കാര്യമറിയാതെ അച്ചമ്മയുടെ കൈലീതുണിയില്‍ മുഖം അമര്‍ത്തി നിന്ന താന്‍ പിറ്റേന്ന് കണ്ടത് ഉറങ്ങി കിടക്കുന്ന അമ്മയെയും….

അശ്രീകരം

Story written by DEEPTHY PRAVEEN

” ഇതിനെ എന്തിന് ഇങ്ങനെ തീറ്റി പോറ്റുകയാണ്… വല്ല പ്രയോജനവും ഉണ്ടെങ്കില്‍ വേണ്ടില്ല… പെണ്‍കുട്ടി ആണ്.. അവള്‍ അവളുടെ വഴിക്ക് പോകും..അപ്പോഴും ചെറുക്കന്‍മാരെ കൂട്ടിനുണ്ടാകൂ..ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട… ”

അടുക്കളയിലെ സിമന്‍റ് തറയില്‍ തന്റെ മുന്നിലിരുന്ന സ്റ്റീല്‍ പ്ലേറ്റിലെ ഇത്തിരി വറ്റില് നൂല് നൂലായി പാറി വീണ മീന്‍ചാറില്‍ കൈയ്യ് ഇട്ട് ഇളക്കുന്നതിനിടയിലാണ് മാളു അടുത്ത മുറിയില് ചെറിയമ്മ അച്ഛനോട് പിറുപിറുക്കുന്നത് കേട്ടത്…

” നാശം… തല കണ്ടപ്പോഴേ തള്ളയെ കൊണ്ടുപോയീ…ഇനി ആരെയൊക്കെ കുരുതി കൊടുക്കാനാണോ എന്തോ ഇതിങ്ങനെ മോളിലോട്ട് വരണത്… ” വാതില്‍ പടിയില്‍ തല കാട്ടി അച്ഛനത് തെല്ലുറക്കെ പറയുമ്പോള്‍ ഉരുട്ടിയെടുത്തു വായിലേക്ക് വെച്ച ചോറുരുള അകത്തേക്ക് പോകണോ അതോ പുറത്തേക്ക് വരണോ എന്നറിയാതെ ഉമിനീരുമായി കുഴഞ്ഞു കുറച്ചു സമയം അങ്ങനെ ഇരുന്നു…. ദയനീയമായി നോക്കിയ കണ്ണുകളില്‍ നിന്നും ഇടതടവില്ലാതെ പുറത്തേക്ക് ചാടിയ കണ്ണുനീരിനെ കാണാന്‍ വയ്യാത്തത് കൊണ്ടോ അതോ ഈ അശ്രീകരത്തിനെ നോക്കി നില്‍ക്കാന്‍ വയ്യാത്തത് കൊണ്ടോ എന്തോ അച്ഛന്‍ പെട്ടെന്ന് അകത്തെ മുറിയിലേക്ക് പോയി…..

നാവിലിരുന്നു ഉമിനീരുമായി കൂട്ടുപിടച്ച ഉരുളയെ തൊണ്ടയില്‍ ഉയര്‍ന്ന ,ഗദ്ഗദത്തില്‍ നിന്നും രക്ഷപെടുത്തി ഒരു വിധം അകത്തേക്ക് പറഞ്ഞയച്ചപ്പോഴും ഒരു തേങ്ങല്‍ തൊണ്ടയില്‍ തങ്ങി നിന്നിരുന്നു….

ചോറിന്റെ മുന്നില്‍ നിന്നും എഴുന്നേറ്റ് പോകാന്‍ മനസ്സ് വന്നില്ല..അങ്ങനെ പോയാലും കിങ്ങിണി പൂച്ചയ്ക്ക് അത്താഴത്തിന് കുറച്ചു കൂടുതല്‍ ചോറ് കിട്ടുമെന്നു അല്ലാതെ ആരും നിര്‍ബന്ധിച്ചു വാരി തരാനോ കഴിപ്പിക്കാനോ പോകുന്നില്ലെന്ന സത്യം അറിയാവുന്നത് കൊണ്ട് നെഞ്ചിലുയര്‍ന്ന നിലവിളിയെ കണ്ണീരായി ഒഴുകി തീരുന്നത് വരെ കാത്തിരുന്നു….

