ഭദ്ര IPS ~ ഭാഗം 04, എഴുത്ത്: രജിത ജയൻ

ഭാഗം 03 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഷാനവാസ് കൈചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്ര തിരിഞ്ഞു നോക്കി…

പുതിയ പളളിയുടെ കുറച്ചു പുറകിലായ് ഇടിഞ്ഞു പൊളിഞ്ഞു വീണൊരു കെട്ടിടം ..!!

“ഷാനവാസ് എന്താണത് …?

“മാഡം അതൊരു പഴയ പളളിയുടെ അവശിഷ്ടങ്ങൾ ആണ് , അവിടെയും ഒരു സെമിത്തേരി ഉണ്ട് … ഒരു പക്ഷേ തൊമ്മിച്ചൻ പേടിച്ച് നിലവിളിച്ചു എന്ന് പറയുന്നത് അവിടെ നിന്നായ്ക്കൂടെ…?

ഷാനവാസിന്റ്റെ വാക്കുകൾക്ക് കാതോർത്ത് നിന്നിരുന്ന ഭദ്ര എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്ന് കപ്യാരെ തനിക്കരികിലേക്ക് വിളിച്ചു …

വറീതേ …!!

എന്താണ് സാറെ…?

“ഈ പള്ളി ഇവിടെ പണിയുന്നതിന് മുമ്പ് ആ പഴയ പള്ളിയിൽ ആയിരുന്നോ കുർബാനയും മറ്റും നടത്തീയിരുന്നത്..?

“അതേ സാറെ, ആദ്യം അവിടെ ആയിരുന്നു … പിന്നീട് സഭകൾ തമ്മിൽ പ്രശ്നം വന്നു ,അങ്ങനെ പള്ളി കേസിൽ പെട്ടു. കുർബാന മുടങ്ങി. .. അന്നേരമാണ് തേക്കിൻ തോട്ടംക്കാര് അവരുടെ ഈ സ്ഥലം പളളിയ്ക്കായ് വിട്ടു തന്നതും ഇവിടെ ഈ പളളി പണിതതും. ..!!

അപ്പോൾ ആ പള്ളി ആരും ഉപയോഗിക്കാതെ , ആർക്കും വേണ്ടാതെ നശിച്ചു അല്ലേടോ…?

“അതെ സാറെ…”

വറീതിന്റ്റെ വാക്കുകൾക്കുളളിൽ എന്തോ ചികഞ്ഞെന്ന പോലെ ഭദ്ര ഒരുനിമിഷം കണ്ണടച്ചു നിന്നു പിന്നെ തനിക്കൊപ്പം വന്നവരോടൊരാഗ്യം കാണിച്ചവൾ മെല്ലെ ആ പഴയ പളളിയുടെ നേരെ നടന്നു, ഷാനവാസും കൂട്ടരും അവളെ പിൻതുടർന്നു …

ആൾപെരുമാറ്റമില്ലാതെ ആകെ നശിച്ച അവസ്ഥയിലായിരുന്നു ആ പഴയ പള്ളി. ..എങ്ങും പൊടിയും വളർന്ന കാടും മാത്രം. ..

ഭദ്ര സിഐ രാജീവിനെ ഒന്ന് നോക്കി, അയാൾ ഗിരീഷിനെയും കൂട്ടി ആ പളളിയുടെ ഉൾവശമാകെ അരിച്ചുപെറുക്കി. ..

“സംശയിക്കതക്ക യാതൊന്നും ഇവിടെ ഇല്ല മാഡം …!!

രാജീവ് വന്ന് ഭദ്രയോടത് പറയുമ്പോൾ ഭദ്രയുടെ നോട്ടം ആ പഴയ പളളിയുടെ സെമിത്തേരിയിലേക്കായിരുന്നു..

“ഷാനവാസ് കമോൺ…!!

പറഞ്ഞു കൊണ്ട് ഭദ്ര ധൃതിയിൽ സെമിത്തേരിയുടെ നേരെ നടക്കുമ്പോൾ, പള്ളിയിൽ ആരോ പറഞ്ഞേൽപ്പിച്ചതു പോലെ മാധ്യമ പടകളും വിശ്വാസികളും തിങ്ങി കൂടി…!!

“ഷാനവാസ് , ഗിരീഷ് , രാജീവ് നിങ്ങൾക്കാർക്കെങ്കിലും ഇവിടെ അസ്വഭാവികമായിട്ടെന്തെങ്കിലും തോന്നുന്നു എങ്കിൽ അത് നോട്ട് ചെയ്യുക.. എന്നോടത് ഇപ്പോൾ പറയണ്ട ആരും..!! അതുപോലെതന്നെ ഹരി ഒരു കാര്യം ചെയ്യണം ഇവിടെ ഉള്ള കല്ലറകൾക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നു എങ്കിൽ അവയുടെ എല്ലാം വീഡിയോ എടുക്കണം,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ഒരു പ്രവർത്തിയും പുറത്തു നിന്നു നോക്കുന്നവർക്ക് മനസ്സിലാവരുത്,ഓകെ …!!

യെസ മാഡം…

“ദെൻ കമോൺ… ക്വിക് …!!

ആ സെമിത്തേരിയുടെ ഉൾവശമാകെ നടന്നു നോക്കവേ ഭദ്രയുടെയും കൂട്ടരുടെയും മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു…!!

പുറത്തക്ഷമരായ് കാത്തുനിന്ന മാധ്യമ പട ഒടുവിൽ സെമിത്തേരിയിലേക്ക് കടന്നു കയറാൻ തുടങ്ങും എന്നു തോന്നിയപ്പോൾ ഭദ്ര തന്റെ ടീമിനെയും കൂട്ടി വേഗം പഴയ പള്ളിയിൽ നിന്നും കപ്യാരുടെ അരികിലേക്കെത്തി ….!!

അവളുടെ അരികിലേക്ക് ആകാംക്ഷയോടെ കുതിച്ചെത്തിയ ആളുകളെ ഞെട്ടിച്ചു കൊണ്ടവൾ പെട്ടെന്ന് കപ്യാരു വറീതിനെ ഷർട്ടിൽ കുത്തി പിടിച്ച് തന്നോട് വലിച്ചു ചേർത്ത് നിർത്തുമ്പോൾ കാര്യമെന്തെന്നറിയാതെ ജനങ്ങൾ പകച്ചു പരസ്പരം നോക്കി. ..

