മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വരുണേട്ടന് ഈ കല്യാണത്തിന് പ്രത്യേകിച്ചു താല്പര്യമൊന്നും ഇല്ല… ,ആളുടെ നാണക്കേട് മാറാന്‍ കല്യാണം കഴിക്കുന്നു… പക്ഷേ താനോ കണ്ടനാളു മുതല്‍ മനസ്സില്‍ സൂക്ഷിക്കുന്നതാണ്.. എന്തു തീരുമാനം എടുക്കണമെന്ന് അറിയാതെ മനസ് കുഴങ്ങി…
” അവനും ആ കൊച്ചും തമ്മില്‍ അങ്ങനെയൊന്നും ഇല്ലായിരുന്നു മോളേ….പഠിക്കുന്ന സമയത്ത് അങ്ങനെയൊരു ഇഷ്ടം തോന്നിയത് കൊണ്ടാണ് പോയി കല്യാണം ആലോചിച്ചത്…. അല്ലെങ്കില്‍ തന്നെ അവര്‍ തമ്മില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ അവള് അങ്ങനെ പോകുമായിരുന്നോ… ? എന്റെ മൗനം കണ്ടിട്ടായിരിക്കും രാധികയമ്മ പറഞ്ഞു കൊണ്ടേയിരുന്നു…
അച്ഛനും അമ്മയും താന്‍ എന്താ പറയുന്നത് എന്നറിയാന്‍ ,ആകാംക്ഷയോടെ നില്‍ക്കുന്നുണ്ട്…
” വരുണേട്ടന് താല്പര്യം ഉണ്ടെങ്കില്‍ എനിക്കും സമ്മതമാണ്.. ” ഒരുവിധം പറഞ്ഞൊപ്പിച്ചു വേഗം അകത്തേക്ക് പോയി…
പിന്നെയെല്ലാം പെട്ടെന്ന് ആയിരുന്നു … കല്യാണത്തിന്റെ അന്നാണ് പിന്നീട് വരുണേട്ടനെ കാണുന്നത്..
പ്രത്യേകിച്ചു ഭാവമാറ്റമൊന്നും കൂടാതെ തന്നെ വരുണേട്ടന് എന്റെ കഴുത്തില്‍ താലി ചാര്‍ത്തി… എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞിരുന്നെങ്കിലും ആ മുഖം മാത്രം കനത്തിരുന്നു…
അച്ഛനെയും അമ്മയെയും വിട്ടുപിരിയുന്ന സങ്കടം ഉണ്ടായിരുന്നെങ്കിലും വരുണേട്ടന്റെ വീട്ടിലെ എല്ലാവരെയും അറിയുന്നത് കൊണ്ട് അപരിചിതത്വം തോന്നിയില്ല… തന്നെ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്ന വരുണേട്ടന്റെ കാര്യത്തില്‍ മാത്രമായിരുന്നു ആശങ്ക….
” വരുണേട്ടന് എവിടെ അമ്മേ.. ” വീട്ടിലെത്തി ഡ്രസൊക്കെ മാറി വന്നപ്പോള്‍ ആണ് രാധികയമ്മയെ ഫ്രീയായി കൈയ്യില്‍ കിട്ടിയത്…
” അവന് പുറത്തേക്ക് പോയി മോളേ… നിന്നോടൊന്നും പറഞ്ഞില്ലേ.. ”
ഈ നിമിഷം വരെ തന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന. എങ്ങനെ പറയും..
” ഞാന്‍ ബാത്ത്റൂമില്‍ ആയിരുന്നില്ലേ… അതുകൊണ്ട് ആയിരിക്കും… ” പ്രകാശം മങ്ങിയ മുഖത്ത് ഒരു ചിരി വിടര്‍ത്തി കൊണ്ടു പറഞ്ഞിട്ട് മുറിയിലേക്ക് തിരികെ പോന്നു.