”.ഒാ.. കണ്ണീരൊഴുക്കാന്‍ മാത്രം എന്താ ഉണ്ടായത്… സത്യം മാത്രമല്ലേ നിന്റെ അച്ഛന്‍ പറഞ്ഞുള്ളു.. … ”

ചെറിയമ്മ നിസാരമട്ടില്‍ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് വന്നപ്പോഴേക്ക് കരച്ചില് മതിയാക്കി വേഗം ചോറ് വാരിക്കഴിച്ച് പാത്രവും കഴുകി വെച്ച് മുറിയിലേക്ക് പോയി..

മുറിയെന്നു പറയാനും മാത്രം ആഡംബരമൊന്നും അവകാശപെടാന്‍ ഇല്ലെങ്കിലും തനിക്ക് അത് സ്വര്‍ഗമാണെന്ന് അവളൊര്‍ത്തു… സ്വന്തമെന്നു പറയാന്‍ ഒരു ചെറിയ കട്ടിലും മൂന്നാല് നല്ല വസ്ത്രവും പഠിക്കുന്ന പുസ്തകങ്ങളും മാത്രമുള്ളവള്‍ക്ക് അത് സ്വര്‍ഗം തന്നെ ആയിരുന്നു ..

അച്ഛന്റെ മടിയില്‍ കിടന്നു കൊഞ്ചുകയും അച്ഛന്‍ മാറോടു ചേര്‍ത്തു പിടിച്ചു കവിളില്‍ ഉമ്മ വെയ്ക്കുകയും ചെയ്തിരുന്ന ഓര്‍മ്മയുടെ നിറം മങ്ങിയ താളുകള്‍ മറയുമ്പോഴൂം താന്‍ ചെയ്ത കുറ്റമെന്തെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു…അവള്‍ക്ക് നാലര വയസ്സുള്ള സമയത്താണ് അമ്മ ,വിഷം തീണ്ടി മരിക്കുന്നത്… നല്ല ഇടിയും മഴയും ഉള്ള ഒരു രാത്രിയിലാണ് വായിലൂടേ നുരയും പതയും വന്ന അമ്മയെയും ചേര്‍ത്തു പിടിച്ചു നിലവിളിച്ചു കൊണ്ട് അച്ഛന്‍ ഇറങ്ങിയോടിയത്‌… കാര്യമറിയാതെ അച്ചമ്മയുടെ കൈലീതുണിയില്‍ മുഖം അമര്‍ത്തി നിന്ന താന്‍ പിറ്റേന്ന് കണ്ടത് ഉറങ്ങി കിടക്കുന്ന അമ്മയെയും അടുത്തിരിക്കുന്ന നിലവിളക്കുമാണ്… ആ മങ്ങിയ ചിത്രത്തിലും അച്ഛന്‍ തന്റെ നേര്‍ക്ക് നോക്കിയ നോട്ടത്തില്‍ വാത്സല്യം വറ്റി വരണ്ടത് തെളിമയോടെ ഓര്‍മ്മയിലുണ്ട്…

അമ്മ മരിച്ചത് തന്റെ ദോഷം കൊണ്ടാണെന്ന് ഉറച്ചു വിശ്വസിച്ച അച്ഛന്‍ അതിനുശേഷം തന്നെ സ്നേഹത്തോടെ ഒന്നു നോക്കീട്ട് പോലുമില്ല… അച്ചമ്മയൂടെ കീഴിയില്‍ തള്ളകോഴിയുടെ കീഴില്‍ അമരുന്ന കുഞ്ഞു കോഴിയെ പോലെ ജീവിച്ചു…. അമ്മയുടെ മരണത്തോടെ അച്ഛന്റെ സ്നേഹമെല്ലാം വറ്റിപോയെന്ന തന്റെ തെറ്റിദ്ധാരണകളെ തിരുത്തി കുറിച്ചത് അച്ചമ്മയുടെ മരണത്തോടെ എത്തി ചേര്‍ന്ന ചെറിയമ്മയും അവര്‍ക്ക് പിറന്ന മക്കളും ആയിരുന്നു.. ചെറിയമ്മയ്ക്ക് രണ്ട് ആണ്‍മക്കളായിരുന്നു….. കിച്ചുവും കേശുവും..അച്ഛന്‍ അവരെ ലാളിക്കുകയും ഓമനിക്കുകയും ചെയ്യുമ്പോള്‍ ഒളിഞ്ഞു നോക്കി അത് തന്റെ അച്ഛന്‍ തന്നെയാണോന്ന് പലപ്പോഴും ഉറപ്പു വരുത്താറുണ്ടായിരുന്നു….

പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങിയ സന്തോഷം വീട്ടില്‍ പറയാന്‍ ഓടിയെത്തിയപ്പോഴാണ് അച്ഛന്‍ ഇറയത്ത് ഇരിക്കുന്നത് കണ്ടത്…. പെട്ടെന്ന് ഒരു വശത്തു കൂടി ഒ തുങ്ങി അകത്തു കയറി വാതിലിന് പുറകില്‍ സ്ഥാനം പിടിച്ചു…

” അച്ഛാ.. ..”’

ചോദ്യഭാവത്തില്‍ ഒരു നോട്ടമായിരുന്നു മറുപടി …

എന്റെ മറുപടി വൈകിയപ്പോള്‍ നോട്ടത്തിന് ഗൗരവമേറി….

” .പത്തിലെ റിസര്‍ട്ട് വന്നിട്ടുണ്ട് ..” അതു പറയുമ്പോഴും കൂട്ടുകാരികളൊടൊപ്പം റിസര്‍ട്ട് അറിയാന്‍ വന്ന അവരുടെ അച്ഛനെയും അവരുടെ ആകാംക്ഷയും റിസര്‍ട്ട് അറിഞ്ഞപ്പോള്‍ ആ അച്ഛന്‍മാരുടെ കണ്ണില്‍ വിരിഞ്ഞ നക്ഷത്രവുമായിരുന്നു , മനസ്സില്‍…

” ഒാ….!! അത് അറിയാന്‍ എന്തിരിക്കുന്നു..നിന്നെ എന്തിന് കൊള്ളാം….. ചുമ്മാതെ വെട്ടിവിഴുങ്ങാന്‍ അല്ലാതെ… അല്ലെങ്കില്‍ തന്നെ തള്ളയെ കൊലയ്ക്ക് കൊടുത്ത അശ്രീകരമല്ലേ നീയ്…നീ നന്നാവൂല…ഇരിക്കുന്നിടം കൂടെ മുടിയും..ആരുടെ എങ്കിലും തലയില്‍ കയറ്റി വെച്ചിരുന്നേല് ഞാനെങ്കിലും രക്ഷപെട്ടേനേ….”’

അപ്പോഴും പറയാന്‍ വന്നത് പൂര്‍ത്തീകരിക്കാനാവാതെ പലപ്പോഴായി സ്വയം ചോദിച്ച ചോദ്യം വീണ്ടും ചോദിച്ചു…താന്‍ ഒന്നിനും കൊള്ളാത്തവളാണോ…. തിന്നാന്‍ മാത്രം അറിയുന്ന മാംസപിണ്ഡം…. അന്നു എത്ര ശ്രമിച്ചിട്ടും ഒരു വറ്റു പോലും താഴേക്ക് ഇറങ്ങീല…

” നിങ്ങള്‍ അറിഞ്ഞോ…. മാളൂന് നല്ല മാര്‍ക്ക് ഉണ്ടെന്ന്…. അപ്പുറത്തെ സരളയാ പറഞ്ഞത്.. ” കിങ്ങിണിപൂച്ചയ്ക്ക് ചോറ് കൊടുത്ത് പാത്രം കഴുകി വെച്ച് മുറിയിലേക്ക് പോകുമ്പോഴാണ് ചെറിയമ്മ പറയുന്നത് കേട്ടത്… കുറച്ചു സമയം നിശബ്ദത…കേട്ടത് വിശ്വസിക്കാന്‍ കഴിയാത്തത് ആണോന്നറീല..

