നൊന്തു പ്രസവിച്ച മക്കളെ വിട്ട് സ്വന്തം സുഖത്തിനു വേണ്ടി ഇറങ്ങിപ്പോയ അവരോട് പുച്ഛം തോന്നി… ഇട്ടിട്ട് പോവാൻ ആണെങ്കിൽ…

?പ്രിയം?

Story written by Shithi Shithi

കോൺടാക്ട്ടിലെ ദേവൻ എന്ന നമ്പർ എടുത്ത്‌ രണ്ടുവട്ടം ഡയൽ ചെയ്തപ്പോഴും കട്ടാക്കുകയാണ് ചെയ്തത്… വീണ്ടും വിളിച്ചുനോക്കി… അവസാനം നാലാമത്തെ വട്ടം കോൾ എടുത്തു..

“ന്താ.. പ്രിയ…” മറുതലയ്ക്കൽ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

“എനിക്ക് നാളെ കാണണം… ഞാൻ ബീച്ചിൽ വെയിറ്റ് ചെയ്യാം” മറുപടി കേൾക്കാൻ നിൽക്കാതെ കട്ട് ചെയ്തു.

പിറ്റേന്ന് ആ കടൽതീരത്ത് തിരയെ നോക്കി ഇരിക്കെ മനസിലേക്ക് ഓടിവന്നത് ആ രണ്ടു മുഖങ്ങളാണ്… കിച്ചുവിന്റെയും അനുവിന്റെയും…ഡ്യൂട്ടിക്ക് കയറാൻ നേരം വൈകി ഓടുമ്പോൾ ആണ് ഒ പി യുടെ മുമ്പിൽ വെച്ച് കിച്ചുവിനെ ആദ്യമായി കാണുന്നത്…. വളരെ ശ്രദ്ധയോടെ കരുതലോടെ തന്റെ കുഞ്ഞനിയത്തിയെ കൂട്ടി ഡോക്ടറുടെ റൂമിലേക്ക് കേറി പോകുന്ന ഒരു പത്തുവയസ്സുകാരൻ… ഡ്യൂട്ടിക്ക് കയറി കുറച്ചു കഴിഞ്ഞപ്പോഴാണ് അറ്റൻഡർ രാമേട്ടനോടൊപ്പം അവനവന്റെ കുഞ്ഞനിയത്തിയെ കൂട്ടി വാർഡിലേക്ക് കയറിവരുന്നത്..ഒപ്പം ഒരു ഓട്ടോറിക്ഷ ചേട്ടനും..

“സിസ്റ്റ്ററെ… ദേ ഈ കുട്ടി ഇവിടെ അഡ്മിറ്റാ… പനിയാണ്.” രാമേട്ടൻ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ തന്നിട്ട് ഒഴിഞ്ഞ ഒരു ബെഡിൽ അവളെ കിടത്തി..

” എന്നാൽ ഞാൻ പൊയ്ക്കോട്ടെ മോനെ?? “ഓട്ടോ ചേട്ടൻ ചോദിച്ചപ്പോൾ അവൻ പോക്കറ്റിൽ നിന്നും പൈസ എടുത്ത് അയാൾക്ക് നീട്ടി… പല ചോദ്യങ്ങളും മനസ്സിൽ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു..

” ന്താ മോന്റെ പേര് ” പതിയെ അവന്റെ മുടിയിലൂടെ തലോടി..

“കേശവ്…. കിച്ചുന് വിളിച്ച മതി..”

“അപ്പൊ മോൾടെ പേരോ “

“അനുപമ….അനുന്ന വിളിക്കാ…” അവൻ തന്നെയാണ് ഉത്തരം പറഞ്ഞത്….

പിന്നെയും എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷേ കഴിഞ്ഞില്ല അല്ലെങ്കിൽ വേണ്ടെന്നുവച്ചു… നല്ല പനി കാരണം ഇഞ്ചക്ഷൻ എടുക്കണം… പക്ഷേ അനു സമ്മതിച്ചില്ല… കിച്ചു കുറെ പറഞ്ഞുനോക്കി… ഇഞ്ചക്ഷൻ വെക്കാൻ പോകുമ്പോൾ അവൻ ചേർത്തുപിടിച്ചു എങ്കിലും അവൾ കുതറിമാറി… നിവൃത്തിയില്ലാതെ വന്നപ്പോൾ കൂടെ ജോലിചെയ്യുന്ന രേഷ്മ ചേച്ചിയെ വിളിച്ചുവരുത്തി..

