അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാം. രണ്ടാം കെട്ടുകാരി ആണ്. ശരീരവും മനസ്സും മറ്റൊരുവന്റെ പകുത്തു കൊടുത്തവളാണ്…എങ്കിലും എനിക്കിത് പറയാതെ വയ്യ അപ്പേട്ടാ….

അപ്പേട്ടൻ

എഴുത്ത്: നീതു നീതു

പടിപ്പുര വാതിലിൽ കാറുകാരന് പണം കൊടുത്ത് തിരിയുമ്പോൾ തെല്ലൊരു ആശ്ചര്യത്തോടെ ഉമ്മറത്ത് നിന്നു ഓടി വരുന്ന അമ്മയെ എനിക്ക് കാണാമായിരുന്നു.

അമ്മുക്കുട്ടി എന്ന് വിളിച്ചു എന്നെ വന്നു പുണരുമ്പോൾ അമ്മയുടെ കണ്ണുകൾ വല്ലാതെ ചുവന്നു നിറഞ്ഞിരുന്നു…വേണ്ടന്നു വെച്ചിട്ടും അനുസരണ ഇല്ലാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി…

6 വർഷങ്ങൾക്കു ശേഷം ഉള്ള കൂടിക്കാഴ്ച…എന്തൊക്കെയോ ചോദിക്കാനും പറയാനും ഉള്ള ആവലാതിയോടെ അമ്മ എന്നെ കൈ പിടിച്ചു അകത്തേക്ക് കയറ്റി….

” മനു വരില്ലേ അമ്മൂ..?”

” ഇല്ല”

മറുപടി ഒരു വാക്കിൽ ഒതുക്കി ഞാൻ ഗോവണി കയറി എന്റെ മുറിയിലേക്ക് നടന്നു…വാതിൽ തുറന്നപ്പോൾ അടച്ചിട്ട മുറിയുടെ പഴമണം ….ലോകത്ത് എനിക്കേറ്റവും ഇഷ്ട്ടമുള്ള സുഗന്ധങ്ങളിൽ ഒന്ന്.. മറ്റൊന്ന് എന്റെ അപ്പേട്ടന്റെ വിയർപ്പിന്റെ ചന്ദന ഗന്ധം…മുറിയിൽ വലിയ മാറ്റങ്ങളില്ല …അല്ലെങ്കിലും മാറ്റങ്ങൾ ഒക്കെ മനുഷ്യനല്ലേ….മാറുന്ന മുഖങ്ങൾ,ഭാവങ്ങൾ ഒക്കെ….

പാടത്തേക്ക് തുറക്കുന്ന ജനലുകൾ തെല്ലൊരു പ്രയാസത്തോടെ തള്ളി തുറന്നു….കണ്ണുകൾ പാടത്തിനു അക്കരെ ഉള്ള ആ ഓടിട്ട വീടിന്റെ അടുത്തേക്ക് പായിച്ചു…

അപ്പേട്ടൻറെ വീട്….എന്റെ അപ്പെട്ടന്റെ വീട്…

——-–———————

ഭാഗം വെച്ച വകയിൽ അച്ഛന് കിട്ടിയത് ഈ തറവാട് ആണ്….ഒരുപാട് വലുത് അല്ലെങ്കിലും പഴക്കം ചെന്ന രണ്ടു നിലയുള്ള പടിപ്പുര ഉള്ള ഓടിട്ട വീട്….അവിട ഞാൻ അച്ഛൻ, അമ്മ, വല്യേട്ടൻ….വേറെ എട്ടൻമാർ ഇല്ലെങ്കിലും ഗിരി ഏട്ടനെ ഞാൻ വല്യേട്ടൻ എന്നെ വിളിക്കു..എന്നെക്കാൾ പത്തു വയസ്സില് മൂപ്പ് ഉണ്ടേ ….ഒരു ഏട്ടന്റെ വാത്സല്യം അല്ല ഒരു അച്ഛന്റെ അധികാരം ആയിരുന്നു ഏട്ടന് എന്നോട്….അച്ഛന്റെ അതേ സ്വഭാവം…അച്ചനേം എട്ടനേം കുഞ്ഞിലെ തൊട്ട് പേടി ആണ്….അധികം സംസാരം ഒന്നും ഇല്ല അവരോട്….രണ്ടോ മൂന്നോ വാക്കുകളിൽ ഒതുങ്ങുന്ന സംഭാഷണം.

