എഴുത്ത്: അച്ചു വിപിൻ
മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി ആയിരുന്നു ഞാൻ കാരണം മക്കളില്ലാത്ത ലോകത്തെ പറ്റി സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ് അപ്പോൾ അതുപോലുള്ള അച്ഛനമ്മമാരുടെ വേദനയെ കുറിച്ചോർക്കാൻ ആരാണിഷ്ടപ്പെടുക എന്നാൽ രാത്രി 11.30കഴിഞ്ഞപ്പോൾ എന്റെ ലൈഫിൽ ആദ്യമായി അതിനെ പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചൊരമ്മ കടന്നു വന്നു എന്നതാണ് സത്യം…
രാത്രി മക്കളെ ഉറക്കി വെറുതെ മൊബൈൽ നോക്കി കിടക്കുമ്പോളാണാ മെസ്സേജ് എന്റെ ഇൻബോക്സിൽ വരുന്നത്..
ഹായ് ചേച്ചി ഫ്രീ ആണോ എന്നു ചോദിച്ച ശേഷം പേര് പറഞ്ഞു കൊണ്ടവർ തുടങ്ങി(ആ കുട്ടിക്ക് താല്പര്യം അല്ലാത്തതിനാൽ പേര് പറയുന്നില്ല)
ചേച്ചിയുടെ എഴുത്തുകൾ ഞാൻ വായിക്കാറുണ്ട്.പലതും വായിക്കുമ്പോൾ അതൊക്കെ നമ്മളുമായി റിലേറ്റ് ചെയ്ത പോലെ തോന്നുo..ചേച്ചി എന്റെ ഒരനുഭവം പറഞ്ഞാൽ കേൾക്കുമോ?
ആ കുട്ടിയുടെ ചോദ്യത്തിന് ആവാം എന്നു ഞാൻ മറുപടി പറഞ്ഞു..
പറയാനുള്ള കാര്യങ്ങൾ ആ കുട്ടി വോയിസ് റെക്കോർഡ് അയച്ചു തന്നു കൊണ്ടിരുന്നു ഞാനതിനു മറുപടി ഒന്നും കൊടുക്കാതെ ക്ഷമാപൂർവം കേട്ടുകൊണ്ടിരുന്നു.
അവരുടെ ഓരോ വോയിസ് കേൾക്കുന്തോറും അടുത്ത് കിടന്നുറങ്ങുന്ന എന്റെ മക്കളെ ഞാൻ ചേർത്ത് പിടിക്കുകയും ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു..
ഇനി സംഭവം എന്താണെന്ന് ആ കുട്ടിയുടെ വാക്കുകളിലൂടെ ഞാൻ പറയാം…..
എനിക്ക് ഒരു മോനുണ്ടായിരുന്നു ചേച്ചി രണ്ടു വയസ് വരെ വളരെ ശ്രദ്ധയോടെയാണ് ഞാനവനെ നോക്കിയത് പക്ഷെ എന്റെ കണ്ണു തെറ്റിയ ഒരു നിമിഷം, ആ നിമിഷം എനിക്ക് നൽകേണ്ടി വന്നത് എന്റെ ജീവന്റെ വിലയായിരുന്നു.
മോനെ അമ്മയെ ഏൽപ്പിച്ചു അടുക്കളയിൽ പണിക്കു പോയതാണ് ഞാൻ. ടീവി കണ്ടു കൊണ്ടിരുന്ന അമ്മ അറിയാതെ അവൻ പുറത്തേക്കിറങ്ങി പോയി.ആരും കണ്ടില്ല എന്റെ കുഞ്ഞ് പോണത്.. അമ്മ നോക്കുമെന്ന ഉറപ്പിൽ അടുക്കളയിൽ നിന്നു ഞാൻ പണികൾ ചെയ്തു കൊണ്ടിരുന്നു മകൻ എന്റെ അടുത്തേക്ക് വന്നെന്നു കരുതി അമ്മയും ഇരുന്നു പക്ഷെ ഞങ്ങൾ ഇങ്ങനെ ചിന്തിക്കുമ്പോൾ ഒരു കാറിന്റെ രൂപത്തിൽ മരണം വന്നെന്റെ മകനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു..(പിന്നെ ഒരു കരച്ചിൽ ആയിരുന്നു.)
