അവള് ചൂണ്ടി കാണിച്ച കടലിലെ അവൾക്ക് പ്രവേശിക്കാൻ കഴിയുന്ന വൃത്തത്തിന്റെ ഓരത്ത് ഞാൻ കണ്ടു, വെള്ളത്തിൽ ഉയർന്നു താഴുന്ന എന്റെ റാണിയെ…

എഴുത്ത്: ജിഷ്ണു രമേശൻ

കപ്പലിലെ താഴേ തട്ടിലുള്ള മുറിയിൽ നിന്ന് കിട്ടിയ കൊച്ചു ഡയറി കോട്ടിനുള്ളിൽ തിരുകി അയാള് മുകളിലേക്ക് ഓടി..

അഞ്ചു മാസം മുൻപ് കപ്പലിൽ പുതിയതായി ജോലിക്ക് കയറിയതാണ് അയാള്..കപ്പലെന്ന ലോകം അറിയാനായി താഴേ തട്ടിൽ തിരയുമ്പോഴാണ് ആ ഡയറി അയാൾക്ക് കിട്ടുന്നത്…

അവിടെ കണ്ടൊരു ജോലിക്കാരനോട് അയാളാ ഡയറി കാണിച്ച് തിരക്കി. ഡയറി വാങ്ങിയൊന്ന് തിരിച്ചും മറിച്ചും നോക്കിയിട്ട് അയാള് പറഞ്ഞു,

‘ ദാ അദ്ദേഹത്തോട് ചോദിച്ചു നോക്കൂ, ഈ കപ്പലിൽ വർഷങ്ങളായി ജോലി ചെയ്യുന്നതാണ്..’

ഡയറി വാങ്ങി ആ മനുഷ്യന്റെ മുന്നിലേക്ക് നടന്നു..അദ്ദേഹത്തിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു,

“സാർ, ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം, താഴെ അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് കിട്ടിയതാണ് ഈ ഡയറി..ഇത് ആരുടേതാണെന്ന് അറിയാൻ ഒരു ആകാംഷ…!”

അയാളത് വാങ്ങി തുറന്നു നോക്കി, കറ പുരണ്ട അതിനുള്ളിലെ ഫോട്ടോ ഒന്ന് സൂക്ഷിച്ച് നോക്കിയതിനു ശേഷം പറഞ്ഞു, “ഇത്, ഇത് അവനാണ്, “ജയിൻ” ഞാനാണ് ഇവനെ ഇവിടെ എന്റെ കൂടെ കപ്പലിൽ ജോലിക്ക് കൊണ്ടു വന്നത്…ഇന്നിപ്പോ പത്തു വർഷമായി…!”

ഉള്ളിൽ നിന്ന് ആരോ വിളിച്ചതനുസരിച്ച് അദ്ദേഹം ഡയറി അയാളെ ഏൽപ്പിച്ച് നടന്നു.. അയാള് കപ്പലിന് മുകളിലുള്ള ഒരു കൂറ്റൻ പ്രതിമയുടെ താഴെ പോയിരുന്ന് ഡയറി തുറന്നു വായിച്ചു..

*************

ഞാൻ ജെയിൻ, ഇന്ന് ഞാൻ ഈ ദ്വീപിൽ മനോഹരമായൊരു കാഴ്ച കണ്ടു.. എന്റെ രണ്ടു വർഷത്തെ കപ്പൽ യാത്രയ്ക്കിടെ കണ്ടൊരു മനോഹരമായ നനുത്തൊരു കാഴ്ച…

പോളണ്ടിലേക്കുള്ള പതിവ് യാത്രയിൽ ഒരു മാസത്തെ ഇടവേളയെന്നപോലെ കപ്പൽ ഒരു വിചനമായ ദ്വീപിൽ അടുപ്പിക്കാറുണ്ട്..

കപ്പലിൽ നിന്ന് നോക്കിയാൽ മുഴുവനായി കാണാവുന്ന ഒരു കൊച്ചു ദ്വീപ്..കപ്പലിലെ മുതിർന്നവരുടെ സമ്മതത്തോടെ രണ്ടു ചെറിയ വഞ്ചിയിൽ ഞാനും മൂന്നാല് കൂട്ടുകാരും കൂടി ദ്വീപിലേക്ക് തുഴഞ്ഞു..

