ഇതിനും വേണ്ടി മാത്രം എന്തു പുണ്യമാണ് താൻ ചെയ്തിട്ടുള്ളത് എന്ന ചോദ്യം ആയിരം അവൃത്തി ഞാനെന്നോടു തന്നെ ചോദിച്ചിട്ടുള്ളതാണ്…

ആമി

എഴുത്ത്: ആദർശ് മോഹനൻ

“നിനക്കിനിയും മതിയായില്ലേ ആമി ? ഇത്രക്കൊന്നും അനുഭവിക്കേണ്ട ഒരാവശ്യവുമില്ല നിനക്ക് കണ്ട തേ വിടിശ്ശികളുടെ കൂടെ അഴിഞ്ഞാടിയവന് ഇതിലും വലിയ ശിക്ഷ ലഭിക്കാനില്ല, ഇതൊന്നും സഹിക്കാനും ക്ഷമിക്കാനും നീ മദർ തെരേസയൊന്നുമല്ലല്ലോ ? നീ വീട്ടിലേക്ക് വാ അവിടെ നിനക്ക് ഒരു കുറവും ഉണ്ടാകില്ല.”

“ആ കാമഭ്രാന്തൻ പാതി ചത്തപ്പോൾ നിനക്കവനോട് ദയതോന്നിയതാണോ? നിന്നോടവൻ ചെയ്തത് ഇത്ര പെട്ടെന്ന് മറന്നോ നീ? എണീറ്റ് നടക്കാൻ പരിവമാകുമ്പോൾ കാണം അവന്റെ തനി സ്വരൂപം”

മച്ചുനന്റെ കനമേറിയ ഒച്ച എന്റെ കാതിനെ പ്രകമ്പനം കൊള്ളിക്കും വിധത്തിൽ മുഴങ്ങി, പാതി ചത്ത ശരീരത്തിൽ കേൾവി ശക്തിക്ക് ശക്തി കൂടിയതുപോലെയാണ് അന്നേരം തോന്നിയത്, ചിന്തിച്ചപ്പോഴും ശരിയാണ് അവൾക്കിതൊന്നും അനുഭവിക്കേണ്ട കാര്യമില്ല

പുഴുത്ത് ചീഞ്ഞ് കിടക്കുമ്പോൾ തിരിഞ്ഞ് നോക്കാതെ പോയാലും ഞാനവളെ തെറ്റുപറയില്ല , അത്രക്ക് ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ടവളോട്, അവന്റെ ചൂടൻ സംഭാഷണത്തിനു മീതെ ജലാഭിഷേകം ചെയ്തു കൊണ്ടുള്ള അവളുടെ തണുപ്പൻ പ്രതികരണം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു

” ഇക്കാക്ക വേഗം ഇറങ്ങാൻ നോക്കിക്കോളൂ സന്ധ്യ മയങ്ങിയാൽ ഇനിയങ്ങോട്ട് ബസ്സ് കിട്ടില്ല, ഉമ്മയും ഇത്തയും കാത്തിരിക്കുന്നുണ്ടാകും”

അവൾ അവളുടെ ഇക്കാക്കയുടെ കൂടെ ഇറങ്ങിപ്പോയെങ്കിൽ എന്നു പോലും ഞാനാശിച്ചു കാരണം മലമൂത്രക്കുമ്മലടിക്കുന്ന ആരും കടന്നു വരാത്ത ഈ നാറ്റച്ചുവരുകൾക്കുള്ളിലേക്ക് മുഖം പൊത്താതെ പുഞ്ചിരിച്ചു കൊണ്ടാണവൾ നടന്നുവരാറ്, പ്രാഥമിക കർമ്മങ്ങൾ ഒറ്റ കിടപ്പിൽ വഹിക്കുമ്പോൾ എന്റെ വിസർജ്യങ്ങളെ തെല്ലു പോലും അറപ്പില്ലാതെയാണവൾ കോരിയെടുക്കാറ്

ഇതിനും വേണ്ടി മാത്രം എന്തു പുണ്യമാണ് താൻ ചെയ്തിട്ടുള്ളത് എന്ന ചോദ്യം ആയിരം അവൃത്തി ഞാനെന്നോടു തന്നെ ചോദിച്ചിട്ടുള്ളതാണ്, ഉത്തരമില്ലാത്ത ആ ചോദ്യത്തിന് പല നിർവ്വചനങ്ങളും നൽകി എന്നെ ഒരുപാട് ആശ്വസിപ്പിച്ചിരുന്നു അവൾ

