നിനക്കായ് ഞാൻ
എഴുത്ത്: മാനസ ഹൃദയ
കാൽചിലമ്പിലെ അവസാന നാദവും തുളുമ്പിച്ചു കൊണ്ടവൾ വേദിക്ക് മുന്നിലുള്ള ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ നട്ടു… നിറഞ്ഞുയരുന്ന കരഘോഷങ്ങൾ കേട്ടപ്പോൾ ആ മിഴികൾ നിറയുകയായിരുന്നു… ആടി തളർന്നു വിയർത്തു കിതച്ചു കൊണ്ട് ചുറ്റും തിരഞ്ഞു… ഇല്ലാ ശൂന്യമാണ്… വേദിയിൽ തളം കെട്ടി നിൽക്കുന്ന പ്രകാശത്താൽ അവിടം മുഴുവൻ അവ്യക്തമായിരുന്നു….
“”കൗശിക് സർ …… “”
അറിയാതെ ഒരു വേള നാവിൽ ആ നാമം ഉരുവിട്ടു…… കർട്ടൻ മറഞ്ഞു വീഴുംവരെയും അവിടം മുഴുവൻ തിരഞ്ഞു… പക്ഷെ കണ്ടില്ല…. ഡ്രസിങ് റൂമിൽ കയറി ഉടയാടകൾ ഓരോന്നും അഴിച്ചു മാറി ചുരിദാർ എടുത്തിട്ടു … മുഖം കഴുകി കണ്ണാടിക്കുമുന്നിൽ നിന്നും അവൾ അവളെ തന്നെ നോക്കി.
“”വിചാരിച്ചതിൽ നിന്നും എത്രയോ ഉയരെയാണ് ഞാൻ … എത്രയോ ഉയരെ….അതിന് കാരണം നിങ്ങളാണ് സർ.. “
അവൾ മനസ്സിൽ ഓർത്തു.. എങ്കിലും കൗശിക്കിനെ അവിടെയൊന്നും കാണാഞ്ഞു ഉള്ളിൽ ഒരു അഗ്നി ഗോളം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു….
“””തരുണി… മോളെ… മുത്തേ…… ഡാൻസ് പൊളിച്ച്…. വാഹ്… ഏതാ ഒരു അയവ്…. ഈ ഉടലൊക്കെയും അംഗ ലാവണ്യത്താൽ നിറഞ്ഞു നിന്ന ആട്ടം………..നീ ഇപ്പൊ പഴേ പോലൊന്നും അല്ലാന്ന് കേട്ടു… ഏട്ടന്മാരൊക്കെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട് ട്ടാ മോളെ… “”
മുറിക്കടുത്തായി വന്നു നിന്ന് കുറേയവന്മാർ അവളെ നോക്കി പറഞ്ഞപ്പോൾ ആ പെണ്ണിനെ വീണ്ടും വേദന കാർന്നു തിന്നുന്നുണ്ടായിരുന്നു….