കരയിൽ ഇറങ്ങിയ തോന്നലോടെ കൂട്ടുകാർ അങ്ങിങ്ങ് അലഞ്ഞു നടന്നു..ഞാൻ പടർന്നു നിൽക്കുന്നോരു തണൽ മരത്തിനുള്ളിലേക്ക്‌ നടന്നു..

മനസ്സിനെ കുളിരണിയിച്ച പ്രതീതി, അതിലുപരി മനോഹരം.. തിരമാലകളില്ലാതെ ചെറു ഓളങ്ങൾ മാത്രമുള്ള ദ്വീപിനെ ചുറ്റി കിടക്കുന്ന കടൽകരകൾ..

കരയോടു മുഖമായി നിൽക്കുന്ന മരത്തിന്റെ ചില്ല ഞാൻ മെല്ലെയൊന്ന് നീക്കിയപ്പോ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

വെള്ളത്തിന് മുകളിലായി ഒരു സുന്ദരിയായ പെൺകുട്ടിയുടെ മുഖം..വെയിലേറ്റ് തിളങ്ങുന്നു അവളുടെ മുഖം, കുറച്ച് ദൂരത്ത് നിന്നാണെങ്കിലും കൺപീലികൾ തിളങ്ങുന്നത് കാണാം..

ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് ചെന്നു… എന്നെ കണ്ടതും അവള് ഭയത്തോടെ ഒന്ന് നോക്കിയിട്ട് പതിയെ ഉൾവലിയാൻ ശ്രമിച്ചു…അത് കണ്ട ഞാൻ അനങ്ങാതെ നിന്നു.. അവളും എന്നെ അനുകരിക്കും വിധം അനങ്ങാതെ വെള്ളത്തിൽ തന്നെ കിടന്നു…

ഞാൻ മൃദുവായി അവളുടെ അടുത്തേക്ക് നടന്ന് അവിടെ മുട്ടുകുത്തി മുന്നിലായി പതിയെ ഇരുന്നു..എന്നെ തന്നെ സൂക്ഷിച്ച് നോക്കി കൊണ്ട് അവളും കുറച്ച് കൂടി മുന്നിലേക്ക് വന്നു…

അപ്പോഴാണ് ഞാനത് കണ്ടത് അവൾക്ക് കാലുകൾക്ക് പകരം വലിയൊരു മത്സ്യ വാലാണ്.. കഥകളിലും കേട്ടുകേൾവികളിലും മാത്രം അറിവുള്ള മത്സ്യകന്യക..

ചിത്ര കലാകാരന്മാരുടെ കൊത്തുപണികളിൽ നിന്നും വ്യത്യസ്തമായി തോന്നി.. കാതിൽ തിളങ്ങുന്ന കമ്മലുകളോ, കഴുത്തിൽ മുത്തുമാലകളോ, വിരലുകളിൽ മോതിരമോ ഇല്ലായിരുന്നു..

നീളമുള്ള ചെമ്പൻ മുടിയിഴകളും, മാറിടം മറയ്ക്കുന്ന ചിതമ്പലുകളും നീല കണ്ണുകളും അവളെ കൂടുതൽ സുന്ദരിയാക്കി…

അതിശയത്തോടെ ഞാനവളെ നോക്കി പുഞ്ചിരിച്ചു..എന്റെ പോക്കറ്റിലെ കണ്ണാടി കഷ്ണം ഞനവൾക്ക്‌ നേരെ കാണിച്ചു.. അത്ഭുതത്തോടെ അവള് ഭയന്ന് പിന്നിലേക്ക് നീങ്ങി..

“ഹേയ്, നിനക്കെന്റെ ഭാഷ മനസ്സിലാകുമോ..? ആംഗ്യ ഭാഷ പരസ്പരം മനസിലാക്കിയാൽ അതിനേക്കാൾ നല്ലൊരു ആശയവിനിമയം മറ്റൊന്നില്ലെന്നാണല്ലോ..!”

