കുളി കഴിഞ്ഞ് ഒരു സാരി എടുത്തു ഉടുത്തു…പൂജാമുറിയിൽ കയറി നന്നായി പ്രാർത്ഥിച്ചു, അവിടെനിന്നും കുറച്ച് സിന്ദൂരം തൊട്ടു ഇറങ്ങി…

ക്ഷമിച്ചു എന്നൊരു വാക്ക്

Story written by ANZILA ANSI

മൃദുല…

മൃദുലാ വാര്യർ…

അവൾ MBA അവസാന വർഷ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്ത്. അകന്ന ബന്ധത്തിലെ ഒരു അമ്മാവൻ വിവാഹാലോചനയും കൊണ്ട് വീട്ടിലേക്ക് വന്നു….

പേരുകേട്ട കുടുംബക്കാരാണ്….ചെക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ….ഒറ്റ മകൻ……മൃദു മോളുടെ ഭാഗ്യമാണ് ഈ ബന്ധം….

ഇത് എങ്ങനെയെങ്കിലും ഒന്ന് നടന്നു കിട്ടിയ അവളവിടെ രാജകുമാരിയെപ്പോലെ വാഴും…..

അങ്ങനെ ഓരോന്ന് അമ്മാമ്മ വാതോരാതെ അവരെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു……

അച്ഛന് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു രണ്ടു മക്കൾ…അതും പെൺമക്കൾ….പക്ഷേ ഇന്ന് വരെയും അച്ഛൻ അവർക്ക് ഒരു കുറവും വരുത്തിയിട്ടില്ല കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഞങ്ങളുടെ ഇഷ്ടങ്ങൾ നടത്തിത്തരാൻ പരമാവധി ശ്രമിക്കാറുണ്ട്….

വലിയ കുടുംബക്കാർ ഒക്കെ ആകുമ്പോൾ അതിനനുസരിച്ച് എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വരില്ലേ അച്ഛൻ ആ അമ്മാവനോട് തന്റെ ആശങ്കകൾ ഒട്ടും മറച്ചുവെക്കാതെ ചോദിച്ചു….

അവർക്ക് പ്രത്യേകിച്ച് ഡിമാൻഡുകൾ ഒന്നുമില്ല കുട്ടിയെ കണ്ടു ഇഷ്ടപ്പെടണം.. അത്ര മാത്രം മതി….

അച്ഛൻ പയ്യനെ പറ്റിയും വീട്ടുകാരെ പറ്റിയും ആരോടൊക്കെയോ തിരക്കി…എല്ലാവർക്കും നല്ല അഭിപ്രായമാണ്…

അധികം വൈകാതെ അവർ വന്ന പെണ്ണിനെ കണ്ടു മടങ്ങി…

അവർക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു എന്ന് അമ്മാവൻ വിളിച്ചുപറഞ്ഞു….

അതുവരെ ഇല്ലാത്ത ഒരു വിറയൽ അവളുടെ ഉള്ളിൽ കടന്നുകൂടി, രാത്രികളിൽ അവൾ പുതിയ ജീവിതത്തെ സ്വപ്നം കണ്ടുതുടങ്ങി….

അച്ഛനെ കൊണ്ട് കഴിയുന്നതിനും അപ്പുറം കല്യാണം കെങ്കേമമാക്കാൻ ആ പിതാവിന്റെ മനസ്സ് വെമ്പി..

ചെറുക്കന് ലീവ് ഇല്ലാത്തതിനാൽ നിശ്ചയം നടത്തി രണ്ടു വളയും അവളെ അണിയിച്ചു ഒരു ഫോണും കൊണ്ടുവന്നു കൊടുത്തു.. മണ്ഡപത്തിൽ വച്ച് മോതിരം മാറാം എന്നും തീരുമാനത്തിലെത്തി….