ഭദ്ര മാഡത്തിന്റ്റെ നീക്കം എന്തിനെന്നറിയാതെ സിഐ രാജീവ് തനിക്കൊപ്പമുളളവരെ അമ്പരപ്പോടെ നോക്കി ,അവർക്കും ഭദ്രയുടെ നീക്കം മനസ്സിലാക്കാൻ സാധിച്ചില്ല. …!!

“എടോ വറീതെ, താനെന്താടോ കരുതീത് താനെന്തു പറഞ്ഞാലും ഞങ്ങളതൊക്ക തൊണ്ട തൊടാതെ വിഴുങ്ങി ഈ തെന്മല വിട്ട് പോവുമെന്നോ..?

ഭദ്രയുടെ മുഖത്തെ ആളുന്ന കോപംകണ്ടൊരു നിമിഷം പോലീസുകാർ പോലും പകച്ചു പോയി …!!

സാറെ , ഞാനെന്താ പറഞ്ഞത്..? ഞാൻ … ഞാനൊന്നും പറഞ്ഞു പറ്റിച്ചില്ലല്ലോ…?

“നീ പറ്റിച്ചില്ല എന്നോ…? നുണപറയുന്നോ റാസ്കൽ …!! നീ അല്ലേടാ ഞങ്ങളോട് അല്പം മുമ്പ് പറഞ്ഞത് കാണാതാവുന്നതിനു മുമ്പ് ശവകുഴി തൊമ്മിച്ചൻ സെമിത്തേരിയിൽ നിന്നെന്തോ കണ്ടു പേടിച്ചെന്ന്, എന്നിട്ട് ഞങ്ങൾ ചെന്നു അരിച്ചുപെറുക്കി നോക്കീട്ടും അവിടെ ഒന്നും കണ്ടില്ലല്ലോടാ. ..?

സാറെ അത്…,, വാക്കുകൾക്കായ് വറീത് തപ്പി തടയുമ്പോൾ പെട്ടെന്നാണ് ആൾക്കൂട്ടം ഭദ്രയെയും കൂട്ടരെയും വളഞ്ഞത് …!!

ഭദ്ര സാറെ …സാർ വറീതേട്ടനെ അങ്ങ് വിട്ടേരെ….!!

നിങ്ങൾക്ക് ജേക്കബ് അച്ചനെവിടെ എന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത ദേഷ്യമീ പാവത്തിനോട് തീർക്കണ്ട… പിന്നെ സാറുമാര് വലിയ കേമന്മാരായ് പള്ളിയും പളളിപറമ്പും അരിച്ചുപെറുക്കി പരിശോധിക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ ഒണ്ടാക്കും എന്തെങ്കിലും എന്നു കരുതി ഓടിവന്നതാണ് ഞങ്ങൾ.. .!!

ഇപ്പോൾ ഞങ്ങൾക്കറിയാം നിങ്ങളെക്കൊണ്ടൊന്നും ഒന്നും സാധിക്കില്ല എന്ന്…!!

വെറുതെ ഷോ കാണിക്കാനായിട്ടൊരോന്നും ചെയ്തു കൂട്ടല്ലേ സാറെ തടി കേടാവുമേ…!! ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറയുന്നത് കേട്ട ഭദ്ര അതാരെന്ന് നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ..

ചുറ്റും നിന്ന് ആളുകൾ ഓരോന്നും പറഞ്ഞു തുടങ്ങുമ്പോൾ ഭദ്രയും കൂട്ടരും വേഗം അവിടെ നിന്ന് പിൻവാങ്ങി വണ്ടിയിൽ കയറി, കൂടുതൽ ചോദ്യങ്ങളുമായ് വന്ന മാധ്യമ പടയെ അവഗണിച്ചാ ജീപ്പ് പളളിമുറ്റം കടന്നു റോഡിലേക്ക് ഇറങ്ങുമ്പോഴും ഭദ്രയുടെ കണ്ണുകൾ ആ പഴയ പളളിയുടെ സെമിത്തേരിയിലായിരുന്നു…!!

ഭദ്രയും കൂട്ടരും കയറിയ ജീപ്പ് കണ്ണിൽ നിന്ന് മറഞ്ഞതും പളളിമുറ്റത്ത് കൂടി നിന്നവർക്കിടയിൽ നിന്നൊരാൾ ആർക്കോ ഫോൺ ചെയ്തറിയിക്കുന്നുണ്ടായിരുന്നു ഭദ്ര നിരാശയായ് നാണം കെട്ട് മടങ്ങി എന്ന്. .!!

***************************

തിരക്കൊഴിഞ്ഞു വിജനമായൊരിടത്ത് ജീപ്പ് നിർത്തി അതിൽ ചാരി നിന്നു കൊണ്ട് ഭദ്രം തന്റെ കൂടെയുള്ളവരോരുത്തരെയായ് നോക്കി…

രാജീവ് എന്താണ് തന്റെ കണ്ടെത്തൽ ആ സെമിത്തേരിയെ പറ്റി. ..?

“മാഡം ആ പഴയ പളളിയുടെ സെമിത്തേരി, അവിടെ എന്തോ ഒരു രഹസ്യം മറഞ്ഞിരിക്കുന്നതുപോലൊരു തോന്നൽ…!! രാജിവ് പറഞ്ഞു

ഓകെ, ഗിരീഷ്തനിക്കെന്തു തോന്നി ..?

മാഡം രാജീവ് സാറു പറഞ്ഞത് തന്നെ. ..കുറച്ചു കൂടി സമയം അവിടെ നിന്നിരുന്നെങ്കിൽ നമ്മുക്ക് കൂടുതൽ എന്തെങ്കിലും തെളിവ് കിട്ടിയേനെ എന്നൊരു തോന്നൽ. ..,

“പക്ഷേ നമ്മുക്ക് അങ്ങനെ അവിടെ അധികസമയം നിൽക്കാൻ പറ്റില്ലല്ലോ ഗിരീഷ് …,കാരണം അവിടെ തടിച്ചു കൂടിയ ജനങ്ങളും മാധ്യമങ്ങളും എല്ലാം വെറുതെ അവിടെ എത്തിയവരല്ല..!!.നമ്മളെ തടയുന്നതിനായ് ആരോ മനപ്പൂർവം പറഞ്ഞു വിട്ടതാണവരെ വിശ്വാസത്തിന്റ്റെ പേരിൽ എന്തും ചെയ്യുന്ന ആളുകൾ ആണവർ..

