നൈർമല്യം ~ ഭാഗം 04, 05 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക്….

അത് മുഴുവിക്കുമ്പോഴേക്കും ധാവണിയിൽ മുറുകെ പിടിച്ച് കണ്ണു നിറച്ച് നിക്കണ എന്നെ കണ്ട് അർജുവേട്ടൻ സംസാരം നിർത്തി.എന്നിട്ട് എന്നെ ദേഷ്യത്തിൽ നോക്കീട്ട് പുറത്തേക്ക് പോയി

വാതിക്കലിലേക്ക് നോക്കിയപ്പോഴാണ് ചിറ്റ എന്നെ കണ്ടത്.

അമ്മാളൂ…..

പറ്റാവുന്ന വേഗത്തിൽ അവിടെ നിന്നും ഓടി.മനസിന്റെ വേഗത്തിൽ ചട്ട് കാൽ വഴങ്ങുന്നില്ല. റൂമിൽ പോയി വാതിൽ അടച്ചു.നിലത്ത് കാൽമുട്ടിൽ മുഖം ഒളിപ്പിച്ചിരുന്നു.എത്ര നേരം അങ്ങനെ ഇരുന്നുന്ന് നിശ്ചയില്ല.ചട്ടുകാലിപ്പെണ്ണെന്നുള്ള വിളി കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.

ചിറ്റ കുറേ വാതിലിൽ മുട്ടി വിളിച്ചപ്പോൾ വാതിൽ തുറന്നു.

അമ്മാളൂ…..മോള് സങ്കടപ്പെടേണ്ടട്ടോ…ഈ കല്യാണം നടക്കും…അവനെന്തോ ദേഷ്യത്തിനു പറഞ്ഞതല്ലേ…

വേണ്ട ചിറ്റേ….ഈ കല്യാണം വേണ്ട…

ചിറ്റേടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു

അർജുനെ മോൾക്ക് അറിയുന്നതല്ലേ….ദേഷ്യം വന്നാ അവനെന്താ പറയുവാന്നു അവന് തന്നെ നിശ്ചയില്ല….

എന്റെ കണ്ണുകൾ തുടച്ച് കൊണ്ട് ചിറ്റ പറഞ്ഞു.

അർജുവേട്ടന് ഇഷ്ടം ഇല്ല ഈ കല്യാണത്തിന്.പിന്നെ എന്തിനാ ചിറ്റേ..ഇങ്ങനെ വാശി പിടിച്ച് കഴിപ്പിക്കണത്…

പറഞ്ഞു തീരും മുൻപ് തന്നെ കണ്ണ് വീണ്ടും നിറഞ്ഞു.

നാദേട്ടന്റെയും എന്റെയും മാത്രം ആഗ്രഹമല്ലിത്.മോളുടെ അമ്മേടെ കൂടിയാ..ഇത് നടക്കണം അമ്മാളൂട്ടീ…നിന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്കാ അത്.നിന്നെ ഞാൻ നോക്കുംന്ന സമാധാനത്തിലാ ഏട്ത്തി കണ്ണടച്ചത്.അത് പാലിക്കാൻ പറ്റീലേ ചിറ്റ ഒന്നുംമല്ലാതായി പോയത് പോലെ ആവും.

എന്നാലും ചിറ്റേ…

അർജു മോളെ മനസിലാക്കും…സ്നേഹിക്കുവേം ചെയ്യും.നാദേട്ടനോട് മോള് ഇതൊന്നും പറയല്ലേ.മോളെ ഓർത്ത് ഉരുകുന്നത് ഞാൻ കണ്ടറിഞ്ഞതാ..ഇപ്പോഴായിരിക്കും സമാധാനയത്.അതില്ലാക്കല്ലേ..ചിറ്റേടെ കുട്ടി ചിറ്റ പറഞ്ഞത് അനുസരിക്കില്ലേ..

