കള്ളൻ
എഴുത്ത്: ഭദ്ര
ഇരുട്ടിന്റെ മറവിൽ ഒളിച്ചു കയറി ആ വീടിന്റെ മച്ചുംപുറത്ത് അയാളിരിക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാട് കഴിഞ്ഞിരുന്നു…വീട്ടുകാർ ഉറങ്ങിയിട്ട് വേണം അയാൾക്ക് തന്റെ ജോലികൾ ആരംഭിക്കാൻ…അയാൾ അക്ഷമയോടെ കാത്തിരുന്നു…
ഒരു മുറിയും അടുക്കളയും മാത്രമുള്ള ആ ചെറിയവീടിന്റെ മുറിയിലെ തൊട്ടിലിൽ ഒരു കൈക്കുഞ്ഞു വിരല് നുണഞ്ഞു കിടക്കുന്നത് നോക്കി അയാൾ ചിരിച്ചു…
പെട്ടന്നൊരു പെണ്ണ് അർദ്ധനഗ്നയായി മുറിയിലേക്ക് കടന്നു വന്നു…കുളി കഴിഞ്ഞുള്ള വരവാണെന്ന് അവളുടെ നനഞ്ഞ മുടിയിഴകൾ കണ്ടാലറിയാം…അവൾ നെഞ്ചിനൊപ്പം മടക്കി ഉടുത്തിരുന്ന കീറത്തുണി വലിച്ചൂരി വൃത്തിയുള്ള മുണ്ടും ഉടുപ്പും ധരിച്ചു ഉമ്മറത്തു പോയി ആരെയോ കാത്തിരുന്നു
സമയം പിന്നെയും കടന്നു പോയി…പാതിരാത്രി കഴിഞ്ഞിരിക്കുന്നു… ആ പെണ്ണ് ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്…അയാളുടെ കണ്ണുകളിൽ ഉറക്കം വന്ന് എത്തിനോക്കി….അയാൾ കണ്ണുകൾ അമർത്തി തിരുമി നീരസത്തോടെ പല്ലിറുമ്മി…കണ്ണുകൾ കൂമ്പി പോവുന്നു…. ദേഹം തളരുന്ന പോലെ…. അയാളറിയാതെ അയാളുടെ കണ്ണുകൾ അടഞ്ഞു…
പിന്നെയും നാഴികകൾ ഒരുപാട് പിന്നിട്ടു…ആരോ അലച്ചു തല്ലി വീണ ശബ്ദം കേട്ട് അയാൾ ഞെട്ടി കണ്ണ് തുറന്നു…. അയാൾ ആകാംക്ഷയോടെ താഴേക്ക് നോക്കി
കറുത്തിരുണ്ട് തടിച്ചൊരു പുരുഷൻ തറയിൽ മലർന്നടിച്ചു കിടപ്പുണ്ടായിരുന്നു….അയാളുടെ ഉടുമുണ്ട് ലക്ഷ്യം തെറ്റി നീളൻ വരകളുള്ള അടിവസ്ത്രം വെളിയിൽ കാണാമായിരുന്നു….ആ പെണ്ണ് ഓടി വന്ന് അയാളെ താങ്ങി കട്ടിലിലേക്ക് ചാരിയിരുത്തി മേൽക്കുപ്പായം ഊരിമാറ്റി…. ആ തടിച്ച മനുഷ്യൻ വെറുപ്പോടെ അവളെ പിടിച്ചു നിലത്തേക്ക് തള്ളി….കൈ കുത്തി നിലത്തേക്ക് വീണ അവളുടെ കയ്യിലെ കറുത്ത കുപ്പിവളകൾ നിലത്തമർന്നു ചിതറി…
തൊട്ടിലിൽ കിടന്ന കുഞ്ഞ് വാവിട്ട് കരഞ്ഞു…അവൾ വേവലാതിയോടെ എണീറ്റ് കുഞ്ഞിനെ വാരി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…ആടി കുഴഞ്ഞിരിക്കുന്ന ഭർത്താവിനെയൊന്നു നോക്കി അവൾ ഉടുപ്പ് പൊക്കി കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങി…
മുകളിലിരുന്നയാൾ ഒരുനിമിഷം അവളുടെ നിറഞ്ഞ മാറിലേക്കൊന്നു നോക്കി. പിന്നെ കണ്ണുകൾ പുറത്തെ ഇരുട്ടിലേക്ക് പായിച്ചു…തനിക്ക് അഞ്ചു വയസ് മാത്രമുള്ളപ്പോൾ വസൂരി പൊന്തി മരിച്ച അമ്മയുടെ മുഖം ഉള്ളു കൊത്തി പറിക്കുന്ന വേദനയോടെ അയാളുടെ ഓർമയിലേക്ക് ഓടിയെത്തി
വയറു നിറഞ്ഞു ഉറങ്ങിയ കുഞ്ഞിനെ അവൾ തൊട്ടിലിലേക്ക് കിടത്തി വീണ്ടും അയാൾക്ക് അരികിലായിരുന്നു അഴിഞ്ഞു വീണ മുണ്ട് കൊണ്ട് അയാളുടെ നഗ്നത മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ വർധിച്ച ദേഷ്യത്തിൽ അവളുടെ കൈ തട്ടിമാറ്റി എന്തൊക്കെയോ പുലമ്പി
ആ പെണ്ണ് കണ്ണീരോടെ ഇരുന്നു കിതച്ചു… തല നേരെ നിൽക്കാതെ അയാൾ സ്വന്തം ദേഹത്തേക്ക് വലിയ ശബ്ദത്തോടെ ഛർദിച്ചു….. മദ്യത്തിന്റെയും ഛർദിലിന്റെയും പുളിച്ച മണം അവിടെ കുമിഞ്ഞു പൊങ്ങി…..
