Story written by Saji Thaiparambu
ദേ നിങ്ങളറിഞ്ഞോ? രേഷ്മ വയസ്സറിയിച്ചു.
കഞ്ഞി വിളമ്പി കൊടുക്കുന്നതിനിടയിൽ, ഭർത്താവിനോട് രത്നമ്മ പറഞ്ഞു.
ങ്ഹേ? അതെപ്പോഴാടി… ഞാനറിഞ്ഞില്ലല്ലോ ?
അതെങ്ങനെ അറിയാനാ, നീങ്ങൾക്കീ വീടുമായിട്ട് വല്ല ഉത്തരവാദിത്വവുമുണ്ടോ? ഏത് നേരവും കുടിച്ച് കൂ ത്താടി നടന്നാൽ മതിയല്ലോ? ബോധമുള്ളപ്പോഴല്ലേ ഇതൊക്കെ പറയാൻ പറ്റു
ഞാൻ എൻ്റെ കാശിനാടീ കുടിക്കുന്നത്, അല്ലാതെ നിൻ്റെ തന്ത സമ്പാദിച്ച് കൊണ്ട് വന്നിട്ടൊന്നുമല്ല
ദേ ചത്ത് പോയ എൻ്റെ തന്തയ്ക്ക് പറഞ്ഞാലുണ്ടല്ലോ?
ഒന്ന് നിർത്തുന്നുണ്ടോ രണ്ട് പേരും? എനിക്ക് നാളെ പരീക്ഷയുള്ളതാ ,നിങ്ങളിവിടെ കിടന്ന് ബഹളം വച്ചാൽ, എനിക്ക് ഒരു വക പഠിക്കാൻ പറ്റത്തില്ല, എപ്പോൾ നോക്കിയാലും ഈ വീട്ടില് വഴക്കാണല്ലോ ദൈവമേ…,ഇത് കണ്ട് കണ്ട്, ബാക്കിയുള്ളവർക്ക് ജീവിതം തന്നെ മടുത്തു
അവരുടെ മൂത്തമകൾ രജനിയായിരുന്നു അത്.
എന്നാൽ നീ പോയി ചാകെടീ ഹല്ല പിന്നെ
ദേ മനുഷ്യാ.. നിങ്ങളെന്നോട് സംസാരിക്കുന്നത് പോലെ പിള്ളേരോട് പറയല്ലേ? അവർ കുട്ടികളാ ,മാത്രമല്ല താൻ നില്ക്കുമ്പോൾ അനുജത്തി പ്രായമായതിൻ്റെ നിരാശയും ആ കൊച്ചിനുണ്ട്
രജനി മുറിയിലേക്ക് പോയെന്നുറപ്പായപ്പോൾ, രത്നമ്മ ഭർത്താവിനെ ഉപദേശിച്ചു.
അല്ലെടീ.. അവളെന്താ ഇത് വരെ വയസ്സറിയിക്കാത്തത് ,
ആഹ്ആർക്കറിയാം, അതിനെ വല്ല ഡോക്ടറെയും കൊണ്ട് കാണിക്കണം
എന്നാൽ നീയവളെ കൊണ്ട് കാണിക്ക് ,അല്ലേൽ പെണ്ണ് ,മംഗലം നടക്കാതെ പൊരേലിരിക്കേണ്ടി വരും
അടുത്ത മുറിയിലിരുന്ന, രജനി അച്ഛൻ്റെയും അമ്മയുടെയും സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു, തൻ്റെ കൂട്ടുകാരികളൊക്കെ പ്രായമായതിൻ്റെ ആഘോഷങ്ങളും കഴിഞ്ഞ്, പുതിയ വസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ വരുമ്പോൾ, തനിക്കും അത് പോലെ ഒരു സുദിനമുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു ,പക്ഷേ ഇപ്പോൾ അനുജത്തി കൂടി പ്രായമായെന്നറിഞ്ഞപ്പോൾ, തനിക്കിനി ഋതുമതിയാകാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.
