മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
അർജുവേട്ടൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
നാശം പിടിച്ച കാല്….
കല്ലിച്ച് വീർത്ത ആ കാലിൽ ശക്തിയോടെ അടിച്ചുകൊണ്ടേ ഇരുന്നു.
തളർന്ന് വീണ്ടും കിടക്കയിലേക്ക് വീണു.കണ്ണിൽ നിന്നും ചൂട് വെള്ളം ഒഴുകാൻ തുടങ്ങി.
എപ്പോഴോ കണ്ണുകൾ അടഞ്ഞു.ശ്വാസത്തെ തടസപ്പെടുത്തി കൊണ്ട് ഏങ്ങലുകൾ ഉയർന്നു താണും അർജുവേട്ടൻ അടുത്തേക്ക് വരുന്നത് പാതി മയക്കത്തിലും അറിയുന്നുണ്ടായിരുന്നു.ശരീരത്തിൽ നിന്നും ഊർന്നു വീണ പുതപ്പെടുത്ത് പുതപ്പിക്കുമ്പോൾ ശരീരം അറിയാതെ ഞെട്ടി വിറച്ചു.
കാലിൽ ചൂടു തോന്നിയപ്പോഴാണ് കണ്ണു തുറന്നത്.അർജുവേട്ടൻ കല്ലിച്ച് വീർത്ത കാലിൽ ചൂട് പിടിക്കുന്നു.കാലുകൾ വലിച്ചെടുത്ത് പുതപ്പിനുള്ളിൽ ഒളിപ്പിച്ചു.
അർജുവേട്ടൻ പുതപ്പ് അൽപ്പം മാറ്റി കാലിൽ ചൂടു പിടിപ്പിച്ചു.
” എന്ത് ശബ്ദാ ആ പാദസരത്തിന്…കേൾക്കുമ്പോ തന്നെ ദേഷ്യം വരുന്നു”
ഈർഷ്യം കലർന്ന സ്വരത്തിൽ അർജുവേട്ടൻ പറഞ്ഞു.
അച്ഛൻ പെറന്നാളിന് വാങ്ങി തന്നതല്ലേ അർജുവേട്ടാ…”
കൊഞ്ചി കൊണ്ട് പറഞ്ഞു.
“ഇത് ഇട്ടോണ്ടാ സ്കൂളിൽ വരുന്നെതെങ്കിൽ എന്റെ കൂടെ വരണ്ട”
“ക്ലാസിലെ പെങ്കുട്ട്യോൾക്ക് എല്ലാർക്കുംണ്ട്.എനിക്ക് മാത്രേ ഇല്ലാണ്ടുള്ളൂ”
സങ്കടത്തോടെ പറഞ്ഞു.
“അവരൊന്നും നിന്നെപ്പോലെ ചട്ടുകാലിയല്ല”
സങ്കടത്തോടെ നിലത്തിരുന്ന് പാദസരം അഴിക്കാൻ നോക്കി
“അർജുവേട്ടാ ഇത് അഴിച്ച് തരുവോ…ഇത് സ്വർണക്കടേന്ന് എന്തോ വച്ച് മുറിക്കിയതാ…അഴിക്കാൻ പറ്റണില്ല”
“എനിക്കൊന്നും വയ്യ ആ കാല് തൊടാൻ…പോയി വേറെ ആരോടെങ്കിലും പറയ്”
അർജുവേട്ടൻ കാലിൽ ചൂടു വെള്ളം പിടിക്കുമ്പോ കണ്ണുകൾ അടച്ചു കിടന്നു. ചുണ്ടുകൾ വിറയ്ക്കുന്നു.കീഴ്ചുണ്ടിൽ പല്ലുകൾ അമർത്തി.ചുണ്ടുകൾ വേദനിക്കുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ വീണ്ടും ഒഴുകി.