ഇനി ഒരു മാസം വിവാഹത്തിന്…..രാത്രികളിൽ അവൻ അവളെ വിളിക്കും അധികം ഒന്നും തന്നെ സംസാരിക്കാറില്ലായിരുന്നു…എങ്കിലും അവൾക്ക് അത് മതിയായിരുന്നു….പിന്നെയും ദിവസങ്ങൾ ഓടി മറഞ്ഞു…..വിവാഹ വസ്ത്രങ്ങൾ എടുക്കലും ഒക്കെയായി സമയം നീങ്ങി കൊണ്ടിരുന്നു…..

കല്യാണത്തലേന്ന് മെഹന്ദിയു ഹാൽദിയും ഒക്കെയായി കൂട്ടുകാരും വീട്ടുകാരും സന്തോഷത്തിൽ മതി മറന്നു…അവൾക്ക്

അന്ന് രാത്രി അവൾക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല.. നാളെ നേരം പുലരുമ്പോൾ അവൾ ഒരു ഭാര്യയാണ് ഒരു വീട്ടിലെ മരുമകളാണ്. ഇതുവരെ തന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയായിരുന്നു നാളത്തെ പുലരിയുടെ തന്റെ ഭർത്താവിനെയും കുടുംബത്തെയും നോക്കേണ്ട ചുമതലയും കൂടി അവളിൽ വന്നുചേരുകയാണ്…..ആ 23 വയസ്സുകാരിക്ക്….എന്തോ വല്ലാത്ത ഒരു ഭയം ഉടലെടുത്തു..

രാവിലെ എഴുന്നേറ്റ് അടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു ഉള്ളിൽ എന്തോ ഒരു ഭയം അപ്പോഴും അവളെ അലട്ടുന്നുണ്ടായിരുന്നു…..

വീട്ടിൽ വന്നു എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി…..കൂട്ടുകാരികൾ ചേർന്ന് അവളെ ഒരു നവവധുവാക്കാൻ തയ്യാറെടുത്തു….

ചുവപ്പ് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു…

അവർ ഒന്നും തന്നെ വേണ്ടെന്നു പറഞ്ഞെങ്കിലും ഒന്നുമില്ലാതെ തന്റെ മകൾ ആ വീട്ടിൽ ചെന്ന് കേറിയാൽ അവൾക്ക് ഒരു വിലയും ഉണ്ടാകില്ല എന്ന് കരുതി ആ അച്ഛൻ ഭയന്നു….അങ്ങനെ ഉണ്ടാകാതിരിക്കാൻ ഉറുമ്പ് അരിമണികൾ ശേഖരിച്ചു വയ്ക്കുന്നത് പോലെ അച്ഛൻ കൂട്ടിവെച്ച് തന്റെ ഇന്നു വരെയുള്ള സമ്പാദ്യം മുഴുവനും എടുത്തു.. അത് ഒന്നിനും തികയാതെ വന്നപ്പോൾ വീടും പണയപ്പെടുത്തി…..പിന്നെ ആരുടെയൊക്കെയോ കൈയിൽനിന്ന് കടവും വാങ്ങിക്കൂട്ടി.. അച്ഛൻ തനിക്കായി നൽകിയ ആ മഞ്ഞലോഹം തന്റെ ഉടലിൽ അണിയിച്ച് അഅണിയിച്ചപ്പോൾ ഉള്ള് ചുട്ടുപൊള്ളുന്ന പോലെ തോന്നി…

ഇനിയെത്ര നാൾ അച്ഛൻ കഷ്ടപ്പെട്ടാൽ മാത്രം തിരിച്ചെടുക്കാൻ പറ്റുന്ന വീടിന്റെ പ്രമാണം…

ഓർക്കുമ്പോൾ തന്നെ ഒരു വിങ്ങൽ അവളെ ചുറ്റി പുണർന്നു……

അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ വരനൊപ്പം ഇരുന്നു.. അച്ഛന്റെ സന്തോഷവും സംതൃപ്തിയും കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു…

അയാൾ താലികെട്ടി സീമന്തരേഖയിൽ സിന്ദൂരം അണിയിച്ചു തന്നെ സ്വന്തമാക്കിക്കഴിഞ്ഞു.

