ഈ പ്രായത്തിലും കുറഞ്ഞ ഒരു മോൻ എനിക്കുള്ളത് കൊണ്ടും ഇത്തരം വാക്കുകൾ എന്റെ മോൻ പറയാത്തത് കൊണ്ട് വിഡിയോയിൽ ഉള്ള…

എഴുത്ത്: അച്ചു വിപിൻ

ഹോം വർക്ക്‌ ചെയ്യാത്തതിനാൽ അമ്മ തല്ലുകയും വഴക്കുപറയുകയും ചെയ്ത കാരണം കൊണ്ട് അമ്മയെ തിരിച്ചു ചീത്ത വിളിക്കുകയും കമ്പു കൊണ്ട് തല്ലുകയും ചെയ്ത ഒരു കുഞ്ഞ് മോന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് കഴിഞ്ഞ ദിവസം ഞാൻ കാണാൻ ഇടയായി.

ഈ പ്രായത്തിലും കുറഞ്ഞ ഒരു മോൻ എനിക്കുള്ളത് കൊണ്ടും ഇത്തരം വാക്കുകൾ എന്റെ മോൻ പറയാത്തത് കൊണ്ട് വിഡിയോയിൽ ഉള്ള മോൻ എന്തുകൊണ്ടാകും ഇങ്ങനെയൊക്കെ പറയുന്നത് എന്നറിയാനുള്ള ആകാംഷ കൊണ്ടും പ്രസ്തുത വീഡിയോ മൂന്നു നാല് തവണ ഞാൻ ഇരുന്നു കണ്ടു. അതിനു ശേഷം അതിനെ പറ്റി കുറച്ചു നേരം ആലോചിച്ചു പിന്നീട് അതിന്റെ അടിയിൽ വന്ന കമന്റുകൾ മുഴുവൻ കുത്തിയിരുന്നു വായിച്ചു…

അവിയൽ പരുവത്തിലായിരുന്നു പല കമന്റുകളും…ഭാവിയിൽ ആ കുഞ്ഞ് മോൻ തീവ്രവാദി ആകുമെന്നു ചിലർ, ഇവനൊക്കെ വളർന്നു വലുതാകുമ്പോൾ ആ അമ്മയെ തല്ലി കൊല്ലുമെന്ന് വേറെ ചിലർ, ഇവനെയൊക്കെ ഇങ്ങനെ വളർത്തുന്ന ആ തള്ളയെ പറഞ്ഞ മതി, അവന്റെയൊക്കെ അച്ഛനെ കൊള്ളില്ലാഞ്ഞിട്ടാണെന്ന് മറ്റു ചിലർ അങ്ങനെ കമന്റ്‌ ബോക്സ്‌ നിറയെ വാദ പ്രതിവാദങ്ങൾ കൊടുംമ്പിരി കൊണ്ട് നടക്കുന്നു..

എല്ലാം വായിച്ചതിനു ശേഷം ഞാനാ വീഡിയോ ഷെയർ ചെയ്യാതെ സ്ക്രോൾ ചെയ്തു പോയി കാരണം ആ കുഞ്ഞിന്റെ അറിവില്ലാത്ത പ്രായത്തിൽ തിരിച്ചറിവില്ലാതെ പറയുന്ന മോശo കാര്യങ്ങൾ നാട്ടുകാർ കാൺകെ ഷെയർ ചെയ്തവനെ വീണ്ടും അപഹാസ്യനാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ഇനി ഇത്തരത്തിൽ മോശം കമന്റ്‌ ഇട്ടു നിർവൃത്തിയടഞ്ഞവരും ഈ വീഡിയോ സമൂഹമാധ്യമത്തിൽ കൂടി പ്രചരിപ്പിച്ചവരും മക്കൾ ഉള്ള മാതാപിതാക്കളും അറിയാൻ വേണ്ടി മാത്രം ഞാൻ കുറച്ചു കാര്യങ്ങൾ പറയട്ടെ…

ഈ ഭൂമിയിൽ ഒരുപാട് മക്കൾ ഓരോ ദിവസവും പിറന്നു വീഴുന്നുണ്ട് നിറത്തിലും സ്വഭാവത്തിലും ശരീരപ്രകൃതിയിലും കഴിവിന്റെ അടിസ്ഥാനത്തിലും ഓരോ കുഞ്ഞും മറ്റുള്ള കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തനാണ് മാത്രമല്ല ഓരോ കുഞ്ഞുo വളർന്നു വരുന്ന സാഹചര്യവുo വ്യത്യസ്തമാണ്.

