നീ എപ്പോഴും ചിത്രശലഭത്തെ പോലെ വര്‍ണാഭമായി വേണം എന്റെ മുന്നില്‍ വരാന്‍, ഒരു ചിത്രശലഭത്തെ കാണുമ്പോള്‍ മനസ്സില്‍ എത്ര വിഷമം ഉണ്ടെങ്കിലും…

അപരത

എഴുത്ത് : ദീപ്തി പ്രവീൺ

മിഥൂന്‍റെ കല്യാണമാണ്….. അതറിഞ്ഞപ്പോള്‍ മുതല്‍ മനസ്സു കൊണ്ട് ഒരുങ്ങാന്‍ തുടങ്ങിയതാണ്…. അല്ലെങ്കിലും പണ്ടേ തന്റെ സ്വപ്നമാണ് അവന്റെ കല്യാണം…..

അമ്മാവന്റെ മോന്‍ അനന്തുവേട്ടന്റെ കല്യാണത്തിന് ആതിര ചേച്ചീ പെങ്ങള് ചമഞ്ഞു ഗമയില്‍ പോയതു നോക്കി നിന്ന തന്നെ ചേര്‍ത്തു പിടിച്ചു അമ്മ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്…

” നമ്മുടെ മിഥൂന്റെ കല്യാണത്തിന് പല്ലവി ഇതുപോലെ ഒന്നു ,ഒരുങ്ങി പോകും…”

സത്യത്തില്‍ അന്നു മുതല്‍ മനസ്സില്‍ ഒരുക്കി വെച്ചിരുന്നതാണ് ആ ദിവസം….

പെണ്ണിനും മറ്റും തുണിയെടുക്കാന്‍ പോകാന്‍ ഇന്നു പോകും…പോകും വഴി തന്നെ കൂട്ടാമെന്നാണ് പറഞ്ഞത്… അതിന് താനും വേണിയും ഒരുങ്ങി ഇരിക്കാന്‍ തുടങ്ങിയിട്ട് നേരമേറേയായി…

” അവരെ കാണുന്നില്ലല്ലോ അമ്മേ…” . വേണി ചുണുങ്ങാന്‍ തുടങ്ങി… ”അവര്‍ ഇപ്പോള്‍ വരും മോളേ…” അവളെ ചേര്‍ത്തി നിര്‍ത്തി ആശ്വസിപ്പിക്കുമ്പോഴും കണ്ണുകള്‍ റോഡിലേക്കായിരുന്നു…

പറഞ്ഞു തീര്‍ന്നതും അവരെത്തി… വീട് പൂട്ടിയെന്ന് ഒന്നു കൂടി ഉറപ്പുവരുത്തിയിട്ട് വേണിയെയും കൂട്ടി വണ്ടിയില്‍ കയറി…..

അമ്മായിമാരും അവരുടെ മക്കളുമൊക്കെ ഉണ്ടായിരുന്നു…

” ആഹാ…ഞാന്‍ കരുതി പല്ലവി വരില്ലെന്ന്…” അമ്മാവിയാണ്..

” അതെന്താ അങ്ങനെ കരുതിയത്‌… മിഥൂന്റെ കാര്യങ്ങള്‍ക്ക് പിന്നെ ആര് വരും…” ഇഷ്ടക്കേട് മറച്ചു വെച്ചില്ല… അല്ലെങ്കില്‍ തന്നെ അമ്മാവിക്ക് കുത്തുവര്‍ത്തമാനം കുറച്ചു കൂടുതലാണ്..

” പഴയതു പോലെയല്ലല്ലോ…” അര്‍ത്ഥം വെച്ചു പറഞ്ഞു പാതിവഴിയില്‍ നിര്‍ത്തി…അമ്മയുടെ നോട്ടത്തിലെ വിലക്ക് കണ്ട് റോഡിലേക്ക് നോട്ടം മാറ്റി…

കഴിഞ്ഞ വര്‍ഷം ,വരെ അവരുടെയൊക്കെ മുന്നില്‍ താന്‍ രാജകുമാരി ആയിരുന്നു… അമ്മായിയുടെ കണ്ണില്‍ പലപ്പോഴും തെളിഞ്ഞ അസൂയ അവര്‍ പോലും അറിയാതെ പുറത്തേക്ക് വന്നിട്ടുണ്ട്…