മുകളിരുന്നയാൾ മുഷിച്ചിലോടെ ശ്രദ്ധിച്ചു അടുക്കളയിലേക്ക് ഇറങ്ങി…. ഇന്നിനി ഇവിടെ നിന്ന് ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല… അയാൾ പതിയെ ചെന്ന് അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങി…… മൊത്തം കണ്ണിൽ കുത്തുന്ന ഇരുട്ട് മാത്രം…അയാൾ ശ്രദ്ധയോടെ പുറത്തേക്ക് കാലെടുത്തു വെച്ചു…പുറത്ത് കിടന്നിരുന്ന ഒരു കണ്ടൻ പൂച്ചയുടെ വാല് അയാളുടെ കാലടിയിൽ കിടന്നു ഞെരിഞ്ഞു….. ആ സാധു ജീവി വലിയ വായിൽ കരഞ്ഞു കൊണ്ട് അയാളുടെ കാലിൽ തന്റെ നഖങ്ങൾ ആഴ്ത്തി…അയാൾ നീറ്റലോടെ കാല് പുറകിലേക്ക് വലിച്ചതും പുറകിൽ സൂക്ഷിച്ചിരുന്ന വെള്ളം നിറഞ്ഞ കുടങ്ങൾ വലിയ ശബ്ദത്തോടെ മുറ്റത്തേക്ക് ഉരുണ്ടു വീണു…
ആരാ…. ആരാ പുറത്ത്???
അകത്തു നിന്ന് ആ പെണ്ണ് വിറയ്ക്കുന്ന കാലടികളോടെ പുറത്തേക്ക് ഇറങ്ങിവന്നു….
അയാൾ ഇരുട്ടിലേക്ക് ഒന്നുടെ ചേർന്നുനിന്നു….അയാൾക്ക് ഇറങ്ങി ഓടണമെന്നുണ്ടായിരുന്നു…. പക്ഷെ കാലുകൾ മരവിച്ചിരിക്കുന്നു…..തന്റെ അടുത്തെത്തിയ ആ പെണ്ണിനെ അയാൾ പെട്ടന്ന് തന്റെ ഉരുക്കു പോലുള്ള ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു അവളുടെ വായും മൂക്കും അമർത്തി പൊത്തി…..അവൾ അയാളുടെ വിരിമാറിൽ ചാരി നിന്നു പിടഞ്ഞു …. നന്നേ മെലിഞ്ഞ അവളുടെ ശരീരം വെട്ടി വിറയ്ക്കുന്നത് അയാൾ തിരിച്ചറിഞ്ഞു
മിണ്ടരുത്… കള്ളനാണ് കള്ളൻ… അയാൾ അവളുടെ ചെവിക്ക് പിന്നിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. പിന്നെ പതിയെ തന്റെ കൈകൾ അയച്ചു…
അവൾ കിതപ്പോടെ മാറി നിന്നു അയാളെ നോക്കി…..
എനിക്ക് ഇച്ചിരി വെള്ളം വേണം.. അയാൾ വരണ്ട ചുണ്ടുകളോടെ അവളെ നോക്കി
അവൾ പേടിയോടെ അയാളെ നോക്കി വിറച്ചു
പേടിക്കണ്ട… ഉപദ്രവിക്കില്ല.. ചെല്ല്…
അവൾ സന്ദേഹത്തോടെ ഒരു മൊന്തയിൽ വെള്ളമെടുത്തു അയാൾക്ക് നേരെ നീട്ടി…. അത് വാങ്ങി അയാൾ ആർത്തിയോടെ കുടിച്ചു
അത് ഭർത്താവ് ആയിരിക്കുമല്ലേ?? അയാൾ അകത്തേക്ക് ചെവി വട്ടം പിടിച്ചു ചോദിച്ചു… അകത്തു തടിച്ച മനുഷ്യന്റെ ഉച്ചത്തിലുള്ള കൂർക്കംവലി കേൾക്കാമായിരുന്നു
അതെ… അവൾ മൂളി…
അയാൾ അകത്തേക്ക് കയറി…. കുമിഞ്ഞു കത്തുന്ന വിളക്കെടുത്തു നീറുന്ന കാല് പരിശോധിച്ചു….ആഴത്തിലുള്ള പോറലുകളിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു….