എന്റെ സംസാരം കേട്ട് ഒന്ന് അതിശയത്തോടെ അവളെന്നെ നോക്കി…

‘ ജെയിൻ ഇരുട്ട് വീഴുന്നു, നമുക്ക് കപ്പലിലേക്ക് മടങ്ങണ്ടെ..! നീ ഇതെവിടെയാണ്, വേഗാം വാ..’

കൂട്ടുകാർ വിളിക്കുന്നത് കേട്ട് ഞാനവളോട് നാളെ വരാമെന്ന് ആഗ്യം കാണിച്ചു കൊണ്ട് അവളെയും തിരിഞ്ഞു നോക്കി കൊണ്ട് ഓടി..

പിന്നീട് ഒരു മാസക്കാലം അവളെ കാണുന്നത് പതിവാക്കി…ഒരിക്കൽ പോക്കറ്റിൽ സൂക്ഷിച്ച് കൊണ്ടുവന്ന ഒരു ഈന്തപ്പഴം അവൾക്കായി നൽകി…

മടിച്ച് മടിച്ചാണെങ്കിലും ഒരു ഭയത്തോടെ അവളത് കൈനീട്ടി വാങ്ങി.. അവള് നാവിലോന്ന് നുണഞ്ഞതിന് ശേഷം വെള്ളത്തിലേക്ക് തന്നെ ഈന്തപ്പഴം തുപ്പി..
പുതുരുചി അറിഞ്ഞതിന്റെ ആകാംഷയും ഭയവും അവളുടെ മുഖത്ത് നിഴലിച്ചു…

പ്രകൃതിയുടെ ഉപ്പ് പുളി മധുരം എന്നിങ്ങനെയുള്ള മൂന്ന് രുചികൾ എന്നിലൂടെ അവളറിഞ്ഞു.. കടലിനടിയിലെ വിസ്മയങ്ങൾ ഭാഗികമായി അവളെനിക്ക് മൊഴിഞ്ഞു..

അവളിലെ ഭയം വിട്ടൊഴിഞ്ഞ നേരം, അവൾക്ക് സമാനമായി ഞാനും മുഖത്തോട് അടുപ്പിച്ച് കമഴ്ന്നു കിടന്നു…അന്നാദ്യമായി അവളുടെ വിരലുകളിൽ ഞാൻ സ്പർശിച്ചു..

ആദ്യമായി കരയിലെ ജീവനിൽ സ്പർശിച്ച ആ പെണ്ണുടൽ ചിതമ്പലുകൾ പൊഴിച്ചു..

കപ്പൽ നങ്കൂരമിട്ട ഒരു മാസം വർഷങ്ങളുടെ കാലാവധി തോന്നിക്കണമെന്ന് അന്നാദ്യമായി പ്രാർത്ഥിച്ചു… പല രാത്രികളിലും ഉറക്കമില്ലാതെ കപ്പലിന്റെ കൈവരിയിലൂടെ അവളെ തേടി നടന്നിരുന്നു…

ഒരിക്കൽ അവള് വിരലുകൾ കൊണ്ട് വൃത്തം വരച്ച കടലിലെ വട്ടത്തിനുള്ളിൽ നിന്ന് പുറത്തേക്ക് പോകുവാൻ അനുവാദമില്ലന്ന സത്യം വിഷമം പുറത്ത് കാണിക്കാതെ ഞാൻ മനസ്സിലാക്കി…

ഗ്രാമത്തിലെ സുന്ദരിയായ ലിയോണയോട് തോന്നാതിരുന്ന പുതുമയില്ലാത്തൊരു വികാരം ഇവളോട് തോന്നി..അത് പ്രണയമായിരുന്നു പുതുമയില്ലാത്ത,മനുഷ്യന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന വികാരം…

എന്റെ ഗ്രാമത്തിലുള്ള കൊത്തു പണിക്കാരനെ കൊണ്ട് പണിയിച്ച, ചീകി മിനുക്കിയ കറുത്ത കല്ല് പാളിയിൽ കൊത്തിയ എന്റെ മുഖം അവൾക്കായി, ആ വശ്യ സുന്ദരി സ്ഥിരമായി വരുന്ന കരയിൽ ഞാൻ ഉറപ്പിച്ചു…

എന്റെ മുഖം എന്തിനാണ് ഇവിടെ മണലിൽ ഉറപ്പിച്ചു വെയ്ക്കുന്നതെന്ന് ഇവൾക്കറിയില്ല.. കാലം മുന്നോട്ട് പോയാൽ ചിലപ്പോ ഒരിക്കലും കണ്ടില്ലെന്നു വരാം, ഒരിക്കലും മറക്കാതിരിക്കാൻ..

