ഒരിക്കൽ കൂടി ~ Part 05 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

ശരത്തെട്ടൻ താലി കഴുത്തിൽ അണിയിക്കുമ്പോൾ ഒന്നെ പ്രാർത്ഥിച്ചുള്ളൂ..ഉള്ളൂ തുറന്ന് സ്നേഹിക്കാൻ കഴിയണേ ദേവി..ഇന്നിപ്പോ ഇദ്ദേഹം തന്റെ ഭർത്താവ് ആണ്..മരണം വരെ കൂടെ ഇണ്ടാവണേ..പക്ഷേ എന്തുകൊണ്ടോ ആ കണ്ണുകളിലെ പ്രണയം തന്നെ വളരെ അസ്വസ്ഥം ആക്കുന്ന പോലെ..

??????????

താലികെട്ട് കഴിഞ്ഞു ശരത്തേട്ടന്റെ വീട്ടിലേക്ക് പുറപ്പെടാൻ നേരം എല്ലാവരുടെയും കണ്ണിൽ നീർത്തിളക്കം കണ്ടു..പക്ഷേ തനിക്ക് കരച്ചിൽ വന്നില്ല..എട്ടന്റെയും അച്ഛന്റെയും നെഞ്ചോടു ചേർന്ന് നിന്ന് കുറച്ച് നേരം..അമ്മ കാരണം ആണ്‌ ഈ കല്യാണം എന്ന ചിന്ത മൂലം അമ്മയുടെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല…പൊന്നുപോലെ നോക്കിക്കൊണേ മോനെ എന്ന് അച്ഛൻ ശരത്തെട്ടന്റെ കൈ പിടിച്ചു പറയുന്ന കേട്ടു..ഒരു കൈ കൊണ്ട് ആ കയ്യിൽ സമ്മതമെന്നോണം മുറുക്കെ പിടിച്ചു മറുകൈ കൊണ്ട് തന്നെ ചേർത്തുപിടിച്ച് വണ്ടിയിൽ കയറ്റി..ഒരു സാദാ വീടായിരുന്നു ശരത്തേട്ടന്റെത്..നിലവിളക്കും ഏന്തി പൂജാമുറിയിൽ കയറി മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു…പുതു പെണ്ണിനെ കാണാൻ വന്നവരോക്കെയും പോയി തുടങ്ങി..

സമയം പോകുംതോറും ഉള്ളിൽ പേരറിയാത്തൊരു ഭയം നിറഞ്ഞുവന്നു..രാത്രി ഒരു മുറിയിൽ രണ്ടു പേര് ഒന്നിച്ച്..ശരത്തെട്ടനെ വിശ്വാസം ആണ്..എന്നാലും ഒന്നും പറയാൻ കഴിയില്ല..പാൽ ഗ്ലാസുമായി റൂമിലേക്ക് അവിടുത്തെ ഏട്ടത്തി കൊണ്ടുപോകുമ്പോൾ ഉള്ളിൽ ചെണ്ടമേളം നടക്കുന്നുണ്ടായി..ഒരുപാട് ആഗ്രിച്ച നിമിഷം ആണിത് ..പക്ഷേ മനസ്സിൽ മറ്റൊരു പുരുഷൻ ആയിരുന്നെന്ന് മാത്രം..മുറിയിൽ കയറി ഡോർ ലോക്ക് ആക്കി ഗ്ലാസ്സ് അവിടെ കണ്ട ടേബിളിൽ വച്ചു..ചുമരിനോട് ചേർന്ന് ഒരു കട്ടിൽ..അടുത്ത് തന്നെ മേശ..പിന്നെ ഒരു അലമാരിയും..അത്രേ ഉണ്ടായിരുന്നുള്ളൂ അവിടെ..ജനാല തുറന്ന് ഇട്ടിട്ടുണ്ട്..നല്ല തണുത്ത കാറ്റ് അതിലൂടെ റൂമിലേക്ക് അരിച്ച് കയറുന്നുണ്ട്…നല്ല നിലാവും..ജനാലയുടെ അടുത്ത് പോയി വെറുതെ നിലാവു നോക്കി നിന്നു..

