പണി പാളിയെന്ന് മനസ്സിലായ ഉടനെ ഞാനവളെ മെരുക്കാനുള്ള ശ്രമം തുടങ്ങി, അല്ലെങ്കിൽ വീണാ ദേവിയുടെ കണ്ണുനീർ ഭൂമീദേവിയെ പൊള്ളിക്കുമെന്നുറപ്പാണ്…

മൗന പ്രതികാരം

Story written by ANJALI MOHANAN

കിടക്കയിൽ അവൾ തീർത്ത തലയണ വരമ്പ് കണ്ടാലറിയാം എന്നോട് പരിഭവത്തിലാണെന്ന്…….. തലയണ നീക്കി തിങ്ങി നിരങ്ങി അവളെ മുട്ടിയുരുമിചോദിച്ചു…

” എന്തിനാ നമ്മുക്കിടയിൽ ഈ വരമ്പ് ?.???.. അതിനുമാത്രം എന്തുണ്ടായി…..പിണക്കത്തിലാണെന്ന് മനസ്സിലായി പക്ഷെ അതിന്റെ കാരണം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല………. വീണ….. ഞാൻ പറയുന്നത് വല്ലതും കേക്കുന്നുണ്ടോ..????……. ഇങ്ങെനെ മൗനം കൊണ്ട് എന്നെ കൊല്ലാൻ മാത്രം എന്ത് മഹാപരാതമാണ് ഞാൻ ചെയ്തത്……….”

ഞാനത്രയും പറഞ്ഞിട്ടും അവളെന്നെ തിരിഞ്ഞു പോലും നോക്കിയില്ല….. എന്റെ ശബ്ദത്തിന് കനം കൂടി…..

” വീണ…….. ഞാൻ നിന്നോടാണ് സംസാരിക്കുന്നത്… രാവിലെ അമ്പലത്തീന്ന് വന്നപ്പൊ തൊട്ട് നിന്റെ മുഖം കടന്നൽ കുത്തിയ പോലെയാണ്…. ഇന്നെത്തെ ദിവസം എന്നോട് മിണ്ടീട്ടില്ല… ഉച്ചക്ക് ചോറുണ്ണാനും നീ വന്നില്ല….. ഞാൻ അടുത്തു വരുമ്പോള്ളാക്കെ നീ ഒഴിഞ്ഞു മാറുന്നു… ഇത്രക്കെന്നെ വേദനിപ്പിക്കാൻ നിനക്കെങ്ങനെ കഴിയുന്നു… “

വീണ്ടും മറുപടി മൗനം തന്നെ….എനിക്ക് ശരിക്കും ദേഷ്യം വന്നു. ബലമായവളെ എനിക്ക് നേരേ തിരിച്ചു….

അവളുടെ കലങ്ങിയ കണ്ണിൽ നിന്നും ഒരു കാര്യം മനസ്സിലായി. കാര്യം അത്രക്ക് നിസ്സാരമല്ല…. എന്റെ ശ്രീമതിക്ക് എന്തോ പ്രശ്നമുണ്ട്…..

“എന്താ വീണാ…. എന്താ പ്രശ്നം.. എന്തായാലും പറയ്….. ദേ… നീ കൂടെ ഇങ്ങനെ തുടങ്ങിയാൽ ഞാനും തളരും…..”

അവൾ കിടക്കയിൽ നിന്നും എണീറ്റു… പെട്ടെന്നൊരു പൊട്ടിത്തെറി പോലെ പറഞ്ഞു…..

” വേണ്ട… പഞ്ചാര വാക്ക് പറഞ്ഞ് മയക്കാൻ നോക്കണ്ട……. ഞാനിന്നലെ രാത്രി സുധിയേട്ടന്റെ മെസ്സഞ്ചറിൽ കേറി നോക്കി…… “

നിസ്സാര ഭാവത്തിൽ ഞാൻ പറഞ്ഞു…. ” അതിനെന്താ?…. നീയറിയാത്ത ഒന്നും അതിലില്ലല്ലോ……. “

വീണാദേവീ കാളി ദേവിയായിട്ട് പറഞ്ഞു…….. ” ഹും അനുവുമായുള്ള ചാറ്റ് ഞാൻ കണ്ടു.. യു മിസ്ഡ് എ വിഡിയോ ചാറ്റ് വിത്ത് അനുരാധ…………… മാത്രമല്ല അവളെയിന്ന് അമ്പലത്തിൽ കണ്ടപ്പൊ എന്തായിരുന്നു സംസാരം………. സുധിയേട്ടൻ മുമ്പ് പറഞ്ഞിട്ടുമുണ്ട് അവളെ ഇഷ്ടമാണെന്ന്…. എന്നിട്ടിപ്പൊ ഒന്നുമറിയില്ല പോലും…”

അവളുടെ കുഞ്ഞുകുശുമ്പിനെ പ്രതി എനിക്കാനന്ദമായിരുന്നു…… തലക്കിട്ട് ഒരു കിഴുക്ക് കൊടുത്ത് ഞാൻ പറഞ്ഞു.