ഇന്നവൾ പടിയിറങ്ങുകയാണ്….ജനിച്ചു വളർന്ന വീടും വീട്ടുകാരെയും ഉപേക്ഷിച്ച് മറ്റൊരു വീടിന്റെ വിളിക്കാൻ…കണ്ണീരോടെ വിട പറഞ്ഞ് അവൾ ഇറങ്ങി…

നിലവിളക്കും കയ്യില്പിടിച്ച് അവൾ പുതിയ വീട്ടിൽ വലതുകാൽ വച്ച് കയറി. സ്നേഹംകൊണ്ട് മൂടുന്ന ഒരു അമ്മായിഅമ്മ, അല്ല അമ്മ തന്നെ…അച്ഛനും അങ്ങനെ തന്നെ അവർക്കൊരു മകളെ കിട്ടി എന്നായി….

കൂട്ടുകാരികളും ചേച്ചിമാരും ഒക്കെ പറഞ്ഞ് പേടിപ്പിച്ച ആ രാത്രി…

ആദ്യരാത്രി…

സെറ്റ് മുണ്ട് ഉടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി, നെറ്റിയിൽ സിന്ദൂരവും, കഴുത്തിൽ അയാൾ കിട്ടിയ താലിയും വിറയാർന്ന കൈകളിൽ ഒരു ഗ്ലാസ് പാലുമായി അയാളുടെ മുറിയിലേക്ക് കടന്നു ചെന്നു….

പാൽ ഗ്ലാസ് ടേബിൾ വെച്ച് അവിടെ നിന്ന താന്നോടായി അയാൾ പറഞ്ഞു…

ക്ഷീണം കാണും ഡ്രസ്സ് മാറി കിടന്നോളൂ എന്ന്..

അവർക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.. അതിനോടൊപ്പം അയാളോട് അതിയായ മതിപ്പും ബഹുമാനവും തോന്നി…

വീട് മാറി കിടന്നിട്ടണെന്ന് തോന്നുന്നു അവൾ ഉറക്കം വരുന്നില്ല.. കണ്ണുമൂടി അൽപ നേരം കിടന്നു… വാതിൽ തുറന്ന് അയാൾ വന്നു ബാത്ത്റൂമിൽ കയറുന്നത് കണ്ടു.. കുറച്ചു കഴിഞ്ഞു അവളുടെ അരികിൽ വന്നു കിടന്നു…

രാവിലെ അവൾ ഉറക്കമുണർന്നപ്പോൾ അടുത്തയാൾ ഇല്ലായിരുന്നു…

കുളി കഴിഞ്ഞ് ഒരു സാരി എടുത്തു ഉടുത്തു… പൂജാമുറിയിൽ കയറി നന്നായി പ്രാർത്ഥിച്ചു, അവിടെനിന്നും കുറച്ച് സിന്ദൂരം തൊട്ടു ഇറങ്ങി…

അങ്ങനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു…

രാത്രിയിൽ അവൾ ഉറങ്ങിയ ശേഷം മാത്രം അയാൾ മുറിയിൽ വരും അവൾ ഉണരുന്നതിനുമുമ്പ് പോവുകയും ചെയ്യും….

ക്യാമ്പസ് placement കിട്ടിയ അവളെ ജോലിക്ക് വിടാൻ ആ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ല… അതിനാൽ അവൾ ജോലി ഉപേക്ഷിച്ചു..

അങ്ങനെ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു…മുറുമുറുപ്പുകൾ തുടങ്ങി…വിശേഷം ആയില്ലേ എന്ന ചോദ്യം ഉയർന്നു കൊണ്ടിരുന്നു…..

