നിന്നോടൊന്നു സഹായിക്കാൻ പറഞ്ഞാൽ നീ കേൾക്കുമോ ഏത് നേരവും ആ കുന്ത്രാണ്ടത്തിൽ തോണ്ടി ഇരിക്കുന്ന പണിയല്ലേ…

അച്ഛന്റെ പാറൂട്ടി

എഴുത്ത്: അശ്വനി പൊന്നു

എനിക്ക് ചോറ് വേണ്ടെന്ന വാശിയോടെ ഞാൻ ഊണ് മേശയുടെ മുൻപിൽ മുഖം വീർപ്പിച്ചിരുന്നു…..

അച്ഛനും ഉണ്ണികുട്ടനും കയ്യും കഴുകി വന്നിരുന്നു കൊണ്ട് എന്താ പാറുട്ടിയുടെ പ്രോബ്ലം എന്ന് അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു

അടുക്കളയിൽ നിന്നും കറിയുമായി വരുന്ന അമ്മയ്ക്ക് എന്നെ കുറ്റം പറയാൻ കിട്ടിയ അവസരം അമ്മയും മുതലെടുത്തു

പെൺകുട്ടികൾ ആയാൽ ഇത്ര അഹങ്കാരം പാടില്ല.. നിങ്ങളുടെ സൽപുത്രിക്ക് വറുത്ത മീൻ ഇല്ലെങ്കിൽ ചോറ് ഇറങ്ങില്ലത്രേ…..

ആണോ മോളെ

അല്ല അച്ഛാ ഉണ്ണിക്കുട്ടന് ഇഷ്ടപെട്ട പപ്പടവും ചീരതോരനും അച്ഛന് ഇഷ്ടപ്പെട്ട മോര് കാച്ചിയതും ഒക്കെ ഉണ്ട് പോരാത്തതിന് കാന്താരി മുളക് പറമ്പിൽ പോയി പറിച്ചു കൊണ്ടുവന്നു…എനിക്ക് മാത്രം ഇഷ്ടപെട്ടത് ഉണ്ടാക്കാൻ അമ്മയ്ക്ക് സമയമില്ല

എനിക്ക് രണ്ടു കൈമാത്രമേയുള്ളൂ….എല്ലാ പണിയും ഒരുമിച്ചു ചെയ്യാൻ പറഞ്ഞാൽ ഞാൻ കുപ്പിയിൽ നിന്നും വന്ന ഭൂതം ഒന്നുമല്ല നിന്നോടൊന്നു സഹായിക്കാൻ പറഞ്ഞാൽ നീ കേൾക്കുമോ ഏത് നേരവും ആ കുന്ത്രാണ്ടത്തിൽ തോണ്ടി ഇരിക്കുന്ന പണിയല്ലേ

മതി മതി നിർത്തു……. ഊണുമേശയിലെങ്കിലും കുറച്ചു നേരം വഴക്ക് അവസാനിപ്പിച്ചൂടെ….. എല്ലാരും വേഗം കഴിക്കാൻ നോക്ക്

അച്ഛനും അമ്മയും ഉണ്ണികുട്ടനും കഴിക്കാൻ തുടങ്ങി… ഞാൻ പിണങ്ങി ഒന്നും മിണ്ടാതെ ചെയറിൽ തന്നെ ഇരുന്നു…..

അച്ഛാ അച്ഛനെങ്ങനെയാ ഈ മുളക് ഇത്ര എളുപ്പത്തിൽ കഴിക്കുന്നത്…..മുൻപൊരിക്കൽ തോരനിൽ നിന്നും മുളക് കടിച്ചത് മറന്നിട്ടില്ല ഞാൻ

ഉണ്ണിക്കുട്ടൻ അച്ഛനോട് ചോദിച്ച ചോദ്യം നാളുകൾ ആയി എന്റെ മനസ്സിൽ ഉണ്ടായിരുന്നു…. അതുകൊണ്ട് അച്ഛൻറെ ഉത്തരത്തിനായി ഞാനും കാതോർത്തു

