അങ്ങനെ ബസ് ചുരം ഇറങ്ങാൻ തുടങ്ങി….ഇടക്കിടക്ക് ഞാൻ നോക്കുമ്പോ മൂപ്പര് രണ്ട് കയ്യോണ്ടും മേലത്തെ കമ്പി പിടിച്ച് തൂങ്ങി നിൽക്കാണ്……

ഒരു KSRTC അനുഭവം…

Story written by Shabna shamsu

കൊടുവള്ളില് എൻ്റെ അമ്മോൻ്റെ മോളെ കല്യാണത്തിന് പോവാനുള്ള ഒരുക്കത്തിലാണ്….അന്ന് ഞങ്ങളെ കല്യാണം കയിഞ്ഞിട്ട് മൂന്ന് കൊല്ലം ആയിട്ടേ ഉള്ളൂ….

കല്യാണത്തിന് ശേഷമുള്ള കൊടുവള്ളിൽ പോക്കൊക്കെ വിരലിൽ എണ്ണാവുന്ന അത്ര പോലും ഉണ്ടാവാറില്ല…

എന്തേലും കല്യാണോ പരിപാടിയോ ണ്ടേൽ വണ്ടി വിളിച്ച് പോവും. ഒന്ന് തല കാണിക്കും. ബിരിയാണീം തിന്ന് അസർ ബാങ്ക് കൊടുക്കുമ്പളത്തേക്കും തിരിച്ച് വീട്ടിലെത്തും…ഇതാണ് പതിവ്….അന്ന് ഞങ്ങക്ക് കാറില്ല….

ഷംസുക്കാൻ്റെ കൂട്ടുകാരൻ മുജീബ് ണ്ട്…. ഓൻ്റെ ടാക്സിയിലാ പോവാറ്….

അന്നത്തെ കല്യാണത്തിനും മുജീബിൻ്റെ വണ്ടീല് പോവാന്ന് തീരുമാനിച്ചു….

പക്ഷേ എനിക്ക് തീരെ താൽപ്പര്യല്ല…ടാക്സീലാവുമ്പോ പോയ അപ്പോ തന്നെ തിരിച്ച് വരണം….ആരോടേലും ഒന്ന് മുണ്ടാൻ പോലും സമയണ്ടാവൂല….

ഒരു രണ്ട് ദിവസമെങ്കിലും നിക്കണം…ചോദിച്ചാ സമ്മയ്ക്കൂല….പല തരം കാരണങ്ങള് പറയും….

ഞാൻ ആലോയ്ച്ച്ട്ട് ഒരു വഴിയേ ഉള്ളൂ….ടാക്സി പോക്ക് ക്യാൻസൽ ചെയ്യാം…എന്നിട്ട് ബസിന് പോവാ…..അവിടെ എത്തീട്ട് മോളെ നുള്ളി നൊലോളിപ്പിക്കാ..എനിക്ക് തലവേദനാന്നും പറയാം….അപ്പോ വെല്ലിമ്മ പറയും

ഓളെ കണ്ണും മോറും വല്ലാണ്ടായിക്ക്ണ്… രണ്ടീസം ഇവടെ നിന്നോട്ടെ…. ന്നിട്ട് അങ്ങട്ട് പറഞ്ഞയക്കാന്ന്….

വല്ലിമ്മ പറഞ്ഞാ മൂപ്പര് കേട്ടോളും… അങ്ങനെയുള്ള പലേതരം പ്ലാനുകൾ കൊണ്ട് എൻ്റെ മനസ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങി…

ഷംസുക്ക ടാക്സിക്ക് വിളിക്കാൻ നേരം ഞാൻ ചെന്ന് പറഞ്ഞു.

“അതേയ്….. ഞമ്മക്ക് ബസ്സിന് പോയാലോ…കാറില് ഏസിൻ്റെ മണം അടിച്ചാ ഇനിക്ക് ഛർദ്ദിക്കാൻ വരും…. ബസില് നല്ല സുഖാ….. പുറകിലോട്ട് പോവ്ണ മരങ്ങളും ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയും…. നല്ല രസായ്ക്കും….. “

“ഏയ്… അത് വേണ്ട…. ബസിൽ കേറിയാ ഇനിക്കൊരു മാതിരി എതക്കേടാ….. തല കറങ്ങും…. വണ്ടി വിളിച്ചാ വേം പോയി വന്നൂടെ….”

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് ബസും ടാക്സിം തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ ബസ് ജയിച്ചു….