അമ്മ അമ്മായിയമ്മയായി മാറിക്കൊണ്ടിരുന്നു……

ആദ്യം സ്നേഹം കൊണ്ട് മൂടിയ അമ്മ ഇപ്പോൾ ഇരിക്കുന്നതിനു നിൽക്കുന്നവരെ കുറ്റങ്ങൾ മാത്രം കണ്ടു പിടിച്ചു കൊണ്ടിരുന്നു…

അയാളെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ പിന്നെ താനെങ്ങനെ ഗർഭിണിയാകും….ജീവിതം തന്നെ മടുത്തു തുടങ്ങി…കഷ്ടപ്പെട്ട് കെട്ടിച്ചു വിട്ട വീട്ടിലേക്ക് ഇനിയും കെട്ടുതാലി അറുത്തു കളഞ്ഞ ചെന്ന് കയറാൻ പറ്റാത്ത അവസ്ഥ…എന്നാലും അച്ഛൻ തന്നെ സ്വീകരിക്കും…പക്ഷേ താൻ കാരണം തന്റെ അനിയത്തിക്ക് ഒരു ജീവിതം നഷ്ടമാകുമോ എന്ന ഭയം അവളെ അവിടെ പിടിച്ചു നിർത്തി…

കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കേട്ടിട്ടുണ്ട് ആരോടും ഒന്നും തുറന്നു പറയാൻ പറ്റാതെ ജീവിച്ചു…..

ഒരു ദിവസം അച്ഛൻ അവളെ വിളിച്ച് അമ്മ ബാത്റൂമിൽ തെന്നി വീണു ഇപ്പോൾ ഹോസ്പിറ്റലിലാണ് എന്ന് പറഞ്ഞു…

അവൾ അവിടുത്തെ അമ്മയോട് രണ്ടു ദിവസം വീട്ടിൽ നിന്നോട്ടെ എന്ന് ചോദിച്ചു. അവർ എതിർത്തൊന്നും പറഞ്ഞില്ല…

അവൾ വീട്ടിൽ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു. ഒരു ദിവസം അവിടെ നിന്നു…പിന്നെ അമ്മ പറഞ്ഞു വിട്ടു.. ഭർത്താവ് ഉള്ളപ്പോൾ ഒരു ദിവസത്തിൽ കൂടുതൽ മാറിനിൽക്കാൻ പാടില്ലത്രേ..

വീട്ടിൽ നിന്നിറങ്ങി അവിടെയെത്തിയപ്പോൾ സന്ധ്യയായി.. അവൾ നേരെ മുറിയിലേക്ക് പോയി..

അവിടെ കണ്ട കാഴ്ച അവളുടെ കണ്ണുനിറഞ്ഞു ഹൃദയം നിലച്ചതുപോലെ തോന്നി….

തന്റെ ഭർത്താവ് ലാപ്പിൽ മറ്റൊരു സ്ത്രീയുടെ നഗ്നത കണ്ട് ആസ്വദിച്ച് സ്വയം**ഗം ചെയ്യുന്നു….

പലപ്പോഴായി അയാൾ അവളിൽ നിന്ന് അകലം കാണിച്ചപ്പോൾ അവൾ പലതും കരുതിയിരുന്നു അയാൾക്ക് പ്രണയമുണ്ടായിരുന്നു കാണും. അത് നഷ്ടമായി അതിൽ മനംനൊന്ത് ആയിരിക്കും തന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത് എന്നെങ്കിലുമൊരിക്കൽ തന്നെ മനസ്സിലാക്കി അയാൾ സ്നേഹിക്കുമെന്ന് കരുതിയ അവൾ വെറും വിഡ്ഢി ആയിപ്പോയി…

വർഷങ്ങളായി മൊബൈലിൽ നഗ്നത കണ്ടു സ്വയംഭോഗിക്കുന്ന അയാൾ അതിന് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു…..

ഇത്രയൊക്കെ നടന്നിട്ടും സ്വയം ന്യായീകരിക്കാനോ…അവിളെ പറഞ്ഞ് മനസ്സിലാക്കുകയോ ചെയ്യാതെ അയാൾ ഒരു കൂസലുമില്ലാതെ ആ മുറി വിട്ടിറങ്ങി പോയി..