ഞാൻ രണ്ടിൽ പഠിക്കുമ്പോൾ ആണ് സുഭദ്ര അപ്പചിയും അപ്പുക്കുട്ടൻ എന്ന അപ്പെട്ടനും പാടത്തിനു അക്കരെ ഉള്ള കൊച്ചു വീട്ടിൽ താമസം ആക്കിയത്…അപ്പചി എന്ന് പറഞ്ഞാല് അച്ഛന്റെ അകന്ന ബന്ധത്തിുള്ള ഒരു പെങ്ങൾ…അപ്പുക്കുട്ടൻ ഒറ്റ മകൻ…അപ്പേട്ടന്റെ അച്ഛന്റെ മരണത്തിന് ശേഷം ഭാഗം കിട്ടിയ സ്ഥലം വിറ്റു അവർ അ വീട് വാങ്ങി…അച്ഛൻ ആണ് ആ വീട് ഏർപ്പാട് ആക്കി കൊടുത്തത്….അപ്പെട്ടൻ അന്ന് ഗിരി ഏട്ടന്റെ ക്ലാസ്സിൽ ചേർന്നു…അപ്പചീ പാടത്തും പറമ്പിലും ഒക്കെ പണിക്ക് പോകും…വീട്ടിൽ ഏക്കറോളം പാടം ഉള്ളതിനാൽ മിക്കപ്പോഴും വീട്ടിൽ കാണുo അപ്പച്ചി.

ഏട്ടന്റെ പുറകിൽ പേടിയോടെ ബുക്കും പിടിച്ചു സ്കൂളിൽ പോയിരുന്ന ഞാൻ അപ്പെട്ടനോട് പെട്ടന്ന് തന്നെ അടുതൂ …..അപ്പെട്ടന്റെ മുഖത്ത് എപ്പോളും കാണും ഒരു നിറ പുഞ്ചിരി…കാണുന്നവരിൽ വാത്സല്യം നിറക്കുന്ന പുഞ്ചിരി….പിന്നെ അങ്ങോട്ട് എന്റെ എല്ലാം അപ്പെട്ടനായിരുന്നു….എന്റെ വാശികൾക്കും കുറുമ്പുകൾക്കും കൂട്ടായി എന്നോടൊപ്പം എട്ടൻ ആയും കൂട്ടുകാരൻ ആയും അപ്പെട്ടൻ കൂടി… എല്ലാവർക്കും ഗായത്രി അമ്മുക്കുട്ടി ആയപ്പോൾ അപ്പെട്ടനു മാത്രം ഞാൻ കുഞ്ഞി ആയി….

സ്കൂളിലെ വിശേഷങ്ങൾ വാ തോരാതെ ഞാൻ പറയുമ്പോൾ ഒട്ടും മുഷിപ്പില്ലതെ നറു പുഞ്ചിരിയോടെ ഏട്ടന് കേട്ടിരിക്കും…മുറ്റത്തെ മാവിൽ പടർന്ന വള്ളി മുല്ലയിലെ പൂക്കൾ പറിക്കാനും ഉത്സവത്തിന് പെട്ടിക്കടയിൽ നിന്നും കുപ്പിവള വാങ്ങിതരാനും അപ്പെട്ടന് ഒരു പ്രത്യേക ഇഷ്ട്ടം ആയിരുന്നു…പത്തിൽ ഗിരി എട്ടനേക്കാലും മാർക്ക് ഉണ്ടായിട്ടും അപ്പേട്ടൻ പിന്നെ പഠിക്കാൻ പോയില്ല…അപ്പചിയോടൊപ്പം പറമ്പിലെ പണികും പാടത്തും അപ്പെട്ടനും പോയി തുടങ്ങി…. പത്താം തരം പാസ്സായി പ്രീഡിഗ്രി ക്ക് ഞാൻ ചേർന്നപ്പോൾ എപ്പെട്ടൻ നാട്ടിൽ തന്നെ മികച്ച ഒരു കർഷകൻ ആയി മാറിയിരുന്നു….

