അവൾ എന്റെ നെറ്റിലും കവിളിലും നെഞ്ചിലൊക്കെ ഒറ്റ ശ്വാസത്തിൽ കൊറേയുമ്മയും തന്ന് ഓടി…..

മെസ്സെഞ്ചർ

Story written by ANJALI MOHANAN

സംസാരിച്ച് ഉറക്കം കെടുത്തിയവളാ ഇന്ന് മൗനം കൊണ്ട് ഉറക്കം കളയുന്നത്…..ഓൺലൈൻ പോലും വരുന്നില്ല . ലാസ്റ്റ് സീൻ ടു ഡെയ്സ് എഗോ… ഭ്രാന്ത് പിടിക്കുന്നു. ഒന്ന് വിളിച്ച് നോക്കിയാലോന്ന് പലവട്ടം വിചാരിച്ചതാ. പക്ഷെ അത് വേണ്ട. എന്നെ വേണ്ടെന്ന് പറഞ്ഞ് പോയത് അവളല്ലെ. അത്ര പെട്ടെന്നൊന്നും എന്നെ മറക്കാൻ കഴിയില്ലെന്ന് ഉറപ്പാ. അവൾ വിളിക്കട്ടെ. ഭൂമിയോളം ക്ഷമിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട് എങ്കിലും ആകാശത്തോളമുണ്ട് എന്നിൽ വാശി. അങ്ങനെ പഴയ ചാറ്റ് വായിച്ച് ഇരിക്കുമ്പോഴാണ് അവൾടെ വിളി.

ഉറക്കെ നാല് തെറി പറയണമെന്ന് കരുതി മെല്ലെ ചെന്ന് വാതിലടച്ചു. ഫോണെടുത്തു അവൾ ഹലോ പോലും പറഞ്ഞില്ല. കേട്ടത് നേരിയ ശ്വാസഗതിയും എങ്ങലും മാത്രം. ചീത്ത പറയാനുള്ള സകല മൂഡും പോയി. എന്തോ എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.

“അമ്മൂസേ… കരയല്ലെ …. ” എന്ന പറയാൻ വാ തുറന്നതും അവൾ ഇങ്ങോട്ട് പറഞ്ഞു “ശരത്തേട്ടൻ ആരോട് വേണേലും ചാറ്റ് ചെയ്തോളൂ, ആരെ വേണേലും വിളിച്ചോളൂ പക്ഷെ കെട്ടുന്നത് എന്നെയാവണം. ഈ മൂന്ന് ദിവസം സംസാരിക്കാതെ ഇരുന്നിട്ട് എനിക്ക് ശ്വാസം നഷ്ടപ്പെട്ട പോലെയായിരുന്നു. ശരത്തേട്ടനെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല. മറ്റൊരുത്തിയോട് അടുപ്പം തോന്നിയെങ്കിൽ അതെന്റെ കഴിവുകേട് മാത്രമാണ്. ഇത്തവണ തെറ്റ് പറ്റി ഇനി മുതൽ ഞാൻ ശ്രദ്ധിച്ചോളാം.”

ഇതും പറഞ്ഞ് അവൾ സങ്കടം മുഴുവൻ കരഞ്ഞ് തീർക്കുകയായിരുന്നു. കേട്ടിട്ട് എനിക്ക് ദേഷ്യo വന്നു. ഞാൻ കാൽ പെരുമാറ്റമുണ്ടാക്കാതെ വാതിൽ തുറന്ന് നേരേ ടെറസ്സിൽ കയറി. ഇന്നത്തോടെ ഇതിന് അവസാനമുണ്ടാകണമെന്ന് ഉറപ്പിച്ച് ഞാനും പറഞ്ഞ് തുടങ്ങി.

“അമ്മൂ.. ആദ്യം നീയാ കരച്ചിലൊന്ന് നിർത്ത്. നീയി തെന്തറിഞ്ഞിട്ടാ ഈ കരയണെ? ..നിന്റെ ഓരോ തുള്ളി കണ്ണീർ വീഴുമ്പോളും നിനക്ക് എന്നിലുള്ള വിശ്വാസം പോവുന്ന പോലെ തോന്നുന്നു.”

ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു. “വിശ്വാസമോ? ഇനിയും ഞാൻ വിശ്വസിക്കണോ? ഞാൻ നേരിൽ കണ്ടതിനേക്കാൻ ഫോണിൽ കേൾക്കുന്നത് വിശ്വസിക്കണോ?… മറക്കാൻ പറ്റാത്തോണ്ടാ ശരത്തേട്ടാ… “

വീണ്ടും ഏങ്ങൽ ശബ്ദം…

എന്തോ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “അതേടീ…. നീ കണ്ടതൊക്കെ സത്യാ… നീ ചാറ്റ് മാത്രല്ലെ കണ്ടിട്ടുള്ളൂ. വേറെ പലതും നിന്നെ ഞാൻ കാണിക്കാം എന്നിട്ട് തീരുമാനിക്ക് കരയണോ അതോ മരിക്കണോ എന്ന്. നാളെ വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് നമുക്കൊന്ന് കാണണം ഗ്രൗണ്ടിൽ ഞാൻ കാത്തിരിക്കും, നീ വന്നിട്ടേ ഞാൻ വീട്ടിൽ പോവൂ. “

അവളും കൂട്ടുക്കാരികളും നടന്നു വരുന്നത് ഞാൻ അകലെ നിന്നേ കണ്ടു. കലപില സംസാരിച്ച് ,ചിരിച്ച് കളിച്ച് നടക്കുന്ന എന്റെ അമ്മൂസിന്റെ മുഖത്ത് മൗനത്തിന്റെ കാർമേഘം. അവൾ അടുത്ത് വന്ന് ഒന്നും മിണ്ടാതെ നിന്നു. ഞാൻ അവളെ നന്നായൊന്ന് നോക്കി. “ഹോ ഭാഗ്യം… ഞാൻ വാങ്ങി കൊടുത്ത വെള്ളി മാല ഇപ്പോളും കഴുത്തിലുണ്ട്. “

കരഞ്ഞ് കലങ്ങിയ ആ മിഴികൾ കണ്ട് കൂടുതൽ ദേഷ്യപ്പെടാൻ കഴിഞ്ഞില്ല. ഞാനവൾടെ കയ്യും പിടിച്ച് ഗ്രൗണ്ടിണ്ടിന്റെ സൈഡിലുള്ള മോട്ടോർ പെരക്ക് പിന്നിലേക്ക് നടന്നു.

അപ്പോഴും അവളൊന്നും പറഞ്ഞില്ല.

ഞാൻ എന്റെ ഫോൺ എടുത്ത് അവൾക്ക് കൊടുത്തു. എന്നിട്ട് ഓപൺ ചെയ്യാൻ പറഞ്ഞു.

“പാസ്സ് വേർഡ് മാറ്റീട്ടില്ല.. “

അവൾ Ammuട എന്ന് ടൈപ്പ് ചെയ്യുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതിൽ കൂടുതൽ പിടിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഞാനവളെ എന്നോട് അടുപ്പിച്ച് നിർത്തി. കണ്ണീരൊപ്പി കൊടുക്കുമ്പോൾ എന്റെ കണ്ണും നനയുന്നുണ്ടായി. അവളത് കാണാതിരിക്കാൻ പാടുപ്പെട്ടെങ്കിലും അവൾ കണ്ടുപിടിച്ചു.

“ശരത്തേട്ടനെന്തിനാ കരയണെ?. സാരമില്ല ശരത്തേട്ടാ എനിക്ക് ഭാഗ്യമില്ലെന്ന് ഞാൻ കരുതിക്കോളാം .. മറക്കാനും ശ്രമിക്കാം..

എനിക്കെന്തോ കാണിച്ച് തരാമെന്ന് പറഞ്ഞിട്ട് എവിടെ.?

വീണ്ടും വീണ്ടും അവൾടെ വായീന്ന് അത് കേട്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു. അവളുടെ കയ്യീന്ന് ആ ഫോൺ പിടിച്ച് വാങ്ങി ആഞ്ഞ് ഒരേറ് കൊടുത്തു. അത് കണ്ട് അവൾ ഞെട്ടലോടെ എന്നെ തന്നെ നോക്കി..

ദേഷ്യം വിട്ട് മാറുന്നതിലും മുമ്പ് ഞാൻ ഇത്തിരി ശബ്ദമുയർത്തി തന്നെ പറഞ്ഞു.