ഒരു പക്ഷേ എല്ലാം അയാൾ അവളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ അവളെല്ലാം ക്ഷമിക്കുമായിരുന്നു അയാളുടെ വൈകല്യം മാറ്റിയെടുക്കാൻ ശ്രമിച്ചേനെ…

ഇപ്പോഴെങ്കിലും അയാൾക്ക് ഒന്ന് സംസാരിച്ചു കൂടായിരുന്നോ അവളോട്…….

രാത്രി ഒരുപാട് കരഞ്ഞു തന്റെ വിധിയെ ഓർത്ത്….അവസാനം അവൾ തന്നെ അവളുടെ മനസ്സിനെ കൈകളിലൊതുക്കി പല തീരുമാനങ്ങളും എടുത്തു….

പിറ്റേ ദിവസം അവൾ തന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന അതുമാത്രം ഒരു ബാഗ് എടുത്തുവെച്ചു.. താലി കഴിച്ച് മേശപ്പുറത്തുവച്ചു.. കുറച്ച് വെള്ളമെടുത്ത് തന്റെ സീമന്തരേഖയിലെ ചുവപ്പ് മായ്ച്ചു കളഞ്ഞു….

തന്റെ ഒരു വർഷത്തെ ദാമ്പത്യം അവിടെ അവസാനിപ്പിച്ച് അവള് ആ മുറി വിട്ട് പുറത്തിറങ്ങി…

ഹാളിൽ ഇരിക്കുന്ന അയാൾ അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ല…

അവൾ ആ അമ്മയോടായി പറഞ്ഞു..

പ്രസവിക്കാൻ കഴിവില്ലാത്ത താൻ അമ്മയുടെ മകന്റെ ജീവിതത്തിൽ നിന്നും ഇറങ്ങുകയാ.. എന്ന് മാത്രം പറഞ്ഞു കണ്ണുകൾ തുടച്ച് ആ പടിയിറങ്ങി…

ഇനിയെന്ത് എന്ന ചോദ്യം അവിടെ വേട്ടയാടി..????

വീട്ടിൽ ചെന്ന് അച്ഛനോട് കാര്യം തുറന്നു പറഞ്ഞു.. അച്ഛൻ നിറകണ്ണുകളോടെ തന്റെ മകളെ ചേർത്തു പിടിച്ചു .. അതു മാത്രം മതിയായിരുന്നു അവളുടെ ഉള്ളിലെ കനലിനെ അണയ്ക്കാൻ….

ആ അച്ഛന്റെ പിന്തുണയും കരുതലും അവളിൽ പുതിയ നാമ്പുകൾ കിളിർത്തു തുടങ്ങി..

****************

ഒരു വർഷത്തിനുശേഷം..

ഈ ഒരു വർഷത്തിനിടയിൽ കുറേ സംഭവങ്ങൾ നടന്നു. ഡിവോഴ്സ് കഴിഞ്ഞു. ഒരു ചെറിയ ജോലി ഉണ്ടോ ഇപ്പോൾ..

ഇന്ന് അവളുടെ റിസൾട്ട് വരുവാണ്…..അമ്പലത്തിൽ കയറി മനമുരുകി പ്രാർത്ഥിച്ചു.

വീട്ടിൽ വന്നപ്പോൾ പത്രപ്രവർത്തകരും വേറെ കുറെ ആൾക്കാരും അവൾ അകത്തേക്ക് കേറി….

അച്ഛനെ നോക്കിയപ്പോൾ കണ്ണു നിറഞ്ഞു നിൽക്കുന്നു… എന്നെ കണ്ടതും ടിവിയിൽ ചൂണ്ടിക്കാണിച്ചു….

