ഹൃദയം കൊണ്ട് ഹൃദയത്തെ അറിയാൻ ശ്രമിക്കുമ്പോഴാണ് യഥാർത്ഥ പ്രണയം ഉടലെടുക്കുന്നത് എന്ന് വൈകിയാണെങ്കിലും അവൻ മനസ്സിലാക്കി…

കാക്കത്തമ്പുരാട്ടി

എഴുത്ത്: ആദർശ് മോഹനൻ

അമ്മേ ഞാൻ ഇറങ്ങാണുട്ടോ…പടിയിറങ്ങി അവൾ നടന്നു നിങ്ങുമ്പോൾ പിൻവിളി കൊണ്ട് അമ്മ തടഞ്ഞു,

” അച്ചുട്ട, കഴിച്ചിട്ട് പോടാ……….”

“ഇല്ല അമ്മേ മാളുട്ടി കാത്തു നിൽക്കുന്നുണ്ടായിരിക്കും, ഇന്ന് സെമിനാർ പ്രസന്റേഷൻ ഉള്ളതാ, “

പറഞ്ഞു മുഴുവിപ്പിക്കാതെ അവൾ നടന്നു നീങ്ങി

പതിവു പോലെ സുധിയേട്ടൻ അവളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു, അവൻ ഒരു തിളങ്ങുന്ന മുത്തുമണിമാല അവളെ ഏൽപ്പിച്ചിട്ട് അവളോടു പറഞ്ഞു

“ഇത് മാളുട്ടിക്ക് കൊടുക്കണം, കൂടെ ഈ കത്തും “

പരിഭവം പൂണ്ട അവളുടെ കറുത്ത ചുണ്ടുകൾ ചെറുതായൊന്നു ഇടറി അവൾ അവനോടായ് പറഞ്ഞു

” സുധിയേട്ടാ, അവളു വാങ്ങില്ല. എത്ര തവണ പറഞ്ഞിട്ടുള്ളതാ ഏട്ടനെ അവൾക്ക് ഇഷ്ടമല്ല എന്ന്, എന്നിട്ടും മതിയായില്ലേ ഏട്ടന് . നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം സ്വീകരിക്കാൻ, “

സുധിയുടെ മുഖത്ത് മ്ലാനതയെ മറച്ചുകൊണ്ടുള്ള ഒരു ചെറുപുഞ്ചിരി വിടർന്നു

” വാങ്ങിയില്ലേൽ വിട്ടേക്ക് , ഇനി ശല്യം ചെയ്യില്ല ഇത് അവസാനത്തേതാണ്, ആ കത്ത് എന്തായാലും അവളെ ഏൽപ്പിക്കണം നീ, പിന്നെ നമ്മളെയൊക്കെ ആരു സ്നേഹിക്കാനാടി “

“സുധിയേട്ടാ കണ്ണ് തുറന്ന് നോക്കിയാൽ അറിയില്ല അത് , മനസ്സുകൊണ്ട് കാണാൻ ശ്രമിക്ക് , ഉറപ്പായും കാണും അങ്ങനൊരാളെ, “

മനസ്സിലുള്ളത് അവൾ പറയാതെ പറഞ്ഞു

സുധി കേൾക്കാത്ത ഭാവത്തിൽ അവിടെ നിന്നു. “കുഴപ്പമില്ല കൊടുത്തു നോക്ക് നീ” അവൻ പറഞ്ഞു

“സുധിയേട്ടാ അവളിത് വങ്ങിയില്ലെങ്കിലോ?”

” വാങ്ങിയില്ലെങ്കിൽ വല്ല കുറ്റിക്കാട്ടിലും ഇട്ടേക്ക് “

ഒരു മുത്തുമണിമാല കൂടി തന്റെ മഞ്ചാടിപ്പെട്ടിയിൽ പുതിയൊരംഗമായെത്തുന്നു എന്ന സന്തോഷo അവളുടെ മുഖത്തിൽ തെളിഞ്ഞു കണ്ടു.

” സുധിയേട്ടാ നാളെ എന്റെ പിറന്നാളാണ് ട്ടോ. എന്തായാലും വരണം “

ഉളളിൽ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടിയ സന്തോഷത്തിൽ അവൻ ചോദിച്ചു, ‘

“മാളുട്ടി വരുമോ?”