വലിയ ആ റൂമില്‍ സാധനങ്ങള്‍ ഭംഗിയായി അടുക്കി വെച്ചിരുന്നു… വരുണേട്ടന്റെ പല തരത്തിലുള്ള ഫോട്ടോസ് ചുമരില്‍ ഒട്ടിച്ചു വെച്ചിരുന്നു… അവയ്ക്ക് ഇടയില്‍ നിന്നും എന്തോ വലിച്ചിളക്കിയ പോലെ ചെറിയപാടുകള്‍ അവശേഷിച്ചതു കണ്ടപ്പോള്‍ മനസ്സിലും ചെറിയ പോറലുകള്‍ വീണു…
വരുണേട്ടന് എത്തിയപ്പോള്‍ രാത്രി ഏറേ വൈകിയിരുന്നു…
” വരുണേട്ടന് ഈ കല്യാണത്തിന് താല്പര്യം ഉണ്ടായിരുന്നില്ലേ… ” ഭക്ഷണം കഴിഞ്ഞു റൂമിലെത്തിയ ,വരുണേട്ടനോട് അതുവരെ അടക്കി വെച്ചിരുന്ന സങ്കടത്തോടെയാണ് ചോദിച്ചത്… തിരക്ക് കൊണ്ടല്ലെ എന്ന ആശ്വാസവാക്ക് പ്രതീക്ഷിച്ചാണ് ചോദിച്ചതും…
” മാനസ… താന്‍ ഒരു കാര്യം മനസ്സിലാക്കണം… എനിക്കു തന്നെയെന്നല്ല ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടണം എന്നേ ഉണ്ടായിരുന്നുള്ളു… തനിക്കും ഈ കല്യാണത്തിന് സമ്മതമാകാന്‍ വഴിയില്ല. മാഷും തന്റെ അമ്മയും നിര്ബന്ധിച്ചതാകാം… അല്ലെങ്കില്‍ ഇങ്ങനെ ഒരു കല്യാണം മുടങ്ങിയ എന്നെ കെട്ടില്ലല്ലോ…
അല്ലെങ്കില്‍ എന്റെ ജോലിയും സാമ്പത്തികവും കണ്ടായിരിക്കണം… ” അതു പറഞ്ഞു കൊണ്ടുള്ള വരുണിന്റെ നോട്ടം കണ്ടു അവള് ചൂളിപ്പോയി.
” എനി വേ തനിക്ക് തന്റെ വഴി.എനിക്കു എന്റെയും.. പരസ്പരം വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കാം… എനിക്കു ഇനി ഒരു സ്ത്രീകളെയും സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയില്ല . അത്രമേല്‍ വഞ്ചിക്കപെട്ടവനാണ്….ഈ മുറിക്ക് പുറത്തു നമ്മള്‍ക്ക് നല്ല ഭാര്യാഭര്ത്താക്കന്മാരാകാം… അകത്ത് പരിചയക്കാരും…. ”, ഇത്രയും പറഞ്ഞു ബെഡിന്റെ ഒരറ്റത്തേക്ക് ചാഞ്ഞ വരുണിനോട് എന്തു പറയണമെന്നു അവള്‍ക്ക് അറിയില്ലായിരുന്നു … ഈ പണവും ജോലിയും ഉണ്ടാകുന്നതിന് മുന്നെ മനസ്സിലേറ്റിയതാണെന്ന് നിശബ്ദം പറഞ്ഞു കൊണ്ടേയിരുന്നു … വാക്കുകള്‍ നഷ്ടമായി ബെഡിലേക്ക് ഇരിക്കുമ്പോള്‍ ഭാവിയുടെ അന്ധകാരം ഭയപെടുത്തി കൊണ്ടിരുന്നു …
എല്ലാം ശരിയാകുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ഉറക്കത്തെ കാത്തു കിടന്നു…
വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ദിവസങ്ങള്‍ മുന്നോട്ട് പോയി..
