കുറച്ചു ദിവസം കഴിഞ്ഞ് പിന്നെയും പെണ്ണ് കാണാൻ ആള് വന്നു. ജാതകം ഒക്കെ നോക്കിയതിനു ശേഷം ആണ് വന്നത്….

Story written by ANJALI ANJU

ഈശ്വരാ…. 7 മണി ആയോ ഇനി എപ്പോൾ പഠിക്കാൻ ആണ്. ഇന്നലെ രാത്രി മുഴുവനും പഠിച്ചിട്ട് കിടന്നാൽ മതിയാരുന്നു. വേഗം റെഡി ആവാം. നേരത്തെ കോളേജിൽ ചെന്നാൽ ഏതെങ്കിലും പഠിപ്പികളോട് ചോദിച്ചു പഠിക്കാം.

എണീറ്റ് ചുറ്റും നോക്കിയപ്പോൾ സങ്കടം വന്നു. എല്ലാ തെണ്ടികളും മൂടി പുതച്ചു കിടന്ന് ഉറങ്ങുവാ. ശോ എന്ത് കഷ്ടം ആണോ.. അമ്മയേയും അച്ഛനെയും പറഞ്ഞാൽ മതിയല്ലോ, വല്ല വീണയെന്നോ വിദ്യയെന്നോ ഒക്കെ ഇടേണ്ടതിന് ഇട്ടേക്കുന്ന കണ്ടില്ലേ അഭിരാമി! എക്സാം ഹാളിൽ ആണേൽ മുന്നിൽ ആവും ലാബ് എക്സാമിനും ആദ്യം എല്ലായിടത്തും ആദ്യം..

ഇനി എങ്ങനെ എങ്കിലും എക്സാം കഴിഞ്ഞ് പുറത്ത് ഇറങ്ങിയാലോ ചക്കരയിൽ ഈച്ച പൊതിയും പോലെ എല്ലാം കൂടെ വരും എന്തൊക്കെ ചോദിച്ചു? വൈവ എങ്ങനെ ഉണ്ടായിരുന്നു? സാർ എങ്ങനെ ഉണ്ട്? കലിപ്പ് ആണോ? പാവം ഞാൻ. ഒരാളോട് ആണോ മറുപടി പറയേണ്ടത് എല്ലാത്തിനും പറഞ്ഞു കൊടുക്കണം?.

അമ്മയെ വിളിച്ചു സങ്കടം പറഞ്ഞു പ്രാർത്ഥിക്കാനും പറഞ്ഞു. വേഗം റെഡി ആയി. വല്യ മേക്കപ്പ് ഒന്നും ഇട്ടില്ല ചന്ദനക്കുറി ഒക്കെ തൊട്ടു. ഇപ്പോ ഒരു പാവം ലുക്ക്‌ വന്നെന്നു തോന്നുന്നു.

പുറത്ത് നിന്ന് വരുന്ന സാറിന് കരുണ തോന്നിയെങ്കിലും ജയിപ്പിച്ചാലോ…? എന്തൊക്കെ കാണിച്ചാലാണ് ഒന്നു എഞ്ചിനീയറിങ് പാസ്സ് ആവാൻ പറ്റുന്നത്. ഏതായാലും അശ്വതി മിസ്സ്‌ പറഞ്ഞത് സാർ പാവം ആണെന്നാണ്. മിസ്സിന്റെ ഫ്രണ്ട് ആണത്രേ സാർ. അതോണ്ട് നാണം കെടുത്തരുത് എന്നൊക്കെ പറഞ്ഞായിരുന്നു. ചോദ്യം ചോദിക്കുമ്പോ മിസ്സ്‌ അടുത്തുണ്ടാവല്ലേ ദൈവമേ..

കുറച്ചു നേരം പ്രാർത്ഥിച്ചു എന്ത് പ്രഹസനം ആണോ അല്ലെങ്കിലും എക്സാം ആവുമ്പോ മാത്രം ഭയങ്കര ഭക്തി ആണ്. ആരും എണീക്കുന്നില്ലല്ലോ?