അവളുടെ ഇക്കാക്ക പറഞ്ഞത് വളരെ ശരിയാണ്, കാ മഭ്രാന്തനായിരുന്നു താൻ. വിവാഹബന്ധത്തിനു പുറമേ പരസ്ത്രീ ബന്ധം പുലർത്തിയ കാ മക്കൊഡൂരൻ , ആഭാസന്റെ ആയുധപ്പുരയിലെ കാമാസ്ത്രങ്ങൾ തകർന്നടിഞ്ഞ ആ ദിനം ഇന്നും ഓർമ്മയിൽ മായാതെ കിടക്കുന്നു

വാഹനങ്ങൾ ചീറിപ്പാഞ്ഞ ഹൈവേ റോഡിനു കുറുകേ രക്തം വാർന്നൊലിച്ചു കിടന്നപ്പേൾ ആരോ ആശുപത്രിയിലെത്തിച്ചു, അന്നും ആശുപത്രി വരാന്തയിൽ തട്ടം മറയ്ച്ച ഏകാകിയായ അവളുടെ കരിനിഴൽ മാത്രമേ കൂട്ടിനുണ്ടായിരുന്നത്

പതിവില്ലാതെ പർദ്ദയിൽ മൂടിയ മുഖവുമായവൾ മുറിക്കുള്ളിലേക്ക് കടന്നു വന്നപ്പോൾ തന്നെയെനിക്ക് മനസ്സിലായ് തുളുമ്പിയ മിഴിയിണകൾക്കവൾ മറപിടിച്ചതാണെന്ന്, വിറ കൊണ്ട അവളുടെ വലംകൈ എന്റെ ചലമറ്റ ഇടംകൈക്ക് മുകളിലേക്കവൾ ചേർത്തുവെച്ചപ്പോൾ ഞാനവളോടായ് പറഞ്ഞു

“ഇട്ടിട്ട് പോകാർന്നില്ലേ ആമി ? എന്തിനിതൊക്കെ സഹിക്കണം? അതിനു മാത്രം എന്തുപകരമാണ് എന്നെക്കൊണ്ട് നിനക്കുണ്ടായിട്ടുള്ളത്? കിടപ്പറയിലെ രാവുകളിലെന്നും നിന്നെ അവഗണിക്കുക മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളത്? ഇപ്പോഴും ഈ പഞ്ഞിമെത്തയിൽ നിന്റെ കണ്ണുനീരിന്റെ ഗന്ധം എനിക്ക് ശ്വസിക്കാനാവുന്നുണ്ട് ആമി. “

ഒരു നിമിഷത്തേക്കവൾ മൗനത്തിലാണ്ടു പോയെങ്കിലും മറപിടിച്ച പർദ്ദച്ചേലയവൾ വലതു കൈ കൊണ്ടെടുത്തു മാറ്റി എന്റെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചിട്ടവൾ വാചാലയായി

“നജീബിക്കാ, നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇന്നലെ വരെ ഇക്ക എന്നോട് സംസാരിക്കില്ലാർന്നു, എന്നോട് സ്നേഹത്തോടെ പെരുമാറാറില്ലാർന്നു, എന്നോട് ചിരിക്കാറും ഇല്ലാർന്നു, ഒരു പക്ഷെ അത് എന്നിലെ കുറവുകൾ കൊണ്ടായിക്കൂടെ?

ഇക്കക്കൊരു ശല്യക്കാരി ആയി മാറാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ മാറി നിന്നിട്ടുള്ളത് എന്നാൽ ഇപ്പോൾ ഇക്കക്ക് എന്നോട് സ്നേഹമുണ്ട് ,എന്നോട് പുഞ്ചിരിക്കാറുണ്ട്, എന്നോട് സംസാരിക്കാറുമുണ്ട് . എന്നെ സ്നേഹിക്കുന്ന നിങ്ങളെ വിട്ട് ഞാനെങ്ങോട്ട് പോകാനാണ്‌. മാത്രമല്ല ഇക്ക എന്റെ കൂടെയുള്ളത് എനിക്കൊരു ധൈര്യമാണ് . നിങ്ങളെ വിട്ട് ഞാനെങ്ങോട്ടും പോകില്ല കാരണം ഭർത്താവിനെ പരിചരിക്കേണ്ടത് ഭാര്യയുടെ കടമയാണ്”

