തന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ മോൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയതല്ലേ…

ഡിമാന്റ്

Story written by Adv RANJITHA LIJU

ദല്ലാൾ കേശവൻ ഗേറ്റ് തുറന്ന് അകത്തേക്ക്‌ കയറുമ്പോൾ സുകുമാരൻ നായരും അമ്മിണി അമ്മയും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

അയാളെ കണ്ടതും വശത്തു കിടന്ന കസേര നീക്കി മുന്നിലേക്കിട്ടു കൊണ്ട് സുകുമാരൻ നായർ പറഞ്ഞു ” എടോ കേശവാ, തന്നെ വിളിപ്പിച്ചതേ നമ്മുടെ അശ്വതി മോൾക്ക്‌ നല്ലൊരു ചെറുക്കനെ കണ്ടു പിടിക്കണം. കല്യാണം ഒരു കൊല്ലത്തിനകം നടത്തണമെന്നാ കേളു കണിയാര് പറഞ്ഞത്. അവൾക്കിത്തിരി പാപമുണ്ട്. അതുകൊണ്ട് നന്നായി നോക്കി തന്നെ നടത്തണമെന്നാ പറയുന്നെ.”

ഗ്രഹനിലയടങ്ങുന്ന പേപ്പറും, പിന്നെ അശ്വതിയുടെ മോഡേണ് ലുക്കിലുള്ള ഒരു ഫോട്ടോയും കേശവന് കൊടുക്കുന്നതിനിടയിൽ അമ്മിണി അമ്മ പറഞ്ഞു, “അതേ,എന്റെ മോനെ കൊണ്ടു പോയി കുഴിയിൽ ചാടിച്ച പോലെയാകരുത്. നന്നായി തിരക്കിയിട്ടു ഞങ്ങളുടെ കുടുംബത്തിന് ചേരുന്നത് മാത്രം ഇങ്ങോട്ട് കൊണ്ടു വന്നാ മതി.അവന് എത്ര എത്ര നല്ല ആലോചനകൾ വന്നതാ.താൻ ഒറ്റ ഒരുത്തനാ ഒരു ദാരിദ്ര്യവാസി പെണ്ണിനെ അവന്റെ തലയിൽ കെട്ടി വച്ചത്. അല്ല! തന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ മോൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയതല്ലേ.”

“ശരിയാ,മൂന്നു തവണ എഴുതിയിട്ടും പ്ലസ് ടൂ പോലും പാസ്സാകാത്ത ,ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും ചിലവിൽ കഴിയുന്ന കള്ളുകുടിയനും ആഭാസനും ആയ ഒരുത്തന്, നല്ല സൗന്ദര്യവും സ്വഭാവ ഗുണവും അതിലുപരി വിദ്യാഭ്യാസവുമുള്ള ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുത്തത് ഞാൻ ചെയ്ത വലിയ അപരാധമായിപ്പോയി” കേശവൻ ഓർത്തു.വന്ന അരിശം തനിക്ക് കിട്ടാൻ പോകുന്ന കമ്മീഷൻ ഓർത്ത് അയാൾ വിഴുങ്ങി.എന്നിട്ട് അമ്മിണിയമ്മയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

“കഴിഞ്ഞത് കഴിഞ്ഞു.ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ടെന്തിനാ” സുകുമാരൻ നായർ തുടർന്നു .”ങാ! കേശവാ ,ഞങ്ങൾക്ക് കുറച്ച്‌ ഡിമാന്റസ് ഒക്കെ ഉണ്ട്. ചെറുക്കൻ നല്ല വിദ്യാഭ്യാസം ഉള്ള ഒരു സർക്കാർ ജോലിക്കാരനായിരിക്കണം. ഞാനെന്റെ മോളെ പഠിപ്പിച്ചത് കണ്ടവന്റെ വീട്ടിൽ അടുക്കള ജോലിക്കാരിയാക്കാനല്ല. അതുകൊണ്ട് കല്യാണം കഴിഞ്ഞാലും അവളെ ജോലിക്ക് വിടണം. പിന്നെ,ഞാൻ എന്റെ മോൾക്ക്‌ കൊടുക്കുന്ന സ്ത്രീധനം , അതു ഒരച്ഛൻ മകൾക്ക്‌ കൊടുക്കുന്ന ഗിഫ്റ്റാണ്.അതിൽ കൈകടത്താൻ അവനോ അവന്റെ വീട്ടുകാരോ ശ്രമിക്കരുത്.കൂടാതെ അവൾക്കു കൊടുക്കാനുദ്ദേശിക്കുന്ന വസ്തുവകകൾ,അത് ഞങ്ങളുടെ കാലശേഷം മോൾക്ക്‌ കൊടുക്കും. അവളുടെ സ്വത്തും പണവും കണ്ടിട്ടു വരുന്ന ഒരുത്തനെയും ഇങ്ങോട്ട് കൊണ്ടു വരണ്ട.അതാ ഇതൊക്കെ നേരത്തേ പറഞ്ഞത്.”

