പള്ളിക്കൂടത്തിൽ പിള്ളേരെ പഠിപ്പിക്കുന്നത് പോലാണ് ഇപ്പോഴും ജീവിക്കുന്നത് എല്ലാത്തിനും അങ്ങേർക്കു ടൈം ടേബിൾ ആണ്…

തനിയെ

Story written by JAYA NARAYANAN

കൊച്ചേട്ടാ… കൊച്ചേട്ടോ… ഇത് എവിടെ പോയി.. ഈ കതക് എല്ലാം തുറന്നിട്ട്… ആഹാ ചായ കുടി കഴിഞ്ഞു പോയതാണ് ചായ ഗ്ലാസ് ഉറുമ്പ് കയറി ഇരിക്കുന്നുണ്ട്..

വാഴത്തോട്ടത്തിൽ കാണും ഇന്നെന്താണോ ഇത്രയും നേരം ആയിട്ടും അവിടുത്തെ പണി കഴിഞ്ഞില്ലയോ.. രണ്ടുദിവസം മുന്നേ വിളിച്ചതാ ഒരു കിലോ അവലിനു…കൊണ്ട് തരാം എന്ന് പറഞ്ഞിരുന്നു. പിന്നെ കടയിലെ തിരക്ക് വന്നപ്പോൾ അത് അങ്ങ് വിട്ടും പോയി… ഇനി ചോദിച്ച സമയത്ത് കൊണ്ട് കൊടുക്കാത്തതിന് നല്ല കണ്ണ് പൊട്ടണ ചീത്ത കേൾക്കും ഉറപ്പ്..

ഈ മനുഷ്യൻ എവിടാണോ ചെന്നിട്ടു കട തുറക്കാനും ഉള്ളതാ… പള്ളിക്കൂടത്തിൽ പിള്ളേരെ പഠിപ്പിക്കുന്നത് പോലാണ് ഇപ്പോഴും ജീവിക്കുന്നത് എല്ലാത്തിനും അങ്ങേർക്കു ടൈം ടേബിൾ ആണ്…

കാര്യം എന്തൊക്കെ പറഞ്ഞാലും ഈ കൃഷി തോട്ടത്തിൽ നിൽക്കുമ്പോൾ കൊച്ചേട്ടൻ പറയാറുള്ളത് പോലെ ഒരു സുഖം ഒക്കെ ഉണ്ട് അങ്ങേര് പറയും പോലെ സീത ചേച്ചിയുടെ മണം ഒന്നും കാറ്റിനു വരുന്നില്ലേലും…

അല്ലെങ്കിലും നമ്മുക്ക് എങ്ങനെ തോന്നാനാണ് അങ്ങേരുടെ കെട്ടിയോളുടെ മണം.. ആ കുളത്തീന്ന് വെള്ളം കോരിയെ പച്ചക്കറിക്ക് നനക്കുകയുള്ളു.. അവിടെ ചിലപ്പോൾ കാണുവായിരിക്കും.. വെണ്ടയ്ക്ക പറിക്കാറായി.. കടയിലേക്ക് കൊണ്ട് തരുന്നതാണ് എന്നിട്ട് വളമിടാത്ത പച്ചക്കറിയെപ്പറ്റി ഒരു ക്ലാസും എടുക്കും

അയ്യോ ആ കിടക്കണത് കൊച്ചേട്ടനല്ലയോ… കുളത്തിന്റെ കരയിൽ കമഴ്ന്നു കിടപ്പാണ്.. ഓടി ചെന്നു തിരിച്ചു കിടത്തി.. മഞ്ഞു കട്ട തൊട്ട പോലെ ഉണ്ട് തൊട്ടപ്പോൾ.. കൊച്ചേട്ടന് എന്നാ പറ്റി.. ആരെയൊക്കെയോ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചതെ ഓർമ്മയുള്ളു.. വല്ലാത്ത മരവിപ്പായിയിരുന്നു ശരീരത്തിനും മനസ്സിനും… ആരൊക്കെയോ വന്നു പറഞ്ഞു കൊച്ചേട്ടൻ ഈ ലോകത്തുന്ന് പോയിട്ടു രണ്ടു ദിവസായീന്നു… രണ്ടു ദിവസം അങ്ങനെ കിടന്നെന്നു..മാതൃക അധ്യാപകനുള്ള അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയപ്പോഴും കൂടെ പോയതാ. നീ വാടാ കൊച്ചുണ്ണി ഡൽഹി യൊക്കെ കണ്ടേച്ചും വരാം.. വിമാനത്തിലും കയറാം പിന്നെ ഇന്ത്യൻ പ്രസിഡന്റ്‌ നെയും കാണാം.. അന്ന് പോയേച്ചും വന്നു കൊച്ചേട്ടനേക്കാളും ഗമയോടെ നാട്ടുകാരുടെ മുന്നിൽ നടന്നവൻ ആണ്.. ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല തനിക്കു..