കപ്പൽ പോകുവാൻ പതിനൊന്നു ദിനങ്ങൾ മാത്രമുള്ളോരു നാൾ കടലിന്റെ അടിത്തട്ടിൽ നിന്ന് അവള് എനിക്കായി ഒരു തിളങ്ങുന്ന ചെപ്പ്‌ കൊണ്ടുവന്നു…

മോതിരത്തോട് സാമ്യമുള്ള ഒരു ചെറു വളയം..നല്ല തിളക്കമുള്ള, കണ്ണിമ ചിമ്മാതെ നോക്കാൻ കഴിയുന്ന ഒരു കൂർത്ത അഗ്രമുള്ള വളയം…

തിരികെ പോകുന്നതിനു ഏഴു ദിവസം മുമ്പ്, അവളുടെ കരങ്ങളിൽ ഒന്ന് ചുംബിച്ചു ഞാൻ, കണ്ണുകളിൽ മൃദുവായി ചുണ്ടുകളോടിച്ചു…പ്രണയത്തിന്റെ തനിമ ചോരാതെ അവളത് പുതുമയോടെ മധുരമായി ആസ്വദിച്ചു..

ആംഗ്യ ഭാഷകളില്ലാതെ പരസ്പരം കണ്ണുകളിൽ നോക്കി കിടന്നു..ആദ്യമായി എന്തോ വേണ്ടപ്പെട്ടത് നഷ്ടപ്പെടാൻ പോകുന്നൊരു വെമ്പൽ…!

“ഹേയ് സുന്ദരി നീയറിയുന്നുവോ പ്രണയമെന്ന വികാരത്തിന്റെ കൊടുമുടി…! ഇത്രയും അടുത്തുണ്ടായിട്ട്‌ പോലും, രണ്ടു ധ്രുവങ്ങളിലെന്ന പോലെ അകന്നിരിക്കുന്നു നമ്മൾ..!”

പടർന്നു കിടക്കുന്ന മരത്തിന്റെ നിഴലുകൾ അടയാളപ്പെടുത്തിയാണ് ഞാൻ അവളെ കാണുവാൻ വരുന്ന സമയം പറഞ്ഞിരുന്നത്…കപ്പലിലെ ജോലികൾ പൂർത്തിയായി, അറ്റകുറ്റപണികൾ പൂർത്തിയായി, എല്ലാവരും പോകുവാനായി തയ്യാറെടുക്കുന്നു…

ഇന്നവളെ കാണുവാൻ ചെന്നപ്പോ മനസ്സിലൊരു കല്ല് കയറ്റി വെച്ച പ്രതീതി.. നാളെ ഒരു ദിനം കൂടി നമ്മൾ കാണുമല്ലെ..!

ആരോടും പറയാൻ കഴിയാത്തൊരു വിതുമ്പൽ..! അവളെ ഞാൻ പുണർന്ന് കരഞ്ഞു.. അവളെന്നെ അത്ഭുതത്തോടെ നോക്കി, ആ പെണ്ണ് ആദ്യമായി കരച്ചിലെന്ന വികാരം കണ്ടതിന്റെ അമ്പരപ്പിൽ…

നാളെ പോയാൽ, ലോകം മുഴുവൻ ചുറ്റി വീണ്ടും ഇതുവഴി തിരികെ വരുമ്പോൾ സാധാരണ പോലെ ഒരു മാസത്തെ വിശ്രമ വേള ഇവിടെയുണ്ടാകും…പക്ഷേ എന്നെ നോക്കി നീ ഇവിടെ ഉണ്ടാകുമോ…?

