പ്രതീക്ഷ
എഴുത്ത്: അഞ്ജലി മോഹനൻ
റെയ്ൽവേ സ്‌റ്റേഷന്റെ ആ തിണ്ണയിൽ അവൾ കാത്തിരിപ്പായിരുന്നു.അപ്പോഴാണ് എനൗൻസ്മെന്റ് കേട്ടത് “യാത്രികരുടെ ശ്രദ്ധക്ക് ട്രെയ്ൻ നമ്പർ 03 21 ത്രിവേണി എക്സ്സ്പ്രസ്സ് അല്പസമയത്തിനകം പ്ലാറ്റ്ഫോം നമ്പർ 3 യിൽ എത്തി ചേരുന്നതാണ്.അത് കേട്ടപ്പോഴാണ് അവൾക്കാശ്വാസമായത്. വണ്ടി ഇന്ന് 20 മിനിറ്റ് വൈകി.
നീണ്ട ചൂളം വിളിയുടെ ശബ്ദം അവൾ കാതോർത്തു.യാത്രക്കാരുടെ തിക്കും തിരക്കും ബഹളവും. ട്രെയിൻ 10 മിനിറ്റ് മാത്രമേ അവിടെ നിൽക്കൂ എന്നവൾക്കറിയാമായിരുന്നു. അത്രക്ക് പോലും കാത്തിരിക്കാനുള്ള ക്ഷമ അവൾക്കുണ്ടായില്ല.
വൈകീട്ട് മാത്രം മുടങ്ങാതെ കിട്ടുന്ന ആ നല്ല ഭക്ഷണത്തിന് വേണ്ടിയായിരുന്നു കാത്തിരിപ്പ്.നീണ്ട ചൂളം വിളിക്ക് ശേഷം ട്രെയിൻ നീങ്ങാൻ തുടങ്ങി.
അവൾ നെടുവീർപ്പിട്ടു, പിന്നീട് ഭക്ഷണപൊതി അടുത്തെത്താനുള്ള കാത്തിരിപ്പായിരുന്നു. അവൾടെ പ്രതീക്ഷ ഇന്നും തെറ്റിയില്ല. അദ്ദേഹം വന്നു.
ഇൻസൈഡ് ചെയ്ത ഷർട്ട്. ഷർട്ടിന്റെ കൈ കുറച്ച് മടക്കി വെച്ചിട്ടുണ്ട്. കാലിൽ സാധാരണ ചെരുപ്പ്.ഇടതു കയ്യിലൊരു ബാഗും വലുതു കയ്യിൽ ഒരു പൊതിചോറും.
അദ്ദേഹം അവളുടെ തോളത്ത് തട്ടിയിട്ട് ചോദിച്ചു “ചിന്നുമോൾ കാത്തിരുന്ന് വിഷമിച്ചോ??… ദാ ചോറ്…. ഇന്ന് വണ്ടി മംഗലാപുരത്ത് പിടിച്ചിട്ടു അതാ വൈകിയത്.. മോള് വേഗം പൊയ്ക്കോ ഇവിടെ അധികനേരം നിൽക്കുന്നത് അപകടമാണ്….
അവൾ എന്നത്തേയും പോലെ നന്ദി പ്രകടിപ്പിച്ചത് ആ മനുഷ്യന്റെ കയ്യിൽ ചുംബിച്ചുകൊണ്ടാണ്… അവൾ പറഞ്ഞു “അമ്മക്ക് വയ്യാത്തോണ്ട് പുറത്ത് പോയിട്ടില്ല.. അതുകൊണ്ട് ഇന്ന് ഒന്നും കഴിച്ച് കാണില്ല ഞാനിത് കൊണ്ടു കൊടുക്കട്ടെ…..
അവൾ മെല്ലെ എണീറ്റ് അല്പം കുനിഞ്ഞ് ഇരുന്നിടത് നിന്ന് തന്റെ വടി തപ്പിയെടുത്തു….റെയിൽവേ സ്റ്റേഷന്റെ മുക്കും മൂലയും വരെ അവൾക്ക് മനപാഠമായിരുന്നു, അതുകൊണ്ടാവാം തപ്പാതെയും തടയാതെയും നടന്നുതുടങ്ങിയത്.. അവൾ വടി നീട്ടി മുന്നിൽ ആളില്ല എന്നുറപ്പുവരുത്തിട്ടാണ് ഓരോ കാലടിയും ഉറപ്പിക്കുന്നത്…
സ്റ്റേഷന്റെ അടുത്ത് പഴയ ചാക്കുകൊണ്ട് കെട്ടിയ ഒരു കുഞ്ഞു കുടിൽ…അവൾ വടി പുറത്തുവെച്ചു കുനിഞ്ഞ് ഉള്ളിൽ കയറി.. മുഷിഞ്ഞ തുണിയിൽ ചുരുണ്ടു കിടക്കുന്ന അമ്മയെ അവൾ തപ്പി കണ്ടുപിടിച്ചു വിളിച്ചുണർത്തി പറഞ്ഞു….