“ആഹാ.. ഇതെന്തിനാടോ ഈ വേഷത്തിന്റെ ഒക്കെ ആവിശ്യം..എട്ടത്തീടെ ഏർപ്പാട് ആവുമല്ലെ..” ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നപാടെ തന്നെ കണ്ട് ശരത്തേട്ടൻ ചിരിയോടെ ചോദിച്ചു..

ഒന്ന് മൂളി ഞാൻ പാൽ ഗ്ലാസ് എടുത്ത് നീട്ടി..

“എനിക്ക് രാത്രി പാല് കുടിക്കുന്ന ശീലം ഒന്നുല്ല..നിനക്ക് വേണെങ്കിൽ കുടിച്ചോ..അല്ലേൽ കളഞ്ഞിട്ട് വായോ..”

പാൽ കൊണ്ടോയി ബേസിനിൽ ഒഴിച്ച് തിരിച്ച് അതെ സ്ഥാനത്ത് വന്ന് നിന്നു..ഇനി എന്ത് ചെയ്യണമെന്ന് ഒരു പിടീം ഇല്ലാർന്ന്..ശരത്തേട്ടൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്…

“താൻ ഇങ്ങു വാ ഇവിടെ ഇരിക്ക്..” നിന്ന സ്ഥലത്ത് നിന്ന് അനങ്ങാത്തത് കാരണമാവും വീണ്ടും തന്നെ അടുത്തേക്ക് വിളിച്ചു..

ഇത്തിരി അകലം ഇട്ടു ശരത്തേട്ടന്റെ അടുത്ത ചെന്ന് ഇരുന്നു..കുറച്ച് കഴിഞ്ഞ് ഒരു കൈ എടുത്ത് ആ കൈകൾക്ക് ഉള്ളിലാക്കുമ്പോൾ ഒന്ന് പൊള്ളിപിടഞ്ഞ് ആ മുഖത്തേക്ക് നോക്കി..കൈ വിടുവിക്കാൻ ശ്രമം നടത്തി..പക്ഷേ നല്ല മുറുക്കം ആയിരുന്നു കൈകൾക്ക്..

“ഇത്രക്ക് പേടി ആണോടോ തനിക്ക് എന്നെ”.. കൈ അയക്കുന്നതിൻ ഒപ്പം ശരത്തേട്ടൻ ചോദിച്ചു.. ആ കണ്ണുകളിലെ ദയനീയത കണ്ടതും വിടുവിക്കാൻ തോന്നിയില്ല..

“എനിക്കറിയാം വിദ്യ..തനിക്ക് ഈ രാത്രിയെ പറ്റി പേടി ഇണ്ടാവുമെന്ന്..കല്ല്യാണത്തിനോടു ഇപ്പഴും പൂർണ സമ്മതം അല്ലെന്നും മനസ്സിലായി…നിന്റെ പ്രണയത്തിന്റെ തീവ്രത കണ്ടറിഞ്ഞവൻ ആണ് ഞാൻ..പെട്ടന്ന് ആ സ്ഥാനത്തേക്ക് നിനക്ക് ന്നെ കാണാൻ കഴിയില്ലെന്നും അറിയാം..പ്രണയം അവഗണിക്കുന്നു ഉള്ള വേദന ആരെക്കാളും നന്നായ് അറിഞ്ഞതല്ലെ നീ..പെട്ടന്ന് ഒരു മാറ്റം ഞാൻ വേണമെന്ന് പറയുന്നില്ല..എങ്കിലും ശ്രമിക്കണം..അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ്..എനിക്കുറപ്പുണ്ട്..എന്നെങ്കിലും തന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം തെളിയും.. കാത്തിരുന്നോളം ഞാൻ”

ശരത്തേട്ടൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ന്റെ കണ്ണുകൾ നിറഞ്ഞോഴുകി..

“ശരത്തേട്ടാ..ഞാൻ..നിക്ക്‌ കഴിയുവോ അറിയില്ല..”

“ഏയ്..താൻ കരയാതെ..തന്റെ കരച്ചിൽ എനിക്ക് സഹിക്കില്ലടോ..വിദ്യ..താൻ എത്ര സമയം വേണമെങ്കിലും എടുത്തോ..ഇനി അങ്ങനെ കഴിഞ്ഞില്ലെന്നും സാരില്ല..എനിക്ക് തന്നെ എന്നും കാനാലോ…താൻ ഇപ്പൊ കിടന്നോ..ക്ഷീണം കാണും..” എന്തൊക്കെയോ ആലോചിച്ച പയ്യെ ഞാൻ ഉറക്കത്തിലേക്ക് വഴുതി..