അച്ഛൻ അവസാനം പറഞ്ഞ വാചകം, അവളുടെ മനസ്സിലൊരു വീർപ്പ് മുട്ടലുണ്ടാക്കി ,പ്രായമാകാത്ത പെണ്ണിന് വിവാഹം നടക്കില്ലെന്നല്ലേ? അച്ഛൻ പറഞ്ഞതിൻ്റെയർത്ഥം,
അല്ലെങ്കിൽ തന്നെ വിവാഹ ജീവിതത്തോട്, തനിക്ക് വലിയ താത്പര്യമൊന്നുമില്ല ,കാരണം തൻ്റെ ഭർത്താവും അച്ഛനെ പോലെ ഒരു മുഴുക്കുടിയനായാൽ അമ്മ അനുഭവിക്കുന്ന നരകജീവിതം താനും അനുഭവിക്കേണ്ടി വരുമെന്ന് രജനി ഭയന്നു.
പിറ്റേ ആഴ്ച രത്നമ്മ ,മൂത്തമകളെയും കൊണ്ട് ഗൈനക് ഡോക്ടറെ കാണാൻ പോയി ,ഡോക്ടർ പരിശോധിച്ചിട്ട് ആശാവഹമായ മറുപടിയൊന്നും പറഞ്ഞില്ല ,എങ്കിലും കുറെ ടാബ്ലറ്റുകളും, വൈറ്റമിൻ സിറപ്പുമൊക്കെ കുറിച്ച് കൊടുത്തു.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളായി വളർന്ന് കൊണ്ടിരുന്നു ,വേനലും മഴയും മഞ്ഞുമൊക്കെ മാറി മാറി വന്നു,വസന്തങ്ങളുണ്ടാവുകയും മരങ്ങളും ചെടികളും പുഷ്പിക്കുകയും കായ്ഫലങ്ങളുണ്ടാവുകയും ചെയ്തെങ്കിലും ,രജനി ഋതുമതിയാവാത്തത് രത്നമ്മയെ സങ്കടത്തിലാഴ്ത്തി.
പതിനെട്ട് വയസ്സ് കഴിഞ്ഞപ്പോൾ രജനിക്ക് വിവാഹാലോചനകൾ പലതും വന്നെങ്കിലും ,താൻ പ്രായമാകാത്ത കാര്യം പറഞ്ഞവൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിന്നു.
ഒടുവിൽ ചേച്ചിയെ നിർത്തിക്കൊണ്ട്, അനുജത്തി രേഷ്മയുടെ വിവാഹം നടത്താൻ വീട്ടുകാർ നിർബന്ധിതരായി.
കാലം ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല.
വിവാഹിതയായ രേഷ്മ താമസിയാതെ പ്രസവിക്കുകയും, അവളുടെ കുട്ടികളെ താലോലിക്കുന്നതിലൂടെ രജനി തൻ്റെ ദു:ഖങ്ങളൊക്കെ മറക്കാൻ ശ്രമിക്കാനും ശീലിച്ചു.
ചിരിച്ച് കൊണ്ട് അനുജത്തിയുടെ മക്കളെ താലോലിക്കുമ്പോഴും രജനിടെയുള്ളിൽ, വിതുമ്പാൻ പാകത്തിന് ഒരു വലിയ കടലോളം കണ്ണീരുറവ, അവളുടെ മനസ്സിൽ സങ്കടമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് രത്നമ്മയ്ക്കറിയാമായിരുന്നു.
ഏത് സമയവും ഇങ്ങനെ പുക പിടിച്ചിരിക്കാതെ, നിനക്കൊന്ന് കുളിച്ചിട്ട് അമ്പലത്തിൽ പോയി കൂടെ?
ഒരിക്കൽ സഹികെട്ട് രത്നമ്മ മകളോട് ചോദിച്ചു.
