രാഘവേട്ടന്റെ ചിരി
എഴുത്ത്: അനൂപ് ഇടവലത്ത്
രാഘവേട്ടൻ മരിച്ച ഒഴിവിലേക്കാണ് രാമകൃഷ്ഷ്ണനെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലേക്ക് തിരഞ്ഞെടുത്തത്. ഇന്റർവ്യൂവിന്റെയും പത്താം ക്ലാസിലെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനം. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു ജോലി ലഭിച്ചത് കുടുംബത്തിനും ഏറെ ആശ്വാസകരമായിരുന്നു.
പണ്ട് പഠന കാലത്ത് രാഘവേട്ടൻ ലീവിന് പോകുമ്പോൾ ബദലായി രാമകൃഷ്ണൻ പോസ്റ്റുമാന്റെ പണി ചെയ്തിട്ടുണ്ട്. ആ ഒരു എക്സ്പീരിയൻസ് ജോലി ലഭിക്കുന്നതിന് രാമകൃഷ്ണന് തുണയായി.
നാട്ടിലെ ജനകീയനായ പോസ്റ്റ്മാനായിരുന്നു രാഘവേട്ടൻ. അസുഖം തളർത്തിയ കാലത്തും അദ്ദേഹം ജോലി ചെയ്തിരുന്നു. അതു തന്നെയാകാം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും എന്നൊരു സംസാരം നാട്ടിലുണ്ട്. ജോലി കിട്ടിയെന്ന് രാമകൃഷ്ണനെ ആദ്യം അറിയിച്ചത് പോസ്റ്റ് മാസ്റ്റർ മേരിക്കുട്ടി ആയിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ ചാർജ്ജ് എടുക്കണമെന്ന നിർദ്ദേശവും അവർ അവനു നൽകി. ഇതിന്റെ ഓർഡർ വൈകാതെ എത്തുമെന്നും അറിയിച്ചു. രാഘവേട്ടന്റെ മരണത്തിനുശേഷം ആ ഭാഗത്തെ പണികളൊന്നും ശരിയായി നടക്കുന്നില്ലെന്നും പോസ്റ്റ് മാസ്റ്റർ അവനെ അറിയിച്ചു.
പഠനം കഴിഞ്ഞ ഉടനെ ആദ്യമായി കിട്ടുന്ന ജോലി എന്ന നിലയിൽ രാമകൃഷ്ണൻ ഏറെ സന്തോഷവാനായിരുന്നു. പൂർണ്ണമായും തനിക്ക് അറിയില്ലെങ്കിലും കുറെയൊക്കെ തനിക്ക് അറിയാവുന്ന പ്രദേശങ്ങൾ, അറിയുന്ന ആൾക്കാർ, എന്നാലും വലിയ ബീറ്റാണ് നിന്റേത് എന്ന പോസ്റ്റ് മാസ്റ്ററുടെ ആമുഖക്കുറിപ്പ് തെല്ലൊന്ന് അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ സുഹൃത്തിന്റെ പഴയ ഒരു ബൈക്ക് വില പറഞ്ഞ് ഉറപ്പിച്ച് എടുക്കുകയും പൈസ ആദ്യ ശമ്പളം കിട്ടിയിട്ട് എന്ന് പറഞ്ഞുറപ്പിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ രാമകൃഷ്ണൻ ഡ്യൂട്ടിയിലേക്ക് പ്രവേശിച്ചു. എങ്ങനെ ഡ്യൂട്ടി ചെയ്യണമെന്ന് മേരിക്കുട്ടി പോസ്റ്റ് മാസ്റ്ററും മനോഹരൻ പോസ്റ്റ്മാനും രാമകൃഷ്ണനെ ഉപദേശിച്ചു. ബീറ്റ് വലുതാണ് അതു പോലെ തന്നെ പണിയും പോസ്റ്റ് മാസ്റ്റർ ഒന്നു കൂടി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി.