മൃദുല വാരിയർ സിവിൽ സർവീസ് എക്സാമിനു രണ്ടാം റാങ്ക്

കുഞ്ഞിലെ തൊട്ടുള്ള ആഗ്രഹമായിരുന്നു ഇടയ്ക്കുവെച്ച് ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു…

ഒരു വർഷത്തെ അവളുടെ കഠിനപ്രയത്നം…അച്ഛന്റെ പിന്തുണയും കൂടിച്ചേർന്നാണ് ഈ വിജയം…

അച്ഛൻ അവളെ ചേർത്തുനിർത്തി നിറുകയിൽ ചുംബിച്ചു….അതിൽ ഉണ്ടായിരുന്നു ആ അച്ഛന്റെ മനസ്സിലെ ആഹ്ലാദം…..

ഇന്ന് അവൾ വീണ്ടും ബാഗ് പാക് ചെയ്യുവാണ്…

(Lal Bahadur Shastri National Academy of Administration)LBSNAA ലേക്ക്, മസൂരിയിലെ IAS ട്രെയിനിങ് ആകാടെമിലേക്ക് അവൾ പോകുകയാണ്

*****************

4 വർഷങ്ങൾക്കുശേഷം……

ഇന്ന് മൃദുല വാരിയർ IAS ന്റെയും രഞ്ജിത് മേനോൻ IAS ന്റെയും മകൻ രാഹുൽ മേനോന്റെ ചോറൂണ് ഗുരുവായൂരിൽ വെച്ച്…കുഞ്ഞിനെയും എടുത്തോണ്ട് നിന്നപ്പോഴാണ് ആരോ അവളെ വിളിച്ചത്…

തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ അമ്മ…

അഞ്ചു വർഷങ്ങൾക്കു ശേഷം അവരെ കാണുന്നത് ഇപ്പോഴാണ്….

തന്റെ അടുത്ത വന്നു നിന്ന് കണ്ണുതുടച്ച് അവർ അവളുടെ കൈയ്യിലിരുന്ന കുഞ്ഞിനെ വാൽസല്യത്തോടെ ഒന്ന് തഴുകി…..

അതിനുശേഷം അവളോടായി പറഞ്ഞു….

അറിയാൻ ഒത്തിരി വൈകി… അവൻ വീണ്ടും വിവാഹിതനായപ്പോഴാണ് ഒരു വർഷം മോൾ അനുഭവിച്ചത് എന്താണെന്നറിയാൻ കഴിഞ്ഞത്. ഒരു വാക്ക് എന്നോട് പറയാമായിരുന്നു…

വാക്കുകൊണ്ട് ഞാൻ നിന്നെ കുത്തിനോവിക്കാൻ ഇരുന്നേനെ….
.
ആ കുട്ടി ഒരു മാസം പോലും തികച്ച് നിന്നില്ല… ആ കുട്ടി പറഞ്ഞപ്പോഴാണ് മകന്റെ വൈകല്യം ഞങ്ങൾ അറിയുന്നത്…..ഇപ്പോഴും ചികിത്സ നടക്കുന്നുണ്ട്…

എന്തായാലും മോൾക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ…

മറുപടിയായി അവൾ ഒന്നു ചിരിച്ചതേയുള്ളൂ…..

തിരിഞ്ഞുനടക്കാൻ തുനിഞ്ഞ അവളോടായി ആ അമ്മ ചോദിച്ചു….

ക്ഷമിച്ചു എന്നൊരു വാക്ക്……

❤️❤️❤️

എന്റെ ആദ്യത്തെ കഥയാണ്…… ഇതിനുമുമ്പ് പേരിനുപോലും എഴുതിയിട്ടില്ല. പലരുടെയും കഥകൾ വായിച്ച്…ഒരു ഇഷ്ടം തോന്നിയിട്ട് എഴുതാൻ തുടങ്ങിയതാ….ഒരുപാട് തെറ്റുകൾ കാണും….നല്ലതായാലും ചീത്തയായാലും എനിക്കുവേണ്ടി 2 വാക്കു കുറിക്കുമോ…..കൊള്ളില്ലെങ്കിൽ ഇതോടെ വച്ച് നിർത്താൻ വേണ്ടിയിട്ടാ…