“” കണ്ട പെൺപിള്ളേരെ നോക്കി വെള്ളെറക്കാതെ വീട്ടിലെ പെങ്ങളെ പോയി നോക്കി ഇത് പോലെ പറയടാ……… “”
എടുത്തടിച്ചതു പോലുള്ള ആ മറുപടിയുടെ ശബ്ദം തിരിച്ചറിഞ്ഞതും തരുണി ഒന്ന് പുഞ്ചിരിച്ചു… കൗശിക്…..ഇത്രയും നേരം തിരഞ്ഞു കൊണ്ടിരുന്ന മുഖം…
“”എന്തെടാ…. പെങ്ങളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ…..നിന്ന് ചെലക്കാതെ പോടോ…. “”
വീണ്ടും അവന്റെ ശബ്ദം കാതിൽ വന്നലച്ചപ്പോൾ അവളുടെ മുഖം പ്രകാശിച്ചു. പെട്ടെന്ന് തന്നെ കൗശിക് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…. കാറിനടുത്തേക്ക് നീങ്ങികൊണ്ട് ഡോർ തുറന്ന് അവൾക്ക് നേരെ കാട്ടി ……
“”സർ… സർ എവിടെ ആയിരുന്നു.? ഞാൻ കുറേ നോക്കി….. “”
ചോദിച്ചത് കേട്ടെങ്കിലും കൗശിക് ഒന്നും മിണ്ടിയില്ല… ഇനിയും അവനോട് വല്ലതും ചോദിക്കാൻ നിന്നാൽ തല്ല് കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് പിന്നൊന്നും പറയുവാൻ നിൽക്കാതെ തരുണി വണ്ടിയിലേക്ക് കയറി…
“”ഏതേലും അവന്മാർ മോശമായി എന്തേലും പറഞ്ഞാൽ നിന്ന് മോങ്ങാൻ നിക്കരുത്… മുഖത്തു നോക്കി രണ്ടു പറഞ്ഞേക്കണം…എങ്കിലേ അവന്മാരെ പോലെ ഉള്ളവരുടെ വിളച്ചിൽ അടങ്ങു… “”
ഡ്രൈവിങ്ങിനിടയിലായി കൗശിക് പറഞ്ഞപ്പോൾ അവന്റെ മനസ് മുഴുവൻ നേരത്തെ നടന്ന ആ സംഭവമാണെന്ന് അവൾക്ക് മനസിലായി….അവൾ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അവൻ ഒന്നുകൂടി തരുണിയെ തന്നെ നോക്കി..
“”നിന്റെ നാവ് ഇറങ്ങി പോയോ… “””
“”ഇല്ല….. ഞാൻ അപ്പൊ സാറിനെ കാണാത്ത വെപ്രാളത്തിലായിരുന്നു….. “”
“”എന്നെ കാണാത്തതിൽ എന്തിനാ നിനക്ക് ഇത്രയ്ക്കും വെപ്രാളം… മ്മ്?? “”””
“”ഒന്നുല്ല…. “”
അവൾ പിന്നെ മിണ്ടാൻ നിന്നില്ല…കനപ്പിച്ചു കൊണ്ടങ്ങനെയിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും കൗശികിന്റെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു…
“”എത്ര നേരായി പിള്ളേരെ നിങ്ങളെ കാത്തിരിക്കാൻ തുടങ്ങീട്ട്.. പ്രോഗ്രാം കഴിയാൻ ലേറ്റ് ആയോ…. എന്റെ മോള് നന്നായി കളിച്ചോ “”
അവരെ കണ്ടതും ആാാ അമ്മ ആധിയോടെ ചോദിച്ചു….
“”തിമിർത്തു…. “”
കൗശിക് ആയിരുന്നു മറുപടി നൽകിയത്.
അപ്പോൾ തന്നെ ആ അമ്മ തരുണിയെ പിടിച്ച് വച്ച് നെറ്റിമേൽ ഒരു മുത്തം വച്ചു കൊടുത്തു…..
“”എന്തൊരു സ്നേഹമാണ് ഈ അമ്മയ്ക്ക്… ഇതുവരെയും ഞാൻ അറിയാത്തൊരു സ്നേഹം…. അർഹത… പരിഗണന അതൊക്കേയും ഇവിടെ നിന്നാണ് കിട്ടി തുടങ്ങിയത്….. പക്ഷെ… ഞാൻ ഇവരുടെയൊക്കെ ആരാ… ആരുമല്ല..
“”എന്താലോചിച്ചു നിക്കുവാ….. ദേ രണ്ടു പേരും കുളിച്ചേച് വാ… ഞാൻ കഴിക്കാൻ എടുക്കാം…. “”
അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി. ഒരു നിമിഷമവൾ കൗശിക്കിനെ നോക്കി…
“”നീ കഴിച്ചിട്ട് കിടന്നോ.. എനിക്ക് വേണ്ട…. “””
“മ്മ്…. “”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവളൊന്നു തലയാട്ടി….മുകളിലേക്ക് പടികൾ കയറി പോകുന്ന അവനെ അങ്ങോളം നോക്കി നിന്നു……രാത്രയിൽ കിടന്നപ്പോഴും മനസിൽ എന്തൊക്കെയോയിരുന്നു… കണ്ണടച്ചാലും.. തുറന്നാലും എല്ലാം കൗശിക്കിന്റെ മുഖം മാത്രം….
