രണ്ടാംകെട്ട്
Story written by INDU REJITH
മൊട്ടേന്ന് വിരിഞ്ഞില്ല അതിന് മുൻപേ തുടങ്ങി അസത്ത്….അവന്റെ അമ്മയെ പോലെ അല്ലേ ഉള്ളു ഞാനും…തുണി മാറാൻ പോലും പറ്റില്ലാന്ന് പറഞ്ഞാൽ എന്ത് കഷ്ടമാ ഹരിയേട്ടാ…ഒളിച്ചും പാത്തും നടക്കുവാ ചെറുക്കൻ…അല്ലേലും എങ്ങനാ നന്നാവണേ…പി ഴച്ച തള്ളയെ സഹിക്കാൻ വയ്യാഞ്ഞു പോയതല്ലേ നിങ്ങടെ അനിയൻ മണിക്കുട്ടൻ….അമ്മയ്ക്ക് ആണുങ്ങളോട്…മോന്…എന്നേ കൊണ്ട് ഒന്നും പറയിക്കണ്ട…
എന്തിനാ ശാലു നീ അവളെ പറയുന്നേ…മണിക്കുട്ടനെ എനിക്ക് അറിയാത്തത് ഒന്നുമല്ലല്ലോ….അവൻ പോയെങ്കിലും അവൾ പണിയെടുത്തല്ലേ ജീവിക്കുന്നെ…
ആഹ് അവളുടെ പണി… നാട്ടിൽ പാട്ടാ….
ഇല്ലാത്തത് പറഞ്ഞ് ദൈവകോപം വരുത്തി വെയ്ക്കണ്ട….നീയ്….ഞാൻ ഇറങ്ങുവാ… പിന്നെ അവൻ എന്തെങ്കിലും കുറുമ്പ് കാട്ടിയാൽ അതിനെ തല്ലാൻ നിക്കല്ലേ….എട്ടും പൊട്ടും അറിയാത്ത പ്രായമാ…
നിങ്ങടെ കുടുംബക്കാരെ നന്നാക്കിട്ട് എനിക്ക് എന്ത് കിട്ടാനാ..
നിന്റെ ഈ മനസ്സ് കൊണ്ട കെട്ടു കഴിഞ്ഞു കൊല്ലം പതിനഞ്ചു കഴിഞ്ഞിട്ടും ദൈവം ഒന്നിനെ തരാത്തത്….
ഓഹോ എനിക്കായി കുറ്റം…ഭൂമിക്ക് ഭാരമായിട്ട് ചിലതൊന്നും പിറക്കാതിരിക്കുന്നതാ നല്ലത്…
നിന്നോട് തർക്കിക്കാൻ ഞാനില്ലേ…
പിന്നേ ദീപുന് എന്തോ ജോലി ശരിയായിട്ടുണ്ടെന്ന് ഇവിടെ നിന്ന് പോകാനാത്രെ എളുപ്പം…എങ്കിൽ ഇങ്ങോട്ട് പോരാൻ ഞാൻ പറഞ്ഞു. വൈകിട്ട് കൂട്ടികൊണ്ട് പോരണെ…
നിന്റെ കുടുംബം നന്നാക്കാൻ ഞാൻ വേണമല്ലേ…എടുത്ത് തലയിൽ വെച്ചില്ലേ… ചുമക്ക തന്നെ…ഇതും പറഞ്ഞ് മഹേഷ് വണ്ടിയെടുത്ത് പുറത്തേക്ക് പോയി…
ചേച്ചി…..
ആരാത്…
ഞാനാ ദീപുവാ…
നീയിങ്ങു പോന്നോ…അളിയനോട് കൂട്ടികൊണ്ട് വരാൻ ചേച്ചി പറഞ്ഞതാരുന്നല്ലോ…
ഓഹ് സാരമില്ല…അമ്മയോട് പറഞ്ഞിട്ട് ഞാനിങ്ങിറങ്ങി…ഈ കുട്ടി കൊച്ചളിയന്റെ മോനല്ലേ….
