ഭദ്ര IPS ~ ഭാഗം 06, എഴുത്ത്: രജിത ജയൻ

ഭാഗം 05 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭദ്ര മാഡം…..,,,

പെട്ടെന്ന് ജോസപ്പൻ ഡോക്ടർ വിളിച്ചപ്പോൾ ഭദ്ര തിരിഞ്ഞയാളെ നോക്കി , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും വിളറി രക്തം വാർന്ന മുഖം ഒറ്റനോട്ടത്തിൽ തന്നെ ഭദ്രയുടെ കണ്ണിലുടക്കി.

“എന്താ ഡോക്ടർ മുഖമാകെ വിളറിയതുപോലെ ..? ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ലേ താങ്കൾ…? ഭദ്ര ഒരു ചിരിയോടെ ചോദിച്ചു …

“മാഡത്തെയും, ടീംമിനെയും ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്.., പിന്നെ എന്തിനാണ് മാഡം നിങ്ങളെ കണ്ടിട്ട് ഞങ്ങൾ പരിഭ്രമിക്കുന്നത്…?

ജോസപ്പൻ ഡോക്ടർ മറുചോദ്യമെറിഞ്ഞു….

“ഓകെ ഡോക്ടർ , ഞങ്ങൾ ഇവിടേക്ക് വരാനല്പം താമസിച്ചു…., താങ്കൾക്കറിയാലോ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്നതെന്തൊക്കെയാണെന്ന്…?”

“അറിയാംമാഡം, കാണാനില്ലാന്നെല്ലാവരും പറഞ്ഞ ജേക്കബ്ബച്ചനെ നിങ്ങൾ സെമിത്തേരിയിൽ നിന്നു കണ്ടെടുത്തൂന്നറിഞ്ഞ നിമിഷം മുതൽ പേടിച്ച് ഇരിക്കുകയാണ് ഞങ്ങൾ ,പീറ്ററിനെ നോക്കി ജോസപ്പൻ പറഞ്ഞു …

”നിങ്ങൾ എന്തിനാണ് ഡോക്ടർ പേടിക്കുന്നത്..?

അച്ചന്റ്റെ മരണത്തിൽ നിങ്ങൾക്ക് വല്ല പങ്കും ഉണ്ടോ..?

തുറന്നടിച്ചതു പോലെയുള്ള ഭദ്രയുടെ ചോദ്യം കേട്ടതും പീറ്ററിലൊരു ഞെട്ടലുണ്ടായതു അവനരികിൽ നിന്നിരുന്ന ജോസപ്പൻ ഡോക്ടർ തിരിച്ചറിഞ്ഞു .

ഞങ്ങൾക്ക് പങ്കോ. ..?

അതും അച്ചന്റ്റെ മരണത്തിൽ..? മാഡമെന്താണിങ്ങനെയൊക്കെ പറയുന്നത് …?

ഞങ്ങൾ ഭയന്നതും പേടിച്ചതും ഞങ്ങളുടെ ലീന മോളെ ഓർത്താണ്…, അവളെയും അച്ചനൊപ്പം കാണാതായതല്ലേ..,ഇനിയവളെയും തിരിച്ചു കിട്ടുന്നത് ശവശരീരമായിട്ടാവുമോ എന്ന ഭയത്തിലാണ് ഞങ്ങൾ .

“മിസ്റ്റർ ജോസപ്പൻ “!!!

ജോസപ്പൻ ഡോക്ടർ പറഞ്ഞു പൂർത്തിയാക്കുന്നതിനുമുമ്പേ അയാളുടെ ശബ്ദത്തെ മറികടന്നു ഭദ്രയുടെ ശബ്ദമുയർന്നു ..

ആ വിളിയിലൊരുമാത്ര ഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നവർ കൂടി ഞെട്ടി …

“സീ മിസ്റ്റർ ജോസ്, നിങ്ങൾ ലീനയെ കാണാതായിയെന്ന് പറഞ്ഞത് മുതൽ തന്നെ പോലീസും പത്രങ്ങളും നാട്ടുകാരും നിങ്ങളോട് ചോദിച്ചൊരു ചോദ്യമുണ്ട്, ലീന അച്ചനൊപ്പം നാടുവിട്ടതാണോന്ന് …? അതുകേട്ടപ്പോഴെല്ലാം നിങ്ങളുടെ കൊച്ചിനെ നിങ്ങൾക്കറിയാമെന്നു പറഞ്ഞിരുന്ന നിങ്ങളെങ്ങനെ ഇപ്പോൾ പറയും ലീനയെ കാണാതായത് അച്ചനൊപ്പം ആണെന്ന്…?” ഇതുവരെയില്ലാത്തൊരു വെളിപാടെങ്ങനെ പെട്ടെന്ന് നിങ്ങൾക്കുണ്ടായി..?

ഭദ്രയുടെ പെട്ടെന്നുയർന്ന ശബ്ദവും ചോദ്യങ്ങളും ജോസപ്പനെ ശബ്ദമില്ലാത്തവനാക്കി.

പറയൂ ഡോക്ടർ, നിങ്ങളെങ്ങനെ ഇപ്പോൾ വിശ്വസിക്കാൻ കാരണമെന്താണ് ..?

“മാഡം അത് ഡാഡി എന്റ്റെ പേടിയും ഭയവും കണ്ടറിയാതെ പറഞ്ഞു പോയതാണ്.”

പീറ്റർ വേഗം ജോസിന്റെ രക്ഷക്കെത്തി .

“പീറ്ററിനെന്താണ് ഇത്രയധികം പേടി…?

“മാഡം എന്റെ പ്രാണനെക്കാൾ ഞാൻ സ്നേഹിക്കുന്നതാണ് ലീനയെ , അവളെ കാണാതായ അന്നുമുതൽ ഞാൻ അനുഭവിക്കുന്ന വേദനയെത്രയാണെന്ന് നിങ്ങൾക്കാർക്കും ഊഹിക്കാൻ പോലും പറ്റില്ല. അപ്പോഴാണ് കാണാനില്ല എന്ന് എല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ ശവമായി കണ്ടെത്തുന്നത്.., ചിന്തകൾ ആധികൊണ്ട് കാടുകയറിയ ഞാൻ തന്നെയാണ് അല്പം മുമ്പ് കൂടി ഡാഡിയോട് ചോദിച്ചത് നമ്മുക്ക് നമ്മുടെ ലീനയെ ജീവനോടെ തിരികെ കിട്ടില്ലേന്ന്, അതാവും ഡാഡി ഇങ്ങനെ..

