കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ആദ്യമായവൾ വീട്ടിലേക്ക് വന്നപ്പോൾ ആയിരുന്നു ഞാൻ ശരിക്കും അവളുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്…

പെങ്ങൾ

എഴുത്ത്: അമ്മാളു

കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ആദ്യമായവൾ വീട്ടിലേക്ക് വന്നപ്പോൾ ആയിരുന്നു ഞാൻ ശരിക്കും അവളുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്.

ഒരാഴ്ച്ച മുൻപ് വരെ അച്ഛൻ കൊണ്ടുവരുന്ന മിഠായിക്ക് പോലും ന്നോട് വഴക്കിട്ടു തട്ടിപ്പറിച്ചോണ്ടോടിയിരുന്നവൾ എനിക്ക് വേണ്ടി മാത്രം ഒരു പാക്കറ്റ് ചോക്ലേറ്റ് ഇഷ്ടത്തോടെ കൊണ്ടു തന്നപ്പോൾ ആണ് ആദ്യമായി ന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞത്.

തലേന്നാൾ വരെ വാ തോരാതെ കലപില വെച്ചോണ്ടിരുന്നവൾ അന്നാദ്യമായി പതിവിലും വിപരീതമായി എന്നോടൊന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.

എനിക്കൊപ്പം അളിയനെ ഇരുത്തിയവൾ അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം അകത്തേക്ക് പോയപ്പോൾ ആണെന്റെ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടത്.

വീടും പരിസരവും ഒക്കെ അളിയന് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അടുത്ത വീട്ടുകാരിൽ ചിലർ അളിയനെ പരിചയപ്പെടാൻ വന്നത്.

അവർക്ക് അളിയനേം അളിയന് അവരെയും പരിചയപ്പെടുത്തി കഴിഞ്ഞപ്പോഴേക്കും ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ അടുക്കളയിൽ പൂർത്തിയായി കഴിഞ്ഞിരുന്നു.

എന്നും എന്റെ പാത്രത്തിലെ തലക്കഷ്ണത്തിന്റെ പെരുപ്പം നോക്കി മുറതെറ്റാതെ ഒരു നുള്ള് കട്ടെടുക്കുന്നവൾ ഇന്നെനിക്കഭിമുഖമായിരുന്ന് ഒരു കഷ്ണം കൂടി അധികം ഇട്ട് തന്നപ്പോൾ ആണ് വീണ്ടും ഒരു ഗദ്ഗദം എന്റെ തൊണ്ടയിൽ കുരുങ്ങിയത്.

വിറയാർന്ന ചുണ്ടിനാൽ പകരമായി ഒരു നറു പുഞ്ചിരി അവൾക്ക് സമ്മാനിക്കുമ്പോൾ ആ കരിനീലക്കണ്ണുകളും നിറഞ്ഞിരുന്നോ എന്നൊരു തോന്നൽ…!!

തോന്നൽ അല്ലതെന്ന് പറയാതെ പറഞ്ഞവൾ എന്റെ നോട്ടത്തെ അടുക്കളയിൽ നിന്ന അമ്മയെ ചോറെടുക്കാനായി വിളിക്കുമ്പോൾ അറിയാതൊരു നീർതുള്ളി എന്റെ കവിൾത്തടം തട്ടി നിലം പതിച്ചിരുന്നു.

നിറഞ്ഞ കണ്ണുകളെ കളിയാക്കി കൊണ്ടവൾ എരിവ് കഴിക്കാൻ അറിയാൻ മേലാത്തൊരു ഇള്ളക്കുട്ടി എന്നെന്നെ കളിയാക്കി വിളിച്ചപ്പോൾ ആണ് അതുവരെ നിശബ്ദമായിരുന്ന ഊണ് മേശക്കരികിലിരുന്ന മുഖങ്ങളിൽ ഒരു കൂട്ടച്ചിരി ഉയർന്നത്.

ഉള്ളിലെ പിടച്ചിൽ അവളെക്കാളും നന്നായി മറച്ചു പിടിക്കാൻ വേറൊരാളും ഇല്ലെന്നപ്പോഴും വാശിയോടെ തന്നെ പറയാതെ പറഞ്ഞതായിരുന്നു അവളുടെ ആ കളിയാക്കൽ.

തലേന്നാൾ വരേ ഉത്തരവാദിത്തം എന്ന വാക്കിനർത്ഥം എന്തെന്നുപോലുമറിയാതിരുന്നവൾ പെട്ടന്നൊരുനാൾ തനിക്ക് മുന്നിൽ പക്വതയോടെ വന്നു നിന്നപ്പോൾ എന്തോ അവളെ പറഞ്ഞയക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിലിരുന്നാരോ പറയുന്നപോലെ..!!

പക്ഷേ, കഴിയില്ലല്ലോ അതിന് ഒരു പരിധി വരെയല്ലേ രക്തബന്ധത്തിനു സ്ഥാനം ഉള്ളു.. ശേഷം ആത്മബന്ധത്തിനാവും ഒരു പടി മുന്നിൽ അവളിൽ സ്ഥാനം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും എന്തോ അവൾ തന്നോട് തല്ല് പിടിക്കുന്ന തന്റെ കുഞ്ഞു പെങ്ങൾ മാത്രമായി എന്നും തനിക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്ന് ആരോടെന്നില്ലാതെ മനസ്സ് ഉരുവിടുന്നുണ്ടായിരുന്നു.

എന്തോ വിരുന്ന് കഴിഞ്ഞ് നാലാം നാൾ വീണ്ടും അവളീ പടിയിറങ്ങിയപ്പോൾ കണ്ടു രണ്ട് തുള്ളി കണ്ണുനീർ തനിക്ക് മുഖാന്തരം അവളുടെ കവിൾത്തടത്തിലേക്ക് വീഴാൻ തിടുക്കം കൂട്ടി നിൽക്കുന്നത്. അവളുടെ കരിനീല കണ്ണുകൾ അവളെ ചതിക്കുന്നത് കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലാതായപ്പോഴാണ് പിന്നിലേക്ക് മാറി നിന്ന അമ്മയെ പിടിച്ചു ഞാൻ അവൾക്ക് മുന്നിലായി നിർത്തിയത്. അത് കണ്ടതും അവളുടെ ശ്രദ്ധ മുഴുവനും അമ്മയിലേക്കായി. പിന്നെ പതിയെ ആ നീര്തുള്ളികളെ കൺകോണിലേക്കൊളിപ്പിച്ചവൾ അമ്മയെ ആലിംഗനം ചെയ്ത് ഭർത്താവിനൊപ്പം കാറിലേക്ക് കയറിയതും പതിയെ അവളെയും കൊണ്ട് ആ നാലു ചക്രങ്ങൾ ചലിച്ചു തുടങ്ങിയിരുന്നു.

അപ്പഴേക്കും മറ്റാരെയും കാട്ടാതെ ആ കരിനീലക്കണ്ണുകളിൽ നിന്നും ഓടിയൊളിച്ച നീർമുത്തുകൾ അവളുടെയാനുവാദത്തിനു കാത്തുനിൽക്കാതെ തനിക്ക് വേണ്ടി മാത്രം ഒഴുകിയിറങ്ങുന്നത് മിറർ വ്യൂവിലൂടെ തന്റെ ദൃഷ്ടിയിൽ മാത്രം കൃത്യമായി വന്നു പതിഞ്ഞിരുന്നു….