അതുപോട്ടെ, ഷാനവാസ് താൻ പറയൂ തനിക്കെന്തെങ്കിലും അവിടെ നിന്ന് കണ്ടെത്താൻ സാധിച്ചോ…?

ഭദ്ര ഷാനവാസിന്റ്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി ..

“മാഡം അത് ആ പഴയ സെമിത്തേരിയിൽ ഇപ്പോഴും ആൾസഞ്ചാരമുണ്ട്. ..!! ആരും അവിടേക്ക് പോവാറില്ല എന്നാണ് കപ്യാർ പറഞ്ഞത് ,പക്ഷേ ഈ അടുത്ത ദിവസം കൂടി അവിടെ ആരെല്ലാമോ ഉണ്ടായിരുന്നു. .. അവിടെ ആരോ നടന്നതിന്റ്റെ പാടുകൾ ഉണ്ട്. ..!

ഷാനവാസിന്റ്റെ വാക്കുകൾ കേട്ടതും ഭദ്രയുടെ കണ്ണുകൾ തിളങ്ങി …

“യു ആർ റൈറ്റ് ഷാനവാസ് .., അവിടെ ആൾ സഞ്ചാരം ഉണ്ട് ..!!

രാജീവ് നിങ്ങളത് ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല …,

ഹരി .,താനെടുത്ത ആ വിഡീയോ ഒന്ന് പ്ളേ ചെയ്തേ അതിൽ ഉണ്ടാവും ,എല്ലാവരും ശ്രദ്ധിച്ചു നോക്കൂ

ഹരിയുടെ കയ്യിലെ വിഡിയോ റെക്കോർഡറിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ ഗിരീഷിനും രാജീവിനും ഒരു കാര്യം ബോധ്യപ്പെട്ടു ഷാനവാസ് പറഞ്ഞത് ശരിയാണെന്ന് അവിടെ ആൾസഞ്ചാരമുണ്ട്. ..!!

വിഡിയോ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്ന ഭദ്രയുടെ കണ്ണുകൾ പെട്ടെന്ന് ഒന്ന് തിളങ്ങി. .

“ഹരി സ്റ്റോപ്പ് …!!

മാഡം..,

യെസ് ദാ ഇവിടെ , ഇവിടെ നോക്കൂ എല്ലാവരും … ഇവിടെ എന്തെങ്കിലും പ്രത്യേകത കാണാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക് ..?

ഭദ്ര ചൂണ്ടി കാണിച്ചു കൊടുത്ത വിഡിയോ ഭാഗത്തേക്ക് നോക്കിയതും രാജീവ് പെട്ടെന്ന് പറഞ്ഞു

യെസ് മാഡം ഇവിടെ പ്രത്യേകത ഉണ്ട്

എന്താണ് രാജീവ് ..?

മാഡം ഇവിടെ ഉള്ള ഈ ശവക്കല്ലറകളെല്ലാം തന്നെ കുടുംബം കല്ലറകളാണ്…, അതും തേക്കിൻ തോട്ടംകാരുടെ ..!! ദാ അതിന്റെ മുകളിൽ എഴുതി വെച്ചിട്ടുണ്ട്. ..!!

യെസ് രാജീവ് ശരിയാണ് താൻ പറഞ്ഞത്. ..ഇനി വേറെ എന്തെങ്കിലും ..?

മാഡം..,ഷാനവാസ് വിളിച്ചു. …

ഷാനവാസ് പറ വേറെന്തെങ്കിലും തനിക്ക് കണ്ടെത്താൻ പറ്റിയോ..?

യെസ് മാഡം.., വർഷങ്ങളായി ആരും ഉപയോഗിക്കാതെ അനാഥമാക്കപ്പെട്ട ആ സെമിത്തേരിയിലെ ഈ ശവ കല്ലറക്കളുടെ ചുറ്റും മാത്രം അധികം കാടുകൾ വളർന്നിട്ടില്ല, അഥവാ ഉള്ള ചെടികൾ തന്നെ ആരുടെയോ ചവിട്ടേറ്റ് കരിഞ്ഞു പോയിരിക്കുന്നു, അതായത് കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ അവിടെ ആരോ ചെന്നിട്ടുണ്ട് ..!!

അതെ ഷാനവാസ് , താൻ പറഞ്ഞത് ശരിയാണ്.., അവിടെ എന്തോ ഒരു രഹസ്യം നമ്മളെ കാത്തിരിപ്പുണ്ട്.!! നമ്മുടെ അന്വേഷണത്തെ ഏറെ സഹായിക്കുന്ന എന്തോ ഒന്ന് …!!

മാഡം അങ്ങനെ ഉറച്ചു വിശ്വസിക്കാൻ പറ്റുമോ..? ഒരുപക്ഷെ ആരെങ്കിലും പ്രാർത്ഥിക്കാനോ മറ്റോ കല്ലറയിൽ ചെന്നതായ്കൂടെ..? ഹരികുമാർ ചോദിച്ചു

അങ്ങനെ ഒരു ചാൻസില്ല ഹരി, കാരണം പുതിയ പള്ളിയുടെ സെമിത്തേരിയിൽ തേക്കിൻതോട്ടകാരുടെ പുതിയ കുടുംബ കല്ലറ ഞാൻ കണ്ടിരുന്നു, അതായത് ഇപ്പോൾ ഉള്ള തലമുറയ്ക്കുംഒരുപാട് മുമ്പ് ഉള്ളതാണ് പഴയ കല്ലറ അവിടെ പോയി പ്രാർത്ഥിക്കാനിപ്പോൾ ആരാണ് തേക്കിൻ തോട്ടത്തിൽ ..?

ഇനിയിപ്പോൾ അങ്ങനെ തന്നെയാണെങ്കിലും ലീന ഡോക്ടറെ കാണാതായ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും തേക്കിൻ തോട്ടത്തിൽ നിന്ന് ഒരാളും പളളിയിലേക്ക് പോലും വന്നിട്ടില്ല.പിന്നെ അവരെന്തിനാ പഴയ കല്ലറയ്ക്ക് അടുത്ത് പോയി..? അതുകൊണ്ട് അവിടെ , ആ കല്ലറ,, അവിടെ ഉണ്ട് നമുക്ക് വേണ്ടതെന്തോ.? ഐയാം ഷുവർ.!!

മാഡം, വെറുമൊരു ഊഹത്തിന്റ്റെ പേരിൽ പള്ളി സെമിത്തേരിയിൽ കയറി കല്ലറ പൊളിച്ചാൽ ..,,? പറഞ്ഞു വന്നത് ഗിരീഷ് പാതിവഴിയിൽ നിർത്തി ..