” രാധേച്ചി…നിങ്ങളുടെ പല്ലവിക്ക് കിട്ടിയ പോലെ ഒരു ജീവിതം ഒരു പെണ്‍കുട്ട്യോള്‍ക്കും കിട്ടില്ല… രഘു അവളെ നിലത്തു വെയ്ക്കാതെ അല്ലേ കൊണ്ടു നടക്കുന്നത്…

നല്ല സര്‍ക്കാര്‍ ജോലിയും നല്ല സ്വഭാവമുള്ള ഒരൂ ഭര്‍ത്താവും ജീവിക്കാന്‍ നല്ല ചുറ്റുപാടും. ഒരു ഓമനക്കുഞ്ഞും….. പിന്നെ അവള്‍ക്ക് എന്തിന്റെ കുറവാണ്… ”

പലരും പലപ്പോഴും പറയും ദൈവം പോലും ഞങ്ങളുടെ ജീവിതം കണ്ട് അസൂയപെടുമെന്ന്.. ശരിയാണ്….. സ്വര്‍ഗമായിരുന്നു ജീവിതം…

ദൈവം പോലും അസൂയപെട്ടിട്ടുണ്ടാകും… അതുകൊണ്ടല്ലേ രഘുവേട്ടനെ അങ്ങ് വിളിച്ചത്…. റോഡപകടത്തിന്റെ രൂപത്തില്‍ മരണം വന്നു കൂട്ടി കൊണ്ടു പോയപ്പോള്‍ താനും മകളും പാതിവഴിയില്‍ ഒറ്റപെട്ടുപോയി…വേണിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ അവളുടെ കൈകളിലൂടെ തന്റെ കണ്ണുനീര് ഒഴുകിയിരുന്നു… നനവ് തട്ടിയിട്ടാണെന്നു തോന്നുന്നു അവള്‍ മുഖമുയര്‍ത്തി നോക്കി കൈകള്‍ കൊണ്ട് കണ്ണൂനീര് തുടച്ചു നീക്കി…

തുണിക്കടയില്‍ നല്ല തിരക്കായിരുന്നു… മിഥൂന്റെ കുട്ടിയും വീട്ടുകാരും കടയില്‍ എത്തിയിരുന്നു… എല്ലാവരും തുണിയൊക്കെ തിരഞ്ഞെടുത്തപ്പോഴേക്കും വൈകിയിരുന്നു…

ഞാന്‍ തനിക്ക് ഏറേ പ്രിയപ്പെട്ട ചുവപ്പ് കളറ് സാരികളാണ് നോക്കിയത്….രഘൂവേട്ടന്‍ കല്യാണം കഴിച്ചതോടെയാണ് കടും നിറങ്ങള്‍ ഉപയോഗി ച്ചു തുടങ്ങിയത്….

”നീ എപ്പോഴും ചിത്രശലഭത്തെ പോലെ വര്‍ണാഭമായി വേണം എന്റെ മുന്നില്‍ വരാന്‍…. ഒരു ചിത്രശലഭത്തെ കാണുമ്പോള്‍ മനസ്സില്‍ എത്ര വിഷമം ഉണ്ടെങ്കിലും ഒരു നിമിഷമെങ്കിലും നമ്മള്‍ നോക്കി നില്‍ക്കില്ലെ… അതുപോലെ നീ ഒരുങ്ങീ മുന്നില്‍ വരുന്നതാണ് എന്റെ സന്തോഷം… അതിന് മേലേ ഒരു സന്തോഷം എനിക്കില്ല…”

അതുകൊണ്ട് എപ്പോഴും ഒരുങ്ങിയിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്…

”നീ എന്തിനാ പല്ലവി ഈ സാരിയൊക്കെ എടുക്കുന്നത്…. ഭര്‍ത്താവ് മരിച്ചവര് ആരും കടും നിറങ്ങള്‍ ഉപയോഗിക്കില്ല… നീ ,വല്ല നിറം കുറഞ്ഞ സാരി നോക്ക്….”