“നീ തെളിയിച്ചു. ശരത്തേട്ടനെ വിശ്വാസമാണെന്ന് നീ തെളിയിച്ചു. തെറ്റ് പറ്റീത് എനിക്കാ. നിന്നിൽ നിന്നും ഒന്നും ഒളിക്കാൻ ഇല്ലാത്തതു കൊണ്ടാണ് നിന്റെ കയ്യിൽ അന്ന് ഞാൻ ഫോൺ തന്നത്. കോൾ ലോഗ് നീ നോക്കി അതിൽ Ammuz , AMMuz, Ammuz എന്ന് മാത്രം കണ്ടു. വാട്ട്സപ്പ് നീ നോക്കി അതിലും നിന്നോടുള്ള ചാറ്റ് മാത്രം. അവസാനം മെസ്സെഞ്ചർ നീ നോക്കി. അതിൽ ഏതോ പെണ്ണിന്റെ ചാറ്റിൽ ആരോ പറഞ്ഞ i love you കണ്ടിട്ട് നീ കരഞ്ഞോണ്ട് ഓടി പോയി. നിനക്ക് ആ പെണ്ണിന്റെ പേര് അറിയാമായിരിക്കും. എന്നാൽ എനിക്ക് അത് പോലും അറിയില്ല. കാരണം അതെന്റെ മെസ്സെഞ്ചർ ആയിരുന്നില്ല. എന്റെ ഫ്രണ്ടും നിന്റെ വെല്ലിശ്ശന്റെ മോനുമായ രാഹുലിന്റെ മെസ്സെഞ്ചർ കണ്ടിട്ടാണ് നീ എന്നോട് മൂന്ന് ദിവസം മിണ്ടാതെ നടന്നത്. വിശ്വാസം പോലും.. മറക്കാൻ പറ്റണില്ലാത്രെ… സത്യമെന്താണെന്ന് അറിയാതെ എന്നെ ഇത്രയും വേദനിപ്പിച്ചില്ലെ.. എന്റെ അവസ്ഥ നീ ഓർത്തിട്ടുണ്ടോ? ഉണ്ടാവില്ല… അല്ലേലും ഈ പെമ്പിള്ളേരൊക്കെ ഇങ്ങനെയാ എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ അത് ഊതി വീർപ്പിച്ച് ഒരു യുദ്ധമുണ്ടാക്കിയില്ലെങ്കിൽ സമാധാനം കിട്ടില്ലാലോ.. എന്നിട്ടോ തോരാത്ത മഴ പോലെ കണ്ണീരും കളയും.

ഇതെല്ലാം കേട്ട് നിന്നവൾ എന്നെ കെട്ടിപിടിച്ച് കൊറേ സോറി പറഞ്ഞു.

നെഞ്ചിൽ അവൾ വീണപ്പോൾ ദേഷ്യം മാറി. എങ്കിലും ആകാശത്തോളമുള്ള വാശിമാറിയില്ല. മനപൂർവ്വം അവളെ തിരികെ കെട്ടിപ്പിടിക്കാതെ എന്റെ പ്രസംഗം തുടർന്നു.

“എല്ലാം കഴിഞ്ഞ് സോറി പറഞ്ഞാൽ തീരുന്ന വിഷമമാണോ നീ തന്നത്? ഫോൺ ദേ കിടക്കുന്നു നിലത്ത്. ഇനി ഒരുത്തീനേം വിളിക്കണ്ടാലോ …….”

വാശി കൊണ്ട് എന്റെ കൊറേ നാളത്തെ ഒരാഗ്രഹം പുഷ്പം പോലെ സാധിച്ചു കിട്ടി. അവൾ എന്റെ നെറ്റിലും കവിളിലും നെഞ്ചിലൊക്കെ ഒറ്റ ശ്വാസത്തിൽ കൊറേയുമ്മയും തന്ന് ഓടി….. 10 അടി ഓടിട്ട് ചിരിച്ചോണ്ട് തിരിഞ്ഞ് നോക്കി….

ഒറ്റ നോട്ടത്തിൽ സരസ്വതി ദേവിക്ക് കുശുമ്പ് തോന്നിയാൽ എങ്ങനെയുണ്ടാവും അത് പോലെ തോന്നി….