എന്റെ തുമ്പിപെണ്ണ്
Story written by DHIPY DIJU
‘ടാ സിദ്ധു…??? നമുക്ക് അത്രേടം വരെ ന്നു പോയി നോക്കിയാലോ…???’
രാവിലെ പത്രം വായനയില്‍ മുഴുകി ഇരിക്കുകയായിരുന്ന സിദ്ധാര്ത്ഥന് ചായയുമായി വന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
‘ഒരു അവധി ദിവസം കിട്ടിയപ്പോഴേക്കും എവിടേയ്ക്ക് പോണ കാര്യാ ന്റെ ലക്ഷ്മിക്കുട്ടി കാലത്തു തന്നെ വന്നു പറയണേ…???’
‘ആ ദല്ലാള്‍ പറഞ്ഞയിടം വരെ… കേട്ടിടത്തോളം നല്ല ബന്ധമാ… നല്ല ആളോളും… പെണ്‍കൊച്ച് ഡോക്ടര്‍ പഠിത്തം കഴിഞ്ഞു നില്‍ക്കുവാ…’
‘അമ്മേ… ഞാന്‍ അമ്മോടു പല തവണ പറഞ്ഞിട്ടുണ്ട് നി കല്ല്യാണം ന്നു പറഞ്ഞു ന്റെടുത്ത് വരരുത് ന്ന്… നിക്ക് നിക്ക് കല്ല്യാണം വേണ്ടാ…’
‘നീ ഇപ്പോഴും അവളെ നിരീച്ചിരിക്കുവാണോടാ…??? എവിടാന്നു വച്ചാ…??? ഈ ജന്മം നീ ഇങ്ങനെ തീര്‍ക്കാന്‍ ആണോ ഉദ്ദേശിച്ചത്…??? ന്റെ കുഞ്ഞിന്റെ വിവാഹം കാണാന്‍ നിക്ക് യോഗം ഇല്ലല്ലോ ന്റെ ഭഗവാനേ… നിന്നെ അവള്‍ക്ക് ഇഷ്ടമാണോന്നു പോലും അറിയാതെ ന്തിനാ സിദ്ധൂ…???’
അവര്‍ നേര്യതിന്റെ തലപ്പ് കൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് അകത്തേക്ക് പോയി.
പുറത്തു ചാറുന്ന മഴയില്‍ നോക്കി നിന്ന സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു മഴക്കാലത്തേ വരവേറ്റു.
ആദ്യമായി ഒരു കോളേജ് അധ്യാപകനായി ജോലി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നതിനാല്‍ ആ നാട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ നിറമുള്ള ഒരുപാടു സ്വപ്നങ്ങളും കൂടെ ഉണ്ടായിരുന്നു.
സ്വര്‍ണ്ണവര്‍ണ്ണം വിരിച്ച നെല്പാടങ്ങളും പച്ചപ്പുല്‍മേടുകളും ഇരു വശങ്ങളിലും വളര്‍ന്നു നില്ക്കുന്ന ചെറുതും വലുതുമായ മരങ്ങളും ചേര്‍ന്നു ഒരു ചിത്രകാരന്റെ മനോഹരമായ ഒരു കാന്‍വാസിനെ ഓര്‍മ്മപ്പെടുത്തുന്ന ഗ്രാമഭംഗി ആസ്വദിച്ചു പോകുമ്പോഴാണ് മഴ പെയ്തു തുടങ്ങിയത്.
ബൈക്ക് ഒതുക്കി വച്ച് കയറി നില്ക്കാന് പറ്റിയ ഒരിടം അന്വേഷിച്ചപ്പോഴാണ് കുറച്ചു മാറി നാലു കല്‍തൂണുകളില്‍ നില്ക്കുന്ന ഒരു കൊച്ചു വഴിയമ്പലം ശ്രദ്ധയില്‍പ്പെട്ടത്. വണ്ടി അങ്ങോട്ടു അതിവേഗം പായിക്കുന്നതിനിടയില്‍ ആണ് പെട്ടെന്ന് എന്തോ കുറുകെ ചാടിയത്.
