കനിഹ ~ Part 02 ~ എഴുത്ത് ~ Tina Tnz & Bradley Bibin

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

” ഞാൻ പൊയ്ക്കോട്ടേ സാറേ, ഉച്ച കഴിഞ്ഞു ബാഡ്മിന്റൺ പ്രാക്ടീസ് ഉള്ളതാ. “

കയ്യിലെ വാച്ചിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ട് അവൾ ചോദിച്ചതും പ്രസാദ് യാന്ത്രികമായി തലയാട്ടി. കനിഹ പോയി കഴിഞ്ഞിട്ടും അയാൾക്ക് ഉള്ളിലാകെ ഒരു വല്ലായ്മ തോന്നി.

” എന്താ പ്രസാദ് സാറേ, മുഖത്തൊരു വാട്ടം , ” സ്റ്റാഫ്‌ റൂമിലേക്ക് കയറി വന്ന ജ്യോതി ടീച്ചർ ചോദിച്ചു.

“ഏയ്‌ ഒന്നുമില്ല ” കണ്ണട എടുത്ത് മുഖത്തേക്ക് വെച്ചുകൊണ്ട് പ്രസാദ് നിവർന്നിരുന്നു.

” ടീച്ചറെ, എന്റെ ക്ലാസ്സിലെ കനിഹ എന്ന കുട്ടിയില്ലേ…. ആ കുട്ടിയുടെ വീട് എവിടെയാ. പേരെന്റ്സ് ഒക്കെ എന്ത് ചെയുന്നു “

കനിയെക്കുറിച്ച് എന്തൊക്കെയോ അറിയാനുള്ള ജിജ്ഞാസ ഉള്ളിൽ ഉളവെടുത്തത് കൊണ്ടാകും ജ്യോതി ടീച്ചറോട് അവളെക്കുറിച്ച് അന്വേഷിക്കാൻ തോന്നിയത്.

” അപ്പൊ സാറിനു ഒന്നും അറിയില്ലേ.. അവൾ മുംബയിൽ ആയിരുന്നു. രണ്ട് വർഷം മുൻപാ ഇവിടുത്തെ സ്കൂളിൽ വന്നു അഡ്മിഷൻ എടുത്തത്. അതിന്റെ അപ്പനും അമ്മയും ഡിവോഴ്സ് ആയതാ ഇതിന്റെ ഇളംപ്രായത്തിൽ തന്നെ. അപ്പൻ വലിയ ബിസിനസ്‌മാൻ ആണ്. അമ്മ അറിയപ്പെടുന്ന നർത്തകിയും. പണത്തിനും സമ്പത്തിനും ഒരു കുറവും ഇല്ലാത്തവരാ. പറഞ്ഞിട്ടെന്താ കാര്യം, നാലഞ്ചു വർഷം മുൻപ് അവര് ബന്ധം വേർപെടുത്തി. ഈ കൊച്ചു ഇപ്പോ ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത്. അല്ലെങ്കിലും അവർക്കൊക്കെ എന്തിന്റെ കുഴപ്പമാ സാറേ, പണവും സൗകര്യവും എല്ലാം ഉള്ളവരാ, എന്തിന്റെ കുറവാ ഉള്ളത്. .. എന്നിട്ടും ഉള്ള ജീവിതം തൊലച്ചിട്ട്, ഉണ്ടായ കൊച്ചിനെയും കളഞ്ഞു നാട് മൊത്തം കറങ്ങി നടക്കുവല്ലേ..പണം കൂടിയാലും ഇത് തന്നെയാ കുഴപ്പം..” ജ്യോതി ടീച്ചർ അയാൾക്കെതിർവശത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.

