞു… പക്ഷേ അവളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തുന്നത് പോലെ വിളിച്ചു കൊണ്ട് അയാള് പുറത്തേക്കിറങ്ങി…
അവിടെ അടുക്കള വശത്ത് നട്ടു വളർത്തിയ പച്ചക്കറി തൈകളും, ഓട് അടുക്കി വെച്ച് സൃഷ്ടിച്ച സൗന്ദര്യമുള്ള മീൻ കുഞ്ഞുങ്ങളെ വളർത്തുന്ന ടാങ്കും അവൾക്കായി കാണിച്ച് കൊടുത്തു…
വീടിനു മുൻവശത്തെ മനോഹരമായ പൂക്കൾ അവളെ നോക്കി ചിരിച്ചു…. വെയിലിന്റെ ക്ഷീണം കാരണം അവൾ കുറച്ച് നേരം ഉറങ്ങി… സമാധാനമായി, വിശ്വാസമായി അവള് ഉറങ്ങി സ്വല്പ നേരം…
ഇരുട്ട് തെളിഞ്ഞ സന്ധ്യക്ക് ആ പെണ്ണ് കണ്ണ് തുറന്നു… മുറിയിൽ ഇരുട്ട് കയറി, ചെറിയ ഭയം മൂലം അവള് ഉമ്മറത്തേക്ക് വന്നു…അവിടെ കിഴക്ക് വശത്ത് ഒരു നിലവിളക്ക് കത്തുന്നു… അടുക്കളയിൽ ശബ്ദം കേട്ടപ്പോ അയാള് അവിടെ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി…
അവള് ഉമ്മറത്ത് വെറുതെ ഇരുന്നു… രാത്രി കനത്തപ്പോ ഒരു പിഞ്ഞാണത്തിൽ അവൾക്കുള്ള ചോറും കറിയും അയാള് എടുത്തു വച്ചു…
‘ നിങ്ങള് കഴിക്കുന്നില്ലെ…?’
” ഇല്ല അത്താഴം പതിവില്ല…ചെലപ്പോ കഴിക്കും അത്ര തന്നെ…!!”
അത്താഴം കഴിഞ്ഞപ്പോ അയാള് വാതിലുകൾ അടച്ചു പൂട്ടി… അന്നാദ്യമായി ആ പെണ്ണ് ഭയന്നു… ആദ്യമായി ഒരാണ് തന്റെ മേൽ തൊടാൻ പോകുന്നൊരു പ്രതീതിയായിരുന്നു അവളിൽ…
നിലത്ത് പുല്പായയിൽ അയാള് നീണ്ടു നിവർന്നു കിടന്നു… ആ പെണ്ണും അയാൾക്കരുകിലായി കിടന്നു… അവളുടെ വിരലുകൾ അയാളിൽ സ്പർശിച്ചു… മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ട്… വിളക്കിന്റെ നിഴലിൽ ഇരു രൂപങ്ങൾ ചുമരിൽ കെട്ടിപ്പിണഞ്ഞ് പകർന്നാടി…
തേയ്ക്കാത്ത മൺചുമരുകൾക്കിടയിൽ അവരിലെ വിയർപ്പിന്റെ ഗന്ധം സ്പർശിച്ചു…
വെളുപ്പിന് പ്രകൃതി നിശ്ചലമായി… അയാള് വാതിൽ തുറന്ന് പുറത്തിറങ്ങി…കൂടെ അവളും… അവിടെ മലമുകളിൽ നേർത്ത സുന്ദരമായ വെള്ള പൂക്കൾ വിരിഞ്ഞിട്ടുണ്ട്…
അയാള് പതിവ് പോലെ ഒരു ബീഡി കത്തിച്ചു… ആ പെണ്ണും അയാൾക്കരുകിൽ നിലയുറപ്പിച്ചു… മഞ്ഞ് അവരെ പുതച്ചു… അയാളുടെ ബീഡി തിരുകിയ വിരലുകൾ വിറച്ചു…
ഒന്ന് ചുമച്ചു കൊണ്ട് അയാള് പറഞ്ഞു,
” എനിക്ക് നല്ല ക്ഷീണം…ഒന്നുകൂടി ഉറങ്ങണം..”
‘ നിങ്ങള് പോയി കിടന്നോ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം… മതിയാവുന്നില്ല ഈ ദിവസം, ഈ തണുപ്പ്, ഈ നേരം…!’
ആ പെണ്ണ് ആദ്യമായി അനുഭവിച്ച അവസ്ഥയായിരുന്നു അത്… അവളിലെ ഭയം വിട്ടൊഴിഞ്ഞു…
ഏറെ നേരം ആ പെണ്ണവിടെ നിന്നു…ശേഷം അകത്തേക്ക് കയറി… അയാള് ഉറക്കം പിടിച്ചിരുന്നു… അയാളുടെ ആഗ്രഹം തീർന്നിരുന്നുവോ…!
വീണ്ടും അയാൾക്കരുകിൽ കിടന്നു… പാതി പൊട്ടിയ ജനാല ചില്ലിലൂടെ വെളിച്ചം മുഖത്ത് തട്ടിയപ്പോ അയാള് കണ്ണ് തുറന്നു… പായയിൽ പരതി… ആ പെണ്ണ് പോയിരുന്നു…
അയാള് എണീറ്റ് അവൾ ചാരിയിട്ട് പോയ മുൻ വാതിൽ തുറന്നിട്ടു… പതിവ് കട്ടൻ ചായക്ക് വെള്ളം വെച്ചു… അപ്പോഴാണ് അയാളത് കണ്ടത്, മേശയിൽ തന്റെ അയ്യായിരത്തിന്റെ കെട്ട്… കൂടെ ഒരു കുറിപ്പും…
” ഈ സമ്പാദ്യം എനിക്ക് വേണ്ട… വിയർപ്പിന്റെ ഗന്ധമുള്ള ഒരുപിടി അന്നം എനിക്ക് വിളമ്പി തന്ന നിങ്ങൾക്ക് തരാനായി എന്റെ കയ്യിൽ ഒന്നുമില്ല… വെളുപ്പിന് നിങ്ങള് പറഞ്ഞത് പോലെ എന്റെ മേനി ഞാൻ നൽകി… അന്നത്തിനു പകരമല്ല, അങ്ങനെ കരുതരുത്… എനിക്കായി ഏറ്റവും സുന്ദരമായ മഞ്ഞുള്ള പ്രഭാതം സമ്മാനിച്ച നിങ്ങളോട് സ്നേഹം മാത്രം…”
അയാള് ആ കുറിപ്പ് മേശയ്ക്കുള്ളിൽ തിരുകി… പതിവ് പോലെ സാധാരണ മനുഷ്യനെ പോലെ അയാള് തന്റെ ദിന പ്രവൃത്തികൾ തുടർന്നു…
ഒരു ദിവസം അയാള് വഴിയിൽ ഉന്തു വണ്ടിയിൽ വസ്ത്രം തേച്ച് മിനുക്കുമ്പോ ആ പെണ്ണ് അപ്പുറത്ത് വന്നു നിന്നു… പതിവ് പോലെ അയാളൊന്ന് നോക്കി ചിരിച്ചു… അവളും ചിരിച്ചു…സുന്ദരമായി മധുരമായി ചിരിച്ചു…
(അപൂർണ്ണമായ ഒരെഴുത്താണ് )