******************************************

ജാതകം ജീവിതത്തിൽ വില്ലൻ ആയി വന്നു…പതിനെട്ടാം വയസ്സിൽ വിവാഹം…ബോംബയില് ബിസിനസ് ചെയ്യുന്ന മനു ശങ്കർ…

വിവാഹ വേഷത്തിൽ ഒരുങ്ങി ഇറങ്ങുമ്പോൾ മനസ്സ് മുഴുവൻ വിവാഹ ശേഷം കാണാൻ പോകുന്ന നഗര കാഴ്ചകളുടെ മതി ഭ്രമത്തെ കൊണ്ട തുടികൊട്ടുക ആയിരുന്നു….അനുഗ്രഹം വാങ്ങുമ്പോൾ അപ്പെട്ടെന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി വീണു എന്റെ നെറ്റിത്തടം പൊള്ളി….അന്ന് അതിന്റെ അർത്ഥം മനസ്സിലായില്ല. അല്ലെങ്കിൽ അത് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാകും ശരി….

ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് പറിച്ചു നട്ട ജീവിതം ..കാണുന്നതെല്ലാം എനിക്ക് അൽഭുതം ആയിരുന്നു….തിരക്കിട്ട നഗര വീഥികൾ…കൂറ്റൻ കെട്ടിടങ്ങൾ….നേർത്ത വെളിച്ചത്തിൽ അലിഞ്ഞു ഇല്ലാതാകുന്ന മധുര രാത്രികൾ….ഞാൻ ചെന്നതിന് ശേഷം മനു ഏട്ടന്റെ ബിസിനസ് ഒത്തിരി വളർന്നു….ജീവിത രീതി തന്നെ മാറി….രാത്രി പോലും കാണാൻ കിട്ടാതെ തിരക്കിലേക്ക് മനു ഏട്ടൻ കൂപ്പ് കുത്തി…

ദിവസങ്ങൾ പോകെ എന്നിലെ കുറ്റങ്ങളും കുറവുകളും ഓരോന്നായി ഞങ്ങൾക്കിടയിൽ വില്ലനായി ..നിറമില്ലാത്ത, സൗന്ദര്യം ഇല്ലാത്ത , പരിഷ്കാരി അല്ലാത്ത എന്നെ മടുതത്രെ…..കരഞ്ഞു ഉറങ്ങിയ രാത്രികൾ …അവഗണനയുടെ തീ ചൂളയിൽ പൊളിഞ്ഞ പകലുകൾ….

അവസാനം സഹി കേട്ട് ചോദ്യം ചെയ്തപ്പോൾ പറഞ്ഞു, എന്റെ ജാതകം ചേർത്ത് വെച്ചാൽ ഉയർച്ച അത്രേ…അതിനു വേണ്ടി മാത്രം ആണ് അയാളുടെ നിലക്കും വിലക്കും ചേരാത്ത എന്നെ വിവാഹം ചെയ്തത് പോലും…..

തകർന്നു പോയി ഞാൻ……ഒരു ആശ്രയത്തിന് ആരും ഇല്ല…..വീട്ടിലേക്ക് ചെന്നിട്ട് എന്തിന്….അച്ഛൻ മരിച്ചിട്ട് രണ്ടു വർഷം….ഗിരി ഏട്ടന്റെ വിവാഹം കഴിഞു…താങ്ങാൻ ആളില്ലാതെ കളിപ്പിക്കാൻ ഒരു കുഞ്ഞു പോലും ഇല്ലാത്തെ തള്ളി നീക്കിയ ദിനങ്ങളിൽ ഒരു തീരുമാനം എടുത്തു…തുടർ പഠനം…