പെട്ടെന്ന് വണ്ടി വെട്ടിച്ചെങ്കിലും അതിനെയും തട്ടി അവനും മറിഞ്ഞു വീണു.
‘അയ്യോ മാളൂ…!!!’
ഒരു ശബ്ദം കേട്ടു നോക്കിയപ്പോള്‍ കണ്ടു… ഒരു കരി നീല ദാവണി ധരിച്ച ഒരു പെണ്‍കുട്ടി ഓടി വന്ന് ബൈക്കില്‍ തട്ടി വീണതിനെ എടുക്കുന്നത്. അപ്പോഴാണ് അവന് മനസ്സിലായത് അത് ഒരു ആട്ടിന്‍കുട്ടി ആയിരുന്നെന്ന്. ആ മഴയിലും ജ്വലിക്കുന്ന കണ്ണുകളോടെ അവള് അവനു നേരെ തിരിഞ്ഞു.
‘ടോ… താന്‍ എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നെ…??? ന്റെ മാളൂന്റെ കാലൊടിഞ്ഞൂന്നാ തോന്നണെ…’
ഒരുവിധം തപ്പിത്തടഞ്ഞു അവന് എഴുന്നേറ്റു നിന്നു.
‘മഴയായതു കൊണ്ട് കണ്ടില്ല… സോറി…’
‘മഴയാണെന്നും പറഞ്ഞു… പാവം… വേദനിക്കുന്നുണ്ടോ മാളൂ…???’
അവള് ഉറക്കെ കരയുന്ന ആട്ടിന്‍ക്കുട്ടിയുടെ കാലില്‍ തടവി കൊടുത്തു.
‘ഞാ… ഞാന്‍ കാശു തരാം…’
‘കാശു തന്റെ കൈയ്യില്‍ തന്നെ വെച്ചാല്‍ മതി… ന്റെ മാളൂനെ വേദനിപ്പിച്ചിട്ടു അയാള്‍ കാശു തരാന്‍ വന്നിരിക്കുന്നു… കാശു തന്നാല്‍ വേദന മാറുവോ…???’
അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു അവള് നടന്നകന്നു.
ബൈക്ക് തള്ളി വഴിയമ്പലത്തിനടുത്ത് വച്ചു അവിടെ കയറി നില്ക്കുമ്പോള് അവന്റെ മനസ്സില്‍ ആ ദാവണിക്കാരി ആയിരുന്നു. അവളുടെ ദേഷ്യത്താല്‍ വിറയ്ക്കുന്ന ചുണ്ടുകളും പിടയ്ക്കുന്ന കണ്ണുകളും വെള്ളത്തുള്ളികള്‍ ഇറ്റു വീണുകൊണ്ടിരുന്ന ആ മൂക്കും. ആ ദിവസത്തെ അയാളുടെ സ്വപ്നങ്ങള്‍ അവള് കവര്‍ന്നെടുത്തു.
പിറ്റേന്ന് ക്ളാസ്സ് എടുത്തു തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആണ് പിന്നില്‍ നിന്നൊരു ശബ്ദം കേട്ടത്.
‘സാര്‍ കയറിക്കോട്ടെ…’
തിരിഞ്ഞു നോക്കിയ സിദ്ധാര്ത്ഥന് ഒന്നു ഞെട്ടി. തലേന്നു കണ്ട ധാവണിക്കാരി അതാ മുന്നില്‍ അവനെ കണ്ടു അവളും ഒന്നു ചമ്മിയ മട്ടുണ്ട്.
‘ഹുംം… എന്താ ലേറ്റ് ആയെ…???’
‘അതു സാര്‍ അമ്മയ്ക്ക് വയ്യാത്തതാ… ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു വരുമ്പോഴേക്കും ലേറ്റ് ആകും…’
‘എന്താ തന്റെ പേര്…???’
‘ദക്ഷ… ദക്ഷ വിനോദിനി…’
‘ഉംംം… ദക്ഷ കയറിക്കോളൂ…’
‘താങ്ക്യൂ സാര്‍…’
ക്ളാസ്സ് കഴിഞ്ഞു പോകാന്‍ ഇറങ്ങിയപ്പോള്‍ ദക്ഷ സിദ്ധാര്‍ത്ഥന്റെ പിന്നാലെ ചെന്നു.