” ആരിത് കിച്ചുട്ടന്നോ…. ഇതാരാ അനിയത്തിയാ??.. ” മുൻപരിചയമുള്ള പോലെ ചേച്ചി ചോദിച്ചപ്പോൾ അവൻ ഒന്നു മൂളി… ചേച്ചി മുത്തശ്ശിയെയൊക്കെ കുറിച്ച് എന്തൊക്കെയോ ചോദിക്കുന്നത് കേട്ടപ്പോൾ മനസ്സിലായി ചേച്ചിക്ക് അവരെ നേരത്തെ അറിയാം എന്ന്… സൂചി വെച്ച് ചേച്ചി തിരിച്ചു പോകുമ്പോൾ ഒപ്പം ചെന്നു.

” ചേച്ചിക്ക് അവരെ നേരത്തെ അറിയോ ” അവരെ കുറിച്ച് അറിയാൻ കൂടുതൽ ആകാംക്ഷയായിരുന്നു..

“മ്മ്ഹ്… അറിയാം… കിച്ചു ഒരിക്കൽ അവന്റെ മുത്തശ്ശിയെ കൊണ്ടുവന്നിരുന്നു”

“എന്താ അവർക്ക് ആരുമില്ലേ” നേരത്തെ മനസ്സിൽ തോന്നിയ സംശയങ്ങളുടെ കെട്ടഴിച്ചു

” അച്ഛനും മുത്തശ്ശിയും മാത്രമേയുള്ളൂ അച്ഛന് ചെന്നൈയിലാണ് ഇടയ്ക്കിടെ വന്നു പോവുന്ന് തോന്നുന്നു”

“അപ്പൊ അവരുടെ അമ്മയോ ചേച്ചി.”

“അമ്മ ഇഷ്ടമുള്ള ആരുടെയോ ഒപ്പം പോയത്രേ ഈ കുട്ട്യോളേ ഇട്ടിട്ട്… അവരെ ആരാ നോക്കാ, അവരെങ്ങനെ കഴിക്കും ആരും വെച്ചുകൊടുക്കും ഒന്നും ആലോചിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ആ കുട്ട്യോളേ ഇട്ടിട്ടു പോയി.. ആ ചെക്കൻ കുട്ടി പാവം.. മുത്തശ്ശി കിടക്കുമ്പോഴും അതായിരുന്നു അവിടെ.. ഇത്ര വയസ്സേ ഉള്ളെങ്കിലും ഓരോന്നും അവൻ അറിഞ്ഞു ചെയ്യും… അന്ന് അനിയത്തിയെ ഏതോ വകയിലെ ബന്ധുവിനെ വീട്ടിൽ ആക്കിരിക്കുകയായിരുന്നു.. കഷ്ടം തന്നെ ആ കുട്ടിയോൾടെ കാര്യം… ഇങ്ങനേം ഉണ്ടാവോ പെണ്ണുങ്ങൾ.. ഓരോ ജന്മങ്ങൾ.” ചേച്ചിയുടെ സ്വരത്തിൽ അവരോടുള്ള നീരസം കലർന്നിരുന്നു…എന്തുകൊണ്ടോ ജീവിതത്തിൽ ഇന്നുവരെ കാണാത്ത അവരോട് ദേഷ്യവും വെറുപ്പും തോന്നി…നൊന്തു പ്രസവിച്ച മക്കളെ വിട്ട് സ്വന്തം സുഖത്തിനു വേണ്ടി ഇറങ്ങിപ്പോയ അവരോട് പുച്ഛം തോന്നി… ഇട്ടിട്ട് പോവാൻ ആണെങ്കിൽ പിന്നെ എന്തിനാ ജന്മം കൊടുത്തത്.

” അപ്പോ ആ കുട്ടിയുടെ അച്ഛന് ഇവിടെ വല്ല ജോലി നോക്കിക്കൂടെ… അല്ലെങ്കിൽ വേറെ കെട്ടിക്കൂടെ ചേച്ചി”