എൻ്റെ ഫസ്റ്റ് സ്റ്റെപ് വിജയിച്ചു….ബാക്കിളളത് അവിടെ ചെന്നിട്ട് …..ഉമ്മാൻ്റെ അനിയത്തിമാർടെ മക്കളെകൂടിയുള്ള സൊറ പറച്ചിലൊക്കെ ആലോയ്ച്ചപ്പോ എനിക്ക് തായോട്ടും മേലോട്ടും തുള്ളാൻ തോന്നി….

ഷംസുക്ക കാണാതെ ഞാൻ എൻ്റേം മോളേം രണ്ട് ജോഡി ഡ്രസും ബ്രഷും ഒരു തോർത്തും ഒക്കെ എടുത്ത് ബാഗില് വെച്ചു…..

അങ്ങനെ ഇളം കാറ്റിൽ മുടി ഇളകുന്ന അനുഭൂതി അറിയാൻ ഞങ്ങൾ KSRTC സ്റ്റാൻഡിൽ കാത്ത് നിക്കാണ്…..

കുറേ കഴിഞ്ഞ് ഒരു കോഴിക്കോട് ബസ് കിട്ടി….സീറ്റ് കുറവാണ്…

ലേഡീസിൻ്റെ ഒരു സീറ്റ് ഒഴിവുണ്ട്….ഞാൻ വേഗം മോളേം കൊണ്ട് അവിടെ ഇരുന്നു…..

ഷംസുക്കാക്ക് സീറ്റില്ല….വേറെ നിക്കുന്ന പെണ്ണ്ങ്ങളൊന്നും ഇല്ലാത്തൊണ്ട് മൂപ്പര് എൻ്റെട്ത്തെന്നെ ഇരുന്നു..

കല്യാണപ്പൊരേലെ പൊലിവും ആലോയ്ച്ച് ഞാൻ പുറത്തോട്ടും നോക്കി ഇരിക്കാണ്….

ഒരു രണ്ട് മൂന്ന് സ്റ്റോപ് ആയപ്പളേക്കും ഷംസുക്ക ക്ഷീണം വന്ന പോലെ കണ്ണും പൂട്ടി സീറ്റും ചാരി കിടക്കുന്നുണ്ട്…

എനിക്ക് ചെറുതായി ഒരു പേടി തോന്നി.ബസില് പോയാ തലകറക്കണ്ട്ന്ന് പറഞ്ഞതല്ലേ….

” പടച്ചോനെ….. കാക്കണേ….. ൻ്റെ അമ്മോന്ക്ക് ഇനി പെൺമക്കള് കെട്ടിക്കാൻ ല്ല….നല്ല പോലെ കല്യാണം കൂടാൻ പറ്റണേ….. ” ഞാൻ മനസില് പ്രാർത്ഥിച്ചോണ്ട് നിന്നു…..

ഏകദേശം ചുരം എത്താനായപ്പോ ഒരു താത്ത കയറി…. നല്ല പത്രാസ്ള്ള പത്ത് നാൽപ്പത് വയസ് പ്രായം തോന്നിക്കുന്ന കണ്ണടയൊക്കെ വെച്ച ഒരു താത്ത….

കേറിയപ്പോ തൊട്ട് അവര് ബസ് മുഴുവനും നോക്കുന്നുണ്ട്….ഒരു സീറ്റ് പോലും ഒയിവില്ല.അപ്പളാണ് ലേഡീസ് സീറ്റില് ഇപ്പോ പെറ്റ കുട്ടീനെ പോലെ ചുരുണ്ട് കൂടി കിടക്കുന്ന ഷംസുക്കാനെ കണ്ടത്. താത്താൻ്റെ മുഖത്ത് വല്ലാത്തൊരാശ്വാസം…

“ഹലോ….. ഇത് ലേഡീസ് സീറ്റാ….. കണ്ണ് കണ്ടൂടെ… “

ഉറക്കത്ത്ന്ന് ഞെട്ടി എണീച്ച ഷംസുക്ക ഒന്നും മിണ്ടാതെ എണീച്ച് കൊടുത്തു.

ഒറക്കം പോയിറ്റാണോ …. ക്ഷീണം വന്നിട്ടാണോ… കണ്ണും മുഖവും വല്ലാണ്ടായിക്ക്ണ്….

ഞാൻ പിന്നേം പ്രാർത്ഥിച്ച്….പടച്ചോനെ ….. അമ്മോൻക്ക് വേറെ ല്ല ട്ടോ……. ഒന്നും വരുത്തല്ലേ…..

