മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആ വലിയ വീടിന്റെ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുമ്പോഴേക്കും കാർത്തുവിന്റെ മനസിൽ ഒരാളലായിരുന്നു… അകത്തേക്ക് കയറി ഉള്ളിലേക്ക് കണ്ണുകൾ പരതുമ്പോൾ സിദ്ധുവിന്റെ നിഴൽ പോലും കാണാഞ്ഞവൾ ആശ്വസിച്ചു… അങ്ങേ അറ്റത്തായി കാണുന്ന മുത്തശ്ശിയുടെ മുറി ലക്ഷ്യമാക്കി നടന്നു.അവളെ കണ്ടതും മുത്തശ്ശി കണ്ണട ഊരി വച്ച് മാടി വിളിച്ചു.
“”അഹ്.. കാർത്തു മോള് അല്പം വൈകിയല്ലോ ഇന്ന്…. “”
“”അത്….പിന്നെ ബസ് കിട്ടീലായിരുന്നു… “”
ഒരു നറുചിരിയോടെയവൾ അങ്ങനെ പറയുമ്പോൾ നന്ദനെ ഓർക്കുന്നുണ്ടായിരുന്നു.
“‘ചിത്ര പുറത്തെ പണികളിലാണ്..അടുത്താഴ്ച എല്ലാവരും വരും എന്റെ സപ്തതി ആഘോഷമല്ലേ .. വീടൊക്കെ ഒന്ന് വൃത്തിയാക്കേണ്ടെ… മോള് ഇന്ന് അടുക്കളയിലെന്താ വേണ്ടന്ന് വച്ചാൽ ഉണ്ടാക്കി വച്ചോ….””.
“”ആഹാ… സപ്തതി ആയിന്നൊന്നും കണ്ടാൽ പറീലട്ടൊ… ഇപ്പോഴും യൗവനമാ “
കാർത്തു അവരുടെ താടിയിൽ പിടിച്ചു വലിച്ചു പറഞ്ഞപ്പോൾ മുത്തശ്ശിയും നാണം പൂത്തപോലെ ചിരിക്കുന്നുണ്ടായിരുന്നു….
“”ഉച്ചയ്ക്ക് വന്ന് സംസാരിക്കാവെ..ഞാൻ പോയി പണികളോക്കെ ഒരുക്കട്ടെ…. “””
അതും പറഞ്ഞു അവൾ തന്റെ ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള മുറിയിലേക്കു കയറി..ഇട്ടിരുന്നത് മാറ്റി വേറൊരു സാരി എടുത്തു ചുറ്റി…
“””ആ സാരി അല്പം കൂടി ഒന്ന് മാറ്റിയിരുന്നെങ്കിൽ നന്നായേനെ….. “”
അവിചാരിതമെന്നോണം കേട്ട ശബ്ദത്തിൽ, ചൂഴ്ന്നിറങ്ങിയ അവന്റെ ആ നോട്ടത്തിൽ ഭയപ്പെട്ടുകൊണ്ട് സാരി ഒന്ന്കൂടി ഒതുക്കിവച്ചു കാർത്തു..അപ്പോഴും അവളുടെ അന്ധാളിപ്പ് മാറിയിട്ടില്ലായിരുന്നു.
“””കാര്യം ഇയാളുടെ വീടാണ്…. പക്ഷെ ഇതെനിക്ക്… എന്റെ ആവശ്യങ്ങൾക്കു വേണ്ടി തന്ന മുറിയാണ്… അകത്തേക്ക് കയറുമ്പോൾ ഒന്ന് ചോദിക്കാം…. “”
കണ്ണുകളിൽ അവനോടുള്ള ഭയമായിരുന്നെങ്കിലും വാക്കുകളിൽ ഒട്ടും പതർച്ച വരുത്താതെ തന്നെ അവൾ പറഞ്ഞു തീർത്തു….. അപ്പോഴും അവന്റെ ആ കണ്ണുകൾ അവളിലേക്ക് തന്നെയായിരുന്നു…. നോട്ടം അസഹ്യമായതും കാർത്തു മുഖം തിരിച്ചു..
