Story written by NISHA L
ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു ഇന്ദുവിന്റെ മുഖത്തു ഒരു വിഷമം പോലെ. രാത്രിയിൽ വരുമ്പോൾ ചോദിക്കാം എന്ന് കരുതി. പക്ഷേ ക്ഷീണം കാരണം അവൾ വരും മുൻപേ താൻ ഉറങ്ങി പോയി. ഇന്ന് എന്തായാലും ചോദിച്ചു ക്ലിയർ ചെയ്യണം. വിനു മനസ്സിൽ ഓർത്തു. !!
അടുക്കള ഒതുക്കി ഇന്ദു ബെഡ്‌റൂമിൽ എത്തി.
“എന്ത് പറ്റി ഇന്ദു മുഖത്തു ഒരു വാട്ടം? . ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു…
” ഒന്നുമില്ല വിനുവേട്ടാ… “അവൾ അലസമായി പറഞ്ഞു.
“എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറഞ്ഞു കൂടെ ഇന്ദു.. നിനക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഞാൻ നിന്റെ ഭർത്താവല്ലേ. “..
ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.അവൾ പറഞ്ഞു തുടങ്ങി….
” ഇന്നലെ എന്റെ കൈയിൽ നിന്ന് ഒരു ചില്ല് ഗ്ലാസ് താഴെ വീണു പൊട്ടി. അമ്മ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അതിലെനിക്ക് വിഷമമില്ല. പക്ഷേ… “..
“എന്തായാലും പറ ഇന്ദു… “
“നിന്റെ അച്ഛൻ ഉണ്ടാക്കിയ വകയല്ല നിനക്ക് പൊട്ടിച്ചു കളിക്കാൻ.. എന്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ എന്ന് അമ്മ പറഞ്ഞു. എന്നെ എന്തു വേണേലും പറഞ്ഞോട്ടെ.. പക്ഷേ എന്റെ വീട്ടിൽ ഇരിക്കുന്ന അമ്മയെം അച്ഛനേം എന്തിനാ പറയുന്നേ? .. അവർ എന്തു ചെയ്തിട്ടാ.. അത് എനിക്ക് മറക്കാൻ പറ്റുന്നില്ല…. “
“പോട്ടെ സാരമില്ല.. ഞാൻ ചോദിക്കാം അമ്മയോട്.. “
“വേണ്ട വിനുവേട്ട. ചോദിക്കണ്ട.. ഇതു പോലെ “പോട്ടെ”ന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ വിനുവേട്ടൻ ഉണ്ടെങ്കിൽ എനിക്ക് ഒരു വിഷമവുമില്ല. ഇന്നലെ വിനുവേട്ടനും മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ ആകെ ഒറ്റപെട്ടു പോയതുപോലെ തോന്നി പോയി.. “
“ഇപ്പോൾ സങ്കടം മാറിയോ “? വിനു അവളെ ചേർത്തു പിടിച്ചു..
“മ്മ് മാറി.. “
“എന്നാൽ ഉറങ്ങിയാലോ.”.
“മ്മ്… “
??
വിനുവിന് ഓഫീസിൽ പോകും മുൻപേ ബ്രേക്ക്‌ഫാസ്റ്റും ഉച്ചക്ക് കഴിക്കാനുള്ള ഊണു പൊതിയും ഒരുക്കുന്ന തിരക്കിലാണ് ഇന്ദു.
അവൾ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി വിനു അമ്മയുടെ അടുത്ത് ചെന്നു.. മുഖവുര ഒന്നുമില്ലാതെ സംസാരിച്ചു തുടങ്ങി.
“അമ്മേ ഇന്ദു എന്തു തെറ്റ് ചെയ്താലും അമ്മക്ക് ഒരു മകളെ പോലെ കണ്ടു അവളെ വഴക്ക് പറയാൻ അവകാശമുണ്ട്. പക്ഷേ അവളുടെ അമ്മയെയും അച്ഛനെയും കുറിച്ച് മോശമായി ഒന്നും സംസാരിക്കരുത്. “..
“ഓഹോ തമ്പുരാട്ടി എല്ലാം നിന്റെ ചെവിയിൽ ഓതി തന്നോ…? “
“അമ്മയെന്താ ഒരുമാതിരി സീരിയലിലെ അമ്മായിഅമ്മമാരേ പോലെ സംസാരിക്കുന്നത്.. ഈ വീട്ടിൽ നമ്മൾ മൂന്നു പേർ മാത്രമല്ലേയുള്ളു. എന്തിനാ നിസാര കാര്യങ്ങൾ പറഞ്ഞു നമ്മുടെ സന്തോഷം നമ്മൾ തന്നെ കളയുന്നത്.. “?
സാവിത്രിയമ്മ ഒന്നും മിണ്ടിയില്ല.
“അമ്മയുടെ അച്ഛനെയോ അമ്മയെയോ കുറിച്ച് ആരേലും മോശമായി സംസാരിച്ചാൽ അമ്മക്ക് ഇഷ്ടപ്പെടുമോ..?.. അതുപോട്ടെ അമ്മയെ കുറിച്ച് ആരേലും മോശമായി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടുമോ? അതുപോലെ തന്നെയല്ലേ അമ്മേ അവൾക്കും?… “
“നമ്മളെ വിശ്വസിച്ചു നമ്മുടെ കൂടെ ജീവിക്കാൻ വന്നതല്ലേ അവൾ. അപ്പോൾ അവളെ നമ്മൾ ചേർത്ത് പിടിക്കുകയല്ലേ വേണ്ടത്.?.. നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് എനിക്കും സന്തോഷം “..
ശരിയാണ് താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്. തെറ്റായി പോയി.
“നിനക്ക് ഓഫീസിൽ പോകാൻ നേരമായില്ലേ വല്ലതും കഴിക്കാൻ നോക്ക്.ഞാൻ എന്റെ മോളെ പോയി സഹായിക്കട്ടെ. “.. സാവിത്രിയമ്മ അടുക്കളയിലേക്ക് പോയി. ഒരു ചെറു ചിരിയോടെ വിനു ഡയ്‌നിങ് ഹാളിലേക്കും. !!!!
ചെറിയ വഴക്കുകളും പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാത്ത കുടുംബങ്ങൾ ഇല്ല. വഴക്കുകൾ വലുതാക്കാതെ മുളയിലേ നുള്ളുക.?