‘സാര്‍… ഇന്നലെ.. പെട്ടെന്ന്… അപ്പോഴത്തെ ദേഷ്യത്തിന്… ഒന്നും മനസ്സില്‍ വെക്കല്ലേട്ടോ…’
പറഞ്ഞു തീര്‍ത്തതും അവള് അവിടുന്നു ഓടി പോയി. ഒരു ചെറു പുഞ്ചിരിയോടെ അവനതു നോക്കി നിന്നു.
പലപ്പോഴും അവളെ ആ നാട്ടില്‍ വച്ചു കണ്ടു. കൊച്ചു കുട്ടികളുടെ കൂടെ തൊടിയിലും പറമ്പിലും നടക്കുന്നതും ആട്ടിന്‍ക്കുട്ടിയുടെ പിറകെ ഓടുന്നതും അങ്ങനെ അങ്ങനെ.
പിന്നെ പിന്നെ അവളെ കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥ ആയി മാറി. അവള്‍ക്കും അവനോടു ഇഷ്ടം ഉണ്ടെന്ന് ആ കണ്ണുകള്‍ അവനോടു പറഞ്ഞിരുന്നു. അവന് അവന്റെ അമ്മയോടു അവളെ പറ്റി പറഞ്ഞു. അമ്മയ്ക്ക് അവന്റെ ഇഷ്ടം മാത്രമാണ് പ്രധാനം.
അങ്ങനെ അവളോടു തന്റെ ഇഷ്ടം തുറന്നു പറയാന്‍ തീരുമാനിച്ചു. അവള് എന്നും പോകുന്ന അമ്പലത്തിനു മുന്നിലുള്ള ആല്‍ത്തറയില്‍ കാത്തിരുന്നു.
ഒരു സെറ്റും മുണ്ടും ഉടുത്ത് മുടി കുളിപ്പിന്നലിട്ടു ഒരു തുളസിക്കതിരും ചൂടി നെറ്റിയില്‍ ഒരു കൊച്ചു കറുത്ത വട്ടപ്പൊട്ടും അതിനു മുകളില്‍ ചന്ദനക്കുറിയും തൊട്ടു നടന്നു വരുന്ന അവള് ഒരു ദേവിയെ പോലെ തോന്നിച്ചു.
‘ദക്ഷ… എനിക്ക് തന്നെ ഇഷ്ടമാണ്… വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്… തനിക്കും എന്നെ ഇഷ്ടമാണെന്നാണ് എന്റെ വിശ്വാസം… എന്നാലും താനത് പെട്ടെന്ന് പറയേണ്ട… ഞാന്‍ നാളെ ഇവിടെ കാത്തു നില്ക്കും… അപ്പോള്‍ മറുപടി തന്നാല്‍ മതി…’
അവളുടെ മുഖത്തെ ഭാവത്തില്‍ നിന്നു തന്നെ മനസ്സിലായി അവള് ഒത്തിരി നാള് ആയി കേള്‍ക്കാന്‍ ആശിച്ച വാക്കുകള്‍ ആയിരുന്നു അതെന്നു. നാണത്താല്‍ ചുവന്ന കവിളുകളില്‍ പുഞ്ചിരി ഒളിപ്പിച്ചു അവള് ഓടി അകന്നു.
‘സിദ്ധൂ… നീ അവിടെ ന്തെടുക്കുവാ…??? കുളിക്കണില്ലെ നീയ്യ്…???’
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആണ് അവന് സ്വബോധത്തിലേക്ക് വന്നത്.
