പ്രതികാരം
Story written by SAMPATH UNNIKRISHNAN
“എനിക്കൊരു കുപ്പി ആസിഡ് വേണം “
ഏറെ നേരത്തെ ആലോചനക്കൊടുവിൽ ഞാൻ ഇത് പറഞ്ഞപ്പോൾ മനു ഒന്ന് ഞെട്ടി….
“അസിഡോ എന്തിനാഡാ അജീഷേ നിനക്കിപ്പോ ആസിഡ് “
“ഇത് അവൾക്കുള്ളതാ …..”
എന്റെ ഉള്ളിലെ പ്രതികാര ദാഹി മന്ത്രിച്ചു …..
എനിക്കവളോടുള്ള പ്രതികാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല …..
ഒന്നര വർഷങ്ങൾക്കു മുൻപ് ഒരു സായാഹ്നത്തിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ആവണിയുടെ കരം എന്റെ കരണത്തു പതിച്ചതു മുതലാണ് എന്റെ ഉള്ളിലെ പ്രീതികാര ദാഹി ഉണർന്നത് ……
ഒരുപാടു കാലം പുറകെ നടന്നതിന് ശേഷമാണ് അന്നൊരു വെള്ളിയാഴ്ച അവളുടെ മുന്നിലേക്ക് കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഒരു റോസാപ്പൂവുമായി കടന്നു ചെന്നത്, പക്ഷെ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല അവൾ കൂടി നിന്നിരുന്ന അത്രയും ആളുകൾക്ക് മുന്നിൽ വച്ച് എന്റെ കരണം പുകക്കുമെന്ന്……
അന്ന് മുതൽ ഞാൻ എന്നിൽ ഉരുത്തിരിഞ്ഞ പ്രീതികാരത്തെ ആട്ടിൻ തോൽ അണിയിച് ഉള്ളിന്റെ ഉള്ളിൽ വളർത്തി തുടങ്ങി.. ….
അതിന്റെ മുന്നോടിയെന്നോണം നാലാം ദിവസം എന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു അവളുടെ വീട്ടിൽ കല്യാണം ആലോചിച്ചു ചെന്നു…ലക്ഷ്യം പ്രീതികാരം തന്നെ…..
ചായയുമായി മുഖം വീർപ്പിച്ചു കടന്നുവന്ന അവൾ ……
“നിങ്ങൾക്കിനിയും മതിയായില്ലേ” എന്ന് ആരും കേൾക്കാതെ ചായ എടുത്തു തരുന്നതിനിടയിൽ ചോദിച്ചപ്പോൾ തോള് കൊണ്ട് മതിയായില്ല എന്ന് ആംഗ്യം കാണിച്ചു ഞാൻ ഒരു കയ്യകലം മാറി ഇരുന്നു….
പെണ്ണ് കണ്ടു രണ്ടാം മാസം കല്യാണം, പിന്നീടെല്ലാം പെട്ടന്നു നടന്നു അതിന്റെ കാരണം എന്റെ ദൃതി തന്നെയായിരുന്നു…..എന്റെ ഓരോ കരു നീക്കങ്ങളും വളരെ സൂക്ഷ്മമായി തന്നെ ഞാൻ കൈകാര്യം ചെയ്തു ആർക്കും എന്നിൽ ഒരംശം പോലും സംശയം തോന്നിയതേ ഇല്ല ആവണിക്കു പോലും….
“മോനെ നന്നായി നോക്കണേടാ” എന്നും പറഞ്ഞു ശങ്കര പിള്ള അതായത് ആവണിടെ അച്ഛൻ അവൾടെ കൈപിടിച്ച് തരുമ്പോൾ എന്റെ ഉള്ളിലെ പ്രതികാരം ആട്ടിൻ തോല് മാറ്റി ഒന്ന് എത്തി നോക്കിയെങ്കിലും സമയമായില്ലെന്നു പറഞ്ഞു ഞാൻ അതിനെ മയക്കി കിടത്തി….
കല്യാണ തിരക്കെല്ലാം കഴിഞ്ഞു എന്റെ വീട്ടിലോട്ടു വന്നു ഞാൻ മണിയറ ഒരുക്കി ആവണി വരാൻ തക്കം പാർത്തിരുന്നു ….
“അതെ അന്ന് തല്ലിയതിന് വീണ്ടും സോറി കേട്ടോ” പാലുമായി മണിയറയിലേക്ക് കടന്നുവന്ന അവൾ അത് പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരി മാത്രം നൽകി ഞാൻ ഉള്ളിലെ പ്രതികാരാഗ്നിക്ക് എണ്ണ പകർന്നു….
