ദൈവത്തിന്റെ വികൃതികൾ
എഴുത്ത്: മിഥില
അവൾ ധൃതിയിൽ ബാത്റൂമിൽ കയറി, ചുരിദാറിന്റെ പാന്റ് വലിച്ചൂരി അയയിലേക്കെറിഞ്ഞു. കാലുകൾ അകത്തി കൈകൊണ്ട് സ്വകാര്യ ഭാഗം ഒന്ന് തൊട്ടു നോക്കി. ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ട് ടോയ്ലറ്റ് സീറ്റിലേക്ക് ഇരുന്നു. മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ വെള്ളമൊഴിച്ചു വൃത്തിയാക്കുമ്പോൾ എന്തോ ഒരു സംശയത്തിൽ കൈ നോക്കി. നിറമില്ലാത്ത ദ്രാവകം കയ്യിൽ. ഒപ്പം അല്പം ചുവന്ന നിറവും. ആശ്വാസത്തോടെ ഇരുന്ന മനസ് വീണ്ടും കലുഷിതമായി. ഫ്ലഷ് ചെയ്ത്, കുളിച്ചു പാഡ് വെച്ച് കട്ടിലിൽ വന്നു കിടന്നു. കറങ്ങുന്ന ഫാനിൽ മിഴികളൂന്നി അനങ്ങാതെ കിടന്നു. അറിയാതെ മയങ്ങി.
വാതിലിലെ ശക്തമായ മുട്ട് കേട്ട് ഞെട്ടിയുണർന്നു. അസ്വസ്ഥതയോടെ ക്ലോക്കിലേക്ക് നോക്കി.
“ശോ സമയം പോയല്ലോ പടച്ചോനേ.”
ഓടിപ്പോയി വാതിൽ തുറന്നു. ഉമ്മി ആയായിരുന്നു.
“എന്താ ഐഷു? നീയെന്താ ഉറങ്ങിപ്പോയോ? നിനക്ക് ദേ കഴിക്കാൻ എടുത്തു വച്ചിട്ടിതെത്ര നേരായി. ഇജ്ജ് വന്ന് കയിക്കാൻ നോക്ക്” അവളെ വാത്സല്യത്തോടെ തലോടിക്കൊണ്ട് ഉമ്മ പറഞ്ഞു.
“വാ വന്ന് കഴിക്കു ഐസേ.”
അവളാണെങ്കിൽ നിർവികാരതയോടെ അമ്മയ്‌ക്കൊപ്പം നടന്നു. കരഞ്ഞു വീർത്ത കൺപോളകളും, കണ്ണീർ വീണു ചാലുകൾ തീർത്ത കവിൾത്തടങ്ങളും കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം മനസിലായി.
“പോട്ടെടാ. നമുക്കു സമയമായിട്ടില്ല. ഫൈസി വിളിച്ചോ.” ചോദിച്ചു തീർന്നപ്പോളേക്കും റൂമിൽ നിന്നും അവളുടെ ഫോൺ അടിക്കുന്നത് കേട്ടു. ഉമ്മയെ നോക്കി
“ചെല്ല്, അവനായിരിക്കും.”
അവൾ വന്ന് ഫോണെടുക്കുമ്പോളേക്കും കട്ടായി. തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോളേക്കും വീണ്ടും കാൾ വന്നു.
“ഹലോ, ഐസേ “
അവൻ സ്നേഹത്തോടെ വിളിച്ചു. മറുവശത്തെ മൗനം അറിഞ്ഞപ്പോൾ
“ഇക്കാന്റെ ഖൽബല്ലേ നീ. എന്തേലും മിണ്ടു പൊന്നേ. “
മറുപടി ഒരു തേങ്ങലായിരുന്നു. ഫൈസിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവർക്കിടയിൽ മൗനം തളം കെട്ടി. ആ നിശബ്ദത പരസ്പരം ഒരുപാട് സംസാരിച്ചു. ഇരുവരും ദീർഘ നിശ്വാസങ്ങൾ വിട്ടു. പിന്നെ ഒന്നും മിണ്ടാതെ ഫോൺ വച്ചു.
ഐഷു ഫോൺ അലസമായി ബെഡിലേക്കിട്ടുകൊണ്ട് ചരിഞ്ഞു കിടന്നു. ബെഡിന് സമീപം വച്ച ചെറിയ മേശയിലെ അവരുടെ വിവാഹഫോട്ടോ നോക്കിക്കിടന്നു.
പ്രായം പതിനേഴു കഴിയാൻ സമ്മതിക്കാതെ വീട്ടുകാർ ആദ്യം വന്ന പയ്യനുമായി കല്യാണം ഉറപ്പിച്ചു. 28വയസുള്ള ഫൈസി എന്ന ഫൈസൽ. സുഹൃത്തുക്കൾ ഒരുപാടില്ലാത്ത ഉൾവലിഞ്ഞ സ്വഭാവമുള്ള പയ്യൻ. വീട്ടുകാർ എന്ന് വച്ചാൽ ജീവനാണ് ഫൈസിക്ക്. ഇത്താത്ത സാറയും, ഉപ്പയും ഉമ്മയും സാറയുടെ 5 വയസ്സുള്ള ഇരട്ടകളായ രഹനയും റഹ്മാനും, അടങ്ങിയ ചെറിയ കുടുംബം. വിവാഹശേഷം ഏതു പെണ്ണും കൊതിക്കുന്ന സ്വർഗംപോലൊരു വീട്. എല്ലാ മലയാളിയും പോലെ എഞ്ചിനീയറിംഗ് കഴിഞ്ഞ ഉടനെ ഫൈസി ദുബായിൽ പോയി. പിന്നീട് വീട്ടുകാരുടെ ആഗ്രഹപ്രകാരം വിവാഹവും. പക്ഷേ 8 വർഷത്തെ അക്കരെ ഇക്കരെ നിന്ന വിവാഹജീവിതത്തിൽ ഇന്നുവരെ ഒരു കുഞ്ഞുമാത്രം ഇല്ലാതെ പോയി. കുടുംബക്കാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചു മടുത്ത അവളോട് ഫൈസിയുടെ ഉമ്മയും ഉപ്പയും തന്നെയാണ് പഠിക്കാനും ജോലിക്ക് പോകാനും പറഞ്ഞത്. പിന്നീട് ഇടയ്ക്ക് ഫൈസി ലീവിന് വന്ന് പോകുമ്പോൾ ഒരു പ്രതീക്ഷയാണ്. ഇന്ന് ഫൈസി ലീവ് കഴിഞ്ഞ് പോയിട്ട് ഒരു മാസമാകാൻ പോകുന്നു. മാസമുറ തെറ്റിയിട്ട് ഒരാഴ്ച ആയി. പ്രതീക്ഷയുടെ തിരിനാളം മനസ്സിൽ തെളിഞ്ഞു. പക്ഷേ വൈകുന്നേരം എല്ലാം…
ഓർമ്മകളിൽ അവൾ അൽപനേരം മുഴുകിപ്പോയി. പിന്നെ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. ഷാൾ കൊണ്ട് മുഖം തുടച്ചു. ഒരു ചിരി വരുത്തി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ മണം പിടിച്ചു കൊണ്ട് ചെമ്പു പൊക്കിക്കൊണ്ട് ആകാംഷയോടെ അവൾ ചോദിച്ചു.
“ഉമ്മാ, ഇന്ന് നെയ്‌ച്ചോറാണോ? ങേ, ദേ ചിക്കൻ. ഇന്ന് ഞാൻ വയറു നിറച്ച് കഴിക്കും.”
സന്തോഷത്തിൽ പറഞ്ഞ് നിർത്തി. ഉമ്മാ അവളെ കറി ഇളക്കിക്കൊണ്ട് തന്നെ നോക്കി, എന്നിട്ട് പറഞ്ഞു
“മോളേ, നീ ഇങ്ങനെ സങ്കടപ്പെട്ട് നടക്കണ്ടാ. സമയം ആകുമ്പോൾ എല്ലാം ശെരിയാകും. “
ഐഷുവിന്റെ പ്രതികരണം ഒന്നുമില്ലാതെ ഇരുന്നപ്പോൾ ഉമ്മാ കറിയുടെ അടുപ്പ് ഓഫാക്കി. അവളുടെ കൈപിടിച്ച് ഡൈനിങ് ടേബിളിൽ വന്നിരുന്നു.
“ഐഷു, നിനക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്. നിന്നോട് ഞങ്ങൾ മനഃപൂർവം പറയാതെ ഇരുന്നതാ. കാരണം ഞങ്ങളൊക്കെ എന്നേ മറന്നതാ അതൊക്കെ. “
ഐഷു നെറ്റിച്ചുളിച്ചു. ഉമ്മയുടെ മുഖം പഴയ ഓർമ്മകളിൽ നീറുന്ന പോലെ തോന്നി. എന്നിട്ട് തുടർന്നു.
“എന്നേം നിന്റെ പ്രായത്തിൽ തന്നെയാ നിക്കാഹ് കഴിപ്പിച്ചു കൊടുത്തത്. ഫൈസിയേപ്പോലെ തന്നെ സ്നേഹമുള്ള ആളാ അന്റെ ഉപ്പാ. അങ്ങനെ കല്യാണം കഴിഞ്ഞ് ഉടനെ ആദ്യ മാസം തന്നെ ഞാൻ ഗർഭിണിയായി. പക്ഷേ പടച്ചോന്റെ ഓരോ പ്രവർത്തികള്. രണ്ടാം മാസം അത് പോയി. പിന്നേം ഒരഞ്ചാറു മാസം കഴിഞ്ഞപ്പോ വീണ്ടും പ്രെഗ്നന്റായി. അതു 4 മാസം ആയപ്പോ പോയി. കൂട്ടക്കാര്ക്ക് ഞാനൊന്നു പെറ്റ് കണ്ടാൽ മതി. അനക്കറിയാലോ നമ്മടെ ഉപ്പാന്റെ പെങ്ങന്മാർക്കൊക്കെ നാലും അഞ്ചും മക്കളാ. എനിക്കാണേൽ ഒന്നു പോലും ഇല്ലാ. പിന്നെം രണ്ട് കൊല്ലത്തിൽ 3 അബോർഷൻ. ഞാൻ ചെറിയ പെൺകുട്ടി അല്ലേ. ശരീരം ആരോഗ്യം ഒക്കെ പോയിത്തുടങ്ങി, ഒപ്പം മനസിന് വിഷമവും. നിങ്ങടെ ഉപ്പാ എപ്പോളും എന്റെ കൂടെ ഉണ്ടാരുന്നേ. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു എന്റെ 25ആം വയസിൽ ഒരു മകളുണ്ടായി. സാറാ. സുന്ദരിക്കുട്ടി. താഴത്തും തറയിലും വക്കാതെ വളർത്തി. അപ്പോഴും കുടുംബത്തിൽ എനിക്കൊരു ആൺകുട്ടി ഇല്ലാത്തതു പ്രശ്നമായി. സാറാക്ക് 3വയസുള്ളപ്പോൾ ഫൈസിയുടെ ജനനത്തോടെ ആ പറച്ചിലും നിന്നു. പക്ഷേ പിന്നെ എല്ലാരും കുറ്റം പറയാൻ കാരണം ആക്കിയത് 17വയസിൽ കെട്ടി കൊറേക്കാലം കുഞ്ഞുങ്ങൾ ഇല്ലാത്ത കഥയാണ്. എന്ത് ചെയ്യാൻ. ആള്ക്കാര് പലതും പറയും.”
വിഷമത്തോടെ കെട്ടിരുന്ന ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മാ അവളെ നോക്കി പുഞ്ചിരിച്ചു.
“ഉമ്മാക്ക് പേരിനെങ്കിലും അമ്മ എന്ന വികാരം മനസിലായില്ലേ. അതിനുള്ള ഭാഗ്യം പോലുമില്ലാത്ത ഒരുത്തി അല്ലെ ഞാൻ.”
അവളുടെ കണ്ണുകൾ ഒഴുകിക്കൊണ്ടേ ഇരുന്നു. ഉമ്മാ അവളുടെ കണ്ണുകൾ തുടച്ചു. തന്റെ തലയിൽ തലോടുന്ന കൈകൾ നോക്കിയപ്പോൾ “ഉപ്പാ” എന്നവൾ വിളിച്ചു. ഐഷുവിന്റെ തലയിൽ വിരലോടിച്ചു ഉപ്പാ പറഞ്ഞു.
“മോളേ, നീ ബേജാറാവണ്ടാ. ഞങ്ങള്ക്ക് ഒട്ടും തെരക്കില്ല. പയ്യെ ഉപ്പുപ്പാ ആയാ മതി. പടച്ചോൻ തരട്ടെ. അത് വരെ ഞങ്ങള് ചെറുപ്പകാരായി ഇരിക്കട്ടെന്ന്. “
എപ്പോഴും തമാശ പറയുന്ന ഉപ്പയുടെ അസ്ഥാനത്തെ തമാശ കേട്ട് ഉമ്മാ ശാസനയോടെ നോക്കി. പക്ഷേ ഐഷുവിന്റെ മുഖം പയ്യെ തെളിഞ്ഞു വന്നു. ഉപ്പായെ നോക്കി. മകന്റെ കുഞ്ഞിനെ കാണാനുള്ള കൊതി ഉണ്ടെങ്കിലും മനസിൽ ഒളിപ്പിക്കുകയാ പാവം അവളോർത്തു. എന്നിട്ട് എഴുന്നേറ്റ് കൊച്ചു കുട്ടിയേപ്പോലെ ഉപ്പയുടേം ഉമ്മയുടേം കവിളിൽ പിടിച്ചു.
“അങ്ങനെ സുഖിക്കണ്ട. പടച്ചോനോട് ഞാൻ പറഞ്ഞിക്കിന്. രണ്ടാളും സൂക്ഷിച്ചോ. “
ഉപ്പയും ഉമ്മയും ചിരിച്ചു. ഉപ്പാ അവളെ നോക്കി.
“ഐഷു”
“എന്താ ഉപ്പാ? “
“എന്നാ ഇനി ഉപ്പാ പറയുന്നത് മോളു കേക്കാമോ. “
“ഉപ്പാ പറയ്യ് ” ഐഷു ശ്രദ്ധയോടെ കേക്കുന്ന ഭാവത്തിൽ നോക്കി.
“എന്റെ ചങ്ങായിടെ മോൾക്ക് കുട്ടികൾ ഇല്ലാതെ ഇരുന്നപ്പോ പോയ ഒരു ഡോക്ടർ ഉണ്ട്. അവരെ ഒന്നു പോയിക്കാണ്. ഞങ്ങളുടെ കെട്ട് കഴിഞ്ഞ കണക്കു നോക്കിയാ കുറച്ചൂടെ വലിയ മക്കളൊക്കെ ഉണ്ടാകണ്ടതാ. ഹാ പടച്ചോന്റെ തീരുമാനങ്ങള് നമ്മക്കറിയോ.” ദീർഘനിശ്വാസം വിട്ടു. “അപ്പൊ അന്നത്തെക്കാലത്തെ ആരും ഇതൊന്നും ഡോക്ടർ നെ കാണിക്കില്ല. ഒക്കെ നാണക്കേടാ. നിങ്ങള് പഠിച്ച മക്കളല്ലേ. ഫൈസിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അടുത്ത തവണ അവൻ വരുമ്പോ നീയും കൂടെ ദുബായ്ക്ക് പോകുവാ. കേട്ടല്ലോ “
ഐഷു ഷാൾ കൊണ്ട് വായപൊത്തി. പിടിച്ച് നിർത്തിയ കണ്ണുകൾ വീണ്ടും ഒഴുകി. ഉമ്മാ പറഞ്ഞു.
“ഇതൊക്കെ അന്നത്തെക്കാലത് ആര് പറഞ്ഞ് തരാൻ. നീ ഫൈസീന്റെ കൂടെ പോ. കുറച്ചു കാലം അവിടെ നിക്ക്. ഡോക്ടറെ കാണ്.”
അവളെന്തോ പറയാൻ വന്നപ്പോൾ ഉമ്മാ കൈകൊണ്ട് തടഞ്ഞു.
“നിന്റുപ്പാ അബ്ദുനേ ഞങ്ങള് പറഞ്ഞ് മനസിലാക്കിക്കോളാം. പിന്നെ കായിന്റെ കാര്യം. അത് ആവോളം ദേ ഈ നിന്റുപ്പാ ഉണ്ടാക്കിയിട്ടുണ്ട്. അത് മാത്രം പോരല്ലോ.”
അവൾ വീണ്ടും കണ്ണീർ പൊഴിച്ചു. പക്ഷേ ആ മാതാപിതാക്കളുടെ സ്നേഹവും കരുതലും കണ്ടിട്ടായിരുന്നു ഇത്തവണ കരഞ്ഞത്.
പിന്നെ, മക്കളില്ലാത്ത വേദന അതൊരിക്കലും വിശദീകരിക്കാൻ കഴിയില്ല. അതുകൊണ്ട് നിർത്തുന്നു. മക്കൾ ഇല്ലാത്തവർ ഒരിക്കലും വിഷമിക്കരുത്. നിങ്ങളും ദൈവത്തിന്റെ പ്രിയപ്പെട്ട ആൾക്കാർ തന്നെയാ.