“രാവിലെ മുതലുള്ള കിടപ്പല്ലേ അമ്മേ…. എണീക്ക്…ചോറു കൊണ്ടുവന്നിട്ടുണ്ട്…വാ നമ്മുക്ക് കഴിക്കാം..”
ഒന്ന് ചുമച്ചുകൊണ്ട് കൈ തറയിൽ കുത്തി ആ സ്ത്രീ എഴുന്നേറ്റു.. മുഷിഞ്ഞ വേഷം,ജട പിടിച്ച മുടി, കണ്ടാലറിയാം അവർ വളരെ ക്ഷീണിതയാണ്…അവർ ചിന്നുവിന്റെ വാടിയ മുഖത്തെ ചേർത്തുപിടിച്ചു പറഞ്ഞു….
“എന്റെ കുട്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ലെ….ഈ അമ്മ പോയാ കണ്ണുകാണാത്ത എന്റെ കുട്ടിക്ക് ആരാ കൂട്ട്….???” ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്….
വിശപ്പിന്റെ വിളി സഹിക്കാത്തത് കൊണ്ടാവണം അവൾ അത് ശ്രദ്ധിക്കാതെ പൊതിച്ചോറിന്റെ കെട്ടഴിക്കാനുള്ള ശ്രമത്തിലായിരുന്നു..
കെട്ടഴയ്ക്കാനുള്ള അവളുടെ വെപ്രാളം കണ്ട് ദുർബലമായ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…താൻ കരയുന്നത് മകൾ അറിയാതിരിക്കാൻ ആ മുഷിഞ്ഞ സരികൊണ്ട് വാ പൊത്തി… ഇതറിയാതെ കഷ്ടപെട്ടവൾ പൊതിയഴി്ച്ചു….
“അമ്മേ…. ഇന്നെന്താ പൊതിചോറിൽ കറി….??.. ഇന്നലത്തെപോലെ സാമ്പാറും അച്ചാറും പപ്പടവുമാണോ..??… അച്ചറുണ്ടേൽ ഒരു കഷ്ണം മാറ്റി വെക്കണം ട്ടോ… എനിക്ക് ചോറൂണ് കഴിഞ്ഞ് ആസ്വദിച്ച് കഴിയ്ക്കണം….” അവൾ ആകാംക്ഷയോടെ പറഞ്ഞു….
“അച്ചാറുണ്ട് മോളേ… അമ്മ മാറ്റി വെക്കാം ട്ടോ……” ശബ്ദത്തിലെ മാറ്റം അവൾ ശ്രദ്ധിച്ചു… അവളുടെ മുഖം ചുമന്നു……
“അമ്മ എന്തിനാ കരയുന്നത്..??? വിശന്നിട്ടാണോ കരയുന്നെ….??…..അമ്മ വേണേൽ ചോറു മുഴുവൻ കഴിച്ചോ…വിശപ്പ് മരുമ്പോ ഇത്തിരി തന്നാ മതി….”
നിഷ്കളങ്കമായ ആ വാക്കുകൾ കേട്ടിരിക്കാൻ മാത്രം ശക്തി ആ മനസ്സിനുണ്ടായില്ല…..
മകളെ വരിയൂട്ടുന്നതിനിടക്ക് അമ്മയും കഴിച്ചു…
ചിന്നുവിന്റെ മനസ്സ് നിഷ്കളങ്കവും ചിന്തയറ്റതുമായതുകൊണ്ട് അവൾ എല്ലാ രാത്രിയിലും സുഖമായുറങ്ങി എന്നാൽ അമ്മയുടെ രാത്രികൾ ചിന്തകൾകൊണ്ട് നിദ്രവിഹീനമായിരുന്നു….