അൽപ്പം കോപത്തോടെ അച്ചു മറുപടി പറഞ്ഞു

” ഇല്ല അവളുടെ ചേച്ചീടെ മോൾടെ നൂലുകെട്ടാണ് നാളെ എറണാകുളത്തേക്ക് പോകും അവൾ.”

“ഓഹ്’ , അവളുണ്ടേൽ മാത്രേ വരൂ, അപ്പൊ ഞാൻ വിളിച്ചതുകൊണ്ട് വരില്ലല്ലേ? എന്തിനും ഏതിനും എന്റെ സഹായം വേണം ,ദൂതു പോകാനും, അസൈൻമെന്റ് എഴുതാനും വരക്കാനും ഞാനല്ലേ ഉണ്ടായിട്ടുള്ളൂ , ഒരു വെള്ളരിപ്രാവിനേയും കണ്ടില്ലല്ലോ അപ്പോൾ, എന്നിട്ടിപ്പോൾ എന്റെ പിറന്നാളിന് വരാൻ അവൾ ഉണ്ടാകണമത്രേ.”

ചിരിച്ചു കൊണ്ടവൻ മറുപടി പറഞ്ഞു.

“ചുമ്മാ ചോദിച്ചതാടി , ഞാൻ വരാതിരിക്കോ ? ” തീർച്ചയായും വരും.

അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവൾ ആകാംക്ഷയോടെ ആ കത്തു തുറന്നു വായിച്ചു, അതിലെ വരികൾ അവളുടെ ആനന്ദത്തിന് ഇരട്ടി മാധുര്യമേകുന്നതായിരുന്നു

” ഇനി ശല്ല്യമാകില്ല ഒരിക്കലും “

പതിവുപോലെ അവൻ കൊടുത്ത സമ്മാനം മാളു വലിച്ചെറിഞ്ഞു, ഉള്ളിൽ സന്തോഷം ആയിരുന്നെങ്കിലും അച്ചു അവളെ ശകാരിച്ചു. മാളു മാറിപോയ തക്കത്തിൽ ആ മുത്തുമണിമാല അവൾ മാറോടു ചേർത്തു ചുംബിച്ചു. അവളുടെ കറുത്ത ചുണ്ടുകളുടെ സ്പർശനത്താൽ ആ മുത്തുമണിമാലക്ക് തിളക്കമേറിയതുപോലെ തോന്നി.

നടന്നു നടന്നവർ കോളേജിന്റെ പടിക്കൽ എത്തി, പതിവുപോലെ വെള്ളരിപ്രാവിനെ റാഞ്ചുവാനായി പൂവാലൻമാർ അണിനിരന്നിരുന്നു. അവരുടെ മുൻപിലൂടെ നടന്നു നീങ്ങുമ്പോൾ പലവിധത്തിലുള്ള കമൻറുകൾ കാതിലൂടെ കടന്നു പോയി.

എങ്കിലും മാളുവിനു മറയാകുവാൻ അവളുടെ കറുത്ത ഉടലിലെ ശിരസ്സ് ഉയർന്നു തന്നെ നിന്നു, പൂവാലൻമാരുടെ കേട്ടു തഴമ്പിച്ച കമൻറുകൾ അവളുടെ കർണ്ണ പടത്തിൽ മുഴങ്ങി,

‘ടീ കാക്കപ്പെണ്ണെ മാറി നിൽക്കെടി ‘

‘വെള്ളരിപ്രാവിന് കൂട്ട് കാക്കത്തമ്പുരാട്ടി’

‘ദേ തെളിമാനത്തിന് മറപിടിച്ച് കാർമ്മേഘം വരുന്നുണ്ട് ‘

മുറിഞ്ഞ മനസ്സിന്റെ വേദന അവൾ പുറത്തു കാട്ടിയില്ല. മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഒരുപാട് പ്രയാസപ്പെട്ടു. കലങ്ങിയ കണ്ണുകളുമായ് അവൾ മനസ്സിൽ പിറുപിറുത്തു , ഞാൻ എന്തിന് വിഷമിക്കണം എന്റെ നിറം കറുപ്പാണ് ജന്മം കൊണ്ട് എനിക്ക് കിട്ടിയ വരദാനം