അതുണ്ടല്ലോ ഉണ്ണിക്കുട്ടാ അതൊക്കെ ഒരു കഥയാണ്……. നിങ്ങൾക്കറിയാമല്ലോ ഞാനടക്കം നിങ്ങളുടെ അച്ഛമ്മയ്ക്ക് പന്ത്രണ്ട് മക്കളുണ്ടായിരുന്നു
ഞാനായിരുന്നു നാലാമത്തെ ആൾ

അന്നൊക്കെ അച്ഛമ്മ മനയ്ക്കൽ അലക്കാൻ പോയിട്ട് ആണ് ഞങ്ങളെ നോക്കാറുണ്ടായിരുന്നത്… അലക്കുക മാത്രമല്ല മുറ്റമടിക്കും .. നെല്ലുകുത്തും…വിറകുണ്ടാക്കാൻ സഹായിക്കും എല്ലാം ചെയ്തു കഴിഞ്ഞാൽ കിട്ടുന്നത്. ഒരു പിടി അരിയാണ്‌. ആ അരി കൊണ്ട് വന്നു ഒരുപാട് വെള്ളം ചേർത്തങ്ങു വേവിച്ചു കഞ്ഞിയാക്കും

ഇളയ കുട്ടികളുടെ വിശപ്പ് അകറ്റാൻ അതിലെ ചോറ് മുഴുവൻ അവരുടെ പ്ലേറ്റിൽ ആക്കി ഞങ്ങൾ മുതിർന്ന കുട്ടികൾ കഞ്ഞിവെള്ളം മാത്രം എടുക്കും… അന്നൊക്കെ വീണ്ടും വിശക്കാതിരിക്കാൻ കൂടുതൽ വെള്ളം കുടിക്കാൻ അച്ഛമ്മ കാണിച്ചു തന്ന സൂത്രപ്പണി ആയിരുന്നു കഞ്ഞിവെള്ളം കുടിക്കുന്നതിനിടയിൽ ഉള്ള മുളക് തീറ്റ…..

പല ദിവസങ്ങളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ ചില ദിവസങ്ങളിൽ പട്ടിണിയും ഇപ്പൊ നിങ്ങളുടെ പ്ലേറ്റിൽ കാണുന്ന അത്രയൊന്നും വിഭവങ്ങൾ ഇല്ലെങ്കിലും വയറു നിറയെ ഭക്ഷണം കിട്ടിത്തുടങ്ങിയത് നിങ്ങളുടെ ശ്രീധരവല്യച്ഛൻ പണിക്ക് പോകാൻ തുടങ്ങിയതിൽ പിന്നെയാ

ഇതും പറഞ്ഞു അച്ഛൻ ഇടതുകൈകൊണ്ട് കണ്ണ് തുടച്ചു…..

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു

അച്ഛാ സോറി അച്ഛാ ഇനി ഞാൻ ഇങ്ങനെ ഒന്നും വാശി കാണിക്കില്ല… എനിക്ക് വറുത്ത മീൻ വേണ്ട ഞാൻ ചോറുണ്ണാം…..

ഹേയ് എന്തായിത് അച്ഛന്റെ പാറൂട്ടി കരയുകയൊന്നും വേണ്ട കാരണം അച്ഛൻ കഴിഞ്ഞ പോലെ നിങ്ങൾ ആവരുതെന്ന് ഓർത്തല്ലേ അച്ഛൻ നിങ്ങൾക്കെല്ലാം വാങ്ങി തരുന്നത് എടീ നാളെ എന്റെ മോൾക്ക് വേണ്ടത് ഉണ്ടാക്കികൊടുത്തോണം

ഇതും പറഞ്ഞു അച്ഛൻ അമ്മയെയും ഉണ്ണികുട്ടനെയും നോക്കി ചിരിച്ചുകൊണ്ട് ഒരു ചോറുരുള എന്റെ വായിൽ വെച്ച് തന്നു…അതുവരെ അനുഭവപ്പെടാത്ത ഒരു പ്രത്യേക രുചി ആ ചോറുരുളയ്ക്ക് ഉണ്ടായിരുന്നു

******************

അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