പത്തരക്കുള്ള ബസ്സിലാണ് മെയിൽ വരാറുള്ളത് .അതിനുശേഷം സോട്ട് ചെയ്ത് ഓരോ ഭാഗത്തേക്കുള്ള പണി ആരംഭിക്കണം. ബൈക്കുള്ളതുകൊണ്ട് നിനക്ക് കാര്യങ്ങൾ എളുപ്പമായില്ലേ എന്ന് രാമകൃഷ്ണനോട് മനോഹരേട്ടൻ ചോദിച്ചു. അദ്ദേഹത്തിന് നാൽപത് വർഷത്തിലധികം എക്സ്പീരിയൻസുണ്ട്. എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആയതു കൊണ്ട് അറുപതിലാണ് റിട്ടയർമെന്റ്. പോരാത്തതിന് ശമ്പളം കുറവാണു താനും എനിക്കിനിയും അഞ്ച് വർഷത്തിലധികം സർവ്വീസുണ്ട് , മനോഹരൻ തുടർന്നു.
നീണ്ട ഹോൺ പുറത്തു നിന്നും മുഴങ്ങുന്ന കേട്ട ഉടനെ മനോഹരേട്ടൻ പറഞ്ഞു പണി വന്നു തുടങ്ങി. മൂലയിൽ കൂട്ടിയിരിക്കുന്ന പാഴ്സലുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അതു കൂടി നിന്റെ ഭാഗത്തേക്കുള്ളതാണ് എന്നയാൾ രാമകൃഷ്ണനെ ഓർമ്മിപ്പിച്ചു.
രാഘവേട്ടൻ അവസാന നാളിൽ കാര്യമായ പണികൾ ഒന്നും എടുത്തിരുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഇത്രയുമധികം പാഴ്സലുകൾ കെട്ടിക്കിടക്കുന്നത് – എന്നവർ ഓർത്തു. എനിക്കറിയാവുന്ന നാട് അറിയാവുന്ന ആൾക്കാർ അതുകൊണ്ടു തന്നെ പണി വളരെ എളുപ്പമായിരിക്കും. അതു മാത്രമല്ല എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആയതു കൊണ്ട് തന്നെ പകുതി സമയത്തെ സേവനം മാത്രമേ പോസ്റ്റോഫീസിൽ ചെയ്യണ്ടതുള്ളൂ എന്ന് എ.എസ്.പി നേരത്തേ ഇന്റർവ്യൂ സമയത്തും പറഞ്ഞിരുന്നു. ഈ കാരണങ്ങൾ കൂടിയാണ് ശമ്പളം കുറവാണെങ്കിലും തന്നെ ഈ ജോലിയിലേക്ക് ആകർഷിച്ചത്.
മെയിൽ വാങ്ങാൻ പോയ മനോഹരേട്ടൻ ഒരു ചാക്ക് സാധനവുമായി തിരികെ എത്തി വീതം വെയ്പ്പും ആരംഭിച്ചു. തുടർന്ന് അവരുടെ ബീറ്റിലേക്ക് വന്ന സാധനങ്ങൾ ഓരോന്നായി ഭാഗം വെച്ചു തുടങ്ങി. കത്തുകളും തപാൽ ഉരുപ്പടിക ളും വീതം വെച്ച ശേഷം അത് രജിസ്റ്ററിൽ പതിപ്പിച്ച് പതിവ് പോലൊരു ബീഡിയും വലിച്ച് മനോഹരേട്ടൻ പോസ്റ്റോഫീസിൽ നിന്നും ഇറങ്ങി. അടുത്തത് നിന്റെ ഊഴമാണ്. കത്തുകൾ എല്ലാം പെട്ടെന്ന് തന്നെ ഡെലിവറി ചെയ്ത് തന്റെ മറ്റ് പ്രവർത്തികൾ ആരംഭിക്കാമെന്ന ധാരണയോടെയാണ് രാമകൃഷ്ണൻ ഓരോ കത്തുകളായി എടുത്ത് തന്റെ സഞ്ചിയിലോട്ട് വച്ചത് .