ഞാൻ പതിയെ ജീനയെ വിളിച്ചു, “മോളെ എണീക്ക് എന്റെ കൂടെ കോളേജിൽ വായോ.”

“ഒന്നു പൊയ്‌ക്കെ നിക്ക് ഒന്നും വയ്യാ നീ എക്സാം കഴിഞ്ഞ് ഇറങ്ങുമ്പോളെക്കും ഞാൻ വരാം.”

“പ്ലീസ് ഒന്നു വാ.”

“എന്ത് കഷ്ടം ആണ് പൊയ്‌ക്കെ നീ.” അവൾ തിരിഞ്ഞു കിടന്നു.

ശോ ഇനി എന്ത് ചെയ്യും വഴിയുണ്ട് ??

“ഇന്ന് മെക്കിലെ ചേട്ടന്മാർക്കും എക്സാം ഉണ്ടെന്ന് തോന്നുന്നു.”

“ഏഹ് നിന്നോട് ആര് പറഞ്ഞു.” കണ്ടോ ഉറങ്ങിയ ആൾ എണീറ്റിരിക്കുന്നത്.

“കുറച്ചു ചേട്ടന്മാർ പോണത് കണ്ടു നീ എന്റെ കൂടെ വന്നാൽ ഞാൻ എക്സാമിനു കേറുമ്പോ നിനക്ക് നിന്റെ ഏട്ടനേയും നോക്കി നടക്കാം.”

നമ്മടെ ചങ്കിനു ഒരു ഇഷ്ടം ഉണ്ട്. ഒരു സീനിയർ ചേട്ടനോട്. ആ പുള്ളിയുടെ പുറകെ നടപ്പാണ് അവളുടെ മെയിൻ ഹോബി. ഞാൻ പറഞ്ഞത് ഏറ്റു ദേ ആള് ചിരിച്ചോണ്ട് ഇരിക്കുന്നു.

“നീ വരുന്നുണ്ടോ ഇല്ലേൽ ഞാൻ പോകുവാ.”

“ഞാൻ ദേ വരുന്നു ഒരു 10 മിനിറ്റ്.”

“ഞാൻ സ്റ്റഡി റൂമിൽ കാണും നീ അങ്ങോട്ട് റെഡി ആയി വാ.”

“ഓക്കേ?.”

കുറച്ചു കഴിഞ്ഞപ്പോ ആളെത്തി.

“നീ വല്ല കല്യാണത്തിനും പോകുവാണോ.” “അതെ എന്തേ.”

“ഒന്നുമില്ല എന്തൊക്കെ കാണണം ഭഗവാനെ..? ” “നീ വാ നമുക്ക് പോകണ്ടേ.”

“ആഹ് പോകാം”

ഏതായാലും സർവ്വേ ആയ കൊണ്ട് രക്ഷപെട്ടു. ഗ്രൗണ്ടിൽ നമ്മുടെ പിള്ളേരൊക്കെ ഹെല്പ് ചെയ്യും. എക്സ്പീരിമെന്റും വൈവയും ശെരിയാക്കിയാൽ മതി.

“ആദ്യത്തെ 5 പേര് എന്റെ കൂടെ വരൂ.” നമ്മടെ അശ്വതി മിസ്സ്‌ ആണ്.

പേനയും ഹാൾ ടിക്കറ്റുമായി ഞാൻ എണീറ്റു. ജീന ഇത് എവിടാ പോയി.വല്ലിടത്തും വായി നോക്കി നടക്കുവായിരിക്കും.ശോ ഒരു “all the best” തന്നിട്ട് പൊയ്ക്കൂടേ ഇവൾക്ക്. ആഹ് ഏതായാലും പോകാം. ഹാളിൽ ചെന്നപ്പോള് കണ്ടു. ഒരു ചുള്ളൻ സാർ ഇരിക്കുന്നു. എക്സാം ആയ കൊണ്ട് എന്റെ ഉള്ളിലെ കോഴി ഉണർന്നില്ല.വളരെ ബഹുമാനത്തോടെ സീറ്റിൽ ഇരുന്നു. ചോദ്യം ഒക്കെ കൊള്ളായിരുന്നു.