അച്ഛൻ മരിക്കും മുൻപ് എനിക്ക് തന്ന കുറച്ചു കാശ് ഉള്ളത് എടുത്ത് പഠിച്ചു. ഡിഗ്രിയും പിജിയും ചെയ്തു….ഉണ്ടായിരുന്ന സ്വർണ്ണം വിറ്റു മറ്റൊരു വീട്ടിലേക്ക് താമസം മാറി…ബോംബയിൽ തന്നെ ഉള്ള ഒരു സ്കൂളിൽ ജോലി….സ്വന്തം കാലിൽ നിന്നപ്പോൾ വിവാഹ മോചനത്തിന് കേസ് കൊടുത്തു…എന്നെ മടുത്തു മറ്റൊരു ബന്ധം തുടങ്ങിയതിനാൽ മനുവിന് എതിർപ്പൊന്നും ഉണ്ടായില്ല…..നാട്ടിലെ സ്കൂളിൽ ജോലി ശരിയായി ഉള്ള കത്ത് വന്നതിനാൽ ആണ് ഇപ്പൊൾ ഉള്ള ഈ തിരിച്ചു വരവ്….അതിനു വേണ്ടി മാത്രമാണോ…അല്ല… അപ്പേട്ടന് വേണ്ടി…ഒന്ന് കാണണം….അതിനു വേണ്ടി മാത്രം….

******************************

ഊണ് കഴിക്കാൻ അമ്മ താഴെ നിന്ന് വിളിച്ചപ്പോൾ ആണ് ചിന്തക്കൾ വഴി മാറിയത്…തിടുക്കത്തിൽ കുളിച്ചു താഴേക്ക് ഇറങ്ങി ചെന്നു….അവസാനമായി ഇവിടെ വന്നത് ഗിരി ഏട്ടന്റെ വിവാഹത്തിന് ആണ്……മനു അന്നും വന്നില്ല…. താളപിഴകൾ തുടങ്ങിയ സമയം….അന്നും അപ്പെട്ടനെ കണ്ടില്ല …പാർട്ടി പ്രവർത്തനം ഉണ്ടായിരുന്നു കുറച്ച്…അതിനു വേണ്ടി പോയി എന്ന് അറിഞ്ഞു….അന്ന് കാണുമ്പോൾ അപ്പചീ തീരെ അവശം ആയിരുന്നു….. അപ്പേട്ടൻ പെണ്ണ് കെട്ടാൻ സമ്മതിക്കത്തത്തിന്റെ കുറെ പരിഭവം പറഞ്ഞിരുന്നു എന്നോട്….

അപ്പചീ മരിച്ചിട്ടിപ്പോൾ രണ്ടു വർഷം….അപ്പെട്ടൻ ഇപ്പോളും ആ വീട്ടിൽ ഒറ്റക്ക് തന്നെ….

ഊണ് കഴിക്കുന്ന സമയത്ത് അമ്മയോട് പറഞ്ഞു എല്ലാം…തിരിച്ചു ഇനി പോകുന്നില്ല എന്നത് അടക്കം…കുറെ പതം പറഞ്ഞു കരഞ്ഞു….കണ്ടപ്പോൾ വേദന തോന്നി….എങ്കിലും എന്റെ മനസ്സ് ഒന്ന് തണുത്തു….ഗിരി ഏട്ടൻ ജോലി കിട്ടി ഡൽഹിയിൽ ആണ് ..എട്ടത്തിയെയും കൊണ്ട് പോയി….അമ്മക്ക് സഹായത്തിനു സീത ചേച്ചി ഉണ്ട്..പുറം പണിക്കും രാത്രി കൂട്ടിനും…ഇനി ഇപ്പൊൾ ഞാനും കൂടി …അച്ഛൻ മരിച്ചപ്പോൾ ഈ തറവാട് വീടും കുറച്ചു പണവും എനിക്ക് തന്നു…ഗിരി ഏട്ടന് ടൗണിൽ വങ്ങിച്ചിട്ട പുര ഇടം ആധാരം ചെയ്തു കൊടുത്തു….പിന്നെ പാടവും…..അതുകൊണ്ട് നാട്ടിൽ വന്നപ്പോൾ ഒറ്റപ്പെടൽ തോന്നിയില്ല…അമ്മ ഉണ്ട്…കയറി കിടക്കാൻ വീടും…അമ്മയെ കെട്ടപ്പിടിച്ചു കിടന്നു കുറെ നേരം …തേങ്ങലുകൾ അടങ്ങിയപ്പോൾ പതുക്കെ മുകളിൽ എന്റെ മുറിയിൽ ചെന്നു….ജനലിൽ നിന്നു ഇരുട്ടിൽ മുങ്ങി കിടക്കുന്ന പാടത്തേക്ക് നോക്കി ഇരുന്നു…പാടത്തിനു അക്കരെ കുഞ്ഞു വീട്…ചെറിയ വെട്ടം..ദൂരെ…

