കാർത്തിക ~ അവസാനഭാഗം (25), എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അന്ന് രാത്രി നിദ്രാ ദേവി പോലും കാർത്തുവിനെ കടാക്ഷിച്ചില്ല…. കീർത്തിയെ കുറിച്ചോർക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും ഭയം അടക്കി വെയ്ക്കാൻ പറ്റാത്ത പോലെ തോന്നി… വൈകി ഉറങ്ങിയതിനാൽ തന്നെ പിറ്റേന്ന് അവൾ ഉണരാനും വൈകിയിരുന്നു.. കണ്ണ് തുറന്നു നോക്കുമ്പോൾ സിദ്ധു ഓഫിസിൽ പോകാൻ തയാറെടുക്കുന്നതായിരുന്നു കണ്ടത്….

“”എന്താണ്… ഇന്നിത്ര വൈകി പോയല്ലോ… മണി എട്ട് കഴിഞ്ഞു… വയ്യേ നിനക്ക്… “”

അടുത്തേക്ക് വന്ന് മുടിയിഴകളിൽ തലോടി സിദ്ധു ചോദിച്ചപ്പോൾ കാർത്തു പുഞ്ചിരിച്ചു…

“”ഞാൻ ഇറങ്ങുവാണ് കേട്ടോ… അടങ്ങി ഒതുങ്ങി ഇരുന്നോണം മനസ്സിലായോ.. അടുക്കളേൽ കേറി നിരങ്ങേണ്ട എന്ന് സാരം… പോട്ടെ… “”

അവൻ നെറ്റിമേൽ ഒരു മുത്തം വച്ചു കൊടുത്തു..

“”വാവേ… അച്ഛ പോയിട്ട് വേഗം വരാവേ.. വെറുതെ അമ്മയെ വിഷമിപ്പിക്കരുത് കേട്ടോ… “”

നിറ വയറിൽ കൂടി ഒരു മുത്തം നൽകികൊണ്ടവൻ ഇറങ്ങി

??????????

കാർത്തു എഴുന്നേറ്റ് വന്ന് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങാൻ നോക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും കീർത്തിയുടെ വിളി കേട്ടത് .

‘”ഒന്നവിടെ നിന്നെ…. “””

ആാാ സ്വരം കാതിൽ വന്നലച്ചതും കാർത്തു സ്തംഭിച്ചു നിന്നുപോയി..

“”എന്തെ? “”

നേരെ തിരിഞ്ഞ് അവളോട് ചോദിക്കുമ്പോൾ ശബ്ദം ദൃഢമായിരുന്നു..

“”നീ എല്ലാം ഇട്ടെറിഞ്ഞു പോയി എന്ന ഞാൻ കരുതിയത്.. എന്റെ സിദ്ധുന്റെ ലൈഫിലേക്ക് വീണ്ടും കടന്നു വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചല്ലാ.. “””

“‘അതിന്… ഞാൻ ഇനി എന്റെ ജീവിതം വീണ്ടും നിനക്ക് വിട്ട് തരണോ… എനിക്ക് അറിയാൻ പാടില്ലായിട്ട് ചോദിക്കുവാ.. നിനക്ക് വട്ടാണോ പെണ്ണേ… സിദ്ധുവേട്ടന്റെ അതേ പ്രായമല്ലേ നിനക്കും, എന്നിട്ടും ഒരു കല്യാണമൊക്കെ കഴിച്ച് കുടുംമ്പോക്കേ ആയി ജീവിക്കാൻ സമയം ആയില്ലേ.. “

സഹികെട്ട് കൊണ്ട് കാർത്തു പറഞ്ഞപ്പോൾ കീർത്തിക്ക് അരിശം നിറയുന്നുണ്ടായിരുന്നു..

“”അന്നാ ഫയലിലെ പേപ്പർ എടുത്ത് കളഞ്ഞത് നീയാണെന്ന് എനിക്ക് നന്നായിട്ടറിയാം… പക്ഷെ എന്റെ ഭാഗം ന്യായീകരിക്കാൻ ഒരു തെളിവ് പോലുമില്ലാതായി പോയി..നിന്റെ മുന്നിൽ നിന്നും സിദ്ധുവേട്ടൻ എന്നെ അടിച്ചപ്പോൾ എല്ലാം ഉറക്കെ വിളിച്ചു പറയാൻ എനിക്ക് നാവില്ലാഞ്ഞിട്ടല്ല കീർത്തി….. ഇപ്പോഴും ഞാൻ അതേ കുറിച്ചൊന്നും സിദ്ധുവേട്ടനോട് പറഞ്ഞിട്ടില്ല….അത് വേറൊന്നും കൊണ്ടല്ല നീ എന്നെങ്കിലും നന്നാകുമെങ്കിൽ ആയിക്കോട്ടേയെന്ന് വച്ചിട്ടാണ്…. നിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ നിനക്ക് നന്ന്. “”