“ഓകെ ..,ഓകെ പീറ്റർ … ഡാഡിയ്ക് പറ്റിയ അബദ്ധം മറയ്ക്കാൻ നിങ്ങളിനിയും കഥകൾ മെനയണമെന്നില്ല.. ഭദ്ര പറഞ്ഞു .

“മാഡം കഥയല്ല ഞാൻ പറഞ്ഞത് , അവളെ കാണാനില്ല എന്ന് ഞങ്ങൾ പരാതി തന്നിട്ടെത്ര നാളായി പക്ഷേ നിങ്ങൾ ഒന്ന് തിരക്കിയതുപോലും ഇല്ലല്ലോ…?

ഇവിടേക്ക് നിങ്ങൾ വരുന്നതുപോലും ഇപ്പോൾ ആണ് . പീറ്റർ ഭദ്രയുടെ നേരെ തിരിഞ്ഞതും ഭദ്ര അയാളെ ഒന്നു നോക്കി.

“പീറ്റർ ലീനയെ കാണാതായി എന്ന് നിങ്ങൾ പറയുമ്പോഴും, ഞങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ അവരെ ഒളിപ്പിച്ചു എന്നാണ് .

എന്തിന് ..? എന്തിനുവേണ്ടി ഞങ്ങളത് ചെയ്യണം മാഡം..? മാഡം വെറുതെ ഭ്രാന്തു വിളിച്ചു പറയരുത് .

പീറ്റർ ഭദ്രയ്ക്ക് നേരെ ശബ്ദം ഉയർത്തി .

അയാളെ തന്നെ സസൂക്ഷ്മം നോക്കി നിന്നിരുന്ന ഭദ്ര പെട്ടെന്ന് ജോസപ്പൻ ഡോക്ടരുടെ നേരെ തിരിഞ്ഞു.

“ഡോക്ടർ ശരി , ലീനയെ കാണാതെ പോയതു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നു.., പക്ഷേ എന്റെ ഒരു ചോദ്യത്തിന് നിങ്ങൾ ഉത്തരം തരണം , തെന്മല സുനി എന്ന റൗഡിയോട് ലീനയെ കണ്ടെത്തി തരാൻ നിങ്ങൾ ആവശ്യപ്പെട്ടിരുന്നോ…?

“ആവശ്യപ്പെട്ടായിരുന്നു .., പോലീസിന് കഴിയാത്തത് അവർക്ക് കഴിഞ്ഞാലോ എന്ന വിശ്വാസം കൊണ്ടാണ് അങ്ങനെ പറഞ്ഞത് ..!! ഒട്ടും പതറാതെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതു പോലെ ജോസപ്പൻ പറഞ്ഞു.

“അതെ ലീനയെ ഞങ്ങൾ തിരഞ്ഞാൽ കിട്ടില്ല എന്ന വിശ്വാസം നിങ്ങൾക്ക് ഉണ്ട്, അതുപോലെതന്നെ അച്ചന്റ്റെ ശവശരീരം ഞങ്ങൾ കണ്ടെത്തില്ല എന്ന വിശ്വാസവും നിങ്ങൾക്കുണ്ടായിരുന്നു അല്ലേ മിസ്റ്റർ. ..?

കാരിരുമ്പിന്റ്റെ മൂർച്ചയുളള ശബ്ദത്തിൽ ഭദ്രയതു ചോദിച്ചപ്പോൾ ഡോക്ടറും മകനും ഒരുപോലെ ഞെട്ടുന്നത് ഷാനവാസുൾപ്പെടെ എല്ലാവരും കണ്ടു .

“നിങ്ങൾ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്…?

നിങ്ങൾ മനപ്പൂർവം ഞങ്ങളെ കരിവാരിതേക്കുകയാണ് മിസ് ഭദ്ര ഐ പിഎസ്.

ജോസപ്പൻ പകയോടെ മുരണ്ടു.

“ഞാൻ നിങ്ങളെ മനപ്പൂർവം ഒന്നും ചെയ്യുന്നില്ല ഡോക്ടർ , കപ്യാരു വറീതു തന്ന മൊഴിയനുസരിച്ച് സെമിത്തേരിയിൽ നിന്നു കിട്ടിയ പെൺകുട്ടികളുടെ മരണത്തിൽ നിങ്ങൾക്ക് പങ്കുണ്ട്.

മാഡം വാട്ട് യൂ മീൻ …?

“യൂ നോ വാട്ട് ഐയാം സെഡ് ഡോക്ടർ. ..!! ഭദ്രയും ശബ്ദമുയർത്തി

“വറീതു കണ്ടിരുന്നോ ഞങ്ങൾ ആ പെൺകുട്ടികളെ കൊണ്ടു പോയി കൊല്ലുന്നത്…?

“വറീതു കണ്ടില്ല, പക്ഷേ ശവക്കുഴി തൊമ്മി കണ്ടിരുന്നു ഷാനവാസ് പറഞ്ഞു .

“ഷാനവാസ്…, നിങ്ങളുടെ ബുദ്ധിയും മരവിച്ചു പോയോ ഇവരുടെ കൂടെ കൂട്ടിയിട്ട് ..?
ഒരു ഭ്രാന്തന്റ്റെ വാക്കുകൾ കേട്ട് എന്നെ സംശയിക്കുന്നു, കഷ്ടം.”

“തൊമ്മിയൊരു ഭ്രാന്തനൊന്നുമല്ല ഡോക്ടർ ,അവൻ പറഞ്ഞത് മുഴുവൻ സത്യം ആണെന്നും ഞങ്ങൾക്കറിയാം.., ഞങ്ങൾക്കു മാത്രമല്ല ജേക്കബ് അച്ചനും അറിയാമായിരുന്നു..ആ അറിവാണ് അവരുടെ മരണത്തിനു കാരണമായതും.

അതുപോട്ടെ , ലാസ്റ്റൊരു ചോദ്യം കൂടി , ലീന ഡോക്ടർ യു എസിലേക്ക് കൊണ്ടു പോയ ആ കുട്ടികളെങ്ങനെ ഇവിടെ നാട്ടിലെത്തി ..?