ഗ്രൗണ്ടിൽ പോയി അളവൊക്കെ എടുത്തു. വേഗം എല്ലാം എഴുതി ചുറ്റും നോക്കിയപ്പോ എല്ലാരും എഴുതുവാണു. ശോ ഇത്ര എളുപ്പം ആയിരുന്നോ ഇത്.ഇനി ആരെങ്കിലും പേപ്പർ കൊടുക്കാതെ ഞാൻ എങ്ങനെ ആദ്യം കൊണ്ട് കൊടുക്കും. ചുറ്റും നോക്കി നിവർന്നപ്പോ നമ്മടെ സാർ എന്നെ നോക്കി പുരികം പൊക്കുന്നു.

“അത് എഴുതി കഴിഞ്ഞു.” എണീറ്റു നിന്ന് ഞാൻ പറഞ്ഞു.

“ഇവിടെ വരൂ നോക്കട്ടെ.” ഞാൻ പയ്യെ പേപ്പർ സാറിന് കൊണ്ട് കൊടുത്തു.

ഈശ്വരാ പുള്ളി വായിക്കുവാണല്ലോ. സാധാരണ നമ്മുടെ മുന്നിൽ വെച്ചല്ല പേപ്പർ നോക്കുന്നത്. ഇതിപ്പോ നാണക്കേടായല്ലോ.

“ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. ഇതിൽ ചെയ്തിരിക്കുന്ന രീതിയൊക്കെ ശെരിയാണ് നിങ്ങൾ ഇങ്ങനെ എല്ലാം കാണാതെ പഠിച്ചല്ല ചെയ്യേണ്ടത്.”

ഇയാൾ ഇതെന്ത് തേങ്ങയാ ഈ പറയണേ.. എന്നെ പഠിപ്പിച്ച പോലെ ഞാൻ ചെയ്തിട്ടുണ്ടല്ലോ. ഇത് തെറ്റാണെങ്കിൽ എല്ലാരുടെയും തെറ്റല്ലേ…

പുള്ളി പിന്നെയും എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല.

“ഞാൻ പറഞ്ഞ പോലെ എല്ലാം ശെരിയാക്കി വരൂ. ഇത് ശെരിയാക്കാതെ എങ്ങനെ മാർക്ക്‌ തരാൻ ആണ്.” ?

ഞാൻ പയ്യെ നടന്നു സീറ്റിൽ വന്നിരുന്നു. എന്റെ മിസ്സിനെ ആണ് ഞാൻ ആദ്യം നോക്കിയത്. സങ്കടത്തോടെ എന്നെ നോക്കുന്നുണ്ട്. ഞാൻ ചുറ്റും നോക്കിയപ്പോ എല്ലാരുടെയും അവസ്ഥ ഇത് തന്നെ. ദയനീയമായി എന്നെ നോക്കുവാണ്. ആദ്യം പുള്ളി പറഞ്ഞത് അല്ലാതെ ഒന്നും ഞാൻ കേട്ടിട്ടില്ല. എന്റെ കിളിയൊക്കെ പോയി നിക്കുവായിരുന്നു. ഇനി ഇപ്പോ ഇത് എങ്ങനെ ശെരിയാക്കാൻ ആണ്. ഇനി എങ്ങാനും ഇതിന് സപ്പ്ളി അടിച്ചാൽ എന്ത് ചെയ്യും. അടുത്ത വർഷം ഒറ്റക് ഇരുന്ന് എക്സാം എഴുതേണ്ടി വരും. ഓർത്തപ്പോൾ സങ്കടം തോന്നി.

കുറേ സമയം പേപ്പറിൽ നോക്കി ഇരുന്നു. ഒന്നും ചെയ്തില്ല.ചെയ്യാൻ എനിക്ക് അറിയില്ല. അതിനുള്ള ബുദ്ധിയൊന്നും എനിക്ക് ഇല്ല. ബുക്കിൽ ഉള്ളത് അത് പോലെ പഠിച്ചു ജയിക്കും. അല്ലാതെ ഒരു വിവരവും ഇല്ലാത്ത എന്നോട് എങ്ങിനെ ഇങ്ങനെയൊക്കെ പറയാൻ തോന്നി. ദേഷ്യം കൊണ്ട് കുറേ ചീത്ത അയാളെ മനസ്സിൽ പറഞ്ഞു. ഇനി അയാളെ സാർ എന്ന് എന്റെ പട്ടി വിളിക്കും. ദുഷ്ടൻ!