“എന്ത് രസാണ് ആ കർക്കശ ഭാവം…. ഞാൻ മാത്രം കാണില്ല… എങ്കിലും എൻറെ കൂടെ ഒരു നിഴലായി സർ ഉണ്ട്….. ഒത്തിരി ഒന്നും മിണ്ടാറില്ല…. എങ്കിലും സംസാരിക്കാനായി വായ തുറന്നാൽ പിന്നെ കേട്ടിരുന്നു പോകും… എന്റെ…. എന്റെ മാത്രം കൗശിക്….””
ഓരോന്നോർത്തവൾ കാട് കയറി… ഒരു നിമിഷം സ്തംഭിച്ചു പോയി.
“”ഇല്ലാ…. എന്റെ ആരാ…… ആരുമല്ല….. കൗശിക് സർ….. കൗശിയേട്ടാന്ന് വിളിക്കണം ന്നുണ്ട് എനിക്ക്… പക്ഷെ പേടിയാ…. സാർ ന്ന് വിളിച്ചില്ലേൽ വഴക്ക് പറഞ്ഞാലോ…… സാർ ആണ്…. ദൈവം ആണ്… എന്നെ ഒരു നല്ല കരയ്ക്കടുപ്പിച്ച ദൈവം….. ജീവിതമേ മാറ്റി മറിച്ച ദൈവം…..””
കിടക്കയിലെ തലയിണയെടുത്തവൾ നെഞ്ചോട് ചേർത്തു മലർക്കെ കിടന്നു…ഓർമ്മകൾ ഇടയ്ക്കിടെ മനസിലെ കനലായി വന്ന് തുടങ്ങിയപ്പോൾ അതിന്റെ വ്യാപ്തി കുറക്കാനെന്നോണം മിഴികൾ നിറഞ്ഞു…… ആ ഓര്മയിലും അവൾ മന്ത്രിച്ചു…
“കൗശിക് സാർ…. “
???
“”””മോളെ… ദേ നീ ഒന്ന് സമ്മതിക്ക്… ഒന്നും പേടിക്കണ്ട…. അയാൾ വന്ന് വേഗം അങ് പൊയ്ക്കോളും…… കുറച്ചു സമയം….””
ആ സംസാരം അത്ര മയത്തിലായിരുന്നു…. തരുണി ആകെ ശിലപോലെ നിന്നുപോയി.
“”ഇനി നീ അയാൾക്ക് കിടന്നു കൊടുത്തില്ലേൽ…..എന്റെ തനി സ്വഭാവം നീ കാണും…. കേട്ടോടി…. നിന്നെ തീറ്റി പോറ്റാനുള്ള വകയൊന്നും എനിക്കില്ല…””
ആാാ വർത്തമാനം കേട്ടപ്പോൾ സ്വന്തം ജീവിതത്തെ ഓർത്ത് പുച്ഛം തോന്നി തരുണിക്ക്…. സ്വന്തം അമ്മയുടെ വായിൽ നിന്നു തന്നെ അങ്ങനൊരു സംസാരം കേട്ടപ്പോൾ വിശ്വസിക്കാൻ പോലും പാകമാവാത്ത വിധം മനസ് മരവിച്ചു….