ബാക്കി കുട്ടികൾ എവിടെ..?

നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളു ഡോക്ടർ .

“എനിക്ക് ഇതിനൊന്നും ഉത്തരം പറയേണ്ട ആവശ്യമില്ല മിസ് ഭദ്ര ഐ പി എസ്, കാരണം ആ കുട്ടികളെ ഇവിടെ നിന്ന് വിദേശത്തേക്ക് പറഞ്ഞയച്ചത് ഞങ്ങൾ അല്ല.., ലീനയും അച്ചനും ചേർന്നാണ് അതുകൊണ്ട് തന്നെ വിവരങ്ങൾ അവരോട് ചോദിച്ചു നോക്കണം.

ഒട്ടും പതർച്ചയില്ലാതെ ഉറച്ച ശബ്ദത്തിൽ ഡോക്ടർ ജോസതു ഭദ്രയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പകച്ചു പോയത് ഷാനവാസും കൂട്ടരുമാണ് .

“അച്ചനോട് ചോദിക്കാൻ പറ്റില്ലല്ലോ ജോസപ്പാ.., അച്ചൻ മരിച്ചു പോയില്ലേ ..?
അല്ല, കൊല്ലപ്പെട്ടില്ലേ..?

പിന്നെ ഇനിയവശേഷിക്കുന്നത് ഡോക്ടർ ലീനയാണ്, അവളെ കാണാനും ഇല്ല,
ഇനി ജീവനോടെ കണ്ടെത്തുമോയെന്ന ഉറപ്പും ആർക്കും ഇല്ല .

പക്ഷേ ജോസപ്പാ, ഇവരൊക്കെ മരിച്ചു പോയാലും ഞാൻ ഈ ഭൂമിയിൽ ബാക്കിയുണ്ടെങ്കിൽ കണ്ടെത്തും നിനക്കെതിരെയുളള തെളിവുകൾ , നീയെത്ര വിദഗ്ധനായ കൊലയാളിയാണെങ്കിലും..!! കാരണം വഴിതെറ്റി ഈ തെന്മലയിൽ വന്നു ചേർന്നവളല്ല ഭദ്ര, വ്യക്തമായ പരാതി നിനക്കെതിരെ ജേക്കബച്ചൻ മരണത്തിനു മുമ്പ് തന്നെ എനിക്ക് തന്നിരുന്നു അതുവെച്ച് വേണമെങ്കിൽ എനിക്ക് ഈ നിമിഷം നിന്നെയും മക്കളെയും അറസ്റ്റ് ചെയ്യാം പക്ഷേ ചെയ്യുന്നില്ല ഞാൻ , കാരണം നിന്നെ പോലൊരു വിഷത്തെ വേരോടെ പിഴുത്തെറിയാനീ തെളിവുകൾ ഒന്നും പോരാ എന്നെനിക്കറിയാം ,ആ തെളിവുകൾ നേടി ഞാൻ വരും നിന്നെ ആഘോഷമായിട്ട് കൊണ്ടു പോവാൻ അതിനുവേണ്ടി ആ സെമിത്തേരിയിലെ മുഴുവൻ കല്ലറകളും ചിലപ്പോൾ ഞാൻ തുറന്നെന്നിരിക്കും …!!

തീ തുപ്പുന്ന ഭദ്രയുടെ വാക്കുകൾക്ക് മുന്നിൽ ജോസപ്പനും പീറ്ററും പകച്ചു നിന്നപ്പോഴാണ് ഫിലിപ്പ് അകത്തു നിന്ന് അങ്ങോട്ടു വന്നത് .

മുന്നിൽ പോലീസിനെ കണ്ടവനൊന്ന് ഞെട്ടി.

“ഫിലിപ്പ് അല്ലേ..? ഭദ്രയുടെ നോട്ടം അവനിൽ പതിഞ്ഞതും ജോസപ്പനിലൊരു വിറയൽ പടർന്നു.

“അതെ മാഡം. മാഡവും കൂട്ടരുമെന്താണ് മുറ്റത്ത് തന്നെ നിൽക്കുന്നത്..? കയറി വന്നാട്ടെ അകത്തേക്ക്, ഇരുന്ന് സംസാരിക്കാമല്ലോ.?

ഫിലിപ്പിന്റ്റെ ചോദ്യം കേട്ടപ്പോഴാണ് ഇത്രയും നേരം തങ്ങൾ ഭദ്രയെ ഒന്നകത്തേക്ക് പോലും ക്ഷണിച്ചില്ലല്ലോയെന്ന ചിന്ത ജോസപ്പനുണ്ടായത് ,പെട്ടെന്ന് പോലീസിനെ കണ്ട പരിഭ്രമത്തിലെല്ലാം മറന്നു .

ഇറ്റ്സോക്കെ ഫിലിപ്പ് , ഞങ്ങൾ വന്ന കാര്യം കഴിഞ്ഞു ഗിരീഷ് പറഞ്ഞു .

“സാർ ലീന ചേച്ചിയെകുറിച്ച് വിവരമെന്തെങ്കിലും.?

“അപ്പോൾ ഇതുവരെ ഇവിടെ നടന്ന സംഭാഷണങ്ങളൊന്നും ഫിലിപ്പ് കേട്ടില്ലേ ..?

ഭദ്ര ഫിലിപ്പിനെ ചുഴിഞ്ഞു നോക്കി .

“ഇല്ല മാഡം, ഞാൻ മമ്മിയുടെ അരികിലായിരുന്നു.

മമ്മിക്കെന്തു പറ്റി..?

മാഡം ജോസപ്പൻ ഡോക്ടറുടെ ഭാര്യ സുഖമില്ലാത്ത സ്ത്രീ ആണ് , ഷാനവാസ് ഇടയിൽ കയറി പറഞ്ഞു .

എന്താണസുഖം ഷാനവാസ് ?

“മാഡം,രണ്ട് മൂന്ന് മാസം മുമ്പ് മമ്മി ബിപികൂടി അപ്സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു വീഴ്ചയുടെ ആഘാതത്തിൽ മമ്മി അബ്നോർമലായി “.

