ഭാമ
Story written by DHANYA SHAMJITH
“വേറെ ഒരു പണീം കിട്ടീല്ലേ നിനക്ക്… ഇമ്മാതിരി പണിക്കൊക്കെ പോയാ നാട്ടാര് എന്തൂട്ടാ പറയാ”
പാൻ്റും ഷർട്ടുമിട്ട് അരയിലെ തോർത്ത് മുറുക്കിക്കെട്ടുന്ന ഭാമയെ നോക്കി പറഞ്ഞു കൊണ്ടാണ് ജോസഫേട്ടൻ കയറി വന്നത്.
ജോസേട്ടനോ….. കേറി വാ…. അവൾ ചിരിച്ചു..
ആരാ ഭാമേ…. അകത്തുനിന്ന് ശബ്ദം ഉയർന്നതും അയാൾ അവിടേക്ക് ചെന്നു.
ഞാനാടാ ദേവാ….. അല്ല ഇവളെ ഈ പണിക്ക് വിടണോ, കാലം വല്ലാത്തതാ…. അയാൾ കസേരയിലേക്കിരുന്നു.
അതിന് മറുപടിയായി അയാളെ നോക്കി പുഞ്ചിരിച്ച് ഷർട്ടിൻ്റെ കൈ ഒന്നു കൂടി ചുരുട്ടി വച്ച് അവൾ കട്ടിലിൽ കിടക്കുന്ന ദേവൻ്റെ മുഖത്തേക്ക് തല കുനിച്ചു… അവളുടെ താടിത്തുമ്പിലൊന്ന് തട്ടി നെറുകിൽ ഒരുമ്മ നൽകി ദേവൻ…
പോയിട്ട് വരാട്ടോ ,, പിന്നേയ് ഇന്നലത്തെപ്പോലെ വിശപ്പില്ലന്ന് പറഞ്ഞ് ചോറുണ്ണാതിരിക്കരുത്. ദേവട്ടനിഷ്ടപ്പെട്ട ഉണക്കച്ചെമ്മീൻ ചമ്മന്തീണ്ട് .. ഉച്ചത്തെ മരുന്നും മറക്കണ്ട,, ഞാൻ വേം വരാം….
മേശപ്പുറത്തെ അടച്ച പാത്രത്തിലേക്ക് ചൂണ്ടി അവൾ അവൻ്റെ കവിളിലൊന്നു മുത്തി.. മൂലയ്ക്കലിരുന്ന വാക്കത്തി കൈയ്യിലെടുത്ത് പുറത്തേക്ക് നടന്നു..
അവൾ പോയതും ജോസഫേട്ടൻ കസേര ദേവനരികിലേക്ക് വലിച്ചിട്ടിരുന്നു..
എൻ്റെ ദേവാ….. ഇത് ശരിയല്ല കേട്ടോ, ഒന്നാമതെ കൊച്ച് ചെറുപ്പം ഇമ്മാതിരി വേഷോമിട്ട് കണ്ട തെങ്ങേലൊക്കെ കേറുകാന്ന് വച്ചാ മോശക്കേട് നിനക്കല്ലേ? ഇപ്പ തന്നെ ഓരോത്തുമ്മാര് ഓൾടെ പെറകെയാന്നാ സംസാരം.
വേറെ എന്തോരം പണി കെടക്കണു, ഒന്നും ശരിയായില്ലെങ്കി അവളോട് വർക്കിച്ചൻ്റെ തുണിപ്പീടികേല് നിന്നോളാൻ പറ… അവനോട് ഞാമ്പറയാം.. അല്ലാതെ കാണുന്നോൻ്റൊക്കെ പറമ്പിലെ തെങ്ങിമ്മേല് കേറി ചെത്താനും മറ്റും ഓളെക്കൊണ്ടാവൂല…”
ദേവന് നന്നായി അരിശം വരുന്നുണ്ടായിരുന്നു,
ജോസേട്ടനെന്താ പതിവില്ലാതെ ഇങ്ങോട്ട് ?