അച്ഛനില്ല തനിക്ക്….അഞ്ചു വർഷം മുൻപാണ് മരിച്ചത്. ഇപ്പോ കൂടെ കിടക്ക പങ്കിടാൻ പറയുന്നത് അമ്മയുടെ കാമുകന്റെ കൂടെ…… തന്റെ അവസ്ഥയോർത്തവൾ ഉരുകി….. വെറും പതിനെട്ടു വയസേ ആയുള്ളൂ…. എന്നിട്ടും ഒരമ്മ മകളോട് പറയേണ്ട സംസാരമാണോ ഇത്……
എല്ലാം കൊണ്ടും തളർന്ന ഭാവത്തിലവൾ കരഞ്ഞു… എത്രയെന്നില്ലാതെ…അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ ആർത്തുല്ലസിച്ചു പെയ്യും പോലെ തോന്നി……രക്ഷപെടാൻ ഒരു മാർഗവും ഇല്ലേ… ഇനിയും ആ സ്ത്രീയുടെ കൂടെ ജീവിക്കാൻ വയ്യാ… സ്വയം നശിക്കാൻ വയ്യാ…. സ്വന്തമെന്ന് കരുതിയതെല്ലാം വാരി പെറുക്കി ഒരു ബാഗിലാക്കി… കൈയിൽ ഒരഞ്ചു പൈസ പോലുമില്ലായിരുന്നു…. അമ്മ കാണാതെ അന്ന് വൈകുന്നേരം ആ വീട് വിട്ടിറങ്ങമ്പോൾ അച്ഛനെ ഒരു തവണ മനസ്സിൽ ഓർത്തു… ദൂരേക്ക് മായും വരെ ആ വീട്ടിലേക്ക് കണ്ണുകൾ നട്ടു…..
നടന്നു, എങ്ങോട്ടെന്നില്ലാതെ…. ഒരു ലക്ഷ്യ ബോധമില്ലാതെ….. ഇരുട്ടറഞ്ഞ നേരത്ത് ഓരോരുത്തരേ കാണുമ്പോഴും മുഖം വിറ കൊള്ളുന്നുണ്ടായിരുന്നു…..പലവിധമായ നോട്ടങ്ങൾ മനസിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…റോഡരികിലെ അരണ്ട വെളിച്ചത്തിൽ പലതിനെയും കാൺകെ പേടി തോന്നി….. ഒരു ബസ് സ്റ്റോപ്പ് കണ്ടപ്പോൾ അവിടെയായി ഇരുന്നു…ദാഹത്താൽ തൊണ്ട വരളുന്നുണ പോലേ തോന്നി അവൾക്ക്.
“””ഇതാ വെള്ളം കുടിക്ക്….. “”
ഒരു സ്ത്രീ അവൾക്കടുത്തായി വന്നിരുന്നു പറഞ്ഞുകൊണ്ട് കുപ്പി വെള്ളം നീട്ടി…അവർ ചുണ്ടുകളിൽ ചായം തേച്ചിട്ടുണ്ടായിരുന്നു. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ടായിരുന്നു…
വെള്ളം കുടിച്ചു കൊണ്ടവൾ പതിയെ ആ സ്ത്രീയെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു. അവളോടൊരോന്നായി അവർ ചോദിച്ചങ്കിലും തന്റെ ജീവിതം പറയാൻ തരുണിക്ക് മനസ് വന്നില്ല….എങ്കിലും ഇനി എങ്ങോട്ട് എന്ന ചോദ്യം ബാക്കിയായപ്പോൾ അവളുടെ അവസ്ഥയെ കുറിച്ചു തുറന്ന് പറഞ്ഞു….കൂടെ വിളിച്ചപ്പോൾ അന്ന് അതു പോലൊരു സ്ത്രീയുടെ കൂടെ ഇറങ്ങി പോകാൻ മടി തോന്നിയെങ്കിലും ചതിക്കില്ല എന്ന അവരുടെ ഉറച്ച വാക്കിൽ വില കല്പ്പിച്ചു കൊണ്ട് കൂടെ ചെന്നു……