നിറയുന്ന കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കാതെ വേദനയോടെ ഫിലിപ്പ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ നോട്ടം ബംഗ്ളാവിനകത്തേക്കു നീണ്ടു.

എനിക്ക് ഡോക്ടറുടെ ഭാര്യയെ ഒന്ന് കാണാൻ പറ്റുമോ ..? അവൾ ജോസപ്പനു നേരെ തിരിഞ്ഞതും ഫിലിപ്പ് ഇടപ്പെട്ടു.

“മാഡം വന്നോളൂ, മമ്മി അകത്തെ മുറിയിലാണ്..”

പറഞ്ഞു കൊണ്ട് ഫിലിപ്പ് മുന്നിൽ നടക്കവേ ഭദ്രയും ടീംമും അവനെ പിൻതുടർന്നു , അകത്തേക്ക് നടക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ ആ വീടിനുളളിലാകെ സഞ്ചരിച്ചു.

അവരുടെ പോക്ക് നോക്കി നിന്ന പീറ്റർ പകയെരിയുന്ന കണ്ണുകളോടെ അകത്തേക്ക് നടക്കുന്ന ഫിലിപ്പിനെ നോക്കി ,പിന്നെ മെല്ലെ അവൻ ഡാഡിയുടെ അടുത്തേക്ക് നീങ്ങി നിന്നു .

“ഡാഡീ , എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ..?

ഏയ് ഇല്ലെടാ , കുറച്ചു മുമ്പ് അല്ലേ അവൾക്ക് മരുന്നുകൾ നൽകീത് ഇപ്പോൾ അവളുറങ്ങിയിട്ടുണ്ടാവും.

ജോസപ്പന്റ്റെ വാക്കുകൾ കേട്ട് പീറ്ററൊന്ന് ദീർഘനിശ്വാസം വിട്ടു.

“ഡാഡി, ഡാഡിയെന്തിനാ എല്ലാ കുറ്റവും ലീനയുടെ മുകളിലാക്കിയത് ? ഇനിയവൾ തിരിച്ചു വരുമ്പോൾ വിനയാകില്ലേ അത് ?

“അതല്ലാതെ അപ്പോൾ വേറെ വഴിയില്ലായിരുന്നു പീറ്റർ ,നീ കേട്ടില്ലേ അവൾ പറഞ്ഞത് ?

“മരിക്കുന്നതിനു മുമ്പ് തന്നെ ആ കിഴവൻ അവളെ കണ്ടു നമ്മുക്കെതിരെ പരാതി നൽകിയിരുന്നെന്ന്, എന്തൊക്കെയാണയാൾ പറഞ്ഞു കൊടുത്തതെന്ന് നമ്മുക്കറിയില്ല, അതുപോലെ ഇനിയവൾ ആ സെമിത്തേരിയിൽ ഒന്നുകൂടി ചെന്നാൽ അന്ന് നമ്മൾ ഇല്ലാതെയാക്കിയ ആ നാലു പെൺകുട്ടികളെ കൂടി മാന്തി പുറത്തെടുത്താൽ..,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ജോസപ്പൻ ഡോക്ടർ ഞെട്ടലോടെ നിർത്തിയപ്പോൾ പീറ്റർ കണ്ടു വാതിലിനരികെ എല്ലാം കേട്ടു നിൽക്കുന്ന ഫിലിപ്പിനെ.!!

ഒരുനിമിഷം പീറ്ററിന്റ്റെയും ഫിലിപ്പിന്റ്റെയും കണ്ണുകൾ തമ്മിൽ കൊരുത്തു, ഫിലിപ്പിന്റ്റെ കണ്ണിൽ എരിയുന്ന പകകണ്ട് പീറ്റർ ഭയന്നു, അവനെന്തോ പറയാനായ് ശ്രമിച്ചപ്പോഴാണ് അകത്തു നിന്ന് ഭദ്രയിറങ്ങി വരുന്നത് കണ്ടത്.

“മാഡം, ഗ്രേസിയെ കണ്ടോ ?

ജോസപ്പൻ പെട്ടെന്ന് ചോദിച്ചു. “കണ്ടു ,പക്ഷേ അവർ മയങ്ങുകയാണ്, ഇനി പിന്നീടൊരിക്കലാവാം അല്ലേ ഷാനവാസ് കാഴ്ച ?

ഭദ്ര ഷാനവാസിനോടു ചോദിച്ചു , ആ ചോദ്യത്തിനു പിന്നിലൊരായിരം അർത്ഥങ്ങൾ മറഞ്ഞു നിൽപ്പുണ്ടെന്ന് ജോസപ്പനും മക്കൾക്കും തോന്നി.

“അപ്പോൾ ശരി, വീണ്ടും കാണാം തൽക്കാലം ഞങ്ങൾ ഇറങ്ങുന്നു.

പറഞ്ഞു കൊണ്ട് ഭദ്രയും കൂട്ടരും പുറത്തേക്ക് ഇറങ്ങാൻ നേരമാണ് അവർക്ക് കുടിക്കാനുളള ജ്യൂസുമായി ജോലിക്കാരൻ ആന്റണി വന്നത് , “മാഡം ഇത് കുടിച്ചിട്ടു പോവൂ

ആന്റണിയുടെ കയ്യിൽ നിന്ന് ട്രേ വാങ്ങി കൊണ്ട് ഫിലിപ്പ് പറഞ്ഞു .

“സോറി ഫിലിപ്പ് , പറഞ്ഞു കൊണ്ട് ഭദ്ര മുറ്റത്തേക്ക് നടന്നതും വീണ്ടും അവളുടെ കണ്ണുകളാ പശുക്കളിൽ ഉടക്കി.

അവയ്ക്കെന്തോ പ്രത്യേകയില്ലേ രാജീവ് ? ചോദിച്ചുകൊണ്ട് ഭദ്ര അവയുടെ അരികിലേക്ക് നടന്നു .

രാജീവനും കൂട്ടരും ശ്രദ്ധിച്ചു ശരിയാണ് മാഡം പറഞ്ഞത് , ആ പശുകൾക്കെന്തോ ഒരു വ്യത്യസ്തതയുണ്ട് മറ്റുളളവയിൽ നിന്ന്.