അമ്മാവി പിന്നില്‍ നിന്നും അതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും നോട്ടം എന്നിലേക്കായി… ആ നിമിഷം തകര്‍ന്നു പോയി.. അനുവാദമില്ലാതെ കണ്ണുകള്‍ പെയ്തു തുടങ്ങിയിരുന്നു….. അല്ലെങ്കിലും രഘുവേട്ടന്‍ പോയതോടെ പെയ്തു തോരാത്ത മഴ പോലെയാണ് കണ്ണുകള്‍ …ഏതു നിമിഷവും പെയ്തിറങ്ങും…

” ചേച്ചിക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ…. അമ്മായി മിണ്ടാതെ ഇരിക്ക്…”’ അമ്മായിയെ ,ശാസിച്ചു കൊണ്ട് മിഥൂ എന്റെ അടുത്ത് ഇരിപ്പുറപ്പിച്ചു…

”ഈ സാരി ചേച്ചിക്ക് നന്നായി ചേരും…ഇതുമതി… ” ഞാന്‍ കൈയ്യിലെടുത്തു വെച്ചിരുന്ന ചുവന്ന കളര്‍ സാരി എന്റെ തോളിലേക്ക് ചേര്‍ത്തു വെച്ചു മിഥൂ അതുപറഞ്ഞപ്പോള്‍ ,അമ്മായി വെട്ടിത്തിരിഞ്ഞു പോയി…

മനസ്സില്‍ ,വല്ലാത്ത ഭാരവുമായി ആണ് വീട്ടിലേക്ക് വന്നു കയറിയത്…. വീടിനകത്ത് മൊത്തം രഘുവേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെയാണ്….എവിടെ തിരിഞ്ഞാലും ഏട്ടന്റെ ഫോട്ടോ… ഏട്ടന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍.. എല്ലാം യഥാസ്ഥാനത്ത് ,വെച്ചിട്ടുണ്ട്… .. ഏട്ടന്റെ സാന്നിധ്യം എപ്പോഴും ഇവിടെ ഉണ്ടായിരിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു.. പുറത്തു നിന്നും ഭക്ഷണം കഴിച്ചിരുന്നതിനാല്‍ വേണി വന്നപ്പോഴെ ഉറങ്ങി…

കുളിച്ചു ഡ്രസ് മാറി വന്നു അലമാരയില്‍ നിന്നും ഏട്ടന്റെ ഒരു ഷര്‍ട്ട് എടുത്തു കട്ടിലിലേക്ക് കിടക്കുമ്പോള്‍ മനസ്സ് ഒന്നു ,ശാന്തമായി… കൂട്ടിന് ആളുണ്ടെന്ന ധൈര്യം ഉള്ളില്‍ നിറഞ്ഞു… ചെറിയ തേങ്ങലോടെ പരിഭവങ്ങള്‍ പറഞ്ഞു എപ്പോഴോ ഉറങ്ങി…

അടുത്ത ദിവസങ്ങളിലൊക്കെ ഓഫീസില്‍ തിരക്കായിരുന്നു…ഒന്നും ഓര്‍ക്കാനോ വിഷമിക്കാനോ സമയം കിട്ടിയില്ല…

കല്യാണം അടുക്കും തോറും വീണ്ടും ഉത്സാഹത്തിലായി… മിഥൂനോടൊപ്പം പെങ്ങളായി പോകുന്നത് പലവട്ടം ഓര്‍ത്തു … രഘൂവേട്ടന്റെ മരണം കഴിഞ്ഞതില്‍ പിന്നെ ഒരു ഫങ്ഷനും പോകാറില്ല.. ,കുത്തു വര്‍ത്തമാനവൂം സഹതാപവും താങ്ങാന്‍ വയ്യ.. ….

ഭാര്യ മരിച്ച പുരുഷന്‍മാര്‍ ഒരു ബന്ധനങ്ങളും ഇല്ലാതെ സ്വതന്ത്രരായി നടക്കുമ്പോള്‍ ഭര്‍ത്താവ് ,മരിച്ച സ്ത്രീകളെ എന്തിന് വിധവ എന്ന ചട്ടക്കൂടിലേക്ക് അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്നത് ഇപ്പോള്‍ എനിക്ക് ഉത്തരമില്ലാത്ത ചോദ്യമാണ്….

