Story written by Saji Thaiparambu
അന്നും, കറികൾക്കൊന്നും രുചിയില്ലെന്ന് പറഞ്ഞയാൾ ഭക്ഷണപാത്രം തട്ടി തെറിപ്പിച്ചിട്ട് രോഷാകുലനായി പുറത്തേക്ക് പോയപ്പോൾ, അജിതയ്ക്ക് സങ്കടം സഹിക്കാനായില്ല
മുൻപൊക്കെ ആഹാരം കഴിച്ചെഴുന്നേല്ക്കുമ്പോൾ ആ നാവിൽ നിന്നും ഒരു നല്ല വാക്ക് കേൾക്കാൻ താൻ കാതോർത്തിരുന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടില്ലന്നവൾ ദു:ഖത്തോടെ ഓർത്തു
പക്ഷേ, അന്നൊന്നും നല്ലത് പറഞ്ഞില്ലെങ്കിലും, ഒരിക്കൽ പോലും കുറ്റം പറയാറില്ലായിരുന്നു.
ഇപ്പോൾ കുറച്ച് നാളുകളായ് എന്ത് ചെയ്ത് കൊടുത്താലും കുറ്റം മാത്രമേ പറയു
പുറം കൈകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ടവൾ താഴെ ചിതറി വീണ ചോറും പൊട്ടിയ പ്ളേറ്റിൻ്റെ കഷ്ണങ്ങളും പെറുക്കിയെടുത്തു.
ഭാര്യയോട് കുപിതനായി സുരേഷ് പോയത് സ്വന്തം തറവാട്ടിലേക്കായിരുന്നു
അവിടെ അയാളുടെ അമ്മയെ കൂടാതെ അനുജനും ഭാര്യയുമുണ്ടായിരുന്നു
എന്താടാ നീയിന്നും അജിതയുമായി പിണങ്ങിയോ?
അയാളുടെ വലിഞ്ഞ് മുറുകിയ മുഖം കണ്ടപ്പോൾ അമ്മ ചോദിച്ചു.
ങ്ഹാ പിണങ്ങി ,അല്ല പിന്നെ വായ്ക്ക് രുചിയായിട്ട് ഞാനെന്തെങ്കിലും കഴിച്ചിട്ട് എത്ര ദിവസമായെന്ന് അമ്മയ്ക്കറിയാമോ? ഇന്നും എൻ്റെ മുമ്പിൽ കൊണ്ട് വച്ച കറിക്കൾക്ക് ഉപ്പുമില്ല ,പുളിയുമില്ല ,എരിവുമില്ല അത് കൊണ്ടാണ് എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ ചോറും പാത്രവുമെടുത്ത് വലിച്ചെറിഞ്ഞിട്ട് ഇങ്ങോട്ട് വന്നത് ,അമ്മ കഴിക്കാൻ കുറച്ച് ചോറെടുത്ത് വയ്ക്ക്
ങ്ഹാ… നല്ല കാര്യമായി എടാ ഇവിടുള്ളോരും ഇന്ന് ചോറ് കഴിച്ചിട്ടില്ല ,ഒട്ടും നിനച്ചിരിക്കാതെ സുമതിയും ഭർത്താവും പിള്ളേരും കൂടി പെട്ടെന്ന് കയറി വന്നു, ഉണ്ടായിരുന്ന ചോറും ഉള്ള കറികളും കൂട്ടി അവര് മൂക്ക് മുട്ടെ തിന്നിട്ട് എഴുന്നേറ്റ് പോയി , ഞാൻ പിന്നെ കുറച്ച് കപ്പയുണ്ടായിരുന്നതെടുത്ത് പുഴുങ്ങിയത് കഴിച്ചിട്ടാണ് ഞങ്ങളിരിക്കുന്നത് ,നീ കുറച്ച് നേരമിരിക്കാമെങ്കിൽ ഞാൻ അവല് നനച്ച് തരാം
അവലോ? എൻ്റമ്മേ എനിക്ക് വിശന്നിട്ട് കണ്ണ് കാണാൻ വയ്യ, അവല് തിന്നാൽ എന്താകാനാ
അല്ലാതെ ഞാനിപ്പോൾ എന്ത് ചെയ്യാനാ, ഇനി ചോറും കറിയും വച്ച് വരുമ്പോൾ രണ്ട് മണിക്കൂറെങ്കിലും പിടിക്കും
ഓഹ് ഏത് നേരത്താണോ എനിക്കാ പ്ളേറ്റ് വലിച്ചെറിയാൻ തോന്നിയത് ,ഇനി നാണംകെട്ട് അജിതയുടെ മുന്നിലേക്ക് എങ്ങിനെ ചെല്ലുമെന്നോർത്തയാൾക്ക് മ്ളേച്ഛത തോന്നി.
എപ്പോഴായാലും പോയല്ലേ പറ്റു
വീട്ടിൽ തിരിച്ചെത്തിയ അയാൾ ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പിവെള്ളമെടുത്ത് മടമടാന്ന് കുടിച്ചിട്ട് ബെഡ് റൂമിൽ ചെന്ന് കട്ടിലിൽ കമിഴ്ന്നടിച്ച് കിടന്നു.
കഠിനമായ വിശപ്പ് അയാളെ തളർത്തിക്കളഞ്ഞിരുന്നു.