‘ദക്ഷ അവള് ഇപ്പോള്‍ എവിടെയാകും…??? അവളെ താന്‍ പിന്നീട് കണ്ടിട്ടില്ല… അവളുടെ അമ്മ മരിച്ചെന്നും അച്ഛന് അവളെയും കൊണ്ട് മറ്റെവിടേയ്ക്കോ പോയി എന്നും അവളുടെ കൂട്ടുകാര്‍ പറഞ്ഞാണ് താന്‍ അറിഞ്ഞത്… ഒരുപാടു അന്വേഷിച്ചു… പക്ഷേ… താന്‍ സ്വപ്നം കണ്ടതു അവളോടൊത്തുള്ള ഒരു ജീവിതം ആയിരുന്നു… ആ സ്ഥാനത്ത് മറ്റൊരുവളെ കാണാന്‍ സാധിക്കില്ല… ഈ ജന്മം…’
കുളിച്ചു കൊണ്ടിരുന്ന അവന്റെ ചിന്തകളില്‍ വീണ്ടും അവള് നിറഞ്ഞു.
ഭക്ഷണം കഴിഞ്ഞു ഫോണ്‍ എടുത്തു വാട്ട്സ് ആപ്പ് എടുത്തു നോക്കിയപ്പോള്‍ ആണ് കോളേജിലെ ടീച്ചേര്‍സ് ഗ്രൂപ്പില്‍ ഒരു മെസ്സേജ് കണ്ടത്.
”സുമനസ്സുകളുടെ സഹായം തേടുന്നു” എന്ന തലകെട്ടോടെ വന്നിരിക്കുന്ന ആ ഫോട്ടോയിലേയ്ക്കു നോക്കിയ അവന്റെ കണ്ണുകളിലേക്ക് ഇരുട്ടു കയറുന്നതു പോലെ തോന്നി.
‘ദക്ഷ വിനോദിനി… അവള് തന്നെയാണോ ഇത്…???’
ഫോണ്‍ എടുത്ത് മെസേജ്ജ് അയച്ച അധ്യാപകന്റെ നമ്പറിലേക്ക് വിളിച്ചു. അയാള്‍ക്കു അത് ആരാണെന്ന് അറിയില്ല. അയച്ചു തന്ന ആളുടെ നമ്പര്‍ കൊടുത്തതില്‍ വിളിച്ചു നോക്കി. അങ്ങനെ ഒന്നു രണ്ടു പേരെ വിളിച്ചു നോക്കിയപ്പോള്‍ അവസാനം മനസ്സിലായി അവള് താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെണ്‍കുട്ടി ആണ് മെസ്സേജ് ആദ്യം അയച്ചതെന്ന്. അവളുടെ കൈയ്യില്‍ നിന്ന് അഡ്രസ്സ് വാങ്ങി പുറപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ ദക്ഷയെ തേടി.
പറഞ്ഞ സ്ഥലം അടുക്കും തോറും അവന്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി.
ഒരു കൊച്ചു ഓടിട്ട വീടിനു മുന്നില്‍ ആണ് യാത്ര അവസാനിച്ചത്. ഒരു അവശനായ വൃദ്ധന് വീടിനു വെളിയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
‘ഫോണിലെ മെസ്സേജ് കണ്ടു വന്നതാണേല്‍ വേണ്ട സാറെ… ഞങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിനുള്ള സഹായം കിട്ടിയിട്ടുണ്ട്… ആവശ്യത്തിലും കൂടുതല്‍ വാങ്ങുന്നത് ദൈവത്തിന് നിരക്കാത്തതല്ലേ…’
അയാള്‍ സിദ്ധാര്‍ത്ഥനെ നോക്കി മൃദുവായി പുഞ്ചിരിച്ചു.
‘അല്ല… ഞാന്‍… ദക്ഷയെ പഠിപ്പിച്ച മാഷ് ആണ്… സിദ്ധാര്ത്ഥന്… ഒന്നു കാണാന്‍ പറ്റുമോ അവളെ…???’
പറയുമ്പോള്‍ അവന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
‘സിദ്ധാര്ത്ഥന് മാഷോ…’
അയാള്‍ ഒന്നു ഞെട്ടി. ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ടു തുടര്‍ന്നു.