“അതിന്റെ അമ്മയ്ക്ക് വലിയ നർത്തകി ആകാൻ വേണ്ടി കെട്ടിയോനേം കൊച്ചിനേം കളഞ്ഞിട്ട് പോയെന്നാ പലരും പറഞ്ഞുകേൾക്കുന്നത്. അപ്പന് ബിസിനസ്‌ വളർത്താനുള്ള തിരക്കിനിടയിൽ ഇവരെ ബാധ്യതആയി തോന്നി ഉപേക്ഷിച്ചത് ആണെന്നും ഒരു സംസാരം ഉണ്ട്. എന്തായാലും ഇതിന്റെ കാര്യമാ കഷ്ടം, രണ്ടുപേരും വേറെ കെട്ടി ജീവിക്കുവാ. അവരുടെ ലൈഫിൽ ഇവളൊരു ബാധ്യത ആകുമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും ദൂരെ ഹോസ്റ്റലിൽ കൊണ്ട് വന്നു നിർത്തി പഠിപ്പിക്കുന്നത് എന്നാ നാട്ടുകാർ പറയുന്നതു “ജ്യോതി ടീച്ചർ താടിയ്ക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.

” അപ്പൊ ഈ കുട്ടിയെ കാണാൻ അവരാരും വരാറില്ലേ?

” ഇല്ല. എല്ലാ വെക്കേഷനും ബാഗും പാക്ക് ചെയ്തു ഇവിടുന്ന് പോകാറുണ്ട് മുംബൈക്ക് . അച്ഛന്റെ കൂടെ ആണോ അതോ അമ്മയുടെ കൂടെ ആണോന്ന് ആർക്കറിയാം.”

” നാട്ടിൽ വേറെ ബന്ധുക്കൾ ആരുമില്ലേ “

” ഇവര് തൃശ്ശൂരുകാർ ആണ്. നാട്ടിൽ ബന്ധുക്കൾ ആരൊക്കെയോ ഉണ്ട്. ഇടയ്ക്ക് ഒരു പ്രായമായ മനുഷ്യൻ കാണാനൊക്കെ വരാറുണ്ട്.അമ്മയുടെ അച്ഛൻ ആണെന്നാ തോന്നുന്നത്. കൂടുതൽ ഒന്നും അറിയില്ല..സാറെന്താ ഇപ്പോ ഇതൊക്കെ അന്വേഷിച്ചത് “

” ആ കുട്ടിയുടെ പേപ്പർ വാല്യൂ ചെയ്തപ്പോ വലിയ മാർക്കൊന്നും ഇല്ല.. ക്ലാസ്സിൽ പഠിക്കാനും അല്പം പിറകിലാണ്. എപ്പോഴും കളിച്ചു നടക്കുന്നത് കാണാം. അങ്ങനെ ചോദിച്ചെന്നെ ഉള്ളു “

” അല്ലാത്ത സബ്ജെക്ടിനു ഒക്കെ അത്യാവശ്യം മാർക്ക്‌ ഉള്ള കുട്ടിയാണല്ലോ. ” ഫിസിക്സ്‌ പഠിപ്പിക്കുന്ന ദേവിക ടീച്ചറും സംസാരത്തിൽ ഇടപെട്ടു.

” അത്യാവശ്യം മാർക്ക്‌ വാങ്ങി പാസ്സ് ആകും എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ടീച്ചറെ.. നല്ല മാർക്കോടെ പാസ്സ് ആയി പോകുമ്പോഴല്ലേ അവരെ പഠിപ്പിച്ച നമുക്കും ഒരു സന്തോഷം തോന്നുക ” പ്രസാദ് സാർ ചോദിച്ചു.

അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടാണ് മലയാളം അധ്യാപികയായ മോളമ്മ ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് കടന്ന് വന്നത്. സ്കൂളിലെ ഏറ്റവും സീനിയർ ആയ അധ്യാപിക കൂടിയാണവർ.

“ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒരേപോലെ പഠിക്കണം, ഒരേ പോലെ സ്കോർ ചെയ്യണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ പ്രസാദ് സാറെ. പഠിത്തത്തിൽ മികച്ചു നിൽക്കുന്ന കുറച്ചു കുട്ടികൾ കാണും., മറ്റുചിലർ ചിലർ പഠിത്തത്തിൽ അല്പം പിറകിൽ ആയിരിക്കും. എന്ന് കരുതി അവർ മോശമാണെന്നു നമുക്ക് പറയാൻ സാധിക്കില്ലല്ലോ, ആ കുട്ടികൾക്ക് കഴിവും മികവും തെളിയിക്കാൻ പറ്റുക മറ്റുപല മേഖലകളിൽ ആയിരിക്കും. നമ്മളത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്.”