അനുസരിക്കാംന്നു തലയാട്ടാനെ തോന്നിയിട്ടുള്ളൂ.എനിക്ക് വേണ്ടി ജീവിക്കുന്നവർ….ഇത് വരെ എതിർത്തിട്ടില്ല..അമ്മ പോയപ്പോ അച്ഛനോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞതാ എല്ലാവരും.അമ്മേടെ സ്ഥാനത്ത് വേറെ ആരെയും കാണാൻ പറ്റില്ലന്നു പറഞ്ഞു.എന്റെ അമ്മാളു ഉണ്ട് ഇനി അങ്ങോട്ട് …അത് മതിന്നു പറഞ്ഞു.ചിറ്റയും അങ്ങനെ തന്നെ വെറും ആറു വർഷത്തെ ദാമ്പത്യം.പിന്നെ ഞങ്ങളെ ചുറ്റിപ്പറ്റിയായി ജീവിതം.ആദ്യമായി ചിറ്റ വാശി പിടിച്ചു കണ്ടത് ഈ കല്യാണക്കാര്യത്തിൽ മാത്രമാ.

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ചിറ്റ അർജുവേട്ടന്റെ അടുത്ത് പിടിച്ചിരുത്തി.അറിയാതെയെങ്കിലും എന്നെ ഒന്നു നോക്കിയെങ്കിൽന്നു ആഗ്രഹിച്ചുപോയി.ആള് പാത്രത്തിൽ തന്നെ നോക്കി തന്നെ ഭക്ഷണം കഴിച്ചു.ഇടക്ക് അച്ഛനോ ചിറ്റയോ ചോദിക്കുമ്പോൾ മാത്രം തല ഉയർത്തി മറുപടി കൊടുക്കും.

അമ്മാളൂ…അവന് കൊറച്ച് കറി ഒഴിച്ച് കൊടുക്ക്….

ഞങ്ങൾ അങ്ങനെയെങ്കിലും മിണ്ടി തുടങ്ങട്ടേന്നു വച്ചായിരിക്കാം

വേണ്ട…ഞാൻ മതിയാക്കി

ഞാൻ പാത്രത്തിൽ നിന്നും തവിയിൽ കറി കോരിയതും കൈ പ്ലേറ്റിൽ കുടഞ്ഞുകൊണ്ട് അർജുവേട്ടൻ എഴുന്നേറ്റ് പോയി.ചിറ്റയും അച്ഛനും എത്ര പറഞ്ഞിട്ടും കേട്ടില്ല.വയർ നിറഞ്ഞിട്ടാണെന്നു പറഞ്ഞു.ബാക്കി ഉള്ളവരെ ബോധിപ്പിക്കാനായി പ്ലേറ്റിൽ വിരൽ കൊണ്ട് ചിത്രം വരച്ച് കൊണ്ടിരുന്ന എനിക്ക് പിന്നെ അവിടുന്ന് എഴുന്നേറ്റ് പോയാൽ മതി എന്നായി.

അമ്മൂട്ടിയേ…ഇന്നു പൂ പറിച്ചില്ലാലോ…മാല കെട്ടണ്ടേ…

അച്ഛന്റെ കസേരകൈയിൽ തല വെച്ച് ഇരുക്കുമ്പോഴാണ് വാസുമാമ പറഞ്ഞത്.

മടി പിടിച്ചോ കുട്ടിക്ക്…ഇന്നൊരു ദിവസം കൂടിയല്ലേ വേണ്ടൂ.നാളെ നിശ്ചയായി.

നേരം എത്രയായ്….എന്ത് പറ്റി കുട്ടിക്ക്…ഇന്ന് അമ്പലത്തിലൊന്നും പോണില്ല

വാസുമാമേടെ ചോദ്യം കേട്ട് അച്ഛൻ എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു

പോവണം

വാസുമാമേടെ കൂടെ പൂ പറിക്കാനായ് പോയി.കുറച്ച് മാറി അർജുവേട്ടൻ ഫോണിൽ സംസാരിക്കുന്നു.

വല്യ മാല തന്നെ കോർത്തോളൂട്ടോ.നേർച്ച അവസാനിക്കണ ദിവസല്ലേ

മുല്ലപ്പൂ പറിച്ച് എന്റെ കൈയിൽ തന്ന് കൊണ്ട് വാസുമാമ പറഞ്ഞു.

അർജൂട്ടാ ഒന്നിങ്ങട് വര്വോ…ഈ പൂ എത്തണില്ല പറിക്കാൻ

വാസുമാമ വിളിച്ചപ്പോൾ അർജുവേട്ടൻ ഒന്ന് മടിച്ചു നിന്നു.പിന്നെ വന്ന് പൂ പറിച്ചു വാസുമാമയ്ക്ക് നേരെ നീട്ടി.അപ്പോഴേക്കും ഞാൻ കൈ നീട്ടി.വാസുമാമ ഉള്ളതോണ്ട് ഒന്നും മിണ്ടാതെ കൈയിൽ തന്നു.