“”ഇല്ലെങ്കിലോ… “”

ശര വേഗത്തിൽ തന്നെ കീർത്തി പുച്ഛത്താൽ മറുപടി നൽകി…

“”ഇല്ലെങ്കിൽ അതിനെ പല വികൃതപരമായ പേരിട്ടും വിളിക്കേണ്ടി വരും…””

“”നീ എന്ത് വിളിക്കുംന്നാഡീ.. ഹേ….പറ… “”

അവളുടെ കഴുത്തു പിടിച്ച് ചുവരോടടുപ്പിച്ചു കൊണ്ടുള്ള സംസാരമായിരുന്നുവത് …… ഉള്ളിലുള്ള ജീവനെയോർത്ത്‌ അപ്പോൾ തന്നെ കാർത്തുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു… ശ്വാസം കിട്ടാതെ പിടയുമ്പോൾ തടുക്കാനവൾ ശ്രമിച്ചു കൊണ്ടേയിരുന്നു…

“”ഡി…വി.. ട്… “”

“””ഇല്ലാ കൊല്ലും ഞാൻ നിന്നെ… നീ ഒറ്റൊരുത്തി കാരണമാ എനിക്കെല്ലാം നഷ്ടായത്… സിദ്ധു…അവന്റെ ലൈഫിൽ നീയിനി വേണ്ടാ…. കൊന്ന് കെട്ടിതൂക്കും ഞാൻ……. “””

വീണ്ടും കഴുത്തിലേക്ക് കീർത്തിയുടെ കൈകൾ അമരുന്നതവൾ അറിഞ്ഞു…കുഞ്ഞു ജീവനും അത് പോലെ പിടയ്ക്കുന്നത് പോലെ തോന്നി….. സർവ ശക്തിയുമെടുത്ത്‌ അവളെ തട്ടി മാറ്റി കഴിയുമ്പോഴേക്കും നിലത്തേക്ക് വീണിരുന്നു…ആാാ വീഴ്ചയിൽ കുഞ്ഞിനെയോർത്തവൾക്ക് പേടി തോന്നി.. ശ്വാസം ഏന്തി വലിച്ചു കാർത്തു ചുറ്റുമൊന്നു നോക്കി… ബോധം മറയുന്നത് പോലെ…ആരൊക്കെയൊ തനിക്ക് ചുറ്റും നിന്ന് സംസാരിച്ച പോലെ… എന്തൊക്കെയൊ വീണുടയും പോലെ….കണ്ണുകൾ പതിയെ അടഞ്ഞു പോയി കൊണ്ടവൾ വയറിലേക്ക് മുറുകെ പിടിച്ചു…നാവിൽ അപ്പോഴും സിദ്ധാർഥ് മാത്രമായിരുന്നു…….

???????????????

“”ഡോക്ടർ… കാർത്തികയ്ക്ക്.. ഇപ്പൊ…… “”

icu വിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ഡോക്ടറേ കണ്ട് ചോദിക്കുമ്പോൾ സിദ്ധുവിന്റെ കണ്ണുകൾ നിറയുകയായിരുന്നു..

“”സീ മിസ്റ്റർ സിദ്ധാർഥ്..പേഷ്യന്റ്ന് ഇതുവരെ ബോധം വന്നിട്ടില്ല….എങ്കിലും കുഞ്ഞിന് പ്രോബ്ലംമൊന്നുമില്ല…നോക്കാം ബോധം വന്നിട്ടാമ്പോൾ നേഴ്സ് ആരെങ്കിലും അറിയിക്കും, അപ്പോൾ കയറി കണ്ടോളു.. “”

ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും ഉള്ളിലെ ഭീതി മാറിയിട്ടില്ലായിരുന്നു….. ഞാൻ.. ഞാൻ തക്ക സമയത്തവിടെ വീണ്ടും ചെന്നില്ലായിരുന്നുവെങ്കിൽ അവളെന്റെ കാർത്തുനേം കുഞ്ഞിനേം കൊന്നേനെ… മുഖമടച്ചു കൊടുത്തിട്ടും കീർത്തിയെ കൊല്ലാതെ വിട്ടത് എന്റെ കാർത്തുന്റെ ദയനീയാവസ്ഥ ഒന്ന് കൊണ്ട് മാത്രമാണ്… ഇത്രയ്ക്കും വിഷമായിരുന്നോ അവളുടെയുള്ളിൽ. ഞാൻ മാത്രം ആാാ സ്വഭാവം തിരിച്ചറിയാതെ പോയല്ലോ… “

ദേഷ്യത്താലും സങ്കടത്താലുമവൻ മുടി തിരുകി…

“”ഏട്ടാ…. കാർത്തു…. എനിക്ക് പേടിയാവാ…”

അരികെ വന്ന് മാളു പറഞ്ഞപ്പോൾ സിദ്ധാർഥ് ചേർത്ത് പിടിച്ചു…

“”ഒന്നുല്ല… കാർത്തുന് ഒന്നും സംഭവിക്കില്ല..””

“”ഇനിം ആ വീട്ടിലേക്ക് കാർത്തുനെ കൊണ്ടോകേണ്ട… ഞങ്ങടെ വീട്ടിൽ നിന്നോളും… ആാാ കീർത്തി..അല്ലേൽ ഇനിം ഉപദ്രവിക്കും… “

“”അതിനവൾ ആ വീടിന്റെ പടി ചവിട്ടിയാലല്ലേ..പുറത്താക്കി ഞാൻ… അത്രയും അറപ്പോടെ….. “”

പറയുമ്പോൾ അവളോടുള്ള ദേഷ്യം എരിയുകയായിരുന്നു.

‘”ഏട്ടാ… നന്ദേട്ടൻ പാവാ…. ഈ കീർത്തിയെ പോലെ നന്ദേട്ടൻ കളിച്ചോ…..കാർത്തുനെ ശല്യപ്പെടുത്തിയോ… ഇല്ലല്ലോ….എല്ലാർക്കും പ്രണയം ഉണ്ടാകും ഏട്ടാ…. എന്നാലും നമ്മൾ മറ്റൊരാളുടേത് ആയി കഴിഞ്ഞാൽ വീണ്ടും മോഹിച്ചു കൊണ്ട് പിന്നാലെ ചെല്ലുന്നത് നല്ലതല്ല….ഞങ്ങടെ കാർത്തുനും വാവയ്ക്കും ഒന്നും വരില്ലായിരിക്കും ല്ലേ… “””

“”വെറുതെ ടെൻഷനടിക്കേണ്ട… ഒന്നും വരില്ല…. “”അവൻ മാളുവിനെ സമാധാനിപ്പിച്ചു. അപ്പോഴേക്കും ഡോർ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നിരുന്നു….

“”കാർത്തികയ്ക്ക് ബോധം വന്നിട്ടുണ്ട് കേട്ടോ… ഒരാൾക്ക് കേറി കാണാം…. “”

“”മ്മ്മ്.. ഏട്ടൻ പോയി കണ്ടിട്ട് വാ “”

മാളു സിദ്ധുനെ തന്നെ പറഞ്ഞയച്ചു.

അവിടെ ചെന്ന് കാർത്തുവിന്റെ കയ്യിൽ പിടിച്ചപ്പോൾ തന്നെ അവള് കണ്ണുകൾ തുറന്നു …മിഴികളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണ് നീര് സിദ്ധു തുടച്ചു കൊടുത്തു… അവൾ എന്തോ സംസാരിക്കാൻ തുടങ്ങിയതും അവൻ തടഞ്ഞു.

“”ഒന്നുല്ലാട്ടോ… വേഗം മാറും… വാവയ്ക്കും കുഴപ്പോംന്നുല്ലാന്നാ ഡോക്ടർ പറഞ്ഞെ…കരയേണ്ട… “”

അവളുടെ കിടപ്പ് കണ്ടപ്പോൾ ഹൃദയം പിടയുന്ന വേദന തോന്നിയെങ്കിലും അവൻ പ്രകടിപ്പിച്ചില്ല…..ഒരാഴ്ച്ചയോളം അവിടെ അഡ്മിറ്റ്‌ ആയി കിടന്നു..

??????????????