ചേച്ചിക്കറിയുമോ എന്റെ മോനെ ഓർത്തു വേദനിക്കാത്ത ഒരു ദിവസമില്ല അവന്റെ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കാണുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല കുറച്ചു നാൾ മുൻപ് വരെ അവൻ എന്റെ നെഞ്ചത്ത് കിടന്നുറങ്ങിയതല്ലേ ഞാൻ എങ്ങനെ ഇത് സഹിക്കും ചേച്ചി.ഇതിനെ പറ്റി ചേച്ചി എന്തേലും എഴുതാമോ എന്നാ കുട്ടി എന്നോട് ചോദിക്കുകയും എഴുതാമെന്ന ഉറപ്പു കൊടുക്കുകയും ചെയ്തു
കുറച്ചു നേരം എനിക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ഒടുക്കം ഞാൻ എന്തൊക്കെയോ പറഞ്ഞതിനെ ആശ്വസിപ്പിച്ചു..
ഇതിനെ പറ്റി ചേച്ചി എന്തേലും എഴുതാമോ എന്നാ കുട്ടി എന്നോട് ചോദിക്കുകയും എന്നെ കൊണ്ട് കഴിയുന്ന പോലെ എഴുതാമെന്ന ഉറപ്പു കൊടുക്കുകയും
സംഭവം നടന്നിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു എന്നാലും അതിന്റെ ആഘാതത്തിൽ നിന്നുമാ കുട്ടിയും അതിന്റെ അച്ഛനും മോചിതരായിട്ടില്ല..നാട്ടുകാരും ബന്ധുക്കളും ആണിപ്പോ അവരുടെ സങ്കടത്തിന് പ്രധാന കാരണം..ഒരു നല്ല ഡ്രസ്സ് ഇട്ടു ഭർത്താവിന്റെ കൂടെ പുറത്ത് പോകാനോ ചിരിക്കാനോ ആ കുട്ടിക്ക് സാധിക്കുന്നില്ല..
കണ്ടില്ലേ കൊച്ചു ചത്തിട്ടും അവൾക്കു വല്ല കൂസലുമുണ്ടോ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടില്ലേ?എന്ന നാട്ടുകാരുടെ പിറുപിറക്കൽ ഒരു വശത്ത്
മൊബൈലിൽ തോണ്ടി ഇരുന്നു കിനാവ് കണ്ടു കൊച്ചു പോയി എന്നിട്ടിപ്പഴും അവള് ചിരിച്ചു കളിച്ചു നടക്കുന്നു എന്ന ബന്ധുക്കളുടെ കുത്തുവാക്കുകൾ മറ്റൊരു വശത്ത്..
മകൻ മരിച്ച വിഷമത്തിൽ മരവിപ്പോടെ കരയാൻ പോലും വയ്യാതെ ഇരുന്നപ്പോൾ കണ്ടോ അവൾക്കു വല്യ സങ്കടമൊന്നുമില്ലന്ന് പറഞ്ഞവരുണ്ട്.അപകടം നടന്നതിന്റെ ആഘാതത്തിൽ കരയാൻ പോലും സാധിക്കാത്ത സ്ത്രീകളുണ്ട് എന്നാളുകൾ മനസ്സിലാക്കാത്തതെന്തേ?
മക്കളെ പ്രസവിച്ചു വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ അറിയുന്ന സ്ത്രീകൾ തന്നെയാണ് കുത്തുവാക്കുകൾ പറയാൻ മുന്നിൽ നിൽക്കുന്നതെന്നതാണ് ആ കുട്ടിയുടെ ഏറ്റവും വല്യ വിഷമം.
കുത്തു വാക്കുകൾ കേട്ടു പുറത്തിറങ്ങാൻ പോലും പറ്റാത്ത ഒരു മാനസിക അവസ്ഥയിൽ കൂടിയാണാ കുട്ടി ജീവിക്കുന്നത്.കഴിഞ്ഞ ദിവസം ക്ഷണിച്ചിട്ടു പോയ ഏതോ ഒരു പരിപാടിക്ക് ചെന്നപ്പോൾ അവിടെ നിന്നും കേട്ടു കണക്കിന് കുത്തുവാക്കുകൾ.എല്ലാം മറക്കാനായി പുറത്തിറങ്ങിയാൽ അപ്പൊ തുടങ്ങും സഹതാപത്തോടെയുള്ള നോട്ടം.