******************************

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഒരിക്കലും ആപ്പെട്ടൻ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല….അൽഭുത ലോകത്ത് എത്തിയ കുട്ടിയെ പോലെ എന്റെ ചിന്തകളും ഇഷ്ട്ടങ്ങളും മനു ശങ്കർ എന്ന ചെറുപ്പക്കാരനെ ചുറ്റി പറ്റി മാത്രം ആയി ഒതുങ്ങി…പരിഷ്‌ക്കാരതിന്റെ പേരിൽ മുടി മുറിച്ചപ്പോലു എനിക്ക് പരിഭവം ഇല്ലായിരുന്നു…

പോകെ പോകെ അവഗണന യുടെ കരഞ്ഞു തീർത്ത നാളുകളിൽ മനസ്സിലായി അപ്പെട്ടന്റ കാണാതെ പോയ മനസ്സിന്റെ നൊമ്പരം …..

….അപ്പെട്ടനൂ ഞാൻ എപ്പോളും സുന്ദരി ആയിരുന്നു…..പുതിയ പട്ട് പാവാട ഇടുമ്പോൾ അല്ലെങ്കിൽ മുടിയിൽ മുല്ല മാല കൂടുമ്പോൾ ഒക്കെ പറയും..” അല്ലേലും എന്റെ കുഞ്ഞി സുന്ദരി അല്ലേ” എന്ന്….അപ്പേട്ടൻ നല്ല വെളുത്തിട്ട് പൊക്കം വെച്ചിട്ട് ആണ്….പോക്കത്തിന് ഒത്ത വണ്ണം…നിറയെ രോമങ്ങൾ ഉള്ള വിരിഞ്ഞ നെഞ്ച്…സദാ പുഞ്ചിരിക്കുന്ന , കറുത്ത് തിങ്ങിയ താടിയും മീശയും ഉള്ള മുഖം…എന്നിട്ടും അപ്പെട്ടന് ഞാൻ സുന്ദരി ആയിരുന്നു…….

എന്റെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞ സന്ധ്യക്ക് അപ്പേറ്റൻ ഓടി പിടിച്ചു വന്നു…എന്റെ കൈ പിടിച്ചു വീടിന്റെ ഓരത്ത് ചേർന്ന് നിന്ന് ചോദിച്ചു…” ചെക്കനേ ഇഷ്ട്ടയോ കുഞ്ഞിക്ക്??”.. ഇഷ്‌ട്ടായി എന്ന് നാണത്തോടെ പറഞ്ഞു തല ഉയർത്തി നോക്കിയപ്പോൾ അപ്പെട്ടന്റേ കണ്ണ് വല്ലാതെ കലങ്ങി നിറഞ്ഞിരുന്നു..

“അയ്യേ…കുഞ്ഞി പോകുന്നേ ഓർത്ത് കരയുവാ അപ്പേട്ടൻ…..എന്റെ അപ്പെട്ടണെ കാണാൻ ഞാൻ വരില്ലേ” എന്ന് പറഞ്ഞു ഞാൻ അ കണ്ണുകൾ തുടച്ചു കൊടുക്കുമ്പോൾ പോലും ആ കണ്ണ് നീരിന്റെ അർത്ഥം ഞാൻ അറിഞ്ഞിരുന്നില്ല…മറുപടി പറയാതെ ആ മാറോടു എന്നെ അടക്കി ചേർത്ത് പിടിച്ചപ്പോൾ ആ വിയർപ്പിന്റെ ചന്ദന ഗന്ധം ഞാൻ അറിയുന്നുണ്ടായിരുന്നു….