കയ്യിലിരുന്ന ബുക്സ് മേശമേൽ വെച്ചുകൊണ്ട് മോളമ്മ ടീച്ചർ ചിരിയോടെ ചോദിച്ചു. .

” അധ്യാപനം എന്നാൽ ഒരു കുട്ടിയെ മുഴുവൻ മാർക്കും വാങ്ങി ജയിപ്പിക്കുക എന്നത് മാത്രമല്ലല്ലോ. മനസറിഞ്ഞു വിളമ്പിയാലേ മനസറിഞ്ഞു കഴിക്കാൻ പറ്റു എന്ന് പറയാറില്ലേ.. അതെ തിയറി ആണ് അധ്യാപനത്തിലും വേണ്ടത്. നമ്മുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും ഉള്ളറിയണം. അവർക്ക് എന്തൊക്കെയാണോ ആവിശ്യം ഉള്ളത് അതറിഞ്ഞു നമ്മൾ വിളമ്പി നൽകണം. “

“എന്നാൽ ചില കുട്ടികളെ കണ്ടിട്ടില്ലേ.. നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും അവർക്ക് പഠിത്തത്തിൽ താല്പര്യം ഉണ്ടാവില്ല. എന്നാൽ അവരുടെ ഉള്ളിൽ ഒരുപാട് കഴിവുകൾ ചാരം മൂടിയ കനലുകൾ പോലെ കിടപ്പുണ്ടാവും.. ആ ചാരത്തെ ഊതികത്തിച്ചു എടുക്കുമ്പോഴാകും അവർക്ക് മുന്നോട്ട് പോകാൻ കഴിയുക. എന്നാൽ ചില അധ്യാപകർ അത് ഊതികെടുത്തുകയും ചെയ്യും. “

” അത് ശെരി ആയിരിക്കാം ടീച്ചറെ.. എന്നാലും ഇത് 10 ആം ക്ലാസ്സ് അല്ലെ.. അവരുടെ ജീവിതത്തിന്റെ നിർണായക വഴിതിരിവ് ഇവിടെ അല്ലെ. ഇവിടെ തളർന്നു പോയാൽ ആ കുട്ടികൾ എങ്ങനെ മുന്നോട്ട് പോയി വിജയിക്കും.? നാളെ ഒരിക്കൽ അവർ നല്ല നിലയിൽ എത്തണമെങ്കിൽ അടിസ്ഥാനപരമായി ഉയർന്ന വിദ്യാഭ്യാസം വേണമല്ലോ. ” പ്രസാദ് തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

മോളമ്മ ടീച്ചർ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് തുടർന്നു….

” പ്രസാദ് സാറിപ്പോ ചെറുപ്പമാ. അധ്യാപകജീവിതം തുടങ്ങിയിട്ടേ ഉള്ളു. ഞാൻ 30 കൊല്ലത്തിലെറേയായി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട്. സാറിന്റെ പ്രായത്തിൽ ഞാനും ഇതേപോലെ ചിന്തിച്ചിട്ടുണ്ട്. നല്ല മാർക്ക്‌ വാങ്ങി പോയവർ മാത്രമേ ഈ ലോകത്ത് ജയിച്ചിട്ടുള്ളു എന്നാ ഞാൻ കരുതിയത്. പക്ഷെ എന്റെ ആ ധാരണ മാറ്റിയത് എന്റെ ക്ലാസ്സിൽ ഏറ്റവും മോശമായി പഠിച്ചിരുന്ന കുട്ടികളാണ്. വർഷങ്ങൾക്ക് ശേഷം അവരെ കാണുമ്പോ ഞാൻ മനസിലാക്കി, അന്ന് പഠിത്തത്തിൽ അല്പം മോശം ആയിരുന്നവരൊന്നും ജീവിതത്തിൽ തോറ്റു പോയവരല്ലെന്നു.. കേവലം പുസ്തകത്തിലെ അറിവ് മാത്രം നേടിയവരേക്കാൾ ജീവിതത്തിൽ വിജയിച്ചവർ ഇവർ തന്നെയാണെന്നുള്ള യാഥാർഥ്യം. “