എല്ലാരും പേപ്പർ കൊണ്ട് കൊടുക്കുന്നുണ്ട്. അവരോട് വൈവ ചോദിച്ചിട്ട് പോകുന്നുമുണ്ട്. എന്റെ പേപ്പർ മാത്രേ വായിച്ചു നോക്കിയുള്ളൂ. കൊരങ്ങൻ..നേരത്തെ എഴുതണ്ടായിരുന്നു.

ഇനി ഞാൻ മാത്രേ ഉള്ളു. സാർ എന്നെ ഇടക്ക് നോക്കുന്നുണ്ട്. ഏതായാലും അങ്ങോട്ട് ചെല്ലാം.

ഞാൻ പയ്യെ എണീറ്റ് ചെന്നു. അടുത്തുള്ള കസേരയിൽ ഞാൻ ഇരുന്നു.

“ഞാൻ പറഞ്ഞത് ശെരിയാക്കിയോ?” ഗൗരവത്തിൽ സാർ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല. പേപ്പർ നോക്കിയിട്ട് പുള്ളി അത് മാറ്റി വെച്ചു. പിന്നെ നടന്നത് പൂരം ആയിരുന്നു. ഒരു വിടവ് തരാതെ ചോദ്യം തന്നെ ചോദ്യം. എനിക്കോ നാണം ഇല്ല ഇയാൾക്കും അതില്ലേ…ഒരു മനുഷ്യന് അറിയില്ലെന്ന് മനസിലായല്ലോ ഇങ്ങനെ ചോദ്യങ്ങൾ മാറി മാറി ചോദിക്കണോ???

ഭാഗ്യം എന്നെ കൊല്ലുന്നത് എന്റെ മിസ്സ്‌ കണ്ടില്ല. പാവം ഇത് കൂടെ കണ്ടിരുന്നേൽ അറ്റാക്ക് വന്നേനെ. എങ്കിലും ഇടക്ക് ചെറിയ ഉത്തരങ്ങൾ ഞാൻ പറഞ്ഞു കേട്ടോ.
കുറേ കഴിഞ്ഞ് പാവത്തിന് മതിയായി കാണും പൊക്കോ എന്ന് പറഞ്ഞു. ഇപ്പോ പൊട്ടും എന്ന് പറഞ്ഞു പുറത്ത് ഇറങ്ങിയപ്പോ നമ്മടെ ഈച്ചകൾ എല്ലാം കൂടെ വരുന്നു. ഞാൻ വേഗം ജീനയുടെ അടുത്തേക്ക് ചെന്നു. ഒന്നും നോക്കിയില്ല കരഞ്ഞു.

“ഞാൻ തോറ്റു പോകും.” അവൾ അവസാനം എന്നെയും കൊണ്ട് മിസ്സിന്റെ അടുത്ത് ചെന്നു കാര്യം ഒക്കെ പറഞ്ഞു.

“അഭിരാമിക്ക് മാർക്ക്‌ സാർ ഇട്ടിട്ടുണ്ടല്ലോ ഞാൻ കണ്ടതാ പേടിക്കണ്ട.”

അത് കേട്ടപ്പോ കുറച്ചു സമാധാനം ആയി. എല്ലാരുടെയും എക്സാം തീരും വരെ ആ സാർ കോളേജിൽ വരുമായിരുന്നു. പുള്ളി പോകും വരെ പുറകെ നടന്നു നോക്കി പേടിപ്പിക്കൽ ആയിരുന്നു എന്റെ പരിപാടി. ഏതായാലും റിസൾട്ട്‌ വന്നപ്പോ സർവ്വേ ലാബിന് എനിക്ക് നല്ല മാർക്ക്‌ ഉണ്ടായിരുന്നു.പാവം സാറിനെ ഞാൻ തെറ്റിദ്ധരിച്ചു?.