അങ്ങേരുടെ മക്കളും രണ്ടു ദിവസമായിട്ട് വിളിച്ചില്ലേ.. മൂന്നു പെണ്മക്കൾ ആണ്.. മൂന്നും നന്നായി പഠിച്ചു നല്ല ജോലിയും മേടിച്ചു നല്ല നിലയിൽ ജീവിക്കുന്നു അച്ഛനെ വിളിക്കാൻ കൂടി അതുങ്ങൾക് നേരമില്ല വീട്ടിൽ ഒരുത്തിയോട് പഠിക്കാൻ പറഞ്ഞാൽ അവൾ ഇപ്പോൾ പറയണത് പഠിച്ചു വല്ല ജോലിയും കിട്ടിയാൽ ഞാനും അങ്ങോട്ട് പോകും അച്ഛന്റെ കൊച്ചേട്ടന്റെ മക്കളെ പോലെ . അത് കൊണ്ട് കൂടുതൽ പഠിക്കണില്ല എന്ന്.

അല്ലേലും ആ പിള്ളേരെ പറഞ്ഞിട്ട് കാര്യമില്ല അതുങ്ങൾക്ക് എപ്പോഴും വരാൻ പറ്റുകേല വലിയ ജോലി അല്ലേ അച്ഛനെ കൊണ്ട് പോകാം എന്ന് പറഞ്ഞു വിളിച്ചതാ.. പോയില്ല അങ്ങേരു.. ചോദിച്ചാൽ പറയും.. കൊച്ചുണ്ണി നിനക്ക് അറിയാല്ലോ എന്റെ സീത അധ്വാനിച്ചു അവളുടെ വിയർപ്പ് വീണ മണ്ണാണ് ഇത്.. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന് എന്നാ ശമ്പളം കിട്ടാനാണെടാ.. അവൾ ആണെടാ എല്ലാം സമ്പാദിച്ചത്.. പശുനെ വളർത്തിയും പച്ചക്കറി നട്ടും ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ അത് കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ് ഇതെല്ലാം. അതിനിടയിൽ എന്റെ ചിട്ടയും മക്കളുടെ പഠിപ്പും എല്ലാം കൂടെ അവൾ എങ്ങനെ കൊണ്ട് പോയീന്ന് ഞാൻ ഓർക്കുന്നത് അവള് പോയപ്പോൾ ആണെടാ.. അവളെ വിട്ട് അവൾക്കു ഇഷ്ട്ടം ഉള്ളതൊക്കെ ഉപേക്ഷിച്ചു ഞാൻ എങ്ങോട്ടും ഇല്ല.. ഒരു ഫോൺ ഉണ്ടല്ലോ ആവശ്യം ഉള്ളതിന് ഞാൻ വിളിച്ചോളാം എല്ലാവരെയും..

മക്കളെല്ലാം എത്തിയിട്ടുണ്ടല്ലോ.. കഴിഞ്ഞ ഓണത്തിനും കൂടി പറഞ്ഞു എടാ ഓണവധി എല്ലാവർക്കും കിട്ടും രണ്ടു ദിവസം അവളുമാർക്ക് ഒന്ന് വന്നു പോകാമായിരുന്നു.. അങ്ങനെ പറയാത്ത ആളാണ്. ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കും എന്ന് പറഞ്ഞു നടന്നയാൾ..

കൊച്ചേട്ടൻ ഭാഗ്യം ഉള്ളവൻ ആണ് സീത ചേച്ചിയുടെ മണമുള്ള മണ്ണിൽ ആ മടിയിൽ കിടന്നാവും അങ്ങേര് പോയത്..അവർ ജീവിച്ചിരുന്നപ്പോൾ അങ്ങേര് അവരെ ഇത്രയും സ്നേഹിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷെ അവര് മരിച്ചു കഴിഞ്ഞാണ് അങ്ങേരു പോലും അതൊക്കെ അറിഞ്ഞത്. അല്ലേലും മനുഷ്യന്മാർ അങ്ങനെ ആണല്ലോ ചത്തു കഴിഞ്ഞാലേ സ്നേഹം അറിയുള്ളു

മക്കളും മരുമക്കളും എല്ലാവരും ചത്തു കിടക്കണ കൊച്ചേട്ടനെ സ്നേഹിക്കട്ടെ.. ജീവിച്ചിരുന്നപ്പോൾ ഒന്ന് ഫോൺ വിളിച്ചു നോക്കിയിട്ട് കിട്ടാതിരുന്നപ്പോൾ ഈ കൊച്ചുണ്ണിയെ എങ്കിലും അതുങ്ങള്ക്ക് വിളിച്ചു പറയാമായിരുന്നു അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്..

നന്ദി ഇല്ലാത്ത ഈ കൊച്ചുണ്ണിയും. ആവശ്യം വരുമ്പോൾ ഓടി ഇങ്ങോട്ട് വരും അപ്പോൾ ചീത്ത പറഞ്ഞോണ്ടാണേലും ചോദിച്ചത് എടുത്തു തരും.. എന്നിട്ടും അങ്ങേര് ആ മണ്ണിൽ കിടന്നു പോയിട്ടും ഒന്ന് അന്വേഷിക്കാതെ ..

സങ്കടം ഉണ്ട് കൊച്ചേട്ടാ.. നിങ്ങള് പറയും പോലെ ആവശ്യം കഴിഞ്ഞാൽ എന്തും വലിച്ചെറിഞ്ഞു കളയാൻ മടിയില്ലാത്തവന്റെ പേരാണല്ലോ മനുഷ്യൻ..