കാർത്തിക ~ ഭാഗം 13, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”ശ്ശോ എന്താടി ചേച്ചി പെണ്ണേ… “” അമ്മായി അകത്തേക്ക് കയറിപ്പോയെന്ന് ഉറപ്പാക്കിയതും കാർത്തു മാളൂന്റെ കയ്യും പിടിച് മുറ്റത്തേക്കിറങ്ങി…

“”ഡി…. ഞാൻ നന്ദേട്ടനോട്‌ ഇഷ്ടാണെന്ന് പറഞ്ഞു… “”””അത്ര ആകാംഷയോടെ പറഞ്ഞിട്ടും മാളൂന് വിചാരിച്ചത്ര സന്തോഷമൊന്നും കാണാഞ്ഞു കാർത്തു അവളെ പിച്ചുന്നുണ്ടായിരുന്നു.

“എന്റെ പൊന്നു കാർത്തു..എനിക്ക് തോന്നി… നീ ഇഷ്ടാണെന്നൊക്കെ പറഞ്ഞ് കാണുംന്ന്. ന്നാലും എന്നോട് പറയാൻ തോന്നിയില്ലല്ലോ…. “‘

“”മ്മ്മ്.. അത് സാരില്യ.. ഈ ചേച്ചിയോട് ക്ഷമിചേക്ക്… ദേ ഇന്നും ഞാൻ കണ്ടായിരുന്നു നന്ദേട്ടനെ… “

പറയുമ്പോൾ നാണം പൂത്തു കൊണ്ടവൾ ചിരിയടക്കി.

“”യ്യോ….ചിരി നോക്ക്… എങ്കിൽ പിന്നെ വേഗം വന്ന് കെട്ടാൻ പറ… നീ പോയിട്ട് വേണം എനിക്കിവിടെ സുഖമായി വാഴാൻ”

“ആഹാ… ആ പൂതിയൊന്നും വേണ്ടേ.. പിന്നീ കാര്യം അമ്മായിയോട് പറയല്ലേ.. ബാ എന്നാ പിന്നെ നമക്ക് പോയി ചായ കുടിക്കാലോ.. ”

രണ്ട് പേരും അകത്തേക്ക് കയറിപ്പോയപ്പോഴേക്കും അമ്മായി ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഓരോന്നു പറഞ്ഞ് മൂവരും ചായ കുടിച്ചു… ആ വൈകുന്നേരം കടന്നു പോയി രാത്രിയായപ്പോഴേക്കും കാർത്തു സിദ്ധുവിന്റെ കോഴിത്തരത്തെ കുറിച്ചും ശല്യങ്ങളെക്കുറിച്ചുമെല്ലാം മാളുവിനോട് പറഞ്ഞിരുന്നു …..

??

“””ഡി…. കറുത്തമ്മോ… എങ്കിൽ പിന്നെ നിനക്കാ കൊച്ചു മുതലാളീനെയങ്ങു കെട്ടിക്കൂടെ…. “”

ഉറങ്ങാൻ നേരം ഓരോന്ന് പറയുന്നതിനിടയിൽ മാളു പറഞ്ഞു..

“”എന്റെ മാളൂട്ടി.. ഒന്ന് പതിയെ പറ.. അമ്മായി കേൾക്കേണ്ട…. “”

“”അപ്പോ അതാണോ പ്രശ്നം… പിന്നെ നന്ദൻ ചേട്ടൻ എന്തിനാ പൊരി വിക്കാനോ “

“”” ആ കൊച്ചുമുതലാളിടെ കാര്യാമങ്ങാനം നന്ദേട്ടൻ അറിഞ്ഞാലുണ്ടല്ലോ…..അവനെ വച്ചേക്കത്തില്ല… പണം കൊണ്ട് നിറഞ്ഞതിന്റെ അഹങ്കാരമാ ആ സിദ്ധുന്ന് പറയുന്നവന് .. “”

“”അല്ലെങ്കിലും ഓട്ടോ ഡ്രൈവർ നന്ദന്റെ കൂടെ നിന്റെ ജീവിതം ഇങ്ങനെ തള്ളി, തള്ളി പോകുന്നതാ നല്ലത്….””