ഒരു സംഭവം കണ്ണിനു മുന്നിൽ കാണുമ്പോൾ അതിലെ നല്ലത് കാണാൻ ശ്രമിക്കാതെ അതിലെ മോശമായത് മാത്രം കണ്ടുപിടിച്ചു കുറ്റം പറഞ്ഞു നിർവൃത്തിയടയുമ്പോൾ കുറ്റം പറയാൻ നമുക്കെന്തു യോഗ്യത ഉണ്ടെന്നു കൂടി നമ്മൾ ഓർക്കെണ്ടതായുണ്ട്…

നമ്മുടെ ഒക്കെ ചെറുപ്പത്തിൽ അമ്മ വഴക്ക് പറയുമ്പോൾ അമ്മ കാണാതെ അമ്മയെ കൊഞ്ഞനം കുത്തി കാണിക്കുകയും അമ്മ തല്ലുമ്പോൾ ഓടി ചെന്ന് തിരിച്ചു തല്ലുകയും ചവിട്ടുകയുമൊക്കെ ചെയ്തവരാണ് നമ്മളിൽ പലരും എന്ന് കരുതി നമ്മൾ വളർന്നപ്പോൾ തീവ്രവാദി ആവുകയോ ഗുണ്ടയാവുകയോ ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതായ കാര്യം…

ഇപ്പഴത്തെ കുഞ്ഞുങ്ങളിൽ മിക്കവരും ഹൈപ്പർ ആക്റ്റീവ് ആണ് ഇത്തരം കുഞ്ഞുങ്ങൾക്ക് കുസൃതിയും കുറുമ്പും കൂടുതലായിരിക്കും ഇവർ ഒരിടത്തും അടങ്ങിയിരിക്കില്ല ഇവരുടെ കൈകൾ ഓരോ നിമിഷവും ഓരോരോ സാധനത്തിനായി പരതിക്കൊണ്ടിരിക്കും ഇത്തരം കുഞ്ഞുങ്ങൾക്ക് മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ചു ബുദ്ധിയും കഴിവും കുറച്ചു കൂടുതൽ ആയിരിക്കും നല്ലതായാലും ചീത്തയായാലും ഒരു കാര്യം ഒരു തവണ കേട്ടാൽ അവർ മനസ്സിൽ അത് റെക്കോർഡ് ചെയ്തു വക്കും അതിൽ അനാവശ്യവാക്കുകൾ ഏതാണെന്നു അവർക്ക് കൃത്യമായ ബോധ്യമുണ്ടാകും മാത്രമല്ല അവസരം വരുമ്പോൾ അവരത് കൃത്യമായി വിനിയോഗിക്കുകയും ചെയ്യും..ചെയ്യണ്ട എന്ന് പറയുന്ന കാര്യങ്ങൾ ചെയ്തെ അടങ്ങു എന്ന വാശിയും ഇത്തരം കുട്ടികൾ കാണിക്കും..

ഇപ്പോഴത്തെ കുട്ടികൾ യാതൊരു കഷ്ടപ്പാടുമറിയാതെയാണ് വളരുന്നത്..പണ്ടൊക്കെ കൂട്ടുകുടുംബമായി ആണ് എല്ലാരും താമസിച്ചിരുന്നത് ഒരു കൊച്ചു വീട്ടിൽ ഒരു മീൻ കിട്ടിയാൽ അത് നാലും അഞ്ചുമൊക്കെയായി മുറിച്ച ശേഷം കറി വെച്ച് കഞ്ഞിയും കഴിച്ചു നടന്ന തലമുറയെ പറ്റി പറഞ്ഞാൽ എല്ലാ സൗകര്യവുമായി അച്ഛനും അമ്മയും മാത്രം അടങ്ങുന്ന അണുകുടുംബത്തിൽ കഴിയുന്ന ഇപ്പഴത്തെ കുഞ്ഞുങ്ങൾ മനസ്സിലാക്കണമെന്നില്ല…

പണ്ടത്തെ പോലെ അല്ല ഇപ്പോഴത്തെ പഠനരീതി കൊച്ചു കുട്ടികൾക്ക് പോലും ഒരുപാടു പഠിക്കാനുണ്ട്..ഇപ്പഴത്തെ സാഹചര്യവും വളരെ മോശമാണ് കൊറോണ ആയത് കൊണ്ട് പുറത്തുപോലും ഇറങ്ങാൻ പറ്റാതെ വീടിനുള്ളിൽ അടച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ഓൺലൈൻ ക്ലാസ്സിലിരുത്തി ഒരുപാടു ഹോംവർക് ഒക്കെ കൊടുക്കുമ്പോൾ അതെല്ലാം ചെയ്യാൻ കുഞ്ഞുങ്ങൾക്ക് താല്പര്യം ഉണ്ടായെന്നു വരില്ല അതിനവരെ തല്ലിയിട്ടോ വഴക്ക് പറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല..അമിതമായ വഴക്കുപറയലും കുറ്റപ്പെടുത്തലുകളും അവരുടെ മനസ്സികാരോഗ്യത്തെ വരെ ബാധിച്ചേക്കാം.

