Story written by NISHA L
നാളെയാണ് അമ്മുവിന്റെ വിവാഹം. എന്റെ കൈയിൽ കിടന്നു വളർന്ന കുട്ടിയാണ്. ഇന്നിപ്പോൾ വളർന്നു കല്യാണപ്രായമായ പെണ്ണായിരിക്കുന്നു. ഒരുങ്ങി നിൽക്കുന്ന അവളെ കാണെ സച്ചുവിന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു..
??
സച്ചുവിന് അഞ്ചു വയസുള്ളപ്പോഴാണ് അമ്മു ജനിക്കുന്നത്. അവന്റെ മുറപ്പെണ്ണാണ് അവൾ. വീടുകൾ അടുത്തായതുകൊണ്ട് ജനിച്ചു വീണപ്പോൾ മുതൽ അവൾ സച്ചുവിന്റെ കൂടെ തന്നെയായിരുന്നു വളർന്നത്. എന്തിനും ഏതിനും സച്ചുവേട്ടനെ മാത്രം മതി അവൾക്കു…മുറപ്പെണ്ണ് എന്നതിൽ ഉപരി കുഞ്ഞു പെങ്ങളെ പോലെ, ചിലപ്പോൾ സ്വന്തം മോളെ പോലെ ഒക്കെയാണ് അവന് അമ്മു.
സച്ചു ഇപ്പോൾ ജൂനിയർ സർജൻ ആയി പ്രാക്ടീസ് ചെയ്യുകയാണ്.
ആത്മിക എന്ന അമ്മുവിന് സഞ്ജയ് എന്ന സച്ചു മാത്രമാണ് ലോകം.
— — — — — — —
കല്യാണപ്രായമെത്തിയപ്പോൾ അമ്മുവിന് ഒന്ന് രണ്ടു ആലോചനകൾ വന്നു..കൂട്ടത്തിൽ കിരണിന്റെ ആലോചന രണ്ടു വീട്ടുകാർക്കും ഇഷ്ടപ്പെട്ടു..
“ഈ ചെക്കനെ നോക്കിയാലോ അമ്മു… “!!അച്ഛൻ ചോദിച്ചു.
അപ്പോഴാണ് അമ്മുവിന്റെ മനസ്സിൽ ഉള്ളത് പുറത്ത് വന്നത്
“എനിക്ക് സച്ചുവേട്ടനെ കല്യാണം കഴിച്ചാൽ മതി. ഞാൻ വേറെ ആരെയും കല്യാണം കഴിക്കില്ല. ” അമ്മു പറയുന്നത് കേട്ടു കൊണ്ട് ഹാളിലേക്ക് വന്ന സച്ചു ഒന്ന് ഞെട്ടി…പക്ഷേ അവൾ പറയുന്നത് കേട്ട സച്ചുവിന്റേയും അമ്മുവിന്റെയും അച്ഛനമ്മമാർ പൊട്ടിച്ചിരിച്ചു.
പെട്ടെന്ന് തന്നെ ആത്മസംയമനം പാലിച്ചു അവൻ അമ്മുവിന്റെ അടുത്തെത്തി..
“നിങ്ങൾ എല്ലാരും കൂടി എന്റെ അമ്മൂസിനെ എന്തിനാ കളിയാക്കി ചിരിക്കുന്നത്..? ” സച്ചു ചോദിച്ചു കൊണ്ട് അമ്മുവിനെ ചേർത്ത് പിടിച്ചു.
“അല്ല സച്ചു നിനക്കും അങ്ങനെ വല്ല ആഗ്രഹവും ഉണ്ടോ.. ഉണ്ടെങ്കിൽ പറഞ്ഞേക്കു..ചുമ്മാ ബ്രോക്കർ ഫീസ് കൊടുക്കേണ്ടല്ലോ..? ” അവന്റെ അച്ഛൻ കളിയാക്കി പറഞ്ഞു.
“ഒന്ന് പോ അച്ഛാ.. അവൾ എന്റെ കുഞ്ഞല്ലേ.. ഞാൻ എങ്ങനെയാ.. “!!
“അപ്പൊ.. സച്ചുവേട്ടൻ എന്നെ കല്യാണം കഴിക്കില്ലേ.. “? !! അമ്മു സങ്കടത്തോടെ ചോദിച്ചു.