‘അവള്ടെ അമ്മേടെ അസുഖം തന്നെയാ അവള്‍ക്കും… അവള്ടെ അമ്മ മരിച്ച അന്ന് ഒന്നു തലചുറ്റി വീണതാ ന്റെ കുഞ്ഞ്… അപ്പോഴാ അറിഞ്ഞേ… ന്റെ കുഞ്ഞിനേം കൊണ്ട് ഒരുപാടു ആസ്പത്രികള്‍ കയറി ഇറങ്ങി സാറെ… മറ്റാരു വന്നു കണ്ടാലും അവള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല സാറെ… പക്ഷെ… സാര്‍… സാറ് അവളെ ഈ കോലത്തില്‍ കാണണ്ട… അവള്‍ക്ക് അത് സഹിക്കില്ല സാറേ… അത്രയ്ക്ക് ഇഷ്ടമായിരുന്നു ന്റെ കുഞ്ഞിന് സാറിനെ…’
അയാള്‍ അവനു വട്ടം നിന്നു.
‘എനിക്ക് അവളെ കണ്ടേ പറ്റു… ന്റെ ദക്ഷയെ…’
അയാളെ തള്ളി മാറ്റി സിദ്ധാര്ത്ഥന് അകത്തേക്ക് കടന്നു. ഒരു മുറിയില്‍ ചുരുണ്ടുകൂടി കിടക്കുന്ന ആ രൂപം കണ്ട് അവന്റെ നെഞ്ചു പിടഞ്ഞു പോയി.
കീമോതെറാപ്പി ചെയ്തതിനാല്‍ തലമുടി കുറച്ചു നേര്‍ത്ത ചെമ്പന്‍ നൂലിഴകള്‍ പോലെ അവിടെയും ഇവിടെയും വിരലില്ലെണ്ണാന്‍ കഴിയുന്നവ മാത്രം. കണ്ണുകള്‍ കുഴിഞ്ഞു ചുറ്റിനും കറുപ്പു പടര്‍ന്നിരിക്കുന്നു. അവളുടെ ചെഞ്ചുണ്ടുകളുടെ സ്ഥാനത്ത് കറുത്തു വിണ്ടു കീറിയവ. മരുന്നിന്റെ ക്ഷീണത്തില്‍ തളര്‍ന്നുറങ്ങുന്ന അവളുടെ അരികില്‍ ചെന്നിരുന്നു ആ തലയില്‍ അയാള്‍ പതിയെ തലോടി. കണ്ണുകള്‍ തുറന്ന അവള് അയാളെ കണ്ടു ഞെട്ടി.
‘സിദ്ധുസാര്‍… സാര്‍ ങ്ങനെ ഇവിടെ…??? ന്തിനാ… ന്തിനാ വന്നെ…??? ന്നെ ങ്ങനെ കാണേണ്ട… പൊക്കോ പൊക്കോ സാര്‍ പോക്കോ…’
അവള് തളര്‍ന്ന ശബ്ദത്തില്‍ പറയുന്നതു കേട്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
‘ഞാന്‍ മറുപടി കിട്ടാന്‍ വേണ്ടി വന്നതാ… പോരുമോ ന്റെ പെണ്ണായിട്ടു…???’
‘ന്തിനാ സാര്‍… ന്തിനാ ഞാന്‍ ഇനി വന്നിട്ടു…??? ഇതു ഒന്നു നോക്കിയിട്ടു പറയൂ… നിക്ക്… സാറിന്… ഒരു ഭാര്യയായി ഇരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന്…’
അവള് തന്റെ മാറിടം മറച്ചിരുന്ന പുതപ്പ് എടുത്തു മാറ്റി. അവിടെ തുന്നി കെട്ടി വച്ച പരന്ന നെഞ്ച് ദൃശ്യമായി. അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവന് ആ പുതപ്പ് യഥാസ്ഥാനത്ത് തിരികെ വച്ചു എഴുന്നേറ്റു.
‘സ്നേഹം എന്നത് കാമം മാത്രം അല്ല ദക്ഷ… എനിക്ക് നിന്റെ ശരീരം അല്ല മനസ്സാണ് വേണ്ടത്… അത് തരാന്‍ നീ ഒരുക്കമാണോ എന്നാണ് എനിക്ക് അറിയേണ്ടത്…’
‘സാര്‍… പക്ഷെ… ഞാന്‍ ഇനി എത്ര നാള് ഉണ്ടാകുമെന്നു…’
അവന് അവളുടെ ചുണ്ടുകള്‍ക്കു കുറുകെ വിരല്‍ വച്ചു.