അച്ഛൻ അല്ലെങ്കിൽ അമ്മ പഠിക്കാൻ വിളിച്ചാൽ വരാൻ കൂട്ടാക്കാത്ത കുഞ്ഞിനെ നോക്കി ഇവിടെ വന്നിരുന്നു പഠിക്കു കൊച്ചേ എന്നു പറഞ്ഞതിനെ വടിയെടുത്തടിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് വാശി കൂടുകയേ ഉള്ളു. അന്നേരത്തെ ദേഷ്യത്തിൽ കുഞ്ഞ് അച്ഛനും അമ്മയും വഴക്കിടുമ്പോൾ പറയുന്ന ഓരോ വാക്കും വാശിയോടെ തിരിച്ചു പറയും ഈ അവസരത്തിൽ അമ്മമാർ/അച്ചന്മാർ കുറച്ചു സംയമനത്തോടെ കുട്ടികളോട് പെരുമാറണം.. കുഞ്ഞ് ചീത്ത വാക്കുപയോഗിച്ച് തുടങ്ങിയാൽ പിന്നെ അതിനെ ഒന്നും പറയരുത് കുഞ്ഞ് കാണിക്കുന്ന പ്രവൃത്തികൾ വീഡിയോ എടുക്കുകയും ചെയ്യരുത് മാത്രമല്ല അമിതമായി വാശി കാണിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ തല്ലുകയോ വഴക്ക് പറയുകയോ ചെയ്തു പ്രകോപിപ്പിക്കാൻ നിക്കാതെ നിങ്ങൾ ആ രംഗം ശാന്തമാക്കാൻ ശ്രമിക്കണം..

എല്ലാ കുട്ടിയും റാങ്ക് മേടിക്കണം അധ്യാപകർ തരുന്ന ഹോംവർക് മുഴുവൻ ഒറ്റയിരുപ്പിൽ ചെയ്യണം എന്നൊന്നും മാതാപിതാക്കൾ ഒരിക്കലും വാശിപിടിക്കരുത്.

പഠിച്ചില്ല അല്ലെങ്കിൽ ഹോംവർക് ചെയ്തില്ല എന്നതിന്റെ പേരിൽ കുട്ടികളെ തല്ലുകയും വഴക്കുപറയുകയുo ചെയ്യുന്ന വീഡിയോ നിങ്ങളാരും എടുക്കരുത് മാത്രമല്ല കൊച്ചു കുട്ടികൾ വാശികൊണ്ട് ചീത്ത പറയുന്ന വീഡിയോ ഒരിക്കലും സമൂഹ മാധ്യമങ്ങളിൽ ഷെയർ പോലും ചെയ്യരുത് അത്തരം പ്രവണത ഒരിക്കലും നല്ലതല്ല..വളർന്നു വലുതായി കൊണ്ടിരിക്കുന്ന നിങ്ങടെ കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ മോശമാക്കി ചിത്രീകരിക്കാനെ അതുകൊണ്ട് ഉപകരിക്കു മാത്രമല്ല ഭാവിയിൽ ആ വീഡിയോ അവനു മാനസിക പ്രയാസമുണ്ടാക്കുകയും ചെയ്യും…

ചീത്തവാക്കുകൾ ഉപയോഗിക്കുന്ന മക്കളെ ഇനി നീ അങ്ങനെ പറയരുത് എന്നുപദേശിക്കാൻ നിൽക്കാതെ വീട്ടിൽ ചീത്തവാക്കുകൾ പറയുന്ന പ്രവണത അച്ഛനുമമ്മയും ഉപേക്ഷിക്കുക അപ്പൊ പതിയെ പതിയെ കുഞ്ഞുങ്ങളും അത്തരം വാക്കുകൾ ഉപയോഗിക്കുന്ന പ്രവണത നിർത്തിക്കോളും..