“”””അമ്മ…… ഒരു പെണ്ണ് തന്നെയാ നിന്നെ പെറ്റിട്ടതെന്ന് ഓർത്താൽ മാറി നിൽക്ക്…”””
തട്ടി മാറ്റി മാറാൻ തുനിഞ്ഞതും അവളുടെ കയ്യില് പിടുത്തമിട്ടവൻ മുറുക്കി…
“””അമ്മയാരാ… പെങ്ങളാരാ ന്നൊക്കെ ഈ സിദ്ധാർഥ്നു നന്നായി അറിയാം… നീ പഠിപ്പിക്കേണ്ട…”””
ആ പിടുത്തത്തിൽ നാദമിട്ടുകൊണ്ട് അവളുടെ കയ്യിലെ കുപ്പിവളകൾ പൊട്ടി ഉതിരുന്നുണ്ടായിരുന്നു…. മുറിപ്പാടാൽ നീറി കൊണ്ടവൾ കൈ വലിച്ചു…. കണ്ണുകൾ ചുവന്നു തുടുത്തിരുന്നു…. സിംഹത്തിന്റെ നോട്ടത്തിൽ തടഞ്ഞ മാനിനെ പോലെ ഉള്ളിലെ ഭയം ചോർന്നു കൊണ്ടവൾ കരച്ചിലിന്റെ വക്കോളം എത്തി….
“”ദാ…. ഇത് കാണാൻ… എത്ര ധൈര്യമായിരുന്നിട്ടും….ഒരു നിമിഷം കൊണ്ട് അതൊക്കെ ഉരുകി എന്റെ മുന്നിൽ നിൽക്കുന്ന നിന്റെയി മുഖം.. പ്രത്യേക രസാണ്…… നീയാണ് പെണ്ണ്… പക്ഷെ… എന്നെ നീ ഒരാഭാസനായി ചിത്രീകരിക്കരുത്..അത്രയ്ക്കൊന്നും വേണ്ട “” അവന്റെ സംസാരം കേട്ടപ്പോൾ കർത്തുവിന് പുച്ഛമാണ് തോന്നിയത്..
“””അമ്മയില്ലാതെ വളർന്നതിന്റെ കുഴപ്പാ… നിങ്ങൾക്ക്… പിന്നെ പണമുണ്ടെന്ന അഹങ്കാരവും… പെണ്ണിനെ അറിഞ്ഞു വളരണം..അമ്മയുടെ സ്നേഹം കിട്ടണം, വീട്ടിൽ ജോലിക്ക് വരുന്ന പെണ്ണിനോട് എങ്ങനെ സംസാരിക്കണം… പെരുമാറണം എന്നൊക്കെ വളർത്തുഗുണത്തിൽ പെടേണ്ട ഒന്നാണ്.. ഇയാൾക്കത് തീരെ ഇല്ലാ ല്ലേ… “”
“”ഡി… നീ അധികമങ്ങു ഇളക്കേണ്ട.. “
അവന്റെ വാക്കുകളിൽ ശ്രദ്ധ കൊടുത്തില്ലെന്ന വണ്ണം കാർത്തു അവനെ തടഞ്ഞു മാറ്റിപുറത്തേക്കിറങ്ങി….അപ്പോഴേക്കും മുറി വാതിലിനു പുറത്തായി സിദ്ധുവിന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു… അവനെയും നോക്കിക്കൊണ്ട് കാർത്തു അടുക്കളയിലേക്ക് നടന്നു..
“”സിദ്ധു… മോശായി പോയി… ആ പെണ്ണിന്റെ വർത്താനം കേട്ടിട്ടാ ഞാൻ വന്നത്..ചോദിക്കാതേം പറയാതേം ഇങ്ങനെ കേറി ചെല്ലുവാണോ…അവരുടെ ഗതികേട് കൊണ്ടായിരിക്കും ഈ ചെറു പ്രായത്തിലേ വീട്ടുജോലിക്ക് വരുന്നത്… “”
സിദ്ധു അത് കേട്ടതും മനുവിന്റെ പുറത്ത് ചെറുതായൊന്നുടിച്ചു…
“”ഡാ… അവളെ കിട്ടാൻ എന്താ ഒരു വഴി… ആ പെണ്ണ് ഒരു വിധത്തിലുമങ്ങടുക്കുന്നില്ല..””
കാർത്തു പോകുന്ന വഴിയേ നോക്കി സിദ്ധു മനുവിനോടായി പറഞ്ഞു..