“ഇതെല്ലാം ലീന കൊച്ച് വളർത്തികൊണ്ടു വന്നതാ സാറെ, പറഞ്ഞു കൊണ്ട് ആന്റണി അവർക്കരികിലേക്ക് നീങ്ങിയതും പെട്ടെന്നാണ് ബംഗ്ലാവിനു കുറച്ചു മാറി പറമ്പിലൂടൊരു ജോലിക്കാരൻ കരഞ്ഞുവിളിച്ചു കൊണ്ടങ്ങോട്ടു വന്നത്

“പീറ്റർ സാറേ. ..,ജോസപ്പൻ സാറെ…..,അവിടെ അവിടെ. …

കിതപ്പും വിറയലും കൂടി സംസാരിക്കാൻ സാധിക്കാതെയയാൾ അവിടെ തളർന്നിരുന്നപ്പോൾ അയാൾ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് ഭദ്രയും കൂട്ടരും പാഞ്ഞു കഴിഞ്ഞിരുന്നു…

അവിടെ റബ്ബർ ഷീറ്റ് പുകയ്ക്കുന്ന പുകപെരയിൽ അവരെ കാത്തെന്നപോലെ ഡോക്ടർ ലീനയുടെ അഴുകി തുടങ്ങിയ ശവ ശരീരം കിടപ്പുണ്ടായിരുന്നു. .!!

തേക്കിൻതോട്ടം ബംഗ്ളാവിനു കുറച്ചു മാറിയായിരുന്നു റബ്ബർ പുരയും , പുകപുരയും ഉണ്ടായിരുന്നത്,അവിടെ പുകപുരയ്ക്കുളളിൽ ഷീറ്റുകൾ പുകയ്ക്കാനായി ചകിരിതൊണ്ടുകൾ നിറയ്ക്കുന്ന വലിയ കുഴിയ്ക്കുളളിൽ അഴുകിതുടങ്ങിയ നിലയിൽ ഡോക്ടർ ലീനയുടെ മൃതശരീരം കിടക്കുന്നതൊരു ഞെട്ടലോടെയാണ് ഭദ്ര കണ്ടത്. ..!!

ലീനയുടെ കൈകാലുകൾ കൂട്ടി കെട്ടിയ നിലയിലും, വായ തുണികുത്തിനിറച്ച രീതിയിലുമായിരുന്നു…!!

തലയിലൂടെ രക്തമൊഴുകി കട്ടപിടിച്ചതിലൂടെ ഉറുമ്പുകളരിച്ചു നടക്കുന്നത് ഭദ്ര നോക്കി നിന്നു. ..

അഴുകിയ ശവത്തിന്റ്റെ ദുർഗന്ധം അവിടെ പരന്നിരുന്നപ്പോൾ…

പുകപുരയിലെ കുഴിയിൽ ചകിരി നിറയ്ക്കാനായി കുഴിയിലെ വേസ്റ്റ് നീക്കിയപ്പോഴാണ് അതിനടിയിലെ ജഡം പണിക്കാരൻ കണ്ടതും ഭയന്നോടിയതും….!!

ഒറ്റനോട്ടത്തിൽ തന്നെ ലീനയുടേതൊരു കൊലപാതകമാണെന്ന് വ്യക്തം,ഒരുപാടു ചോദ്യങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ലീനയും കൊല്ലപ്പെട്ടിരിക്കുന്നു…!!

ഭദ്രയ്ക്കു പുറകെ പുകപുരയിലേക്കോടിയെത്തിയ പീറ്റർ ലീനയുടെ മൃതദേഹം കണ്ടു പരിസരംമറന്നു പൊട്ടികരഞ്ഞു , കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാത്ത പോലെ ജോസപ്പൻ ഡോക്ടർ ലീനയുടെ ശവശരീരത്തിലേക്ക് പിന്നെയും പിന്നെയും നോക്കികൊണ്ടിരുന്നു…!!

ഫിലിപ്പ് തീരെ പ്രതീക്ഷിക്കാത്തതെന്തോ മുന്നിൽ കണ്ടതുപോലെ ഞെട്ടി പകച്ചു പോയിരുന്നു… !!

തേക്കിൻ തോട്ടം ബംഗ്ളാവിലെ ലീനഡോക്ടർ കൊല്ലപ്പെട്ട നിലയിൽ ബംഗ്ളാവിനടുത്തു തന്നെ ഉണ്ടായിരുന്നു എന്ന വാർത്ത തീ പോലെ തെന്മല ആകെ പടർന്നത് വളരെ പെട്ടെന്നായിരുന്നു..!!

ജേക്കബ്ബച്ചനൊപ്പം കാണാതായെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ലീന ബംഗ്ളാവിനടുത്തു തന്നെ കൊല്ലപ്പെട്ടു കിടന്നത് നാട്ടുകാരിൽ പല സംശയങ്ങളും ഉണ്ടാകി. ..!!

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കഥകൾ ലീനയെയും അച്ചനെയും ചേർത്ത് നാട്ടിൽ പ്രചരിച്ചു…, അതിലേറ്റവും പ്രചാരം നേടിയത് ജേക്കബ് അച്ചനുമായവിഹിത ബന്ധം പുലർത്തിയതിന് ലീനയേയും അച്ചനെയും ജോസപ്പൻ ഡോക്ടറും കുടുംബവും വകവരുതീയെന്നതായിരുന്നു.!!

അപ്പോഴും അവർ ചിന്തിക്കാൻ മറന്നുപോയൊരു കാര്യമുണ്ടായിരുന്നു, അച്ചനൊപ്പം തന്നെ പോലീസുകാർ കണ്ടെടുത്ത ആ നാലു ശവശരീരങ്ങളെങ്ങനാ സെമിത്തേരിയിൽവന്നുവെന്ന്,അതിനു പുറകിലുള്ള ഇനിയും പുറത്തു വരാത്ത രഹസ്യം എന്തെന്ന്. ..!!

*************************

രാത്രി ഗസ്റ്റ് ഹൗസിലെ പുൽത്തകിടിയിലുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കുളള ഉത്തരം തേടി ഭദ്രയിരിക്കുമ്പോഴാണ് സിഐ രാജീവും കൂട്ടരും അവളുടെ അരികിലെത്തിയത്..

