Story written by NAYANA SURESH
എന്റെ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കാൻ പ്രാപ്തരായ സ്ത്രീകളിൽ നിന്നും എനിക്ക് വിവാഹാലോച്ചന ക്ഷണിക്കന്നു….
ജനാർദ്ദനൻ..വയസ്സ് 67, നക്ഷത്രം: അനിഴം, മുകളിൽ പറഞ്ഞ കണ്ടീഷനല്ലാതെ മറ്റു ഡിമാന്റുകൾ ഇല്ല..
*******************************
അച്ഛന് നാണം എന്നൊന്നില്ലെ
അതെന്താടാ ഞാൻ നാട്ടിൽ തുണി ഉടുക്കാതെ നടക്കാണോ ?
ഇത് വെച്ച് നോക്കുമ്പോൾ തുണിയില്ലാതെ നടക്കുന്നത് എത്രബേധം .. അമ്മക്ക് വയ്യങ്കിൽ ഹോംനേഴ്സിനെ നിർത്താ , അല്ലാതെ വേറെ കല്യാണം കഴിക്കല്ല വേണ്ടെ, സൊസൈറ്റിയിൽ ഞങ്ങൾക്ക് ഒരു നിലയും വിലയും ഉണ്ട് അത് ഇല്ലാണ്ടാക്കരുത്
ഹ ഹ … ഏത് സൊസൈറ്റിയിലാണ് നിനക്ക് ഇത്ര വില നീ ഇപ്പോഴും ലോക്കോ പൈലറ്റ് ജനാർദ്ദനന്റെ മക്കളന്ന പേരില് ത്തന്നാ അറിയണെ …
കൂടുതലൊന്നും പറയാതെ അയാൾ ഫോൺ കട്ട് ചെയ്തു .
ജനാർദ്ദനൻ ഭാര്യ കിടക്കുന്ന മുറിയിലേക്ക് നടന്നു .അവളുടെ നില മോശമാണ്….ഒന്നും മിണ്ടാതെ അങ്ങനെ കിടക്കുകയാണ്. പെട്ടെന്ന് കുഴഞ്ഞു വീണതാണ്. അതുവരെ എല്ലാത്തിനും ഉടുത്തൊരുങ്ങി ഓടി നടന്നവളാണ്. തിരിച്ചു കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ മാസങ്ങളോളം ഐ.സി.യുവിനു മുന്നിൽ കാവലിരുന്നു .. അന്നൊക്കെ വിളിക്കാത്ത ദൈവങ്ങളില്ല .സമൃദ്ധിയിൽ വളർന്നതുകൊണ്ട്പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ടെന്നാണ് അയാളുടെ വിശ്വാസം അല്ലെങ്കിൽ അയാൾ സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യില്ലല്ലോ…
*******************************
അയാൾക്കീ വയസ്സാൻ കാലത്ത് എന്തിന്റെ കേടാ .. നമുടെ അസോസിയേഷനില് ഇത് ആദ്യ സംഭവാ
അസോസിയേഷനിലോ ? ഇത് എവിടെലും നടക്കണക്കാര്യ
മനുഷ്യന് നാണകേട് ഇണ്ടാക്കാൻ ഓരോരുത്തര് ..ഇയാള് ഇത്തരക്കാരനാന്ന് കരുതീല്ല്യ .. നാട്ട്കാർക്ക് വരെ ചീത്തപ്പേര് ഇണ്ടാക്കാൻ …
ഇയാളെക്കെന്താപ്പോ ഇങ്ങനെ തോന്നാൻ
കെട്ടിയോള് കിടപ്പായില്ല .. നല്ലകാലം മുഴുവൻ ട്രൈയ്നും ഓടിച്ച് നടന്നു …റെസ്റ്റ് എടുക്കാൻ കാലത്തേക്ക് വന്നപ്പോ കെട്ടിയോള് കെടിപ്പിലും … ചോരിം നീരും ഇളള മനുഷ്യനല്ലെന്ന് അയാള് വേറെന്ത് കാട്ടാനാ
എന്തായാലും പെണ്ണന്വോഷണം കാര്യായി നടക്ക്ണ്ട് ന്നാ കേട്ടേ…
**************************************
ഹലോ സർ മെട്രിമോണിയലിൽ നിന്നാണ്
പറയു….