അങ്ങനെ ബസ് ചുരം ഇറങ്ങാൻ തുടങ്ങി….ഇടക്കിടക്ക് ഞാൻ നോക്കുമ്പോ മൂപ്പര് രണ്ട് കയ്യോണ്ടും മേലത്തെ കമ്പി പിടിച്ച് തൂങ്ങി നിൽക്കാണ്……

കണ്ടാലറിയാ ,…. നല്ല എടങ്ങേറിലാന്ന്….ചെലേ ബംഗാളികള് ബസിൽ കേറിയാ ഇങ്ങനാ….രണ്ട് കയ്യോണ്ടും മേലെ കമ്പീല് പിടിക്കും….ചെവീല് ഹെഡ്സെറ്റ് ണ്ടാവും….പാട്ടും കേട്ട് വേറെ ഏതോ ലോകത്തായിക്കും…..

പാട്ടില്ലാന്നേ ഉള്ളൂ…. ഇത് ഏകദേശം വേറെ ഏതോ ലോകത്ത്ളള പോലെ ണ്ട്…

എങ്ങനേലും ഒന്ന് എത്തികിട്ടിയാ മതീന്ന് വിചാരിച്ച് മുള്ള്മ്മല് ഇരിക്ക്ന്ന പോലെ ഞാനും… രണ്ട് മണിക്കൂറാവും എത്താൻ…

ഏകദേശം ചുരം കഴിയാറായി….പെട്ടെന്ന് ബസിലൊരു ഒച്ചപ്പാട്…..പുറകിലോട്ട് നോക്കിയതും എൻ്റെ പ്രിയപ്പെട്ട കെട്ടിയോനെ കാണ്മാനില്ല….ൻ്റെ റബ്ബേ…. ഈ ചങ്ങായി ഇതെവടെ പോയി…

അപ്പളാണ് ഹോസ്പിറ്റലിലെ കാഷ്യാലിറ്റീന്നൊക്കെ ചോദിക്കുന്ന പോലെ ഈ ആൾടെ കൂടെ ആരേലും ഉണ്ടോ…..എന്നൊരു അശരീരി കേട്ടത് …..

ഏതാള്….. പഴുത്ത നേന്ത്രക്കുല കെട്ടി തൂക്കിയ പോലെ എൻ്റെ ആള് ഇവ്ടെ ണ്ടെയ്നല്ലോ….അതെവ്ടെ പോയി….

ഞാൻ മോളേം എടുത്ത് സീറ്റ്ന്ന് എണീച്ചപ്പോ മൂടോടെ മറിച്ചിട്ട തെങ്ങ് പോലെ നിലത്ത് വിരിഞ്ഞ് കിടക്ക്ന്ന് എൻ്റെ പ്രിയപ്പെട്ട കെട്ട്യോൻ….

കരയണോ ചിരിക്കണോന്നും വിചാരിച്ച് നിക്കുമ്പോ മോള് അപ്പാന്നും വിളിച്ച് കരച്ചില് തുടങ്ങി….

മൂപ്പർക്കെന്തോ അസുഖണ്ടോ….പ്രഷർ ണ്ടോ…നെഞ്ച് വേദന ണ്ടോ…

അങ്ങനെ പലതരം ചോദ്യങ്ങള്….ഇനിക്ക് ആകപ്പാടെ ഒരു പൊക…..നിന്ന നിപ്പില് ഒറച്ച് പോയ പോലെ….അനങ്ങാൻ വയ്യ ‘….

ആരൊക്കെയോ മൂപ്പരെ മുഖത്ത് വെള്ളം കുടയുന്നു… CPR കൊടുക്കുന്നു, കയ്യിനടിയൊക്കെ ചൂടാക്കുന്നു..

അതിനിടക്ക് ചില പെണ്ണ്ങ്ങള് മൂപ്പരെ എണീപ്പിച്ച് സീറ്റ് കയ്യേറിയ താത്താനെ കയ്യേറ്റം ചെയ്യുംന്നുള്ള കോലത്തിലായി….

സുഖല്ലാത്ത മനുഷൻമാര് ഇരിക്കുമ്പോ ആണുങ്ങളെ സീറ്റാണോ പെണ്ണ്ങ്ങളതാണോ എന്നൊക്കെ നോക്കണോ…. കണ്ണ് ച്ചോര മാണ്ടേന്നൊക്കെ പറയുന്നുണ്ട്….

ഇത്രേം പൗറുള്ള ചെങ്ങായിക്ക് സുഖല്ലാന്ന് ഞാനെങ്ങനെ അറിയാനാന്നുള്ള ഭാവം താത്താൻ്റെ മുഖത്ത്….

അങ്ങനെ ബസ് കത്തിച്ച് വിട്ട് അടിവാരത്തെത്തി….ബസ്ന്ന് രണ്ട് നല്ല മനുഷൻമാര് ഇറങ്ങി മൂപ്പരെ എടുത്ത് ഒരു ടാക്സീൽ കേറ്റി എന്നേം മോളേം കൂട്ടി അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ആക്കി…

മൂപ്പർക്ക് പ്രഷറും ഷുഗറും ഒക്കെ പറ്റെ കുറഞ്ഞ് പോയിക്കിണ്….

