പിന്നൊന്നും നോക്കിയില്ല അരയിലൂടെ കൈ ചുറ്റി പൊക്കി എടുത്തു ചേർത്ത് നിർത്തി. ആലില പോലെ വിറക്കുന്നുണ്ടായിരുന്നു പെണ്ണ്…

നിനവായ്

Story written by AMMU AMMUZZ

“മുൻപൊരിക്കൽ ഭ്രാന്ത് വന്നതാ അവൾക്ക്….എന്നിട്ടും അവളെ തന്നെ വേണണെന്ന് പറയാൻ നിനക്കെന്താ ജിഷ്ണു…..കല്യാണം കഴിഞ്ഞു ഇനി വീണ്ടും ഭ്രാന്ത് വരുമോ എന്ന് ആർക്കറിയാം…”

അമ്മ കത്തിക്കയറുകയാണ്…

മറുപടി ഒന്നും ഉണ്ടായിരുന്നില്ല… അല്ലെങ്കിൽ തന്നെ എന്ത് മറുപടി പറയാനാണ്….

“അവളെന്നെയല്ലല്ലോ ഞാനവളെയല്ലേ ഭ്രാന്തമായി പ്രണയിച്ചത്… “

“”അവൾക്ക് ഭ്രാന്താണെങ്കിൽ അവളോടുള്ള പ്രണയത്താൽ അമ്മയുടെ മകനും ഭ്രാന്ത് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു… “”

അമ്മ പറയുന്നതിനൊന്നും ചെവി കൊടുക്കാതെ മുറിയിൽ കയറി കതകടക്കുമ്പോഴും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു

“”ഭ്രാന്തിപ്പെണ്ണ് മന്ത്രം കാട്ടി മയക്കിയതാ എന്റെ ചെക്കനെ എന്ന്… “”

“”ഭ്രാന്തിപ്പെണ്ണ്…”” എല്ലാരും അവളെ അങ്ങനെയാ വിളിക്കുക…ആദ്യമായി താൻ കേട്ടതും ആ പേര് തന്നെ ആയിരുന്നല്ലോ ..

ഉത്സവപ്പറമ്പിൽ കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു ഇരുന്നപ്പോഴാണ് കൂട്ടത്തിലൊരുത്തൻ ഭ്രാന്തിപ്പെണ്ണിനെ ആദ്യം കാട്ടിത്തരുന്നത്…

“”ദേടാ…. നോക്കിയേ… ആ വട്ടുപ്പെണ്ണ് വന്നിട്ടുണ്ട്…. “”

അവളിലേക്ക് പതിഞ്ഞ കണ്ണുകൾ പിന്നീടൊരിക്കലും പിൻവലിക്കാൻ കഴിഞ്ഞില്ല…

മെലിഞ്ഞു കൊലുന്നനെ ഉള്ള ഒരുത്തി… പട്ടു പാവാട ഉടുത്ത് രണ്ടു കൈകളിലും വളയിട്ട്… നീണ്ട മുടി പിന്നിയിട്ട അവളെ കണ്ടാൽ അമ്മ ഒരുക്കിക്കൊണ്ട് നടക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ ഉണ്ടായിരുന്നു… കൂട്ടം തെറ്റിപ്പോകാതിരിക്കാൻ എന്ന പോലെ അമ്മേടെ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ട്…

ചുറ്റിനും ഉള്ളവരുടെ കണ്ണുകൾ എല്ലാം അവളിൽ ആയിരുന്നു..

പലരും അവളേ നോക്കി അടക്കം പറയുന്നുണ്ട്… ഇടക്കിടക്ക് “”ഭ്രാന്തി “”എന്നുള്ള ശബ്ദങ്ങൾ ചുറ്റും മുഴങ്ങുന്നു… നാട്ടുകാരുടെ മുൻപിൽ ഒരു കാഴ്ച വസ്തു പോലെ നിൽക്കുന്ന അവളോട് സഹതാപമാണ് തോന്നിയത്…

അവളുടേ നേരെ നീളുന്ന ഓരോ കണ്ണുകളും അവളെ വീണ്ടും വീണ്ടും ഭ്രാന്തി ആക്കുന്നു എന്ന് തോന്നി..

ഇടയിലെപ്പോഴോ ആ കണ്ണുകൾ എന്നിൽ പതിഞ്ഞു….പുച്ഛം അല്ലാത്ത ഭാവം ആദ്യമായി കാണുന്നത് കൊണ്ടാകാം അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

പിന്നെയും പലപ്പോഴും അവളെ കണ്ടു…അമ്പലപ്പറമ്പിൽ…വഴിയോരത്തു…ബസ് സ്റ്റോപ്പിൽ…അങ്ങനെ പല ഇടത്തും…

അതിനിടയിലെപ്പോഴോ ആ ഭ്രാന്തിപെണ്ണ് എന്നിൽ ഒരു ഭ്രാന്തായി മുളപൊട്ടിയിരുന്നു…

അങ്ങനെയാണ് ആദ്യമായി ഇല്ലാത്ത ധൈര്യം സംഭരിച്ചു അവളോട് ഇഷ്ടം പറയാൻ പോകുന്നത്…

വയൽ വരമ്പിലൂടെ പാട്ടും പാടി വരുന്നുണ്ട്… പെട്ടെന്നെന്നെ കണ്ടപ്പോൾ ആളൊന്ന് പതറി..