ദേ നിങ്ങൾക്ക് വേണ്ടി ഞാൻ ,അപ്പുറത്തെ ശ്യാമളേച്ചിയുടെ കൈയ്യിൽ നിന്നും കുറച്ച് ചോറും കറികളും വാങ്ങി, ടേബിളിൻ്റെ മുകളിൽ വിളമ്പിവച്ചിട്ടുണ്ട്, വന്ന് കഴിക്കു, നിങ്ങളിങ്ങനെ വിശന്ന് കിടക്കുന്നത് കണ്ടിട്ട്, എനിക്ക് സഹിക്കാൻ കഴിയുന്നില്ല
അജിത വന്ന് വിളിക്കുമ്പോൾ ചാടിയെഴുന്നേറ്റ് ഡൈനിങ്ങ് റൂമിലേക്ക് ഓടിപ്പോകാനാണയാൾക്ക് തോന്നിയതെങ്കിലും, അവളുടെ മുന്നിൽ ചെറുതാവേണ്ടെന്ന് കരുതി, അയാൾ ഗൗരവം വിടാതെ സാവധാനമാണ് കഴിക്കാൻ ചെന്നിരുന്നത്.
ദേ ഇങ്ങനെ വേണം കറികളുണ്ടാക്കാൻ ,എന്താ ഒരു ടേസ്റ്റ് ,നീയാ ശ്യാമളേച്ചിയെ കണ്ട് പഠിക്ക്
അവൾ വിളമ്പി വെച്ച ചോറും കറികളും ഒട്ടും ബാക്കി വയ്ക്കാതെ കഴിച്ചിട്ട്, വിരലുകൾ നക്കി തുടച്ച് കൊണ്ട് അയാളെഴുന്നേറ്റ് മുറിയിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് അയാളുടെ മൂത്ത മകൾ ശിവാനി കടന്ന് വന്നു.
എന്തിനാണച്ഛാ … അമ്മയോട് എപ്പോഴുമിങ്ങനെ ദേഷ്യപ്പെടുന്നത് എന്ത് പറഞ്ഞാലും അമ്മ പ്രതികരിക്കില്ലെന്ന് കരുതി ആ പാവത്തിനോട്, ഇത്രയും ക്രൂരത പാടില്ലച്ഛാ…
എൻ്റെ മോളെ നിൻ്റമ്മയോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലെന്ന് വച്ചാൽ ഞാൻ പിന്നെന്ത് ചെയ്യും വിശന്ന് വരുമ്പോൾ വായിൽ വച്ച് കൂട്ടാൻ പറ്റിയ എന്തെങ്കിലും രുചിയുള്ള ആഹാരം തരണ്ടെ
എന്നിട്ടിപ്പോൾ ആഹാരം കഴിച്ചതിന് ശേഷം, അച്ഛൻ ഭയങ്കര പുകഴ്ത്തലായിരുന്നല്ലോ…?
അത് പിന്നെ ആ ശ്യാമളചേച്ചിയുടെ കറികളെയല്ലേ ഞാൻ പുകഴ്ത്തിയത്
എൻ്റെ അച്ഛാ .. അത് അച്ഛൻ ഉച്ചയ്ക്ക് കൊള്ളില്ലെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ കറികളുടെ ബാക്കി തന്നെയായിരുന്നു, അച്ഛൻ വിശന്നിരിക്കുന്നത് കണ്ടിട്ട് സഹിക്കാനാവാതെ ,അമ്മ കഴിക്കാനെടുത്തിട്ട് തൊണ്ടയിൽ നിന്നിറങ്ങാത്തത് കൊണ്ട്, പട്ടിണിയിരുന്നിട്ട് ആ പാവം അച്ഛനോടൊരു കളവ് പറഞ്ഞതാണ് ,അത് കൊണ്ട് അച്ഛനത് അതീവ രുചിയോടെ വയറ് നിറച്ച് കഴിച്ചു ,ചുരുക്കി പറഞ്ഞാൽ, അമ്മയുടെ ആഹാരത്തിന് രുചിയില്ലാത്തത് കൊണ്ടല്ല ,അമ്മയെ കുറിച്ചുള്ള അച്ഛൻ്റെ കാഴ്ചപ്പാട് മാറാത്തത് കൊണ്ടാണ്, അങ്ങനെയൊക്കെ തോന്നിയതെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ശരിയാ മോളെ.. നീ പറഞ്ഞത് ,അച്ഛനെപ്പോഴും നിങ്ങടെ അമ്മയെ വില കുറച്ചേ കണ്ടിട്ടുള്ളു, പക്ഷേ ഇന്നവൾ ഞാനത്രയും ചീത്ത പറഞ്ഞിട്ടും,സ്വയം പട്ടിണിയിരുന്നിട്ട് എൻ്റെ വിശപ്പകറ്റാനാണ് ശ്രമിച്ചത്, പാവം, ഞാൻ ചെന്നിട്ട് പുറത്ത് നിന്ന് അവവൾക്കെന്തെങ്കിലുമൊന്ന് വാങ്ങി കൊടുക്കട്ടെ, അവൾ വിശന്നിരിക്കുവല്ലേ?
അമ്മയോടുള്ള ദേഷ്യമൊക്കെ കളഞ്ഞിട്ട് അച്ഛൻ സ്നേഹത്തോടെ അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ ശിവാനിക്ക് സമാധാനമായി.