അർജുവേട്ടാ..ദേ അവ്ടെ …ദേ ഇലകൾക്കുള്ളിൽ…

ഉള്ളിൽ പേടി ഉള്ളോണ്ട് ശബ്ദത്തിലൊക്കെ മാറ്റം.നെഞ്ചിന്റെ ഉള്ളീന്നു ചെണ്ട കൊട്ടണ പോലെ.എങ്കിലും അതിനോടൊക്കെ മത്സരിച്ച് കൊണ്ട്പറഞ്ഞു.ഒരു വീട്ടലാണേലും നേരിട്ട് അർജുവേട്ടൻന്നു വിളിച്ചിട്ട് ഒരുപാടായി.തിരിച്ച് അമ്മാളൂന്ന് അവസാനായിട്ട് വിളിച്ചത് എപ്പോഴാന്നു ഓർമയില്ല.ആകെ ഓർമ ചട്ടുകാലീന്നുള്ള വിളിയാണ്

ഞാൻ പറയുന്ന പൂക്കൾ പറിച്ചു തരുന്നുണ്ടേലും വാസുമാമ കാണാതെ ഇടക്ക് കണ്ണുരുട്ടിപ്പേടിപ്പിച്ചു.ഇടക്ക് വാസുമാമേം പൂക്കൾ കാണിച്ച് കൊടുത്തു.പറിച്ച് കഴിഞ്ഞതും ശരം വിട്ട പോലെ അകത്തേക്ക് പോയി

കൈകൾ മുഖത്തേക്ക് അടുപ്പിച്ച് മുല്ലപ്പൂക്കൾ മൂക്കുകൾ വിടർത്തി ശ്വാസം വലിച്ചെടുത്തു.മത്ത് പിടിപ്പിക്കുന്ന മണമാണ് മുല്ലപ്പൂവിന്.അതിൽ മഞ്ഞുതുള്ളികൾ വീണ് അലിഞ്ഞപ്പോൾ ഭ്രമിപ്പിക്കുന്ന മണമായി.നേർച്ചേടെ അവസാനം അർജുവേട്ടന്റെ കൈ കൊണ്ട് പറിച്ച പൂക്കൾ കൊണ്ട് മാല കൊട്ടണമെന്നത് ദൈവനിശ്ചയമായിരിക്കാം.

അമ്മാളൂ…അമ്പലത്തിൽ പോവാൻ റെഡിയായോ…ഒന്ന് നിക്ക് …അർജൂനോടും പറയാം വരാൻ

ചിറ്റ അത് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായിരുന്നു അർജുവേട്ടൻ വരില്ലെന്ന്.എങ്കിലും അകത്തളത്തിലും ഉമ്മറത്തും വെറുതേ താളം ചവിട്ടി നിന്നു.
എന്നിട്ടും കാണാതായപ്പോൾ നടന്നു.

ഈശ്വരാ…കൃഷ്ണാ…അർജുവേട്ടന് എന്നെ ഇഷ്ടപ്പെടാൻ പറ്റണേ…ഒരു പ്രാവിശ്യെങ്കിലും അമ്മാളൂന്ന് വിളിച്ച് കേട്ടാ മതി…അതിനുള്ള ഭാഗ്യം നീ തരില്ലേ….എന്താണോ നല്ലത് അത് നീ നടത്തിത്തരണേ….

ആകെ അത് മാത്രേ ഉണ്ടായിരുന്നുള്ളൂ

പ്രസാദവും വാങ്ങി ചുറ്റമ്പലത്തിന്റെ പടിടെ അടുത്ത് എത്തിയപ്പോൾ കണ്ടു അർജുവേട്ടൻ വിഷ്ണുവേട്ടനോട് സംസാരിക്കുന്നത്.അറിയാം ചിറ്റ നിർബന്ധിച്ചാണ്.എന്നാലും വന്നല്ലോ..അത് മതി.

തൃപ്ത…ഇന്നു ലേറ്റാണോ

അർജുവേട്ടന്റെ അടുത്ത് എത്തിയപ്പോൾ വിഷ്ണുവേട്ടൻ ചോദിച്ചു.

ഇന്ന് വിഷ്ണുവേട്ടൻ നേരത്തെയാ…അതാ

നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു അത് പറഞ്ഞത്.