“”യെസ് ഷി ഈസ്‌ ഓൾ റൈറ്റ്…ഞാൻ കരുതി ഡെലിവറി കഴിയുന്നത് വരെ ഹോസ്പിറ്റലിൽ തന്നെ കഴിയേണ്ടിവരുമെന്ന് . ബട്ട് നോ പ്രോബ്ലം…. അമ്മയും കുഞ്ഞും ഇപ്പോ ഒക്കെയാണ്. കുഴപ്പോംന്നുല്ലാ….. നിലത്തേക്ക് വീണെങ്കിലും കാര്യമായൊന്നും പറ്റീട്ടില്ല. ഇന്ന് ഡിസ്ചാർജ് ആയിക്കോളൂ.. “”

ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി…പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ സിദ്ധു കാർത്തുവിനെ തന്നെ നോക്കി…

‘””മ്മ്മ്.. എന്തെ സിദ്ധുവേട്ട…. “”

അവന്റെ നോട്ടം കണ്ടെന്നോണം കാർത്തു ചോദിച്ചു..

“””അല്ലാ…നമുക്ക് എന്റെ വീട്ടിലേക്ക് തന്നെ പോയാൽ പോരെ….. നിന്റെ ശോഭമ്മായി പറയുന്നത് കേട്ടു പ്രസവം കഴിഞ്ഞിട്ട് എന്റടുത്തേക്ക് വിടാമെന്ന്….. “””

“”ഓഹ്.. അത് സാരില്യ….സിദ്ധുവേട്ടൻ ഇടയ്ക്ക് കാണാൻ വന്നാൽ മതി.. പിന്നെ ഡേറ്റ് അടുക്കുമ്പോൾ അവിടെ വന്ന് താമസിച്ചോ…..അമ്മായിക്ക് ആഗ്രഹം കാണും പരിചരിക്കാനോക്കെ…. “”

“””പോടീ ദുഷ്ടേ… “”

അവൻ മുഖം കനപ്പിച്ചു…..”””നീ പ്രെഗ്നന്റ് ആയ ശേഷം എപ്പോഴും അവിടെ തന്നെയല്ലായിരുന്നോ…””

“””ഞാൻ ഇനി നമ്മടെ വാവനേം കൊണ്ട് സിദ്ധുവേട്ടന്റെ വീട്ടിലേക്ക് വരാം… ഇപ്പോ എന്റെ വീട്ടിലേക്ക് തന്നെ പോകാം….. ഇത്തിരി കൂടി ക്ഷമിക്ക്… ആളിങ്ങു വരാറായി….”””

അത് കേട്ടപ്പോൾ അവന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു…

“കാണാൻ കൊതിയാകുവാ അല്ലേ കാർത്തു….. വേഗം ഇങ്ങ് വന്നോ അച്ഛേടെ മുത്ത്… കട്ട വെയിറ്റിംഗ് ആണ്..”””

അവൻ വയറിൽ ഉമ്മ വച്ച് എഴുന്നൽക്കുമ്പോഴേക്കും അച്ഛൻ വന്നു…

“”മ്മ്മ്.. മതി.. മതി… ഹോസ്പിറ്റൽ ആണ്… അവരെല്ലാം പുറത്തുണ്ട്…ബിൽ പേയ്‌മെന്റും കഴിഞ്ഞു..വാ ഇറങ്ങാം…. “”

അച്ഛൻ വന്നു പറഞ്ഞപ്പോഴേക്കും സിദ്ധു അവള്‌ടെ അടുത്ത് നിന്നും മാറി…ഹോസ്പിറ്റലിൽ നിന്നും കാർത്തുനേ അവള്‌ടെ വീട്ടിലേക്ക് യാത്രയാക്കുമ്പോൾ സിദ്ധുവിന്റെ മുഖം മങ്ങിയിരുന്നു….ദിവസങ്ങളും മാസങ്ങളും കഴിയുന്തോറും അവളെ കാണാൻ ഓരോരോ കാരണമുണ്ടാക്കി ഇടയ്ക്കിടെ സിദ്ധു പോകാൻ തുടങ്ങി ..ആ വരവ് കാണുമ്പോഴേ മാളു കളിയാക്കുവാൻ തുടങ്ങുമായിരുന്നു …അത് കൊണ്ട് തന്നെ പിന്നെ പിന്നെ വിശേഷങ്ങളെല്ലാം ഫോൺ വിളികളിൽ ഒതുക്കാൻ ശ്രമിച്ചു….

??????????????