മനുവും ആയി അകന്നു തുടങ്ങിയപ്പോൾ എന്റെ ചിന്തകളിൽ അപ്പേട്ടൻ വന്നു നിറയാൻ തുടങ്ങി …അപ്പെട്ടനേ പോലെ ഒരു ആളെ ആയിരുന്നില്ലേ എനിക്ക് വേണ്ടി ഇരുന്നത് ….അതുപോലെ എന്നെ സ്നേഹിക്കുന്ന സന്തോഷിപ്പിക്കുന്ന ഒരാളെ…

അപ്പെട്ടന്റെ നിറഞ്ഞ കണ്ണുകലുടെ അർത്ഥം അപ്പോൽ തൊട്ട് ആണ് മനസ്സിലാക്കാൻ തുടങ്ങിയത്….നാട്ടിലേക്കുള്ള ഫോൺ വിളികൾ അപ്പെട്ടാനെ കുറിച്ച് അറിയാനുള്ള ആഗ്രഹം ആയിരുന്നു …വിവാഹം കഴിക്കാൻ സമ്മതിക്കാതെ നടക്കുന്നതും എന്റെ വിവാഹ ശേഷം വീടിൽ വരാതത്തും ഒക്കെ കൂട്ടി വായിച്ചപ്പോൾ ആ മനസ്സിന്റെ വേദന എന്നിലേക്കും പടരാൻ തുടങ്ങി …പിന്നെ ഞാൻ പ്രണയിക്കുക ആയിരുന്നു…അപ്പേട്ടനെ….മനസ്സ് കൊണ്ട്….ഭ്രാന്തമായി….മനുവും ആയി അകന്നു… പഠിച്ചു പുതിയ ജോലി തെടിയപ്പോലുംം കാത്തിരുന്നത് ഇന്നത്തെ ഈ മടക്കത്തിന് വേണ്ടി ആയിരുന്നു…അപ്പെട്ടനേ കാണാൻ…കുഞ്ഞിയുടെ ഇഷ്ട്ടം പറയാൻ..അർഹത ഇല്ലെന്ന് അറിയാം..എങ്കിലും…

രാവിലെ നേരെത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു വന്നു….കണ്ണാടിയിൽ നോക്കി കരി മഷി കൊണ്ട് നന്നായി കണ്ണ് എഴുതി….ചുമൽ ഒപ്പം വെട്ടി നിർത്തിയ മുടി ചീകി ഒതുക്കി…. അലമാരയിൽ നിന്ന് പഴയ ഒരു സാരി ചുറ്റി താഴേക്ക് ഇറങ്ങി ചെന്നു…..

തലേ ദിവസത്തെ കരച്ചിലിന്റെ അവശേഷിപ്പുകൾ അമ്മയുടെ മുഖത്ത് ഉണ്ട്….എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടകാം ഒരു വാടിയ പുഞ്ചിരി തന്നു….അമ്പലത്തിലേക്ക് എന്ന് പറഞ്ഞു കിഴക്ക് വശത്തെ പടതേക്കുള്ള വഴിയിലേക്ക് ഇറങ്ങി ……വരമ്പിലൂടെ നടന്നു പോകെ ദൂരെ ഉള്ള കുഞ്ഞി വീട് കാഴ്ചയിൽ തെളിഞ്ഞു

ഒരു മാറ്റവും ഇല്ല വീടിന്…മുറ്റം വൃത്തിയായി തൂത്തു ഇട്ടിരിക്കുന്നു…..അകത്തു നിന്ന് ചെറിയ ശബ്ദത്തിൽ പാട്ട് കേൾക്കാം….പതിയെ അകത്തേക്ക് കയറി …നെഞ്ച് ആകെ പെരുമ്പറ കൊട്ടി .. കയ്യിലും കാലിലും ആകെ ഒരു വിറയൽ പടർന്നു കയറുന്നു…. നടുമുറിയും കഴിഞ്ഞു അടുക്കളയിൽ എത്തി…അപ്പേട്ടൻ തിരിഞ്ഞു നിന്നു അടുപ്പിൽ എന്തോ ഇളക്കുന്നു….ഒരു വല്ലാത്ത വീർപ്പു മുട്ടൽ എന്നിൽ വന്നു നിറഞ്ഞു …

“” അപ്പെട്ടാ!!!!…..”

ഞെട്ടി തിരിഞ്ഞു നോക്കി എന്നെ…. ആ കണ്ണുകളിൽ എന്ത് ഭാവം ആണ് വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല….അൽഭുതം ആണോ, സങ്കടം ആണോ എന്നൊന്നും അറിയാത്ത ഭാവം…അപ്പെട്ടനേ കണ്ട് ഒരു നിമിഷം ഞാനും മറന്ന് പോയി….കണ്ട സന്തോഷം ഒരു വശത്ത്…..ഉള്ളിൽ നിന്നും പുറത്തു വരാതെ തിക്ക് മുട്ടുന്ന പ്രണയം മറ്റൊരു വശത്ത്….