കൂടുതൽ അടുക്കണ്ട നീയ്…പിഴച്ച ജന്മമാ… തള്ള ഊരു ചുറ്റി വരുന്നത് വരെ ഇവിടൊക്കെ തന്നാ കാ മപിശാച്…
കുഞ്ഞിനെ പറ്റി എന്തുവാ ചേച്ചി പറയണേ…
നിനക്കറിയില്ല ഇവന്റെ കയ്യിലിരുപ്പ്… കുളിക്കുന്നിടത്, ബെഡ് റൂമില് അങ്ങനെ പലയിടത്ത് കേറി ഒളിച്ചിരുപ്പാ…എട്ടു വയസിന്റെ മൂപ്പല്ല ചിന്തയ്ക്ക്…
മോനിങ്ങു വന്നേ മാമൻ ചോദിക്കട്ടെ എന്താ നിന്റെ പേര്..
അവൻ മിണ്ടിയില്ല….
വായിൽ എന്താടാ ഒലക്ക പുഴുങ്ങി വെച്ചേക്കുവാണോ…
ചേച്ചി പോയേ ഞാൻ ചോദിക്കട്ടെ….ഒരു വിധം ശാലുവേച്ചി അകത്തേക്ക് പോയി…
എനിക്ക് അവരെ ഇഷ്ടല്ല…
അത് എന്തേ….
എന്റെ അമ്മ ചീത്തയാണെന്ന് ഇവർ പറഞ്ഞു എന്റെ കൂട്ടുകാരോട് എല്ലാം…സ്കൂളിൽ വന്ന അമ്മയെ എല്ലാരും കളിയാക്കി…മോൻ ഉറങ്ങി കിടന്നപ്പോ അമ്മ ചാകാൻ നോക്കി… ഇവര് കാരണം..എന്റെ അമ്മ ചീത്തയല്ല….
അതിന് മോനെന്തിനാ കുളിമുറിയിലൊക്കെ കയറണെ… അത് തെറ്റല്ലേ…
അല്ല അവർ ചീത്തയാ…ഞാൻ സിനിമയിൽ കണ്ടല്ലോ ഫോണിൽ പടം പിടിച്ചാൽ എല്ലാരും കണ്ട് കളിയാക്കുന്നത് അത് പോലെ ചെയ്യാനാ….അതിന് നടക്കുവാ ഞാൻ….എന്റെ അമ്മ വന്നു ഞാൻ പോവാ….
ഒരു എട്ടു വയസുകാരനിൽ ഇത്രയും പ്രതികാര ബുദ്ധി എവിടുന്നു കിട്ടി…അവനാകെ ഉള്ളത് അവന്റെ അമ്മ അല്ലേ അതിനെ പറഞ്ഞാൽ ചിലപ്പോൾ സഹിക്കാൻ പറ്റി കാണില്ല….തെറ്റും ചീത്തയും തിരിച്ചറിയാനുള്ള പ്രായവും ആയിട്ടില്ല…ജനൽ കമ്പിയിൽ പിടിച്ചു ഞാൻ പുറത്തേക്ക് നോക്കി…എന്റെ വിവാഹത്തിന് വീട്ടിൽ വന്നപ്പോൾ കണ്ടതാണ് ഞാൻ മാളുവിനെ…..ഒന്ന് ക്ഷീണിച്ചിട്ടുണ്ട് അല്ലാതെ മാറ്റങ്ങൾ ഒന്നും തന്നെയില്ല….ബാഗിൽ എന്തൊക്കെയോ തുണി തരങ്ങളുമായി കച്ചവടത്തിന് പോയതാണെന്ന് തോന്നുന്നു….ഒന്ന് സംസാരിക്കണമെന്ന് തോന്നി ശാലുവേച്ചി കണ്ടാൽ ഭൂകമ്പം ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു….ചേച്ചി കുളിക്കാൻ പോയ തക്കത്തിന് ഞാൻ ആ വീട്ടിലേക്ക് നടന്നു….
എന്നേ മനസ്സിലായോ….
ശാലുവേച്ചിയുടെ അനിയനല്ലേ….
അതേ ദീപു… ഒരു ജോലി തരപ്പെട്ടു ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും….