“”ഡാ കോപ്പേ… നീ ഇങ്ങനെ അളിഞ്ഞ സ്വഭാവം വച്ചു കളിച്ചാൽ അവൾ അടുക്കുവോ… ഇതൊരുമാതിരി അവളെ വെറുപ്പിച്ചു വിടുവല്ലേ ചെയ്യുന്നേ… “”
“””എനിക്കറിയില്ലഡാ… അത്രയ്ക്ക് ഇഷ്ടപ്പെടുന്നു… ബട്ട് എന്നെയവൾ തരം താഴ്ത്തിയാ സംസാരിച്ചത്… അപ്പൊ പിന്നെ ഈ സിദ്ധു ഇടയ്ക്കിടെ അവളെ ഇങ്ങനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും… ഒരു സ്വസ്ഥത കൊടുക്കാതെ… “”
“‘സത്യം പറഞ്ഞാൽ മോന്റെ ഉദ്ദേശം പ്രേമം തന്നെയാണോ.. അല്ല.. ഇഷ്ടാണെങ്കിൽ പോയി പറ.. ഇങ്ങനെ സ്വയം താഴാതെ… ഇത്പോലൊരു കോന്തൻ “”
“”അതിലൊരു ത്രില്ലില്ലല്ലോ… “”
“”നിനക്ക് ഭ്രാന്താടാ. നിന്റെ കൂടെ ഈ വീട്ടിലേക്ക് പുറപ്പെട്ട എന്നെ പറഞ്ഞാൽ മതീലോ “
മനുവിന്റെ സംസാരം കേട്ട് സിദ്ധു ഒന്നുകൂടി ചൂഴ്ന്നു നോക്കി.
?????
“”എന്റെ ദൈവമേ…ആകെ ഇവിടൊരു മുത്തശ്ശിയെ ഉള്ളു.. അവർക്ക് വച്ചു വിളമ്പണം… കൂടെയിരിക്കണം എന്നൊക്കെ പറഞ്ഞ ആ സേതു ചേട്ടൻ ഇവിടൊരു ജോലി തരപ്പെടുത്തി തന്നത്…ഇങ്ങനൊരു തല തെറിച്ച വിഷ വിത്ത് കൂടെ ഇവിടുള്ള കാര്യം ആരും പറഞ്ഞില്ലല്ലോ…വന്നത് മുതൽ സഹിക്കാൻ തുടങ്ങണതാ.. എന്റെ ഗതി കേട്. അല്ലാതെന്ത് പറയാൻ “‘
നേരത്തെ നടന്ന സംഭവങ്ങളൊക്കെയും ആലോചിച്ചുകൊണ്ട് കാർത്തു തട്ടിമേൽ കൈ കുത്തി…
“””തുണി മാറുമ്പോളാ അവന്റൊരു….ശ്ശേ.. അത് തന്നെ കുടുംബ മഹിമ… വളർത്തു ഗുണം… ഒരുപാട് പണമുണ്ടായിട്ട് എന്താ കാര്യം നല്ല സ്വഭാവം മാത്രം ഇവർക്ക് കൊടുത്തില്ല. “”
പത്രങ്ങളോരൊരൊന്നും ഇത്തിരി ബഹളത്തോടെ എടുത്തുമാറ്റികൊണ്ടവൾ പുലമ്പുകയായിരുന്നു.
“‘എന്താണാവോ… അടക്കിപ്പിടിച്ചൊരു സംസാരം… “”
പിന്നിൽ നിന്നും ശബ്ദം കേട്ടപ്പോൾ തന്നെ കർത്തുവിന്റെ നല്ല ജീവനങ്ങു പോയി.
“”ഞാൻ കൂടി സഹായിക്കണോ… വേണേൽ കൂടാട്ടോ “”
“” വേണംന്നില്ല… എങ്കിൽ പിന്നെ എന്നെ ഇവിടെ നിർത്തേണ്ട ആവശ്യം ഇല്ലല്ലോ… ഇയാൾക്ക് തന്നെയങ്ങു ചെയ്താ പോരെ… “”
“””ഐവ… അതെനിക്ക് ഇഷ്ടപ്പെട്ടു… എന്തൊരു സംസാരം..എങ്കിൽ പിന്നെ സിദ്ധുവേട്ടൻ പോകാട്ടോ…മോള് എല്ലാം ഉണ്ടാക്കി വച്ചേരെ. അല്ലേൽ വേണ്ട.ഞാൻ ഇവിടെ തന്നെ നിന്നോളാം “”
സിദ്ധുവിന്റെ മറുപടി കേട്ട് കാർത്തുന് ദേഷ്യം വരുന്നുണ്ടായിരുന്നു… അവൾ അവനെ നോക്കിക്കൊണ്ട് സ്വന്തം ജോലികളിലേക്ക് തിരിഞ്ഞു..തന്റെ സാമീപ്യം അവൾക്ക് അത്രമേൽ അസ്വസ്ഥത നൽകുന്നുണ്ടെന്നറിഞ്ഞിട്ടും അവൻ മനഃപൂർവം അവിടെ തന്നെ നില്ക്കുകയായിരുന്നു . “ഈ സിദ്ധുന് നല്ലിഷ്ടാണ് മോളെ ഈ കുശുമ്പ് ഇങ്ങനെ കാണാൻ.. നിന്നെ കണ്ടത് മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് ഈ പെണ്ണ് എന്റെ സ്വന്താണെന്ന്…കുറച്ചു കാലം നിന്നെയിങ്ങനെ കുശുമ്പും നിറച്ചു പ്രണയിക്കട്ടെ…
ദിനങ്ങൾ കഴിയുന്തോറും കാർത്തു പോലുമറിയാതെ അവളെ വെറുപ്പിച്ചു കൊണ്ട് സിദ്ധു തന്റെ പ്രേമം പ്രകടിപ്പിക്കുകയായിരുന്നു…ഒരു പെണ്ണ് ഇഷ്ടപ്പെടാത്ത മാർഗങ്ങളിലൂടെ അവൻ അടുക്കാൻ ശ്രമിച്ചപ്പോൾ കാർത്തുവിന്റെ ദേഷ്യം പതിന്മടങ്ങ് ഇരട്ടിച്ചു…
????????