” തനിക്ക് ക്ലാസിനൊന്നും പോകേണ്ടേ.. ” വെറുതെ മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ് വരുണ്‍ ചോദിച്ചത്…
ക്ലാസിന് പോകണമെന്നു ഉണ്ടായിരുന്നെങ്കിലും എങ്ങനെ ചോദിക്കുമെന്ന ഭയം മൂലം മനസ്സിലടക്കിയതാണ്.
” അത് വരുണേട്ടന് ട്രാന്‍സ്ഫര്‍ കിട്ടുമ്പോള്‍ ഞാന്‍ കൂടെ വരണ്ടേ…. അപ്പോള്‍ ക്ലാസ് മിസാകില്ലേ..,” മറ്റൊരു ആശങ്കയാണ് അവനോട് അവതരിപ്പിച്ചത്…
” അതെന്താനാ താന്‍ എന്റെ കൂടെ വരുന്നത്… ക്ലാസിന് പോകാന്‍ തുടങ്ങിക്കോ..കൂടെ കൂട്ടാതെ ഇരിക്കാന്‍ എനിക്കും ഒരു കാരണമാകുമെല്ലോ… ”’ ചിരിയോടെ അതും പറഞ്ഞു പോകുന്ന അയാളെ അവള് തുറിച്ചു നോക്കി..
ട്രാന്‍സ്ഫര്‍ കിട്ടിയതും വരുണ്‍ വീട്ടില്‍ നിന്നും മടങ്ങി… പരസ്പരം മിണ്ടാതെ ഒരേ വീട്ടില്‍ കഴിയുന്നതും നല്ലത് അതാണെന്ന് അവള്‍ക്കും തോന്നി…ദിവസേന വിളിച്ചു വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങിയപ്പോഴാണ് മാനസയ്ക്ക് വീണ്ടും പ്രതീക്ഷകള്‍ തുടങ്ങിയത്…
” മോളേ… ആ പെണ്ണ് ചതിച്ചിട്ടു പോയ വിഷമം അവന് കാണും… അതുകൊണ്ട് എല്ലാം ഒന്നു ശരിയായി ,വരാന്‍ കുറച്ചു സമയം എടുക്കും… മോള് നോക്കിയും കണ്ടും ഒന്നു നിന്നാല്‍ മതി.. എല്ലാം ശരിയാകും.. ” ഒരു ദിവസം വിഷമിച്ചിരിക്കുന്നത് കണ്ടു രാധികയമ്മ അങ്ങനെ പറയുമ്പോഴാണ് അവര്‍ക്കും ഇതൊക്കെ അറിയാമെന്നു മനസ്സിലായത്…
” അമ്മേ….. വരുണേട്ടന് പറയുന്നത് വരുണേട്ടന്റേ ജോലിയും പണവും കണ്ടായിരിക്കും ഞാന്‍ വിവാഹത്തിന് സമ്മതിച്ചത് എന്നാണ്…. പക്ഷേ അത് തെറ്റാണ് അമ്മേ… ഞാനൊരിക്കലും അതൊന്നും നോക്കിയിട്ടേയില്ല.. വരുണേട്ടനെ ഇഷ്ടം ഉള്ളതുകൊണ്ട് മാത്രമാണ് കല്യാണത്തിന് സമ്മതിച്ചത്…”
അപ്പോഴും പണ്ടു മുതലെ ഇഷ്ടമായിരുന്നെന്നു പറയാന്‍ മടി തോന്നി.. പക്ഷേ കിച്ചുവിന് അറിയാമായിരുന്നെന്ന് ,അവന്റെ ചിലപ്പോഴുള്ള സംസാരത്തില്‍ മനസ്സിലാക്കാമായിരുന്നു….