” ഒരിക്കൽ ഇവിടെ വന്നപ്പോൾ ചോദിച്ചതാ വേറെ കെട്ടി കൂടെ എന്ന്… അപ്പോ അയാൾ പറഞ്ഞത് വേറെ കിട്ടിയാൽ ആ ഭാര്യയ്ക്ക് ഇവരെ സ്വന്തം മക്കളായി കാണാൻ പറ്റിയില്ലെങ്കിലോ… അവരെ ഉപദ്രവിച്ചാലോന്ന്… അല്ലെങ്കിലും പെറ്റമ്മ ഇട്ടിട്ടു പോയതാ… ഇനി വരുന്ന സ്ത്രീ എങ്ങനെയാന്ന് പറയാൻ പറ്റില്ലല്ലോ… അയാളെ പറഞ്ഞിട്ടും കാര്യമില്ല..”ചേച്ചി ഒരു ദീർഘശ്വാസം വിട്ടു എന്നിട്ട് വീണ്ടും തുടർന്നു “പിന്നെ ജോലി… അവിടെ എന്തോ കടയോ മറ്റോ ആണ് അയാൾക്ക്.. അത് അവിടെ വിട്ടുപോന്ന പിന്നെ ഇവിടെ വന്ന് എന്താ ചെയ്യാ… നല്ല പൈസ ഉണ്ട് പറഞ്ഞിട്ടെന്താ കാര്യം ആ കുട്ടികൾക്ക് ആരുമില്ലാത്ത മാതിരി അല്ലേ… അച്ഛനും അച്ഛമ്മയ്ക്ക് സ്നേഹം ഓക്കേ ഉണ്ടാവും പറഞ്ഞിട്ടെന്താ കാര്യം അത് കിട്ടണ്ടേ.” ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ മനസ്സിന് വല്ലാത്ത ഭാരം തോന്നി.. അമ്മയെ ഓർമ്മ വന്നു… അച്ഛന്റെ മരണശേഷം തനിക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത്… കൂലിപ്പണിക്ക് പോയിട്ടും തുണി തയ്ച്ചു കൊടുത്തും തനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.. അന്ന് വേണമെങ്കിൽ അമ്മയ്ക്ക് വേറെ കല്യാണം കഴിക്കായിരുന്നു പക്ഷേ ചെയ്തില്ല… തനിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയെ ഓർക്കവേ കണ്ണുനിറഞ്ഞു…

ഉച്ചയ്ക്ക് അനുവിന് മരുന്നു കൊടുക്കാൻ പോയപ്പോൾ അവളെക്കൊണ്ട് ബ്രെഡ് കഴിപ്പിക്കാൻ നോക്കുവാണ് കിച്ചു..

” കഴിക്ക് അനു…. നല്ല കുട്ടിയല്ലേ..” കിച്ചു അവൾക്ക് നേരെ ബ്രെഡ് നീട്ടി

” വേണ്ട കിച്ചേട്ടാ നിക്ക് ആ ലെയ്സ് മതി.”അനു കവറിലേക്ക് ചൂണ്ടി.

“ന്താ ഇവിടെ ” അവരുടെ അടുത്തേക്ക് ചെന്നു.

” നോക്ക് നഴ്സ് ആന്റി അനു ബ്രെഡ് കഴിക്കുന്നില്ല”വിഷമത്തോടെയാണ് കിച്ചു പറയുന്നത്

” ആർക്കാ ഈ ലെയ്സ് ” കവർ എടുത്തു മേശപ്പുറത്ത് വെച്ച് ആരുടെ അടുത്തിരുന്നു

“നിക്ക്… ഉച്ചക്ക് വിശക്കില്ലേ… ഇവൾക്ക് പനി ആയോണ്ട് ബ്രഡ് വാങ്ങി… എന്നിട്ടിപ്പോ അത് വേണ്ടാന്ന്” കിച്ചു പറഞ്ഞപ്പോൾ എന്തിനോ മനസ്സൊന്നു വിങ്ങി.

“ഈ ലെയ്സ് കഴിച്ച് നിനക്ക് വിശപ്പു മാറുമോ കിച്ചൂസെ… അതുമല്ല ഈ ഉച്ചയ്ക്ക് ഇങ്ങനെ ഓരോന്ന് കഴിക്കാൻ പാടുണ്ടോ”