“”നന്ദേട്ടാ… ഒരുപാട് വൈകി ഞാൻ പോവ്വാണെ…. പിന്നെ കാണാവേ “”””
ധൃതി പിടിക്കുന്ന അവളെ നന്ദൻ പ്രണയത്താലൊന്നു നോക്കി.
“”എവിടെക്കാ ഈ തിരക്കിട്ടു പോണേ…എനിക്ക് കണ്ടു മതിയായില്ല.””
വയൽ ചിറയ്ക്കടുത്തുള്ള പറമ്പിലായിരുന്നു ഇരുവരും…അവൻ അവളെ ഒന്നൂടി അടുപ്പിച്ചു പിടിച്ചു…
“”നന്ദേട്ടാ….”
അവൾ ചിണുങ്ങുന്നുണ്ടായിരുന്നു.
“”നീ എന്തിനാ ആ വീട്ടില് പണിക്ക് പോന്നെ…. എനിക്കിഷ്ടാവുന്നില്ലാട്ടൊ “”
“”എനിക്കിഷ്ടായിട്ടാണോ… ഒരുപാട് കടങ്ങളൊക്കെ ഇണ്ട്… അതൊക്കെ വീട്ടണം.. നേരാവണ്ണം പഠിക്കാത്ത ആൾക്ക് നല്ല ജോലിയൊന്നും കിട്ടൂലല്ലോ അതോണ്ട് ഈ പണിക്ക് പോകുന്നു…. “”
“”ഇപ്പൊ തന്നെ ഞാൻ കൊണ്ടോട്ടേ നിന്നെ… പിന്നെ ഈ പണിക്കൊന്നും പോണ്ട…. ഈ നന്ദനെയും നോക്കി… എന്റെ ഒരു ഒന്ന് രണ്ടൂ…..ന്നു കുട്ടികളെയും പെറ്റിട്ട് സുഖായി കഴിയാം, “” അവന്റെ ശ്വാസം അത്രയും അടുത്തെത്തിയപ്പോഴേക്കും നാണത്താൽ അവളുടെ കണ്ണുകൾ താനേ മൂടി പോകുന്നുണ്ടായിരുന്നു.
“”അയ്യടാ…നാണം കണ്ടില്ലേ…..””
“”പിന്നെ രണ്ടു മൂന്നെണ്ണം വേണം എന്നൊക്കെ പറഞ്ഞാൽ നാണം വരില്ലേ”
“”ആണോ… നാണം വരുവോ….. എന്നാ പിന്നെ ഇപ്പൊ തന്നെ ഒന്നിനെ അങ്ങ് തന്നാലോ.. പിന്നെ കെട്ടി കഴിഞ്ഞാൽ നമുക്കൊരു അഞ്ചാറെണ്ണത്തിനെ നോക്കാം…””
അത് കേട്ടപ്പോൾ എണ്ണിത്തിട്ടപെടുത്തിയ അവന്റെ വിരലുകളെ പെണ്ണ് മടക്കിയൊടിച്ചു… അപ്പോഴേക്കും ചരിഞ്ഞു ചാഞ്ഞു നില്കുന്ന തെങ്ങിന് നേരെയായി അവൻ കാർത്തുനെയും വലിച്ചടുപ്പിച്ചു പിടിച്ചിരുന്നു…
“””മതി നന്ദേട്ടാ വിട്….. “”
കാർത്തു അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു….