ഈ കത്ത് വളരെ പ്രധാനപ്പെട്ടതാണ് പോസ്റ്റ് മാസ്റ്റർ പറഞ്ഞു. അത് അവർക്കെങ്ങനെ മനസ്സിലായി എന്ന് രാമകൃഷ്ണൻ ചോദിക്കാൻ തുടങ്ങും മുൻപേ മേരിക്കുട്ടി മാസ്റ്റർ ഇങ്ങന പറഞ്ഞു. ഇത് തന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻ സുവച്ച് മനസ്സിലാക്കിയതാണ്. ഇത് ഇന്നുതന്നെ കൊടുക്കണം, മാത്രമല്ല ഇത് നിന്റെ ബീറ്റിന്റെ ഏറ്റവും അവസാന ത്തായി സ്ഥിതിചെയ്യുന്നതാന്ന് , മാസ്റ്റർ പറഞ്ഞു. അതുകൊണ്ടു തന്നെ ആ സ്ഥലം മനസ്സിലാക്കിയാൽ ബീറ്റ് മുഴുവൻ മനസ്സിലാക്കിയ പോലായി.
ആകെ അറിയാവുന്ന രണ്ടോ മൂന്നോ അഡ്രസ്സുകൾ മാത്രം. ബാക്കിയെല്ലാം അപരിചിതമായ , രാമകൃഷ്ണൻ ഓർത്തു. ആദ്യം അറിയാവുന്ന അഡ്രസ്സു തേടിച്ചെല്ലാം. കത്തുകൾ എല്ലാം ബാഗിലാക്കി രാമകൃഷ്ണൻ തന്റെ ബൈക്കുമായി കുതിച്ചു. അഡ്രസ്സ് അറിയാവുന്നവ വേഗം തന്നെ കൊടുത്തു കഴിഞ്ഞു. ഇനി അറിയാത്തവയാണ്. ബാക്കി മുഴുവനും ചോദിച്ചറിഞ്ഞ് ചെല്ലുകയേ നിവത്തിയുള്ളൂ.
ആദ്യം പ്രധാനപ്പെട്ട എന്ന് പോസ്റ്റ് മാസ്റ്റർ പറഞ്ഞ കത്തിലെ അഡ്രസ്സ് തിരക്കി ച്ചെല്ലാം എന്ന് രാമകൃഷ്ണൻ തീരുമാനമാക്കി, പലരോടും തിരക്കി ആ വിലാസക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മനസ്സിലാക്കി ആ ലൊക്കാലിറ്റിയിൽ ചെന്ന് രാമകൃഷ്ണൻ വിലാസം തിരയുകയും ചെയ്തു. കുന്നിന്റെ മുകളിൽ ഒറ്റയ്ക്കു സ്ഥിതി ചെയ്യുന്ന വീട്ടിലെ അഡ്രസ്സാണ് ഇതെന്ന് രാമകൃഷ്ണൻ മനസ്സിലാക്കി.
ഏയ്, ശിപായി …. ആ കുന്നിന്റെ മുകൾ ഭാഗം വരെയൊന്നും വണ്ടി പോകില്ല, ഒരു സ്ഥലവാസി പറഞ്ഞു. രാമകൃഷ്ണൻ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് കുന്നിന്റെ പകുതിവരെ തന്റെ ബൈക്ക് എത്തിച്ചു. തുടർന്ന് വിലാസക്കാരന്റെ വീട്ടിലേക്ക് മെല്ലെ നടന്നു, വലിയ കയറ്റം എഴുത്തുകളെയും പാഴ്സലുകളുടെയും ഭാരം മറുവശത്ത് …. ആകെ മുഷിപ്പ് അനുഭവപ്പെട്ടു.