“””എന്റെട്ടാ എത്ര നേരായി ഞാൻ വിളിക്കുന്നു… ഒന്ന് ഫോൺ എടുത്തൂടെ… “”

“”ഒരു അർജെന്റ് മീറ്റിംഗിൽ ആയി പോയി മോളെ… കാർത്തുന് വല്ലതും…….. ദേ ഞാൻ അങ്ങോട്ട് തന്നെ വരുവാ.. ഒരു പത്തു മിനിറ്റ്””

മറുപടി നൽകിയാ ശേഷം സിദ്ധു ഫോൺ കട്ട്‌ ചെയ്യാൻ ശ്രമിച്ചു..

“”ഏട്ടാ… എങ്ങോട്ട … ഹോസ്പിറ്റലിലോട്ട് വാ… ഞങ്ങടെ കുഞ്ഞി കാർത്തു വന്നു. അത് പറയാൻ വിളിച്ചതാ….. പെയ്ൻ വന്നപ്പോൾ തൊട്ട് സിദ്ധുവേട്ടനെ വിളിക്കാൻ തുടങ്ങുവാ…… ഇനി ഏതായാലും ഇങ്ങോട്ട് വാ… “”” മാളു പറഞ്ഞത് കേട്ടപ്പോൾ സിദ്ധുവിന് ചിരിക്കണോ കരയണോ എന്ന അവസ്ഥയായി… തന്റെ കുഞ്ഞിനെ കാണാനുള്ള വെമ്പലും ഫോൺ വിളിച്ചിട്ട് എടുക്കാൻ പറ്റാതെ പോയ നിരാശയും ആ മുഖത്തുണ്ടായിരുന്നു…

“”ദേ.. മോളെ ഇപ്പൊ വരാം… “”

പെട്ടെന്ന് തന്നെ കാറിന്റെ കീയും എടുത്തുകൊണ്ടവൻ ഓഫിസിൽ നിന്നുമിറങ്ങി…. ഹോസ്പിറ്റലിൽ മാളുവിന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും കൂടെ നന്ദനും ഉണ്ടായിരുന്നു…

“”സിദ്ധുവേട്ടനെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാനാ നന്ദേട്ടനെ വിളിച്ചത്….ഇവിടെ എത്തിച്ചതും നന്ദേട്ടനാ “”

സിദ്ധുവിന്റെ നോട്ടം നന്ദനിൽ തന്നെ പതിഞ്ഞത് കണ്ട് മാളു ഇടയിൽ കയറി പറഞ്ഞു….സിദ്ധാർഥ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ പുണരുകയായിരുന്നു ചെയ്തത്…. അവനോട് സോറി പറഞ്ഞു…എത്രയെന്നില്ലാത്ത നന്ദി പറഞ്ഞു… മാളുവിനും അത് കണ്ടപ്പോൾ സന്തോഷമായി……

?????????????

“”നിന്റെ അയൽപക്കകാർക്കൊന്നും കുഞ്ഞിനെ കണ്ട് മതിയായില്ലേടി….എല്ലാത്തിനെയും കൊണ്ട് നിന്നോട് ഒന്ന് സ്വസ്ഥമായി മിണ്ടാൻ പോലും പറ്റുന്നില്ല…എന്റെ കുഞ്ഞിനെപ്പോലും നേരാവണ്ണം നോക്കി കൊതി തീർന്നില്ല… അതിനെയൊന്ന് എടുക്കാൻ നോക്കുമ്പോഴേക്കും ഓരോന്നു വന്നോളും…””

കിടക്കയിൽ കിടന്ന കാർത്തുനെയും കുഞ്ഞിനെയും നോക്കി സിദ്ധാർഥ് പറഞ്ഞപ്പോൾ അവൾ ചിരിയടക്കി…..

“”എന്തിനാ ഈ മൂന്നാലു മാസൊക്കെ റെസ്റ്…എനിക്ക് പിടിച്ചു നിക്കാൻ വയ്യാ… നിന്നേം മോളേം ഇപ്പൊ തന്നെ ഞാൻ കൊണ്ടോകും….. “”

അവൻ മെല്ലെയാ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കയ്യിലും കാർത്തുവിന്റെ കയ്യിലും പിടിക്കുന്നുണ്ടായിരുന്നു….