” എത്ര മാര്‍ക്ക് ഉണ്ടെങ്കിലും അവള്‍ ഗതി പിടിക്കൂല… തള്ളയെ കൊന്നവളാ… എങ്ങനെയെങ്കിലും കെട്ടിച്ചു വിടണം… ” നിരാശയിലേക്ക് തള്ളി വിട്ടു കൊണ്ടു അച്ഛന്‍ മുരണ്ടു…

സ്കൂളില്‍ പോക്ക് നിര്‍ത്തിയതോടെ ശാപങ്ങളും കുറ്റപെടുത്തലുകളും മാത്രമായി ജീവിതം…. ചെറിയമ്മ ജോലി ചെയ്യിപ്പിച്ചു ഒന്നും പീഢിപ്പിക്കില്ലെങ്കിലും മാനസികമായി പീഢിപ്പിക്കുക പതിവായിരുന്നു… അതിന് കൂട്ടു നില്‍ക്കുന്നത് സ്വന്തം അച്ഛനായത് കൊണ്ട് നിശബ്ദം സഹിക്കുകയേ വഴിയുള്ളൂ… നാലര വയസ്സില്‍ അമ്മ മരിച്ചതിന് ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും എന്നത് ഓരോ ദിവസവും എന്റെ മുന്നില്‍ ചോദ്യചിഹ്നമായിരുന്നു…വല്ലപ്പോഴും അമ്മയുടെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോഴാണ് പുത്തന്‍ ഉടുപ്പ് കൊണ്ടു തരുന്നത്…. എന്റെ അവസ്ഥ അറിയാമെങ്കിലും കൂടെ കൂട്ടാന്‍ അവരുടെ സാഹചര്യം അനുവദിക്കുന്നില്ല ,എന്നതാണ് സത്യം… അല്ലെങ്കിലും ദേഹോപദ്രവം ഒന്നുമില്ലല്ലോ എന്നത് തന്നെ അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു…

പതിനെട്ട് വയസ്സായപ്പോഴേക്ക് അച്ഛന്‍ എനിക്ക് ഒരു ചെറുക്കനെ തപ്പി പിടിച്ചു….. തടി മില്ലില്‍ ജോലിയുള്ള സതീഷ്… പറയത്തക്ക ദുസ്വഭാവമൊന്നും ഇല്ലെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നും അച്ഛന്‍ ചെറിയമ്മയോട് രഹസ്യം പറയുന്നത് കേട്ടു…. തന്നെയുമല്ല സ്ത്രീധനം ചോദിച്ചിട്ടുമില്ലത്രേ…അത് കേട്ടതോടെ ചെറിയമ്മയ്ക്ക് വല്യ താല്‍പര്യമായി… എന്നോട് ആരും ഇഷ്ടം ചോദിച്ചതുമില്ല… അല്ലെങ്കില്‍ തന്നെ ആരുടെയെങ്കിലും തലയില്‍ കെട്ടി വെച്ച് ബാധ്യത ഒഴിവാക്കണം എന്നു കരുതന്നവര്‍ക്ക് എന്റെ സമ്മതം ആവശ്യമില്ലല്ലോ… കെട്ടു കഴിഞ്ഞു പോകുമ്പോള്‍ ആകെ എടുക്കാന്‍ വിലപിടിച്ചതായി പത്തിലെ സര്‍ട്ടിഫിക്കേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു…. പഴയ തുണികളുടെ കൂട്ടത്തില്‍ ആ സര്‍ട്ടിഫിക്കേറ്റ് ഭദ്രമായി വെച്ചു…

ചെറിയമ്മയുടേയും അച്ഛന്റെയും വീടിനെ അപേക്ഷിച്ചു കുറച്ചു കൂടി ഭേദമാണ് സതീഷിന്റെ വീട്… സതീഷും അമ്മയും സ്നേഹമുള്ളവരാണ്…. ഒരിക്കലും വീട്ടിലേക്ക് പോകണമെന്ന് തോന്നാത്തത് കൊണ്ട് സതീഷിന് അത്രയും സന്തോഷം ആയിരുന്നു..