ചുറ്റും നോക്കുന്നത് കണ്ടു… ചുറ്റും ഒരു മനുഷ്യകുഞ്ഞു പോലും ഇല്ലെന്നുള്ള ധൈര്യം എനിക്കിത്തിരി കൂടുതൽ ആയിരുന്നു…

“”ചാരു…. എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു… “”

എന്റെ മുഖത്തെ പരിഭ്രമത്തിൽ നിന്ന് അവൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു…

വേഗം മറികടന്നു പോകാൻ ശ്രമിച്ചു.. മുന്നിൽ കേറി തടസ്സമായി നിന്നപ്പോളേക്കും പിന്തിരിഞ്ഞോടാനായി ഭാവം..

പിന്നൊന്നും നോക്കിയില്ല അരയിലൂടെ കൈ ചുറ്റി പൊക്കി എടുത്തു ചേർത്ത് നിർത്തി… ആലില പോലെ വിറക്കുന്നുണ്ടായിരുന്നു പെണ്ണ്..

“”കൂടുതൽ വളച്ചു കെട്ടി ഒന്നും പറയാൻ എനിക്കറിയില്ല… നീ ഒന്ന് തലയാട്ടി സമ്മതിച്ചാൽ ശ്രീലകത്തെ ജിഷ്ണു മോഹന്റെ താലി ഇപ്പോൾ ഈ നിമിഷം വേണമെങ്കിലും നിന്റെ കഴുത്തിൽ അണിയിക്കാൻ ഞാൻ തയ്യാറാണ്.. “”

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ പെണ്ണ് ശ്വാസം വിലങ്ങി നിൽക്കുന്നത് കണ്ടു…

ഒറ്റ നിമിഷം കൊണ്ട് എന്നേ തള്ളി മാറ്റി നിലത്തേക്കിട്ടിരുന്നു അവൾ..

ഇപ്പോഴും അവളെ വിറക്കുന്നുണ്ടായിരുന്നു… പക്ഷേ ദേഷ്യം കൊണ്ടാണെന്നെ ഉള്ളു…

“”എന്താ നിങ്ങൾക്കും ഭ്രാന്താണോ…. അതോ ഭ്രാന്തിപ്പെണ്ണിനോട് മറ്റ് വല്ലതും തോന്നിയോ…””

അലറി വിളിച്ചായിരുന്നു അവളത് പറഞ്ഞത്… നിലത്ത് നിന്ന് ഞാൻ എണീക്കും മുൻപേ നിറഞ്ഞ കണ്ണുകളുമായി ഓടി അകന്നിരുന്നു അവൾ… എത്ര വിളിച്ചിട്ടും ഒരു തിരിഞ്ഞുനോട്ടം പോലും തരാതെ..

പിന്നെയും പല തവണ ചെന്നു ഇഷ്ട്ടം പറഞ്ഞിട്ടും ഗൗനിക്കാതെ വഴി തിരിഞ്ഞു പോകുന്ന അവളെപ്പറ്റിയുള്ള വിവരങ്ങൾ നാട്ടിൽ പലരോടും അന്വേഷിച്ചായിരുന്നു അറിഞ്ഞത്…

പലരും പിന്തിരിപ്പിക്കാൻ നോക്കി…

“”നീ ഇതെന്തറിഞ്ഞിട്ട ജിഷ്ണു ഈ പറയുന്നേ… അവളൊരാളെ കൊല്ലാൻ വരെ നോക്കിയതാ… സ്വന്തം അമ്മാവനെ… ഭാഗ്യം കൊണ്ട അയാൾ അന്ന് രക്ഷപെട്ടത്…. “”

അടുത്ത കൂട്ടുകാർ പോലും പറഞ്ഞ വാക്കുകൾ.. പക്ഷേ കൈവിട്ട് കളയാൻ തോന്നിയില്ല..

സ്വന്തം ചോരയെന്ന് പോലും നോക്കാതെ ഉപദ്രവിക്കാൻ ശ്രമിച്ച അമ്മാവനെ കൈയിൽ തടഞ്ഞ വിറകു തടി കൊണ്ട് തലക്ക് അടിച്ചപ്പോൾ ആയിരുന്നു ആദ്യമായി ഭ്രാന്തിന്റെ കുപ്പായം അവൾ അണിഞ്ഞത്….

അന്നാ പെണ്ണിനോട് വല്ലാത്ത വാത്സല്യം തോന്നി.