“”പോടീ “”

“”” ആാാ കൊച്ച്മുതലാളിയെ ഒന്ന് കണ്മുന്നിൽ കണ്ടിരുന്നെങ്കിൽ രണ്ട് വർത്താനം പറയായിരുന്നു… എന്താ ഉദ്ദേശം എന്നറിയാലോ “”

അത് കേട്ടതും കാർത്തുനു ദേഷ്യം വന്നു..

“””ദേ കൊച്ചേ… വലിയ വീട്ടിലെ ആണുങ്ങൾ അങ്ങനെ പലതും പറയും. അതിലൊന്നും ചെന്നു വീഴാതെ നോക്കേണ്ടത് നമ്മളാണ്…വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടാതെ മര്യാദക്ക് പഠിച്ചൊരു ജോലിയൊക്കെ വാങ്ങാൻ നോക്ക് “”

“” എന്റെ പൊന്നോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ബാ നമുക്ക് കെട്ടിപിടിച്ചു ഉറങ്ങാലോ….. “”

കാർത്തുവും മാളൂനെ ചേർത്ത് പിടിച്ചു ഉമ്മ നൽകികൊണ്ട് ഉറങ്ങാൻ കിടന്നു.

“‘ഡി.. നാളെ ഇത്തിരി നേരത്തെ പോണം.. അവിടുത്തെ മുത്തശ്ശിടെ സപ്തതി ആഘോഷമാ…. “””

“ആാാ… അ… ന്റെ ചേച്ചി നീ ഉറങ്ങിക്കോ.. ഞാൻ എപ്പോഴേ ഉറങ്ങി…. “

ഉറക്കച്ചടവാൽ അവൾ പറയുന്നത് കേട്ട് കാർത്തു ചിരിച്ചു് കൊണ്ട് കണ്ണുകൾ അടച്ചു പിന്നെപ്പോഴോ ഉറങ്ങിപ്പോയി.

??????????

“”നന്ദേട്ടാ… ഇതെവിടെയാ.. ഇപ്പോ തന്നെ ബസ് പോയി… വരില്ലെങ്കിൽ ഒന്ന് പറയേണ്ടായിരുന്നോ… “”

രാവിലെ തന്നെ നന്ദനെ കാണാഞ്ഞു ഫോൺ വിളിച്ചു തിരക്കുകയായിരുന്നു കാർത്തു.

അയല്പക്കത്തെ കുട്ടിയ്ക്ക് എന്തോ വായായ്ക അതിനേം കൂട്ടി ക്ലിനിക്കിൽ വന്നിരിക്കുവാ…. “

“”മ്മ്മ്…. ശെരി… ഞാൻ ഓട്ടോ പിടിച് പൊക്കോളാം…. “”

“””ദേ പിണങ്ങല്ലേ.. അത്യാവശ്യം ആയതോണ്ടാ.. അല്ലേൽ ഞാൻ എന്നും കൊണ്ട് വിടുന്നതല്ലേ… “”

“”ആ സാരില്യ നന്ദേട്ടാ…. “”

അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തപ്പോഴേക്കും ദാ വരുന്നു ബുള്ളറ്റും എടുത്തോണ്ട് സിദ്ധു… അവനെ കണ്ടപ്പോൾ തന്നെ കാർത്തു മുഖം കൊടുക്കാതെ കാണാത്തതായി നടിച്ചു.. അവനും കണ്ടില്ലായിരുന്നു നേരെ വണ്ടി വിട്ടു. കാർത്തു ഒന്ന് ആശ്വസിച്ചു കൊണ്ട് ഓട്ടോ വരുന്നതും നോക്കി നിന്നു. പക്ഷെ അതേ സമയം കൊണ്ട് സിദ്ധു തിരിച്ചു വന്നിരുന്നു…. അവളുടെ അടുത്തേക്കായി വണ്ടി ഒതുക്കി കൊണ്ട് ഒരു കള്ള നോട്ടം നൽകി.

