ചോദ്യം ചെയ്ത എനിക്ക് കിട്ടിയ പ്രതിഫലം എന്റെ ഫോട്ടോകളും വീഡിയോകളും അവന്റെ സുഹൃത്തുക്കൾക്ക്‌ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടുകൾ ആയിരുന്നു..

Story Written by ANU BEN

അച്ഛനും അമ്മയും ചേച്ചിയും ഞാനും അടങ്ങുന്ന ഒരു ഇടത്തര കുടുംബം. ചേച്ചി എന്നെക്കാൾ എട്ട് വയസ്സിന് മുതിർന്നതാണ്. ചേച്ചി കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നത് കൊണ്ട് ചേച്ചിയെ എന്റെ കൂടെ കളിക്കാൻ ഒന്നും അധികം സമ്മതിക്കാതെ എപ്പോഴും പുസ്തക പുഴു ആയി പുസ്തകത്തിന് മുന്നിൽ ഇരിക്കാൻ ആയിരുന്നു വിധി. കർക്കശക്കാരായ അച്ഛനും അമ്മയും ആയ കൊണ്ട് ചേച്ചിക്ക് ആ വിധി അനുഭവിച്ചേ മതിയാവുള്ളായിരുന്നു. കളിക്കാനും മിണ്ടാനും കൂട്ടില്ലാതെ ആ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട നിലയിൽ ആണ് ഞാൻ വളർന്നത്.

സ്കൂളിൽ പോവാൻ എനിക്ക് ഒത്തിരി ഇഷ്മായിരുന്നു കാരണം എന്നോട് മിണ്ടാനും കളിക്കാനും എനിക്ക് കൂട്ടുകാരുള്ളത് സ്കൂളിലാണ്. ശനിയും ഞായറും കഷ്ടപ്പെട്ട് വീട്ടിൽ കഴിച്ചു കൂട്ടി ബാക്കി അഞ്ച് ദിവസവും സ്കൂളിൽ പോയി ഞാൻ ആഘോഷിക്കുമായിരുന്നു.

സ്കൂൾ ജീവിതം കഴിഞ്ഞപ്പോൾ ഏതെങ്കിലും ദൂരെയുള്ള കോളേജിലേക്ക് പോയി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ഏറെ ആഗ്രഹിച്ചു. സ്കൂളും അമ്പലവും അടുത്ത ബന്ധുക്കളുടെ വീട്ടിലേക്ക് വല്ലപ്പോഴും ഉള്ള പോക്കൊഴിച്ചാൽ വേറെ ഒരു സ്ഥലവും ഇന്ന് വരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത എനിക്ക് ഇതൊന്നും വിധിച്ചിട്ടില്ല എന്ന് അറിയാമെങ്കിലും വെറുതെ ഒന്ന് ആശിച്ചു. ആശകളും സ്വപ്നങ്ങളും എല്ലാം തകിടം മറിച്ചു കൊണ്ട് വീടിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള കോളേജിലേക്ക് അച്ഛൻ കഷ്ടപ്പെട്ട് സീറ്റ് വാങ്ങി തന്നു. അതിനിടയ്ക്ക് ചേച്ചിയുടെ കല്യാണവും കഴിഞ്ഞു.

തുമ്മാനും തുപ്പാനും വരെ അനുവാദം ചോദിക്കേണ്ടി വരുന്ന കോളേജ് വീടിനെക്കാൾ കഷ്ടമാണെന്ന് ആദ്യമൊക്കെ തോന്നിയെങ്കിലും ഒഴിവ് സമയങ്ങളിൽ കൂട്ടുകാരോട് ഒപ്പം ചിലവഴിക്കുന്നത് വലിയൊരു ആശ്വാസം തന്നെയായിരുന്നു.

അവധി ദിവസങ്ങളിൽ വീട്ടിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ ചേച്ചിയുടെ പഴയ ഫോണിൽ ആരും അറിയാതെ വാങ്ങിയ സിം ഇട്ട് ഫേസ്ബുക്ക് ഉപയോഗിക്കാൻ തുടങ്ങി. ഫേസ്ബുക്കിന്റെ ദൂഷ്യ വശങ്ങൾ മാത്രം കേട്ടിട്ടുള്ളത് കൊണ്ട് വളരെ സൂക്ഷ്മമായി തന്നെ ഉപയോഗിച്ച് പോന്നിരുന്നു. അധികം വൈകാതെ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കാര്യം ചേച്ചി അറിഞ്ഞിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അറിയാവുന്ന ചേച്ചി അച്ഛനും അമ്മയും അറിയാതെ നോക്കണം എന്ന ഉപദേശം മാത്രം തന്നുള്ളൂ.