“പൊളിച്ചാൽ വിശ്വാസികളിളക്കും അറിയാം ഗിരീഷ് ..,പക്ഷേ നമ്മുടെ ആ ഭയമാണ് ശത്രുക്കൾ മുതലെടുക്കുന്നതെങ്കിലോ..?

ഭദ്രയുടെ മറുചോദ്യത്തിന് ഗിരീഷിന് മറുപടി ഉണ്ടായിരുന്നില്ല..

അപ്പോൾ ഇന്ന്, ഇന്ന് രാത്രി നമ്മൾ ആ കല്ലറകൾ പൊളിക്കുന്നു ..!!

ഭദ്രയുടെ തീരുമാനം കേട്ടൊരു നിമിഷം ഷാനവാസുൾപ്പെടെയുളളവർ പകച്ചുപോയി വരാനിരിക്കുന്ന ഭവിഷ്യത്ത് അവരുടെ കൺമുന്നിൽ തെളിഞ്ഞൊരു നിമിഷം..!!

“എന്താണ് എല്ലാവരും ഭയന്ന് പോയതുപോലെ.? നമ്മൾ ഇനിയും താമസിച്ചാലൊരു പക്ഷേ അത് ശത്രുകൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കും. .!!

ഇപ്പോൾ തന്നെ നമ്മൾ സെമിത്തേരിയിൽ കാലെടുത്ത് വെച്ചപ്പോൾ അവിടെ ചേർന്ന ആ ആൾക്കൂട്ടം അതാരുടെയോ കൃത്യമായ പ്ളാൻ ആണെന്ന് നമുക്ക് ഉറപ്പല്ലേ.?
അതുകൊണ്ടാണ് നമുക്ക് അവിടെ നിന്നൊന്നും കിട്ടിയില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ കപ്യാരു വറീതിനെ വെറുതെ ഒന്ന് പേടിപ്പിച്ചത്..!!

ഇന്നീ രാത്രി അവരാരും തന്നെ ആ സെമിത്തേരിയിലേക്ക് നമ്മൾ ചെല്ലും എന്ന് പ്രതീക്ഷിക്കില്ല , അതുകൊണ്ട് ഇന്ന് ഈ രാത്രി നമ്മൾ ചെല്ലുന്നു സെമിത്തേരിയിലേക്ക്..!! ഓകെ. ..,അതൊരു ഓർഡറായിരുന്നു…

വിവരങ്ങൾ വിളിച്ചു പറഞ്ഞു ഡിജിപി സാറിൽ നിന്നും അനുവാദം വാങ്ങണം ആദ്യം, പിന്നെ നമ്മുടെ ഫോഴ്സിനെയും കൂട്ടണം ഒരു ആക്രമണം ഉണ്ടായാൽ ചെറുകാൻ…!!

***************************

രാത്രി പ്രകൃതി പോലും നിശ്ചല ധ്യാനത്തിൽ മുഴുകിയ സമയത്ത് പഴയ പളളിയുടെ സെമിത്തേരി ലക്ഷ്യമാക്കി ഭദ്രയും ടീംമും മുന്നോട്ടു നീങ്ങി… ..!തേക്കിൻതോട്ടംക്കാരുടെ പഴയ കുടുംബകല്ലറയ്ക്കരികിലെത്തിയതും ഭദ്ര കൂടെയുളളവരെ നോക്കി , ആ നോട്ടത്തിന്റ്റെ അർത്ഥം മനസ്സിലാക്കി രാജീവ് കൂടെ വന്നിരിക്കുന്നവർക്ക് ശ്രദ്ധയോടെ കല്ലറ പൊളിക്കാനുള്ള നിർദ്ദേശം നൽകി…!!

വർഷങ്ങൾ പഴക്കമുള്ള ആ കല്ലറയിലെ ആദ്യത്തെ കല്ലറയുടെ മുകളിലെ സിമന്റ് പാളികൾ പണിക്കാർ ശ്രദ്ധയോടെ അടർത്തി മാറ്റാൻ നോക്കിയതും പെട്ടെന്നൊരു ശബ്ദത്തോടെയാ സിമന്റ് പാളി ഒരു സൈഡിലേക്ക് തെന്നി മാറി …!!

ഒരു സെക്കന്റ് നേരത്തേ നിശബ്ദത.., അതിനെ കീറിമുറിച്ച് പെട്ടെന്നാണ് അന്തരീക്ഷത്തിത്തെ നടുക്കി കൊണ്ടൊരു നിലവിളി പണിക്കാരിൽ നിന്നുയർന്നത്…!!

ഞെട്ടലോടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ ഭദ്രയുടെ ശരീരത്തിലൂടൊരു വിറയൽ പാഞ്ഞു കയറി..!!!

“ജേക്കബച്ചൻ….!!

ഭദ്രയുടെ പുറകിലൂടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ രാജീവ് മന്ത്രണംപോലെ ആ പേര് പറയുമ്പോഴും ഭദ്രയിലെ ഞെട്ടൽ വിട്ടു മാറിയിരുന്നില്ല..!

“മാഡം.!!

രാജീവ് ഭദ്രയെ നോക്കി….

” മാഡം ഓകെ അല്ലേ…? അയാൾ ചോദിച്ചു

“യെസ് ….ബട്ട്, ഐയാം…

വാക്കുകൾ പാതിവഴിയിൽ ഭദ്ര മാഡം നിർത്തുമ്പോൾ കൂടെയുളളവർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു ഭദ്രയുടെ അവസ്ഥ..!!

ജേക്കബച്ചൻ ജീവനോടെ ഉണ്ടോ എന്ന സംശയം മനസ്സിൽ ബാക്കി നിന്നിരുന്നുവെങ്കിലും ഇവിടെ, ഈ കല്ലറയിൽ മാഡം ഒരിക്കലും അച്ചനെ പ്രതീക്ഷിച്ചിരുന്നില്ല …!! മാഡം മാത്രമല്ല തങ്ങളോരുത്തരും….!!

മാഡം …,,

ഹരി ധൃതിയിൽ ഭദ്രയ്ക്ക് അരികിലെത്തി

“മാഡം, അച്ചന്റ്റെ ശരീരത്തിനടിയിലായ് ഒരു ബോഡി കൂടിയുണ്ട് ..!!