‘എന്റെ സ്നേഹത്തിനാകും ദക്ഷ നിന്നെ തിരികെ കൊണ്ടു വരാന്‍… എനിക്ക് വിശ്വാസം ഉണ്ട്…’
അവന് തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു താലി എടുത്ത് അവളുടെ കഴുത്തില്‍ അണിയിച്ചു.
‘ഇതു ഞാന്‍ വര്‍ഷങ്ങളായി സൂക്ഷിക്കുന്നത് നിനക്കു വേണ്ടിയാണ് ദക്ഷ മറ്റാര്‍ക്കും ഇതില്‍ അവകാശം ഇല്ല….ഞാന്‍ ഇവളെ കൊണ്ടു പോകുവാണ്… അച്ഛനു എതിര്പ്പില്ലല്ലോ…???’
എല്ലാം കണ്ടുകൊണ്ട് നിന്ന അവളുടെ അച്ഛന് കണ്ണുകള്‍ തുടച്ചു ഇല്ലെന്നു തലയാട്ടി.
‘ഇറ്റ്സ് എ മിറാക്കള്‍… ദക്ഷയുടെ ടെസ്റ്റ് റിസല്‍ട്ട് ഇപ്പോള്‍ നെഗറ്റീവ് ആണ്… എനിക്ക് തീരെ ഹോപ്പ് ഇല്ലാത്ത ഒരു കേസ് ആയിരുന്നു ഇത്… ബട്ട് സച്ച് എ ഫാസ്റ്റ് റിക്കവറി… ഞാന്‍ തീരെ എക്സ്പെക്റ്റ് ചെയ്തില്ല…’
‘എന്റെ സിദ്ധേട്ടന്റെ സ്നേഹം ആണ് ഡോക്ടര്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ മരുന്ന്… ജീവിക്കാന്‍ ഉള്ള ആഗ്രഹം ഉണ്ടേല്‍ ഏതു രോഗവും തോറ്റു പോകുമല്ലോ…’
‘എനി വേയ്സ് ഐ ആം വെരി ഹാപ്പി ഫോര്‍ യൂ ബോത്ത്…’
സിദ്ധാര്‍ത്ഥന്റെ കൈപിടിച്ചു പുറത്തേക്കിറങ്ങി പോകുന്ന ദക്ഷയെ ഡോക്ടര്‍ അത്ഭുതത്തോടെ നോക്കി നിന്നു.
അവരുടെ കാര്‍ ചെന്നു നിന്നത് ഒരു അനാഥാലയത്തിനു മുന്പില് ആയിരുന്നു.
‘നിന്റെ ഏറ്റവും വലിയ വിഷമം അല്ലായിരുന്നോ ഒരു കുഞ്ഞുണ്ടാവില്ല എന്നത്… ആ സങ്കടവും നമുക്ക് ഇവിടെ തീര്‍ക്കാം… എന്തു പറയുന്നു…???’
ആരാധനയോടെ സിദ്ധാര്‍ത്ഥന്റെ മുഖത്തേക്ക് നോക്കിയ ദക്ഷ വാക്കുകള്‍ കിട്ടാതെ പരതി.
‘ഭാഗ്യം ചെയ്തവളാ സിദ്ധേട്ടാ ഞാന്‍… നിങ്ങളെ പോലൊരാളെയും… നിങ്ങളുടെ സ്നേഹമുള്ള അമ്മയേയും കിട്ടാന്‍ പുണ്യം ചെയ്തവള്‍…’
ആ പെണ്ണ് അവന്റെ തോളിലേക്ക് തലചായ്ച്ചു കൊണ്ട് ആ മതില് കെട്ടിനുള്ളിലേയ്ക്ക് നോക്കി. തങ്ങളുടെ ജീവിതം പൂര്‍ണ്ണമാക്കാന്‍ വരാന്‍ പോകുന്ന ആ കുഞ്ഞിളം കവിളുകളെ സ്വന്തമാക്കാനുള്ള ആവേശത്തോടെ…