വൈകാതെ തന്നെ അച്ഛൻ അസുഖത്തെ തുടർന്ന് മരിച്ചു. അധികം വിഷമം ഒന്നും തോന്നിയില്ല മറിച്ചു കൂടുതൽ സ്വാതന്ത്ര്യം കിട്ടിയത് പോലെയേ തോന്നിയുള്ളൂ. വീട്ടിലെ അന്തരീക്ഷം പതുക്കെ മാറി തുടങ്ങി കോളേജിലേക്ക് ഒക്കെ ഒറ്റയ്ക്ക് പോവാൻ തുടങ്ങി. അധിക സ്വാതന്ത്ര്യം ആസ്വദിച്ചു തുടങ്ങിയപ്പോൾ കൂട്ടുകാർക്ക് എല്ലാവർക്കും ഉള്ളത് പോലെ ഒരു ഫോൺ എനിക്കും വേണമെന്ന് തോന്നി. അമ്മ ജോലിക്ക് പോകുമ്പോൾ ഞാൻ വീട്ടിൽ തനിച്ച് ആണെന്ന കാര്യം പറഞ്ഞു അമ്മയെക്കൊണ്ട് ഒരു സ്മാർട്ട് ഫോൺ വാങ്ങിപ്പിച്ചു.

ഇരുട്ടിലായിരുന്ന എനിക്ക് വെളിച്ചം കണ്ട സന്തോഷമായിരുന്നു. കൂട്ടുകാരുടെ പ്രണയകഥകൾ കേൾക്കുമ്പോൾ പ്രണയിക്കാൻ തോന്നിയിട്ടുണ്ട് എങ്കിലും ഹിറ്റ്ലർ മാധവൻകുട്ടിയെ പോലെ എവിടേക്ക് പോയാലും അച്ഛൻ കൂടെ ഉള്ളത് കൊണ്ട് ഇന്ന് വരെ ആരും പ്രണയാഭ്യർത്ഥന ആയി വന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇന്നുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഫേസ്ബുക്ക് വഴി പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം എനിക്ക് അനുഭവപ്പെട്ടതും.

ഇതുവരെ അച്ഛനിലും അമ്മയിലും നിന്നും അനുഭവിക്കാത്ത സ്നേഹം മറ്റൊരാളുടെ വാക്കുകളിലൂടെ കിട്ടി തുടങ്ങിയപ്പോൾ അത് ചതിയാണോ എന്ന് പോലും ചിന്തിക്കാൻ ശ്രമിച്ചിരുന്നില്ല. കാമം കലർന്ന വാക്കുകൾ കൊണ്ട് സ്നേഹിക്കാൻ തുടങ്ങിയപ്പോഴും കിട്ടുന്ന സ്നേഹത്തിന് കുറവ് വരുമോ എന്ന് പേടിച്ച് മൗനം പാലിക്കുക മാത്രമാണ് ചെയ്തിരുന്നത്.

വാക്കുകൾ കൊണ്ട് മാത്രമാണ് അവൻ സ്നേഹിച്ചിരുന്നത്‌ എന്നും മനസ്സ് കൊണ്ട് ഇതുവരെ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ചിത്രങ്ങളായും വീഡിയോകളായും ഞാൻ അവനരികിൽ എത്തിയിരുന്നു. ഇതുപോലെയുള്ള അവന്റെ പല ബന്ധങ്ങളും അറിഞ്ഞു ചോദ്യം ചെയ്ത എനിക്ക് കിട്ടിയ പ്രതിഫലം എന്റെ ഫോട്ടോകളും വീഡിയോകളും അവന്റെ സുഹൃത്തുക്കൾക്ക്‌ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടുകൾ ആയിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രചരിക്കാൻ അധിക സമയം വേണ്ടി വന്നില്ല.