“ഇരിക്കൂ എല്ലാവരും …”

ഇരിപ്പിടങ്ങൾ ചൂണ്ടിക്കാട്ടി ഭദ്ര പറയുമ്പോൾ ഷാനവാസ് ശ്രദ്ധിച്ചിരുന്നു ഭദ്രയുടെ ശബ്ദത്തിലെ തളർച്ച …

“മാഡം ,എന്തുപറ്റി ..? മാഡം ആകെ തളർന്നതുപോലെ …, നെറ്റിയിലെ മുറിവ് വേദനിക്കുന്നുണ്ടോ മാഡം ..?

അയാൾ ചോദിച്ചു

“ഇല്ല ഷാനവാസ്, ഇപ്പോൾ വേദന എന്റെ ശരീരത്തിനല്ല മനസ്സിനാണ്,ഓരോ കുരുക്കുകൾ നമ്മൾ അഴിക്കും തോറും കൂടുതൽ കൂടുതൽ അതുനമ്മളെ വരിഞ്ഞു മുറുക്കുകയാണല്ലോ.’..?

“മനസ്സിലായി മാഡം, ഡോക്ടർ ലീനയുടെ മരണം നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒന്നുതന്നെയാണ്, ഒന്നുകിൽ ലീന സ്വയം മാറിനിൽക്കുന്നു അല്ലെങ്കിൽ ജോസപ്പനും മക്കളും മാറ്റിനിർത്തിയിരിക്കുന്നു അതായിരുന്നു നമ്മുടെ ഇതുവരെയുള്ള കണക്കുകൂട്ടൽ, പക്ഷേ അതെല്ലാം പാടെ കാറ്റിൽ പറത്തിയാണ് ഇന്ന് ലീനയുടെ ശവശരീരം കിടന്നിരുന്നത്. ..”

“ഇനി .., ഇനിയെന്താണ് മാഡം.? ഷാനവാസ് ചോദിച്ചു

“കണ്ടു പിടിക്കണം ഷാനവാസ് നമ്മുക്ക്, ഒന്നിനോടൊന്ന് ബന്ധപ്പെട്ടുകിടക്കുന്ന ഈ കേസിന്റെ ഒരു തുമ്പ് നമ്മൾ തേടികണ്ടെത്തിയാൽ നമ്മൾ വിജയിച്ചു,അതുപോട്ടെ എന്തായി തേക്കിൻ തോട്ടത്തിലെ ബാക്കി കാര്യങ്ങൾ. ..?

“ലീനയുടെ ശവശരീരം പോസ്റ്റ് മോർട്ടം കഴിഞ്ഞു നാളെ രാവിലെ മാത്രമേ കിട്ടുകയുളളു,ഒരു കാര്യം ഉറപ്പാണ് മാഡം ലീനയുടെ മരണം അത് ജോസപ്പനും കൂട്ടരും തീരെ പ്രതീക്ഷിക്കാത്ത ഒന്നു തന്നെയാണ് ” എസ് ഐ ഗിരീഷ് പറഞ്ഞു

“എങ്ങനെ അങ്ങനെയൊരു നിഗമനത്തിലെത്താൻ സാധിക്കും ഗിരീഷ്..? ഭദ്ര പെട്ടെന്ന് ചോദിച്ചു

“മാഡം അത് അവരുടെ ആ സമയത്തുളള പ്രതികരണം നമ്മൾ കണ്ടതല്ലേ ..? ഗിരീഷ് പറഞ്ഞു

“ഗിരീഷ്, താനൊരു ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസർ ആണ്. ..ഇത്തരം കാര്യങ്ങൾ പെട്ടെന്ന് വിലയിരുത്താൻ പാടില്ല. .!!

മാഡം അത്.. ..,

ഗിരീഷ് പതർച്ചയോടെ ഭദ്രയെ നോക്കി ..

“കുറ്റപ്പെടുത്തിയതല്ല ഗിരീഷ് , ഇപ്പോൾ ഈയൊരവസരത്തിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഏതൊരാളെയും നമ്മൾ സംശയത്തിന്റ്റെ നിഴലിൽ കൂടിമാത്രമേ നോക്കാൻ പാടുകയുളളു..”

“ശരിയാണ് മാഡം പറഞ്ഞത് , രാജീവ് ഭദ്രയെ പിൻതാങ്ങി…

“ഇപ്പോൾ തന്നെ നോക്കൂ , നമ്മൾ രാവിലെ ചെന്നപ്പോൾ ജോസപ്പൻ ഡോക്ടർ നമ്മളെ നേരിട്ടത് വളരെ തന്റ്റേടത്തോടെയാണ് സംശയങ്ങൾ ഉണ്ടെങ്കിലത് ജേക്കബ് അച്ചനോടോ, ലീനയോടോ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നമ്മളോടയാൾ പറഞ്ഞത്, അതായത് അച്ചൻ മരിച്ചു കഴിഞ്ഞു പിന്നെ ലീന, അവൾ എവിടെ എന്ന് പോലും ഉറപ്പില്ലാത്തൊരവസ്ഥയിൽ ഒരാൾക്കങ്ങനെ പറയാൻ കഴിയില്ല ., ഷുവറായിട്ടും ജോസപ്പനറിയാമായിരുന്നു ലീന ജീവനോടെ തിരിച്ചു വരില്ലായെന്ന്…!!

“ആ ഉറപ്പ് അയാൾക്കെങ്ങനെ കിട്ടി. ..? ഭദ്ര പറഞ്ഞു നിർത്തി

“മാഡം ജോസപ്പനെ അറസ്റ്റ് ചെയ്താലോ ഇപ്പോൾ തന്നെ.? നാട്ടിൽ പലവിധ സംസാരങ്ങളാണ് ബംഗ്ളാവിലുളളവരെ പറ്റി, ഷാനവാസ് പറഞ്ഞു .