“”സത്യം പറയട്ടെ കാർത്തു… നിനക്കിപ്പോ എന്നാ ഒരു മണമാ….. ഈ മുറിയിലേക്ക് കയറുമ്പോൾ തന്നെ ഒരു ഗന്ധം…. അല്ല കാർത്തു ഈ കണ്ണിലൊക്കെ എന്തിനാ ഇങ്ങനെ കണ്മഷി വാരി തൂകുന്നേ… എന്തായാലും നല്ല ചേലിണ്ട് കാണാൻ…. കുഞ്ഞി കാത്തു നല്ല ഉറക്കണല്ലോഡീ…. അച്ഛേടെ പോന്നെ… എണീക്ക്….. “”

അവന്റെ സംസാരത്തിൽ കാർത്തു ആഹ്ലാദിക്കുകയായിരുന്നു…… പക്ഷെ കുഞ്ഞിനെ വെറുതെ ഉണർത്താൻ ശ്രമിച്ചതോടെ അവൾ സിദ്ധുനെ കൂർപ്പിച്ചു നോക്കി..

“”എന്റെ മനുഷ്യ.. അതൊന്ന് ഉറങ്ങിക്കോട്ടേ…. വെറുതെ തൊട്ടുണർത്തണ്ട.. കുളിയൊക്കെ കഴിഞ്ഞ് സുഖായിട്ട് ഉറങ്ങുവാ….. “”

അവൾ കുഞ്ഞിനെ ഒന്ന് കൂടി പുതപ്പിച്ചു…

“”എങ്കിൽ പിന്നെ കുഞ്ഞിന്റെ അമ്മയെ വെറുതേ തൊടുന്നത് കൊണ്ട് പ്രശ്നമുണ്ടോ… “

കള്ളച്ചിരിയാലെ മീശ പിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ കാർത്തു ഒരു തല്ല് വച്ചു കൊടുത്തു…

“”ദേ.. അമ്മായിയോ മാളുവോ കേട്ടോണ്ട് വരണ്ട.. സിദ്ധുമോൻ വേഗം സ്ഥലം കാലിയാക്കിയേ…..””

അവനപ്പോൾ ദേഷ്യം വന്നുകൊണ്ട് എഴുന്നേറ്റു…..മൂന്ന് മാസം പോലും… ?ഹ്മ്മ്…ഓരോരോ ആചാരങ്ങൾ…. മുറിയുടെ വാതിലും കടന്നവൻ പോകുമ്പോൾ കാർത്തു അറിയാതെ ഉറക്കെ ചിരിച്ചു പോയി….

?????????????

“””ഡി കറുത്തമ്മോ…. എനിക്കൊരു കാര്യം പറയാനുണ്ടായിയുന്നു… “””

കുഞ്ഞിന് കണ്ണെഴുതി കൊടുക്കുന്നതിനിടയിലായിരുന്നു മാളുവിന്റെ സംസാരം…

“”വേഗം പറ…. നാളെ ഞങ്ങൾ അച്ഛവീട്ടിലേക്ക് പോകുവാണല്ലോ… ല്ലെഡി… അമ്മേടെ ചുന്ദരി വാവേ….. “”

അതും പറഞ്ഞു കൊണ്ട് കാർത്തു മാളൂനെ തന്നെ നോക്കി….

“”ചേച്ചി… എനിക്ക് നന്ദേട്ടനെ ഇഷ്ടാണ്….. “”

കാർത്തൂടെ ഭാഗത്തു നിന്നും വലിയ പ്രതികരണമൊന്നുമില്ലായരുന്നു.

ഡി… കാർത്തു… നീ കേൾക്കുന്നുണ്ടോ എനിക്ക് നന്ദേട്ടനെ ഇഷ്ടാ…..ന്ന്…. “”

കാർത്തു ഗൗനിക്കാത്തത് കണ്ട് മാളു ചിണുങ്ങികൊണ്ട് കുറച്ച് ഉറക്കെ തന്നെ പറഞ്ഞു….

“”എത്ര നാളായി….. “

“””കുറച്ച് നാളായി .. എനിക്ക് നന്ദേട്ടന്റെ കൂടെ ജീവിക്കണം കാർത്തു.. നല്ല മനുഷ്യനാ… നന്ദേട്ടന് ഓട്ടോ പണി ആയാലെന്താ… ഈ മാളു പഠിച്ചു ജോലിയാക്കി പോന്നുപോലെ നോക്കിക്കോളാം…. “”

അവളുടെ സംസാരം കേട്ട് കാർത്തുവിന് ചിരി പൊട്ടുന്നുണ്ടായിരുന്നു….