ഹരിയുടെ വാക്കുകൾ കേട്ട ഭദ്ര വീണ്ടും ആ കല്ലറയ്ക്കുളളിലേക്ക് സൂക്ഷിച്ച് നോക്കി , ശരിയാണ് ഒരു കൈ കാണുന്നുണ്ട് അച്ചന്റ്റെ ശരീരത്തിനടിയിൽ…!!

ആരുടേതാണ് ..? ഭദ്രയുടെ മനസ്സിൽ ലീന ഡോക്ടറുടെ മുഖം തെളിഞ്ഞു…

വേഗം .., വേഗം അച്ചന്റ്റെ ശരീരം പുറത്തേക്ക് എടുക്കൂ ശ്രദ്ധയോടെ വേണം…

“ഹരി താൻ എല്ലാംവളരെ കൃത്യമായി തന്നെ വീഡിയോയിൽ പകർത്തൂ.. ഒന്നും വിട്ടു പോവരുത്…!!

കമോൺ എവരിബഡി…!! എല്ലാവരും വേഗം അവരവരുടെ ജോലികൾ ചെയ്യൂ ..!!

ഭദ്ര വേഗം തന്നെ ഷോക്കിൽ നിന്നു മുക്തയായി തന്റ്റെ ജോലിയിലേക്ക് തിരിഞ്ഞു

പക്ഷേ കല്ലറ തുറന്നപ്പോഴുളള അസഹ്യമായ ദുർഗന്ധം പണിക്കാരെ ജോലിയിൽ നിന്നും പിന്നോട്ടു വലിച്ചു ,അഴുകി തുടങ്ങിയ ശരീരങ്ങളുടെ ദുർ ഗന്ധം അവരുടെ മാസ്കിനെയും തുളച്ചു കയറുന്നതായിരുന്നു…!!

എസ് ഐ ഗിരീഷും ,രണ്ട് പണിക്കാരും ദുർഗന്ധം സഹിക്കാൻ കഴിയാതെ ശർദ്ദിക്കാൻ തുടങ്ങിയതും , പെട്ടെന്ന് പള്ളിപരിസരമാകെ ലൈറ്റുകൾ തെളിഞ്ഞു ഒപ്പം ആരുടെയോ ടോർച്ചിന്റ്റെ വെട്ടം സെമിത്തേരിയിൽ പതിച്ചു …!!

പെട്ടെന്നു തന്നെ അപായസൂചന നൽകികൊണ്ടാ അർദ്ധ രാത്രിയിൽ പളളിമണികൂട്ടത്തോടെ മുഴങ്ങി..!!

ഒരു നിമിഷത്തെ സ്തംഭനാവസ്ഥ..!! ഭദ്ര പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് കൂടെയുള്ള പോലീസുകാർക്ക് മുൻകരുതൽ നിർദേശം നൽകി, ഭദ്രയിൽ ഒട്ടും തന്നെ പേടിയിപ്പോൾ അവശേഷിച്ചിരുന്നില്ല ,കാരണം തടയാനും ചോദ്യം ചെയ്യാനും വരുന്നവർക്കുളള മറുപടിപോലെ ജേക്കബച്ചന്റ്റെ ശവശരീരമപ്പോൾ പണിക്കാർ കല്ലറയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നുണ്ടായിരുന്നു…!!

രാത്രി അപായ മണി പള്ളിയിൽ മുഴങ്ങിയതും ആളുകളോരോത്തരും പരിഭ്രാന്തിയോടെ കൂട്ടം കൂടി പളളിയിലേക്ക് എത്തി….,,

കാര്യം തിരക്കിയവർ പളളിയിലും പിന്നെ സെമിത്തേരിക്കടുത്തും എത്തി, പകൽ നാണംകെട്ട് വെറും കൈയ്യോടെ ഇവിടെ മടങ്ങി പോയി പോലീസുകാരെ സെമിത്തേരിയിൽ അർദ്ധരാത്രിയിൽ കണ്ടതും അവരിൽ ചിലർ സെമിത്തേരിക്കുളളിലേക്ക് കുതിക്കാനൊരുങ്ങി ,പക്ഷേ അവരുടെ കാലുകൾക്ക് ചങ്ങലകൊളുത്തെന്നപോലെ ജേക്കബ്ബച്ചന്റ്റെ ശവശരീരം അപ്പോൾ കല്ലറയിൽ നിന്നും പുറത്തേക്ക് എത്തിയിരുന്നു..!!

കണ്ണുകൾക്ക് മുമ്പിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ആളുകൾ പരിഭ്രാന്തരായ് , ലീന ഡോക്ടർക്കൊപ്പം നാടുവിട്ടുവെന്ന് പത്രങ്ങൾ വിളിച്ചു പറഞ്ഞ അച്ചന്റ്റെ ജീവനില്ലാത്ത ശരീരമിതാ കൺമുന്നിൽ…!!

കാണുന്നത് വിശ്വസിക്കാൻ പറ്റാതെയവർ പകച്ചു നിൽക്കുമ്പോൾ ഷാനവാസും ടീംമും അതേ കുഴിയിൽ നിന്ന് വേറൊരു ശരീരം കൂടി പുറത്തേക്കെടുത്തു ..!!

അതാരാണെന്നറിയാൻ അങ്ങോട്ടു നോക്കിയ കപ്യാരു വറീതു ഞെട്ടിപോയി …, അതു ‘ശവകുഴി തൊമ്മി’യുടെ അഴുകി തുടങ്ങിയ ശവശരീരമായിരുന്നു..!!

കുറഞ്ഞ സമയം കൊണ്ട് തന്നെ വാർത്ത നാടാകെ പരന്നു….,സെമിത്തേരിയിൽ ജനങ്ങളും മാധ്യമ പ്രവർത്തകരും തടിച്ചു കൂടി. ..!!

അവരെ നിയന്ത്രിക്കാൻ രാജീവ് കൂടുതൽ പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വരുത്തി .. സംഭവസ്ഥലത്തേക്ക് ഉന്നതാധികാരികൾ പുറപ്പെട്ടു..

” മാഡം ഇനിയീ കല്ലറയിൽ പഴകി ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ ഏതാനും അസ്ഥികൾ മാത്രമേയുള്ളൂ,ഷാനവാസ് ഭദ്രയോട് പറഞ്ഞു

അതിനു മറുപടിയൊരു മൂളലിൽ ഒതുക്കി നിർത്തി ഭദ്ര തനിക്ക് മുന്നിൽ നിലത്ത് കിടത്തിയിരിക്കുന്ന ആ ശവ ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി. .