കളിയാക്കി വിളിച്ചത് കാക്കത്തമ്പുരാട്ടി എന്നല്ലേ . സുധിയേട്ടൻ പോലും എന്നെ വിളിച്ചിട്ടുള്ളതാ അത് പിന്നെന്താ, വൃത്തിഹീനമായ പരിസരത്തെ വൃത്തിശുദ്ധിയാക്കി മാറ്റിയെടുക്കുന്ന കാക്കത്തമ്പുരാട്ടിയുടെ മനസ്സിന്റെ വെളുപ്പിനെയാണെനിക്കിഷ്ടം,

പിന്നെ തെളിമാനത്തിനു മറ പിടിക്കുന്ന കാർമേഘം, ഇന്നേ വരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വശ്യസൗന്ദര്യമാണത്, കാരണം മനസ്സിന്നു കുളിർമ്മയും മണ്ണിനുദാഹജലവും നൽകുന്നത് ഈ കാർമേഘം തന്നെയല്ലേ?

പാതി സംപ്തൃപ്തിയിലാണ് അവൾ അന്ന് വീട്ടിലേക്ക് മടങ്ങിയത്, മഞ്ചാടിപെട്ടി തുറന്നവൾ മുത്തുമണിമാല അതിലേക്ക് ഇട്ടു, അതിനുള്ളിലെ സാധനങ്ങൾ ഓരോന്നോരോന്നായി എണ്ണിത്തിട്ടപ്പെടുത്തി; സുധി മാളുവിനു കൊടുത്ത സമ്മാനങ്ങൾ , നാളെയിത് സുധിയേട്ടന് കാണിച്ച് കൊടുക്കണം, താൻ പല അവൃത്തി പറയാതെ പറഞ്ഞ ഇഷ്ടം നാളെത്തന്നെ തുറന്നു പറയണം അവൾ മനസ്സിലുറപ്പിച്ചു

ഭക്ഷണസഭയിൽ ഇരിക്കുന്നതിനിടയിലെപ്പോഴോ അവൾ അമ്മയോടായി ചോദിച്ചു,പണ്ടെന്നോ ചോദിച്ചു മറന്ന ചോദ്യം

“അമ്മേ അച്ഛനും അമ്മയും വെളുത്തിട്ടല്ലേ ഞാൻ മാത്രം എന്താ കറുത്ത് പോയത്?”

സ്ഥിരം ഉത്തരം കേൾക്കാനായി അവൾ കാതു കൂർപ്പിച്ചിരുന്നു, തൃപ്തികരമല്ലാത്ത ആ മറുപടിയിലും അവൾ ആനന്ദിച്ചിരുന്നു

” എന്റെ അച്ചുട്ടി ഇത്തിരി കറുത്താലെന്താ. ഈ നാട്ടിൽ ഇത്രയും മുഖൈശ്വര്യവും തേജസ്സും ഉള്ള ആരുണ്ട് വേറെ “?

പഞ്ഞി മെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ മനസ്സിൽ സുധി മാത്രമായിരുന്നു. എങ്കിലും കുറിയ ചിന്തകൾ ഒരു വില്ലനേപ്പോലെ അവളുടെ ഉറക്കത്തിന് കരിനിഴൽ വീഴ്ത്തി

എന്തുകൊണ്ടും സുധിയേട്ടന് ചേർച്ച മാളു തന്നെയാണ് രണ്ടാളും ഒരേ നിറം ഒരു പോലെ സൗന്ദര്യവും

എന്റെ എണ്ണക്കറുപ്പിനെ സുധിയേട്ടൻ സ്നേഹിക്കുമോ? പല പ്രാവശ്യവും താൻ പറയാതെ പറഞ്ഞ സ്നേഹം എട്ടൻ കണ്ടില്ലെന്ന് നടിച്ചതാണോ? അതോ എന്നിൽ നിന്നും ഇഷ്ടം കേൾക്കാൻ വേണ്ടിയാണോ?