” അതൊക്കെ ഞങ്ങള്‍ക്ക് അറിയാം മോളേ… അവന് അവന്റെ വിഷമം കൊണ്ട് അങ്ങനെയൊക്കെ പറയുന്നതാണ്… പതിയെ എല്ലാം മാറും… പ്രതീക്ഷിച്ചത് പോലെ ഒന്നും നടക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശ മനുഷ്യനെ ചിലപ്പോള്‍ അടിമുടി മാറ്റിക്കളയും….. പുതിയ സാഹചര്യങ്ങളോട് പൊരുത്തപെട്ടു വരാന്‍ സമയം എടുക്കും.. മോള് ക്ഷമിക്കു… ”
രാധികയമ്മയുടെ വാക്കുകള്‍ സത്യമാക്കും പോലെയായിരുന്നു പിന്നീട് വരുണിന്റെ പെരുമാറ്റം… എപ്പോഴും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജീവിതത്തില്‍ പുതിയ മഴവില്ല് വിരിഞ്ഞതുപോലെ മാനസയ്ക്ക് തോന്നി… ജീവിതത്തിന്റെ വസന്തത്തിലേക്ക് കയറി ചെന്നതുപോലെ സന്തോഷിച്ചു…
എക്സാം കഴിഞ്ഞു വരുണ്‍ മാനസയെ കൂടെകൂട്ടി……. സന്തോഷമുള്ള ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന് അവള്‍ക്ക് തോന്നി… വരുണിന്റെ മാറ്റമായിരുന്നു വിശ്വസിക്കാന്‍ കഴിയാതെ ഇരുന്നത്….ചിരിയും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍…,
” കൊച്ചു…. വന്നു എന്തെങ്കിലും കഴിക്കു…. വയറ്റില്‍ ഒരു ജീവന് ഉള്ളതല്ലേ…” അമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓര്‍മ്മകള്‍ മോചിപ്പിച്ചത്…..
” രാധിക വിളിച്ചിരുന്നു…. വരുണ്‍ എന്തു പറഞ്ഞു എന്ന് ചോദിച്ചു.. അവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലത്രേ…അങ്ങോട്ടു ചെല്ലാറുമില്ല.. ”
ഭക്ഷണത്തിന് മുന്നില്‍ നുള്ളിപെറുക്കിയിരിക്കുമ്പോള് അമ്മയുടെ വാക്കുകള്‍ പിന്നില്‍ ചിതറി…. ഒരുവിധം ഭക്ഷണം കഴിച്ചു എഴുന്നേറ്റൂ…
റൂമില്‍ എത്തിയപാടെ രാധികയമ്മയുടെ നമ്പരിലേക്ക് വിളിച്ചു…
” മോളേ…. എങ്ങനെയുണ്ട്… ആശുപത്രിയില്‍ പോയോ… ” രാധികയമ്മയുടെ ശബ്ദം കാതുകളിലെത്തി…
” മോളേ.. ” തന്റെ ശബ്ദം കേള്‍ക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു പിന്നെയും വിളിച്ചു..
” ഉം..
ഹോസ്പിറ്റലില്‍ പോയില്ല… ”
” അതെന്താ മോളെ പോകാതെ ഇരുന്നത്… ഈ പ്രശ്നമൊക്കെ ഇന്നല്ലെങ്കില്‍ നാളെ തീരും.. ഇന്നു ചെയ്യേണ്ടത് നമ്മള് ചെയ്യേണ്ടേ…. വരുണ്‍ ഇതറിയുമ്പോള്‍ തിരികെ വരും മോളേ… അമ്മയ്ക്ക് ഉറപ്പുണ്ട്.. നാളെ തന്നെ മോള് ആശുപത്രിയില്‍ പോകണം.. കേട്ടോ..
ഒരു കാര്യം ചെയ്യാം.. നാളെ അമ്മ കൂടി വരാം.. ”
അവരുടെ ഓരോ വാക്കും വീണ്ടും പ്രതീക്ഷ തന്നു കൊണ്ടിരുന്നു … മങ്ങിതുടങ്ങിയ ചിത്രങ്ങള്‍ക്ക് വീണ്ടും വ്യക്തത വരുന്നത് അവള് അറിഞ്ഞു….