വര്‍ഷങ്ങള്‍ ഓടിയകലുന്നു… .. അച്ഛന്‍ നേര്‍ച്ച പോലെ വല്ലപ്പോഴും വന്നു റോഡരുകില്‍ വന്നു സതീഷിനോടോ അമ്മയോടോ വല്ലതും പറഞ്ഞിട്ടു പോകും.. വെറുതെ പോലും വീട്ടിലേക്ക് ഒന്നു വാ എന്നു പറയുകയോ എന്റെ മുഖത്തു നോക്കുകയോ ചെയ്യില്ല… കല്ലു മോളെ പ്രസവിച്ചപ്പോള്‍ വരുകയോ കുഞ്ഞിനെ ഒന്നു നോക്കുക പോലുമോ ചെയ്തില്ല.. അശ്രീകരത്തിന്റെ ,മോളല്ലേ..

മോളെ പ്രസവിച്ചതില്‍ പിന്നെ സതീഷിന്റെയും സ്വഭാവം മാറി തുടങ്ങി..

” നിന്റെ അച്ഛന്‍ പറയുന്നത് ശരിയാ… നീ ഇരിക്കുന്നിടം മുടിയും… നീ വന്നതോടേ എന്റെ കഷ്ടകാലം തുടങ്ങി…” മദ്യപിച്ചു വന്നൂ വല്ലപ്പോഴും ഉണ്ടായിരുന്ന തെറി പറയുന്നതും തല്ലുന്നതും പതിവാക്കി….

തടിമില്ലിലെ താല്‍ക്കാലിക ജോലി ഞാന്‍ വന്ന ശേഷമാണ് സ്ഥിരമായത്… സാമ്പത്തികമായും സതീഷന്‍ ഒന്നു മെച്ചപെട്ടതും ഞാന്‍ വന്നശേഷമാണ്..പിന്നെയും എന്താണ് കഷ്ടകാലമെന്ന് ചോദിച്ചതിന് തല്ലായിരുന്നു മറുപടി…

” അല്ലെങ്കിലും ആണുങ്ങളെ അനുസരിക്കാത്ത നീ ഇരിക്കുന്നിടത്ത് എങ്ങനെ മേല്‍ഗതി ഉണ്ടാകൂമെടീ മൂധേവീ. … നീ നിന്റെ അമ്മയുടെ തല എടുത്തത് പോലെ നിന്റെ മോള് നിന്റെ തല എടുത്തിരുന്നെങ്കില്‍ ഞാനെങ്കിലും രക്ഷപെട്ടെനേ….

ഞാന്‍ കഷ്ടപെട്ട് കൊണ്ടു വരുന്നതൊക്കെ തിന്നു മുടിപ്പിക്കാന്‍ ഒരു ജന്മം…..സ്വന്തം വീട്ടുകാര്‍ക്ക് പോലൂം വേണ്ട…” .

സതീഷിന് പറഞ്ഞിട്ടും തീരുന്നില്ല… ദിവസവും ഇത് പതിവാക്കിയപ്പോഴാണ് എവിടെയെങ്കിലും ജോലിക്ക് പോകാമെന്ന് ചിന്തിച്ചു തുടങ്ങിയത്…കുറഞ്ഞ പക്ഷം ഉരുട്ടി വിഴുങ്ങുന്ന കണക്കെങ്കിലും കേള്‍ക്കാതെ ജീവിക്കാമെല്ലോ…. അടുത്തുള്ള മസാലപൊടികളുടെ കമ്പിനിയില്‍ ജോലിക്ക് പോയതോടെ സതീഷിന് സംശയരോഗവും തുടങ്ങി…

അടിയും വഴക്കും തുടര്‍ച്ചയായതോടെ ആ വീട് വിട്ട് ഇറങ്ങാന്‍ തീരുമാനിച്ചു…നശൂലം പോകുന്നതോടേ ഞാന്‍ രക്ഷപെടൂം എന്ന് സതീഷ് ആര്‍ത്തട്ടഹസിച്ചു…