എല്ലാം കഴിഞ്ഞ് എന്നെ ഒന്നു കൊന്നു തന്നൂടായിര്ന്നോ…..എന്റെ സ്നേഹത്തോട് പോലും വെറുപ്പാന്നു പറഞ്ഞപ്പോ മനസ് ചത്തുപോയീ അർജുവേട്ടാ…
തൊണ്ടയിൽ നിന്നും അലർച്ച പോലെ കരച്ചിൽ പുറത്തേക്ക് വന്നു.
എന്തോ മരുന്നും ഡ്രെസും കട്ടിലിൽ എടുത്ത് വെച്ചു തന്നു
ഡ്രസ് ഇട്….
അത് പറയാൻ അർജുവേട്ടൻ ഒരുപാട് ബുദ്ധിമുട്ടി.പിന്നെ പുറത്തേക്ക് പോയി.
പിന്നെയും ഏറെ നേരം ങ്ങനെഅ തന്നെ കിടന്നു.പുതപ്പ് ചുറ്റി ബാത്ത്റൂമിലേക്ക് പോയി.കണ്ണാടിയിൽ നോക്കി.ചുണ്ടുകൾ പൊട്ടി തിണർത്തു കിടക്കുന്നു.മാറിലും കഴുത്തിലുമെല്ലാം നഖം കൊണ്ട് വരഞ്ഞിരിക്കുന്നു.ചുമലിലും ഇടുപ്പിലും വസ്ത്രം ഉരഞ്ഞതിന്റെ പാടുകൾ ചുവന്നിരിക്കുന്നു.സിന്ദൂരം നെറ്റിയിലെല്ലാം പടർന്നിരിക്കുന്നു.കൈകൾ കണ്ണാടിക്ക് മോളിൽ വെച്ച് മറച്ചു.
പ്രണയത്തിന്റെ ഒരു തരി മതിയായിരുന്നു ശരീരത്തിലേയും മനസിലേയും നീറ്റൽ മാറ്റാൻ.
കഞ്ഞിയുമായി അർജുവേട്ടൻ റൂമിൽ ഉണ്ടായിരുന്നു.ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി കിടന്നു. കട്ടിലിനടുത്ത് കസേര വലിച്ചിട്ട് കഞ്ഞി അതിൽ വച്ച് പുറത്തേക്ക് പോയി.
എപ്പോഴോ രണ്ട് സ്പൂൺ കഞ്ഞി കുടിച്ചു.പ്ലേറ്റും എടുത്ത് പുറത്തേക്ക് പോവുന്ന അർജുവേട്ടനെ പാതി അടഞ്ഞ മിഴിയിലൂടെ കണ്ടു.
എപ്പോഴോ പുറത്തേക്ക് നോക്കിയപ്പോൾ റൂമിന് പുറത്തേ ചുമരിൽ ചാരി ചുരുണ്ട് ഇരിക്കുന്ന അർജുവേട്ടന്റെ നിഴൽ കണ്ടു.
രണ്ടാഴ്ചയോളം ആ റൂമിൽ തന്നെ കഴിച്ചുകൂട്ടി.ശരീരത്തിലെ മുറിവ് ഉണങ്ങിയിട്ടും ഹൃദയത്തിൽ നിന്നും രക്തം കിനിയുന്നു.
എനിക്കിന്ന് ഓഫീസിൽ പോവണം
അർജുവേട്ടന്റെ ശബ്ദം കേട്ടിട്ടും തല ഉയർത്തി നോക്കീല.ഡോർ അടയുന്ന ശബ്ദം കേട്ടു.