ഇന്ന് ഞാൻ കപ്പലിൽ നിന്ന് അവളെ കാണുവാൻ പോകുന്ന അവസാന ദിവസമാണ്.. അവളുടെ മുഖം വെയിലത്ത് വരണ്ടിരിക്കുന്നു, നേരത്തെ വന്നിട്ടുണ്ടാകണം…

എനിക്കായി അവള് ചിതമ്പൽ നിറഞ്ഞ മത്സ്യ വാല് നിലത്ത് താങ്ങി ഉയർന്നു നിന്നു, അവളെ ആദ്യമായി വാരിപുണർന്നു.. ആ ചുണ്ടുകളിൽ ആവേശപൂർവ്വം ചുംബിച്ചു, ചുണ്ടിലെ ഉപ്പ് വെള്ളത്തിന് മധുരമുള്ള തോന്നൽ…!

ഇതു വഴി, ഈ കടൽത്തീരം വഴി എന്റെ ഗ്രാമത്തിലേക്ക് ഒരു പാതയുണ്ടായിരുന്നെങ്കിൽ നമുക്ക് പോകാമായിരുന്നു..!

“എനിക്ക് പോകുവാൻ സമയമാകുന്നു, ഇന്ന് വൈകുന്നേരം കപ്പൽ പുറപ്പെടും…”

അവളെന്റെ കൈകൾ വിടുന്നില്ല, അവളുടെ വരണ്ട മുഖത്ത് നനവ് അനുഭവപ്പെടാൻ തുടങ്ങി..ആദ്യമായി അവളിലെ കണ്ണീർ തുള്ളികൾ പൊഴിയുന്നത് ഞാൻ കണ്ടു…

ഒരു വിറയലോടെ ഞാൻ നടന്നു… വെള്ളത്തിൽ വാലിട്ടടിച്ച് അവളെന്നെ വിളിക്കുന്നുണ്ട്, എനിക്ക് കഴിയുന്നില്ല തിരിഞ്ഞു നോക്കുവാൻ…

വൈകുന്നേരം കപ്പൽ പതിയെ നീങ്ങി തുടങ്ങി.. കപ്പലിന്റെ കൈവരിയിൽ ചെന്ന് നിന്നു ഞാൻ അവിടേക്ക് നോക്കി… കണ്ണുകൾ കലങ്ങിയത് കൊണ്ട് ഒന്നും കാണുവാൻ കഴിയാത്തത് പോലെ..!

അവള് ചൂണ്ടി കാണിച്ച കടലിലെ അവൾക്ക് പ്രവേശിക്കാൻ കഴിയുന്ന വൃത്തത്തിന്റെ ഓരത്ത് ഞാൻ കണ്ടു, വെള്ളത്തിൽ ഉയർന്നു താഴുന്ന എന്റെ റാണിയെ…

ഒരു വർഷത്തിനു ശേഷം ഇതുവഴി തിരിച്ചു വരുന്നത് വരെ കാത്തിരിക്കുക എന്നത് മാത്രമേ ഇപ്പൊ സാധ്യമുള്ളൂ…അത് വരെ ഞാൻ ഞാൻ ഞാൻ …..!

*****

ഡയറിയിലെ അവസാന താളും വായിച്ചതിനു ശേഷം അയാള് വീണ്ടും വീണ്ടും പേജുകൾ മറച്ചു..ഇല്ല ഇനി ശൂന്യമാണ് പേജുകൾ.. അയാള് അവിടുന്നിറങ്ങി “ജെയിനെ” കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു…

‘സാർ, ഞാനിത് വായിച്ചു, മുഴുവനും വായിച്ചു..പക്ഷേ പിന്നീട് ജെയിൻ തിരിച്ച് വന്നത് മാത്രം ഇതിലില്ല..ഒരു വർഷത്തിനു ശേഷം നിങ്ങള് തിരിച്ച് വന്നിട്ട് ജെയിൻ അവളെ കാണുവാൻ പോയിരുന്നോ…?’