ചേച്ചി കണ്ടാൽ ഇതുമതി ദീപു പൊയ്ക്കോളൂ…
മാളുവിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നിയിരുന്നില്ല….മണിക്കുട്ടൻ കെട്ടിയ താലി അവൻ എന്നോ തൊട്ട ഒരുന്നുള്ളു സിന്ദൂരം… കാലങ്ങൾക്കിപ്പുറവും കാത്ത് സൂക്ഷിക്കുന്ന ഈ കുട്ടി പി ഴയാണെന്ന് പറഞ്ഞ ശാലുവേച്ചിയോട് എനിക്കും ദേഷ്യം തോന്നാതിരുന്നില്ല…താനും കെട്ടിയതാണ് ഒരു താലി… ചേച്ചി കണ്ടെത്തിയ കുട്ടി ആയിരുന്നു…. നല്ല നാരങ്ങയുടെ നിറമായിരുന്നു അവൾക്ക്… കണ്ടപ്പോളെ എനിക്ക് ബോധിച്ചു..സൗന്ദര്യം ശരീരത്തിന് മാത്രം ആയിരുന്നു എന്നറിയാൻ ആറുമാസമേ വേണ്ടി വന്നുള്ളൂ…ധിക്കാരം സഹിക്കാൻ വയ്യാഞ്ഞ് ഒരിക്കൽ അവളെ ഞാൻ ഒന്ന് തല്ലി….ഒരു വാക്ക് പോലും പറയാതെ താലി അഴിച്ച് കട്ടിലിലേക്ക് എറിഞ്ഞ് അവൾ പോയിരുന്നു….പക്ഷേ ഇതുവരെയും അവളെ മറക്കാനായിട്ടില്ല…
നീ ആരെ കാണാൻ പോയതാ ദീപു…. അവളുടെ മോൻ കൂട്ടികൊണ്ട് പോയതാകും…അമ്മയെ പരിചയപ്പെടുത്താൻ….
ഞാൻ വെറുതെ പോയതാ ചേച്ചി…
രണ്ടാം കെട്ടിനാണ് ഭാവമെങ്കിൽ കൊന്ന് കളയും ഞാൻ… ഉറഞ്ഞു തുള്ളി അകത്തേക്ക് ശാലുവേച്ചി കയറി പോയി..
ദിവസങ്ങൾ കടന്നു പോയി അപ്പുവിന്റെ സ്വഭാവത്തിൽ പ്രായത്തിന് ചേരാത്ത ചില വൈകൃതങ്ങൾ എന്റെയും ശ്രെദ്ധയിൽ പെട്ടു….അത് ഞാൻ മാളുവിനോട് ഒരിക്കൽ പറഞ്ഞു….
എനിക്ക് ഒന്നിലും പ്രതീക്ഷയില്ല… ഈശ്വരൻ എന്നേ പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു ദീപു…
സ്കൂളിലും അവനെ പറ്റി ഇതൊക്കെയാ അഭിപ്രായങ്ങൾ….ആദ്യം അച്ഛൻ ഇപ്പോൾ മകൻ… എന്റെ ദുരിതം ചത്താലും തീരില്ല…
എന്റെ പരിചയത്തിലൊരു ഡോക്ടർ ഉണ്ട് ഒന്ന് പോയി കണ്ടാലോ…. ഞാൻ നിർബന്ധിച്ചപ്പോൾ മാളു സമ്മതിച്ചു….
തുടർച്ചയായ കൗൺസിലിങ്ങും സ്നേഹവും ലഭിച്ചപ്പോൾ അവന്റെ സ്വഭാവത്തിന് നല്ല മാറ്റം വന്നു തുടങ്ങി….അത് വരെ ഇല്ലാത്ത ഒരു ആത്മവിശ്വാസം ഞാൻ അവളുടെ കണ്ണിൽ കണ്ടിരുന്നു…
മണിക്കുട്ടൻ തിരികെ വന്നാൽ കൂടെ കൂടുമോ മാളു…കുറേ നാളായി മനസ്സിൽ കൊണ്ടുനടന്ന ചോദ്യം ഒരിക്കൽ ഞാൻ രണ്ടും കല്പിച്ച് അവളോട് ചോദിച്ചു….
എനിക്ക് എന്റെ മോനുണ്ടല്ലോ… ദീപു സഹായിച്ചതോടെ അവന് നല്ല മാറ്റം ഉണ്ടായി…അവന് വേണ്ടി മാത്രം ജീവിക്കാനാണ് ഇഷ്ടം… കഷ്ടപ്പെട്ട് ജീവിച്ചപ്പോളും എന്നേ പി ഴച്ചവൾ ആക്കിയവരുടെ മുന്നിൽ എന്റെ മകന്റെ കൈ പിടിച്ച് അഭിമാനത്തോടെ നടക്കണമെനിക്ക് അതിന് ഒരു വിവാഹം എന്തിനാ….