“”ബാ കേറ്…. “”

“”ഇല്ലാ ഞാൻ ഓട്ടോ പിടിച്ചു വന്നോളാം “

“”എന്റെ വീട്ടിലേക്കല്ലേ വരേണ്ടത്. അപ്പോ എന്റെ കൂടെയങ്ങു വന്നാൽ പോരെ. ഓട്ടോ കാശ് ലാഭിക്കാം !”

“”അങ്ങനിപ്പോ ഇയാളുടെ സഹായം എനിക്കിപ്പോ വേണ്ട… “”

“”പെണ്ണേ….. സിദ്ധാർഥ് എടുത്തു പൊക്കി കയറ്റണ്ടെങ്കിൽ വേഗം വന്ന് കേറിക്കോ… ദേ ആൾക്കാരൊക്കെ നോക്കുന്നുണ്ട്… “

അവൾ നാലുപാടുമൊന്നു കണ്ണോടിച്ചു..

“”എടുത്തു കയറ്റണോ… അതോ..?? “”

“”ഞാൻ ല്ലാ.. ഇയാൾ പോയേ ‘”

“” എങ്കിൽ പിന്നെ ഞാനീ നടുറോഡിന്നു അങ്ങനൊരു സാഹസത്തിന് മുതിരാം അല്ലേ”” ഒരു മീശ പിരിച്ചു കൊണ്ട് അവൻ അങ്ങനെ പതിയെ പറഞ്ഞപ്പോൾ കാർത്തു ചെറുതായൊന്നു ഇടറി പോയി. പിന്നെ മെല്ലെ എല്ലാവരെയുമൊന്ന് നോക്കി കൊണ്ട് അവന്റെ പിന്നിൽ കയറി ഇരുന്നു..

“”””ആഹാ.. നല്ല കുട്ടി.. എങ്കിൽ പിന്നെ സിദ്ധുവേട്ടൻ വണ്ടി വിടുവാണെ.. മുറുകെ പിടിച്ചിരുന്നോ… “””

കാർത്തു കേട്ട ഭാവം നടിക്കാതെ അവനെ ഒരിഞ്ചു പോലും മുട്ടാതിരുന്നു…

“”വേണേൽ മുറുകെ പിടിച്ചോ… പിന്നെ വീണിട്ട് മോങ്ങാനൊന്നും നിക്കണ്ട “”

അതും പറഞ്ഞവൻ വണ്ടീടെ സ്പീഡ് ഒന്നൂടി കൂട്ടി… ഇടയ്ക്കിടെ അവൾ പോലുമറിയാതെ ആ കൈകൾ സിദ്ധുവിനെ പിടിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോഴേക്കും സപ്തതി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു… ശ്രീധരൻ നായരും, ബന്ധുക്കളും, സിദ്ധുവും അവന്റെ കൂട്ടുകാരും, ഗൗതമും എന്ന് വേണ്ട വീട്ടിലെ സകലമാന ബന്ധുക്കളും അന്നവിടെ ഒത്തുകൂടി. വണ്ടി വീട്ടുമുറ്റത്തു നിർത്തിയപ്പോൾ കാർത്തുവിനെ കൂടി പുറകിൽ കണ്ട് മനു അമ്പരന്നു. അവന്റെ മറ്റു സുഹൃത്തുക്കൾക്കൊന്നും മുഖം കൊടുക്കാതെ കാർത്തു അകത്തേക്ക് കയറി പോയി…

“‘ഡാ… നീ അവളോട് ഇഷ്ടാണെന്ന് പറഞ്ഞോ… നിന്റോന്നിച്ചെങ്ങനെ… പൊളിച്ച് മച്ചാനെ… “‘

മനുവായിരുന്നു പറഞ്ഞത്..