ഓ…. പറയാൻ മറന്നു, വർക്കീടെ മോൾടെ ആദ്യകുർബാനയാ ഈ ഞാറാഴ്ച…നാടടക്കം വിളിയാ… അത് പറഞ്ഞേച്ചും പോവാനാ വന്നേ…
എന്നക്കൊണ്ട് വരാൻ പറ്റില്ലാന്ന് ജോസേട്ടന് അറിയാലോ, പിന്നെയുള്ളത് ഭാമയാ…അവള് ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ ഇവിടെ അടുപ്പ് പുകയില്ല..
നാലഞ്ച് വർഷായി ഞാനീ കിടപ്പ് കിടക്കുന്നു, അവൾടെ വിധി അല്ലെങ്കിൽ തെന്നി കെടക്കണ മരത്തുമ്മേല് കേറാൻ എനിക്ക് തോന്നില്ലല്ലോ… താഴെ വീണ് അനങ്ങാൻ കൂടി പറ്റാത്ത എന്നെ പിടിച്ചു നടക്കാൻ പാകത്തിന് ആക്കിയിട്ടുണ്ടെങ്കിൽ അതെൻ്റെ ഭാമേടെ കഴിവ് മാത്രാ…
മരുന്നിനും, ആഹാരത്തിനും കൈ നീട്ടി മറ്റുള്ളോർക്കും കൂടി ഭാരായപ്പഴാ ഞാൻ ഇറക്കി വച്ച ആ തലപ്പും കത്തീം അവള് എടുത്തത്.. ജോസേട്ടൻ നേരത്തെ പറഞ്ഞ പോലെ ആരാൻ്റെ തെങ്ങില് തേങ്ങായിട്ടും, കളള് ചെത്തീം അവളുണ്ടാക്കണ കാശാ എൻ്റെയീ ജീവൻ….
മറ്റുള്ളോരുടെ ഔദാര്യത്തിന് നിക്കാതെ അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കി ആര് പറയണതും ഒന്നുമല്ല.. തെങ്ങിൻ്റെ മണ്ട ചെത്താൻ മാത്രല്ല ആ കത്തി കൊണ്ട് പറ്റുക.
എൻ്റെ ഭാമയ്ക്കത് നന്നായി അറിയാം,, അവളുടെ ജോലിയിൽ എനിക്ക് അഭിമാനേ ഉള്ളൂ…. പറയുമ്പോൾ അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.
അത് പിന്നെ ദേവാ… നാട്ടുകാര് ഓരോന്ന് പറയണകേട്ടപ്പോ… അയാൾ വാക്കുകൾ വിക്കി.
ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ കിടന്നപ്പോ ഈ പറഞ്ഞ നാട്ടുകാരെ ആരേയും ഞങ്ങൾ കണ്ടില്ല, സഹതാപം പറഞ്ഞ് കേറി വന്നോരാവട്ടെ മറ്റ് പലതും ലാക്കാക്കി വന്നതാണെന്ന് മനസ്സിലായപ്പഴാ ഞാനാ കത്തി അവൾക്ക് കൊടുത്തത്…
പറയുന്നോര് പറയട്ടെ ജോസേട്ടാ, ഒരു ചെവി കൊടുത്താലേ പ്രശ്നമുളളൂ…. അവളെ എനിക്കറിയാം..
ഉറച്ച ശബ്ദത്തിൽ ദേവനതു പറയുമ്പോൾ ജോസഫേട്ടന് മറുപടി പറയാൻ വാക്കുകളുണ്ടായിരുന്നില്ല..ശരിയാണെന്ന അർത്ഥത്തിൽ അവനെ നോക്കി തലയാട്ടി പുറത്തേക്കിറങ്ങവേ അയാൾ ദേവനെ നോക്കി പറഞ്ഞു.
“അവള് നിൻ്റെ ഭാഗ്യമാ ദേവാ….. ഓളോട് പറ നാളെ തൊട്ട് വീട്ടിലെ തെങ്ങുംകൂടിയൊന്ന് ചെത്തിക്കോളാൻ “.
ചിരിയോടെ ദേവൻ കണ്ണടയ്ക്കവേ അവൻ്റെ മനസ്സിൽ അവളായിരുന്നു, അവൻ്റെ ഷർട്ടുമിട്ട് തോളിൽ തൂക്കിയ കയറും കത്തിയുമായി നിൽക്കുന്ന ഭാമ….