“”എനിക്കപ്പോഴെ തോന്നി മോളെ…. അന്ന് വേദന കൊണ്ട് പുളയുമ്പോൾ നന്ദേട്ടനെ വിളിച്ചോട്ടെ എന്ന് നീ ചോദിച്ചപ്പോഴെ എന്റെയുള്ളിൽ ഒരു തിരിനാളം മിന്നിയതാ…. നിനക്കെവിടുന്ന നന്ദേട്ടന്റെ നമ്പർ എന്ന് ചോദിക്കാൻ നാവ് പൊന്തിയെങ്കിലും ദേ… ഈ കുഞ്ഞി ഇങ്ങ് വരാനുള്ള വെപ്രാളത്തിൽ അതൊക്കെ അലിഞ്ഞു പോയി…… “””

“”അപ്പൊ ചേച്ചിക്ക് വിഷമോന്നുല്ലല്ലോ…. “”

“”എന്തിന്… ഞാൻ ഒരു തവണ പ്രേമിച്ചു പോയെന്ന് വച്ച് നന്ദേട്ടന് ഒരു നല്ല ജീവിതം വേണ്ടേ…. ഞാൻ കൂടെ ഉണ്ടാകും മാളു… സിദ്ധുവേട്ടനോടും അമ്മായിയോടും ഞാൻ സംസാരിച്ചോളാം… പക്ഷെ ഇപ്പൊ എന്റെ മോള് നന്നായി പഠിക്കാൻ നോക്ക്…. “”

“”ആ അത് മതി.. നിങ്ങൾ ഒന്ന് സമ്മതിച്ചു തന്നാൽ മതി… ഉമ്മ…. “”

അവൾ കാർത്തുവിന്റെ കവിളിൽ പിടിച്ചു മുത്തം നൽകി…. വാവയെയും അവളുടെ കയ്യിൽ നിന്നും വാങ്ങി എടുത്തോണ്ട് നടന്നു…..

??????????????

പിറ്റേ ദിവസം നൂൽകെട്ടൽ ചടങ്ങുകൾക്കായി സിദ്ധുവിന്റെ വീട്ടിൽ നിന്നുമെല്ലാവരും വന്നു….

“””സിദ്ധാർത്തിക….. “”””

വാവയുടെ ചെവിയിൽ അവൻ നാമം ഉരുവിട്ടു…അന്നത്തെ ആഘോഷങ്ങളെല്ലാം ഗംഭീരമായി തന്നെ നടന്നു… തിരികെ കാർത്തുവിനെ സിദ്ധുവിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുമ്പോൾ അവൾ പോലുമറിയാതെ മിഴികൾ നിറയുന്നുണ്ടായിരുന്നു… അവിടെ ചെന്ന് വാവയെ കൊഞ്ചിക്കുന്ന തിരക്കിലായി എല്ലാവരും… ശ്രീ അച്ഛനും ഗൗതമും… മുത്തശ്ശിയുമെല്ലാം മാറി മാറിയവളെ കൊഞ്ചിച്ചു…. തിരക്കൊക്കെ കഴിഞ്ഞ് മുറിയിലേക്കു കയറിയപ്പോഴേക്കും സിദ്ധു അവളെ പിറകിലൂടെ പുണർന്നിരുന്നു….

“”എന്റെ കാർത്തു നീ കുറച്ച് വണ്ണം വച്ചു പോയല്ലോ …. “”

“”ആഹാ… എങ്കിൽ പിന്നെ വിട്ടേക്ക്… “”

“”ഇല്ലാ… താഴേ അവരൊക്കെ വാവയെ കളിപ്പിക്ക്യ….. “”

പറഞ്ഞുകൊണ്ടവൻ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും കാർത്തു തട്ടി മാറ്റി…

“”ഓഹ് അവള്‌ടെ ഒരു ജാഡ “””

“””സിദ്ധുവേട്ട… മാളു എന്നോടൊരു കാര്യം പറഞ്ഞിരുന്നു…. അവൾക്ക് നന്ദേട്ടനെ ഇഷ്ടാത്രേ… നമുക്ക് അത് നടത്തി കൊടുത്തൂടെ… പാവം ആ മനുഷ്യന് അവള് കൂട്ടാകട്ടെ….. “”

കാർത്തു പറഞ്ഞത് കേട്ടപ്പോൾ സിദ്ധു ഞെട്ടിയെങ്കിലും അവൻ എതിർക്കാൻ നിന്നില്ല…..