ഞാൻ തൊഴുതിട്ട് വരാം.

വിഷ്ണുവേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞ് അർജുവേട്ടൻ പോയി.കുറച്ച് നേരം വിഷ്ണുവേട്ടനോട് സംസാരിച്ചു.വേറെ ഒന്നുമല്ല അർജുവേട്ടൻ വരുന്ന വരെ അവിടെ നിക്കണം.എന്നിട്ടും വരുന്നത് കാണാഞ്ഞ് മെല്ലെ തിരിഞ്ഞ് നോക്കി കൊണ്ട് നടന്നു.കുറച്ച് കഴിഞ്ഞ് അർജുവേട്ടൻ വരുന്നത് കണ്ടു

പിന്നെ തിരിഞ്ഞ് നോക്കിയില്ല.പിറകിൽ അർജുവേട്ടൻ ഉണ്ടെന്ന ചിന്ത മുടന്തൻ കാലിലെ ഏന്തൽ കൂട്ടി.കാലുകൾ വിറയ്ക്കുന്നു.അർജുവേട്ടൻ കടന്ന് പോവുന്നത് ഒരു വിറയലോടെ ഞാൻ അറിഞ്ഞു.

അമ്മാളുവേ…..അർജൂ…..

അകത്തളത്തിൽ അച്ഛൻ നിക്കുന്നു.കൈയിലെ പാക്കറ്റ് രണ്ട് പേർക്കും തന്നു.

നാളെത്തേക്കാ…കുടുംബക്കാർ മാത്രേ ഉള്ളൂ എന്നാലും നല്ലത് വേണല്ലോ.കല്യാണം നമുക്ക് ആഘോഷാക്കാം…നിശ്ചയം വേഗം വേണംന്നു ഒരു തോന്നൽ…അതാ എടുപിടീന്നാക്കിയേ…

മുറിയിലെത്തി തുറന്ന് നോക്കിയപ്പോൾ കൈത്തറീടെ സെറ്റ് സാരി.ചിറ്റയാ ഡ്രസ് ഒക്കെ തയ്ച്ച് തരാറ്.ബ്ലൗസിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട.

നാളെ നിശ്ചയം…ഒട്ടും പ്രതീക്ഷിച്ചതല്ല….അർജുവേട്ടനെ ഓർക്കുമ്പോൾ പേടി തോന്നുന്നുവെങ്കിലും വല്ലാത്തൊരു സന്തോഷം

ചിറ്റ പറയുന്ന പോലെ അർജുവേട്ടൻ ഒരിക്കൽ എന്നെ മനസിലാക്കും…സ്നേഹിക്കും..ഒന്നൂല്ലേലും പതിനെട്ടാമത്തെ വയസു തൊട്ട് കണ്ണന് മാല കെട്ടുന്നതല്ലേ …എന്നെ കൈ വീടൂല….

ഭാഗം 05

ഈ കാല് കാരണാണോ അർജുവേട്ടന് ഇഷ്ടല്ലാത്തെ

പാവാടയുടെ തുമ്പ് അൽപം ഉയർത്തി കാലു നോക്കി കൊണ്ട് ചുണ്ടുകൾ പുറത്തേക്ക് ഉന്തി.

അങ്ങനെ മനസിലാവുന്നുണ്ടോ മുടന്ത്…

രണ്ട് മൂന്ന് പ്രാവിശ്യം കണ്ണാടിക്ക് മുന്നിലേ നടന്നു നോക്കി.

മ്ം…ഉണ്ട്…

പിന്നെ എന്താതെ നടക്കാൻ നോക്കി.അതും പറ്റാണ്ടായപ്പോ ഇടുപ്പിൽ കൈ വച്ച് നിന്നു.

ശ്ശോ..ന്റെ കണ്ണാ…നിനിക്ക് തരാണേല് എന്തൊക്ക വൈകല്യങ്ങൾ ഉണ്ട് ഈ നാട്ടിൽ.കണ്ണ് കാണാണ്ടാക്കിയ പോരേ….അയ്യോ വേണ്ട..അപ്പോ എങ്ങനെ ഞാനെന്റെ അച്ഛനെയും ചിറ്റേം കാണും…

അപ്പോ പൊട്ടത്തിയാക്കിയാ മതിയായിരുന്നു.അതാവുമ്പോ കൊഴപ്പൂല്ല.അർജുവേട്ടന്റെ മുന്നിൽ പോവുമ്പോ എന്തായാലും നാവിറങ്ങിപ്പോയത് പോലാവും.കൃഷ്ണാ…..എങ്ങനെ ഞാനാ മനിഷന്റെ കൂടെ ജീവിക്കും.ഓർക്കുമ്പോ തന്നെ പേടിയാവുന്നു.മുന്നിൽ പോയി നിക്കാനുള്ള ധൈര്യമെങ്കിലും നീ തന്നേക്കണെ.