*************************

ഇന്നും പെണ്ണുകാണാൻ ആരോ വരുന്നുണ്ട്. ഇപ്പോ ഇത് തന്നെ പരിപാടി. കോളേജ് ലൈഫ് മിസ്സ്‌ ചെയ്യുവാ. ഓഫീസിൽ പിന്നെ അങ്ങനെ പോണു. വല്യ രസം ഒന്നുമില്ല.

ചെക്കനും കൂട്ടരും വന്നു. എല്ലാരും കത്തി ഒക്കെ അടിച്ചു കഴിഞ്ഞെന്ന് തോന്നുന്നു. എന്നെ വിളിക്കുന്നുണ്ട്. ചായയും ആയി ചെന്ന് ചെക്കന് കൊടുത്തു. കൊള്ളാം കുഴപ്പം ഇല്ല. ചെക്കന്റെ അച്ഛനും കൊടുത്തു കൂടെ വന്ന കൂട്ടുകാരന് കൊടുത്ത് മുഖത്തു നോക്കിയതും എന്റെ കിളിയൊക്കെ പോയി…

ദേ നമ്മടെ ലാബ് എക്സാമിനു വന്ന സാർ..! ഞാൻ വേഗം ഉള്ളിലേക്ക് വലിഞ്ഞു. കതകിനു പിന്നിൽ നിന്നും ഇടയ്ക്കിടെ സാറിന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കുമ്പോൾ പുള്ളിക്ക് ഒരു ചിരി ഉണ്ടായിരുന്നു.

നാണം കെടുത്താതിരുന്നാൽ മതിയായിരുന്നു. എല്ലാവരോടും സംസാരിച്ചു അവർ യാത്ര പറഞ്ഞിറങ്ങുമ്പോളും സാർ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇയാൾ എന്തിനാ എന്നെ നോക്കുന്നത് ഹും.. ഏതായാലും ജാതകം ചേരാത്തത് കൊണ്ട് ആ ആലോചന നടന്നില്ല.സത്യം പറഞ്ഞാൽ സന്തോഷം തോന്നി ഇനി ഇപ്പോ സാറിനെ പേടിക്കണ്ടല്ലോ.

കുറച്ചു ദിവസം കഴിഞ്ഞ് പിന്നെയും പെണ്ണ് കാണാൻ ആള് വന്നു….ജാതകം ഒക്കെ നോക്കിയതിനു ശേഷം ആണ് വന്നത്.ആളെ കണ്ടു നിക്ക് വട്ടായി. നമ്മടെ സാറാണ്….

മുണ്ടൊക്കെ ഉടുത്തു ലുക്ക്‌ ഒക്കെ ആയിട്ടുണ്ട്. ഇങ്ങേർക്ക് വട്ടുണ്ടോ എന്നെ കെട്ടാൻ. ഇനി ഇപ്പോ എന്താ ചെയ്യുക. ഞാൻ ചായ കൊണ്ട് കൊടുത്തു. വീട്ടുകാർക്ക് കല്യാണത്തിന് സമ്മതം ആണ്. ഇനി ചെക്കന്റേയും പെണ്ണിന്റെയും സമ്മതം മതി. എല്ലാരും എന്നെയും സാറിനെയും നോക്കുന്നുണ്ട്.

“എനിക്ക് അഭിയോട് ഒന്നു സംസാരിക്കണം”

എന്നോട് എന്ത് പറയാനാ? എന്ത് പറഞ്ഞാലും എനിക്ക് സമ്മതം അല്ലാ….ഞാൻ മനസ്സിൽ പറഞ്ഞു.

പുള്ളി ഇതും പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി. ഞാൻ അമ്മയെ നോക്കി.

“മോൾ ചെന്ന് സംസാരിക്കൂ.” അമ്മ അത് പറഞ്ഞതും ഞാനും കൂടെ ഇറങ്ങി ചെന്നു.