രണ്ടു മൂന്നു ദിവസത്തിനകം ഞാൻ യാഥാർത്ഥ്യം ഉൾക്കൊണ്ടു തുടങ്ങി. ശരത്തേട്ടനെ സ്നേഹിക്കണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചൊടങ്ങി…ആളുടെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു..എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു ശരത്തേട്ടൻ.. അമ്മയോട് കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചുന്ന കാണുമ്പോ..അനിയത്തി ശ്വേത ആയി സ്നേഹത്തോടെ വഴക്കിടുന്ന കാണുമ്പോ ഒക്കെ ഞാൻ തിരിച്ചറിയുകയായിരുന്നു..ആ സാധു മനുഷ്യന് സ്നേഹിക്കാനെ അറിയുള്ളൂന്ന്..കോളേജിലും അങ്ങനെ തന്നെ.. ഏവരുടെയും പ്രിയങ്കരൻ..ഓരോന്നും ചെയ്ത് കൊടുക്കുമ്പോഴും അടുത്ത് നിൽക്കുമ്പോഴും ആ കണ്ണുകൾ പ്രതീക്ഷയോടെ അതിലുപരി പ്രണയത്തോടെ തന്നിലേക്ക് നീളുന്നത് പാടെ കണ്ടില്ലെന്ന് നടിച്ചു..എത്ര ശ്രമിച്ചിട്ടും തന്നിൽ പ്രണയം എന്ന വികാരം നിറയുന്നെ ഇല്ല..സമയം ഉണ്ടല്ലോ..പയ്യെ ശെരിയാവും എന്നാശ്വസിച്ചു..
കല്യാണം കഴിഞ്ഞ് ഒരാഴ്ചക്ക് വിരുന്ന് പോക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ..വീട്ടിലേക്ക് പോകാൻ ഒറ്റ തവണയെ കഴിഞ്ഞുള്ളൂ..അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. കാണാൻ കൊതി കൂടിയപ്പോൾ ആണ്‌ ഫോൺ ചെയ്യുന്നത്..അച്ഛനോട് സംസാരിച്ചപ്പോൾ കരഞ്ഞു പോയിരുന്നു..അത് കണ്ട് കൊണ്ടാ ശരത്തേട്ടൻ വന്നത്..കാര്യം അറിഞ്ഞതും എന്നോട് റെഡി ആവാൻ പറഞ്ഞു താഴേയ്ക്ക് പോയി..ഈ രാത്രി ഇനി വേണ്ടന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ആൾ കേട്ടില്ല..നിന്റെ ഈ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു തരുന്നത് ന്റെ സന്തോഷം ആണെന്ന് പറഞ്ഞ് എന്റെ വായടപ്പിച്ചു..പോവാൻ എനിക്കും കൊതി ഉണ്ടായത് കൊണ്ട് വേഗം റെഡി ആയി താഴേക്ക് പോയി..എല്ലാവരോടും ഇപ്പൊ വരാമെന്ന് പറഞ്ഞ് ബൈക്കും എടുത്തു ഇറങ്ങി.. തോളത്ത് കൈ വച്ചപ്പോൾ ആ മുഖം പതിന്മടങ്ങ് തിളങ്ങുന്നത് കണ്ടു.. വഴിയുലടനീളം രണ്ടാളും മൗനം ആയിരുന്നു..

“ശരത്തേട്ടാ..”

“മ്.. ന്തെയ്യ്‌..”

“അതേ..ഞാൻ ഇന്ന് അവിടെ നിന്നോട്ടെ..നാളെ കാലത്ത് പോരാം..”

കേട്ടുടനെ ബൈക്ക് ഒന്ന് സ്ലോ ചെയ്ത് എന്നെ തിരിഞ്ഞ് നോക്കി..”അത് വേണോടോ..വേറെ ഒരു ദിവസം ഒന്നിച്ച് വന്ന് നിക്കാം..മാത്രമല്ല..ഞാൻ തിരിച്ച് ഒറ്റക്ക് വരണ്ടെ..”