ഇല്ലമ്മേ.. എന്നെ തിരിഞ്ഞ് നോക്കാത്ത ദൈവങ്ങളെ ,എനിക്കും കാണണ്ട, എന്ന മറുപടിയാണ് രജനി, അമ്മയ്ക്ക് കൊടുത്തത്
എങ്കിൽ മോള്, അമ്മ പറയുന്നതൊന്ന് കേൾക്ക് ,നിൻ്റെ അച്ഛൻ പോയി, അമ്മയ്ക്കിനി അധികകാലമുണ്ടാവില്ല, എൻ്റെ കാലശേഷം, നിൻ്റെ ജീവിതം എന്തായി തീരുമെന്നോർത്തിട്ട് ,എനിക്ക് ഒരു സമാധാനവുമില്ല, ഞാനൊന്ന് ശരിക്ക് ഉറങ്ങിയിട്ട് തന്നെ ,എത്ര നാളായെന്ന് നിനക്കറിയാമോ?
അമ്മ പറഞ്ഞ് വരുന്നത്, ഇനിയും എൻ്റെ കല്യാണത്തെക്കുറിച്ചാണോ?പണ്ടായിരുന്നെങ്കിൽ ഞാൻ ചെറുപ്പമായിരുന്നു എന്നെങ്കിലും പറയാം, ഈ നാല്പതാം വയസ്സിൽ പ്രസവിക്കില്ലെന്ന് ഉറപ്പുള്ള ഒരുത്തിയെ, കല്യാണം കഴിക്കാർ ആരും തയ്യാറാവില്ലമ്മേ.. അമ്മ ആ വിഷയം വിട്ടേക്ക്
അമ്മയെ അതിൽ നിന്നു പിൻതിരിപ്പിക്കാൻ രജനി ശ്രമിച്ചു.
ഇല്ല മോളേ.. നിന്നെ ഒറ്റയ്ക്കാക്കി അമ്മ മരിച്ച് പോകേണ്ടി വന്നാൽ, എൻ്റെ ആത്മാവ് ഗതി കിട്ടാതെ അലയേണ്ടി വരും, അത് കൊണ്ട് നിന്നെ ഒരു പുരുഷൻ്റെ കൈയ്യിൽ പിടിച്ച് കൊടുത്തിട്ടേ, അമ്മയ്ക്കിനി വിശ്രമമുള്ളു, അതിന് പറ്റിയ കല്യാണം കഴിക്കാത്ത ആണുങ്ങളെ കിട്ടിയെന്ന് വരില്ല ,ചിലപ്പോൾ ഭാര്യ മരിച്ച ഒരു രണ്ടാം കെട്ടുകാരനായിരിക്കും, എന്നാലും വേണ്ടില്ല ,ഒരു പുരുഷൻ്റെ തണലുണ്ടെങ്കിൽ, എൻ്റെ മോൾക്ക് ഭയമില്ലാതെ ജീവിക്കാമല്ലോ?
അമ്മ രണ്ടും കല്പിച്ചാണെന്ന് രജനിക്ക് മനസ്സിലായി, അമ്മയ്ക്ക് സപ്പോർട്ടായി അമ്മാവൻമാരും, അനുജത്തിയുമൊക്കെ വല്ലാതെ നിർബന്ധിച്ചപ്പോൾ, നിസ്സഹായതയോടെ രജനിക്ക് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ ബന്ധത്തിൽ തന്നെയുള്ള ,വിഭാര്യനും രണ്ട് കുട്ടികളുടെ അച്ഛനുമായ നാല്പത്തിയഞ്ച് വയസ്സുള്ള സുധാകരൻ്റെ ഭാര്യാ പദവി രജനിക്ക് ഏറ്റെടുക്കേണ്ടി വന്നു.
എട്ടിലും, ആറിലും പഠിക്കുന്ന രണ്ടാൺ കുട്ടികളായിരുന്നു സുധാകരന്,
വളരെ ചെറുപ്പത്തിലേ, അമ്മയെ നഷ്ടപ്പെട്ടവരാണ് എൻ്റെ കുട്ടികൾ, ആ ഒരു കുറവ് നികത്തേണ്ടത് നീയാണ്
ആദ്യരാത്രിയിൽ ഭർത്താവ് പറഞ്ഞത് കേട്ടപ്പോൾ, ഇനി മുതലങ്ങോട്ട് തനിക്കൊരു ആയയുടെ ചുമതലയാണുള്ളതെന്ന് അവൾക്ക് മനസ്സിലായി.