“ഇതിനാണോ ഈ മൗനപ്രതികാരം…..” പരിഭവം മാറ്റാൻ അവളെ നെഞ്ചോട് ചേർത്ത് ഞാൻ പറഞ്ഞു.. ” എന്റെ വീണാ ദേവീ……. ഒന്നാമത് ഫോൺ ഹാങ്ങാണ്… കയ്യൊന്ന് സ്ക്രീനിൽ തൊട്ടപ്പൊ അറിയാതെ ഒരു കോൾ പോയതിനാണോ നീയീ കാട്ടി കൂട്ടിയത് മുഴുവൻ……… ഇന്നവളെ അമ്പലത്തിൽ കണ്ടപ്പൊ പരിചയമുള്ള കുട്ടിയല്ലെയെന്ന് വിചാരിച്ച് ഒന്ന് മിണ്ടിപോയി………

പിന്നെ അവളെ കാണാൻ നല്ല ഭംഗിയുണ്ട് സുന്ദരിക്കുട്ടിയാണെന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളൂ അല്ലാതെ ഇഷ്ടമെന്നൊന്നും പറയാൻ പറ്റില്ല……

ഇനിയെന്റെ വീണ മോള് വന്ന് കിടക്കാൻ നോക്ക്… തലയണ വരമ്പ് കിളച്ചിട്ടിട്ടുണ്ട് അനുവല്ല ഐശ്വര്യ റായ് വന്നാലും നമ്മുക്കിടയിൽ ഇനിയൊരു വരമ്പ് വേണ്ട’….”

അവളെ നെഞ്ചോട് ചേർത്ത് പരിഭവം പറഞ്ഞു തീർത്ത് കണ്ണടഞ്ഞ് പോവാൻ തുടങ്ങിയതും അവൾ പറഞ്ഞു……

” സുധിയേട്ടാ….. എനിക്കൊരു കാര്യം പറയാനുണ്ട്……. ” അവൾ നീട്ടിവലിച്ച് കൊഞ്ചി കുഴഞ്ഞ് പറഞ്ഞു തുടങ്ങി…. അവളുടെ മൗനപ്രതികാരം മധുരമായ് മാറി..

” അതേയ്….. ഞാനിന്ന് പിണങ്ങിയത് അനുവിന് കോൾ പോയതിനോ അവളോട് രാവിലെ സംസാരിച്ചതിനോ അല്ല……”

അടഞ്ഞു പോയ കണ്ണുകൾ ഒരു ഞെട്ടലോടെ തുറന്ന് ഞാൻ യഥാർത്ഥ കാരണം തിരക്കി….

സത്യങ്ങൾ ഓരോന്ന് പുറത്ത് വരാൻ തുടങ്ങി….

അവൾ മടിച്ച് മടിച്ച് തുടങ്ങി….. ” അവളില്ലെ….അനുരാധ…. അവളെന്റെ ടൂഷൻ ക്ലാസ്സിലായിരുന്നു… സുധിയേട്ടന് എന്റെ കൂട്ടുക്കാരി ശ്യാമയെ ഓർമ്മയുണ്ടോ?????…..”

“ഏത്? ആ പനങ്കുല പോലെ മുടിയുള്ള കുട്ടിയോ?????”

“ആ അവൾ തന്നെ…….. അവൾ പറയുവാ അനുവിന് സുധിയേട്ടനെ ഇഷ്ടമായിരുന്നുവെന്ന്…. സുധിയേട്ടനെ കിട്ടാൻ എന്തോ നേർച്ചയോ വഴിപാടോ കഴിക്കാറുണ്ട് പോലും ‘…. “

അത് കേട്ടതും ഞാനൊന്ന് നടുങ്ങി.. എന്നിട്ടെന്റെ ശ്രീമതിയെ ഒന്ന് ചൂടു കേറ്റാൻ പറഞ്ഞു..

” ആഹാ… അപ്പൊ അന്ന് നിന്റെ പിന്നാലെ നടന്ന നേരം അവളെ കെട്ടിയിരുന്നെങ്കിൽ ഇപ്പൊ ഈ കട്ടിലിൽ ഒരാൾ കൂടി ഉണ്ടാവുമായിരുന്നു….. “

അത് കേട്ടപാതി കേക്കാത്ത പാതി അവളെന്നിൽ നിന്നും കുതറി മറിഞ്ഞു….