എന്താ അമ്മാളൂവേ….കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുവാണോ…

പിന്നെ നിന്ന് ആസ്വദിക്കാൻ ഭയങ്കര ഭംഗിയല്ലേ…

അതും പറഞ്ഞ് കട്ടിലിൽ പോയിരുന്നു.

ഇനി ആ ഷാരടിയായിട്ട് വഴക്കിടുന്നതൊക്കെ നിർത്തിക്കോ.കല്യാണപെണ്ണായി..

അതിന് അയാളാ ഓരോന്ന് പറഞ്ഞ് ഇങ്ങോട്ട് വന്ന്.ഞാൻ സഹികെട്ടാലെ തിരിച്ച് പറയാറുള്ളൂ..ചിറ്റേടെ കുട്ടി പാവല്ലേ…

ചിറ്റേടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു…

ആണല്ലോ….പക്ഷേ ഇനി പണ്ടത്തെ പോലെ ചിറ്റേ…അർജുവേട്ടൻ കളിയാക്കി..തല്ലി എന്നൊന്നും പറഞ്ഞ് ഇനി വരാൻ പറ്റില്ല.ഇനി മുതൽ നിന്റെ അമ്മായിയമ്മയാ ഞാൻ……കേട്ടോ കാന്താരീ….

എന്തായാലും എന്റെ ചിറ്റയല്ലേ…ഞാൻ ചിറ്റാന്നേ വിളിക്കൂ…

ചിറ്റയെ ചുറ്റിപ്പിടിച്ച് കൊണ്ട് പറഞ്ഞു

ഇഷ്ടം ഉള്ളത് വിളിച്ചോട്ടോ….

ചിറ്റേ…..ഒരു കാര്യം ചോദിക്കട്ടെ…അർജുവേട്ടനെ കൊണ്ട് എങ്ങനെയാ ഒന്ന് മിണ്ടിക്കുവാ….

അർജൂന് അവന്റെ അച്ഛന്റെ സ്വഭാവാ….അവന്റെ അച്ഛനും ഭയങ്കര ദേഷ്യായിരുന്നു.എനിക്കെന്ത് പേടിയായിരുന്നോ ആദ്യമൊക്കെ…എല്ലാരോടും ദേഷ്യപ്പെടും.അതേ പോലെ സ്നേഹവുമായിരുന്നു എല്ലാരോടും.അർജു ഉണ്ടായ ശേഷാ ദേഷ്യം ഇത്തിരി ഒക്കെ കുറഞ്ഞത്…അർജൂനെ നെഞ്ചിൽ കിടത്തിയേ ഉറക്കൂ…ഞങ്ങൾക്ക് രണ്ടാൾക്കും ഭാഗ്യമില്ലാതായിപ്പോയി…..

മുഴുവിക്കാതെ ചിറ്റ നിർത്തി.

ചിറ്റയ്ക്ക് വിഷമമായോ…

ഹേയ്….വിഷമമൊന്നൂല…എനിക്ക് നിങ്ങളൊക്കെ ഇല്ലേ…നിന്നോട് സംസാരിച്ചിട്ട് വന്ന കാര്യം മറന്നു.ഇത് മോൾക്ക് തരാൻ വന്നതാ.ഏട്ത്തിയുടേതാ..ഇത് പിന്നെ എന്റെയാ…എനിക്ക് ഇനി ഇതൊന്നും ഇടാൻ പറ്റില്ലാലോ

ചിറ്റ തന്ന ബോക്സ് തുറന്നപ്പോൾ ഒരു വെള്ളക്കൽ മൂക്കുത്തി.അമ്മ ഇട്ടു കണ്ട ഓർമ ഉണ്ട്.പിന്നെ ചിറ്റേടെ കല്യാണത്തിനു വാങ്ങിയ ആഭരണങ്ങളും മറ്റും.