കുറച്ചു ദിവസം മുൻപ് ഫേസ് ബുക്കിൽ മകന്റെ ചിത്രം മാറ്റി അവളുടെയും ഭർത്താവിന്റെയും ഒരു പ്രൊഫൈൽ പിക്ചർ അപ്ലോഡ് ചെയ്തപ്പോൾ ഏതോ ഒരു ബന്ധു പറഞ്ഞത്രേ കൊച്ചു പോയതൊന്നും അവൾക്കു പ്രശ്നമില്ല അവളിപ്പഴും ഫേസ് ബുക്കിൽ തൊണ്ടിയിരിക്കുകയാണെന്ന് ഇവരോടൊക്കെ എന്ത് മറുപടി ആണ് പറയുക ..
നാട്ടുകാരോടും ബന്ധുക്കളോടുമാണ് ആ കുട്ടിക്ക് ചോദിക്കാനുള്ളത്
ഒരമ്മക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം തുടർന്ന് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമില്ലേ?
മക്കളെ സ്നേഹിക്കുന്ന ഏതെങ്കിലും ഒരമ്മ തന്റെ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കുമോ?
ജീവനോടെ സ്നേഹിച്ച കുഞ്ഞ് മരിച്ച ശേഷം ഒരമ്മ ജീവിത കാലം മുഴുവൻ അതിനെ പറ്റി ഓർത്തു സങ്കടപ്പെട്ടു കണ്ണീരോടെ കഴിയണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?
എത്ര നാൾ കുഞ്ഞിന്റെ ഓർമയും പേറിയവൾ വേദന തിന്നണം?
സുഹൃത്തുക്കളെ ഒരമ്മയും അച്ഛനും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നമ്മളാണവരെ ചേർത്ത് നിർത്തേണ്ടത്..അച്ഛനും അമ്മയും ജീവനോടെ ഇരിക്കുമ്പോൾ മക്കൾ അവരെ വിട്ടു പോകുന്നത് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.മക്കളെ ശ്രദ്ധിക്കേണ്ടത് അമ്മയുടെ മാത്രം ചുമതലയല്ല വീട്ടിൽ ഉള്ള എല്ലാരും ഓർക്കേണ്ട വസ്തുതയാണത് അബദ്ധത്തിൽ അറിയാതെ സംഭവിച്ചു പോകുന്ന കാര്യത്തിന് കുറ്റം പറഞ്ഞോണ്ടിരുന്നാൽ പോയത് തിരിച്ചു കിട്ടുമോ?
ഇനിയെങ്കിലും ഇതുപോലുള്ള സംഭവങ്ങൾ നടക്കുമ്പോൾ മാതാപിതാക്കളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അവഹേളിക്കുന്ന കമന്റുകൾ നിർത്തുക കാരണം നമ്മുടെ വേദനിപ്പിക്കുന്ന കമെന്റുകൾ അവരും വായിച്ചു വേദനിക്കുന്നുണ്ട് ഉറക്കെ കരയുന്നുണ്ട്.അതിനുള്ള ഏറ്റവും വല്യ ഉദാഹരണമാണീ കുട്ടി.
ഒരാളെ വേദനിപ്പിച്ചിട്ടു നമുക്കൊന്നും കിട്ടാനില്ല എന്ന സത്യം എല്ലാരും മനസ്സിലാക്കുക.
NB:മകനെ നഷ്ടപ്പെട്ട അമ്മക്കു വേണ്ടി അവരീ പോസ്റ്റ് ഉറപ്പായും വായിക്കും എന്ന പ്രതീക്ഷയിൽ ഞാനീ പോസ്റ്റ് നിർത്തുന്നു.നിനക്ക് നന്മ വരട്ടെ കുട്ടി. അവർക്കു മനസ്സിന് സമാധാനം കൊടുക്കുന്ന വാക്കുകൾ കമെന്റിലൂടെ പറയാൻ ദയവായി വായനക്കാർ ശ്രമിക്കുക..
അച്ചു വിപിൻ.