എല്ലാം അറിഞ്ഞു ചെന്ന് വീണ്ടും ഇഷ്ട്ടം പറയുമ്പോളും

“”എനിക്ക് ഭ്രാന്താണ്…. നിങ്ങളെയും ഞാൻ കൊല്ലും. ജിഷ്ണുവേട്ടന് ഞാനൊരിക്കലും ചേരില്ല “”

എന്ന് നിറഞ്ഞ മിഴിയാൽ പറഞ്ഞു അവൾ നടന്നകന്നു.

വീട്ടിൽ അറിയിച്ചപ്പോൾ യുദ്ധം തന്നെ നടന്നെങ്കിലും ഒറ്റ മകന്റെ വാശിക്ക് മുൻപിൽ ഒടുവിൽ അച്ഛനും അമ്മയും തോൽവി സമ്മതിച്ചു..

അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുമ്പോഴും സമ്മതമല്ല എന്ന ഭാവത്തിൽ കണ്ണും നിറച്ചു നിൽക്കുന്നുണ്ടായിരുന്നു അവൾ…

പെണ്ണിനും ചെക്കനും തനിയെ സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എന്നേക്കാൾ മുൻപേ നടന്നത് അവളായിരുന്നു..

അവൾക്കേറെ പ്രിയപ്പെട്ട വാക മരത്തിന്റെ തണലിൽ നിൽക്കുന്നത് കണ്ടു..

“”ഹ്മ്മ്…. “” പിന്നാലെ ചെന്നു മുരടനക്കി…

“”ഇതൊക്കെ സഹതാപമാണ് ജിഷ്ണുവേട്ട…. എന്നോട് തോന്നുന്ന അനുകമ്പ….പിന്നെ അതൊരു ബാധ്യതയാകും… “”

യാതൊരു മുഖവുരയും കൂടാതെ തിരിഞ്ഞു നിന്ന് പറഞ്ഞവൾ..

മുഖത്ത് ഗൗരവം നിറച്ചു പറഞ്ഞെങ്കിലും പിടക്കുന്ന ആ മിഴികൾ എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നിരുന്നു..

“”ഞാൻ പറഞ്ഞല്ലോ…. ജിഷ്ണുവിന്റെ താലി ഒരു കഴുത്തിൽ വീഴുന്നുവെങ്കിൽ അതീ ചാരുവിന്റെ കഴുത്തിൽ തന്നെ ആയിരിക്കും… പക്ഷേ അതൊരിക്കലും സഹതാപം കൊണ്ടല്ല…. ആരാധന കൊണ്ട്…. കരഞ്ഞു നിലവിളിച്ചു മറ്റൊരാളുടെ സഹായത്തിനു കാത്തു നിൽക്കാതെ ഒരു നിമിഷം കൊണ്ട് നീ തീർപ്പാക്കിയ നിന്റെ നീതിയോടുള്ള ആരാധന…പിന്നെ….. നീ ഒളിപ്പിക്കാൻ ശ്രമിക്കുന്ന നിന്റെ മനസ്സിലെ ഭാവങ്ങളെല്ലാം എന്നോട് രഹസ്യമായി പറഞ്ഞു തരുന്ന നിന്റെ കണ്ണുകളോടുള്ള പ്രണയവും.. “””

അപ്പോഴും നിക്ഷേധാർത്ഥത്തിൽ തലയാട്ടി അവൾ…

“”ഇല്ല… ഞാനൊരിക്കലും സമ്മതിക്കില്ല…..”” എന്റെ മറുപടിക്ക് കേൾക്കാതെ അവൾ തിരിഞ്ഞു നടന്നിരുന്നു..

ഒടുവിൽ ഇതിലും നല്ല ബന്ധം കിട്ടാനില്ല എന്ന ബോധ്യത്തിൽ അവളുടേ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ വേറെ വഴി ഇല്ലാത്തത് പോലെ അവൾ സമ്മതം മൂളി… അപ്പോഴും പലതവണ അവൾ പറഞ്ഞുകൊണ്ടിരുന്നു എന്നോടിത് വേണ്ടെന്ന്…

ഒടുവിൽ ഇന്ന് ആ കഴുത്തിൽ ഏറെ നാളായി കരുതി വച്ച ആ താലി ചാർത്തുമ്പോഴും കണ്ണും നിറച്ചു നോക്കുന്നുണ്ടായിരുന്നു പെണ്ണ്..

ഇന്നിപ്പോൾ ഈ രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്നു പണ്ടെങ്ങോ വന്നു പോയ ഭ്രാന്തിനെപ്പറ്റി അവൾ പതം പറഞ്ഞു കരഞ്ഞപ്പോൾ

ആ കണ്ണുനീർ ഒരു തുള്ളി പോലും തുളുമ്പി പോകാതെ തുടച്ചു കളഞ്ഞു ഞാനും പറഞ്ഞിരുന്നു..

“”എന്നിൽ നിറഞ്ഞു നിൽക്കുന്ന നീയെന്ന ഭ്രാന്തിന് ഞാനെവിടാ പെണ്ണെ ചികിത്സ തേടേണ്ട എന്ന്… “”

ശുഭം

ഇഷ്ടമായെങ്കിൽ എനിക്കായി ഒരു രണ്ടു വരി??…