ഇപ്പോ ഇടണ്ട …..നാളെ മതി

ചിറ്റ അങ്ങനെ പറഞ്ഞെങ്കിലും മൂക്കുത്തി അപ്പോ തന്നെ ഇട്ടു.

വാസുമാമേം അച്ഛനുമെല്ലാം നിശ്ചയത്തിന്റെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അർജുവേട്ടൻ പലപ്പോഴും തണുപ്പൻ മട്ടിൽ ഫോണിൽ നോക്കിയിരിപ്പായിരുന്നു

രാവിലെ അമ്പലത്തിലേക്ക് പോവുമ്പോൾ ആള് നടക്കുവാണോ…അതോ ഓടുവാണോന്നു മനസിലായില്ല.ഒരിക്കലും ഞാൻ ഒപ്പമെത്തരുതെന്ന വാശി പോലെ.ചിറ്റ നിർബന്ധിച്ച് വിട്ടതാണ് ആളെ…ആ ദേഷ്യമാ ഈ ഓട്ടത്തിൽ കാണിക്കുന്നത്…

ഈ ഓട്ടം തന്നെയാണ് അമ്പലത്തിലും.ഞാൻ തൊഴുത് കഴിയുമ്പോഴേക്കും അമ്പലത്തിനു പുറത്തെത്തിയിരുന്നു.

നിശ്ചയത്തിന്റെ വക സ്പെഷൽ പ്രാർത്ഥന ആണോ…

കണ്ണു തുറന്ന് നോക്കിയപ്പോൾ വിഷ്ണുവേട്ടൻ.കൈ കൂപ്പി ശ്രീ കോവിലിൽ നോക്കിയാണ് ചോദ്യം

സ്പെഷലായിട്ട് ഒന്നുല്ല…എപ്പോഴും ഉള്ളതേ ഉള്ളൂ…ഇന്ന് പോവേണ്ടേ

പോവണം….

തൊഴുതിറങ്ങുമ്പോൾ വിഷ്ണുവേട്ടൻ ഒപ്പം തന്നെ ഉണ്ടായിരുന്നു.എന്റെ കണ്ണുകൾ അർജുവേട്ടനെ തിരഞ്ഞുകൊണ്ടിരിന്നു.

തൃപ്താ….

ഞാൻ വിഷ്ണുവേട്ടനെ നോക്കിയപ്പോൾ കൺപുരിങ്ങൾക്കിടയിൽ വിരലോടിക്കുന്നു.

അല്ലേ…ഒന്നൂല്ല…

വീട്ടിലെത്താനുള്ള ധൃതിയിൽ പിന്നെ ഒന്നും ചോദിച്ചില്ല.

തൃപ്താ….ശ്രദ്ധിച്ച്….

ധൃതിയിൽ അമ്പലത്തിന്റെ പടികളിറങ്ങിയതും മുന്നോട്ടേക്കാഞ്ഞു.വിഷ്ണുവേട്ടൻ കൈയിൽ പിടിച്ച് പിറകിലോട്ട് വലിച്ചു.വിഷ്ണുവേട്ടനിൽ ഇടിച്ചു നിന്നു

സൂക്ഷിച്ച് നടന്നു കൂടെ…ഇപ്പോ ഞാൻ പിടിച്ചില്ലേലോ….വല്ലതും പറ്റിയോ

സംസാരത്തിൽ ഇത് വരെ ഇല്ലാത്തൊരു മയം….ശ്വാസം വലത് ചെവിയിൽ തട്ടുന്നു.അത് എവിടെയൊക്കെയോ തറിക്കുന്ന പോലെ.ശരീരത്തിൽ വല്ലാത്തൊരു തരിപ്പ്.പെട്ടെന്ന് കൈ വിടിവിച്ച് മാറി നിന്നു

ഒന്നും പറ്റിയില്ല….പോട്ടേ

എങ്ങനെയോ പറഞ്ഞ് ഒപ്പിച്ച് നടന്നു.

വീട്ടിലെത്തിയപ്പോൾ അർജുവേട്ടൻ നോക്കിപ്പേടിപ്പിക്കുന്നു.മിക്കവാറും എന്നെ കൂട്ടാതെ വന്നതിനു ചിറ്റേടെ കൈയിന്നു വഴക്ക് കിട്ടിക്കാണും.