ഒന്ന് ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു,

” അവന്റെ അനുഭവങ്ങൾ കേട്ടിട്ട് ഇതിനേക്കാൾ ആകാംഷ ഉളളവർ ഈ കപ്പലിൽ തന്നെ ഉണ്ടായിരുന്നു, ഞാനടക്കം.. ഇവിടുന്ന് തിരിച്ചിട്ട്‌ തിളങ്ങുന്ന കണ്ണുകൾ അവന്റെ പെണ്ണിനെ കുറിച്ച് പറയാനേ നേരമുള്ളു..ഒരു വർഷത്തിനു ശേഷം ഞങൾ തിരിച്ചു വന്നു, ഇത് വഴി…പക്ഷേ…!”

‘ എന്താ സർ, അവൻ പോയില്ലേ അവളെ കാണാൻ..?’

” ഇല്ല പോയില്ല..ഇവിടെ ദ്വീപ് അടുക്കുന്ന സമയം അവനിൽ ഒരു തരം ഭ്രാന്ത് പോലെയായിരുന്നു… കാലം ഓർമകളെ അത്ര പെട്ടെന്നൊന്നും മായ്ക്കില്ല.. ഇവിടെ അടുക്കാൻ കുറച്ച് ദൂരമുള്ളപ്പൊ കപ്പിത്താൻ അറിയിച്ചു, ‘ പതിവ് പോലെ ഒരു മാസത്തെ നങ്കൂരം ഇവിടെ വേണ്ട എന്ന് ‘.. കാലാവസ്ഥ ഈ ഭാഗത്ത് മോശമായത് കാരണം കപ്പൽ ഇവിടേക്ക് അടുപ്പിച്ചില്ല..

ഇതറിഞ്ഞ അവൻ എല്ലാവരോടും കാല് പിടിച്ച് അപേക്ഷിച്ചു.. എന്തിനേറെ പറയുന്നു കപ്പിത്താനെ കാണാൻ കൂടി അവര് അനുവദിച്ചില്ല..കപ്പലിലെ വെറുമൊരു ജോലിക്കാരൻ പയ്യന്റെ ആഗ്രഹം മാത്രമായ് എല്ലാരും കണ്ടു…ദ്വീപിൽ നിന്ന് കപ്പൽ അകന്നു പോയതോടെ ഒരു ഭ്രാന്തനെ പോലെ അവൻ ആ ദ്വീപിലേക്ക് നോക്കി കൊണ്ട്, എന്റെ കൺമുന്നിൽ വെച്ച് കടലിലേക്ക് എടുത്ത് ചാടി…

കപ്പൽ പൂർണ്ണ വേഗതയിലും, നല്ല ആഴമുള്ള സ്ഥലമായിരുന്നിട്ട് കൂടി ഞങൾ പരമാവധി ശ്രമിച്ചു, പക്ഷേ..! അതിനു ശേഷവും കുറെ അന്വേഷിച്ചു…! ചിലപ്പോ ഏതെങ്കിലും കടൽ ജീവികൾ..!”

അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ദാ അത് കണ്ടോ, കപ്പലിന്റെ മുകളിലുള്ള പ്രതിമ അവന്റെയാണ്..അതാണ് ജെയിൻ..! കപ്പിത്താൻ അവന്റെ ഓർമയ്ക്കായി സ്ഥാപിച്ച പ്രതിമ..”

അപ്പോഴാണ് അയാൾക് മനസ്സിലായത്, ആ ഡയറി വായിച്ചത് അതിന്റെ ചുവട്ടിലിരുന്നായിരുന്നു എന്ന്..

” ഇന്ന് നമ്മൾ പുറപ്പെടും, ആ കാണുന്നതാണ് ഈ ഡയറിയിൽ ഉള്ള ദ്വീപ്.. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇതിലെ വരുന്നതും ഇവിടെ ഒരു മാസം നങ്കൂരമിട്ടതും.. “

അയാള് അതിശയത്തോടെ ദ്വീപിലേക്ക് നോക്കി..

‘ സർ, എന്നെ അവിടെ വരെയൊന്ന് പോയി വരാൻ അനുവദിക്കണം.. അവിടെ, ആ സ്ഥലത്ത് ഒന്ന് പോകുവാൻ ആഗ്രഹം..!’