തന്റെ 30 വർഷത്തെ സെർവിസിൽ നിന്നും മോളമ്മ ടീച്ചർ അനുഭവവിച്ചറിഞ്ഞ അതെ കാര്യമാണ് അന്ന് ക്ലാസ്സിൽ വെച്ച് കനിഹ വീട്ടിത്തുറന്നു പറഞ്ഞതെന്ന് ഒരു… പ്രസാദ് ഓർത്തു.

” അവൾ മിടുക്കിയാ പ്രസാദ് സാറേ, നല്ല മിടു മിടുക്കി കുട്ടി. പഠിത്തത്തിൽ അവൾ അത്രയ്ക്ക് മികച്ചത് അല്ലായിരിക്കാം.. എങ്കിലും അവൾ നല്ലൊരു വ്യക്തിതത്തിന് ഉടമയാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയും ആത്മവിശ്വാസവും ആവോളം ഉള്ള പെൺകുട്ടി. അവൾ വിജയിക്കും ഈ പരീക്ഷയിലും, ജീവിതത്തിലും. ” മോളമ്മ ടീച്ചർ പറയവേ അവർക്ക് മുന്നിൽ നിശബ്ദനായി ഇരിക്കാനെ പ്രസാദിന് കഴിഞ്ഞുള്ളു.

???????

ദിവസങ്ങൾ കടന്നു പോകവേ കനിഹയോടുള്ള പ്രസാദിന്റെ സമീപനത്തിനും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. എന്തിനും ഏതിനും ദേഷ്യം കാണിച്ചു കൊണ്ടിരുന്ന സാർ അല്പം മയത്തിൽ പെരുമാറാൻ തുടങ്ങിയതിനെയും അവൾ പുഞ്ചിരിയോടെ തന്നെ സ്വാഗതം ചെയ്തു.

അധ്യയനവർഷത്തിന്റെ പകുതി ആയപ്പോഴാണ് sslc ക്കു സ്കൂളിന്റെ സമ്പൂർണ വിജയം ലക്ഷ്യമിട്ടു ഓരോവിഷയങ്ങൾക്കും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്പെഷ്യൽ ക്ലാസ്സ്‌ വെക്കാൻ തീരുമാനം ആകുന്നത്. മാത്ത്സിനുള്ള സ്പെഷ്യൽ ക്ലാസ്സിൽ കനിഹ ഉൾപ്പെടെ 7 കുട്ടികൾ ആണുണ്ടായിരുന്നത്. സ്പെഷ്യൽ ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമാണ് പ്രസാദ് സാർ കനിഹയെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഗണിതത്തിൽ അവൾക്ക് താല്പര്യം ഉണ്ട്, പഠിക്കുന്നുമുണ്ട്. എങ്കിലും ഉത്തരത്തിലേക്കുള്ള യാത്രയിൽ എവിടെയൊക്കെയോ തടഞ്ഞു നില്കുന്നത് പോലെ.. അതെന്താണെന്നു മനസിലാക്കിയെടുക്കാൻ അവൾക്ക് കഴിയുന്നുമില്ല.