റൂമിലെത്തി ധാവണി മാറ്റാൻ നോക്കുമ്പോഴാണ് ബ്ലൗസിന്റെ കൈയിൽ ചന്ദനം പടർന്നിരിക്കുന്നു.അപ്പോഴേക്കും ചിറ്റ വന്നു.അതുകൊണ്ട് തുടച്ച് കളയാൻ പറ്റിയില്ല

ആദ്യമായി സാരി ഉടുത്തതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ട്.അഴിഞ്ഞു പോവുവോന്നു പേടീ…

ചിറ്റേ…വയറ് കാണുന്നുണ്ടോ..ഇങ്ങനെ നിന്നാ…

ചിറ്റ വയറിന്റെ ഭാഗത്തെ സാരി വയറ് കാണാതെ പിൻ ചെയ്ത് തന്നു

ഇവിടെ നോക്കിയേ…

അതൊക്കെ ശരിയാ..ഒരു കുഴപ്പോം ഇല്ല

ശരിക്ക് ഏട്ത്തി മുന്നിൽ നിക്കണപോല്ണ്ട്…കണ്ണ് തട്ടണ്ട

ചിറ്റ കണ്ണിലെ കൺമഷി എടുത്ത് ചെവിക്ക് പെറകിലെ മുടിയിൽ ഉരച്ചു.

സാരി ഉടുത്ത് കണ്ടപ്പോൾ അച്ഛന്റെ കണ്ണും തിളങ്ങി.

ആള് ആകെ മാറിപ്പോയല്ലോ…പക്വത വന്ന പോലെ….

വാസുമാമയും പറഞ്ഞു.നമ്മടെ അമ്മാളു തന്നെ ആണോന്നുള്ള സാവിത്രിയമ്മേടെ കമന്റും വന്നു.ഒരാൾ മാത്രം ഒന്നും ശ്രദ്ധിച്ചതുമില്ല…പറഞ്ഞതുമില്ല.ആകെ പത്തിരുപത് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തട്ട് മാറ്റവേ നേരെ മുന്നിലിരുന്നിട്ടും ഒരിക്കൽ പോലും എന്നെ നോക്കരുതെന്നു വാശി ഉള്ളപോലെ…ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലാന്നപോലെ ആയിരുന്നു ആളുടെ പെരുമാറ്റം.എന്റെ കണ്ണുകൾ പലപ്പോഴും ആ മുഖത്ത് തന്നെ ആയിരുന്നു.

അടുത്ത മാസം കല്യാണം നടത്താൻ തീരുമാനിച്ചു.

മിണ്ടാതെ നിൽക്ക്….കണ്ണ് തട്ടിക്കാണും

ചുണ്ടുകൾ ഉള്ളിലോട്ടാക്കി കൈ പിറകിൽ കെട്ടി നിന്നു.എന്തൊക്കെയോ പിറുപിറുത്ത് ചിറ്റ ഉഴിഞ്ഞിട്ടു.

അമ്മേ…ഞാൻ പോവാണ്…ഇപ്പോ പോയാൽ രാത്രി ആവുമ്പോഴേക്കും എത്താം.

നാളെ പോയാൽപ്പോരെ…

ഉഴിഞ്ഞിടലൊക്കെ കഴിഞ്ഞാണ് ചിറ്റ മറുപടി കൊടുത്തത്.

നാളെ ഓഫീസ് ഉണ്ട്…

പോവുന്നുന്ന് അറിഞ്ഞപ്പോൾ ഒരു നീറ്റൽ.അർജുവേട്ടൻ പോവുന്നതും നോക്കി നിന്നു.ഒരു വാക്കോ..നോട്ടമോ ഉണ്ടാവില്ല എന്നാലും ഒരു പ്രതീക്ഷ

എപ്പോഴും രാത്രി ചിറ്റയെ വിളിക്കുമ്പോൾ അടുത്ത് കാതോർത്തിരിക്കും.ചിറ്റ എന്നെ പറ്റി അങ്ങോട്ട് പറയുമ്പോൾ ഒന്നു മൂളും.അത്ര മാത്രം.

ചിറ്റ ഫോണിൽ കല്യാണത്തിനു മുൻപ് സംസാരിച്ചിട്ടുണ്ടോ ഫോണിൽ

ഇല്ലാ..അന്ന് അങ്ങനെ സംസാരമൊന്നൂല്ല

കറിക്ക് അരിഞ്ഞ് കൊണ്ട് ചിറ്റ പറഞ്ഞു.