ഒബ്സർവേഷനിൽ കിടക്കണം… ഡ്രിപ്പ് ഇടണം..ഒരു മണിക്കൂർ കഴിഞ്ഞ് ബി.പി നോക്കണം…..

ചുരുക്കി പറഞ്ഞാ അമ്മോൻ്റെ മോളെ കല്യാണോം തക്കാരോം കയിഞ്ഞാലും ഇവിടന്ന് പോവാൻ പറ്റൂല….

അവ്ടത്തെ കാൻ്റീനിൽ പോയി മോൾക്ക് ലേശം കഞ്ഞി വാങ്ങി കൊടുത്തു….മൂപ്പർക്കും ലേശം കോരി കൊടുത്തു….അയ്ൻ്റെ ബാക്കി ഞാനും കുടിച്ച്…..

കുറേ കഴിഞ്ഞ് ഡോക്ടർ വന്ന്…കുഴപ്പൊന്നുല്ല…ഇനി വീട്ടീ പോയ്ക്കൊളീ….ഇന്നും നാളേം റെസ് റ്റെടുത്താ മതി…. ക്ഷീണൊക്കെ മാറിക്കോളും ന്ന് പറഞ്ഞു….

“എടീ…. ഞാൻ മുജീബിനെ വിളി ച്ചക്ക്ണ്…. ഓൻ വണ്ടീം കൊണ്ട് ഇപ്പം വരും….കല്യാണല്ലല്ലോ വലുത്…. ജീവൻ കിട്ടിയല്ലോ…ലേ….”

“ഉം ….”

ങ്ങക്കത് പറയാ…. അമ്മോൻ ൻ്റെതല്ലേ…. ങ്ങളതല്ലല്ലോ…. മനസിലുണ്ടേലും ഞാനത് പറഞ്ഞില്ല….

അങ്ങനെ ടാക്സി വന്നു….ൻ്റെ ചുരിദാറ്…. ബ്രഷ്… തോർത്ത്….. ബാഗും മോളേം എടുത്ത് വണ്ടീ കേറി തിരിച്ച് ചുരം കയറി…

ബിരിയാണി…. പുഡിംഗ് …. അലീസ …. ഐസ് ക്രീം വെല്ലിമ്മ… കസിൻസ്….ഇതൊക്കെ ആലോയ്ച്ച്ട്ട് ൻ്റെ കണ്ണ്ന്ന് കുടുകുടാന്ന് വെള്ളം വെരാൻ തുടങ്ങി….

ഞാൻ നോക്കുമ്പോ മൂപ്പര് സീറ്റും ചാരി കിടക്കാണ്….

മരങ്ങള് പുറകോട്ട് പോണുണ്ട്.

ഇളം കാറ്റിൽ മുടി ഇളകുന്നുണ്ട്….

അപ്പോ ണ്ട് ൻ്റെ കയ്യ് പിടിച്ച് “യ്യ് സങ്കടപ്പെടണ്ട…. ഇനിക്കൊന്നും പറ്റീലാലോ…..ചുരം കേറിയാ റെഡിയാവും….”

എനിക്ക് വീണ്ടും കരച്ചില് വന്നു….അമ്മോൻ എൻ്റെ താണല്ലോ…..

“എടീ…. യ്യി സഫാരി ചാനലിലെ സഞ്ചാരി ന്ന് പറഞ്ഞ പരിപാടി കണ്ട് ക്ക് ണോ,… “

“ഞാൻ കണ്ടീല്ല….. “

“ആ … ന്നാ കാണണം…. അതില് ആ ചെങ്ങായി പറയുന്നുണ്ട്…. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണെന്ന്… അത് സത്യാന്ന് ഇന്നാണ് ഇനിക്ക് മനസിലായത്….”

” പനാമ കടലിടുക്കിൽക്കൊക്കെ യാത്ര പോവുന്ന ആ ചെങ്ങായി അല്ലേ.. “

“ആ… ഓൻ തന്നെ… യ്യി കണ്ട്ക്ക്ണോ…. “

“ഓ…. കണ്ട്ക്ക്ണ്… പക്ഷേങ്കില് ഓൻ്റെ പെണ്ണ്ങ്ങളേം കുട്ടീനേം കൊണ്ട് അമ്മോൻ്റെ മോളെ കല്യാണത്തിന് പോയി പാഠം പഠിക്ക്ണത് കണ്ടിട്ടില്ല….. കാണേം മാണ്ട…. “

രംഗം ശാന്തം…. മൂകം….. ശോകം…..

Shabna shamsu❤️

Image credit