Story written by REVATHY JAYAMOHAN
“നിനക്ക് എന്താ പെണ്ണേ ഭ്രാന്ത് ആയോ..? കള്ളും കഞ്ചാവും വലിച്ച് പെണ്ണുപിടിയും ആയി നടക്കുന്ന അവനെ മാത്രേ നിനക്ക് പ്രേമിക്കാൻ കിട്ടിയൊള്ളോ…? “
കല്യാണി അമ്മയുടെ ശബ്ദം ഉയർന്നു.
“അതിന് എന്താ അമ്മേ.. ഉണ്ണിയുടെ വീട്ടിൽ ആവിശ്യത്തിൽ അധികം സ്വത്തുണ്ടല്ലോ..”
ഗായത്രി അത് പറഞ്ഞതും ശങ്കരൻ അവളെ തല്ലാൻ ആയി കൈ ഓങ്ങി.
“അസത്തെ..നിന്നെ ഞാൻ ഇന്ന് കൊല്ലും.. “
അയാൾ ദേഷ്യം കൊണ്ട് അടിമുടി വിറക്കുക ആയിരുന്നു..
“അച്ഛനും അമ്മയു എന്തൊക്കെ പറഞ്ഞാലും എനിക്ക് ഉണ്ണിയേട്ടനെ മതി. പിന്നെ ഈ ചീത്ത സ്വഭാവം ഒക്കെ കല്യാണം കഴിയുമ്പോൾ ശരി ആയിക്കൊള്ളും.. “
ഗായത്രി അത് പറഞ്ഞതും കല്യാണി അമ്മയുടെ കൈ അവളുടെ കവിളിൽ പതിച്ചു.
“കള്ളും കഞ്ചാവും തലക്ക് പിടിക്കുമ്പോൾ അവൻ നിന്നെ കൊണ്ട് പോയി വിറ്റാൽ എന്ത് ചെയുമെടി…? “
കല്യാണി അമ്മ ദേഷ്യത്തോട് അലറി..
“അപ്പോൾ മീര ചേച്ചിയെ ഗോപിയേട്ടൻ വിറ്റാലോ..? “
ഗായത്രിയുടെ മറു ചോദ്യത്തിന് മുൻപിൽ കല്യാണി അമ്മ മറുപടി ഇല്ലാതെ നിന്നു.
ശങ്കരൻ കല്യാണിയുടെ മുഖത്തേക്ക് നോക്കി അവർ പക്ഷേ തലകുനിച്ചു നിൽക്കുക ആയിരുന്നു.
“അമ്മേ, ഗോപിയേട്ടനും ഉണ്ടല്ലോ കഞ്ചാവ് വലിയും കള്ള് കുടിയും പെണ്ണുപിടിയും ഒക്കെ പിന്നെ എന്തിനാ മീര ചേച്ചിയെ ചേട്ടന് വേണ്ടി ആലോചിക്കുന്നത്.. നാളെ മീര ചേച്ചിയെ ചേട്ടൻ വിൽക്കില്ല എന്ന് പറയാൻ കഴിയോ.. ഞാൻ നിങ്ങളുടെ മകൾ ആയത് കൊണ്ടല്ലേ എനിക്ക് നല്ല ജീവിതം കിട്ടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്.അത്പോലെ മീര ചേച്ചിയും ഒരു പെൺകുട്ടി അല്ലേ..
അമ്മ, മീര ചേച്ചിടെ അമ്മയോട് പറയുന്നത് ഞാൻ കേട്ടായിരുന്നു ആൺകുട്ടികൾ ആവുമ്പോൾ അഴുക്ക് വെള്ളത്തിൽ ചവിട്ടും തെളി വെള്ളം കണ്ടാൽ ആ അഴുക്ക് അങ്ങ് കഴുകി കളയും കല്യാണം കഴിഞ്ഞാൽ ഗോപിയേട്ടൻ മാറും എന്നൊക്കെ..
ഗോപിയേട്ടൻ മാറിയില്ലെങ്കിലോ..? പിന്നെ മീര ചേച്ചിയുടെ ജീവിതം എങ്ങനെ ആവും എന്ന് ചിന്തിച്ചോ..? ആൺകുട്ടികളെ നന്നാക്കാൻ ഉള്ള മെഷീൻ അല്ല അമ്മേ പെൺകുട്ടികൾ അതിന് വേണ്ടി ആകരുത് വിവാഹം.”
അത്രയും പറഞ്ഞ് കൊണ്ട് ഗായത്രി തന്റെ മുറിയിലേക്ക് നടന്നു.. പിന്നെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കല്യാണിയും ശങ്കരനും കുറ്റബോധത്തോടെ ഇരിക്കുന്നത് കണ്ടു ..
“അച്ഛാ ഏട്ടനെ നല്ലൊരു ഡോക്ടറിനെ കാണിക്കാം.. ഇപ്പോൾ ഈ കള്ള് കുടി ഒക്കെ മാറാൻ ഒരുപാട് ഡിഅഡിക്ഷൻ സെന്ററുകൾ ഉണ്ട്.. ഏട്ടൻ നന്നായ ശേഷം മതി അച്ഛാ വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നത് … ”
ഗായത്രി ശങ്കരന്റെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു.
“നീ പറഞ്ഞതാണ് ശരി. അച്ഛൻ അതിനെ കുറിച്ച് ഒന്നും ചിന്തിച്ചില്ല.. ഇന്ന് തന്നെ ഗോപിയെ നമുക്ക് ഡോക്ടറിനെ കാണിക്കാം പിന്നെ മീരയും ആയുള്ള കല്യാണം അത് എന്തായാലും ഇനി ഇപ്പോൾ വേണ്ട .. “
ശങ്കരൻ അത് പറഞ്ഞപ്പോൾ ഗായത്രിയുടെ മുഖം തെളിഞ്ഞെങ്കിലും കല്യാണിയമ്മയുടെ മുഖത്ത് അപ്പോഴും ദുഃഖം നിഴലിച്ചു.
“അമ്മ വിഷമിക്കണ്ട.. എനിക്ക് ഉണ്ണിയേട്ടനും ആയി ഒരു ബന്ധം ഇല്ല. നിങ്ങൾ രണ്ട് പേരെയും പറഞ്ഞ് മനസിലാക്കാൻ വേറെ വഴി ഇല്ലാത്തോണ്ട് ഒരു കള്ളം പറഞ്ഞതാ… “
ഗായത്രി ഒരു കള്ള ചിരിയോടെ പറഞ്ഞു…. അത് കേട്ടപ്പോൾ ആണ് കല്യാണി അമ്മയ്ക്ക് സമാധാനം ആയത്..നമുക്ക് ദോഷം ആയി സംഭവിക്കും എന്ന് തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവരോടും ചെയ്യാതെ ഇരിക്കുക…
അവസാനിച്ചു
ചെറുകഥ എഴുതി പരിചയം ഇല്ല.. തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞ് തന്നാൽ ഉറപ്പായും തിരുത്താം..