എന്റെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തെ പറ്റി അമ്മയുടെ സുഹൃത്ത് വഴി അമ്മ അറിഞ്ഞതും നെഞ്ച് വേദന അനുഭവപ്പെട്ട്‌ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോവുന്ന വഴിക്ക് മരിച്ചു എന്ന വാർത്തയാണ് അന്ന് എന്നെ തേടിയെത്തിയത്. സകലതും നഷ്ടപ്പെട്ടു ഭ്രാന്ത് എന്ന അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് നാട്ടുകാരുടെ വക അമ്മയെ കൊന്നവൾ എന്ന പേര് കൂടി കിട്ടിയത്. ചേച്ചിയും ചേട്ടന്റെ വീട്ടുകാരും അതേറ്റെടുക്കാൻ തുടങ്ങിയതിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ ഇനി ഒരു അർത്ഥവും ഇല്ലെന്ന് തോന്നി തുടങ്ങി.

മരിക്കാൻ പല വട്ടം ശ്രമിച്ചപ്പോഴും എന്നെ ചതിച്ചു സന്തോഷത്തോടെ ജീവിക്കുന്ന അവന്റെ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞു വന്നത്. അവൻ സന്തോഷത്തോടെ ജീവിച്ചിരിക്കുന്ന കാലമത്രയും ഞാൻ മരിക്കേണ്ട ആവശ്യമില്ല എന്നും അവന് നഷ്ടപ്പെടാത്ത ഒന്നും എനിക്കും നഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നി തുടങ്ങിയപ്പോൾ മരിക്കുന്നതിനെക്കാൾ നല്ലത് അവന്റെ മുൻപിൽ ജീവിച്ചു കാണിക്കുന്നത് ആണെന്ന് തോന്നി.

ചേച്ചിയുടെയും നാട്ടുകാരുടെയും പഴി കേൾക്കുന്നതിലും നല്ലത് മറ്റൊരു നാട്ടിൽ പോയി എല്ലാം മറന്നു ജീവിക്കുന്നതാണ് എന്ന ചിന്തയാണ് എന്നെ അവനുള്ള ഇൗ നാട്ടിൽ എത്തിച്ചത്. ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും അധികം വൈകാതെ നല്ലൊരു ജോലി ശരിയായി.

“എടി ഒരു ഫോട്ടോയല്ലേ ഞാൻ ചോദിച്ചുള്ളൂ കണ്ടിട്ട് അപ്പോ തന്നെ കളഞ്ഞേക്കാം”

അടുത്തിരുന്ന കമിതാക്കളുടെ സംഭാഷണം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. സമയം കിട്ടുമ്പോഴൊക്കെ ഇൗ പാർക്കിൽ വന്നിരിക്കുന്നത് പതിവാണ്. അവധി ദിവസം ആയതിനാൽ ഇന്ന് പാർക്കിൽ തിരക്ക് കുറച്ചധികമാണ്, എന്നും ഇരിക്കാറുള്ള ബെഞ്ചിൽ വന്നിരുന്നു കുട്ടികളുടെ കളി വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മനസ്സ് പഴയ കാലത്തേക്ക് പോയത്.

കണ്ണിലെ നനവ് തുടച്ചു കമിതാക്കളെ ഒന്ന് ശ്രദ്ധിച്ചു. സംസാരം കേട്ട് പരിചയമുള്ള ശബ്ദം പോലെ തോന്നി ഒന്ന് കൂടെ നോക്കിയപ്പോഴാണ് കമിതാക്കളിലെ പയ്യന്റെ മുഖം ശ്രദ്ധിച്ചത്. ഈ നാട്ടിൽ വന്ന നാൾ മുതൽ ഞാൻ കാണാൻ ഏറെ ആഗ്രഹിച്ച മുഖം ഇന്ന് എന്റെ അരികിൽ. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആ പെൺകുട്ടിയെയും അവൻ ഇല്ലാതാക്കും എന്ന് എനിക്ക് ഉറപ്പാണ്.

പരിചയ ഭാവത്തിൽ ഞാൻ അവന്റെ മുമ്പിൽ പോയി നിന്നു

“എക്സ്ക്യൂസ് മീ, ലിജിൻ അല്ലേ ?”

എന്നെ കണ്ടപ്പോൾ അവന്റെ മുഖത്തുണ്ടായ ഭാവമാറ്റത്തിൽ അവൻ എന്നെ തിരിച്ചറിഞ്ഞു എന്ന് എനിക്ക് മനസ്സിലായി

“അതെ. നീ എന്താ ഇവിടെ ?”