എന്നും ഒരു നോട്ടമെങ്കിലും തരുമെന്ന് വിചാരിച്ച് നടന്നകലുന്നത് വരെ നോക്കി നിന്നിട്ടുണ്ട്.അന്ന് ഒന്നു തിരിഞ്ഞു പോലും നോക്കാത്തയാൾ പറഞ്ഞിട്ട് പോവുന്നു.അതും പ്രണയം കൊണ്ടല്ല കുറ്റബോധം…സഹതാപം…അത്ര മാത്രം
പുച്ഛം തോന്നുന്നു എന്നോട് തന്നെ.കുഞ്ഞുനാളിലെ ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞിട്ടും…അയാൾടെ താലി കഴുത്തിൽ ഇട്ടിട്ടും…എന്തിന് ശരീരം തന്നെ എടുത്തിട്ടും സ്നേഹം മാത്രം തോന്നുന്നില്ല…..തോറ്റു പോയി…ഞാനും എന്റെ സ്നേഹവും….
അമ്മാളൂസേ…….
ജാൻവീടെ ശബ്ദം കേട്ട് റൂമിന് പുറത്തേക്ക് വന്നത്.
ആഹാ….ഡോറും തുറന്ന് വെച്ച് ഉറക്കമാണോ…കള്ളൻ കേറിയാലും അറിയില്ലലോ…..
അങ്ങനെയോക്കെയോ അവൾടെ അടുത്തേക്ക് ഓടി എത്തി.കെട്ടിപ്പിടിച്ച് കരഞ്ഞു.
എന്തിനാ അമ്മാളൂ അർജുൻന് ഇഷ്ടമല്ലാന്നറിഞ്ഞിട്ടും നീ മാരേജിന് സമ്മതിച്ചത്
നീ ഇങ്ങനെ കരയല്ലേ…നിന്റെ അർജു ഒരു ദിവസം നിന്നെ മനസിലാക്കും….
നീ എഴുന്നേറ്റ് ഡ്രെസ് മാറ്റി വന്നേ.നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം.വെള്ളപ്പൂ കിട്ടുമോന്ന് നോക്കെണ്ടെ….
ഇനി അത് വേണ്ടാ….ജാൻവീ…
എന്നാ നമുക്ക് ഹാൻഡി ക്രാഫ്റ്റ്സിന്റെ മേള ഉണ്ട്..നിനിക്ക് ഇഷ്ടല്ലേ അതൊക്കെ. നമുക്ക് പോവാം.
എനിക്കൊന്നും വാങ്ങണ്ടാ…ജാൻവി…
കരഞ്ഞ് കരഞ്ഞ് ശബ്ദത്തിൽ വ്യത്യാസം വന്നിരുന്നു.
എനിക്ക് വേണം…വാ…
മുളയിലും മണ്ണിലും തെർമോകോളിലുമെല്ലാം ഉണ്ടാക്കിയ പല നിറത്തിലുള്ള സാധനങ്ങൾ.എല്ലാം നോക്കി നടന്നു.ജാൻവി എല്ലാം എടുത്ത് നോക്കി അതിനെ പറ്റി ചോദിക്കുന്നു.എന്നിട്ട് അവിടെ തന്നെ വെക്കുന്നു.
എന്റെ ഒരു ഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ഒരെണ്ണം സെലക്ട് ചെയ്തേ….
അതെടുത്തോ…നല്ല ഭംഗിണ്ട്…
ഏത് ഡ്രീം കാച്ചറോ…
തൂക്കിയിട്ട റോസും മഞ്ഞയും തൂവലുള്ള ഡ്രീം കാച്ചർ ചൂണ്ടി പറഞ്ഞു.
അതേന്ന് തലയാട്ടി.
സൂപ്പർ ….അമ്മാളൂ…..എനിക്ക് ഇഷ്ടായി.
ഇത് നിനക്കാ….
ഫ്ലാറ്റിലേക്ക് കേറവേ ജാൻവി പറഞ്ഞു.
ഏതോ ഫ്രണ്ടിനാണെന്ന് പറഞ്ഞിട്ട്….
ആ ഫ്രണ്ട് നീയാ…
കവിളിൽ തട്ടിയിട്ട് അവളുടെ ഫ്ലാറ്റിലേക്ക് നടന്നു.