എന്തു തന്നെ ആയാലും ഒരു കാര്യം തീർച്ചയാണ് നാളെ എന്റെ പ്രണയം തുറന്നു പറയുക തന്നെ ചെയ്യും

പുലരും മുൻപേ അവൾ എഴുന്നേറ്റു , കുളി കഴിഞ്ഞ് പുത്തൻ പട്ടുപാവാടയണിഞ്ഞവൾ കണ്ണാടിച്ചില്ലിനെ അഭിമുഖീകരിച്ച് നിന്നു,

ആ ചുവന്ന പട്ടിന്റെ അഴക് ആവോളം ആസ്വദിച്ചു കൊണ്ടവൾ മനസ്സിൽ പറഞ്ഞു.

“ചുവപ്പിനോട് വല്ലാത്ത പ്രണയമാണ് സുധിയേട്ടന് “

പതിവിനു വിപരീതമായുള്ള അവളുടെ ഒരുക്കത്തിന് അറുതിയുണ്ടായിരുന്നില്ല, മുടിയിൽ തുളസിക്കതിർ ചാർത്തി ,നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞു, കണ്ണുകളിൽ കരിമഷിയെഴുതി

അലമാരിയിൽ ഇരുന്ന പൗഡർ ടിന്നിലേക്ക് പുച്ഛത്തോടെ അവളൊന്ന് നോക്കി മനസ്സിൽ മൊഴിഞ്ഞു. “എന്നെ ഇഷ്ടപ്പെടേണ്ട സുധിയേട്ടന് എന്റെ എണ്ണക്കറുപ്പിനേയും സ്നേഹിക്കാൻ കഴിയണം – അമ്മ പറഞ്ഞ പോലെ എന്റെ ഐശ്വര്യത്തെയും തേജസ്സിനേയും ഇഷ്ടപ്പെടണം താൽക്കാലികമായി ഒരു വെള്ളച്ഛായം വേണ്ട “

അമ്പലത്തിലേക്കിറങ്ങുന്നതിനിടയിൽ പിറന്നാൾ ആശംസിക്കുവാനായി മാളു അവളെ വിളിച്ചു . ഒപ്പം മാളു പറഞ്ഞ ആ ഞെട്ടിക്കുന്ന വാർത്ത അവളുടെ പാതി ബോധത്തെ തകർക്കും വിധത്തിലുള്ളതായിരുന്നു. മാളുവിന്റെ വാക്കുകൾ കേൾക്കുമ്പോഴും അവളുടെ കൈകൾക്കൊപ്പം ലാൻറ് ഫോണിന്റെ റിസീവറും വിറക്കുന്നുണ്ടായിരുന്നു

” ആ വായിനോക്കി സുധിയില്ലേ അവന്റെ ബൈക്ക് ഒരു കാറിൽ ഇടിച്ചു, എന്തു പറ്റിയോ ആവോ? മാതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നാണ് അച്ഛൻ പറഞ്ഞത് “

പറഞ്ഞു തീരും മുൻപു തന്നെ ഫോണിന്റെ റിസീവർ കൈയ്യിൽ നിന്നും വഴുതിവീണു, കലങ്ങിക്കുതിർന്ന കണ്ണുമായ് അവൾ ഹോസ്പിറ്റലിലേക്ക് കുതിച്ചു. തിടുക്കത്തിൽ തന്നെ അവൾ കാര്യങ്ങൾ തിരക്കി , ICU വിനു മുൻപിൽ നിന്ന ഡോക്ടർ സുധിയുടെ സുഹൃത്തിനോടായ് പറഞ്ഞ കാര്യം അവൾ അവ്യക്തതയോടെ കേട്ടു

“ക്രിട്ടിക്കൽ ആണ് o-ve ബ്ലഡ് വേണ്ടി വരും, ” അവൾ മടിച്ചു നിക്കാതെ തന്നെ അങ്ങോട്ട് കടന്നു ചെന്നു, ഇടറിയ ശബ്ദത്തോടു കൂടി പറഞ്ഞു.

” രാജേഷേട്ടാ എന്റെ O – Ve ആണ് ഗ്രുപ്പ് ബ്ലഡ് ഞാൻ കൊടുത്തോളാം.”