“പ്ലീസ്..നാളെ രാവിലെ തന്നെ വരാം” ന്റെ മുഖം കണ്ടിട്ടാവും മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.. വീടെത്തിയതും ഞാൻ ഇറങ്ങി.. ശരത്തേട്ടൻ കേറുന്നില്ല പറഞ്ഞു തിരിച്ച് പോവാൻ ഉരുങ്ങി..

“നിക്കണമെന്ന് നിർബന്ധാണോ..”

കുഞ്ഞു പിള്ളേർടെ പോലുള്ള ചോദ്യം കേട്ടപ്പോൾ ചിരി വന്നു..ന്റെ ചിരി കണ്ടൊണ്ടാവം ആൾ പെട്ടന്ന് എന്നിലേക്ക് മുഖം അടുപ്പിച്ച് നെറ്റിയിലെക്കു മുത്തം തരാൻ ആഞ്ഞു..ഞാൻ ഞെട്ടി ഒന്ന് പിന്മാറിയതും മുഖം ഇരുളുന്നത്..ഒരു സോറി പറഞ്ഞു വേഗം വണ്ടി എടുത്ത് പോയി..എനിക്ക് ആകെ ഒരു വല്ലായ്മ തോന്നി..അത്രക്ക് വിഷമം ആയിട്ടുണ്ടാകും.. മാറണ്ടായുരുന്നു..പാവം..

വീട്ടിലേക്ക് കയറി എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞു അച്ഛന്റെ അടുത്ത് ഇത്തിരി നേരം ഇരുന്നിട്ട് ആണ്‌ റൂമിലേക്ക് പോയത്..കിടന്നിട്ടും ഉറക്കം വന്നില്ല.. അകാരണമായ ഒരു പേടി മനസ്സിനെ ആകെ വന്നു പൊതിയുന്നു…എഴുന്നേറ്റു ജനാല തുറന്ന് അതിനരുകിൽ നിന്നു..വാതിലിൽ തുടരെ ഉള്ള മുട്ട് കെട്ടിട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നത്.. വാതിൽ തുറന്നതും അമ്മയും അച്ഛനും ചേട്ടനും എട്ടത്തിയും എല്ലാവരും ഉണ്ട്…

“വാവ ഒന്ന് വേഷം മാറ്റി വാ.. നമ്മുക്ക് നിന്റെ വീട് വരെ ഒന്ന് പോവാ” അതും പറഞ്ഞു എനിക്ക് മുഖം തെരാതെ ഏട്ടൻ പറഞ്ഞു…അവരുടെ ഒക്കെ മുഖത്ത് ആകെ പരിഭ്രമം..എന്താ എന്ന് ചോദിച്ചിട്ടും ആരും ഒന്നും പറഞ്ഞില്ല..അവിടുത്തെ അമ്മയുടെ മുഖം ആണ്‌ ആദ്യം മനസ്സിലേക്ക് വന്നത്.. ഈശ്വരാ ആർക്കും ഒന്നും വരുത്തല്ലെ..

വേഗം കയ്യിൽ കിട്ടിയ ഒരു സാരിയും വാരി ചുറ്റി ഇറങ്ങി.. വീടെത്താറയതും നിറയെ വണ്ടികളും ആൾക്കാരും..വണ്ടിയിൽ നിന്ന് ഇറങ്ങി വീടിനു നേർക്ക് നടക്കുമ്പോൾ ചുറ്റും ഉള്ള കണ്ണുകൾ ഒക്കെ സഹതാപത്തോടെ തന്നിലേക്ക് നീളുന്നത് കണ്ടു..നെഞ്ചിടിപ്പ് ഏറി വരുന്നുണ്ടായിരുന്നു..

“കഷ്ടം ഉണ്ട് കഴിഞ്ഞ ആഴ്ച കല്യാണം കഴിഞ്ഞുള്ളൂ.. ആ കുട്ടീടെ ഒരു വിധി..”

ആരുടെ ഒക്കെയോ നാവിൽ നിന്ന് വീണ വാക്കുകൾ കേട്ടതും കൈ താലിയിൽ പിടി മുറുക്കി..മുന്നോട്ട് നടക്കാൻ കഴിയാതെ തളർന്ന് പോകുന്ന പോലെ..ഏട്ടത്തി താങ്ങി പിടിച്ചിരുന്നു..വാതിൽക്കൽ എത്തിയതും എന്നെ കണ്ടതോടെ അവിടുത്തെ അമ്മ ഉച്ചത്തിൽ അലറി..