പിന്നെയുള്ള ദിവസങ്ങളിലും അവൾ ഫ്രീയായ സമയങ്ങളിൽ എന്നെ കൊണ്ട് പുറത്തേക്ക് പോയി.അല്ലാത്തപ്പോൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കി റൂമിൽ കഴിഞ്ഞു.അർജുവേട്ടൻ………..വാക്കുകൾ പൊറുക്കി എടുത്ത് എന്തെങ്കിലും പറയും. എവിടെ നിന്നൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്.
നാളെ ഞാൻ ലീവ് എടുത്താലോന്നു വിചാരിക്കുവാ.ഇവിടെ ഒരു മലയുണ്ട്.നമുക്ക് നാളെ അവിടെ പോയാലോ ..എന്റെ സ്കൂട്ടിയിൽ
ഇങ്ങനെ പോയാ നിന്നെ മിക്കവാറും എഫ് എമ്മുകാർ പറഞ്ഞു വിടും.ഈ മാസം എത്രയാ ലീവ്….
ജീവിതം ആഘോഷിക്കാനുള്ളതാണ് മോളൂസേ….എന്തായാലും ഞാൻ ആകാശവാണിയിൽ ഒരു ഒഴിവ് നോക്കുന്നുണ്ട്.
കള്ളച്ചിരിയോടെ കണ്ണ് ഇറുക്കി കാണിച്ചു.
ഈ പെണ്ണ്….
അമ്മാളൂ…ഇതാ കവർ
അയ്യോ …മറന്നു…
ഞാൻ ഡോർ അടച്ചതാണല്ലോ.
കവർ ഇടത്തേ കൈയിൽ പിടിച്ച് വലത് കൈ കൊണ്ട് ഡോർ തുറന്നു
അറിയാതെ കൈയിൽ നിന്ന് കവർ താഴെ വീണു.
സാന്ദ്രേടെ മുഖം കൈയിലെടുത്ത് നെറ്റിയിൽ ഉമ്മ വയ്ക്കുന്ന അർജുവേട്ടൻ…..
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
പുറകിലെ ഡോറിൽ തട്ടി നിന്നു.കണ്ണുകൾ മുറുക്കെ അടച്ചു.
വാതിൽ വലിച്ചടച്ച് പുറത്തേക്ക് ഏന്തി വലിഞ്ഞ് ഓടി.
ലിഫ്റ്റിന്റെ ബട്ടണുകൾ വേഗത്തിൽ അമർത്തി ഞെക്കി കൊണ്ടിരുന്നു.
അമ്മാളൂ……….
അർജുവേട്ടനും സാന്ദ്രേം അടുത്തേക്ക് ഓടി വരുന്നു.കാല് വലിച്ച് സ്റ്റെപ്പുകൾ ഓടി ഇറങ്ങി…കാലുകൾ നോവാൻ തുടങ്ങി….എവിടെയൊക്കെയോ കാലുകൾ ഇടറി…..
റോഡിലേക്ക് ഓടി…ഇടക്ക് തിരിഞ്ഞ് നോക്കി….എവിടേക്കെന്നറിയാതെ ഓടി….
റോഡ് മുറിച്ച് കടക്കവേ തലയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി…വായയിൽ രുചി വ്യത്യാസം….തല വിറച്ചു കൊണ്ട് ഒരു ഭാഗത്തേക്ക് ചലിക്കാൻ തുടങ്ങി.വിറയൽ ശരീരത്താകെ ബാധിച്ച് താഴേക്ക് വീണു.മങ്ങി തുടങ്ങിയ കാഴ്ചയിൽ ഒരു ലോറി നേരെ വരുന്നത് കണ്ടു.ബോധം മറയവേ വായിൽ നിന്ന് രക്തത്തോടപ്പം നുരയും പതയും ഒഴുകുന്നത് അറിഞ്ഞു…
തുടരും….