എനിക്ക് പ്രേമിക്കാൻ പേടിയാരുന്നു എന്തിന് ഞാൻ കല്യാണം കഴിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. പക്ഷേ…

പെൺകോന്തൻ

Story written by GAYATHRI GOVIND

ഞാനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ് എന്റേത്.. സന്തുഷ്ട കുടുംബം എന്ന് മനഃപൂർവ്വം പറയാഞ്ഞതാണ്.. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് ഞാൻ.. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ.. എനിക്ക് ബാങ്ക് ജോലി.. ഒരു പ്രാരാബ്ദങ്ങളും ഇല്ലാതെ കഴിഞ്ഞു പോകുന്നു.. പിന്നെ എന്താ സന്തുഷ്ട കുടുംബം എന്ന് പറയാഞ്ഞത് എന്നല്ലേ??

എന്റെ അച്ഛനും അമ്മയും മൂന്നാലു വർഷം പ്രേമിച്ചാണ് കെട്ടിയത് പക്ഷേ എനിക്ക് ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണ് അവർ തമ്മിലുള്ള യുദ്ധം.. എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ കുഴപ്പമില്ല ഇത് വെറുതെ തല്ലുകൂടാനായി എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കും.. കറി വിളമ്പുന്ന തവി വലുപ്പം കൂടി പോയി.. തലയണയുടെ കവറിനു വേറെ കളർ മതിയാരുന്നു എന്നൊക്കെയുള്ള ഒരു ലോജിക്കും ഇല്ലാത്ത കാര്യമാണ് എന്റെ വീട്ടിലെ പ്രശ്നങ്ങൾ.. എന്നാൽ ഇതു കേട്ട് അമ്മ മിണ്ടാതെ ഇരുന്നാൽ പ്രശ്നം അവിടെ തീരും പക്ഷേ എന്റെ അമ്മ അങ്ങനെയല്ല അച്ഛൻ പറയുന്നതിന്റെ ഡബിൾ ഒച്ചയിൽ തിരിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.. എനിക്ക് ഇപ്പോൾ ഇത് ശീലമായി..

ഇവരുടെ പ്രശ്നങ്ങൾ കണ്ടുകൊണ്ട് വളർന്നത് കൊണ്ടു തന്നെ എനിക്ക് പ്രേമിക്കാൻ പേടിയാരുന്നു എന്തിന് ഞാൻ കല്യാണം കഴിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചു.. പക്ഷേ എനിക്ക് 28 വയസ്സായപ്പോൾ എന്റെ അച്ഛനും അമ്മയും ഒരുപോലെ അഭിപ്രായം പറഞ്ഞു എന്റെ കല്യാണകാര്യത്തിന്.. അങ്ങനെ എങ്കിലും അവർക്ക് ഒരേ സ്വരം ഉണ്ടായല്ലോ എന്ന് ഞാൻ സമാധാനിച്ചു.. വേണ്ട എന്ന് എത്ര നിർബന്ധിച്ചിട്ടും അവർ എന്നെ പെണ്ണുകാണാൻ കൊണ്ടുപോയി..

സത്യം പറയാല്ലോ വീണയെ കണ്ട ഒറ്റനോട്ടത്തിൽ തന്നെ ഞാൻ വീണുപോയി.. ഞാൻ കല്യാണത്തിന് സമ്മതിച്ചു.. ഞങ്ങളുടെ കല്യാണവും കഴിഞ്ഞു.. പുതുപെണ്ണ് വന്നത് കൊണ്ടാവും രണ്ടു മാസത്തോളം സൂചി വീണാൽ കേൾക്കുന്ന പോലെ നിശബ്ദം ആയിരുന്നു എന്റെ വീട്.. ഞാൻ ഒരുപാട് സന്തോഷിച്ചു.. എല്ലാം എന്റെ വീണയുടെ ഐശ്വര്യം എന്ന് ഞാൻ മനസ്സിൽ ഓർത്തു..

പക്ഷേ പതിയെ പതിയെ സാഹചര്യങ്ങൾ ഒക്കെ മാറാൻ തുടങ്ങി.. ഇപ്പോൾ അച്ഛനും അമ്മയും ചക്കരയും അടയും ആണ്. എന്തിനും ഏതിനും ഒറ്റക്കെട്ട്.. പക്ഷേ അവരുടെ ഇര വീണയായി.. വീണ ചെയ്യുന്ന എല്ലാ കാര്യത്തിനും രണ്ടാളും കൂടി ചേർന്നു കുറ്റം കണ്ടുപിടിക്കാൻ തുടങ്ങി.. അവർ ഓരോന്നു പറയുന്നത് കേട്ട് വീണ തിരിച്ചു പറയുന്ന സാഹചര്യം ആയപ്പോൾ എനിക്ക് മനസിലായി ഇനിയും അവിടെ നിക്കുന്നത് പന്തിയല്ല എന്ന്.. ഞാൻ അവളെയും കൊണ്ടു ബാങ്കിന് സമീപം വീട് എടുത്തു താമസം തുടങ്ങി.. എനിക്ക് അമ്മ ഒരു പേരിട്ടു “പെൺകോന്തൻ”
അങ്ങനെ ഒരു പേര് വീണെങ്കിലും ഇപ്പോൾ നല്ല സമാധാനം ഉണ്ട്.. ആരുടെയും പരാതിയും പരിഭവവും കേൾക്കേണ്ട..

ഏറ്റവും വലിയ അത്ഭുതം ആഴ്ചയിൽ വീട്ടിൽ ചെല്ലുമ്പോൾ ആണ്.. അച്ഛനും അമ്മയും ഭയങ്കര സ്നേഹം.. ഞാൻ ഇടയ്ക്കു ആലോചിക്കും അപ്പോൾ ഇവരുടെ യഥാർത്ഥ പ്രശ്നം ഞാനായിരുന്നോ എന്ന്???

അവസാനിച്ചു..