” ശരിയമ്മെ.. ഞാന്‍ നാളെ റെഡിയായി ഇരിക്കാം… ”
കോള്‍ കട്ടാക്കുമ്പോഴും എല്ലാം ശരിയാകുമോ എന്ന ആശങ്ക ഒഴിഞ്ഞിരുന്നില്ല….വരുണേട്ടന് തന്നെ ഇനി വേണ്ടെന്നു വെച്ചാല്‍ തന്നെ ഒരു പിഞ്ചു കുഞ്ഞിനെയും കൊണ്ട് ഈ ലോകത്ത് എങ്ങനെ ജീവിക്കുമെന്നു ഓര്‍ത്തപ്പോഴേ നടുങ്ങിപ്പോയി..
അടുത്ത ദിവസം രാധികയാണ് മാനസയെ വിളിച്ചുണര്‍ത്തിയത്… ഉണര്‍ന്ന പാടെ അവരെ കണ്ടു ഞെട്ടിയ അവള് ക്ലോക്കിലേക്ക് നോക്കി.. സമയം പത്തായിരുന്നു.
” രാത്രിയില്‍ വൈകിയാണ് ഉറങ്ങിയത് അമ്മേ…. ”
അവള് വിഷമത്തോടെ പറഞ്ഞതു കേട്ട് അവള് തോളില്‍ തട്ടി ആശ്വസിപ്പിച്ചു…
” അമ്മ ഇരിക്ക്.ഞാന്‍ വേഗം റെഡിയായി വരാം… ”
” മോള് പതിയെ വന്നാല്‍ മതി… ഞാന്‍ ഇവിടെ ഇരുന്നോളാം.. ” ധൃതിയില്‍ പുറത്തേക്ക് പോകാന്‍ തുടങ്ങിയ മാനസയുടെ കൈയ്യില്‍ പിടിച്ചു കൊണ്ടാണ് അവര്‍ പറഞ്ഞത്…
കുളിച്ചു റെഡിയായി ഭക്ഷണവും കഴിച്ചു അവരോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും അവളുടെ മനസ്സില്‍ ഇരുളായിരുന്നു…വ്യക്തതയില്ലാത്ത രൂപങ്ങള്‍ നിറഞ്ഞ ഇരുട്ട്….
” വെറേ കുഴപ്പം ഒന്നും ഇല്ല…. ബോഡി കുറച്ചു വീക്കാണ്…. റെസ്റ്റ് എടുക്കണം….മനസ്സിന് വിഷമം തട്ടരുത്… ” ഡോക്ടറുടെ വാക്കുകള്‍ കേട്ട് ചിരി വന്നെങ്കിലും അത് അടക്കി കൊണ്ട് അവള് രാധികയെ നോക്കി…. ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങുമ്പോഴേക്കും നേരം വൈകിയിരുന്നു…
ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോഴും നിര്‍വികാരതയായിരുന്നു…
” മോള് വിഷമിക്കേണ്ട ..ഞാന്‍ പോയി അവനെയൊന്നു കാണാം… ” അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു …
” അമ്മേ.. നമുക്ക് ഇപ്പോള്‍ വരുണേട്ടനെ ഒന്നു പോയി കണ്ടാലോ…. ” രാധിക ഒരു നിമിഷം ആലോചിച്ചു..