കല്യാണത്തിന് രണ്ടുദിവസം മുന്നേ തന്നെ വീട്ടിലെത്തി…. അമ്മയുടെ നിഴല് ,പോലെ എല്ലാ കാര്യങ്ങള്‍ക്ക് നടക്കുമ്പോഴും അമ്മയ്ക്ക് എന്തോ അസ്വസ്ഥത ഉള്ളതുപോലെ തോന്നി…

” പല്ലവി നീ ഒരിടത്ത് ഇരുന്നാല്‍ മതി..ഞാന്‍ എല്ലാം ചെയ്തു കൊള്ളാം… ” അമ്മ പലപ്പോഴും വിലക്കി… .

അമ്മയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലാത്തത് കൊണ്ട് ഞാന്‍ അതൊന്നും കേട്ടതായി നടിച്ചില്ല…

” പെണ്ണിന് പെങ്ങളായിട്ട് ആതിരയെ നിര്‍ത്താം…,അല്ലേ… ” അടുത്ത മുറിയില്‍ നിന്നും അമ്മായിയാണ്‌..

” അതെന്ത് വര്‍ത്തമാനമാണ് അമ്മായി…പല്ലവിയേച്ചി ഉണ്ടെല്ലോ….പിന്നെ അതിരേച്ചി എന്തിനാ…” മിഥൂന്റെ ശബ്ദം ഉയര്‍ന്നു…

”നീയെന്താ മിഥൂ ഒന്നും അറിയാത്തത് പോലെ ,സംസാരിക്കുന്നത്… ഭര്‍ത്താവ് മരിച്ച സ്ത്രീകളെ മംഗളകര്‍മ്മങ്ങള്‍ക്ക് ഉള്‍കൊള്ളിക്കില്ല… പിന്നെ പല്ലവിയെ എങ്ങനെ ചടങ്ങുകള്‍ക്‌ നിര്‍ത്തും…”

ആ വാക്കുകള്‍ ഇടിത്തീ പോലെയാണ് എന്റെ നെഞ്ചിലേക്ക് പതിച്ചത്… ഇങ്ങനെ ഒരു കാര്യം താന്‍ ഓര്‍ത്തില്ല എന്നതാണ് സത്യം…

” അതൊക്കെ അന്ധവിശ്വാസമല്ലേ അമ്മായി… ചടങ്ങുകള്‍ക്ക് ചേച്ചീ തന്നെ മതി… അല്ലേ അമ്മേ…”

അമ്മയുടെ അനക്കമില്ല.. വാതിലിന്റെ വിടവിലൂടെ നോക്കി.അമ്മ ഒന്നും മിണ്ടാതെ തല കുനിച്ചു നില്‍ക്കുന്നു…

”നീ നിന്റെ അമ്മയെ കൂട്ടു പിടിക്കേണ്ട… രാധയേച്ചിക്ക് കാര്യങ്ങള്‍ അറിയാം…. നാട്ടു നടപ്പുകളെ ,വെല്ലുവിളിക്കാനുള്ള ചടങ്ങല്ല ,കല്യാണം … നീ അവളെ കടും നിറത്തിലുള്ള ചേലയും ചുറ്റിച്ചു കൊണ്ടു നടന്നോ…പക്ഷേ ചടങ്ങുകള്‍ക്ക് പറ്റില്ല.. ” അമ്മായിയുടെ വാക്കുകളില്‍ പുച്ഛം…

ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാനാകില്ല എന്നതിനേക്കാള്‍ എന്നെ നോവിച്ചത് അമ്മയുടെ മൗനം ആയിരുന്നു… സ്വന്തം മകളെ ദുശ്ശകുനമായി കാണുന്ന അമ്മയോട് എനിക്ക് അപ്പോള്‍ തോ ന്നിയ വികാരം പറഞ്ഞറിയിക്കാനാവില്ല.. ദേഷ്യമോ വിഷമമോ സഹതാപമോ എന്തോക്കെയോ..

തലകുമ്പിട്ട് പരാജിതനെ പോലെ മിഥൂ ഇറങ്ങി പോകുമ്പോള്‍ കരച്ചിലും ചിരിയും ഒരുപോലെ വന്നു…

ബാഗിലെ ചെറിയ പേഴ്സിലെ രഘുവേട്ടന്‍റെ ,ഫോട്ടോ എടുത്തു അതിലേക്ക് ,കണ്ണിമ വെട്ടാതെ നോക്കി….