അച്ചന്റ്റെ ശരീരത്തിലെവിടെയും പുറമെ നിന്നു നോക്കുമ്പോൾ മുറിവുകൾ കാണാനില്ല …!! അതുപോലെതന്നെ അച്ചന്റ്റെ സഭാവസ്ത്രത്തിനൊരു പോറൽ പോലും പറ്റിയിട്ടില്ല ..!!

തൊമ്മിയുടെ ശരീരത്തിന് എട്ട് പത്ത് ദിവസത്തെ പഴക്കം വന്നതൊഴിച്ചാൽ ബാക്കി എല്ലാം അച്ചന്റ്റെ ശരീരം പോലെ തന്നെ എവിടെയും മുറിവുകൾ കാണാനില്ല. ..!!

“ജേക്കബ്ബച്ചന്റ്റെ ശരീരത്തിന് കാണാതായ നാളുമുതലുളള പഴക്കം തോന്നുന്നില്ലേ മാഡം…?

“ഉണ്ട് രാജീവ്, അതായത് കാണാതായി എന്ന് നമ്മൾ കരുതുന്ന അന്നു തന്നെ അച്ചൻ കൊല്ലപ്പെട്ടിട്ടുണ്ട്, പക്ഷേ എങ്ങനെ..? . എവിടെ വെച്ച് .? കണ്ടു പിടിക്കണം രാജീവേ.. കണ്ടു പിടിച്ചിരിക്കും നമ്മൾ .. !!

ഭദ്രയുടെ ശബ്ദത്തിലെ ദൃഡത രാജീവ് തിരിച്ചറിയുന്നുണ്ടായിരുന്നു അപ്പോൾ …

“മാഡം ..,,

ഷാനവാസ് ഭദ്രയ്ക്ക് അരികിലെത്തി …

പറയൂ ഷാനവാസ് ..,

“മാഡം ജേക്കബച്ചനെയും ലീന ഡോക്ടറെയും ഒരുമിച്ചാണ് കാണാതായത്, ഇപ്പോൾ അച്ചന്റ്റെ ശവശരീരം ദാ ഇവിടെ നിന്ന് ലഭിച്ചു , അപ്പോൾ ലീന ഡോക്ടർ…?

ഷാനവാസ് മറ്റുള്ള ശവകല്ലറയിലേക്ക് നോക്കിയതു ചോദിച്ചപ്പോൾ ഭദ്രയും അതേ ചിന്തയിലായിരുന്നു …ലീന ഡോക്ടർ എവിടെ. .?

ഷാനവാസ് ഡോക്ടർ ലീന ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല ,മേ ബീ അവരു കൊല്ലപ്പെട്ടിട്ടില്ല എന്നു കരുതാം നമുക്ക്. .. !!

മാഡം മാഡമങ്ങനെ പറയാനുളള കാരണം ..?

കാരണം, സിംപിൾ ആണ് ഗിരീഷേ കൊല്ലപ്പെട്ടുവെങ്കിൽ ആ ശരീരവും ഈ കല്ലറയ്ക്കുളളിൽ കണ്ടേനെ കാരണം നമ്മൾ ഇവരെ തേടി ഇവിടെ എത്തും എന്ന് ശത്രുക്കൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാം ഡോക്ടർ ലീന എവിടെയോ ജീവനോടെ ഇരിപ്പുണ്ട്…!!

ഭദ്രയുടെ നിഗമനം ശരിയാണെന്ന് കൂടെയുളളവർക്ക് തോന്നി കാരണം ഡോക്ടർ കൊല്ലപ്പെട്ടിരുന്നുവെങ്കിലാ ശരീരവും ഇപ്പോൾ ഇവിടെ കണ്ടേനെ തീർച്ച..!!

അപ്പോൾ ഇത് തേക്കിൻ തോട്ടംക്കാരുടെ നാടകം ആയിരുന്നോ…?

അച്ചനെ വകവരുത്തിയിട്ടവർ എന്തിന് ലീന ഡോക്ടറെ കൂടി കാണാനില്ല എന്നു പറഞ്ഞു മാഡം. .. ?

അറിയില്ല ഹരി.., ചോദ്യങ്ങൾ ഒരുപാടുണ്ട് നമ്മുക്ക് ചുറ്റും, ഇല്ലാത്തത് ഉത്തരങ്ങൾ മാത്രം. .!! നമ്മൾ കണ്ടതേണ്ടതാ ഉത്തരങ്ങളാണ് ..!!

“മാഡം ഇനി എന്താണ് അടുത്ത നടപടി ..? നമ്മൾ മടങ്ങുകയാണോ..? ഹരിയുടെ ചോദ്യം കേട്ട ഭദ്ര അയാളെ ഒന്നു ഇരുത്തി നോക്കി.. ..

ഹരി നമ്മൾ ഇവിടെ ഈ സെമിത്തേരിയിൽ എത്തി ചേരാനുളള കാരണംനിങ്ങൾ മറന്നോ ..?

തൊമ്മി.,

എസ്…, തൊമ്മി , അയാൾഇവിടെ എന്തോ കണ്ടു ഭയന്നുവെന്ന കപ്യാരുടെ മൊഴിയാണ് നമ്മളെ ഇവിടെ എത്തിച്ചത് ..,ആ ചോദ്യം ഇപ്പോഴും ബാക്കിയുണ്ട് ഹരികുമാർ .., എന്തുകണ്ടിട്ടാണ് ശവകുഴി തൊമ്മി ഭയന്നത് എന്ന ചോദ്യം ..,കാരണം അയാൾ കണ്ടതെന്താണെങ്കിലും അതാണയാളെ ഈ കല്ലറയിൽ ജീവനില്ലാതെ കിടത്താൻ കാരണമായി തീർന്നത് ..!!

അതുകൊണ്ട് തുറക്കുകയാണ് നമ്മൾ ഇവിടെ അവശേഷിക്കുന്ന ഈ കല്ലറകൾ മുഴുവൻ. .

മാഡം….!!

“അതേ ..,ആ കാര്യത്തിൽ ഇനിയൊരു സംശയമില്ല ..!! ഉന്നതാധികാരികൾ ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ നമ്മൾ അത് ചെയ്തിരിക്കണം കാരണം ,ഇവിടെ നിന്ന് ഒരു പിൻവാങ്ങൽ ഇപ്പോൾ ഉണ്ടായാൽ മടങ്ങി വരുമ്പോൾ നമ്മൾ തേടുന്നതൊന്നും ഇവിടെ അവശേഷിക്കില്ല ..!! സോ , വേഗം ബാക്കിയുള്ള രണ്ട് കല്ലറകൾ കൂടി തുറക്കൂ. ..!!