“നോ ,ഷാനവാസ് ആളുകൾ പറയുന്നത് കേട്ടല്ല നമ്മൾ ഒരാളെ പറ്റി തീരുമാനിക്കേണ്ടത് നമ്മുടെ കണ്ടെത്തലുകളിലൂടെ ആവണം…,നാടൊട്ടുക്കും തേക്കിൻ തോട്ടംക്കാരും നമ്മൾ പോലീസും ലീനയെ തിരഞ്ഞപ്പോൾ അവളാ ബംഗ്ളാവിന്റ്റെ അടുത്ത് തന്നെയുണ്ടായിരുന്നു, മാത്രമല്ല ജേക്കബ്ബച്ചനെയും ലീനയേയും കാണാതായത് ഒരേ രാത്രിയാണ് പക്ഷേ അച്ചന്റ്റെ മൃത ശരീരത്തിനുളളത്ര പഴക്കംലീനയുടെ മൃതദേഹത്തിനില്ല, അതായത് കാണാതായ അന്നു ലീന കൊല്ലപ്പെട്ടിട്ടില്ല പിന്നീടാണവൾ മരണപ്പെട്ടത് ആം ഐ കറക്ട് .”

“യെസ് മാഡം..”

“അതുപോലെതന്നെ , അവളുടെ തലയുടെ പിൻഭാഗം ശക്തമായ അടിയേറ്റ് തകർന്നിരുന്നു അതിൽ നിന്നൊഴുകിയ രക്തം ആ പുകപുരയുടെ ഉളളിലും അവൾ കിടന്ന കുഴിയിലും ഉണങ്ങി പിടിച്ചിട്ടുണ്ട് ,പക്ഷേ വേറെ പറമ്പിലെവിടെയും രക്തം വീണപാടുകൾ ഇല്ല , അതായത് അവൾ കൊല്ലപ്പെട്ടതാ പുകപുരയുടെ ഉളളിൽ വെച്ചു തന്നെയാവണം അല്ലേ രാജീവ്..?

“അതെ മാഡം..,,

“ഇന്ന് ആരാണത് ആദ്യം കണ്ടത്, ആ ജോലികാരൻ തന്നെയല്ലേ. ?
ഭദ്ര ഷാനവാസിനെ നോക്കി …

അതെ മാഡം, ലീനയെ കാണാതായതിൽ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ളാവിലെ പറമ്പിൽ ടാപ്പിംഗോ മറ്റുപണികളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല , ഇന്നാണ് വീണ്ടും പണികൾ പുനരാരംഭിച്ചത് അതും ജോസപ്പൻ പറഞ്ഞിട്ട്…അങ്ങനെ പുകപുര വൃത്തിയാക്കാൻ ചെന്നപ്പോഴാണ് ലീനയുടെ ശവശരീരം കാണുന്നത് പക്ഷേ മാഡം…,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പെട്ടെന്ന് നിർത്തി ഷാനവാസ് ഭദ്രയെ നോക്കി അവളും അവനെതന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു

ഉം …പറയൂ എന്തു പറ്റി ഷാനവാസ് ..?

“അതു മാഡം .., ജോസപ്പനാണ് ലീനയെ കൊന്നു അവിടെ ഒളിപ്പിച്ചതെങ്കിൽ പണിക്കാരോടെങ്ങനെ പണികൾ വീണ്ടും ആരംഭിക്കാൻ പറയും….അപ്പോൾ …?

“യെസ് ഷാനവാസ്, ഈ ചോദ്യമാണ് കുറെ നേരമായെന്നെ കൺഫ്യൂഷനാക്കികൊണ്ടിരിക്കുന്നത്… കാരണം നമ്മൾ ഇന്നവിടെ ചെല്ലും എന്ന് മുൻധാരണ അയാൾക്ക് ഇല്ലെങ്കിലും നമ്മുടെ വരവയാൾ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു ,ആ നിലയ്ക്ക് ഈ കൊല നടത്തിയതയാൾ ആണെങ്കിൽ ഇന്ന് അവിടെ ജോലികൾ പുനരാരംഭിക്കാനൊരിക്കലും അയാൾ പറയില്ല. ..!! അപ്പോൾ പിന്നെ ആര് കൊന്നു ഡോക്ടർ ലീനയെ…? ഭദ്ര ചോദിച്ചു

മാഡം ..,പീറ്റർ ..? രാജീവ് സംശയത്തോടെ ഭദ്രയെ നോക്കി

“യെസ് ,ഇനി അങ്ങനെ ഒന്നു ചിന്തിച്ചു നോക്കാം, പക്ഷേ എന്തിന് എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്…, കാരണം ലീനയുടെ നേർക്ക് നമ്മൾ ചൂണ്ടുന്ന ഏതു കുറ്റത്തിലും പീറ്ററിനും പങ്കുണ്ടാവും ,അപ്പോൾ ലീനയെ ഇല്ലാത്താക്കിയതു കൊണ്ടു മാത്രം അവൻ രക്ഷപ്പെടില്ല അതുകൊണ്ട് തന്നെ അവനല്ല ലീനയെ കൊന്നത് …!!

“പിന്നെ ഉള്ളത് ഫിലിപ്പാണ്, പക്ഷേ അവനെ ഒട്ടും സംശയിക്കാൻ പറ്റുന്നില്ല, കാരണം ലീനയെ കാണാതായ രാത്രിയിൽ തന്നെ യാണ് ഫിലിപ്പ് ഇവിടെ ഫ്ളൈറ്റ് ഇറങ്ങിയത് പക്ഷേ അവൻ ബംഗ്ളാവിൽ എത്തുന്നതിനു മുമ്പ് തന്നെ അച്ചനും ലീനയും അപ്രത്യക്ഷരായിരുന്നു ..!!

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെയിടയിൽ പെട്ടുഴറി സിഐ രാജീവനും സംഘവും ..

“മാഡം അപ്പോൾ ഇവരൊന്നും അല്ലാതെയിനിയും പുറത്തൊരാൾ ഉണ്ടോ …? നമ്മുക്കും ജോസപ്പനും ഇടയിൽ…? ഷാനവാസ് ചോദിച്ചു

“അന്വേഷിച്ചു കണ്ടു പിടിക്കണം ഷാനവാസേ നമ്മൾ അതെല്ലാം ..,പക്ഷേ എവിടെ നിന്ന് തുടങ്ങും എന്നാണ് ” പാതി തളർന്നശബ്ദത്തിൽ ഭദ്ര പറഞ്ഞപ്പോൾ തങ്ങളുടെ എല്ലാം ഊർജ്ജം നഷ്ടപ്പെടുന്നതുപോലെ ഷാനവാസിനു തോന്നി…,ഭദ്രമാഡത്തിന്റ്റെ ധൈര്യവും തന്റ്റേടവുമാണ് തങ്ങളെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതെന്ന് ഷാനവാസും കൂട്ടരും തിരിച്ചറിയുകയായിരുന്നപ്പോൾ…!!

ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കിയൊരു വാഹനം വരുന്നതുകണ്ട ഭഭ്ര അങ്ങോട്ടു നോക്കി ..

ഡിജിപി ദേവദാസും ഹരികുമാറുമായിരുന്നു വന്നത് ..

ഭദ്രയുൾപ്പെടെ എല്ലാവരും ദേവദാസിനു സല്യൂട്ട് നൽകിയപ്പോൾ അയാളവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി …,

എപ്പോഴും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന ആ മുഖങ്ങളിലെല്ലാം തന്നെയിപ്പോൾ മങ്ങലേറ്റതയാൾ ശ്രദ്ധിച്ചു ..

“എന്തു പറ്റി ഭദ്ര. .?

“നത്തിംഗ് സാർ..എവിടെ തുടങ്ങണമെന്നൊരു കൺഫ്യൂഷൻ. ..”

ഭദ്ര തലതാഴ്ത്തികൊണ്ടു പറഞ്ഞു

ഭദ്ര കമോൺ.. തനിക്ക് എന്തു പറ്റി. ..? ഇതിനെകാൾ വലിയ കേസുകൾ കണ്ടു പിടിച്ചു തെളിയിച്ചവളല്ലേ താൻ, എന്നിട്ടിപ്പോഴെത്തു പറ്റി ..?

ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചു കുലുക്കി …

“സാർ അത് ഇപ്പോൾ ലീനയും കൊല്ലപ്പെട്ടപ്പോൾ മനസ്സിലാകെയൊരു ഭയം…!!

“എന്തു ഭയം ഭദ്ര.. ..?

“അവശേഷിക്കുന്ന ആ നാലു പെൺകുട്ടികളെ കൂടി നമ്മുക്ക് നഷ്‌ടപ്പെടുമോയെന്ന്..!! ഭദ്രയുടെ ആ ചോദ്യം ചെന്നുതറച്ചതവിടെ കൂടിയ എല്ലാവരുടെയും നെഞ്ചിലായിരുന്നു ..!!

“ഭദ്ര ..,വാട്ട് യൂ മീൻ ..?

“സാർ നമ്മൾ അടുത്ത് ചെല്ലുംതോറും ഓരോ ജീവനുകൾ നഷ്ടപ്പെട്ടു പോയാൽ… ..,,

“ഭദ്ര. ….,,,,,”

പെട്ടെന്ന് ദേവദാസിന്റ്റെ ശബ്ദം ഉയർന്നതും ഭദ്ര അമ്പരപ്പോടെ അയാളെ നോക്കി ..

“ലുക്ക് ഭദ്ര…, താനൊരു ധൈര്യമുളള പെണ്ണാണ് എന്നാണ് ഞാനിതുവരെ കരുതീത് ..!പക്ഷേ തന്റെ ഇപ്പോഴത്തെ ഈ ആക്ടിഡ്യൂട് അത് ഒരു സാധാരണ പെണ്ണിന്റെയാണ്.., പ്രതിസന്ധികളിൽ തളരുന്ന സാധാരണ പെണ്ണിന്റെ…!!

ദേവദാസ് കനത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി …

“സോറി സാർ .., പറഞ്ഞു കൊണ്ട് ഭദ്ര അയാളെ നോക്കി..

“ഓകെ .., ഇപ്പോൾ ഞാൻ വന്നത് ഇതാ, ഇതു തരാനാണ്..,,

ഭദ്രയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് ദേവദാസ് കയ്യിലിരുന്ന ഫയൽ ഭദ്രയുടെ നേരെ നീട്ടി ..

“പോസ്റ്റ് മോർട്ടം റിപ്പോർട്ട് ..!!

ഭദ്ര വേഗം അതു തുറന്നു നോക്കി ,, അവളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു ..

ആ പെൺകുട്ടികളുടെ റിപ്പോർട്ട് നോക്കിയതും ഭദ്ര അവിശ്വസനീയതയോടെ ദേവദാസിനെ നോക്കി …!!

ആ റിപ്പോർട്ടിലൂടെ കണ്ണോടിച്ച ഓരോരുത്തരും ഞെട്ടലോടെ ദേവദാസിനെയും ഭദ്രയെയും പകച്ചു നോക്കി..!!

“സാർ …..,ഇത്. ..? ഇത് …,,

ഭദ്രയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു അപ്പോൾ …!!

“യെസ് ഭദ്ര …, ജേക്കബ്ബച്ചന്റെയും ശവകുഴിതൊമ്മിയുടെയും മരണം അവരിൽ ഹൃദയസ്തംഭനം ഉണ്ടാവാനുളള മരുന്ന് ഇഞ്ചക്ട് ചെയ്തതു കൊണ്ടാണ് …!!

“പക്ഷേ ,ആ പെൺകുട്ടികൾ…..,

അദ്ദേഹം പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ഭദ്രയുടെ മുഖത്തേക്ക് നോക്കി

സാർ ഇങ്ങനെ ഒക്കെ. .? അതെങ്ങനെ സംഭവിക്കും സാർ..?

അവൾ പകച്ച മിഴികളോടെ ദേവദാസിനെ നോക്കി..

സംഭവിക്കും എന്നല്ല ഭദ്ര.., സംഭവിച്ചു കഴിഞ്ഞു അത് …!! മരിച്ച ആ മൂന്നു പെൺകുട്ടികളിലോരോരുത്തരുടെയും ഉളളിൽ അഞ്ചു മാസത്തോളം പ്രായമുള്ള ആറു ജീവനുകൾ ഉണ്ടായിരുന്നു .., മൊത്തം പതിനെട്ടു ജീവനുകൾ …!!

അവയുടെ അനിയന്ത്രിതമായ വളർച്ചയെ തുടർന്ന് വയറു പിളർന്നാണവരുടെ മരണം സംഭവിച്ചിരിക്കുന്നത്..!!

ഡി ജി പി ദേവദാസ് പറഞ്ഞു നിർത്തിയപ്പോൾ ആ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാത്തവിധം ഭദ്രയുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു….!!

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…