”കണ്ടോ ഏട്ടാ… ഏട്ടന്‍ പോയപ്പോള്‍ കൂടെ കൊണ്ടു പോയത് ഏട്ടന്റെ ജീവന്‍ മാത്രമല്ല.. എന്റെ ജീവിതം കൂടിയാണ്…..

എപ്പോഴും നിറപ്പകിട്ടാര്‍ന്നു പൂമ്പാറ്റയെ പോലെ ഏട്ടന്‍ കാണണമെന്ന് ആഗ്രഹിച്ച ഞാനിന്നു നിറങ്ങള്‍ നിറഞ്ഞ ചിറകുകള്‍ നഷ്പെട്ട പുഴു മാത്രമാണ്……

ഇന്നലെ വരെ ഐശ്വര്യമായി കണ്ടവര്‍ക്ക് ഇന്നു ദുശ്ശകുനമാണ്….. ആള്‍ക്കൂട്ടത്തില്‍ തുറിച്ചു നോക്കാനും സഹതപിക്കാനും ഉള്ള ഒരു രൂപം മാത്രമാണ്…

ഏട്ടന്റെ സ്നേഹവും കരുതലും മാത്രമല്ല എനിക്ക് നഷ്ടമായത് സ്വതന്ത്ര്യമായി ജീവിക്കാനുള്ള അവകാശം കൂടിയാണ്…. പൊതുയിടങ്ങളില്‍ മാറ്റിനിര്‍ത്തപെടുകമാണ്…. വിധവയാണ്…. മാറ്റി നിര്‍ത്തപെടേണ്ടവളാണ്… ഇതിലും നല്ലത് ഏട്ടനോടൊപ്പം മരിക്കുന്നതായിരുന്നു…. സീമന്തരേഖയിലെ സിന്ദൂരത്തോടൊപ്പം അലിഞ്ഞു ചേരുന്നതായിരു ന്നു….”’

രാവിലെ എഴുന്നേറ്റ് വേണിയെ ഒരുക്കി അമ്മയുടെ അലമാരയില്‍ നിന്നു നിറം കുറഞ്ഞ ഒരു സാരിയെടുത്തു ഉടുത്തു കല്യാണത്തിന് പോകാന്‍ ഒരുങ്ങുമ്പോള്‍ സമൂഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വിധവാകോലം മനസ്സു കൊണ്ട് സ്വീകരിച്ചു കഴിഞ്ഞിരുന്നു……

( ചുറ്റുപാടും ഉള്ളവരില്‍ നിന്നും കേട്ടറിഞ്ഞ സത്യങ്ങളാണിത്‌…. ഇന്നത്തെ കാലത്തും ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ എന്നു കരുതരുത്‌… ഇന്നത്തെ കാലത്തും ഇത്തരം ചിന്തകള്‍ മനസ്സിലടക്കി നടക്കുന്നവരുണ്ടെന്നു മനസ്സിലാക്കാന്‍ നമുക്ക് ചുറ്റുമുള്ള വിധവകളുടെ കണ്ണുകളില്‍ ഒളിപ്പിച്ച കണ്ണുനീരിന്റെ സാക്ഷ്യ പത്രം മതിയാകും….

ഭാര്യ മരിച്ച ഭര്‍ത്താവിന് ഇല്ലാത്ത എന്ത് ദുശ്ശകുനമാണ് ,വിധവകള്‍ക്ക് ഉള്ളത്…. അവരെ എന്തിനാണ് ചടങ്ങുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്…. ഭര്‍ത്താവ് നഷ്ടമാകുമ്പോഴല്ലേ അവരെ കൂടുതല്‍ ചേര്‍ത്തു പിടിക്കേണ്ടത്‌… അവര്‍ക്കല്ലേ സ്നേഹവും പരിഗണനയും കൂടുതല്‍ നല്‍കേണ്ടത്……

എത്ര പറഞ്ഞാലും അറിഞ്ഞാലും ചിലതൊന്നും മാറില്ല……