” പോയീ..മോളെ.. എല്ലരേം ഒറ്റക്കാക്കി പോയി.. ആരാ വന്നേക്കണെ നോക്ക് ശരത്തെ..”

ആ വാക്കുകൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല..കണ്ണുകൾ നിലത്ത് പാ വിരിച്ച് വെള്ള പുതച്ച് കിടതിയിരിക്കുന്ന ആളിൽ മാത്രം തങ്ങി നിന്നു..

തന്നെ താലി ചാർത്തിയവൻ.. സിന്ദൂര രേഖ ചുമപ്പിച്ചവൻ..ഒരു പ്രതീക്ഷയും കൂടാതെ തന്നെ പ്രാണന് തുല്ല്യം സ്നേഹിച്ച വൻ..തന്റെ മനസ്സും ശരീരവും പകുത്ത് നൽകേണ്ട വൻ..ഒടുവിൽ ഒരു ചുംബനം തെരാൻ ഏറെ കൊതിച്ചവൻ..അവസാനം ആഗ്രഹിച്ചത് പോലും നടത്തി കൊടുക്കാത്ത പാപി ആയി പോയല്ലോ ഞാൻ..

ആരോ പിടിച്ച് ശരത്തെട്ടന്റെ അടുത്ത് ഇരുത്തി..ആ മുഖത്ത് ആകെ പാടുകൾ..മെല്ലെ കൈ രണ്ടും കവിളിലേക്ക് എടുത്ത് വച്ച് ആ മുറിവ് വീണ നെറ്റിയിൽ അമർത്തി മുത്തി..കണ്ണുനീർ തുള്ളികൾ ആ മുഖം ആകെ ചിതറി തെറിക്കുന്നുണ്ടായിരുന്ന്..

“സ്നേഹിച്ചു തുടങ്ങാൻ ശ്രമിക്കല്ലായിരുന്നോ ഞാൻ..അപ്പോഴേക്കും ഒറ്റക്കാക്കി പോവാണോ..എല്ലാവരും കൂടെ ന്നെ തോപ്പിക്കല്ലെ ഇങ്ങനെ..”

ആ നെഞ്ചില് വീണു പതം പറഞ്ഞു അലറി കരയുന്ന ന്നെ ആരോക്ക്യോ ചേർന്ന് എടുക്കാൻ സമയമായി പറഞ്ഞ് പിടിച്ചു മാറ്റി..

പിന്നീടങ്ങോട്ട് എല്ലാവരുടെയും സഹതാപം മാത്രം ആയിരുന്നു കൂട്ട്..ഭാഗ്യദോഷി..സ്വന്തം ഭർത്താവിന്റെ കൊലപാതകി..അങ്ങനെ നീണ്ടു പോയി പേരുകള്..എന്നെ കൊണ്ട് വിട്ട അന്നാണല്ലോ..ആക്സിഡന്റ് ആയിരുന്നു..ഒരുവേള ഞാനും വിശ്വസിച്ചു ഞാൻ കാരണം തന്നെ ആയിരുന്നെന്ന്..രണ്ടു കൊല്ലം ആരോടും ഒന്നും മിണ്ടാതെ ഒരു മുറിയിൽ അടച്ചിട്ട്.. ഏത് നിമിഷവും കണ്ണിൽ തെളിയുക തന്നെ ഉമ്മ വക്കാൻ വരുന്ന ശരത്തേട്ടന്റെ മുഖം ആയിരുന്നു..പൊടി മോൾ ആയിരുന്നു പിന്നീട് എന്നെ ഈ കാണുന്ന വിദ്യയിലേക്ക്‌ മാറ്റിയത്..