“അയ്യോ.. അതെങ്ങനെയാ അമ്മൂസെ… നീ എന്റെ കൈയിൽ കിടന്നു വളർന്ന കുഞ്ഞല്ലേ.. നിന്നെ എങ്ങനെയാ ഞാൻ കല്യാണം കഴിക്കുന്നേ… ആരെങ്കിലും കേട്ടാൽ തന്നെ എന്തു പറയും. എന്റെ പൊന്നുമോൾ ഏട്ടൻ പറയുന്നത് അനുസരിക്കണം.. നല്ലൊരു ആലോചനയല്ലേ വന്നത്.. ചെക്കൻ സ്വന്തമായി വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയവനല്ലേ… അവാർഡ് ഒക്കെ കിട്ടിയ വലിയൊരു ബിസിനസ് മാൻ.. പരിചയപ്പെട്ടിടത്തോളം നല്ല ആൾക്കാർ തന്നെ… മോളിതിനു സമ്മതിക്കണം.. “!!
“അപ്പോൾ.. അപ്പോൾ.. ഞാൻ.. സച്ചുവേട്ടനെ കാണാതെ.. മിണ്ടാതെ… വേറെ എവിടെയോ.. എങ്ങനെ ജീവിക്കും.. എനിക്ക് പറ്റില്ല സച്ചുവേട്ടാ.. എനിക്ക് സച്ചുവേട്ടനെ കല്യാണം കഴിച്ചാൽ മതി.. ഏട്ടൻ എന്റെ മുറചെറുക്കൻ അല്ലെ..അല്ലാതെ സഹോദരൻ അല്ലല്ലോ… പിന്നെന്താ കല്യാണം കഴിച്ചാൽ.. “!!! അമ്മു കരഞ്ഞു കൊണ്ട് ചോദിച്ചു..
“ശരിയാണ്.. അമ്മൂസിനെ കാണാതെയും മിണ്ടാതെയും എനിക്കും പറ്റില്ല.. പക്ഷേ..എങ്ങനെയാ മോളെ ഞാൻ.. നീ എനിക്ക്… എന്റെ കുഞ്ഞു മോളെ പോലെ തന്നെയാ ഇപ്പോഴും… ആ നിന്നെ മറ്റൊരു ബന്ധത്തിലേക്ക് എങ്ങനെ ഞാൻ…എനിക്ക് വയ്യെടാ.. എന്നോട് ക്ഷമിക്കെടാ… “! അവൻ കണ്ണുകൾ നിറച്ചു പറഞ്ഞു..
“അയ്യോ.. എന്റെ സച്ചുവേട്ടൻ കരയുന്നോ.. !!വേണ്ട..കരയണ്ട.. ഞാൻ എന്റെ പൊട്ടത്തരത്തിന് പറഞ്ഞു പോയതാ… സച്ചുവേട്ടന്റെ മനസ് കാണാൻ ഞാൻ ശ്രമിച്ചില്ല. സോറി.. സോറി… എന്റെ സച്ചുവേട്ടൻ കരയരുത്. എനിക്ക് അത് സഹിക്കില്ല.. സച്ചുവേട്ടൻ കണ്ടു പിടിച്ചു തരുന്ന ആളെ മതി എനിക്ക്.. “!! അവൾ അവനെ കെട്ടിപിടിച്ചു പറഞ്ഞു.
“അയ്യേ.. എന്റെ ഡോക്ടർ ചേട്ടൻ കരച്ചിൽ നിർത്തി ഒന്ന് ചിരിച്ചേ.. ഇല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല… “അവൾ വിഷമം മറച്ചു പറഞ്ഞു..അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു അവളെ നോക്കി ചിരിച്ചു.
അവളുടെ മനസിൽ അവനോടു നിറഞ്ഞ പ്രണയമായിരുന്നു.. വളർച്ചയുടെ പടവുകളിൽ എപ്പോഴോ മനസ്സിൽ കടന്നു കൂടിയ പ്രണയം. അവന് തിരിച്ചും പ്രണയം ആണെന്നവൾ വിശ്വസിച്ചു… ആ വിശ്വാസമാണ് ഇപ്പോൾ തകർന്നു വീണത്..