“ഹാവൂ അപ്പൊ മറന്നിട്ടില്ല അല്ലേ, തന്നെ കാണാൻ ആയിട്ട് തന്നെയാ വന്നത്. ഇത് ആരാ ? “

കൂടെ നിന്ന പെൺകുട്ടിയെ നോക്കി ഞാൻ അത് ചോദിച്ചതും ഇടം കണ്ണാലെ അവളെ ഒന്ന് അവൻ പാളി നോക്കി പരിഭ്രമത്തോടെ പറഞ്ഞു

“ഇത് എന്റെ ഫ്രണ്ട് ആണ്”

“എന്നെ പോലത്തെ ഫ്രണ്ട് ആയിരിക്കും അല്ലേ. നിങ്ങള് സംസാരിച്ചത് ഞാൻ കേട്ടായിരുന്നു”

എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ആ പെൺകുട്ടി നിന്ന് പരുങ്ങുന്നുണ്ടയിരുന്നു.

“മോളെ ഒരു സമയത്ത് ഇവൻ എന്നെയും എല്ലാവരോടും ഫ്രണ്ട് എന്ന് പറഞ്ഞു തന്നെയാ പരിചയപ്പെടുത്തിയത്. എന്നിൽ നിന്ന് കിട്ടേണ്ടത് കിട്ടി കഴിഞ്ഞപ്പോൾ അവൻ എന്നെ ഒഴിവാക്കി, അത് ചോദ്യം ചെയ്ത എനിക്ക് ഇവൻ ഒരു സമ്മാനം തന്നു എന്റെ അമ്മയുടെ മൃതശരീരം”

ദേഷ്യം കലർന്ന് എന്തെന്നറിയാത്ത ഭാവത്തിൽ അവൻ എന്നെ നോക്കി

“നീ പ്രചരിപ്പിച്ച ചിത്രങ്ങളുടെ കഥ കേട്ട് ചങ്ക് പൊട്ടിയാണ് എന്റെ അമ്മ മരിച്ചത്. ഒരു നിമിഷം കൊണ്ട് അമ്മയെ കൊന്നവൾ എന്ന പേര് എനിക്ക് കിട്ടി. ഞാൻ പറയുന്നത് വേണമെങ്കിൽ മോൾക്ക് കേൾക്കാം അല്ലെങ്കിൽ ഇവനെ വിശ്വസിക്കാം ഒരു നിമിഷം എന്റെ അമ്മയെ മനസ്സിൽ ഓർത്താണ് ഞാൻ ഇത് പറഞ്ഞത്. മോൾക്കും ഇല്ലേ വീട്ടിൽ അച്ഛനും അമ്മയും”

പറഞ്ഞു നിർത്തി ഞാൻ കണ്ണ് തുടച്ചതും അവന്റെ കരണം നോക്കി അവളൊന്നു പൊട്ടിച്ചു എനിക്ക് ഒരു പുഞ്ചിരിയും നൽകി കടന്നു പോയി. ഒരു ഇരയെ നഷ്ടപ്പെട്ട ദേഷ്യം അവന്റെ മുഖത്ത് തെളിഞ്ഞു കാണാൻ കഴിയുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടിയെ അവന്റടുത്ത് നിന്ന് രക്ഷിച്ചതിന്റെ സന്തോഷം എനിക്കും.

*********************

NB: (1) മക്കൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തത് കൊണ്ട് മാത്രം മാതാപിതാക്കളുടെ കടമ കഴിയില്ല, അവർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്ന നല്ലൊരു സുഹൃത്ത് കൂടെ ആയിരിക്കണം.

(2) മക്കളോട് ഉള്ള വിശ്വാസത്തിന്റെ പുറത്താണ് മാതാപിതാക്കൾ മക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നത്, അത് മുതലെടുക്കാതെ അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുക.

(3) പ്രണയം നല്ലതാണ് അത് പെണ്ണിന്റെ മാനം കവർന്ന് കൊണ്ടോ സ്വന്തം ശരീരം കാമുകന് സമർപ്പിച്ചു കൊണ്ടോ ആവരുത്. മൂന്നാമത് ഒരാൾ വഴി മാതാപിതാക്കൾ ഇത് അറിയുമ്പോൾ ചങ്ക് പൊട്ടി മരിച്ചെന്നും വരാം.