“”ഇല്ലാ വിടില്ല… “”
വീണ്ടും അവളുടെ കഴുത്തടിയിൽ മുഖം പൂഴ്ത്താൻ തുടങ്ങിയതും അവളാ ചെവി പിടിച്ചു തിരുകി…
“”മതീന്ന് പറഞ്ഞാൽ കേൾക്കില്ലേ… അദ്യം കെട്ട് കഴിയട്ടെ.. എന്നിട്ട് മതി എല്ലാം . ഉമ്മ വെക്കാൻ വന്നേക്കുന്നു..കള്ള കാമുകൻ “
ചുണ്ടുകൾ കോട്ടിപിടിച്ചവൾ ഒരു പുരികം ഉയർത്തിക്കൊണ്ട് അവനെ നോക്കി…
“”ഓഹ്… ജാഡയാ നിനക്ക്… കവിളിൽ ഒന്ന് തന്നപ്പോഴേക്കും മതി എന്ന്… പോ… ഞാൻ പിണങ്ങി… “”
“”എങ്കിൽ പിന്നെ പിണങ്ങിക്കോ… ഞാൻ പോകുവാ…വൈകിയാൽ ആ മാളൂട്ടി തിരക്കും .” അപ്പോഴും അവൻ ദേഷ്യത്തിൽ തന്നെയായിരുന്നു….
“”പോടീ… പോ… ഇനി നിന്നെ കാണാൻ ഞാൻ വരില്ല… ഓഹ് എന്തൊരു ജാഡയാ.. ” ദേഷ്യം വന്നാളുടെ മുഖം കനത്തപ്പോൾ അവൾ ദൂരെ നിന്നും തിരിഞ്ഞു നോക്കി കൊണ്ട് കൈ വീശി… അവന്റെ വക”” പോടീ എന്നുള്ള മറുപടിയും….
?????
“”കറുത്തമ്മോ… എത്ര നേരായി എവിടായിരുന്നു. “”
വീട്ടിലേക്ക് തുള്ളി ചാടി കയറുന്ന കർത്തുനോട് മാളു കാര്യം തിരക്കി …
“”എവിടേം ഇല്ലാ… ബസ് കിട്ടീല… ഇത്തിരി വൈകിപ്പോയല്ലേ… “”
“”നിന്റെ ഈ വൈകി വരവ് കൂടുന്നുണ്ട്.. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് മോളെ..”‘
കാർത്തുനേ ഉഴിഞ്ഞു നോക്കികൊണ്ടുള്ള മറുപടിയായിരുന്നു അത്.. അവൾ മാളൂന് നേരെ കൊഞ്ഞനം കുത്തി ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി …..
“”ദേ പെണ്ണേ… ഒരു ഗ്ലാസ് കഞ്ഞി വെള്ളം കൊണ്ട് തന്നെ… ദാഹിച്ചിട്ട് വയ്യാ… “”
വിഷയം മാറ്റുവാൻ കാർത്തു അവളോട് കനപ്പിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും കഞ്ഞി വെള്ളവും എടുത്തു കൊണ്ട് അമ്മായി വന്നിരുന്നു…
“”ഓഹ് അമ്മേടെ പുന്നാര മോൾക്ക് കൊടുക്ക്… എനിക്ക് ക്ലാസ്സ് കഴിഞ്ഞ് വന്നാൽ ഒന്നും കൊണ്ട് തരില്ല.. എല്ലാം ഒറ്റയ്ക്ക് എടുത്തോണം,തിന്നോണം. കർത്തുന് വന്ന് കേറിയപാടെ വെള്ളം…എന്താ എന്നെ തവിടു കൊടുത്തു വാങ്ങിയതാണോ.. “”
വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന കർത്തുന് നേരെ കുശുമ്പിത്തരം കാട്ടി കൊണ്ട് മാളു പറഞ്ഞു.
“”അസൂയ, അസൂയ… “”
“”ആ കൊച്ച് നേരം വൈകി വന്നപ്പോൾ അവൾ ചോദ്യം ചെയ്യാൻ നിക്കുന്നു… കുറച്ചു സമാധാനം കൊടുക്കെന്റെ മാളുവേ…. “”
അമ്മായി ഇടയിൽ കയറി. “”മോള് ചെന്ന് കുളിച്ചിട്ടു വാ..നമുക്ക് എല്ലാർക്കും ഒരുമിച്ചിരുന്ന് ഒരു ഗ്ലാസ് കട്ടൻ കുടിക്കാം… ഞാൻ ഉണ്ടാക്കട്ടെ “”
മാളുവും അമ്മായിയുടെ കൂടെ അകത്തേക്ക് കയറി പോകാൻ തുനിഞ്ഞതും കാർത്തു കൈ പിടിച്ചു തടഞ്ഞു… “ഡി പെണ്ണേ… ഒരു കാര്യം പറയാനുണ്ട് “
തുടരും…