പക്ഷേ തന്റെ പ്രണയം അവന്റെ കണ്ണുകളിൽ നീർ പൊടിയാൻ കാരണമായിരിക്കുന്നു എന്ന ചിന്ത അവളുടെ ഹൃദയത്തിൽ മുറിവുകൾ വീഴ്ത്തി.. അവന്റെ മുഖത്തു വിരിയുന്ന ചിരിയെക്കാൾ വലുതല്ല ഒരിക്കലും എനിക്ക് എന്റെ പ്രണയം… എന്റെ സച്ചുവേട്ടന്റെ സന്തോഷമാണ് എന്റെ പ്രണയത്തേക്കാൾ എനിക്ക് വിലപ്പെട്ടത്…ഹൃദയം നുറുങ്ങുന്ന വേദനയോടെ തന്നെ അവൾ കിരണുമായുള്ള വിവാഹത്തിന് സമ്മതം മൂളി..
പ്രണയം ചിലപ്പോൾ വിട്ടുകൊടുക്കലുകൾ കൂടിയാണ്..സച്ചുവേട്ടനെ മനസ്സിലാക്കുന്നതിൽ താൻ പരാജയപെട്ടു,, അവന്റെ നിഷ്കളങ്ക സ്നേഹത്തിൽ താൻ കരിനിഴൽ വീഴ്ത്തി… എന്നുള്ള ചിന്തയിൽ അവളുടെ ഹൃദയത്തിലെ വേദന ഇരട്ടിച്ചു.
പക്ഷേ അവന് ഒരിക്കലും അമ്മുവിനോട് പ്രണയം എന്ന വികാരം തോന്നിയിരുന്നില്ല..അവളോടുള്ള വാത്സല്യത്തിൽ അവൻ അവളുടെ പ്രണയവും തിരിച്ചറിയാതെ പോയി.
??
വലിയ ആർഭാടത്തോടെ തന്നെ അമ്മുവിന്റെ വിവാഹം നടന്നു. വീടു കാണലും വിരുന്നും ഒക്കെയായി രണ്ടാഴ്ച കടന്നു പോയി.
ഒരു ദിവസം ഹോസ്പിറ്റലിൽ op യിലെ രോഗികൾ ഒഴിഞ്ഞു സച്ചു വെറുതെ ഇരിക്കുന്ന സമയം..
“ഡോക്ടർ.. ഡോക്ടർ സഞ്ജയ്… ഒന്ന് പെട്ടെന്ന് എമർജൻസിയിലേക്ക് വരുമോ..അവിടെ ഒരു സീരിയസ് കേസ് വന്നിരിക്കുന്നു… തലയിൽ വലിയ ഒരു മുറിവുണ്ട്…ഗാർഹിക പീഡനം ആണോന്നു സംശയം ഉണ്ട്.. ഗൈനക്കിലെ ഡോക്ടർ നോക്കുന്നുണ്ട്… ഡോക്ടർ കൂടി ഒന്ന് വന്നിരുന്നെങ്കിൽ നന്നായിരുന്നു.. “!! സിസ്റ്റർ ഓടി കിതച്ചു വന്നു പറഞ്ഞു.
“ശരി ഞാൻ ഇപ്പോൾ തന്നെ വന്നേക്കാം.. “!അവൻ എഴുനേറ്റു കൊണ്ട് പറഞ്ഞു.
“എന്താ ഗീത മാഡം.. പോലീസിൽ ഇൻഫോം ചെയ്യണ്ട കേസ് അല്ലേ… “
“അതെ.. സഞ്ജയ്.. കുട്ടിയുടെ ശരീരം മുഴുവൻ മുറിവുകൾ ഒരുപാടുണ്ട്… നന്നായി ഉപദ്രവിച്ചിരിക്കുന്നു കുട്ടിയെ… “
“തലയിലെ മുറിവ് ക്ലീൻ ചെയ്യൂ സിസ്റ്റർ.. ഞാൻ നോക്കട്ടെ..വലിയ മുറിവാണ്… … മുഖം ഒന്നു കൂടി ക്ലീൻ ചെയ്യൂ.. ആ കോട്ടൺ ഇങ്ങെടുക്ക്… “!!
സച്ചു തന്നെ കോട്ടൺ വാങ്ങി മുഖം വൃത്തിയാക്കി…ആ മുഖത്തേക്ക് നോക്കിയ അവൻ അലറി കരഞ്ഞു..
“അയ്യോ… അമ്മു… മോളെ…. !!”
“ഡോക്ടർ.. ഡോക്ടർ… എന്താ പറ്റിയത്…? ഡോക്ടർക്ക് അറിയുന്ന കുട്ടിയാണോ…? “!! ഗീത മാഡവും സിസ്റ്റർമാരും ഒരുപോലെ ചോദിച്ചു..