ഓടി ചെന്ന് ഞാൻ അപ്പേട്ടനേ ഇറുകെ പുണർന്നു…. ആ നെഞ്ചിൻ ചൂടിൽ മുഖം ഒളിപ്പിച്ചു. …വീണ്ടും ആ ചന്ദന ഗന്ധം എന്നിൽ വന്നു നിറഞ്ഞു…തെല്ലു നേരത്തിനു ശേഷം മുഖം ഉയർത്തി ഞാൻ നോക്കി….എന്നെ ഒന്ന് വട്ടം പിടിക്കാതെ എന്നെ നോക്കാതെ ദൂരെ കണ്ണും നട്ട് നിന്ന നിൽപ്പ് തന്നെ …..വേദന തോന്നി…നെഞ്ചിൻ കൊത്തി വലിക്കുന്ന വേദന ….അർഹത ഇല്ലെന്ന് പല ആവുർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും കേൾക്കാത്ത മനസ്സിന്റെ വേദന അണ പൊട്ടി കണ്ണിലൂടെ ഒഴുകി ഇറങ്ങി..

” അപ്പേട്ടാ….എന്താ ഒന്നും മിണ്ടാതെ…. അപ്പെട്ടൻ കുഞ്ഞിയെ മറന്നോ….?”

വീണ്ടും മൗനം നിറഞ്ഞ നിമിഷങ്ങൾ…. ആ നെഞ്ചിൻ നിന്നു അടർന്നു മാറി തിരിഞ്ഞു നിന്നു….

” അപ്പെട്ടനേ മനസ്സിലാക്കാൻ കുഞ്ഞിക്കു കഴിഞ്ഞില്ല അപ്പേട്ട….. ആ നെഞ്ചിലെ സ്നേഹം ഞാൻ കാണാതെ പോയി…അതിനുള്ള ശിക്ഷ ഞാൻ ഇപ്പൊൾ അനുഭവിക്കുക ആണ് …..എല്ലാവരും പോയി എന്നിൽ നിന്ന്….എനിക്കിപ്പോൾ ആരും ഇല്ല….ഞാൻ ഇപ്പൊൾ പഴയ കുഞ്ഞി ആകാൻ കൊതിക്കുവാ… അപ്പെട്ടൻറെ കുഞ്ഞി….എന്നെ..എന്നെ കൂടി കൂടുമോ അപ്പെട്ടാൻറ കൂടെ…..അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാം…രണ്ടാം കെട്ടുകാരി ആണ്…ശരീരവും മനസ്സും മറ്റൊരുവന്റെ പകുത്തു കൊടുത്തവളാണ്…എങ്കിലും എനിക്കിത് പറയാതെ വയ്യ അപ്പേട്ടാ…അപ്പേട്ടൻ മാത്രേ ഒള്ളു ഇപ്പൊ മനസ്സിൽ …ഒന്ന് കാണാൻ ആണ് ഓടി വന്നത്…ഇതൊന്നു പറയാൻ …അല്ലെങ്കിൽ മരിക്കും എന്ന് തോന്നി…”

അപ്പേട്ടൺ ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നു….കണ്ണ് കലങ്ങി കവിഞ്ഞു തുടങ്ങി..ഇടക്ക് നോട്ടം മാറ്റി എന്റെ നേരെ നോക്കി. ആ നോട്ടത്തിൽ ഞാൻ ഇല്ലാതാകുന്ന പോലെ തോന്നി….എന്ത് അർഹത ഉണ്ട് എനിക്ക് …ഇങ്ങനെ പറയാൻ… ആ മനുഷ്യന്റെ മനസ്സിന് മുന്നിൽ ഞാൻ ആരാണ്…എല്ലാം കൈ വിട്ടു പോയപ്പോൾ തേടി വന്നിരിക്കുന്നു….നാണം ഇല്ലാതെ…എനിക്ക് എന്നോട് പുച്ഛം തോന്നി…നിറഞ്ഞു തൂവിയ കണ്ണുകൾ ഞാൻ തുടച്ചു…നെഞ്ച് പൊട്ടി ഞാൻ മരിക്കും എന്ന് വരെ തോന്നി….പതുക്കെ പോകാൻ ഇറങ്ങി തിരിഞ്ഞു നിന്ന് പറഞ്ഞു.