” നിങ്ങള് എന്താണീ പറയുന്നത്..! ഇന്ന് തീരുകയാണ് ഒരു മാസത്തെ നങ്കൂരം… അഞ്ചു നിമിഷങ്ങൾക്കുള്ളിൽ ഇവിടുന്ന് പുറപ്പെടും..അവിടെ വഞ്ചി തുഴഞ്ഞെത്താൻ തന്നെ ഒരു മണിക്കൂർ വേണം..”

മുകളിലെ കുഴലുകളിൽ കൂടി പുക തുപ്പിക്കൊണ്ട് കപ്പൽ നീങ്ങി തുടങ്ങി.. അയാള് ഡയറിയും പിടിച്ചു കൊണ്ട് കടലിലെ ആഴങ്ങളിലേക്ക് നോക്കി നിന്നു..

“ജെയിൻ ചിലപ്പോ കടൽ ജീവികൾക്ക് ഭക്ഷണമായിരിക്കാം, അല്ലെങ്കിൽ രക്ഷപ്പെട്ടിരിക്കാം. അവളെ കണ്ടിട്ടുണ്ടായിരിക്കുമോ ജെയിൻ..!” എന്നിങ്ങനെയുള്ള ചിന്തകൾ അയാളിൽ മിന്നിമറഞ്ഞു…

പെട്ടന്നാണയാൾ എന്തോ ഓർത്തുകൊണ്ട് തന്റെ ക്യാബിനിലേക്ക് ഓടിയത്. അവിടുന്ന് ഒരു ബൈനോക്കുലർ എടുത്തുകൊണ്ട് വന്നിട്ട് ദ്വീപിന്റെ പടർന്നു കിടക്കുന്ന മരത്തിന്റെ അരികിലുള്ള കരയിലേക്ക് നോക്കി…

അവിടെ കണ്ട കാഴ്ച അയാളുടെ ശ്വാസം നിലപ്പിക്കും വിധമായിരുന്നു…ഡയറിയിൽ അക്ഷരങ്ങളിലൂടെ ജെയിൻ എഴുതി പിടിപ്പിച്ച അവന്റെ സുന്ദരിയായ മത്സ്യകന്യക അവിടെ കരയിൽ കിടക്കുന്നു… അവള് വാല് വെള്ളത്തിൽ അടിക്കുന്നുണ്ട്, അവളുടെ കൈകളിൽ എന്തോ ഒന്നുണ്ട്..

അയാള് ബൈനോക്കുലർ ഒന്നുകൂടി സൂഷ്മത വരുത്തി നോക്കി… അതേ, ജെയിൻ അവൾക്കായി സമ്മാനിച്ച തന്റെ മുഖം കൊത്തിയ കല്ല് പാളിയിൽ അവള് സ്പർശിക്കുന്നുണ്ട്…

ആ കാഴ്ച മറ്റാരെയെങ്കിലും കാണിക്കാനായി അയാള് തിരിഞ്ഞു നോക്കി..തന്റെ അടുത്ത് കപ്പലിൽ ആരും തന്നെ ഉണ്ടായിരുന്നില്ല..അയാള് ഒന്നുകൂടി ബൈനോക്കുലറിലൂടെ നോക്കി..

“ഇല്ല, സൂര്യന്റെ വിടവ് കാഴ്ചകളെ മറയ്ക്കുന്നു..”

കടലിന്റെ ആഴങ്ങളിലേക്ക് നോക്കി അയാള് പറഞ്ഞു,

“ജെയിൻ നീ എവിടെയാണ്, നിന്റെ തിളങ്ങുന്ന കണ്ണുകളുള്ള സുന്ദരി ഇന്നും ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ കാത്തിരിക്കുന്നു..”

കപ്പൽ ഇരുട്ടിലേക്ക് മറഞ്ഞു, കപ്പലിലെ വെളിച്ചത്തിൽ ജെയിന്റെ പ്രതിമ അയാള് നോക്കി..

“അവനങ്ങനെ നിൽക്കുന്നു ലോകം കണ്ട്, ചിലപ്പോ അവന്റെ സുന്ദരിയായ പെണ്ണിനെയും കണ്ടുകൊണ്ട്..”

(കഥയായി മാത്രം കാണുവാൻ ശ്രമിക്കുക..ലോജിക്കുകൾ ക്ഷമിക്കണേ..)