എല്ലാ പ്രഭാതവും ചിന്നു എഴുന്നേൽക്കുന്നത് രാത്രിയിലെ ഭക്ഷണത്തെക്കുറിച്ച് മെനഞ്ഞ സ്വപ്നവുംപേറികൊണ്ടായിരുന്നു…..
അവൾ എഴുനേറ്റ് വടി തപ്പിയെടുത്തു നടന്നു…. സൂര്യപ്രകാശത്തിന്റെ ചൂടളന്ന് സമയം കണ്ടുപിടിക്കാൻ അവൾക്ക് കഴിയുമായിരുന്നു..സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ അവൾ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിന്റെ വരവിനായ് കാത്തിരിക്കും….
ചൊവ്വയും വെള്ളിയും ദിവസങ്ങളെ അവൾ വെറുത്തു.. കാരണം അന്ന് ട്രെയിൻ ഉണ്ടാവില്ല..അന്നത്തെ രാത്രി ഭക്ഷണം കഷ്ടി ആണ്…..
അവൾ കാത്തിരുന്നു അനൗൻസ്മെന്റ് വന്നു…”യാത്രികരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ 0321 ത്രിവേണി എക്സ്സ്പ്രസ്സ് അൽപ്പസമയത്തിനകം പ്ലാറ്റ്ഫോം നമ്പർ 3 യിൽ എത്തിച്ചേരുന്നതാണ്…
അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദം 8.30ന്റെ ത്രിവേണി എസ്പ്രെസ്സിന്റെ ചൂളം വിളിയാണ്….ട്രെയിൻ വന്നപോയി, അടുത്ത് ആരും വന്നില്ല.. കാർമേഘം മൂടിയ ആകാശംപോലെ അവളുടെ മുഖം കറുത്തു..
അപ്പോളാണ് തോളിൽ ഒരു തലോടൽ… അങ്ങനെയൊരു തലോടൽ ഇന്നുവരെ അനുഭവിക്കാത്തതുകൊണ്ടാവാം അതിലൊളിഞ്ഞിരുന്ന അർത്ഥം അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല… അവളെ അടിമുടി നിരീക്ഷിക്കുന്ന ആ കണ്ണുകളെ കാണാൻ അവൾക്ക് കഴിയില്ല എന്ന് അയാൾ മനസ്സിലാക്കിയിരിക്കണം….
അപരിചിതമായ സ്പർശനം മനസിലാക്കി അവൾ ചോദിച്ചു”ആരാ….ആരാ ഇത്….???….”
മുഴങ്ങുന്ന ശബ്ദത്തിൽ.. ഞാൻ ഒരു വഴിപോക്കനാ മോളെ……മോളെന്റെ കൂടെ പോരുന്നോ… മാമൻ പൈസ തരാം….”
അയാളുടെ വാക്കിലെ വഞ്ചന തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ല എങ്കിലും അവൾ പറഞ്ഞു.. ” പൈസ കൊണ്ടു നടക്കുന്നത് ആപത്താണ്… എനിക്ക് പൈസ വേണ്ട മാമാ… വിശന്നിട്ട് വയ്യ ഒരു പൊതി ചോറു വാങ്ങി തരാമോ….???…”
അയാളുടെ അഴുക്ക് പിടിച്ച മനസ്സ് എന്തോ മനസ്സിൽ ഉറപ്പിച്ചു..അയാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആയി…ചോറു വാങ്ങിക്കൊടുത്തു കുട്ടിയെ വശതാക്കാമെന്നയാൾ കരുതി…
ശബ്ദത്തിൽ മെനഞ്ഞെടുത്ത സൗമ്യതകൊണ്ടയാൾ പറഞ്ഞു…. ” മോളിവിടെ തന്നെ ഇരിക്കണം ട്ടോ… മാമനിപ്പൊ വരാം…..”