കുട്ടികൾ കളിച്ചു വളരട്ടന്നെ കുറച്ചൊക്കെ ഹോം വർക്ക്‌ നമുക്കും അവരുടെ ഒപ്പം ഇരുന്നു ചെയ്തു കൊടുക്കാo അവരെ സ്നേഹത്തിൽ അടുത്ത് പിടിച്ചിരുത്തി മോന്റെ ഹോം വർക്ക്‌ എഴുതിയെഴുതി അമ്മയുടെ കയ്യൊടിഞ്ഞു ഇനി എന്റെ കുഞ്ഞെന്നെ ഒന്ന് ഹെല്പ് ചെയ്തു തരാമോ എന്നൊക്കെ സൂത്രത്തിൽ അങ്ങ് ചോദിക്കണം അങ്ങനെ അവരെ നമ്മടെ വരുതിയിൽ കൊണ്ട് വരുകയാണ് വേണ്ടത് അല്ലാതെ പഠിച്ചില്ല അല്ലെങ്കിൽ ഹോം വർക്ക്‌ ചെയ്തില്ല എന്നതിന്റെ പേരിൽ ആഹാ അത്രക്കായോ വേഗം വന്നിരുന്നു പഠിച്ചു ഹോം വർക്ക്‌ ചെയ്യടാ നാശം പിടിച്ചവനെ എന്നൊക്കെ പറഞ്ഞു കുഞ്ഞിന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ടതിനെ പിടിച്ചിട്ടു തല്ലാതെ സുഹൃത്തുക്കളെ..നമ്മടെ മക്കളെ നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ പിന്നാരു മനസിലാക്കാൻ ആണ്…

ആ മോന്റെ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്നെ തന്നെ ഓർത്തുപോയി അമ്മാതിരി കയ്യിലിരിപ്പാരുന്നു എന്റേത് നൊന്തു പ്രസവിച്ചുപോയി എന്ന ഒറ്റക്കാരണത്താൽ ആണ് എന്റെയമ്മ എന്നെ തല്ലികൊല്ലാഞ്ഞത് അമ്മാതിരി സാധനം ആയിരുന്നു ഞാൻ എന്ന് വിനയത്തോടെ പറഞ്ഞു കൊള്ളട്ടെ…

ചെറുപ്രായത്തിൽ പറയുന്ന വാക്കുകൾ സ്വഭാവങ്ങൾ ഒന്നും വളർന്നു വരുമ്പോൾ ഒരു പിള്ളേർക്കും കാണില്ല എന്നത് ഒരു തുണി ഉടുക്കാത്ത സത്യമാണ് ഹേ..

ഡാ കുരുത്തം കെട്ടവനെ നീയൊന്നും ഒരിക്കലും നന്നാവില്ല എന്ന് അധ്യാപകരും വീട്ടുകാരും,നാട്ടുകാരും ഒരുപോലെ എഴുതിത്തള്ളിയ ബാക്ക്ബെഞ്ച് പിള്ളേരൊക്കെ ഭാവിയിൽ ജയിച്ചവരുടെ മുന്നിൽ കൂളിംഗ് ഗ്ലാസും വെച്ച് തലയുയർത്തി നിന്ന ചരിത്രമാണുള്ളത്…

എല്ലാ മാതാപിതാക്കളോടും ഒന്നേ പറയാനുള്ളൂ നിങ്ങടെ കുഞ്ഞിനെ കെട്ടിയിട്ട് അസ്വസ്ഥനക്കാതെ സ്വാതന്ത്രമായതിനെ പറക്കാൻ വിടു,അവരുടെ ചിറകുകൾ ഭൂമിയിലെ ഭംഗിയുള്ള കാഴ്ചകളൊക്കെ മതിയാവോളം ആസ്വദിച്ചു കണ്ടു പറക്കാൻ വേണ്ടിയുള്ളതാണ് അല്ലാതെ കെട്ടിയിട്ടു വക്കാൻ ഉള്ളതല്ല…

NB:അപ്പൊ എല്ലാരും അറിയാൻ വേണ്ടി പറയുവാ ഈ ചാക്കോമാഷ് പറയുന്ന പോലെ “ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലൊന്നുമല്ലന്നെ സ്പന്ദിക്കുന്ന വേറെ പലതും ഈ ലോകത്തുണ്ട് അത്കാണണം എങ്കിൽ പുഞ്ചിരിച്ചു നിൽക്കുന്ന നമ്മുടെ മക്കളുടെ മുഖത്തേക്കൊന്നു സ്നേഹത്തോടെ നോക്കിയാൽ മതി”?

എന്ന് അച്ചു വിപിൻ