കല്യാണ പിറ്റേന്ന് ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞപ്പോൾ, അവൾക്കെന്തോ ഒന്ന്, മിസ്സ് ചെയ്യുന്നത് പോലെ തോന്നി, ഇന്നലെ വരെ പുരുഷന്മാരോട് ,ഒരുതരം വെറുപ്പായിരുന്നു അവൾക്ക് ,കിട്ടുന്ന കാശിന് മൂക്ക് മുട്ടെ കുടിച്ചിട്ട് വന്ന്, ഭാര്യയെ മർദ്ദിക്കുകയും ,അസഭ്യം പറയുകയും ചെയ്യുന്നവരാണ് ,മിക്ക ആണുങ്ങളും എന്ന ധാരണ അവൾക്ക് സ്വന്തംവീട്ടിലെ അനുഭവങ്ങളിൽ നിന്നുണ്ടായതാണ്.
അത് കൊണ്ട് , വിവാഹ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അവൾക്ക് ഭയമായിരുന്നു ,പക്ഷേ ഇന്നലെ ഒറ്റ രാത്രി കൊണ്ട് ,സുധാകരൻ അവളുടെ മനസ്സിലുണ്ടായിരുന്ന പുരുഷനെന്ന സങ്കല്പത്തെ തന്നെ മാറ്റിക്കളഞ്ഞു .
സൗമ്യനായിരുന്നു അയാൾ ,മദ്യപാനത്തോടും മറ്റ് ദു:ശീലങ്ങളോടും എതിരഭിപ്രായമുള്ളയാളാണെന്ന് ആദ്യരാത്രിയിലെ പാതിരാ വരെ നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ മനസിലായത് ,രജനിക്ക് ഏറെ ആശ്വാസമായി.
ചെറുപ്പം മുതലേ തോന്നിയ, പുരുഷനോടുള്ള അവജ്ഞ ഇല്ലാതാകാനും ,തൻ്റെ ഭർത്താവിനോട് വിധേയത്വം പുലർത്താനും തനിക്ക് കഴിഞ്ഞത്, സുധാകരനെന്ന പുരുഷന്, തൻ്റെ മനസ്സിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞത് കൊണ്ട് മാത്രമാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു .
ഇത് വരെ തൻ്റെ കുറവുകൾ ചൂണ്ടി കാണിച്ച്, വിവാഹ ജീവിതത്തോട് മുഖം തിരിച്ച് നിന്നത് ,വലിയ മണ്ടത്തരമായി പോയെന്ന് അവൾക്ക് തോന്നി.
വൈകിയാണെങ്കിലും, തൻ്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടായതായി അവൾക്ക് മനസ്സിലായി.
ഇപ്പോൾ ജീവിക്കാൻ തന്നെ ഒരു കൊതി തോന്നുന്നുണ്ട്, കാരണം ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന ഭർത്താവിനെ കാത്തിരിക്കുന്നത് ,അനിർവ്വചനീയമായ ഒരു അനുഭൂതിയാണെന്ന് അവളറിഞ്ഞു തുടങ്ങി ,
താൻ പ്രസവിച്ചതല്ലെങ്കിലും, സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ്സ് വരാൻ വൈകുമ്പോൾ, എന്തോ ഒരു നൊമ്പരം അവളെ അലട്ടുമായിരുന്നു.
വിശന്ന് വരുന്ന കുട്ടികൾക്ക് കഴിക്കാനുള്ള സ്നാക്സ് ഉണ്ടാക്കുന്നതിലും, അവൾക്കൊരു ത്രില്ലുണ്ടായിരുന്നു.