” മോള്‍ക്ക് അത്രയും ദൂരം യാത്ര ചെയ്യാന്‍ പറ്റുമോ.. ”
അവര്‍ ആശങ്കപെട്ടു……
” അതൊന്നും കുഴപ്പമില്ല അമ്മേ….. ഇവിടുന്നു രണ്ടു മണിക്കൂര്‍ യാത്രയല്ലേ..പതിയെ പോകാം… വരുണേട്ടനെ കണ്ടാല്‍ തന്നെ എന്റെ വിഷമങ്ങളൊക്കെ തീരും.. ” ഉത്സാഹത്തോടെ അവള് പറഞ്ഞപ്പോള്‍ അവര്‍ക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല…
” മോളേ..വീട്ടില്‍ പറയേണ്ടേ.. ”
” ഞാന്‍ വിളിച്ചു പറയാം…വരുണേട്ടനെ കാണാന്‍ പോകുന്നു എന്നു പറയേണ്ട….തിരികെ വരുണേട്ടനുമായി ചെല്ലുമ്പോള്‍ സര്‍പ്രൈസ് ആയിക്കോട്ടേ.. ” .അവളുടെ ഉള്ളില്‍ സന്തോഷം അലയടിച്ച് ഉയര്‍ന്നു..
” വീട്ടില്‍ വിളിച്ചു ഹോസ്പിറ്റലില്‍ നിന്നും വരാന്‍ വൈകും എന്നു പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കി…
ഏറെ നാളുകള്‍ക്ക് ,ശേഷം അവര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ തുടങ്ങി…
എന്തിനായിരിക്കും ഇത്രവേഗം വരുണേട്ടന് ഡിവോഴ്സ് കേസ് കൊടുത്തത്.. അതിനും മാത്രം എന്തു പ്രശ്നങ്ങളാണ് തങ്ങള്‍ക്ക് ഇടയില്‍ … അവിടെ നിന്നും മടങ്ങിപ്പോന്നിട്ട് ഒരുപാട് നാളുകള്‍ ഒന്നും ആയിട്ടില്ല……
ഒരു കുടുംബം എന്ന തരത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് വരുണേട്ടന് മാറ്റങ്ങള്‍ ഉണ്ടായത്… കല്യാണത്തിന് ശേഷം മാസങ്ങളോളം മിണ്ടാതെ നടന്ന വരുണേട്ടന് പിന്നീട് അടുത്തപ്പോള്‍ ഒരുപാട് സ്നേഹിച്ചിരുന്നു… അത് തനിക്കും ബോധ്യമായതാണ്…. പഴയതൊക്കെ മറന്നു അത്രവേഗം വരുണേട്ടന് തന്നോട് അടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….
” കൊച്ചു.. നിന്നെ തിരിച്ചറിയാതെ പോയിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ നഷ്ടമായി പോയേനേ.. ” തന്നേ ചേര്‍ത്തുപിടിച്ചു എത്രയോ തവണ പറഞ്ഞിരിക്കുന്നു..
ഓഫീസിലെ തിരക്കുകളുടെ പേരു പറഞ്ഞൂ ഒഴിഞ്ഞു മാറിയപ്പോള്‍ , ഇടയ്ക്കിടെ വീട്ടില്‍ നിന്നും മാറി നിന്നപ്പോള്‍ , എപ്പോഴും അടക്കി പിടിച്ചു സംസാരിച്ചപ്പോള്‍ ഒന്നും ഓര്‍ത്തിരുന്നില്ല അതൊക്കെ തന്റെ വിധിയെ മാറ്റി മറിയ്ക്കാനുള്ള വഴികള്‍ ആയിരുന്നു എന്ന്…..
ഫോണ്‍ എടുക്കുന്നതിനും അടുത്തിടപഴകുന്നതിനുമൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ എല്ലാം തന്റെ തോന്നലാണെന്നു കരുതി എല്ലാം ഉള്ളില്‍ ഒതുക്കി….. മനസ്സിലുള്ള വിഷമം പുറമേ കാട്ടിയതും ഇല്ല… വീട്ടില്‍ പോകുമ്പോഴൊക്കെ അവരുടെ മുന്നില്‍ വെച്ചു നന്നായി ഇടപെടുമായിരുന്നു…അതുകൊണ്ട് അവര്‍ക്കും സംശയം തോന്നിയില്ല..