“എന്റെ.. എന്റെ മോളാണ്… “!!
ഗീത ഡോക്ടർക്കും സിസ്റ്റർമാർക്കും ഒന്നും മനസിലായില്ല… എങ്കിലും സച്ചുവിനു പ്രിയപ്പെട്ട ആരോ ആണെന്ന് അവർക്ക് മനസിലായി..
??
കിരൺ… അമ്മുവിന്റെ ഭർത്താവ്. പുറമെ കാണുന്ന പോലെ ആയിരുന്നില്ല അവൻ. ഉള്ളിന്റെ ഉള്ളിൽ ഒരു പൂർണ സംശയരോഗി. കല്യാണത്തിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയ സംശയം. സച്ചുവിന്റെ ഫോൺ കാളുകൾ അവന്റെ ഉള്ളിലെ സംശയരോഗിയെ ഉണർത്തി. തുടക്കത്തിൽ അവൾക്കു അവന്റെ ആ വൈകല്യം മനസിലായിരുന്നില്ല.. പക്ഷേ പിന്നീട്…
സച്ചുവിനോട് പറഞ്ഞാൽ അവന് വിഷമം ആകുമെന്ന് കരുതി അവൾ മൗനം പാലിച്ചു. കിരണിനെ പറഞ്ഞു മനസിലാക്കാൻ സാധിക്കും എന്ന് അവൾ വിശ്വസിച്ചു..കിരണിന്റെ അച്ഛനോടും അമ്മയോടും അത്രക്ക് അടുപ്പം ആയിട്ടില്ല..അല്ലെങ്കിൽ അവരോടു പറയാമായിരുന്നു.. ഇനിയിപ്പോൾ പറഞ്ഞാലും അവർ സ്വന്തം മകനെ ന്യായീകരിക്കാൻ ശ്രമിക്കുകയേയുള്ളു..
പക്ഷേ…..
അവളെ ആ കാളുകളുടെ പേരിൽ കിരൺ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.
ഒരു ദിവസം അവൾ പൊട്ടിത്തെറിച്ചു..
“സച്ചുവേട്ടനെ കുറിച്ച് അങ്ങനെ ഒന്നും പറയരുത് കിരണേട്ടാ.. സച്ചുവേട്ടനെ ഞാൻ ജനിച്ചു വീണപ്പോൾ മുതൽ കാണുന്നതാ. എന്റെ സച്ചുവേട്ടൻ ഒരിക്കലും കിരണേട്ടൻ വിചാരിക്കുന്ന പോലെയുള്ള ആളല്ല… സച്ചുവേട്ടൻ… “!!
“ഛീ… നിർത്തെടി… അവളുടെ ഒരു സച്ചുവേട്ടൻ… ഇനി മേലിൽ അവന്റെ പേര് നിന്റെ നാവിൽ നിന്ന് വീണു ഞാൻ കേൾക്കരുത്.. ” അപ്പോഴത്തെ കിരണിന്റെ ഭാവം കണ്ട് അവൾക്കു പേടി തോന്നി..
ഇനി മിണ്ടാതിരിക്കാൻ ആവില്ല.. സച്ചുവിനോട് ഇതൊക്കെ പറയണം എന്ന് തന്നെ അവൾ കരുതി.. കിരണിനെ തിരുത്താൻ പറ്റും എന്ന വിശ്വാസം അവൾക്കു നഷ്ടപെട്ടു.. ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത്.. ഒറ്റക്ക് ജീവിക്കുന്നതാ.. അവൾ മനസിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു…
പക്ഷേ….
പുറത്തേക്ക് പോയ അവൻ വളരെ താമസിയാതെ തന്നെ തിരികെ എത്തി… വന്നത് നന്നായി മദ്യപിച്ചായിരുന്നു..
മുറിയിൽ എത്തിയ അവൻ അവളെ മുടിക്ക് കുത്തി പിടിച്ചു ഇരു കവിളിലും മാറി മാറി അടിച്ചു. ജനിച്ചതിൽ പിന്നെ ആദ്യമായി കിട്ടുന്ന പീഡനം.. ഒന്ന് നുള്ളി പോലും നോവിക്കാതെ കൈ വെള്ളയിൽ കൊണ്ട് നടന്നു വളർത്തിയ കുട്ടി.. രണ്ടു വീടുകളിലായി രാജകുമാരിയെ പോലെ വളർന്നവൾ.. അവന്റെ അടിയേറ്റ് അവൾ താഴേക്കു വീണു പോയി.. കലി അടങ്ങാതെ അവൻ അവളുടെ തല ചുമരിൽ ഇടിച്ചു..അതോടെ അമ്മുവിന്റെ ബോധം നഷ്ടപ്പെട്ടു… ബോധമില്ലാതെ കിടന്ന അവളുടെ ശരീരത്തിൽ അവൻ അവന്റെ കാ മക്കൂത്തുകൾ നടത്തി..