“‘ഏയ്… ഞാൻ ഭീഷണിപെടുത്തി കയറ്റി കൊണ്ട് വന്നതാ… ചുമ്മാ… “‘

“”ഓഹ്.. നീ ഒരു കാലത്തും നന്നാവില്ല അല്ലേ… വീണ്ടും ഭീഷണി.. മോൻ ചെല്ല്.. എല്ലാം മണ്ടത്തരങ്ങളും ചെയ്തു വച്ചിട്ട് അവസാനം അവളോട് ഇഷ്ടമാണെന്ന് പറ… അവൾ ok പറയും..അങ്ങനുള്ള കാര്യങ്ങളാണല്ലോ നീ ചെയ്തു കൂട്ടുന്നത്…. “””

അവനെ ആക്കി ഒന്ന് പറഞ്ഞപ്പോൾ സിദ്ധാർഥ് എന്തോ ഓർത്തെന്ന പോലെ ചിരിക്കുന്നുണ്ടായിരുന്നു…

“”ഇന്ന് പറയും… എനിക്കിഷ്ടാണെന്ന്.. നോ എന്ന് അവൾ പറഞ്ഞാൽ പൊക്കി എടുത്തുകൊണ്ട് വന്ന് ഇവിടെ നിർത്തും, എന്റെ പെണ്ണായി. “”

“””മ്മ്മ്.അവൾ ഇപ്പൊ വരും… എന്തായാലും ഇപ്പോഴുമുള്ള നിന്റെ ഈ ശുഭാപ്‌തി വിശ്വാസത്തിന് അഭിനന്ദനങ്ങൾ. “””

അകത്തേക്ക് കയറിയപ്പോഴേക്കും മുത്തശ്ശി അവളെ അവരുടെ മുറിയിലേക്ക് വിളിച്ചു… കുറേ ബന്ധുക്കളൊക്കെ ഉള്ളതിനാൽ കാർത്തുവിന് ചമ്മൽ വരുന്നുണ്ടായിരുന്നു…

“”ഇങ്ങ് വാ… “”

അവളെ അടുത്തേക്ക് വിളിച്ചപ്പോൾ കാർത്തു എല്ലാവരെയും നോക്കി ചിരിച്ചു…

“”ഇതിവിടെ സഹായത്തിനു നിൽക്കുന്ന കൊച്ച “”

“”മുത്തശ്ശി… അടുക്കളേൽ ചിത്രേച്ചി ഒറ്റയ്‌ക്കെ കാണു… ഞാൻ ചെല്ലട്ടെ “”

ഒഴിഞ്ഞു മാറാനെന്നോണം അവൾ പറഞ്ഞപ്പോൾ മുത്തശ്ശി തടഞ്ഞു..

“”അവിടെ നിക്ക്. ഭക്ഷണോക്കെ പുറത്തൂന്ന് കൊണ്ട് വരും. വൈകുന്നേരം ഇത്തിരി പണി കാണും. . ഇപ്പൊ മോള് അടുക്കളേൽ ഒന്നും കേറണ്ട .. ദാ മോള് ഈ സാരിയൊക്കെ ചുറ്റി നിക്ക്. “” അവൾക്ക് നേരെയായി ഒരു കവർ നീട്ടിയപ്പോൾ കാർത്തു വാങ്ങാതെ മടിച്ചു നിന്നു… “”മ്മ്.. വാങ്ങിക്ക്.. എന്നിട്ട് ഇതുടുത്തോണ്ടു വാ… “”

“”അല്ല..വേണ്ടെന്നേ… ഞാൻ വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ കൊണ്ടോയിക്കോളാം. പിന്നൊരു ദിവസം ഇതും ഇട്ടോണ്ട് വരാം “”

“”പറ്റില്ല… എനിക്കിതിട്ടിട്ട് കാണണം. “”

“”മോള് അത് ഇട്ടോണ്ട് വാ.മുത്തശ്ശി ക്ക് ആഗ്രഹം കാണും. ” വകേലെ ഒരമ്മായി കൂടി പറഞ്ഞതോടെ കർത്തുവിന് എതിർക്കുവാനായില്ല….

“”മ്മ്മ്.. ഇട്ടോണ്ട് വരാം “”

ആ കവറും വാങ്ങികൊണ്ടവൾ ആ മുറിക്കു പുറത്തേക്കിറങ്ങി…..