” അപ്പേട്ടൻ പൊറുക്കണം ….എന്റെ വേദന കൊണ്ട് പറഞ്ഞു പോയതാണ്….സാരമില്ല…എന്നെ പോലെ ഒരു രണ്ടാം തരക്കാരി ഇങ്ങനെ ഒന്നും ആശിക്കാൻ പോലും പാടില്ലെന്ന് ഓർത്തില്ല …എനിക്ക് എന്റെ പഴയ ഏട്ടനെ വേണം. ഞാൻ എന്നും ഇനി ഇവിടെ തന്നെ കാണും …ഇവിടെ സ്കൂളിൽ ജോലി കിട്ടി….വീട്ടിലേക്ക് വരണം ഇടക്ക്…ഞാൻ പോട്ടെ..”

മറുപടി ഒന്നും കിട്ടാതായപ്പോൾ ഞാൻ തിരിഞ്ഞു നടന്നു…ഉമ്മറത്ത് നിന്നു കാലുകൾ പടിയിലേക്ക് വെച്ചപ്പോൾ വിളി കേട്ടു…

” കുഞ്ഞി!!!!”

ഒരു നിമിഷം മരവിച്ചു പോയി….വെട്ടിതിരിഞ്ഞു നോക്കി….കൈകൾ രണ്ടും വിടർത്തി പിടിച്ചു നിറഞ്ഞ ചിരിയോടെ അപ്പേട്ടൻ……ഒരു കൊടുങ്കാറ്റ് പോലെ ഞാൻ പാഞ്ഞു ചെന്ന് ആ നെഞ്ചിലേക്ക് ചേക്കേറി…അലമുറ ഇട്ടു കരഞ്ഞു…. ആ കൈകൾ എന്നെ ചുറ്റി വരഞ്ഞു….എന്റെ കണ്ണുനീരിൽ ആ നെഞ്ച് കുതിർന്നു…എന്റെ മൂർദ്ധാവിൽ ആ നെഞ്ചിലെ സ്നേഹം ചുംബനങ്ങൾ ആയി പെയ്തിറങ്ങി..

” കുഞ്ഞി!! .. നിന്നെ ഞാൻ മറക്കുവോ… നിന്നെ മറന്നാൽ ഞാൻ പിന്നെ ഇല്ല കുഞ്ഞി…എന്റെ…. എന്റെ പ്രാണൻ അല്ലേ നീ….നീ ഇതുപോലെ എന്റെ നെഞ്ചില് ചേർന്ന് നിൽക്കാൻ ഞാൻ എന്ത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയുമോ?? നിന്റെ ഏതു അവസ്ഥയിലും ഞാൻ നിന്നെ സ്നേഹിക്കുന്നു മോളെ….അർക്ക് വേണ്ടാതായി എന്നാലും എനിക്ക് വേണം നിന്നെ…നിനക്ക് അറിയുമോ…തകർന്നു പോയിരുന്നു ഞാൻ….നീ ഇല്ലാതെ പത്രണ്ട് വർഷം ..അമ്മക്ക് വേണ്ടി ജീവിച്ചു…അമ്മ മരിച്ചപ്പോൾ കൂടെ പോകണം എന്ന് തോന്നിയത് …പക്ഷേ എവിടെയോ നീ ഉണ്ടല്ലോ.. എപ്പോൾ എങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ എന്നോർത്ത് ജീവിച്ചു..”

നെഞ്ച് നീറി ഞാൻ പുകഞ്ഞു പോയി….അപ്പേട്ടൻറ സ്നേഹത്തിന്റെ ആഴം അറിഞ്ഞപ്പോൾ…പെരുവിരലിൽ കുത്തി നിന്ന് ആ മുഖം അടുപ്പിച്ചു ഭ്രാന്തമായി ഞാൻ തേരു തേരെ ചുംബിച്ചു…. ആ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്ത് ഞാൻ നിന്നു….. ഒരിക്കലും പിരിയില്ലന്ന വാക്ക് കൊടുക്കും പോലെ…