ഭദ്രയുടെ നിർദ്ദേശം അനുസരിച്ച് പണിക്കാർ മറ്റുള്ള കല്ലറയ്ക്കരികിലേക്ക്നീങ്ങുന്നത് നാട്ടുകാർ എല്ലാവരും ചങ്കിടിപ്പോടെ നോക്കി നിന്നു..

എന്തിനാണവർ അവയെല്ലാം തുറക്കുന്നതെന്നോ, ഇനിയാരെയാണവർ തിരയുന്നതെന്നോ അവർക്ക് മനസ്സിലായില്ല…!!

ഒരു പക്ഷേ ലീന ഡോക്ടറെ…അതെ ഡോക്ടറെ തന്നെ അവർ ഉറപ്പിച്ചു. .

രണ്ടാമത്തെ കല്ലറ പകുതി തുറന്നതും അവിടെ ആകെ അസഹ്യമായ ദുർഗന്ധം പരന്നു ആളുകൾ പലരും അവിടെ നിന്ന് പിൻവാങ്ങി പളളിമുറ്റത്തേക്ക് നീങ്ങി. .

ഷാനവാസും , രാജീവും ആദ്യം തന്നെ മാറിനിൽക്കുന്ന ഗിരീഷിനടുത്തേക്ക് മാറിനിന്നു ..

ഭദ്ര പക്ഷേ അപ്പോഴും മിഴികൾ ചിമ്മാതെ ആ കല്ലറയ്ക്കുളളിലേക്ക് തന്നെ നോക്കി നിന്നു. .!!

“സാറെ….!!

പെട്ടെന്ന് പണിക്കാർ പരിഭ്രമത്തോടെ വിളിച്ചപ്പോൾ ഭദ്ര കണ്ടു രണ്ടാമത്തെ കല്ലറയിലെ കുഴിയിൽ മൂന്ന് പെൺശരീരങ്ങൾ ..!! പൂർണമായും ന ഗ്നമായ നിലയിൽ . …!!

“മാഡം ..,, ഇത് ..? ഇവർ …? ഷാനവാസ് ഭദ്രയുടെ അടുത്തേക്ക് വന്നു കൊണ്ട് സംശയത്തോടെ ചോദിച്ചു

“തിരിച്ചറിയാൻ പറ്റുന്നില്ല അല്ലേ ഷാനവാസ് ..?

“മുഖം അഴുകിയത് കൊണ്ട് പറ്റുന്നില്ല മാഡം…!!

“പക്ഷേ എനിക്ക് ഉറപ്പുണ്ട് ഷാനവാസ്, ഇത് അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് പോയി തിരിച്ചു വന്നു കാണാതായ ആ ഏഴുപെൺകുട്ടികളിലെ മൂന്നു പേരാണെന്ന്….!!

മാഡം …!!

അതെ ഷാനവാസ്..!!

ഭദ്രയുടെ വാക്കുകൾ കേട്ട ഷാനവാസ് വിശ്വസിക്കാൻ കഴിയാതെ രാജീവിനെയും ഗിരീഷിനെയും നോക്കി. ..

കുഴിയിൽ നിന്ന് ഓരോ ശരീരങ്ങൾ പുറത്തേക്ക് എടുക്കുമ്പോഴും അതാരാണെന്ന് തിരിച്ചറിയാൻ പറ്റാതെ ആളുകൾ പരസ്പരംനോക്കി. ..ആ ന ഗ്ന ശരീരങ്ങൾ മറയ്ക്കാനുളള തുണിക്ക് വേണ്ടി കപ്യാരു വറീത് പെട്ടെന്ന് തന്നെ പളളികകത്തുപോയി..

മുണ്ടുകൾ കൊണ്ടു വന്നു ഭദ്രയെ ഏൽപ്പിക്കവേ അയാളുടെ കണ്ണുകൾ ഒരു നിമിഷം ആ പെൺകുട്ടികളുടെ ശരീരത്തിൽ പതിഞ്ഞു , ഞെട്ടലോടെ മുഖമുയർത്തിയ വറീതിന്റ്റെ കണ്ണുകൾ ഭദ്രയുടെ കണ്ണുകളുമായ് ഉടക്കി ..!!

വറീതിന്റ്റെ മുഖത്തെ ഞെട്ടൽ തിരിച്ചറിഞ്ഞ ഭദ്ര അയാളെ സൂക്ഷിച്ച് നോക്കി

മാഡം ഇത് അവരല്ലേ…? അയാൾ ഉറക്കെ ചോദിച്ചു,അയാളുടെ ശബ്ദത്തിൽ വിറയൽ കടന്നു കൂടിയിരുന്നു അപ്പോൾ ..

ആരാണ് വറീതേട്ടാ അത്. .? ആളുകൾ പരിഭ്രാന്തിയോടെ അയാൾക്ക് ചുറ്റും കൂടി. .

അത് അത് നമ്മുടെ അനാഥാലയത്തിലെ കുട്ടികൾ ആണ് …!!

അയാളുടെ വിറയ്ക്കുന്ന ശബ്ദം ഭദ്ര ശ്രദ്ധിച്ചു

ആര്, വറീതേട്ടാ, അവരെല്ലാം ഇവിടെ തന്നെഇല്ലേ…? ബാക്കി ഉളളവർ വിദേശത്തല്ലേ…?

അവരുടെ ചോദ്യങ്ങൾക്കൊന്നിനും അയാളിൽ ഉത്തരമുണ്ടാവാതിരുന്നതും അയാൾ തളർച്ചയോടെ മണ്ണിൽ ഇരുന്നതും ഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. .

മൂന്നാമത്തെ കല്ലറ തുറന്നപ്പോൾ അതിനുളളിൽ ശവശരീരങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നു കണ്ടതും ഭദ്രയിൽനിന്നൊരു ദീർഘ നിശ്വാസം ഉയർന്നു. ..

മാഡം ബാക്കി കുട്ടികളുടെ ശരീരങ്ങൾ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് അവർ ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്ന് കരുതാം ല്ലേ… .? ഷാനവാസ് ചോദിച്ചു. .