എന്നെ എന്നു കുത്തുവാക്കുകള്‍ കൊണ്ടും ശാപവാക്കുകള്‍ കൊണ്ടും വേദനപ്പിച്ചവരുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ഞാനും തയാറല്ലായിരുന്നു…

ആകെയുള്ള പത്താം ക്ലാസ് സര്‍ട്ടിഫിക്കേറ്റ് കൊണ്ട് കല്ലുമോളുടെ കൈ പിടിച്ചു നടന്നു… മോളെയും സതീഷ് അവകാശം പറയാതെ എനിക്ക് വിട്ടുതന്നിരുന്നു… മോളെ കൊണ്ടു കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥാലയത്തില്‍ അഭയം തേടി…. പതിയെ മോളേ അവിടെ ഏല്‍പിച്ചു ചെറിയ ചെറിയ ജോലികള്‍ ,ചെയ്തു അതില്‍ നിന്നും മിച്ചം വെച്ച പണം കൊണ്ട് പഠിക്കാന്‍ കാശ് കണ്ടെത്തി… ആദ്യമൊക്കെ ബുദ്ധിമുട്ടിയെങ്കിലും പതിയെ എന്റെ പ്രയത്നം ഫലം കണ്ടു…. യോഗ്യതകള്‍ കൂടുന്നത് അനുസരിച്ച് ജോലികള്‍ മാറി മാറി വന്നു…..

ഇന്ന് ഈ വലിയ കമ്പിനിയില്‍ മാനേജരായി ഇരിക്കൂമ്പോള്‍ എന്നോടൊപ്പം കല്ലു മോള് മാത്രമേയുള്ളു …. വേറേ ആരെയും പ്രതീക്ഷിക്കുന്നുമില്ല….

” മോളേ…. അച്ഛന് മരുന്നു വാങ്ങാന്‍ പണം ഇല്ല… കിച്ചു പറഞ്ഞു മോള് ഇങ്ങോട്ട് വരാന്‍ പറഞ്ഞൂന്ന്… ”

ശബ്ദം കേട്ട് കണ്ണു തുറന്നൂ നോക്കിയപ്പോള്‍ ചെറിയമ്മ ആണ്… കിച്ചുനെ കഴിഞ്ഞ ദിവസം റോഡില്‍ വെച്ച് കണ്ടപ്പോഴാണ് അച്ഛന് സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞത്…അപ്പോള്‍ താനാ ചെറിയമ്മയോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്‌… കിച്ചു ജോലിയൊന്നുഃ ഇല്ലാതെ തെക്കു വടക്ക് നടപ്പാണ്… കേശു അച്ഛനോട് വഴക്കിട്ട് നാട് വിട്ടു പോയി എവിടെ ആണെന്ന് ഒരു വിവരവും ഇല്ല…

” മോള് അച്ഛനെ കാണാന്‍ വരുന്നില്ലേ…” രണ്ടായിരത്തിനെ നോട്ട് എണ്ണിനോക്കാതെ കൈയ്യി ലേക്ക് വെച്ചു കൊടുത്തപ്പോള്‍ ചെറിയമ്മ പ്രതീക്ഷയോടെ നോക്കി…..

” വെറുതെ വെട്ടി വിഴുങ്ങാന്‍ മാത്രം അറിയുന്ന ഈ അശ്രീകരത്തെ കണ്ട് അച്ഛന് ഈര്‍ഷ്യ ഉണ്ടാകേണ്ട ചെറിയമ്മേ… എവിടെ ആയാലും നിങ്ങള്‍ ,സുഖമായി ഇരുന്നാല്‍ മതി…..പഴയതുപോലെ നിഴലായി ഞാന്‍ പുറകെയുണ്ടാകും…. ”

പുഞ്ചിരിയോടെ ഞാനത് പറയുമ്പോള്‍ അവരുടെ കണ്ണില്‍ പെയ്ത നീരുകള്‍ക്ക് കുറ്റബോധത്തിന്റെ രുചിയായിരുന്നു….