ഇങ്ങേരെന്താ നടത്ത മത്സരത്തിന് പോവാണോ. മാവിൻ ചുവട്ടിൽ എത്തിയപ്പോൾ ഏതായാലും ആള് നിന്നു കൂടെ ഞാനും. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ആള് മിണ്ടി തുടങ്ങി.

“അഭിക്ക് എന്നെ ഇഷ്ടായോ? എനിക്ക് അഭിയെ ഇഷ്ടായി.കോളേജിൽ വെച്ച് കണ്ടപ്പോളേ ഒരു ഇഷ്ടം ഉണ്ടായിരുന്നെന്ന് കൂട്ടിക്കൊള്ളു.അതാ ഒരു തമാശക്ക് അങ്ങനെയൊക്കെ പറഞ്ഞത്. ദേഷ്യം ഒന്നും തോന്നരുത്. എന്നെ ഇഷ്ടായില്ലെങ്കിൽ അത് തുറന്നു പറയാം.”

ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്തെങ്കിലും മനസിലായിട്ട് വേണ്ടേ പറയാൻ.

“എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല.”

ഒരു ഞെട്ടലോടെ പുള്ളിയെന്നെ നോക്കുന്നത് കണ്ടെനിക്ക് ചിരി വന്നു. അല്ലെങ്കിലും കൗതുകം ലേശം കൂടുതലാണ്?

*******************

ഇന്ന് ഞങ്ങളുടെ മോളുടെ പേരിടുന്ന ദിവസായിരുന്നു…

“എന്താണ് എന്റെ ഭാര്യക്ക് ഒരു ദേഷ്യം.”

“എന്നോട് ഒന്നും മിണ്ടണ്ട. അല്ലെങ്കിലും എനിക്ക് ഇവിടെ ഒരു വിലയും ഇല്ലല്ലോ.”

കുറച്ചു മുഖം ഒക്കെ വീർപ്പിച്ചു തന്നെ നിന്നു.

“എടി പൊട്ടിക്കാളി!!! മോളുടെ പേരിട്ടതിനാണോ? ഏത് പേരിട്ടാലും അതിന്റെതായ ബുദ്ധിമുട്ടുണ്ട്.എന്റെ പേര് വിനു എന്നല്ലേ…ലാസ്റ്റ് നമ്പർ ആയിട്ട് ഞാൻ എത്ര കഷ്ടപ്പെട്ടതാ.അത് വെച്ച് നോക്കുമ്പോ നീ ഭാഗ്യവതിയാ.”

“ഓ പിന്നെ ഭാഗ്യവതി. എനിക്ക് അറിയാം എന്റെ പാട്.ഞാൻ പറഞ്ഞതല്ലേ വേറെ പേരിടാമെന്ന് അപ്പോ നിങ്ങടെ പഴയ കാമുകിയുടെ പേര് തന്നെ ഇടണം.”

“എനിക്ക് ആ പേര് ഇഷ്ടായ കൊണ്ടല്ലേ. അനാമിക എന്ത് നല്ല പേരാണ്.”

എനിക്ക് ഒന്നുകൂടി ദേഷ്യം വന്നു…”എന്നെ ഏട്ടന് അല്ലെങ്കിലും ഇഷ്ടം അല്ലല്ലോ.
പണ്ട് എന്നെ എക്സാമിനു എന്തോരം കഷ്ടപ്പെടുത്തി.”

“എന്റമ്മോ അവൾ തുടങ്ങി കഥ പറച്ചിൽ.ഈ പേരും പറഞ്ഞു എത്ര വട്ടം വഴക്ക് ഇട്ടതാണ്. ഞാൻ ഇവിടെ നിന്നാൽ അല്ലേ പ്രശ്നം ഉള്ളു ഞാൻ പോകുവാണ്.”

ചവിട്ടി തുള്ളി എന്തൊക്കെയോ പറഞ്ഞു പോകുന്നത് കണ്ടപ്പോ എന്റെ മുഖത്തേക്ക് പുഞ്ചിരി പടർന്നിരുന്നു. ?

അനുഭവിക്കട്ടെ എന്നെ കെട്ടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ?