കുടുംബം
എഴുത്ത്: ആദർശ് മോഹനൻ
ഇന്നച്ഛൻ അമ്മയുടെ കവിളിൽ നുള്ളിയത് കണ്ടപ്പോൾ നാണം കൊണ്ട് കണ്ണു മാറ്റി ഹാളിൽ നിന്നും പുറത്തേക്കിറങ്ങി ഞാൻ, രണ്ടാളും ഇണക്കുരുവികളെപ്പോലെ ഒന്നും രണ്ടും പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ലോകത്തെ ഏറ്റവും സന്തോഷവാനായ മകൻ ഈ ഞാനായിരിക്കുമെന്നാണെനിക്ക് തോന്നിയത്
അതെ അച്ഛനൊരുപാട് മാറി, അമ്മയും…………
കാലം സഞ്ചരിച്ച തോണിയിലെ കയ്പേറിയയാ ഭൂതകാലത്തിന്റെ ഓർമ്മകൾ മനസ്സിനെ തൊട്ടുണർത്തുകയായിരുന്നു എന്നെ
കുത്തഴിഞ്ഞയാ ബാല്യത്തിന്റെ കണക്കെടുത്തു നോക്കുമ്പോൾ ഇന്നു നയിക്കുന്നയെന്റെയീ ജീവിതം സ്വർഗതുല്യമാണെന്ന് ഞാൻ മനസ്സിലാക്കുകയാണിപ്പോൾ
പൊട്ടിയ വാറു ചെരുപ്പിനു പകരം രാമേട്ടന്റെ കടയിലെ ചുവന്ന വള്ളിച്ചെരുപ്പെനിക്ക് വാങ്ങിത്തരണമെന്നു വാശി പിടിച്ചു കരഞ്ഞ ഒരു ആറു വയസ്സുകാരനുണ്ടായിരുന്നു, അന്നത്തെ അത്താഴം മുടക്കി സമര പ്രഖ്യാപനത്തിനിരുന്നപ്പോൾ അച്ഛന്റെ വള്ളിച്ചൂരലാലാണാ വാശിയെ തല്ലിത്തോൽപ്പിച്ചതും
അപ്പോഴെല്ലാo വട്ടംപിടിച്ചെന്നെയാ ചൂരൽപ്പഴത്തിൽ നിന്നും കാക്കാറുള്ള അച്ഛമ്മ ചേർത്തു പിടിച്ചെന്റെ കണ്ണീരൊപ്പിക്കൊണ്ടെന്നോടായ് പറയാറുണ്ട്
” ഞാൻ പട്ടണത്തിൽ പോവുമ്പോ പുതിയതൊരു ജോടി വാങ്ങിത്തരാട കണ്ണാ കരയണ്ടാട്ടോ” എന്നച്ഛമ്മ പറഞ്ഞപ്പോൾ അലമാരിയിലിരിക്കണ കാശു കുടുക്കയിലേക്കെന്റെ കണ്ണൊന്നു പാളിയിരുന്നു
കണ്ണീരോടെ ഞാനാ മാറിലെ ചുളുവിലൊട്ടിക്കിടക്കുമ്പോൾ തുടയിടുക്കിലെ ഇരട്ട വടുവിലൂടെ വിരലുകളാൽ തഴുകിത്തലോറുണ്ടെന്റെയച്ഛമ്മ
ഉറങ്ങിയെണീക്കും മുൻപേ ആ വാറു ചെരുപ്പ് കനം കുറഞ്ഞ നൂൽക്കമ്പി കൊണ്ട് കെട്ടിയിട്ട് ധരിക്കാൻ പാകത്തിലിരിക്കണ കണ്ടപ്പോൾ തെല്ലൊന്നുമല്ലന്ന് ഞാൻ സന്തോഷിച്ചത്
പലപ്പോഴും അച്ഛന്റെ ഉത്തരവാദിത്വ ബോധത്തെ കുറിച്ചോർക്കുമ്പോൾ മനസ്സിടക്കിടെ വിങ്ങിപ്പൊട്ടാറുണ്ട്, രാത്രി കുടിച്ച് നാലുകാലിലാടി വരുന്ന അച്ഛനെ കാണുമ്പോൾ ദേഷ്യത്തേക്കാളേറെ സങ്കടമാണുള്ളിൽ തോന്നാറുള്ളതും
വീട്ടിലെന്നും വഴക്കും വക്കാണവും മാത്രമായിരുന്നു , കയ്യും കണക്കുമില്ലാതെ അമ്മയെയും അച്ഛമ്മെയെയും വായിൽ തോന്നിയതു വിളിച്ച് പറഞ്ഞില്ലെങ്കിൽ അച്ഛനന്നത്തെ ദിവസം ഉറക്കമുണ്ടാകില്ലെന്നതാണ് സത്യവും
അന്നുo ഒരു വാക്ക് പോലും ഉരിയാടാതെയതെല്ലാം കേട്ടു നിക്കണ അച്ഛമ്മേനെ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടെനിക്ക്
അപ്പോഴൊക്കെ പെങ്ങന്മാർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാ വീരനായകനോട് മനസ്സിൽ പുച്ഛം തോന്നിയിട്ടുണ്ടെനിക്ക്
അന്നു വൈന്നേരം കുടിച്ച് ബോധമില്ലാതെ വീട്ടിലേക്ക് കടന്നു വന്ന അച്ഛന്റെ കയ്യിൽ ഒരു കുഞ്ഞു പൊതിയും ഉണ്ടായിരുന്നു, പൊതി തുറന്ന് പാതി ബോധത്തിൽ അതിനുള്ളിലെ കുഞ്ഞുടുപ്പ് എന്റെ കുഞ്ഞനിയത്തിക്കു നേരെ നീട്ടിയപ്പോൾ ജീവിതത്തിലിന്നേ വരെ ആ കൈകൊണ്ടൊരു പുത്തനുടുപ്പ് കിട്ടിയില്ലാത്ത എനിക്ക് അവളോട് അളവറ്റ അസൂയ തോന്നിയിരുന്നു
അന്നൊക്കെ അച്ഛമ്മേടെ കാശു കുടുക്ക നോക്കി മനസ്സിൽ ആശ്വാസം കണ്ടെത്താറുണ്ട്, അതിന്റെ വലിയൊരു പങ്ക് എനിക്കു വേണ്ടിയാണ് മാറ്റി വച്ചിരുന്നത് എന്ന് ഞാൻ സ്വയം വിശ്വസിച്ചിരുന്നു, ആരൊക്കെ തള്ളിപ്പറഞ്ഞാലും ന്റെ കുറുമ്പക്കുട്ടിക്ക് എന്നോടാണ് കൂടുതൽ സ്നേഹം എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു,
ഊണുകഴിക്കുന്നതിനിടയിൽ ചോറിന് ഉപ്പില്ലെന്നും പറഞ്ഞ് പാത്രത്തോടക്കമാ കിഴക്കേപ്പുറത്തെ മാവിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ഒന്നും ഉരിയാടാതെ ആ മൂലക്കിരുന്നു കരയുന്നുണ്ടായിരുന്നു അമ്മ,
എന്റെ അമ്മ ഒരു പാവമാണ് അതുകൊണ്ട് തന്നെയാണ് അച്ഛന്റെ പേക്കൂത്തുകൾക്ക് ഒരു കളിപ്പാവയെപ്പോലമ്മ നിന്നു കൊടുക്കാറുള്ളതും
ഒപ്പം എന്തിനും ഏതിനും സാമ്പത്തികമായി സഹായിക്കാറുള്ള അമ്മേടെ ആങ്ങളമാരെ ഓരോരുത്തരുടേയുo പേരെടുത്ത് പറഞ്ഞ് തെറി കൊണ്ടച്ഛൻ അഭിഷേകമർപ്പിച്ചപ്പോൾ ഞങ്ങൾ കാണാതെ എണീറ്റ് പോയി പിന്നാമ്പുറത്തെ അടുപ്പുകല്ലിനരികിലിരുന്നു ആ സങ്കടം കരഞ്ഞു തീർക്കുകയാണമ്മ ചെയ്യാറുള്ളതും
അപ്പോഴും പേടിച്ചിരണ്ട അഞ്ജുട്ടിയെ മടിയിലിരുത്തി ഉരുളയൂട്ടുന്ന അച്ഛമ്മയവിടെ വായടഞ്ഞ പ്രതിമയായി മാറുകയായിരുന്നു ഉണ്ടായത്
ഉരുളയുരുട്ടി വായിൽ വെച്ചപ്പോൾ അന്ന് കൂട്ടിയ കാന്താരി മുളക് ചമ്മന്തിക്ക് എരിവായിരുന്നില്ല ഉണ്ടായിരുന്നത് മറിച്ച് നാവിൽ കൂറിയത് കയ്പ്പു രുചിയായിരുന്നു അമ്മിക്കല്ലിലേക്കൂർന്നു വീണ എന്റെ അമ്മേടെ കണ്ണീരിന്റെ കയ്പു രുചി
പിറ്റേന്ന് ശിവരാത്രിക്ക് ആലുവയിലേക്ക് ആണ്ടു ബലിയിടാൻ പോകാനിരുന്ന അച്ഛമ്മ ആ കാശു കുടുക്ക പൊട്ടിക്കുമ്പോൾ മനസ്സിൽ വല്ലാതെ ആഹ്ലാദം തോന്നിയിരുന്നു ഏതു പട്ടിക്കും ഒരു ദിവസമുണ്ടാകും എന്ന നിലയിൽ പ്രതീക്ഷയർപ്പിച്ചിരുന്നപ്പോൾ ആ പ്രതീക്ഷയെ തെറ്റിച്ചെന്നോണമാണ് അഞ്ജുട്ടിക്കുള്ള കല്ലുപതിച്ച കമ്മലുമായച്ഛമ്മ വീട്ടിലേക്ക് കടന്നുന്നു വരുന്നത്
അന്ന് അവളോട് തോന്നിയിരുന്ന ദേഷ്യം ചെറുതൊന്നുമായിരുന്നില്ല, പരിഭവമൊന്നും പറയാതെ ഈ വീട്ടിൽ ഞാൻ വെറുമൊരു രണ്ടാoകുടിയാണെന്നു സ്വയം വിശ്വസിക്കുകയാണ് ചെയ്തതും…
അച്ഛമ്മ പോയതിൽ പിന്നെ വീട്ടിലെ അവസ്ഥകൾ ഒന്നൂടെ തകിടം മറിയുകയാണുണ്ടായത്. അച്ഛമ്മ പാടത്തും പറമ്പിലും പണിയെടുക്കുകയും ഒപ്പം അമ്മയുടെ തയ്പുo കൂടിയായിട്ടാണ് ജീവിതം മുൻപോട്ട് പോയിരുന്നത്.
തണ്ടും തടിയുo വന്നു തുടങ്ങും മുൻപേ സ്വന്തമായി വരുമാന മാർഗമെന്നോണം ഞാൻ കാറ്ററിംഗിന് പോകാറുണ്ട്, ചിലപ്പോഴൊക്കെ ക്ലാസ്സ് കട്ട് ചെയ്തുo പല പല ജോലികൾക്ക് പോകും
പ്ലസ് ടൂ വിൽ പഠിക്കുമ്പോഴാണ് ഉച്ചയ്ക്ക് ക്ലാസ് കട്ട് ചെയ്ത എന്നെ കയ്യോടെ പിടികൂടി പ്രിൻസിപ്പൾ, വീട്ടിൽ നിന്ന് ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് ക്ലാസ്സ് ടീച്ചർ പറഞ്ഞപ്പോൾ പിറ്റേ ദിവസം ഞാനമ്മയെ കൊണ്ടാണ് സ്കൂളിൽ ചെന്നത്
പൊന്നുമോന്റെ ലീലാവിലാസങ്ങൾ എണ്ണിയെണ്ണി ടീച്ചർമാർ മാറി മാറി ഏറ്റുപറയുമ്പോൾ എന്റെയമ്മയ്ക്കു കുലുക്കമൊന്നും ഉണ്ടായിരുന്നില്ല
എല്ലാം കേട്ടു നിന്ന് തിരികേയിറങ്ങിയ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു, അന്നു കൈയ്യിലാകെയുള്ള അമ്മാമ കൊടുത്ത സ്വർണ്ണവളയൂരി എന്നെയേൽപ്പിച്ചമ്മയെന്നോട് പറയുന്നുണ്ടായിരുന്നു എന്റെ മോനിനി എങ്ങോട്ടും പോകണ്ട നന്നായി പഠിച്ചാൽ മാത്രം മതി എന്ന്
ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെയാ വട്ടവളയെ ഞാൻ തിരിച്ചേൽപ്പിക്കുമ്പോൾ ഞാനറിയാതെ തന്നെ എന്റെ മിഴിയൊന്നു തുളുമ്പിയിരുന്നു
പതിവു പോലെയെന്നോണം അച്ഛന്റെ കരവിരുതിനെ വാക്കു കൊണ്ട് ഞാൻ എതിർക്കാൻ ആരംഭിച്ചു, അമ്മയെ തല്ലാനോങ്ങിയ കൈയ്യിൽ ഞാൻ വട്ടം പിടിച്ചപ്പോൾ ആ പാളക്കയ്യിൽ പിടിമുറുക്കിയ എന്റെ കവിളിൽ ആഞ്ഞടിക്കുകയായിരുന്നു അമ്മ.
ഇതു കണ്ടു നിന്നയെന്റെ കുഞ്ഞിപ്പെങ്ങൾ തട്ടിൻ പുറത്തെന്തൊക്കെയോ പരതി നോക്കുന്നുണ്ടായിരുന്നു, കയ്യിൽ കിട്ടിയ കുരുടാന്റെ കുപ്പി പൊട്ടിച്ച് വെള്ളച്ചോറിൽ കുഴച്ചവൾ അച്ഛനു നേരെ നീട്ടിയിട്ട് പറഞ്ഞു
” ആദ്യം എനിക്കും ഏട്ടനും വാരിത്താ, എന്നിട്ട് നിങ്ങൾ രണ്ടാളും എന്തു വേണേലും ആയിക്കോളു” എന്നവൾ പറയുമ്പോ പതിനാറുകാരിയുടെ പൈങ്കിളി സ്വരമായിരുന്നില്ല ആ വാക്കുകൾക്ക്
ജീവിതത്തിലാദ്യമായാണ് അച്ഛന്റെ തല കുനിഞ്ഞു നിൽക്കുന്നത് ഞാൻ കാണുന്നത്, അന്നു മുതൽ എന്റെയച്ഛൻ കുടിക്കാറുണ്ടെങ്കിലും ആണ്ടിനും സംക്രാന്തിക്കും ആഘോഷങ്ങളിലുമായി അതങ്ങനെ ഒതുങ്ങിപ്പോയിരുന്നു
അവളെ ഡിഗ്രീക്ക് ചേർക്കാൻ കോളേജിലേക്ക് പോകാനായി അഞ്ചിന്റെ പൈസ ഉണ്ടായിരുന്നില്ലന്നറിഞ്ഞപ്പോഴാണ് ഒഴിഞ്ഞ കഴുത്തിനെപ്പറ്റി പരാതി പറയാറുള്ള അവൾ ഒന്നും മിണ്ടാതെയാ വെള്ളക്കല്ലു പതിച്ചയാ കമ്മലൂരിയച്ഛനെ ഏൽപ്പിക്കുന്നത്, അതേൽപ്പിക്കുമ്പോഴും അവളാ കണ്ണുകൾ നിറയാതെ നോക്കുന്നതു കണ്ടപ്പോൾ നെഞ്ചൊന്നു നീറിയതാണ്
എന്റെ മുഖത്തു നോക്കിക്കൊണ്ട് പുഞ്ചിരിച്ച അവളുടെ മുഖം കണ്ടപ്പോൾ ഒരു ആങ്ങളയെന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയാൻ പറ്റാതെ നിന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു
എനിക്കറിയാം അവളന്ന് പുഞ്ചിരിച്ചു നിക്കുമ്പോഴും ഉള്ളിൽ എത്ര മാത്രം കരയുന്നുണ്ടായിരുന്നെന്ന്
സമപ്രായക്കാരുടെ മുൻപിൽ ഇടപഴകുമ്പോഴെല്ലാം അഴിച്ചിട്ട മുടിയാലവൾ കാതു മറക്കുമ്പോഴും കഴുത്തു കൂടുതലുള്ള ചുരിദാറാണ് ഇഷ്ട്ടമെന്നവൾ പറയുമ്പോഴും ഒഴിഞ്ഞുകിടന്നയാ കാതും കഴുത്തും എന്റെ ഉറക്കം തെറ്റിക്കാറുണ്ട്
അന്നു മുതൽ ഞാനവൾക്കു വേണ്ടി മാത്രമേ ജീവിച്ചിട്ടുള്ളോ ഡിപ്ലോമാ കോഴ്സ് കംപ്ലീറ്റ് ആകുമ്പോഴേക്കും മിസ്സ് ചെയ്ത ക്ലാസുകളുടെ പരിണിത ഫലമെന്നോണം കുമിഞ്ഞു കൂടിയ സപ്ളികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയിട്ടുപോലും ഇല്ലായിരുന്നു ഞാൻ
അന്നു മുതലുള്ള അധ്വാനം വീട്ടിലെ വിശപ്പടക്കാനും അവളുടെ മനസ്സു നിറക്കാനും വേണ്ടി മാത്രമായി ആയി മാറി
പെയിന്റ് പണിക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് കല്ലുപണിക്കു വേണ്ടിയായിരുന്നു
ഇത്തിരിപ്പൊന്നയീച്ചെക്കനേക്കൊണ്ടിതൊക്കെ പറ്റുമോ എന്ന് ആശാൻ ശങ്കരേട്ടനതു പറയുമ്പോൾ ഒരു കൈ നോക്കാമെന്ന മട്ടിലാണ് ഞാനും നിന്നത്
കല്ലു ചുമന്നുകൊണ്ടു കൊടുക്കുമ്പോഴും ചീള് പറുക്കി വാരിക്കൂട്ടുമ്പോഴും മനസ്സിൽ അവളുടെ ഒഴിഞ്ഞ കഴുത്തിന്റെയും കാതിന്റെയുo ചിത്രം മാറി മാറി തെളിഞ്ഞു കാണാറുണ്ട്, അപ്പോഴൊക്കെ തളർന്നയെന്റെ ഇരു കൈകൾക്കും എവിടെ നിന്നൊക്കെയോ ഇരട്ടി ഊർജം കിട്ടിയ പോലെ തോന്നാറുണ്ട്.
ചാറ്റൽ മഴയത്ത് കല്ല് ചുമക്കുന്ന സുഖം , അതൊന്നു വേറെത്തന്നെയാണ് . ഒരു മാസത്തെ പണി കഴിഞ്ഞ് മൊത്തത്തിലാ പൈസ വാങ്ങി ജ്വല്ലറിയിലേക്കോടുമ്പോൾ പണിക്കിടയിൽ ചാറ്റൽ മഴ കൊണ്ടപ്പോഴുണ്ടായ അതേ കുളിരായിരുന്നു മനസ്സിനാകെ
അച്ഛന്റെ മുൻപിൽ വച്ച് തന്നെ ഞാനാ മാലയും കമ്മലും അവളെയേൽപ്പിക്കുമ്പോൾ അത് നോക്കി നിന്ന അമ്മയെന്തിനാണ് പൊട്ടിക്കരഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായിട്ടുണ്ടായിരുന്നില്ല
എന്നെ വാരിപ്പുണർന്ന് ഏട്ടായെന്നും വിളിച്ച് ഏങ്ങിക്കരഞ്ഞ അവളെ മുഖമടുപ്പിച്ച് മുത്തം നൽകി ഒന്നേ ഞാൻ പറഞ്ഞുള്ളോ . മുടിയിനി പിറകിലോട്ട് വലിച്ച് കെട്ടണം, പിന്നെ ആ കഴുത്തുള്ള ചുരിദാറ് , അതെനിക്ക് ഇഷ്ട്ടമല്ല കത്തിച്ച് കളഞ്ഞേക്ക് അത് എന്ന്
കമ്മലും മാലയുമണിഞ്ഞ് അവളവളുടെ കൂട്ടുകാരികളുടെ ഇടയിൽ ചെന്നു നിന്നിട്ടിങ്ങനെ പറയാറുണ്ടിങ്ങനെ
എന്റെയേട്ടൻ…………….. എന്റെയേട്ടൻ വാങ്ങിത്തന്നതാണ് ഇത് എന്ന്
എന്റെയേട്ടൻ എന്റെയേട്ടൻ എന്നവൾ ആവർത്തിച്ചാവർത്തിച്ച് പറയുമ്പോൾ ഉള്ളിലെനിക്ക് എന്നോട് തന്നെ ഒരുപാട് മതിപ്പ് തോന്നിയിരുന്നു,
അപ്പോഴൊക്കെ മനസ്സിടക്കെ ഉരുവിടുo
അതെ നിന്റെ ഏട്ടൻ
നിന്റെ മാത്രം ഏട്ടൻ,
അതു കൊണ്ടാ ഇങ്ങനെയൊക്കെ എന്ന്
വൈന്നേരം ഉറങ്ങാൻ കിടന്നപ്പോ അമ്മയെന്റെ മുറിയിലേക്ക് കടന്നു വന്നു, കരിങ്കൽ ചീളു കൊണ്ട് മുറിഞ്ഞയെന്റെ കാലിന്റെ മുറിവിലൂടെ വിരലുകൊണ്ട് പരത്തിനോക്കുമ്പോഴും ഒരിക്കൽ പോലും എന്നോട് ചോദിച്ചിട്ടില്ല അതെങ്ങനെ മുറിഞ്ഞു എന്ന്,
പെയിന്റ് പണിക്ക് പോയി വരുമ്പോ വർക്കിംഗ് ഡ്രസ്സിൽ ഒരു തരി പെയിന്റ് എന്താ ഇല്ലാത്തേ കണ്ണാ എന്നും ചോദിച്ചിട്ടില്ലെന്നോട് , കാരണം എന്റെ അമ്മയ്ക്ക് മാത്രം അറിയായിരുന്നു ഞാൻ പെയിന്റ് പണിക്കല്ല മറിച്ച് കല്ല് പണിക്കാണ് പോയിട്ടുണ്ടായിരുന്നത് എന്നത്
ഒരു വാക്കു കൊണ്ടുപോലും എന്റെയമ്മയെന്നെ തടയാത്തതിന്റെ പൊരുളെനിക്കറിയാം, കാരണമെന്തെന്നാൽ എന്നെക്കാൾ നന്നായി ഞാൻ വച്ചു പുലർത്തുന്ന എന്റെ വാശിയെ ഏറ്റവും നന്നായി അറിയുന്നതെന്റെ അമ്മയ്ക്കാണ്
ചെറുതാണെങ്കിലും സുഹൃത്ത് മുഖാന്തരം ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ മുതൽ ഭാരങ്ങൾ ഓരോന്നോരാന്നായി തീർക്കാനുള്ള കെൽപ്പായിത്തുടങ്ങി
ജോലിക്ക് സ്ഥിരത കൈവരിച്ചപ്പോൾ അത്താഴത്തിന് വിഭവങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു
അപ്പോഴും ഊണിലും ഉറക്കത്തിലും അവളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത, എനിക്ക് സാധിക്കാത്തത് അവളിലൂടെയെനിക്ക് നേടിയെടുക്കണം എന്ന വാശി മാത്രമാണ് ബാക്കിയായുണ്ടായിരുന്നത്
അവളുടെ കോളേജിൽ ടൂർ പ്ലാൻ ചെയ്തപ്പോൾ ഞാൻ പോകുന്നില്ല ഏട്ടാ എന്ന് എന്നോടവൾ പറയുമ്പോ ജീവിതത്തിലൊരിക്കൽ പോലും തൃശ്ശൂര് കാഴ്ച്ച ബംഗ്ലാവിലേക്ക് പോലുമൊരു വിനോദയാത്രക്ക് പോകാത്തയെന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നിരുന്നു
എനിക്കറിയാം എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാനാണവൾ ഊട്ടിയിലെ തണുപ്പ് എനിയ്ക്ക് പറ്റില്ല ഏട്ടാ തണുപ്പടിച്ചാൽ എനിക്ക് അസുഖം ഉറപ്പാണെന്നോട് പറഞ്ഞത്
ടൂറിന് ആവശ്യമായ മൂവ്വായിരം രൂപ അവൾക്കു നേരെ വച്ച് നീട്ടുമ്പോൾ നിറഞ്ഞ കണ്ണാലാ പച്ച നോട്ടുകൾ തിരികേയേൽപ്പിച്ചു കൊണ്ടവളെന്നോട് പറയുന്നുണ്ടായിരുന്നു
എന്റെ ഏട്ടൻ കാണാത്ത ഊട്ടി എനിക്ക് കാണാൻ ആഗ്രഹമില്ല ഏട്ടാ എന്ന്
എന്റെ മുഖമാ പഴയ കാശു കുടുക്കയിരുന്നയിടത്തേക്കൊന്നു വീണ്ടും പാളി, കുടുക്കക്ക് പകരം ചുമരോട് ചേർന്നിരുന്നയാ ഫോട്ടോയിൽ വശ്യമായ പുഞ്ചിരിയോടെയെന്നെത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്റെ അച്ഛമ്മ
ആണായിപ്പിറന്നാൽ ആശ്രയിക്കാതെ ജീവിക്കണമെന്നെന്നെ പറഞ്ഞു പഠിപ്പിച്ച ന്റെ കുറുമ്പക്കുട്ടിയുടെ പുഞ്ചിരിച്ച മുഖം കണ്ടപ്പോൾത്തന്നെ മനസ്സുനിറഞ്ഞിരുന്നു എന്റെ
പതിവുപോലെ അതിരാവിലെ അച്ഛനെണീക്കും മുൻപേ തലയിണക്കരികിലാ നൂറിന്റെ നോട്ട് ചുരുട്ടിക്കൂട്ടി വെച്ചാ മുറിയിറങ്ങിപ്പോരുമ്പോൾ നിറഞ്ഞ കണ്ണിൽ പുഞ്ചിരി പടർത്തി നോക്കി നിൽക്കുന്നുണ്ടായിരുന്നു എന്റെയമ്മ
പതിവുമ്മ ഞാനാ കവിളിൽ നൽകിയാ പടിയിറങ്ങിപ്പോരുമ്പോൾ നാവിൽ നുണഞ്ഞത് പണ്ടത്തെ കണ്ണീരിന്റെ കയ്പു രുചിയായിരുന്നില്ല, മറിച്ച് മധുരമായിരുന്നു അതിന് , കാടൻമാർ കടഞ്ഞെടുത്ത നല്ല കാട്ടുതേനിന്റെ ഇരട്ടി മാധുര്യം
പടിയിറങ്ങിപ്പോരുമ്പോഴും എന്റെ മനസ്സെന്നോടാ പതിവു ചോദ്യം ആരാഞ്ഞു കൊണ്ടിരുന്നു
” എന്തിനു വേണ്ടി, ആർക്കു വേണ്ടി ” എന്നയാ ചോദ്യം
എനിക്കതിന് മറുപടിയുണ്ടായിരുന്നു
“എന്റെ അച്ഛന് വേണ്ടി , എന്റെ അമ്മയ്ക്ക് വേണ്ടി, എന്റെ അഞ്ജുട്ടിക്ക് വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി , അതിനുമെല്ലാമുപരി എനിക്ക് വേണ്ടി, കാരണം എന്റെ കുടുംബത്തിന്റെ സന്തോഷമാണ് എന്റെയും സന്തോഷം ” എന്ന മറുപടി