“ഹും… പൊയ്ക്കോ…. എങ്ങോട്ട് വേണേലും പോ.. അവൾ ഇപ്പോഴും വിവാഹം കഴിക്കാത്തത് സുധിയേട്ടന് വേണ്ടിയാവും….”

പണി പാളിയെന്ന് മനസ്സിലായ ഉടനെ ഞാനവളെ മെരുക്കാനുള്ള ശ്രമം തുടങ്ങി, അല്ലെങ്കിൽ വീണാ ദേവിയുടെ കണ്ണുനീർ ഭൂമീദേവിയെ പൊള്ളിക്കുമെന്നുറപ്പാണ്…

അവളെ വീണ്ടും വലിച്ച് മാറിലേക്കിട്ടു..

“നീയിനി കഥ മെനയണ്ട…. അവൾടെ ജാതകതത്തിൽ ചൊവ്വയും ബുധനും നീണ്ട് നിവർന്ന് കിടപ്പുണ്ട് അതുകൊണ്ടാണ് കല്യാണം നടക്കാത്തത്….

കുശുമ്പി പെണ്ണ് എന്റെ മാറിൽ കിടന്ന് പിറുപിറുത്തു…. ” സുധിയേട്ടൻ എന്റെയാ….ആർക്കും കൊടുക്കില്ല… ഇനിയവളോട് മിണ്ടാൻ പോവരുത് ട്ടോ…. ഇന്ന് രാവിലെ സുധിയേട്ടനവളോട് സംസാരിക്കുന്നത് കേട്ടിട്ട് എന്റെ നെഞ്ചിടിപ്പിന്റെ താളത്തിന് പാറപ്പൊട്ടുന്ന സ്വരമായിരുന്നു…… “

അങ്ങനെ എപ്പോഴോ ഞങ്ങൾ ഉറങ്ങി….. പിറ്റേന്ന് ജോലി കഴിഞ്ഞ് റൂമിൽ കേറീപ്പൊ ദേ കിടക്കുന്നു തലയണ വരമ്പ്….. എന്റെ വീണ ദേവി സെറ്റ് മുണ്ടുടുത്ത്… കുങ്കുമം തൊട്ട് സുന്ദരിയായ് നിൽപ്പുണ്ട്.. എന്തിനുള്ള പുറപ്പാടാണാവോ…..

“എന്താ വീണ?… എന്താ വിശേഷം..?….

അവൾ ആഹ്ലാദത്തോടെ പറഞ്ഞു

“രണ്ട് സന്തോഷ വാർത്തയുണ്ട്…. രണ്ടാമത്തെ ഞാൻ പറയാം ഒന്നാമത്തെ സുധിയേട്ടൻ കണ്ടു പിടിക്ക്….. “

ഒന്നാമത്തെ ….. അനുവിന്റെ കല്ല്യാണമുറപ്പിച്ചെന്ന് ശ്യാമ വിളിച്ചു പറഞ്ഞു……

മുഖത്ത് പുച്ഛം വാരി വിതറി ഞാൻ പറഞ്ഞു… “അയ്യേ…. ഇതാണോ ഇത്ര വലിയ കാര്യം…….”

“സുധിയേട്ടന് ഇത് ചെറിയ കാര്യമാവും എന്നാൽ എനിക്കിത് വലിയ കാര്യമാണ്….. “

രണ്ടാമത്തെ കാര്യം ഞാൻ ഊഹിച്ചു…. ” ദൈവമേ തലയണ വരമ്പ്…. ഇനി ഇവളും വല്ല നേർച്ചയോ വൃതത്തിലുമാണോ…… “

ഞാൻ അവളോട് കാര്യം തിരക്കി….” ഇതെന്തിനാ വീണ ഈ വരമ്പ്?……”

“വരമ്പോ ?…. വരമ്പല്ല സുധിയേട്ടാ…. അത് വാതിലാണ്…. മൂന്നാമതൊരാളെ കട്ടിലിൽ കേറ്റാനുള്ള വാതിലാണ്….. “

എനിക്കൊരു കുഞ്ഞുണ്ടാവാൻ പോകുന്ന സന്തോഷത്തിൽ അവളെ കോരിയെടുത്തു……

മൗനപ്രതികാരം മധുരമായതുപോലെ തലയണ വരമ്പ് വാതിലാവാനും അധികം സമയമെടുത്തില്ല…….