അന്നത്തെ ആഘോഷങ്ങൾക്കിടയിൽ സിദ്ധു കാർത്തുനെ തന്നെ നോക്കി നിൽക്കുകയായിരുന്നു… ഗോൾഡൻ കളറിൽ പച്ചക്കര വിരിഞ്ഞു നിൽക്കുന്ന സാരിയിൽ അവൾ അത്രമേൽ സുന്ദരിയായിരുന്നു….കണ്ണെടുക്കാതെ പ്രണയത്തോടെ അവൾ കാണാതെ ആ ചിരിയും കളിയും ആസ്വദിച്ചു….

“‘ന്റെ പൊന്ന് സിദ്ധു.. ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ പോയി ഇഷ്ടമാണെന്ന് പറ.. ഇത്പോലെ ഒരു ജീവി… “‘

അന്നവിടെ കീർത്തിയും ഉണ്ടായിരുന്നു… മനുവിന്റെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ട് അവൾ സിദ്ധുവിന്റെ അടുത്തേക്ക് നിന്നു കാര്യം തിരക്കി.

“”എന്താ സിദ്ധു. മനു എന്താ പറയുന്നേ.. “”

അവനോടാണ് ചോദിച്ചതെങ്കിലും മനുവായിരുന്നു മറുപടി പറഞ്ഞത്.

“”ഇവന് ആ പെണ്ണിനെ ഇഷ്ടാണ് പോലും.. എങ്കിൽ പിന്നെ പോയി പറഞ്ഞൂടെ.
നോക്കി വെള്ളെറക്കാൻ തുടങ്ങീട്ട് കുറേ കാലായി.. പോരാത്തതിന് അതിനെ ഓരോന്നു കാട്ടി വെറുപ്പിച്ചും വെച്ചു…

കാർത്തുവിനെ നോക്കി മനു അങ്ങനെ പറഞ്ഞപ്പോൾ കീർത്തിയുടെ ഉള്ളം പിടഞ്ഞു… ഒളിച്ചു വച്ച് അവനോട് കൊണ്ട് നടന്നിരുന്ന പ്രണയം തകരുവാൻ പോകുന്ന നൈരാശ്യം ആ മുഖത്തുണ്ടായിരുന്നു…

“‘സിദ്ധു. അതിവിടുത്തെ വേലക്കാരി പെണ്ണല്ലേ.. നിനക്ക് എത്ര നല്ലതിനെ കിട്ടും “‘

“”നോ.. എനിക്ക് അവളെ മതി. ഞാൻ ഉറപ്പിച്ചതാ…. “”

കാർത്തുവിൽ നിന്നും മിഴിയെടുക്കാതെ തന്നെയായിരുന്നു അപ്പോഴും മറുപടി പറഞ്ഞത്. അത് കേട്ടതും കീർത്തിക്ക് ദേഷ്യം വന്നു…കാർത്തുവിനെ അവൾ പക നിറച്ചു നോക്കുന്നുണ്ടായിരുന്നു…. ആഘോഷ പരിപാടികളെല്ലാം കഴിയുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. അടുക്കളയിൽ പാത്രങ്ങൾ കഴുകാനും, തുടക്കാനും ഒരുപാടുള്ളതിനാൽ അവിടെ തന്നെയായിരുന്നു അവൾ. ചിത്രേച്ചി മാറിയ തക്കം നോക്കി സിദ്ധു അവിടെ കയറിപ്പറ്റി.

“”ഹെലോ…. ആ സാരി തന്നെയായിരുന്നു കൂടുതൽ ചേർച്ച… ഞാൻ എത്ര നോക്കി… ഒരു നോട്ടം പോലും നീ എനിക്ക് തന്നില്ലാലോ “”
അടുക്കളയിലെ തട്ടിമേൽ കയറി ഇരുന്ന് കൊണ്ടുള്ള സംസാരമായിരുന്നു.