വളരെ ന്യായമായ ഡിമാന്റുകൾ. കേൾക്കുന്നവർക്കു കുറ്റം പറയാൻ പറ്റില്ല.എന്നാൽ ഇതേ അച്ഛനുമമ്മയും തന്നെ കഴിഞ്ഞവർഷം തന്റെ മകന്റെ വിവാഹാലോചനയ്‌ക്ക്‌ വച്ച ഡിമാന്റുകൾ ഇതുമായി പുലബന്ധം പോലുമില്ലായിരുന്നല്ലോ എന്ന് കേശവൻ ഓർത്തു.ഇതുപോലെ ഉമ്മറത്തിരുന്നു തന്നെയാണ് അതും സംസാരിച്ചത്. അയാളുടെ മനസ്സ് വെറുതെ ഒന്ന് പുറകിലേക്ക് പോയി.

“അതേ കേശവാ, എന്റെ മകന് വിദ്യാഭ്യാസം ഇത്തിരി കുറവാന്നെ ഉള്ളു….ആവശ്യത്തിനു സ്വത്തുണ്ട്. അതുകൊണ്ട് ആലോചിക്കുമ്പോൾ അതുപോലെ ഉള്ള ബന്ധം തന്നെ നോക്കണം.പിന്നെ,കേറി വരുന്ന പെണ്ണിനെ ജോലിക്കു വിട്ടിട്ടു വേണ്ട പൂമംഗലത്തുകാർക്കു കഴിയാൻ. അതുകൊണ്ട് ജോലിയുള്ള പെണ്ണ് വേണ്ട. ഞങ്ങളെ നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ നിൽക്കുന്ന ഒരുത്തി മതി. സ്ത്രീധനം, അതു ഞങ്ങൾക്ക് താല്പര്യമുണ്ടായിട്ടല്ല,ഞങ്ങളുടെ നിലയും വിലയും വച്ചു കിട്ടിയില്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും.മാത്രവുമല്ല ഞങ്ങളുടെ കുടുംബത്തിലെല്ലാരും നല്ല സ്ത്രീധനം വാങ്ങിയാ കെട്ടിയത്. അപ്പൊ അവരുടെ മുൻപിൽ കുറയാൻ പറ്റില്ലല്ലോ…

പിന്നെ,വന്നു കേറുന്ന പെണ്ണിനെ ഇനി എന്റെ മകൻ വേണം ജീവിതകാലം മുഴുവൻ നോക്കാൻ,അതുകൊണ്ട് കൊടുക്കുന്ന പൊന്ന് അവനൂടെ കൈകാര്യം ചെയ്യത്തക്ക രീതിയിൽ ആയിരിക്കണം.മാത്രമല്ല എന്തെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ, അത് കല്യാണത്തിന് മുന്നേ തന്നെ ധാരണയാക്കി അവന്റെ പേരിൽ രജിസ്റ്റർ ചെയ്യണം. എന്തായാലും അവന് കൊടുക്കാനുള്ളത് തന്നെയല്ലേ? അതെന്തിനാ വച്ചു താമസിപ്പിക്കുന്നെ”. സന്ദർഭത്തിനനുസരിച്ചു മാറാനുള്ള മനുഷ്യന്റെ കഴിവോർത്തു കേശവന് അയാളോട് തന്നെ പുച്ഛം തോന്നി.

“ചായ” അതുകേട്ടാണ് അയാൾ ഓർമ്മയിൽ നിന്നുണർന്നത്.ആ വീട്ടിലെ മരുമകൾ, ഒരു ട്രേയിൽ ചായയുമായി ഉമ്മറത്ത്‌ നിൽക്കുന്നു. അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ഒരു കവിൾ വായിലേക്കെടുത്ത ശേഷം, മുറ്റത്തേക്ക് തുപ്പികൊണ്ട് അമ്മിണി അമ്മ ചോദിച്ചു ” ഇതെന്ത് ചായയാ നീ ഉണ്ടാക്കി കൊണ്ട് വന്നേക്കുന്നെ.ഒരു ചായ പോലും നേരാംവണ്ണം ഉണ്ടാക്കാൻ അറിയാത്തവളെ ആണല്ലോ ഈശ്വരാ നീ എനിക്ക് മരുമകളായി തന്നത്.വളർത്തു ദോഷം.അല്ലാതെന്ത് പറയാൻ”.

അവളുടെ നിസ്സഹായമായ നോട്ടം ഒരു കൂരമ്പായി കേശവന്റെ നെഞ്ചിൽ തറച്ചു. കയ്യിലിരുന്ന ചായ കുടിച്ചെന്ന് വരുത്തി ബാഗ്ഗ് എടുത്ത് അയാൾ വേഗം പുറത്തേക്ക് നടന്നു…

അവരുടെ മറ്റൊരു ഡിമാന്റിനായുള്ള യാത്ര….

**********************