മുമ്പവൾക്ക് ജീവിതം അരോചകവും, വിരസവുമായിരുന്നെങ്കിൽ, ഇന്നിപ്പോൾ നിരാശപ്പെടാനും ഓർത്തിരുന്ന് വിഷമിക്കാനുമുള്ള സമയമില്ലാതായിരിക്കുന്നു.
മക്കളും ഭർത്താവുമായി മാറി അവളുടെ ലോകം ,എങ്കിലും തന്നെക്കാളേറെ ഭർത്താവ് മക്കളെ സ്നേഹിക്കുന്നത്, അവളിൽ കുശുമ്പുണ്ടാക്കി.
ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ രജനി, വിളിച്ച് പറഞ്ഞത് കേട്ട് സുധാകരൻ ഞെട്ടി.
രജനി നീ പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഒരിക്കൽ പോലും മെ ൻസസായിട്ടില്ലാത്ത നീയെങ്ങനെയാ ഗർഭിണിയാകുന്നത്?
അയാൾ ജിജ്ഞാസയോടെ ചോദിച്ചു.
അത് ഞാൻ എല്ലാവരോടും മറച്ച് വച്ചിരുന്ന ഒരു സത്യമാണ് ,എനിക്ക് ഡോക്ടറുടെ ചികിത്സയ്ക്ക് ശേഷം പതിനാറാമത്തെ വയസ്സിൽ ഞാൻ മെ ൻസസായായിരുന്നു, പക്ഷേ, ഞാൻ അമ്മയോട് പോലും അത് മറച്ച് വച്ചത് ,എൻ്റെ വിവാഹം നടക്കാതിരിക്കാൻ വേണ്ടിയായിരുന്നു
ങ്ഹേ.., അതെന്തിനാ നീ വിവാഹം നടക്കരുതെന്ന് ആഗ്രഹിച്ചത്?
എനിക്ക് പേടിയായിരുന്നേട്ടാ…എന്നെ കല്യാണം കഴിക്കുന്നയാളും എൻ്റെ അച്ഛനെ പോലെയാണങ്കിൽ, ഞാനും അമ്മയെ പോലെ വിഷമിച്ച് ജീവിക്കേണ്ടി വരുമെന്ന് ഭയന്നു, അത് കൊണ്ടാണ് ,എല്ലാവരിൽ നിന്നും ഞാനത് മറച്ച് വച്ചത്, എനിക്ക് വയറ് വേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ,ഓരോ പിരീഡ്സിലും മറ്റുള്ളവരെ അറിയിക്കാതെ, ഞാനെല്ലം കടിച്ച് പിടിച്ചു സഹിച്ചിരുന്നു, അത് കൊണ്ടാണ്, ഞാൻ പലപ്പോഴും അമ്മ നിർബന്ധിച്ചിട്ടും ,ഒരിക്കൽ പോലും അമ്പലത്തിൽ പോകാതിരുന്നത്
എന്നാലും രജനി.. നിന്നെ ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു, ഇത്രയും നാളും, ഇത്ര വലിയ ഒരു രഹസ്യം നീ ആരുമറിയാതെ ഒളിച്ച് കൊണ്ട് നടന്നില്ലേ?
ഉം.. സുധാകരേട്ടൻ വേഗം ഇങ്ങോട്ട് വരുമോ? എനിക്കെന്തോ നിങ്ങളെ കാണാൻ വല്ലാത്ത കൊതി തോന്നുന്നു
ദാ ഞാൻ വന്ന് കഴിഞ്ഞു ,നമുക്ക് വൈകുന്നേരം ഡോക്ടറെ കാണാൻ പോകാം
സുധാകരേട്ടൻ വലിയ സന്തോഷത്തിലാണെന്ന് അയാളുടെ സംസാരത്തിൽ നിന്നും രജനിക്ക് മനസ്സിലായി.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രജനി, ഒരു പെൺകുഞ്ഞിന് ജന്മം നല്കി.
അപ്പോഴേക്കും അവളാഗ്രഹിച്ചത് പോലെ സുധാകരൻ ,തൻ്റെ മക്കളെയും രജനിയെയും ഒരു പോലെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.