ചുവന്ന വെളിച്ചത്തിന്റെ അകമ്പടിയോടു കൂടിയ തെരുവിലൂടെ നടന്നപ്പോൾ മനസ് മുഴുവൻ ഭയമായിരുന്നു അവൾക്ക്…… ചെറിയ വെളിച്ചമുള്ള തിങ്ങിയ മുറിയിലേക്ക് കയറി നോക്കിയപ്പോൾ അവരെ പോലുള്ള കുറേ സ്ത്രീകൾ ഉണ്ടായിരുന്നു….ഓരോരോ തട്ടിപ്പിൽ പെട്ടു കൊണ്ട് ശരീരം വിൽക്കലായി തീർന്നു പോയവർ…..വിശപ്പടക്കാൻ ദേഹം വിൽക്കേണ്ടി വന്നവർ…. അവരുടെ അനുഭവങ്ങൾ കേൾക്കെ തരുണിയുടെ മനസ് ഉറച്ചു പോയി…. അവർക്കിടയിലേക്ക് പുരുഷന്മാർ തേടി വരുമ്പോൾ പലരുടെയും നോട്ടം തന്നിൽ തടഞ്ഞു പോകുമെങ്കിലും ആ അമ്മമാർ സംരക്ഷിച്ചു….. വർഷങ്ങൾ കഴിയുന്തോറും അവളുടെ കാര്യങ്ങൾ മുഴുവൻ അവരായിരുന്നു നോക്കിയിരുന്നത്.. ഓരോരുത്തരെയും അവൾ അമ്മേ എന്ന് തന്നെ വിളിച്ചു……
ഏറെ ഉള്ള സംരക്ഷണം കിട്ടിയെങ്കിലും തരുണിയെയും അവർക്കിടയിലെ ആളായി എല്ലാവരും കണക്കാക്കി…എങ്കിലും താൻ കന്യകയാണോ അതോ മറ്റൊരുവന് കീഴടങ്ങിയവളാണോ എന്ന് സ്വന്തം മനസാക്ഷിക്ക് മാത്രം ബോധം മതിയെന്ന ഭാവത്തിൽലവൾ ജീവിച്ചു.. തനിക്ക് കൂടി വേശ്യ എന്ന പേര് വീണെങ്കിലും സങ്കടം തോന്നിയില്ല…… ശരീരം വിറ്റില്ലെങ്കിലും അവർക്കിടയിലെ ആട്ടക്കാരിയായി നൃത്തം ചെയ്തു….സ്വന്തം വസ്ത്രം അതിന്റെതായ മികവിൽ ഒതുക്കി നൃത്തം ചെയ്യുമ്പോൾ അത് കാണുവാൻ മാത്രം വേ ശ്യ ഗൃഹത്തിൽ തടിച്ചു കൂടുന്ന ജനങ്ങൾ ഉണ്ടായിരുന്നു….പലരും അവൾക്ക് നേരെ നോട്ട് ചീട്ടുകൾ എറിഞ്ഞു…. അപ്പോൾ മാത്രം ഇത്തിരി സങ്കടം തോന്നും തരുണിക്ക്…പക്ഷെ ഒരാൾ…. ഒരാൾ മാത്രം എന്നും വരും…. തന്റെ നൃത്തം അതിന്റെതായ രീതിയിൽ നോക്കി കാണുന്ന ഒരാൾ…. എന്നും അങ്ങനെ കാണാൻ വന്ന്… വന്ന്……. അയാൾ അവളെയങ്ങു സ്വന്തമാക്കി…. ഒരു പെണ്ണിനെ വില കൊടുത്തു വാങ്ങി….. ദുരുപയോഗത്തനല്ല മറിച് ഉയരങ്ങളിലേക്കെത്തുവാൻ… നോക്കിയിട്ടില്ല ഒരു കാ മ കണ്ണുകളാലും….
ഒരു നല്ല അമ്മയെ തന്ന…. കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കാൻ സഹായിച്ച…ഒരു നല്ല മനുഷ്യൻ… കൗശിക് സർ…സ്വർഗമായിരുന്നു പിന്നീടുള്ള ആ ദിനങ്ങൾ മുതൽ ഇന്ന് വരെയും….
ഒരു നറു ചിരി ആ മുഖത്തു വിരിഞ്ഞു. അവൾ ഒരു നെടുവീർപ്പോടെ ചരിഞ്ഞു കിടന്നു.. വീണ്ടും കൗശിയുടെ മുഖം തെളിഞ്ഞു വരുമ്പോൾ ഇറുകെ കണ്ണുകൾ അടച്ചു……എങ്കിലും ചെറു നോവും ആ മനസിനകത്തു തുളുമ്പുന്നുണ്ടായിരുന്നു.
എഴുതുന്നത് ജീവിതമല്ല… ഒരു കഥയാണ്…തരുണിയുടെ ജീവിതത്തെയും അങ്ങനെ കാണുക…
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….