സിരകളിലേക്ക് തുളച്ചു കയറിയ സൂചി ത്തുമ്പിന്റെ വേദന അവൾ അറിഞ്ഞതേ ഇല്ല. മനസ്സിൽ കുലദൈവങ്ങൾക്ക് കരാറുപ്പിച്ച നേർച്ചക്ക് കയ്യും കണക്കുമില്ലായിരുന്നു. ഉള്ളിൽ ഒരേ ഒരു പ്രാർത്ഥന “സുധിയേട്ടന് ഒന്നു വരുത്തല്ലേ “

ICU വിന്റെ മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ അവനെ ഇമവെട്ടാതെ നോക്കി നിന്നു. നിമിഷങ്ങൾക്കുള്ളിൽ ഡോക്ടർ പുറത്തേക്കു വന്നു പറഞ്ഞു .
“ബോധം തെളിഞ്ഞു, ഉടനെ വാർഡിലേക്ക് മാറ്റാം തക്ക സമയത്ത് ബ്ലഡ് കിട്ടിയത് നന്നായി, ആരെങ്കിലും ഒരാൾ ചെന്നു കണ്ടോളൂ”

രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി ആംഗ്യം കാണിച്ചു കേറി കണ്ടോളൂ എന്ന രീതിയിൽ . വിളിച്ച ദൈവങ്ങൾക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടവൾ സുധിയുടെ അരികിലേക്ക് നടന്നടുത്തു. അവൻ മുറിഞ്ഞ ശബ്ദത്തിൽ അവളോടായ് ചോദിച്ചു

” ബ്ലഡ് തന്നത് നീ ആണല്ലേ? ഡോക്ടർ പറഞ്ഞു “

അവൾ ‘ ഉം’ എന്നു മൂളിയതിനു ശേഷം മൗനം പാലിച്ചു. അവളുടെ കലങ്ങിക്കലർന്ന കണ്ണിൽ നിന്നും കരിമഷി കറുത്ത കവിൾത്തടങ്ങിലേക്ക് നേർരേഖയിൽ ഒഴുകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു

അന്നാദ്യമായ് സുധി അവളുടെ കലങ്ങിയ കണ്ണിൽ പ്രണയം കണ്ടപോലെ തോന്നി. ചലനശേഷി കുറഞ്ഞ അവന്റെ കൈകൾ ബെഡിൽ കുത്തിയ അവളുടെ കൈകളോട് ചേർത്തുവച്ചവൻ ഇടറിയ ശബ്ദത്തിൽ അവളോടായ് പറഞ്ഞു.

” നീ പറഞ്ഞത് വളരെ ശരിയാണ് അച്ചു, നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരേയാവണം സ്വീകരിക്കേണ്ടത് “

ഹൃദയം കൊണ്ട് ഹൃദയത്തെ അറിയാൻ ശ്രമിക്കുമ്പോഴാണ് യഥാർത്വ പ്രണയം ഉടലെടുക്കുന്നത് എന്ന് വൈകിയാണെങ്കിലും അവൻ മനസ്സിലാക്കി

ആനന്ദാശ്രു ഒലിച്ചിറങ്ങിയ നനഞ്ഞ അധരം കൊണ്ട് സുധിയുടെ തിരിനെറ്റിയിൽ അവൾ തഴുകി, അവളുടെ കരസ്പർശം സുധിയുടെ മൂർദ്ധാവിനു കുളിരേകുന്നുണ്ടായിരുന്നു.

അവളുടെ ചെമ്പരത്തിപ്പൂ നിറമുള്ള പട്ടുപാവാട നോക്കിയവൻ പറഞ്ഞു.

“ചുവപ്പിനോടുള്ള എന്റെ പ്രണയം ഒന്നു കൂടെ കൂടിയിട്ടേ ഉള്ളൂ കാരണം ഇന്ന് എന്റെ ഹൃദയധമനികളിലൂടെ ഒഴുകുന്നത് നിന്റെ ചോരയുടെ ചുവപ്പാണ് ആ ചുവപ്പിനെ ഞാൻ പ്രണയിച്ചു കൊണ്ടേ ഇരിക്കും ഹൃദയം നിലക്കും വരെ “