നേരം വെളുത്തിട്ടും അവളെ കാണാതെ കിരണിന്റെ അമ്മ വന്നു വിളിച്ചപ്പോഴാണ് കിരൺ എഴുന്നേറ്റു വന്നു കതക് തുറന്നത്…
“അമ്മു എവിടെ.. എഴുന്നേറ്റില്ലേ ..? “
“ആ.. എനിക്ക് അറിയില്ല.. “പറഞ്ഞിട്ട് കിരൺ ഇറങ്ങി പോയി…
മുറിയിൽ കയറി നോക്കിയ അവർ ബോധമില്ലാതെ അ ൽപ്പവസ്ത്രത്തിൽ കിടക്കുന്ന അവളെ കണ്ടു നിലവിളിച്ചു.
“എന്തു ചെയ്തതാടാ മഹാപാപി നീയിവളെ.. കൊന്നോ ഡാ.. “!! അവർ പെട്ടെന്ന് തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു.. പക്ഷേ അവളെ അവിടെ ഉപേക്ഷിച്ചു സൂത്രത്തിൽ ആ സ്ത്രീ മടങ്ങി പോയി..
— — — — — —
“ഡോക്ടർ സഞ്ജയ്… ആ കുട്ടിക്ക് ബോധം വന്നു… “!! കേട്ട പാടെ അവൻ ഓടി അവളുടെ അടുത്ത് ഇരുന്നു…
“മോളെ… മോളെ… എന്താടാ.. എന്തു പറ്റിയതാടാ നിനക്ക്..? “
“സച്ചുവേട്ട… എന്നെ… എന്നെ കൂടി കൊണ്ടു പോ… എനിക്ക് ഇവിടെ നിക്കണ്ട…കിരൺ… അയാളെന്നെ കൊല്ലും… “!!
“പോകാം… നമുക്ക് വീട്ടിൽ പോകാം… എന്റെ മോൾ ഒന്ന് കൊണ്ടും പേടിക്കണ്ട…ഏട്ടനുണ്ട് കൂടെ… “!! അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..
സച്ചു വിളിച്ചു പറഞ്ഞത് അനുസരിച്ചു പോലീസ് എത്തി അമ്മുവിന്റെ മൊഴി എടുത്തു… കിരണിനെതിരെ കേസ് എടുത്തു…ഗാർഹിക പീഡന നിയമ പ്രകാരം അവനെ അറസ്റ്റ് ചെയ്തു..
— — — — — — —
എല്ലാം എന്റെ തെറ്റാണ്.. അന്നേ എന്റെ അമ്മു പറഞ്ഞത് പോലെ ഞാൻ തന്നെ അവളെ കൂടെ കൂട്ടിയാൽ മതിയായിരുന്നു.. അതിനു പകരം എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അവളെ മറ്റൊരിടത്തേക്ക് പറിച്ചു മാറ്റാൻ നോക്കിയ ഞാൻ തന്നെയാണ് തെറ്റുകാരൻ… അവളുടെ ജീവൻ തന്നെ അപകടത്തിൽ ആക്കിയത് ഞാനാണ്. അവളുടെ ജീവൻ വച്ചുള്ള ഒരു കളിക്കും ഇനി വഴി വെച്ചു കൊടുക്കാൻ പറ്റില്ല. ഇത്ര നാളും ചിന്തകളിൽ ഉണ്ടായിരുന്ന ശരി തെറ്റുകളെ അതിന്റെ വഴിക്ക് വിട്ടു കൊണ്ട്.. ഇനി ഒരു പരീക്ഷണത്തിനും അവളെ വിട്ടു കൊടുക്കില്ല… ആർക്കും.. ഒരിക്കലും… എന്ന് അവൻ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. ❤️
N b: കഥയും കഥാപാത്രങ്ങളും ഞാളെ ചെറ്യേ ബുദ്ധിയിൽ വിരിഞ്ഞ ഭാവനയാണ്. കൊല്ലരുത്.. ??..