അവളത് പറഞ്ഞു തീർക്കുമ്പോഴും പുഞ്ചിരി തൂകിയ അവളുടെ മുഖമഴകിന് മാലാഖയെ വെല്ലുന്ന തേജസ്സുണ്ടായിരുന്നു. ഭൂതകാലത്തിൽ എന്റെ ജീവിതത്തിലേക്ക് അവസാനത്തെ അതിഥിയായെത്തിയ ദുശ്ശകുനത്തെ ഞാൻ മനസ്സിലോർത്തു. എന്റെ പണക്കൊഴുപ്പിലും സൗന്ദര്യത്തിലും ആർത്തിപൂണ്ട് കൂടെക്കൂടിയവളെ ഒരു കാലത്ത് തന്നേക്കാൾ തനിക്ക് പ്രിയപ്പെട്ടവളായിരുന്ന ഹെലൻ, ഇന്നവൾക്കീ ജഡത്തോട് അറപ്പാണ്. ഒരു നോക്ക് കാണാൻ വരാത്തതിൽ പരാതിയില്ല ഒപ്പം നന്ദി മാത്രമേയുള്ളു . കാരണം യഥാർത്ഥ സ്നേഹം എന്താണെന്ന് ഞാൻ തിരിച്ചറിയുന്നു ഇപ്പോൾ. അരങ്ങൊഴിഞ്ഞ അഭിനയത്രി നിനക്കൊരുപാട് നന്ദി.

“നിന്നോടെന്നു കൂടി പറയട്ടേ ഹെലൻ അഭിനയിക്കാൻ നിന്നേക്കാൾ മിടുക്കിയാണ് എന്റെ ആമി ഒരേ ഒരു വ്യത്യാസം മാത്രം നീ കരഞ്ഞു കൊണ്ടുള്ളിൽ ചിരിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ടുള്ളിൽ കരയുന്നു “

ചേനക്കൂമ്പിന്റെ ചീഞ്ഞ ഗന്ധമുള്ള എന്റ മാറിൽ തല ചായ്ച്ചു കിടന്നവൾ എന്റെ ഹൃദയമിഡിപ്പിന്റെ താളം അളക്കുന്നുണ്ടായിരുന്നു . മനസ്സപ്പോഴും ഞാണറ്റ കാറ്റാടിപ്പട്ടത്തെ പോലെ അലയുന്നുണ്ടായിരുന്നു, അതിനിടയിലെ പ്പൊഴോ ഞാനാ ചോദ്യമുതിർത്തു ഒരുപാട് തവണ തൊണ്ടയിൽ നിന്നും വിഴുങ്ങിയ ആ ചോദ്യം.

“ആമി നീ എന്നെ ഒരിക്കൽപ്പോലും വെറുത്തിട്ടില്ലേ?”

ഭാവവ്യത്യാസമില്ലാതെ തന്നെ അവൾ സംഭാഷണത്തെ വ്യതിചലിപ്പിച്ചു പശ്ചാത്താപമേ പ്രായശ്ചിത്തം എന്നു പ്രതിപാതിക്കുന്ന പല പല നബി വചനങ്ങൾ എന്റെ കാതിലോതി സംസാരിച്ചുകൊണ്ടിരുന്നു

കുഷ്ഠരോഗിയായ ഭർത്താവിന്റെ ഭക്ഷണ ഉച്ചിഷ്ടഠ ഭക്ഷിക്കാറുള്ള ഭാര്യ , ഭക്ഷണത്തിൽ അവന്റെ അടർന്നുവീണ വിരൽക്കഷ്ണങ്ങളെ വെണ്ടക്കാക്കഴുമ്പാക്കി ഭക്ഷിക്കുന്നവളുടെ കഥ വിവരണ ശുദ്ധിയോടെയവൾ വർണ്ണിക്കുമ്പോൾ എന്റെ വരണ്ടുണങ്ങിയ കണ്ണുറവകൾ വറ്റാത്ത നീർച്ചാലുകളായ് മാറി.

നെഞ്ചിലൂടെ ഒലിച്ചിറങ്ങിയ ആ നനവു തുള്ളികൾക്ക് ശവംനാറിപ്പുവിന്റെ ഗന്ധമായിരുന്നു. ഉണങ്ങി വരണ്ട അവളുടെ നേർത്ത അധരംകൊണ്ടവൾ ആ നനവിനെ തോർത്തിയെടുത്തവൾ എന്റെ മുഖത്തേക്ക് നോക്കി, വാത്സല്യത്തോടെ എന്റെ മൂർദ്ധാവിൽ തലോടി

തഴുകലിനിടയിലെപ്പോഴോ മൂന്നാo വയസ്സിൽ രുചിയോടെ നുണഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മധുരം നാവിൽ തുളുമ്പി വരുന്നതു പോലെയെനിക്ക് തോന്നി.

തളർന്ന ശരീരത്തിലെ എന്റെ മനക്കൈകൾ ആകാശത്തിലെ ചന്ദ്രക്കലയെ ലക്ഷ്യം വെച്ചു പൊന്തി മനസ്സിൽ അവനോട് ഉറക്കേ കേണപേക്ഷിച്ചു

” യാഹ് അള്ളാഹ് , ഇതിലും വലിയ ശിക്ഷയനിക്കു നീ നൽകൂ, ഞാനത് അർഹിക്കുന്നുണ്ട് “