” .കൊച്ചു .. നീ വീട്ടിലേക്ക് മടങ്ങിക്കോ…. ” അപ്രതീക്ഷിതമായി ആണ് ഒരു ദിവസം പറഞ്ഞത്..
” എന്താ കാര്യം…വരുണേട്ടന് വരുന്നില്ലേ..” അച്ഛനോ അമ്മയ്ക്കോ സുഖമില്ലെന്നാണ് കരുതിയത്.
” ഞാന്‍ വരുന്നുണ്ട്..നിന്റെ സാധനങ്ങളും എടുത്തോ… എനിക്കു ട്രാന്‍സ്ഫര്‍ ആണ്… പുതിയ സ്ഥലത്ത് പോയി ഫ്ലാറ്റൊക്കെ എടുത്ത ശേഷം നിന്നെയും കൂട്ടാം.. ”
വരുണേട്ടനെ പിരിഞ്ഞു നില്ക്കാന് പ്രയാസം ഉണ്ടായിരുന്നു ..സ്നേഹിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഒരു നിമിഷം പോലും മാറി നില്ക്കാന് സമ്മതിക്കില്ലായിരുന്നു….
മനസ്സില്ലാ മനസ്സോടെ അവിടേ നിന്നും മടങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയായി തീരുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല….
വീട്ടില്‍ കൊണ്ടു വിട്ടു പോയ ശേഷം ഒന്നു വിളിച്ചു കൂടി അന്വേഷിക്കാത്തതില്‍ പരിഭവിച്ചിരിക്കുമ്പോഴാണ് ഡിവോഴ്സ് നോട്ടീസ് വരുന്നത്.. നോട്ടീസ് നേരത്തെ തയാറാക്കി വെച്ചിരുന്നത് ആണെന്നു തോന്നു. … അത് കണ്ട നിമിഷം ലോകം തലകീഴായി മറിയുന്നത് പോലെയാണ് തോന്നിയത്… ശ്വാസം തൊണ്ടയില്‍ ഉടക്കി നിന്നു… കണ്ണുകള്‍ പുറത്തേക്ക് തള്ളി… അമ്മ തട്ടി വിളിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്.. കാര്യം അറിഞ്ഞപ്പോള്‍ തന്നെ അച്ഛന് വിളിച്ചു…
” മാഷേ..മാഷ് എന്നോട് ക്ഷമിക്കണം.. മാഷിന്റെ മോളേ എനിക്കു വേണ്ട.. ” എന്നു പറഞ്ഞു കോള്‍ കട്ട് ചെയ്തപ്പോള്‍ ചലിക്കാനാവാതെ അച്ഛന് നിന്നുപോയി…. അതോര്‍ത്തപ്പോള്‍ തന്നെ ഒരൂ നിലവിളി ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നു തൊണ്ടക്കുഴിയില്‍ കുരുങ്ങി….
ദിവസങ്ങള്‍ മുന്നോട്ട് പോകുമ്പോഴും വരുണേട്ടന് തിരികെ വരുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി….. അച്ഛന്റെയും അമ്മയുടെയും സങ്കടം ആയിരുന്നു സഹിക്കാന്‍ കഴിയാത്തത്… തലകറങ്ങി വീണ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോഴും അച്ഛന് വരുണേട്ടനെ വിളിച്ചു…
”’ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞെല്ലോ മാഷേ..ദയവായി എന്നെ വിളിച്ചു ശല്യം ചെയ്യരുത്…നിങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയൂ.. ” .അച്ഛനെ ഒന്നും പറയാന്‍ പോലും അനുവദിക്കാതെ കോള്‍ കട്ടാക്കി പോയി…
പിന്നീട് കോടതിയില്‍ വെച്ചാണ് കാണുന്നത്..ഓരോ തവണയും കാണുമ്പോള്‍ മനസ്സിനെ ചവിട്ടിയരച്ചു അവഗണിച്ചു പോകുമ്പോഴും ഗര്‍ഭിണി ആണെന്ന് അറിഞ്ഞാല്‍ തേടി വരുമെന്ന് മനസ് പറഞ്ഞു കൊണ്ടെയിരുന്നു… ഇതുവരെ ഒന്നു സംസാരിക്കാന്‍ പോലും മുന്നില്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറി പോകുകയായിരുന്നു ..ഇന്ന് എന്തായാലും പറയണം… ആ മുഖത്തെ സന്തോഷം കാണണം… വഴക്കിട്ടതിനും ഡിവോഴ്സ് നോട്ടീസ് കൊടുത്തതിനുമൊക്കെ പരിഭവിക്കണം…
മനസ്സില്‍ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തി തുടങ്ങി…..