എന്തൊക്കെ പറഞ്ഞ് സമാധാനിക്കാൻ നോക്കിയിട്ടും ഒരു പ്രാവിശ്യം എങ്കിലും ആ ശബ്ദം കേൾക്കാൻ ഒരാശ

രണ്ടും കൽപ്പിച്ച് ചിറ്റേടെ ഫോൺ എടുത്ത് ഡയൽ ചെയ്തു.റിങ് ചെയ്യണ ശബ്ദം കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു ആന്തൽ പോലെ.കട്ട് ചെയ്തു ഫോൺ പിടിച്ചു നിന്നു.

അയ്യോ…അർജുവേട്ടൻ തിരിച്ച് വിളിക്കുന്നു..

കുറേ റിങ് ചെയ്തപ്പോൾ കട്ട് ആയി.

ആശ്വാസത്തിൽ നെഞ്ചിൽ കൈ വച്ച് ദീർഘശ്വാസമെടുത്തു.

പിന്നെയും വിളിച്ചു.എടുക്കണോ വേണ്ടയോന്നു സംശയിച്ച് നിന്നു.ഒരുപാട് സമയം റിങ് ചെയ്തപ്പോൾ ഫോൺ അറ്റന്റ് ചെയ്ത് ചെവിയിൽ വെച്ചു.

ഹലോ…അമ്മേ…എന്താ ഫോൺ എടുക്കാത്തെ….ഹലോ…ഹലോ…

ഫോൺ കട്ട് ചെയ്ത് കൈയിൽ വെച്ചു.വീണ്ടും വിളിക്കുന്നു.

ചിറ്റേ…അർജുവേട്ടൻ വിളിക്കുന്നൂ

ചിറ്റേടെ കൈയിൽ കൊടുത്തു.

ഹലോ…അർജൂ…ഞാനോ…

ഫോൺ ചെവിയിൽ വെച്ച് ചിറ്റ എന്നെ ഒന്ന് നോക്കി.

ആ… ഞാൻ വിളിച്ചിരുന്നു…റെയ്ഞ്ചില്ലാ…അതാ കട്ടായത്.

എന്റെ കള്ള നോട്ടം കണ്ടതും ചിറ്റയ്ക്ക് മനസിലായി തോന്നുന്നു.ഞാൻ ചമ്മിയ ചിരിയോടെ ചിറ്റയെ നോക്കി

നിനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടേൽ സംസാരിച്ചൂടായിരുന്നോ…

പെട്ടെന്ന് പേടിച്ചു പോയി…

അങ്ങനെ പേടിച്ചാലെങ്ങനെയാ ശരിയാവാ…ഞാൻ വിളിച്ച് തരാം..സംസാരിക്ക്

അയ്യോ…വേണ്ട…ചിറ്റേ…പിന്നെ എപ്പോഴെങ്കിലും വിളിക്കാം….ഇപ്പോ വേണ്ട….

പ്ലീസ്…ചിറ്റേ….എന്റെ പൊന്നു ചിറ്റയല്ലേ…

ഫോൺ പിടിച്ച് വാങ്ങാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.

അതു ശരിയാവില്ല…ഇപ്പോ തന്നെ സംസാരിക്കണം…
ഹലോ…അർജൂ….അമ്മാളൂന് എന്തോ നിന്നോട് പറയാന്ണ്ട്.ഒന്നു സംസാരിക്ക്….

ഫോൺ ചെവിയിൽ വയ്ക്കാതെ കൈയിൽ പിടിച്ച് നിൽക്കുന്നത് കണ്ട് സംസാരിക്ക്ന്നു ചിറ്റ ആഗ്യം കാണിച്ചു.

ഹലോ…..

ആ…

എന്തു ചെയ്യുവാ…

ഓഫീസിൽ

ഭക്ഷണം കഴിച്ചോ…

ആ…

ചോദ്യത്തിനെല്ലാം ആ..മ്ം..ന്നു മാത്രം ഉത്തരം തന്നു.പിന്നെ എപ്പോ ചിറ്റ ഫോൺ തന്നാലും ഇത് പോലെ തന്നെയായിരുന്നു.എന്തായാലും സംസാരിക്കാനുള്ള പേടി ഇത്തിരി കുറഞ്ഞു.ചിറ്റ എന്ത് പറഞ്ഞാലും ആള് അനുസരിക്കും.

അങ്ങനെ കല്യാണത്തിരക്കിലായി വീട്..

തുടരും…