“””മ്മ്മ്… എങ്കിൽ അങ്ങനെയായിക്കോട്ടെ….നമുക്ക് ആഘോഷമായി തന്നെ നടത്തണം “”

അവൻ കാർത്തുനേ ഒന്ന് കൂടി കെട്ടിപുണർന്നു…. ഒരു വേള അവന്റെ നെഞ്ചിലെ ചൂടേറ്റവളും…… പെട്ടെന്നാരോ വാതിലിൽ തട്ടി… തുറന്ന് നോക്കിയപ്പോഴേക്കും വാവയെയും എടുത്തോണ്ട് അച്ഛൻ വന്നിരുന്നു…ഉറക്കച്ചടവോടെ വാവയെ കണ്ടപ്പോൾ കാർത്തു കൊഞ്ചിച്ചു കൊണ്ട് തിരികെ വാങ്ങി….

“”അമ്മേടെ മുത്തിന് വിശന്നു പോയോ.. ഒക്കം വരുന്നുണ്ടോ…… “””

കുഞ്ഞിനെ തിരികെ ഏൽപ്പിച്ചപാടെ അച്ഛൻ പോയിരുന്നു…അനങ്ങാതെ കിടന്ന് പാല് കുടിക്കുന്ന കുഞ്ഞിനെ സിദ്ധു ഇടയ്ക്കിടെ നോക്കി.

“”ഉറങ്ങിയോടി… “”

ഇല്ലെന്ന് കാർത്തു തലയാട്ടി…. അപ്പോഴേക്കും പാല് കുടി നിർത്തി അമ്മിഞ്ഞ ഇളക്കിവിട്ട് കൊണ്ട് വാവ എത്തി നോക്കിയിരുന്നു…

“”ദേ..നോക്കുന്ന കണ്ടോ, ഉറങ്ങെടി… വേം പാല് കുച്ച് ചാച്ചിക്കൊ… “”

“”ഇതേതാ അമ്മേടെ കൂടെ പുതിയൊരാൾ ന്ന് വച്ച് നോക്കുന്നതാ…. “

കാർത്തു പറയുമ്പോൾ വാവ ഒന്ന്കൂടി ഊറി ചിരിച്ച് ഒച്ചയാക്കി..ഇടയ്ക്കിടെ കുഞ്ഞികാലിൽ സ്വയം പിടിച്ചു കളിച്ചു കൊണ്ട് സിദ്ധുനെ നോക്കി വാവ ചിരിക്കുന്നുണ്ടായിരുന്നു….. ഉറങ്ങിക്കഴിഞ്ഞപ്പോൾ കാർത്തു കുഞ്ഞിനെ അരുകിലേക്ക് കിടത്തി….

“””നിന്റെ അതേ ചിരിയാ കാർത്തു… ദേ നോക്കിയേ…”””

അപ്പോഴേക്കും ഉറക്കത്തിൽ കുഞ്ഞിപെണ്ണ് പാൽ പുഞ്ചിരി നൽകി …കാർത്തു മോളെയും നോക്കിയിരിക്കുന്നത് കണ്ടപ്പോൾ അവൻ ഒന്നുകൂടിയവളെ ചേർത്ത് നിർത്തി പുണർന്നു…. ആ ചുടു നിശ്വാസം കഴുത്തിലേക്ക് പടർന്നപ്പോൾ അവൾ ഒരു കുറുകലോടെ വരവേറ്റു… അന്നാ രാത്രിയിൽ അവനോട് ചേർന്നൊട്ടി കിടക്കുമ്പോൾ കാർത്തുവിന് നന്നേ സന്തോഷമായിരുന്നു…. ഇത്തിരി വൈകിയായാലും എല്ലാം കലങ്ങിതെളിഞ്ഞതോർത്ത്‌…കൈ വിട്ട് പോയെന്ന ജീവിതം തിരികെ കിട്ടിയതോർത്ത്‌….

അവസാനിച്ചു

കാർത്തിക ഇവിടെ അവസാനിക്കുകയാണ്.. തുടക്കം മുതൽ എന്റെ കൂടെ നിന്ന നിങ്ങളോരോരുത്തരോടും ഒരുപാട് നന്ദി.. പിന്നെ എന്റെ ചിത്തുനോടും ?( ചിത്രാംഗദ ചിത്തു) ഇതെന്റെ രണ്ടാംമത്തെ തുടർക്കഥയാണ്.. തെറ്റുകളൊക്കെ കാണും… ഒന്ന് ക്ഷമിച്ചേക്കണെ… അപ്പോ പിന്നേ ശെരി. ??‍♀️…ഇടയ്ക്ക് വരാട്ടോ… എല്ലാരും കൂടെ കാണണെ…