അല്പസമയത്തിനകം അയാൾ ഒരു പൊതിചോറുമായ് തിരികെയെത്തി…. അവൾക്ക് നേരേ പൊതിചോറ് നീട്ടികൊണ്ട് വയർ നിറയെ കഴിക്കാൻ പറഞ്ഞു…
നിറകണ്ണുകളോടെ അവൾ പറഞ്ഞു… ” വളരെ നന്ദിയുണ്ട് ട്ടോ….. ഇത് ഞാൻ കഴിക്കാം പക്ഷെ മാമനെനിക്ക് ഒരു പൊതിചോറ് കൂടി വാങ്ങി തരണം… എന്റെ അമ്മക്ക് തീരെ വയ്യ… ഇന്ന് പകൽ മുഴുവൻ പട്ടിണിയാ… ഇന്നലെ ഒരുപൊതി ചോറു കൊണ്ടോയപ്പൊ അമ്മ കരഞ്ഞു… രണ്ട് പൊതി ചോറ് കണ്ടാൽ അമ്മക്ക് സന്തോഷാവും…”
ഇത്രയും പറഞ്ഞവൾ ആ കൈകളിൽ ചുംബിച്ചു…. അവളുടെ നിഷ്കളങ്കമായ വാക്കുകൾ അയാൾടെ മനസ്സിൽ ഉണങ്ങാത്ത മുറിവേൾപ്പിച്ചു…. കാമം കത്തിജ്വലിച്ച ആ മനസ്സിൽ കരുണയുടെ വിത്തു വിതക്കാൻ അവളുടെ ചുംബനത്തിന് ശക്തിയുണ്ടായിരുന്നു… അയാൾക്ക് കുറ്റബോധം കൊണ്ട് കരയാതിരിക്കാൻ കഴിഞ്ഞില്ല…. മനസ്സിൽ ആയിരം ആവർത്തി ഉരുവിട്ടു…… “മാപ്പ്….. മാപ്പ്….. മാപ്പ് “…
അയാളുടെ ഏങ്ങലിന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവൾ പറഞ്ഞു.. ” അയ്യോ.. പൈസയില്ലെങ്കിൽ വേണ്ട…. മാമൻ സങ്കടപ്പെട്ടണ്ട ട്ടോ…. ഞാൻ ഭക്ഷണം കഴിച്ചൂന്ന് അമ്മയോട് കള്ളം പറഞ്ഞോളാം…. “
അയാൾ അവളുടെ തോളിൽ തലോടി… ഈ പ്രാവശ്യം തലോടലിൽ കാമത്തിന് പകരം നിറഞ്ഞത് കരുണയായിരുന്നു….
അവൾ ഇരുന്നിടത്തു നിന്ന് വടി തപ്പിയെടുത്ത് പറഞ്ഞു… ” വീട്ടിൽ പൊക്കോ മാമാ… ഇവിടെ അധികം നേരം നിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്… ഞാനും പോവാ….
കുറ്റബോധത്തോടെ അയാൾ മെല്ലെ നടന്നു… ഒരു പൊതിചേറു കൂടി വാങ്ങി ഒപ്പം വില കൂടിയ മിഠായിയും.. അതവളെ ഏൽപ്പിക്കാനായവൻ തിരികെ വന്നപ്പോൾ കണ്ടത് ഏതോ കൈകളിൽ ചുംബിക്കുന്ന ചിന്നുവിനെയാണ്….. അയാളുടെ ഇൻസൈഡ് ചെയ്ത ഷർട്ട്… വലുതു കയ്യിലൊരു ബാഗ്..ഇടതു കയ്യിൽ ഒരു പൊതി ചോറ്……
അവരുടെ സംസാരം അയാൾ ശ്രദ്ധിച്ചു….
“ചിന്നുമോളേ…… ഇത്തിരി വൈകി പോയ്……. അവിടെ മോളേ പോലെ ഒരു കുട്ടിയെ കണ്ടു.. പക്ഷെ ആ കുട്ടിയുടെ കൂടെ അവളുടെ അമ്മയുമുണ്ടായി അവർക്കും കൊടുത്തു ഒരു പൊതി ചോറ് അതാ വൈകിയത്….. ദാ മോൾക്കുള്ളത്……. മോള് വേഗം പൊയ്ക്കോ ഇന്ന് വളരെ വൈകി.. പിന്നെ നേരം വൈകീട്ടും എന്നെ കണ്ടില്ലെങ്കിൽ മോള് കാത്ത് നിക്കണ്ട ട്ടോ… ഇവിടെ അധികനേരം നിൽക്കുന്നത് അപകടമാണ്..
അതും പറഞ്ഞ് ആ ദൈവദൂതൻ നടന്നകന്നു..
സംസാരം കേട്ട് നിന്ന അയാൾ മനസ്സിൽ പറഞ്ഞു…. ” അപകടം.. അപകടം…അപകടം… മനുഷ്യന്റെ ചിന്തയേക്കാൾ അപകടം ലോകത്തെന്താനുള്ളത്……. “
അയാൾ സ്വന്തം ചിന്തയെ പുച്ഛിച്ചു നടന്നു നീങ്ങി……..