മറ്റുള്ളവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ. ആ തടസ്സം എന്താണെന്നു മനസിലാക്കിയെടുക്കാൻ അവരെ സഹായിക്കുകയാണ് പ്രസാദ് ആദ്യമായി ചെയ്തത്. വളരെ കുറച്ചുപേർ മാത്രേ ഉള്ളതിനാൽ ഓരോരുത്തർക്കും പ്രത്യേകം ശ്രദ്ധ നൽകിയും തെറ്റുകൾ തിരുത്തിയും അവരെ നന്നായി പഠിപ്പിക്കാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നു. കണിശക്കാരനായ അധ്യാപകനിൽ നിന്നും സൗമ്യനായ അധ്യാപകനിലേക്കുള്ള പ്രസാദിന്റെ മാറ്റത്തെ അതിശയത്തോടെയാണ് അവർ 7 പേരും നോക്കിക്കണ്ടത്. ക്ലാസ്സിൽ ഒന്ന് സംശയം ചോദിക്കാൻ പോലും മടിച്ചിരുന്ന പലരും അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാകുന്നത് പ്രസാദിലും അതിശയം ഉളവാക്കി. ഇത്രയും നാൾ അതിനു അവർക്ക് സാധിക്കാഞ്ഞത് താനെന്ന അധ്യാപകന്റെ പരാജയമാണെന്ന് മനസിലാക്കവേ അയാളിൽ ചെറുതായി കുറ്റബോധം തോന്നിയിരുന്നു. പഠനത്തിൽ ഓരോ കുട്ടികളുടെയും വീക്ക്‌ പോയ്ന്റ്സ് ഏതാണെന്നു മനസിലാക്കി അവരെ അവിടെ നിന്ന് കൈപിടിച്ച് മുന്നോട്ട് നടത്തവേ പ്രസാദ് മനസിലാക്കുകയായിരുന്നു മോളമ്മ ടീച്ചർ പറഞ്ഞ ഓരോരുത്തരുടെയും ഉള്ളറിഞ്ഞു വിളമ്പുന്നതിന്റെ പൊരുൾ. !

ദിവസങ്ങൾ കഴിയവേ വളരെ വേഗം തന്നെ പ്രസാദ് സാറുമായി കനിഹ അടുത്തു. ആദ്യമൊക്കെ വെറുത്തിരുന്ന അവളുടെ ഓവർ സംസാരവും എടുത്തടിച്ച പോലുള്ള സംസാരങ്ങളുമൊക്കെ മെല്ലെ മെല്ലെ പ്രസാദിനും ഇഷ്ടം ആകുകയായിരുന്നു. എന്തോ ഒരു കാന്തികശക്തി അവളിലേക്ക് അടുപ്പിക്കുന്നത് പോലെ. അവളെക്കുറിച്ച് കൂടുതൽ അറിയണമെന്നും അവളുടെ ജീവിതത്തിൽ എന്താണ് നടന്നതെന്നും അറിയാനുള്ള ആകാംഷ പ്രസാദിൽ ഉടലെടുത്തു.

“കനിഹയ്ക്ക് ദേഷ്യം തോന്നിയിട്ടില്ലേ.. അച്ഛനും അമ്മയും മറ്റൊരു ജീവിതത്തിലേക്ക് പോയതിൽ.”.. സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ തുടങ്ങവേ കനിഹയെ ഒറ്റയ്ക്ക് കണ്ടപ്പോൾ അല്പം മടിച്ചാണ് പ്രസാദ് അക്കാര്യം ചോദിച്ചത്.

” എന്തിനു…വേറെ കല്യാണം കഴിച്ചു എന്നത് കൊണ്ട് എന്നത് അവരെന്റെ അച്ഛനും അമ്മയും അല്ലാതെ ആകുന്നില്ലല്ലോ സർ.. ” സ്വതവയുള്ള പുഞ്ചിരി മായാതെ അവൾ തിരികെ പറഞ്ഞു. അയാൾ കണ്ണ് മിഴിച്ചു അവളെ നോക്കി.

” ഡാഡിയും മമ്മിയും ഡിവോഴ്സ് ചെയ്തതും മറ്റൊരു ജീവിതത്തിലേക്ക് കടന്നതും ഇരുവരും ഒരുമിച്ചെടുത്ത ഡിസിഷൻ ആണ്. ഒരിക്കലും ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി എടുത്ത well decision.. അതിൽ എനിക്ക് ദേഷ്യം തോന്നിയിട്ടു എന്താ കാര്യം.. ആ തീരുമാനത്തെ ഞാൻ അംഗീകരിക്കുന്നു. I respect them for that.

തന്റെ മുന്നിൽ നിൽക്കുന്ന പതിനഞ്ചുകാരിയെ പ്രസാദ് കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….