:::::::::::::::::

മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടും ഒരു ഭാവമാറ്റം ഇല്ലാതെ തീർത്തും നിർവികാരതയോടെ ഇരിക്കുന്ന വിദ്യയെ കാൺകെ അലോകിന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി..എപ്പോളും കുറുമ്പും കുസൃതിയും ആയി നടക്കുന്ന വിദ്യയിൽ നിന്നും ഇതുവരെ കാണാത്ത ഒന്ന്..അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളുടെ കൈകൾ ചേർത്തുപിടിച്ചു..പൊടുന്നനെ ഒരു പൊട്ടികരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

” എല്ലാരും പറയുന്ന പോലെ..ഞാ..ഞാൻ മനഃപൂർവം അല്ല അച്ചെട്ടാ..ഞാൻ ശരത്തെട്ടനെ സ്നേഹിച്ചിട്ടില്ല..സത്യാ..പക്.. ഷെ മരിക്കണം ന്ന് ഒരിക്കലും ആഗ്രഹിച്ചു കൂടില്ല..എന്നെ താലി കെട്ടിയതല്ലെ..ആയുസ്സ് കൊടുക്കണേന്ന് പ്രാർതിച്ചിട്ടുള്ളു..നല്ലത് വരുത്തണേന്ന്..ഞാൻ..ഞാൻ അറിഞ്ഞൊണ്ടല്ല..”

വാക്കുകൾ പലതും മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു… ആ കരച്ചിൽ തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ ചെന്ന് പതിക്കുന്ന പോലെ..പതം പറഞ്ഞു കരയുന്ന അവളെ തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു അവൻ..അത്രമേൽ ആഗ്രഹിച്ച് ഒരുവന്റെ സാമീപ്യം കിട്ടിയപോൽ അവൾ അവനിലേക്ക് ചുരുങ്ങി..ഒന്ന് മയങ്ങി എന്നുറപ്പായതും അലോക് അവളെ ബെഡിൽ കിടത്തി പുതപ്പിച്ചു ബാൽക്കണിയിലേക്ക് നടന്നു..

ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..ചാരു കസേരയിൽ ഇരിക്കുമ്പോൾ അലോകിന്റെ ചിന്തകളിൽ നിറഞ്ഞു നിന്നത് ശരത്തിന്റെ മുഖം ആയിരുന്നു..one of brilliant student in college..മരണം ഒന്നും താൻ അറിഞ്ഞിരുന്നില്ല..ഇവിടുന്നു പോയെ പിന്നെ ആരും ആയിട്ടും കോൺടാക്ട് ഉണ്ടായിരുന്നില്ല..വിദ്യയുടെ കൂടെ പലപ്പോഴും അവനെ കണ്ടിട്ടുണ്ട്.. അന്നൊന്നും അ കണ്ണുകളിൽ അവളോട് അങ്ങനെ ഒരു ഇഷ്ടം കണ്ടിരുന്നില്ല..കാണാൻ താൻ അവരെ ശെരിക്കും ശ്രദ്ധിക്കാറില്ലല്ലോ..പക്ഷേ അന്നൊരിക്കൽ വിദ്യയുടെ പ്രണയം സർ സ്വീകരിക്കണം..സർന്‍റെ അവഗണന അവളെ ഒരുപാട് തളർത്തുന്നു എന്ന് പറഞ്ഞു തന്റെ മുൻപിൽ വന്നു അപേക്ഷിച്ചത് ശരത് തന്നെയാണ്.. അന്ന് ആ മുഖത്ത് തെളിഞ്ഞ ദൈന്യത തന്റെ പ്രണയത്തെ വിട്ടുകൊണ്ടുക്കേണ്ടിവന്ന വേദന ആയിരികുവോ.. അന്ന് അവനോടും ചൂടായിട്ടെ ഉള്ളൂ..

താൻ പ്രാണനേക്കൾ സ്നേഹിക്കുന്ന പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടന്നറിഞ്ഞിട്ടും അവളെ സ്നേഹിക്കുക..അവളുടെ മനസ്സിലെ പുരുഷനോട് അത് സ്വീകരിക്കാൻ ചെന്നപേക്ഷിക്കുക..എന്തൊക്കെ തരം വേഷങ്ങൾ ആണ് പ്രണയം എന്ന ഒരൊറ്റ വികാരം മനുഷ്യനെ കൊണ്ട് കെട്ടിക്കുന്നത്..പ്രണയം എന്ന വാക്ക് തന്നെ എത്രമേൽ തീവ്രമാണ്..

കാത്തിരിക്കൂ…