“അങ്ങനെ പ്രാർത്ഥിക്കാം ഷാനവാസേ..,പ്രതീക്ഷിക്കാം. ..ഭദ്ര പറഞ്ഞു. ..

ഷാനവാസ്, തൊമ്മിയുടെ മരണത്തിനു കാരണമായി തീർന്നത് ചിലപ്പോൾ ഈ പെൺകുട്ടികളാവാം. ..കണ്ടെത്താം നമുക്ക് അത്..അതുപോലെ ആ കപ്യാരു വറീതിനെ ഒന്ന് ശ്രദ്ധിക്കണം, നമ്മുടെ നീരീക്ഷണത്തിൽ വേണം അയാൾ. ..

അതെന്തിനാ മാഡം..?

മുഖംപോലും വ്യക്തമായി തിരിച്ചറിയാൻ പറ്റാതെ അഴുകിയ ഈ ശരീരങ്ങൾ വിദേശത്ത് പോയ പെൺകുട്ടികളുടേത് ആണെന്ന് അയാൾ എങ്ങനെ തിരിച്ചറിഞ്ഞു…

മനസ്സിലായി മാഡം, അയാളിനി നമ്മുടെ നിരീക്ഷണത്തിലാവും ….

തുടർനടപടികളെ കുറിച്ച് അവർ സംസാരിക്കുന്നതിനിടയിലേക്ക് ഡിജിപി ദേവദാസും സംഘവും കടന്നു വന്നതോടെ അന്തരീക്ഷത്തിൽ ആകെ ഒരു മാറ്റം ഉണ്ടായി. ..

ദേവദാസ് ഭദ്രയുമായ് മാറിനിന്നു സംസാരിക്കുന്നതെന്താണെന്നറിയാതെ മാധ്യമ പടകളുൾപ്പെടെ അവരെ സസൂക്ഷ്മം വീക്ഷിച്ചു. …

കുറച്ചു സമയയത്തെ കൂട്ടം കൂടിയുളള ചർച്ചകൾക്ക് ശേഷം ശവശരീരങ്ങളുമായി ആംബുലൻസ് ആ സെമിത്തേരി കടന്നു പുറത്തേക്ക് പോയതും സംഭവിച്ചതെന്താണെന്ന് പൂർണമായും തിരിച്ചറിയാൻ കഴിയാതെ ആളുകൾ അവിടെ തന്നെ തടിച്ചുകൂടി …, അവർക്കിടയിലൂടെ ഭദ്രയും സംഘവും കൂടി സെമിത്തേരി വിട്ടു പോയതും കുറെ ചോദ്യങ്ങൾ മാത്രം അവിടെ അവശേഷിച്ചു…!!

°°°°°°°°°°°°°°°°°°°°

ഭദ്ര എന്താണ് നിങ്ങളുടെ ഒരു വിലയിരുത്തൽ കഴിഞ്ഞുപോയ മണിക്കൂറുകളെ പറ്റി.…?

ദേവദാസ് ഭദ്രയോടത് ചോദിച്ചപ്പോൾ നിർവികാരമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി. ..

ഓകെ ഗൈസ്, നിങ്ങളെല്ലാം ആകെ ക്ഷീണിതരാണ് ഭദ്രയുൾപ്പെടെ, അതുകൊണ്ട് തന്നെ നിങ്ങൾ അല്പസമയം വിശ്രമിക്കൂ… കാരണം, ഇനിയങ്ങോട്ടവശേഷിക്കുന്നത് വിശ്രമമില്ലാത്ത പകലിരവുകളാണ്. .. .!!

ദേവദാസ് പറഞ്ഞു നിർത്തിയതും ഭദ്ര സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു. ..

ഭദ്ര താനിതെങ്ങോട്ടാണ് ഈ രാത്രിയിൽ. .?

ദേവദാസ് പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു. ..

“സാർ ഞാൻ കുറച്ചു നേരം ഒന്ന് തനിയെ ഇരുന്നിട്ട് വരാം.., മനസ്സാകെ കലങ്ങി മറിഞ്ഞതുപോലെ. ., ഒരു തരം ശൂന്യത. ..!!

“ഓകെ ഭദ്രാ.., പക്ഷേ തനിച്ച് ദൂരെയെങ്ങും പോവരുത്, കാരണം ശത്രുക്കൾ നിൽക്കകള്ളിയില്ലാതെ പരക്കം പായുകയാവും ഇപ്പോൾ…, സൂക്ഷിക്കണം..!!

അറിയാം സാർ…,ഞാനൊന്ന് ഗസ്റ്റ് ഹൗസിൽ പോയി ഫ്രഷായി വരാം.., അത്രമാത്രം… പറഞ്ഞു കൊണ്ട് ഭദ്ര ഷാനവാസിണ്റ്റെ കയ്യിൽ നിന്ന് ബുളറ്റിന്റ്റെ കീ വാങ്ങി വണ്ടി സ്റ്റാർട്ടാക്കി സ്റ്റേഷൻ വിട്ടു പോയതും ഒരപകട സൂചന പോലെ ദേവദാസിന്റ്റെ മനസാകെ അസ്വസ്ഥമായി…

**************************

“”നേരം പുലരാനിനിയും സമയമേറെ ഉളളതുപോലെ…,, തനിക്ക് ചുറ്റും പരന്നുകിടക്കുന്ന ഇരുട്ടിനെകീറിമുറിച്ച് ബുള്ളറ്റ് പായിക്കവേ ഭദ്ര സ്വയം പിറുപിറുത്തു..

മനസാകെ അസ്വസ്ഥതകൾ നിറഞ്ഞു നിൽക്കുന്നതിനാൽ അമിത സ്പീഡിലാണ് അവൾ ബുള്ളറ്റ് പായിച്ചത്…

ഗസ്റ്റ് ഹൗസിനടുത്തെത്തിയതും പെട്ടെന്ന് ഭദ്ര ഞെട്ടി…, മുമ്പിലാരോ നിൽക്കുന്നതുപോലെ…!! അവളുടെ മനസ്സൊന്നു പിടച്ചതും ബുളറ്റൊന്ന് വെട്ടി, വലിയ ശബ്ദത്തോടെ റോഡിലേക്ക് മറിഞ്ഞു. .. !!

അമ്മേ…,,,അമർത്തിയ നിലവിളിയോടെ ഭദ്ര റോഡിലേക്ക് തെറിച്ചു വീഴുമ്പോൾ അവളുടെ ചുറ്റും ശത്രുക്കൾ നിരന്നു നിന്നു

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…