ആദ്യ ദിനം തന്നെ നശിച്ച ഒരു ദിവസമായി തീർന്നല്ലോ എന്ന് രാമകൃഷ്ണൻ ഓർത്തു. ഒരു ദിവസം കൊണ്ടു തന്നെ തന്റെ ജോലിയെ വെറുക്കാൻ തക്ക ഉയരത്തിലായിരുന്നു ആ വിലാസക്കാരന്റെ വീട്. നടത്തവും ക്ഷമയില്ലായ്മയും ജോലി വേഗം പൂർത്തീകരിച്ച് വീട്ടിലെത്താമെന്ന മോഹവും അയാളെ ഒരു പാട് തളർത്തിയിരുന്നു. അവസാനം അയാൾ കുന്നിൻ മുകളിലെ ഒറ്റപ്പെട്ട വീടിനു മുന്നിലെത്തി, കുറച്ചധികം തവണ ഉറക്കെ വിളിച്ചപ്പോഴാണ് മറുവിളി കേട്ടത്. രാമകൃഷ്ണൻ ആകെ ദേഷ്യത്തിലായിരുന്നു. ഒരു പ്രായമായ സ്ത്രീയും അവരെ പിന്തുടർന്ന് ഒരാളും എത്തിച്ചേർന്നു.
ആരാ…. അയാൾ രാമകൃഷ്ണനോട് ചോദിച്ചു.
ഞാൻ പോസ്റ്റാഫീസിൽ നിന്ന് പോസ്റ്റ്മാൻ, കത്തും കൊണ്ട്….
അപ്പോൾ രാഘവനോ ? അയാൾ മാറിയോ?
രാഘവൻ മരിച്ചിട്ട് കുറേ നാളായില്ലേ, നിങ്ങളിതൊന്നും അറിഞ്ഞിട്ടില്ലേ ?
മരിച്ചെന്നോ ? എപ്പോൾ?
തെല്ലൊന്ന് ആശ്ചര്യത്തോടെയും വേദനയോടെയും അയാൾ ചോദിച്ചു.
രാമകൃഷ്ണൻ കത്തിലെ അഡ്രസ്സ് വായിച്ചു കേൾപ്പിച്ചു.എന്നിട്ട് തുടർന്നു….ഈ വിലാസം നിങ്ങളുടേതുതന്നെയല്ലേ .
ഞങ്ങൾക്ക് കത്തുണ്ടോ? അയാൾ ചോദിച്ചു.
ഈ ചോദ്യത്തിന്റെ ഉത്തരം ക്ഷീണമായും ദേഷ്യമായും രാമകൃഷ്ണന്റെ മുഖത്ത് നിഴലിച്ചു. പണ്ട് രാഘവൻ ഉണ്ടായപ്പോൾ അവളുടെ എഴുത്തൊക്കെകൃത്യമായി കിട്ടിയിരുന്നു.ഇപ്പോമകളും പോയി ….രാഘവനും പോയി ….,
വണ്ടി പോലും എടുത്തെത്താൻ കഴിയാത്ത വഴിയിൽ രാഘവേട്ടൻ സ്ഥിരമായി കത്തുകളുമായി എത്താറുണ്ട് എന്നത് രാമകൃഷ്ണനെ അത്ഭുതപ്പെടുത്തി. രാഘവൻ വന്നിരുന്ന കാലത്ത് അവൻ തന്നെയാണ് എല്ലാ കത്തുകളും വായിച്ചു തരാറുള്ളതെന്നും അയാൾ പറഞ്ഞു.
കത്ത് വിലാസക്കാരനെ ഏൽപ്പിച്ച് മടങ്ങാനൊരുങ്ങവെ താനത് വായിച്ചു തരണമോ എന്ന് ചോദിക്കണമെന്ന് രാമകൃഷ്ണൻ കരുതിയെങ്കിലും ചോദ്യം തൊണയിൽ കുരുങ്ങി.
വിരോധമില്ലെങ്കിൽ ഇതൊന്നു വായിക്കുമോ , അയാൾ രാമകൃഷ്ണനോടു ചോദിച്ചു.