അവൾ കൗതുകത്തോടെ അയാളുടെ കാലിലേക്ക് എത്തിനോക്കി….ചോര പൊടിയുന്ന കാലുകൾ കണ്ടപ്പോൾ അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി
ഇവിടുത്തെ പൂച്ച തന്ന സമ്മാനമാണ്…. അയാൾ ചെറിയൊരു ചിരിയോടെ ആ പെണ്ണിനെ നോക്കി
അവൾ അകത്തേക്ക് പോയി കുത്തുന്ന മണമുള്ളൊരു തൈലം അയാൾക്ക് നീട്ടി
മുറിപ്പാടിൽ വിഷം കാണും…പുരട്ടിക്കൊ
അയാൾ ഒരുനിമിഷം അവളുടെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കി
അവളുടെ ഇരുനിറമുള്ള മുഖത്തെ കുഞ്ഞിക്കണ്ണുകളിൽ പ്രിയപ്പെട്ട ആരോടെന്നെ പോലെ കരുതൽ തെളിഞ്ഞു നിന്നിരുന്നു
അയാൾ ശ്രദ്ധയോടെ തൈലം മുറിവിൽ തേച്ചു അടുക്കള തിണ്ണയിൽ ചാരിയിരുന്നു
ആള് എന്നുമിങ്ങനെയാണോ…??
ആര്…??
ഭർത്താവ്
അവൾ അതിന് മറുപടി പറയാതെ വെറുതെ ചിരിച്ചു…
സ്നേഹംണ്ട്… പാവാണ്… അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
വേണ്ടെന്ന് തോന്നിയിട്ടില്ലേ എപ്പോഴെങ്കിലും…?? അയാൾ വീണ്ടും ചോദിച്ചു
സ്വന്തമെന്ന് കരുതി സ്നേഹിച്ചൊരുത്തൻ പിഴപ്പിച്ചൊരു പെണ്ണിനും ആ പെണ്ണ് പിഴച്ച പെറ്റൊരു കുഞ്ഞിനും അയാളേയുള്ളു… അയാൾ മാത്രം… അവൾ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു
ഉള്ളു നിറയെ സ്നേഹമുണ്ട്…കരുതലുണ്ട്….പിന്നെ എന്തോ ഇങ്ങനെയാണ്….
മ്മ്… അയാൾ ഇരുത്തിയൊന്നു മൂളി…. എന്നാൽ പോകട്ടെ….ഇന്നിനി വേറെ എങ്ങും കേറാൻ വയ്യ…. അയാൾ തലയിലെ മുഷിഞ്ഞ തോർത്ത്‌മുണ്ട് ഒന്നുടെ അഴിച്ചു കെട്ടി
നില്ക്കു…. ഇന്നെന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാളായിരുന്നു…ഒരു കൈ ചോറുണ്ടിട്ട് പോവാം….അവൾ നിഷ്കളങ്കതയോടെ അയാളെ നോക്കി……
അയാൾക്ക് മുൻപിലായി ഇല വെച്ചു ഇളംകാവി കുത്തുള്ള ചോറ് വിളമ്പി, കുറുകിയ സാമ്പാറും മോരും ഒഴിച്ച് കൊടുത്തു അയാൾ ഉണ്ണുന്നത് നോക്കി അവളിരുന്നു
അരിക്ക് വേവ് ലേശം കുറവാണ്… അയാൾ ചിരിയോടെ പറഞ്ഞു
കൈ കഴുകി വന്ന അയാൾക്ക് നേരെ ഒരു ഗ്ലാസ്സ് നെയ്പായസവുമെടുത്തവൾ കൊടുത്തു…
കുഞ്ഞിന് ഈ കള്ളന്റെ പ്രാർത്ഥനകൾ ഉണ്ടാവും….
മറുപടിയായി അവൾ മനോഹരമായി ചിരിച്ചു
എന്ത് ധൈര്യത്തിലാണ് കേലവമൊരു കള്ളന് നീ അന്നമൂട്ടിയത്…. നിനക്ക് പേടിയില്ലേ
?? അയാൾ ചോദിച്ചു
ഒരിക്കലും ഓർമിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന ആരുടെയോ മുഖച്ഛായ നിങ്ങൾക്കുണ്ടായിരുന്നു..അവളത് പറയുമ്പോൾ തൊണ്ടയിടറിയിരുന്നു
അയാൾ കനച്ച ഹൃദയത്തോടെ പോവാനിറങ്ങി…
ഇന്നത്തെ രാത്രി വെറുതെ പാഴായി പോയി അല്ലേ…. ഒന്നും കിട്ടിയില്ലല്ലോ…. അവൾ ചോദിച്ചു…
കിട്ടി….. അതിമധുരമുള്ള ഒരു മൊന്ത നെയ്പായസവും ഉള്ളിൽ സുഖമുള്ള നോവ് സമ്മാനിച്ച, ഒരിക്കലും മറക്കാത്ത ഒരു പിടി രാത്രി ഓർമകളും……
അതിമനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അയാൾ തെളിഞ്ഞ നിലാവുള്ള മുറ്റത്തേക്ക് ഇറങ്ങി ദൂരേക്ക് നടന്നു…..