സാറിന്റെ ഡിമാന്റ് അംഗീകരിച്ച് ഞങ്ങൾക്ക് രണ്ട് പ്രെപ്പോസൽ കിട്ടീട്ടുണ്ട്
ഡീറ്റയിൽസ് കുറച്ചു കഴിഞ്ഞ് അറിക്കാം
വളരെ നന്ദി…..
**************************************
അമ്മ തളർന്ന് കിടന്നപ്പോ എത്തി നോക്കിപ്പോയതല്ലെ പിന്നെന്തെപ്പോ മൂന്നു മക്കളും ക്കുടി ഇപ്പോ വരാന്നു വെച്ചെ
പിന്നെ ഇമ്മാതിരി ചെറ്റത്തരം ചെയ്യുമ്പോ നോക്കി നിൽക്കണോ
ഞാനെന്താടാ വല്ലവന്റേം കട്ടോ….
നാണണ്ടോ തന്തയാന്നു പറയാൻ വയസ്സൻ കാലത്തെ എളക്കം … ഞങ്ങൾക്ക് ഭാര്യം മക്കളും ഭാര്യവീട്ടുകാരുമൊക്കെയുള്ളതാ അവരുടെ മുഖത്ത് നോക്കണ്ടതാ …
ഞാൻ നിങ്ങളോട് ചിലവിന് ചോദിച്ചോ ? ഇല്ലല്ലോ … അല്ലെങ്കിലും ഇത്രനാളും എവടാരുന്നു മക്കള് ..
എന്തായാലും അച്ഛന്റെ സ്വത്ത് ഞങ്ങൾക്ക് അവകാശപ്പെട്ടതാ മൂന്നാമതൊരുത്തി അത് തിന്നാൻ ഞങ്ങൾ സമ്മതിക്കില്ല .. ബാക്കി സ്വത്തുക്കളും കൂടി ഞങ്ങാടെ പേരിലാക്കി അച്ഛൻ എന്താച്ചാൽ ചെയ്തോളു ?
കടക്കടാ പുറത്ത് …. ഒരു ചില്ലി കാശ് നിങ്ങൾക്ക് ഇനി കിട്ടില്ല
തന്റെ ഒരു കല്യാണോം ഇനി ഇവിടെ നടക്കില്ല അങ്ങനെയുണ്ടായാൽ …. വല്ല വൃദ്ധ സദനത്തിലും പോയി കിടക്കടോ ? അതാ ചെയ്യാ അല്ലാതെ ചാവാൻ കാലത്ത്
നിങ്ങൾക്ക് സ്വത്തല്ലെ വേണ്ടെ… ഞാൻ തരാം പിന്നെ അന്വേഷിക്കരുത് ഞങ്ങളെ…എനിക്കും വയ്യാതായി തുടങ്ങി എന്റെ മക്കളെന്തായാലും ഞങ്ങളെ നോക്കില്ലെന്നറിയാം. പിന്നെ ഹോംനെഴ്സ്നെ ഒക്കെ നിർത്തിട്ട് വല്ലതും പറഞ്ഞാ അവര് അവരടെ പാട് നോക്കിപ്പോവും ഇതാകുമ്പോ കൂടെ കാണുമല്ലോ കരുതി..അല്ലാതെ , അച്ഛന്റെ പൊട്ടബുദ്ധിക്ക് തോന്നീ താ … നിങ്ങളെ നാറ്റിക്കാനല്ല. ഉം, മതി ഇപ്പോ പോ ഇവ്ടന്ന്…
മക്കൾ പടിയിറങ്ങി പോകുന്നതും നോക്കി അയാളിരുന്നു… അയാൾ പതിയെ മുറിയിലേക്ക് നടന്നു …
അവൾ ഇപ്പോഴും കണ്ണടച്ച് കിടക്കാണ് …
മക്കള് പറഞ്ഞത് ശരിയാ …നീയുള്ള കാലം പറ്റുന്ന പോലെ ഞാൻ നിന്നെ നോക്കും അത് കഴിഞ്ഞ ഏതെങ്കിലും വൃദ്ധസദനം നോക്കണം ….
നിനക്ക് മുന്നേ ഞാൻ മരിച്ചാ നീ എന്താടി ചെയ്യാ ???
നിശബ്ദമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…