” മോളേ.. അവന് എവിടെയാ താമസിക്കുന്നത് എന്നറിയോ.. ” അമ്മയുടെ ചോദ്യം കേട്ട് അവള് വഴിയോര കാഴ്ചകളില്‍ നിന്നും നോട്ടം മാറ്റി..
” പഴയ ഫ്ലാറ്റില്‍ തന്നെയാണ് അമ്മേ..കിഷോറ് പറഞ്ഞിരുന്നു .. ” വരുണേട്ടന്റെ ഫ്രണ്ടാണ് കിഷോര്‍ ഭാര്യ നിതയും തങ്ങളുമായി നല്ല കൂട്ടാണ്…
ഫ്ലാറ്റ് അടുക്കും തോറും നെഞ്ചിടിപ്പ് കൂടി വന്നു.. വരുണേട്ടനെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ചിന്തയാല്‍ കുഴങ്ങി… ഫ്ലാറ്റിന്റെ മുറ്റത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ സെക്യൂരിറ്റി ഒരു മങ്ങിയ ,പുഞ്ചിരി തന്നു..അവരും കാര്യങ്ങളൊക്കെ അറിഞ്ഞു കാണും.. ഒരു ചിരി തിരിച്ചു നല്കി കൊണ്ട് അമ്മയെയും കൊണ്ട് സ്റ്റെയര്‍ കേസിന് നേരേ നടന്നു..
” മോള്‍ക്ക് പടികള്‍ കയറാന്‍ കഴിയുമോ.. വാ നമുക്ക് ലിഫ്റ്റിലൂടെ പോകാം. ”രാധികയമ്മ ലിഫ്റ്റിന് നേരേ നടന്നു കഴിഞ്ഞിരുന്നു ..
” വേണ്ട അമ്മേ മൂന്നാം നിലയിലല്ലേ..നമ്മള്‍ക്ക് ഇതുവഴി പോകാം.. ” രാധികയമ്മയെ നിര്‍ബന്ധിച്ചു സ്റ്റെയര്‍ കേസിന് നേരെ നടക്കുമ്പോള്‍ വരുണിന്റെ പ്രതികരണം എങ്ങനെ ആയിരുക്കും എന്ന ഭയം അവളെ അലട്ടിയിരുന്നു..
മൂന്നാമത്തെ നിലയിലെത്തി ഫ്ലാറ്റിലേക്ക് നടക്കുമ്പോള്‍ അടുത്ത ഫ്ലാറ്റിലെ ആരോ ഡോറ് തുറന്നു നോക്കുന്നത് കണ്ടെങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല..
ഫ്ലാറ്റിന്റെ വാതിലില്‍ എത്തി ഒരു നിമിഷം നിന്നു.. കോളിംഗ് ബെല്ലിലേക്ക് വിരല്‍ അമര്‍ത്തുമ്പോള്‍ എല്ലാം നേരേയാകണേന്നു ഈശ്വരനോട് പ്രാര്‍ത്ഥിച്ചു…
അകത്തു ബെല്ലടിക്കുന്ന ശബ്ദം കേട്ടു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആരോ ഡോറിന്റെ ഹാന്‍ഡില്‍ തിരിക്കുന്ന ശബ്ദം കേട്ടു..
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….