രാമകൃഷ്ണൻ കത്തു വാങ്ങി പൊട്ടിച്ച് തുറന്നു. അതിൽ ഒരു കടലാസിൽ ഒരു കൊച്ചു കുട്ടി വരച്ച പെൻസിൽ ചിത്രവും ചുവടെ “ഹാപ്പി ന്യൂ ഇയർ ഗ്രാൻഡ് ഫാദർ ” എന്നും എഴുതിയിരിക്കുന്നു. അതിന്റെ ചുവടെ ഗ്രേസി എന്ന് എഴുതിയതായി രാമകൃഷ്ണൻ വായിച്ചു കേൾപ്പിച്ചു. ഗ്രേഡി എന്ന പേര് വായിച്ചു കേട്ടപാടെ അവരുടെ മുഖത്ത് ക്രിസ്തുമസ് നക്ഷത്രങ്ങൾ തെളിയുന്നതായി രാമകൃഷ്ണന് തോന്നി.
അയാൾ പറഞ്ഞു , മരിച്ചു പോയ മകളുടെ മകളാ ഗ്രേസി … ഇത്രയും നാളിനിടയിൽ ഇതാദ്യായിട്ടാ…. അവൾക്കിപ്പോ എട്ട് വയസ്സായിക്കാണും അല്ലേടീ…. എടുത്തോണ്ട് നടന്നപ്പോഴെങ്ങാൻ ഒന്ന് വന്ന് കാണിച്ചിട്ടു പോയതാ. പിന്നെയിതാദ്യായിട്ടാ. അയാൾ തുടർന്നു എനിക്കെന്തോ അടക്കാൻ കഴിയാത്ത സന്തോഷം… മോനെന്താ തരിക …. ഒരു കപ്പ് കാപ്പി എങ്കിലും കൂടിച്ചേ പോകാവൂ… അയാൾ പറഞ്ഞു.
സ്നേഹത്തോടെ രാമകൃഷ്ണൻ ആ കപ്പ് കാപ്പി നിരസിച്ചു കൊണ്ട് പണിത്തിരക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് അവിടെ നിന്നും നടന്നു.
അപ്പോഴും അവരുടെ സന്തോഷം രാമകൃഷ്ണന് കേൾക്കാമായിരുന്നു. എന്തുകൊണ്ടാണ് പലരും ഇത്രയധികം രാഘവേട്ടനെ സ്നേഹിക്കുന്നതെന്ന് തിരിച്ചു നടത്തത്തിൽ അയാൾ ഓർത്തു. വണ്ടിയുണ്ടായിട്ടു പോലും തനിക്ക് എത്താൻ കഴിയാത്ത കുന്നിനു മുകളിൽ രാഘവേട്ടൻ എത്തിയിരുന്നു. പലപ്പോഴും അയാളുടെ മകളുടെ കത്തുകൾ വായിച്ച് രാഘവേട്ടനും അയാളും ചിരിക്കാറുണ്ടായിരുന്നത്രേ. ചില സന്തോഷം കൂടെ ഉണ്ടായ സമയത്ത് അയാൾ കൊടുത്ത ചായക്കാശുപോലും വാങ്ങാതെ അടുത്ത കത്തെത്തുമ്പോഴെത്താമെന്ന് പറഞ്ഞ് പിരിയാറുണ്ടായിരുന്നത്രേ …
രാമകൃഷ്ണൻ ഓർത്തു എങ്ങനെയാണ് രാഘവേട്ടനെ ഇത്ര പെട്ടെന്ന് മറക്കാൻ കഴിയുക. മദ്രാസിൽ നിന്നു അവൾ ആദ്യമായി അയച്ചു തന്ന പുതുവത്സര കാർഡ് എന്നെ ഏൽപ്പിച്ച് ചിരിയോടെ മറഞ്ഞ രാഘവേട്ടനെ ഓർത്തു കൊണ്ട് അടുത്ത വിലാസക്കാരനെ തിരഞ്ഞു കൊണ്ട് രാമകൃഷ്ണൻ താഴേക്കു നടന്നു…
ശുഭം…