ആ ചെറു പുഞ്ചിരിക്കു പിന്നിലുള്ള പ്രതികാരാത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് അന്ന് അവൾ മനസിലാക്കിയിരുന്നില്ല…..
അതിനു ശേഷം മൂന്നാം മാസം തന്നെ ഞാൻ എന്റെയൊരു അജീഷ്‌കുഞ്ഞിനെ അവൾക്കുള്ളിൽ കുരുത്തിട്ടു ….
പിന്നീടങ്ങോട്ട് എന്റെ ഓരോ നീക്കങ്ങളിലും എന്റെ പ്രവൃത്തികളിലും ആവണിക്കു തിരിച്ചറിവുണ്ടായി തുടങ്ങി… ഒരു കരണത്തടിക്കു ജീവിതം കൊണ്ട് പ്രതികാരം തീർക്കലായിരുന്നു എന്റെ ലക്ഷ്യമെന്ന് അവൾക്കു മനസിലായി തുടങ്ങി
അതിന്റെ ആദ്യപടി ആണ് മെഡിക്കൽ ഷോപ് നടത്തുന്ന മനുവിന്റെ കയ്യിൽ നിന്നും ഒരു കുപ്പി ആസിഡു ഒപ്പിക്കാൻ ഞാൻ തീരുമാനിച്ചത് …
മനുവിന്റെ ചോദ്യങ്ങൾക്കെല്ലാം, ” കഴിഞ്ഞിട്ട് പറയാം” എന്ന് പറഞ്ഞു ഞാൻ ദ്രിതിയിൽ വീട്ടിലോട്ടു നടന്നു…..
നിറ വയറോടെ എന്നെ കണ്ട ഭാവം നടിക്കാതെ വരാന്തയിൽ എന്തോ പുസ്തകവും വായിച്ചിരിക്കുന്ന ഭാര്യയെ ഞാൻ അകത്തോട്ടു കേറിയപാടെ മുറിയിലേക്ക് വിളിച്ചു.. വീട്ടിൽ അമ്മ അച്ഛൻ ഒരു കല്യാണത്തിന് പോയതിന്റെ ദിവസം തന്നെയാണ് ഞാൻ ആ കാര്യത്തിന് തിരഞ്ഞെടുത്തത്…..
മുറിയിലേക്ക് കാര്യം തിരക്കി വന്ന ആവണിക്കു മുൻപിൽ ആസിഡ് കുപ്പി കാണിച്ചു ഞാൻ “കണ്ടോ ഇത് നിനക്കുള്ളതാ” എന്ന് പറഞ്ഞപ്പോൾ
അവളുടെ മുഖമാകെ വിളർത്തു ചുണ്ടുകൾ തൂ വെള്ളയായി കണ്ണുകൾ ചുവന്നു …..
“എനിക്ക് വേണ്ട ഇതൊന്നും ….”
“എന്റെ പൊന്നുമോളെ ഇത് ഈ സമയത്താണ് കഴിക്കേണ്ടത് നിന്റെ ചുണ്ടും കവിളുമൊക്കെ കണ്ടോ വിളർത്തിരിക്കുന്നത് വിളർച്ചക്കും രക്തക്കുറവിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് ബെസ്റ്റാ…മാധവി ഡോക്ടർ എഴുതി തന്നതാ ഫോളിക് ആസിഡ് ദിവസേന ഓരോ സ്പൂൺ കഴിച്ചാൽ കുഞ്ഞിന്റെ നട്ടെല്ലിനും തലച്ചോറിന്റെ വളർച്ചക്കും അത്യുത്തമമാണ്…..അതുമല്ല ഇതിന്റെ കുറവ് മൂലമാണ് കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങൾ ഉണ്ടാവുന്നത് ….”
“കഴിച്ചും കുടിച്ചും ഞാൻ ചാവാറായി അജേഷേട്ടാ …….എനിക്കിപ്പോ ഉറപ്പായി നിങ്ങൾ പണ്ടെങ്ങാണ്ടു ഞാൻ ഒരു അടി അടിച്ചെന്ന് പറഞ്ഞു അതിന്റെ പ്രതികാരം തീർക്കുന്നതാ….”
പതിവ് പുഞ്ചിരിയും മൂര്ദ്ധാവിലൊരു ഉമ്മയും കൊടുത്തു ഞാൻ അവൾക്കു മറുപടി നൽകി
“അതെ പ്രതികാരം തന്നെയാ മധുര പ്രതികാരം ….”
(കൊല്ലരുത് എല്ലാം നല്ലതിന് …?വായിക്കണം, ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രയം അറിയിക്കണം…. )