വേറൊന്നും കിട്ടിയില്ല നേഴ്സ് ആന്റി കിച്ചു പറഞ്ഞപ്പോൾ വേഗം ചെന്ന് കൊണ്ടുവന്ന ഭക്ഷണം എടുത്തു കൊടുത്തു… കാന്റീനിൽ പോയി അവിടുത്തെ ചേച്ചിയോട് പറഞ്ഞു അനുന് കഞ്ഞി വാങ്ങിച്ചു.. പിന്നീട് അവർക്കുള്ള ഭക്ഷണവും ദിവസവും കരുതാൻ തുടങ്ങി… ആ കുറച്ചു ദിവസം കൊണ്ട് തന്നെ മനസ്സുകൊണ്ട് അവരോട് നന്നായി അടുത്തു… അറിയാതെ എപ്പോഴോ മനസ്സുകൊണ്ട് അവരുടെ അമ്മയായി മാറുകയായിരുന്നു.. അവിടുന്ന് പോയിട്ടും കിച്ചുവും അനുവും തന്റെ ജീവിതത്തിലെ ഭാഗമായിരുന്നു.. നേഴ്സ് ആന്റിയിൽ നിന്ന് പ്രിയമ്മയായി..

അവരെ പിരിയാൻ വയ്യാത്തതുകൊണ്ടാണ് അന്ന് അനുവിനെ ഡിസ്ചാർജ് ചെയ്യാൻ വന്ന ദേവേട്ടനോട്ട് അവരുടെ അമ്മയായി ഒപ്പം കൂട്ടികൂടെ എന്ന് ചോദിച്ചത്… കഴിഞ്ഞ രണ്ടുവർഷക്കാലം ആ ചോദ്യം തന്നെ പലവട്ടം ആവർത്തിച്ചു… ഇന്നുവരെ ഒരു ഉത്തരം ലഭിച്ചില്ല… ഇനിയും കാത്തിരിക്കാൻ വയ്യ.. അവസാനമായി ഒന്നുകൂടി ചോദിക്കണം… അടുത്ത ആരോ വന്നതുപോലെ തോന്നിയപ്പോഴാണ് തല ചെരിച്ച് നോക്കിയത്… ദേവേട്ടൻ ആണ്.

” എന്താ പ്രിയ.. എന്തിനാ വിളിച്ചേ”

” കഴിഞ്ഞ രണ്ടു വർഷം ചോദിച്ച അതേ ചോദ്യത്തിന് ഉത്തരം കിട്ടാൻ… ഇനിയും കാത്തിരിക്കാൻ വയ്യ… കാത്തിരുന്നേനെ കൂടെ കൂട്ടും എന്ന് ഉറപ്പു ഉണ്ടായിരുന്നെങ്കിൽ… പക്ഷേ അങ്ങനെ ഒരു ഉറപ്പ് ഇല്ലാലോ.. അതുകൊണ്ട് ചോദിക്യാ… ഒപ്പം കൂട്ടി കൂടെ കിച്ചുന്റെയും അനുന്റെയും അമ്മയായി ” കുറച്ചുനേരം ഉത്തരത്തിനായി ദേവേട്ടനെ നോക്കിയെങ്കിലും അതുണ്ടായില്ല… നിരാശയോടെ എഴുന്നേറ്റ് നടക്കുമ്പോൾ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി..

“പ്രിയ..” കുറച്ച് നടന്നപ്പോഴേക്കും പിൻവിളി കേട്ടു.. തിരിഞ്ഞു നോക്കാതെ അവിടെത്തന്നെ നിന്നു.

” കാത്തിരിക്കാതെ ഇപ്പൊ തന്നെ കൂടെ പോരും എങ്കിൽ ഉറപ്പു തരാം… നിന്നെ നിന്റെ കിച്ചുന്റെയും അനുന്റെയും അമ്മയാകാം എന്ന് ” പിന്നിൽനിന്നും ദേവേട്ടൻ പറഞ്ഞത് കേട്ട് അമ്പരപ്പോടെ തിരിഞ്ഞു നോക്കി… അടിച്ചും പിച്ചിയും ഇത്രയുംകാലം ഇത് പറയാത്തതിന്റെയും ഇപ്പൊ കരയിപ്പിച്ചതിന്റെയും പരിഭവം തീർത്തപ്പോഴേക്കും ആ കൈകൾ വരിഞ്ഞു ചുറ്റി ആ നെഞ്ചിലേക്ക് ചേർത്തുനിർത്തി

ഇന്ന് ഞാൻ ദേവേട്ടന്റെ നല്ല പാതിയാണ്, കിച്ചുവിന്റെയും അനുവിന്റെയും അമ്മയാണ്.. സ്നേഹിച്ചും ശാസിച്ചും അവരുടെ ഒപ്പം കളിച്ചും ചിരിച്ചും അവരുടെ സ്വന്തം അമ്മയായി ജീവിക്കുന്നു..

അവസാനിച്ചു