ഞാൻ വെറുതെ മനസ്സറിയാൻ ചോദിച്ചതാ…
ദീപു ആ കുട്ടിയോട് പോയൊന്നു സംസാരിക്ക്…പറഞ്ഞു തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ നിങ്ങൾക്കിടയിൽ ഇല്ലെന്ന് എനിക്കുറപ്പുണ്ട്….എനിക്ക് ഉണ്ടായ നഷ്ടങ്ങൾ വേറെ ആർക്കും ഉണ്ടാകരുത്….പോകുമോ…
പോകാം….
മാളു പറഞ്ഞതല്ലേ ഒരിക്കൽ കൂടി അവളുടെ അടുത്ത് പോയി സംസാരിച്ചു….കാര്യങ്ങൾ മണത്തറിഞ്ഞ ചേച്ചി നാട്ടുകാര് കേൾക്കെ എന്നേ തെറി വിളിച്ചു….കണ്ട പി ഴച്ചവളുമാരുടെ വാക്കു കേട്ട് കെട്ടുതാലി പൊട്ടിച്ചവളെ കുടുംബത്ത് കേറ്റിയാൽ ഉണ്ടല്ലോ….
ചേച്ചിയുടെ പ്രാക്ക് ഏറ്റത് പോലെയായി കാര്യങ്ങൾ…ഒരുമിച്ചൊരു ജീവിതത്തിന് താൽപ്പര്യം ഇല്ലെന്ന് അവൾ പറഞ്ഞു….ഇഷ്ടമില്ലാഞ്ഞിട്ടല്ല….ആ താലി പൊട്ടിച്ച അന്ന് തകർന്നതാണ് ഞാൻ…ഇത്രയും കാലം മറ്റൊരു വിവാഹം കഴിക്കാതെ എന്നേ തേടി വന്ന നിങ്ങളുടെ താലി ഒരിക്കൽ കൂടി അണിയാനുള്ള യോഗ്യത എനിക്കിനി ഇല്ല….ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ മാളുവിനെ ജീവിതത്തിലേക്ക് ക്ഷണിക്കുക…വിട്ടുപോയ കണ്ണികൾ ചേർക്കാൻ മുന്നിട്ട് ഇറങ്ങിയതല്ലേ അവൾ….ആരുമില്ലാത്തവൾ അല്ലേ കൈ വിടരുത്…
മറുപടി ഒന്നും പറയാതെ ഞാൻ അവിടെ നിന്നും നടന്നു….ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നു… അതുണ്ടായില്ല….എന്തുവേണവേണമെന്നറിയാതെ ദിനങ്ങൾ കടന്നു പോയി…ഉപായം പലതും ആലോചിച്ചു… ചേച്ചിയെ ഓർക്കുമ്പോൾ ഉള്ളിൽ ഭയം ആയിരുന്നു….
അപ്പു….എന്റെ പിറന്നാളാണ് വരുന്ന ഞായർ….മോനും അമ്മയും കൂടെ ദീപു അങ്കിളിന്റെ കൂടെ വരുമോ ഗണപതി കോവിലിൽ….
ഞാൻ പറഞ്ഞാൽ അമ്മ വരും…
പറഞ്ഞത് പോലെ ആ ഞായർ അപ്പു മാളുവിനെയും കൂട്ടി അമ്പലത്തിൽ വന്നു…കണ്ണുകളടച്ചു തൊഴുതു നിന്ന അവളുടെ അനുവാദം ചോദിക്കാതെ കഴുത്തിൽ നിന്ന് മണിക്കുട്ടൻ കെട്ടിയ താലി ഞാൻ അഴിച്ചെടുത്തു….കൈ കൊണ്ടവൾ തടയാൻ ശ്രെമിച്ചിരുന്നു…. പിന്നീട് എപ്പോളോ പ്രതികരണം കുറഞ്ഞപ്പോൾ പൂജാരി നീട്ടിയ താലത്തിൽ നിന്ന് മിന്നെടുത്ത് ഞാനാ കഴുത്തിൽ കെട്ടി…
പോയ കാലത്തിന്റെ ഓർമകളെ അവൾ കണ്ണീരു കൊണ്ട് മായിച്ചിരുന്നു….ഒറ്റയ്ക്ക് ജീവിക്കുന്നവളെ പിഴച്ചവൾ എന്ന് വിളിച്ചവരുടെ ഇടയിലേക്ക് അവളുടെ കൈ പിടിച്ചു ഞാൻ നടന്നു… ഞങ്ങളുടെ മോനോടൊപ്പം….
ശുഭം