“‘ഇയാളൊന്ന് പോയേ… എനിക്കൊരുപാട് പണി ഉണ്ട്… വേഗം തീർത്തിട്ട് വീട്ടിൽ പോകാനുള്ളതാ…. “”

“”അയ്യോ.. അങ്ങനങ്ങു പോല്ലേ.. അതേയ് ജോലിയൊക്കെ തീർത്തിട്ട് പോകുന്നത്തിനു മുന്നേയായി ഒന്ന് എന്റടുത്തു വരണേ… കുറച്ചു സംസാരിക്കാൻ ഉണ്ട്..””

“” എനിക്കതിനൊന്നും വയ്യാ..”

“” വേണ്ട… എന്തായാലും എനിക്ക് സംസാരിക്കണം. അപ്പോൾ ഞാൻ നിന്നേ തേടി വന്നോളാം “”അതും പറഞ്ഞവനങ്ങു പോയപ്പോൾ കർത്തുന് ദേഷ്യം വരുന്നുണ്ടായിരുന്നു.

“”ശ്ശേ.. ഇതെന്തൊരു ശല്യമാ… “‘ അവൻ പോകും വഴിയേ നോക്കി കാർത്തു മുറുമുറുത്തു…അവളുടെ ജോലികൾ ഒക്കെ കഴിഞ്ഞ് വരുന്നതും കാത്ത് അക്ഷമനായിരിക്കുകയായിരുന്നു സിദ്ധു… അവളുടെ ഒരു നിഴലനക്കം പോലെ കണ്ടതും പിടിച്ചു വലിച്ച് അവന്റെ മുറിയിലേക്ക് കയറ്റി….

“‘ശ്ശേ… എന്താ ഇത്… തനിക്ക് എന്തിന്റെ കേടാ….. “”

“”‘അടങ്ങു പെണ്ണേ… എത്ര നേരായി ഞാൻ കാത്തിരിക്കുന്നു….. ദേ… എനിക്കിയാളെ ഒരുപാടിഷ്ട…..താലി കെട്ടി കൂടെ കൂട്ടണം എന്നുണ്ട്….. “”” കാർത്തുവിന് അപ്പോൾ പുച്ഛമായിരുന്നു തോന്നിയത്….

””എന്താ… നിങ്ങൾ ആളെ കളിയാക്കുവാണോ…. ഏത് നേരോം അലമ്പ് കാട്ടികൊണ്ടിരിക്കുന്ന നിങ്ങൾക്ക് പ്രണയമോ.. അടവൊക്കെ അങ്ങ് മനസ്സിൽ വച്ചാൽ മതി…. കയ്യീന്ന് വിടെടോ.. “””

“”അല്ല…… എനിക്കറിയില്ല എങ്ങനെ ഇഷ്ടം പറയണം എന്നൊന്നും… ശെരിക്കും ഇഷ്ടാണ്… ഒരുപാട്… “”” അവളോട് കെഞ്ചും പോലെ പറഞ്ഞു…അവന്റെ സംസാരം അധികമായതും കാർത്തു നന്ദന്റെ കാര്യം തുറന്നടിച്ചു…. സിദ്ധുവിന് ഒരു വിങ്ങലായിരുന്നു അപ്പോൾ….അവൻ അവളെ വലിച്ച് പിടിച്ചു ആ കണ്ണുകളിലേക്ക് നോക്കി…

“”ഇല്ലാ… എനിക്കിഷ്ടാണ്… വേറാർക്കും ഞാൻ കൊടുക്കില്ല.. ന്റെ പെണ്ണാ….” എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൻ അവളെ കയറിപ്പിടിച്ചു. ബലിഷ്ടമായ കരങ്ങൾ അവളുടെ കൈകളിൽ അമരുന്നുണ്ടായിരുന്നു.ചുവരോട് അടുപ്പിച്ചപ്പോൾ കാർത്തു ഒന്ന് പിടഞ്ഞു പോയി. അവൻ അടുത്തേക്ക് അടുക്കുന്തോറും ശ്വാസം നിലയ്ക്കുന്ന പോലെ തോന്നിയവൾ കണ്ണുകൾ ഇറുകെ അടച്ചു.

തുടരും….